അങ്ങനെ ഇക്കൊല്ലത്തെ മാമ്പഴക്കാലത്തിനും
അവസാനമായി. അവസാനത്തെ മാങ്ങയും മുറ്റത്തെ മൂവാണ്ടന്‍ മാവില്‍ നിന്നും നിലം പതിച്ചപ്പോള്‍,
മുറ്റത്തെ മാവില്‍ നിന്നും ആദ്യത്തെ മാങ്ങ വീണപ്പോഴുളള വൈലൊപ്പിളളി സാറിന്റെ കവിതയാണ്
ഓര്‍മ്മയില്‍ വന്നത്.
“അങ്കണത്തൈമാവില്‍ നി-
ന്നാദ്യത്തെപ്പഴം വീഴ്കെ...
യമ്മതന്‍ നേത്രത്തില്‍ നി-
ന്നുതിര്‍ന്നു ചുടു കണ്ണീര്....”
ഇത്തവണത്തെ മാമ്പഴക്കാലത്തിന്
എന്റെ ജീവിതത്തില്‍ അത്രയും പ്രാധാന്യം ഉണ്ടായിരുന്നു. എനിക്കും മക്കള്‍ക്കും എത്തിപ്പിടിക്കാന്‍
അത്രയും ഉയരത്തില്‍ മാത്രം വളര്‍ന്നുകൊണ്ട്, എന്റെ ബാപ്പ നട്ടുവളര്‍ത്തിയ എന്റെ മുറ്റത്തെആ മൂവാണ്ടന്‍ മാവ് ഇത്തവണ 200ല്‍ അധികം മാങ്ങ ഞങ്ങള്‍ക്ക് നല്കി. ഞങ്ങളുടെ കോളനിയില്‍
താമസിക്കുന്ന മുഴുവന്‍ കുടുംബങ്ങള്‍ക്കും, അയല്‍വാസികള്‍ക്കും, പ്രസവിച്ച് കിടക്കുന്ന എന്റെ
ഭാര്യയെ കാണാന്‍ വന്നവര്‍ക്കും, ഞാന്‍ മാങ്ങ പറിക്കുന്ന സമയത്ത് അതുവഴി വന്നവര്‍ക്കും, മക്കളുടെ സുഹൃത്തുക്കള്‍ക്കും, എന്റെ സുഹൃത്തുക്കള്‍ക്കും, അയല്‍ക്കൂട്ടം അംഗങ്ങള്‍ക്കും
എല്ലാം ഇത്തവണ മൂവാണ്ടന്‍ മാങ്ങയുടെ രുചി അറിയാന്‍ സാധിച്ചു. അയല്‍ക്കൂട്ടത്തിലെ ഒരു
വീട്ടില്‍ നിന്നും ഞങ്ങളുടെ മൂവാണ്ടന്‍ ഗള്‍ഫിലും എത്തി എന്നും മാങ്ങയുടെ മധുരം പ്രത്യേകം
എടുത്ത് പറഞ്ഞു എന്നും അവര്‍ അറിയിച്ചു. അണ്ണാനും കാക്കക്കും മറ്റു ജന്തുക്കള്‍ക്കും
കഴിക്കാനും ഇത്തവണ ധാരാളം മാങ്ങ കിട്ടി.ഒരു മാങ്ങ പോലും പുഴു കാരണം നഷ്ടപ്പെട്ടതായി
ആരും പറഞ്ഞില്ല – എല്ലാം ദൈവാനുഗ്രഹം, അല്‍ഹംദുലില്ലാഹ്.ബാപ്പക്ക് സര്‍വ്വശക്തനായ
ദൈവം അതിന്റെ പ്രതിഫലം നല്കട്ടെ , ആമീന്‍.
മൂവാണ്ടന്‍ മാങ്ങയുടെ
രുചിയും പുഴു ഇല്ല എന്ന ഗുണവും എല്ലാവരും തിരിച്ചറിഞ്ഞതോടെ മാവിന്റെ തൈക്കും ഡിമാന്റ്
ആയി. ഇത്തവണ മാങ്ങ നല്‍കുമ്പോഴെല്ലാം അതിന്റെ അണ്ടി മുളപ്പിച്ച് നടാനും ഞാന്‍ ഉപദേശിച്ചിരുന്നു.വീട്ടില്‍
പലതരം മാങ്ങകള്‍ എത്തുന്നതിനാല്‍ ഈ അണ്ടി വേര്‍തിരിച്ച് അറിയാനും അറിഞ്ഞാല്‍ തന്നെ
അത് കുഴിച്ചിടാനും എല്ലാവര്ക്കും സാധിക്കണം എന്നില്ല.അതിന് പോംവഴിയായാണ് ഞങ്ങളുടെ
അയല്‍ക്കൂട്ടം ബാലസഭ ഇത്തവണത്തെ ലോകപരിസ്ത്ഥിതി ദിനാചരണം, അവര്‍ സ്വയം നട്ട് മുളപ്പിച്ച
മൂവാണ്ടന്‍ മാവിന് തൈ വിതരണം ചെയ്തുകൊണ്ട് വേറിട്ടതാക്കിയത്.
ആ പ്രവര്‍ത്തനത്തിന്റെ ഫോളോ അപ്
വര്‍ക്കുകളും ചെയ്തുകൊണ്ട് ബാലസഭ കുട്ടികളിലും മുതിര്‍ന്നവരിലും ഒരു പോലെ പരിസ്ഥിതി
അവബോധം സൃഷ്ടിക്കുന്നു.
6 comments:
എല്ലാം ദൈവാനുഗ്രഹം, അല്‍ഹംദുലില്ലാഹ്.ബാപ്പക്ക് സര്‍വ്വശക്തനായ ദൈവം അതിന്റെ പ്രതിഫലം നല്കട്ടെ , ആമീന്‍.
ഇനി മാഷ് മാങ്ങേടെ കാര്യം പറഞ്ഞു കൊതിപ്പിക്കരുത് ട്ടോ...
സംഭവം തന്നേ സർ!!!
മുബീ...ഈ വര്‍ഷം ഇനി കൊതിപ്പിക്കില്ല!!
സുധീ...നന്ദി
കൊല്ലം മൂന്നുകഴിഞ്ഞോട്ടെ മൂവാണ്ടന്മാങ്ങാവിപ്ലവം നടക്കും അരീക്കോട്ട്!
ആശംസകള്‍ മാഷെ
തങ്കപ്പേട്ടാ...ഞങ്ങളും ആ പ്രതീക്ഷയിലാണ്
Post a Comment
നന്ദി....വീണ്ടും വരിക