Pages

Saturday, March 17, 2018

കാട്ടിലെ കാഴ്ചകള്‍

                ബാബു സര്‍ തിരിഞ്ഞോടി സെക്കന്റുകള്‍ക്കകം തന്നെ കുറ്റിക്കാട്ടിനകത്ത് നിന്ന് വലിയ ഒരു കറുത്ത ഗോളം റോഡ് മുറിച്ച് കടന്ന് പോയി. ക്യാമറയില്‍ പകര്‍ത്താന്‍ പോലും സാധിച്ചില്ല. കാട്ടാന ഓടുന്നത് കണ്ടാല്‍ ഒരു പാറക്കെട്ട് ഉരുണ്ട് വരുന്നതായാണ് തോന്നുക എന്ന് ബ്രഹ്മഗിരി ട്രെക്കിംഗ് വേളയില്‍ ഗൈഡ് നാരായണേട്ടന്‍ പറഞ്ഞത് പെട്ടെന്ന് ഓര്‍മ്മയില്‍ വന്നു. ആനക്കൂട്ടത്തിന് നടുവില്‍ പെട്ട കഥ സംഭവിച്ചത് തന്നെ എന്ന് പലര്‍ക്കും അതോടെ ഉറപ്പായി.

                അല്പം കൂടി നടന്നപ്പോള്‍ വേദനാജനകമായ ഒരു കാഴ്ച കണ്ടു. വഴിയില്‍ അല്പം ആനപിണ്ടം കിടക്കുന്നു. അതിനെ ഏതോ ജന്തുക്കള്‍ ചികഞ്ഞിട്ടുണ്ട്. അതിനകത്ത് മഞ്ഞ നിറത്തിലുള്ള ഒരു പ്ലാസ്റ്റിക് സഞ്ചിയും. മനുഷ്യന്‍ കാട്ടില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിക്ഷേപ്പിക്കുന്നത് കാരണം ജന്തുക്കളുടെ ഭക്ഷണത്തിലൂടെ ഇവ അവയുടെ ആമാശയത്തില്‍ എത്തുന്നു. ഇത് കാരണം ‘എരണ്ട കെട്ടുക’ എന്ന അസുഖം (മലബന്ധം പോലെയുള്ള ഒരസു ഖം) ബാധിച്ച് പ്രത്യേകിച്ചും ആനകള്‍ ചരിയുന്നു. അടുത്ത കാലത്തായി കാട്ടില്‍ ചരിഞ്ഞ മിക്ക ആനകളുടെയും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഇത്തരത്തിലാണ് എന്നത് മനുഷ്യന്‍ ചിന്തിക്കുന്നത് നല്ലതായിരിക്കും.

          കാട്ടിനകത്ത് ഏകദേശം മൂന്ന് കിലോമീറ്റര്‍ ഞങ്ങള്‍ സഞ്ചരിച്ച് കഴിഞ്ഞു. അതിന്റെ ലക്ഷണങ്ങളും കണ്ട് തുടങ്ങി. മാനുകള്‍ ഒറ്റയും തെറ്റയുമായി മുന്നില്‍ പ്രത്യക്ഷപ്പെട്ടു കൊണ്ടിരുന്നു. ഓടുന്ന മാനിന്റെ പിന്നാലെ കടുവ ഉണ്ടാകുമെന്ന് വെറുതെ ഞങ്ങള്‍ പ്രതീക്ഷിച്ചു.
            നടന്നു പോകുന്നതിനടുത്തെ മരച്ചില്ലകള്‍  പെട്ടെന്ന് ഒന്നുലഞ്ഞു. പുലികള്‍ മരത്തിന് മുകളില്‍ കയറിയിരിക്കും എന്ന് കേട്ടിട്ടുണ്ട് , ടിവിയില്‍ കണ്ടിട്ടുമുണ്ട്. അതിനാല്‍ തന്നെ ഉള്ള് ഒന്ന് പിടഞ്ഞു. പക്ഷെ അത് ഈ പച്ചപ്പാവം മലയണ്ണാന്‍ കുഞ്ഞായിരുന്നു.
             ദൂരെ മരച്ചില്ലക്ക് മുകളില്‍ ഒരു പക്ഷി ഇരിക്കുന്നതായി പലരും പറഞ്ഞു.ഞാന്‍ നോക്കിയിട്ട് കാണാന്‍ പറ്റിയില്ല. പക്ഷെ കുറച്ച് കൂടി അടുത്തെത്തിയപ്പോള്‍ ബാബു സര്‍ പറഞ്ഞു - അതാണ് കന്യാസ്ത്രീ കൊക്ക്.
           കാണാത്തവര്‍ക്ക് ശരിക്കും കാണാനായി അവള്‍ സ്ഥലം മാറി ഇരുന്നു.ഞങ്ങളുടെ ഫോട്ടോഗ്രാഫര്‍ കെല്‍‌വിന്‍ സുനില്‍ അത് കൃത്യമായി ക്യാമറയില്‍ പകര്‍ത്തി.
         ഗൃഹാതുരത്വമുണര്‍ത്തുന്ന ഒരു കാഴ്ച കൂടി - കുളത്തിലെ കുഞ്ഞിത്തവള. പണ്ട് വീട്ടിനടുത്തുള്ള പാറക്കുളത്തില്‍ നിരവധി ഞണ്ടുകളും തവളകളും ഉണ്ടായിരുന്നു. തവളക്കുഞ്ഞുങ്ങളുടെ മുകളില്‍ അല്പ നേരം കൈവട്ടം കറക്കി പെട്ടെന്ന് താഴ്ത്തി അതിനെ കൈ പിടിയിലാക്കും(ഇന്നത്തെ കുട്ടികള്‍ക്ക് തവളയെ കാണുന്നത് തന്നെ അറപ്പാണ്). കൈ കറക്കുമ്പോള്‍ തവളയുടെ തല മിന്നും (കറങ്ങും) എന്നും അതോടെ അവയെ എളുപ്പത്തില്‍ പിടിക്കാന്‍ സാധിക്കും എന്നായിരുന്നു ഞങ്ങള്‍ വിശ്വസിച്ചിരുന്നത്. സത്യം എന്താണാവോ? അങ്ങനെ തവളകളും കാലക്രമേണ ആ കുളവും അപ്രത്യക്ഷമായി.
          ബാല്യകാലത്തിലൂടെ ഞാന്‍ അല്പസമയം മുങ്ങാങ്കുഴിയിട്ടപ്പോഴേക്കും ആ തവളക്കുഞ്ഞും മറ്റാരുടെയോ ബാല്യകാലസ്മരണകളിലേക്ക് ചേക്കേറി.

(തുടരും...)
           
                

3 comments:

Areekkodan | അരീക്കോടന്‍ said...

ബാല്യകാലത്തിലൂടെ ഞാന്‍ അല്പസമയം മുങ്ങാങ്കുഴിയിട്ടപ്പോഴേക്കും ആ തവളക്കുഞ്ഞും മറ്റാരുടെയോ ബാല്യകാലസ്മരണകളിലേക്ക് ചേക്കേറി.

Cv Thankappan said...

പ്ലാസ്റ്റിക്‌കെടുതികള്‍....
ആശംസകള്‍ മാഷേ

Areekkodan | അരീക്കോടന്‍ said...

തങ്കപ്പേട്ടാ...വായനക്ക് നന്ദി.പ്ലാസ്റ്റിക് പാവം ജന്തുക്കളെയും നമ്മള്‍ തീറ്റിക്കുന്നു.

Post a Comment

നന്ദി....വീണ്ടും വരിക