Pages

Monday, November 12, 2018

നാടൻ പ്രേമം

               “എന്ന് നിന്റെ മൊയ്തീൻ” എന്ന സിനിമയുടെ പോസ്റ്റർ കണ്ടപ്പോൾ ഇതെന്ത് പേര് എന്ന് തോന്നിപ്പോയിരുന്നു. ആ പടം സൂപ്പർ ഹിറ്റ് ആയതോടെ എന്റെ നാടിന്റെ തൊട്ടടുത്ത ടൌൺ ആയ മുക്കവും മലയാളികളുടെ മനസ്സിൽ ഇടം പിടിച്ചു. അസാധാരാണമായ ഒരു പ്രേമകഥയാണ് “എന്ന് നിന്റെ മൊയ്തീൻ”. സിനിമ ഞാൻ കണ്ടില്ലെങ്കിലും സിനിമയിലെ യഥാർത്ഥ നായികയായ കാഞ്ചനമാല ചേച്ചിയെ പിന്നീട് ഒരവസരത്തിൽ നേരിട്ട് കാണാനും സംസാരിക്കാനും സാധിച്ചു.

              മുക്കത്ത് കൂടി ഒഴുകുന്ന ഇരുവഴിഞ്ഞി പുഴയിൽ ഉണ്ടായ തോണി അപകടവും അന്ന് ബി.പി.മൊയ്തീൻ എന്ന യുവാവ് നടത്തിയ സാഹസികതയും ചാലിയാർ പുഴയോരത്തുള്ള എന്റെ കുട്ടി മനസ്സിൽ എന്നോ ഇടം പിടിച്ചിരുന്നു.ആ മൊയ്തീൻ ആണ് ഈ മൊയ്തീൻ എന്നത് ഞാൻ മനസ്സിലാക്കിയത് സിനിമ കണ്ട ആരോ ആ മരണ രംഗം പറഞ്ഞപ്പോഴാണ്. ഏതായാലും മൊയ്തീനും കാഞ്ചനമാലക്കും  ഒപ്പം മുക്കവും ഇരുവഴിഞ്ഞി പുഴയും ലോകമലയാളികൾക്കിടയിൽ അറിയപ്പെട്ടു.

              സഞ്ചാര സാഹിത്യത്തിൽ അഗ്രഗണ്യനായ എസ്.കെ പൊറ്റക്കാട്ടിന്റെ ഒരു നോവൽ കണ്ണിൽ പെട്ടപ്പോൾ ഞാൻ അതിലൂടെ വെറുതെ ഒന്ന് കണ്ണോടിച്ചു. മുക്കത്തെ ഇരുവഴിഞ്ഞി പുഴയുടെ പശ്ചാതലത്തിൽ അരങ്ങേറുന്ന മറ്റൊരു പ്രേമകഥയാണ് ‘നാടൻ പ്രേമം‘ എന്ന ആ നോവൽ. കോഴിക്കോട് നഗരത്തിലെ ധനാഢ്യനായ രവീന്ദ്രനും ഇരുവഴിഞ്ഞി പുഴയോരത്ത് താമസിക്കുന്ന നാടൻ പെൺ‌കുട്ടിയായ മാളുവും തമ്മിൽ അപ്രതീക്ഷിതമായി കണ്ടു മുട്ടുന്നതും ഇണ ചേരുന്നതും പിരിയുന്നതും ആണ് കഥാതന്തു. 1941ലാണ് എസ്.കെ പൊറ്റക്കാട്ട് ഈ നോവൽ പ്രസിദ്ധീകരിക്കുന്നത്.
              പ്രധാന കഥാപാത്രങ്ങളിൽ ഒരാളായ രവീന്ദ്രൻ ഇരുവഴിഞ്ഞി പുഴയോരത്ത് അജ്ഞാത വാസത്തിനെത്തി , മാളു എന്ന യുവതിയിൽ അനുരക്തനായി കാമവേഴ്ച നടത്തി ഒരു സുപ്രഭാതത്തിൽ തിരിച്ചുപോകുന്നതും മാളു ഒരാൺ‌കുട്ടിക്ക് ജന്മം നൽകുന്നതും പരോപകാരിയായ ഇക്കോരൻ എന്ന മദ്യപൻ മാളുവിനെ സംരക്ഷിക്കുന്നതും എല്ലാം ഒരു സിനിമ പോലെ തന്നെ വായനക്കാരന്റെ മനസ്സിലൂടെ കടന്നു പോകും. സന്താന സൌഭാഗ്യം കിട്ടാത്ത രവീന്ദ്രൻ, അവസാനം തന്റെ മകനെ കണ്ടെത്തുന്നതും അവനെ കൈവശപ്പെടുത്തുന്നതും വായനക്കാരന്റെ മനസ്സിൽ വികാരത്തിന്റെ വേലിയേറ്റം സൃഷ്ടിക്കും..

              പുത്ര വിരഹം മാളുവിനെയും ഇക്കോരനെയും ഇരുവഴിഞ്ഞി പുഴയിൽ അഭയം പ്രാപിക്കാനുള്ള തീരുമാനത്തിൽ എത്തിക്കുന്നത് വായനക്കാരനിൽ ഒരു നീറ്റൽ ഉണ്ടാക്കും. രവീന്ദ്രനുള്ള ബർട്ടൻ സായിപ്പിന്റെ അവസാനത്തെ കത്ത് വായിച്ചു കഴിയുമ്പോൾ കണ്ണുനീരോ നെടുവീർപ്പോ ഇല്ലാതെ പുസ്തകം അടച്ചു വയ്ക്കില്ല !

കൃതി  : നാടൻ പ്രേമം
രചയിതാവ് : എസ്.കെ പൊറ്റക്കാട്ട്
പ്രസാധകർ : മാതൃഭൂമി ബുക്സ്
വില  : 110 രൂപ

പേജ്  : 80
                

7 comments:

Areekkodan | അരീക്കോടന്‍ said...

മുക്കത്തെ ഇരുവഴിഞ്ഞി പുഴയുടെ പശ്ചാതലത്തിൽ അരങ്ങേറുന്ന മറ്റൊരു പ്രേമകഥയാണ് ‘നാടൻ പ്രേമം‘ എന്ന നോവൽ. കോഴിക്കോട് നഗരത്തിലെ ധനാഢ്യനായ രവീന്ദ്രനും ഇരുവഴിഞ്ഞി പുഴയോരത്ത് താമസിക്കുന്ന നാടൻ പെൺ‌കുട്ടിയായ മാളുവും തമ്മിൽ അപ്രതീക്ഷിതമായി കണ്ടു മുട്ടുന്നതും ഇണ ചേരുന്നതും പിരിയുന്നതും ആണ് കഥാതന്തു.

Muralee Mukundan , ബിലാത്തിപട്ടണം said...

പണ്ട് ഈ നടൻ പ്രേമം വായിച്ച്
കോരിത്തരിച്ചിട്ടു ള്ള ഒരു വല്ലാത്ത കാമുകനായിരുന്നു ഞാൻ

Areekkodan | അരീക്കോടന്‍ said...

മുരളിയേട്ടാ...നിങ്ങളാരാ മോന്‍ ? കോരിത്തരിപ്പ് മാറ്റിയിരുന്നോ??

സുധി അറയ്ക്കൽ said...

ഞാൻ വായിച്ചിട്ടില്ല.വായിക്കാൻ കിട്ടിയാൽ വായിക്കണം.

Areekkodan | അരീക്കോടന്‍ said...

സുധീ... കിട്ടിയാൽ വായിക്കാം എന്നേയുള്ളു. എന്ന് റ തൊട്ടടുത്ത പ്രദേശമായ മുക്കത്ത് നടന്ന
എനിക്ക് താല്പര്യം തോന്നി എന്ന് മാത്രം.

Joselet Joseph said...

എസ് കെയുടെ ആദ്യനോവലാണെന്നു കേട്ടിട്ടുണ്ട്. ഈ അടുത്തു മാതൃഭൂമി പുനപ്രസിദ്ധീകരിച്ചു. ഞാൻ വായിച്ചിട്ടില്ല.

Areekkodan | അരീക്കോടന്‍ said...

ജോസ്‌ലറ്റ്...ഇതിനും മുമ്പെ ഒരു നോവല്‍ എഴുതിയിട്ടുണ്ടെന്നും എവിടെയോ വായിച്ചു.1941ല്‍ എഴുതിയത് ഇപ്പോഴും വായിക്കാന്‍ കിട്ടുന്നത് ഭാഗ്യം.

Post a Comment

നന്ദി....വീണ്ടും വരിക