Pages

Wednesday, September 11, 2019

പൈന്മരക്കാട്ടിലൂടെ ഗുണ കേവിലേക്ക്...

          യൂക്കാലിപ്സ് മരങ്ങളുടെ ഗന്ധവും സൌന്ദര്യവും ആസ്വദിച്ചുകൊണ്ടാണ് ഓരോ സഞ്ചാരിയും ഊട്ടിയില്‍ എത്തുന്നത്. പക്ഷെ സില്‍‌വര്‍ കാസ്ക്കേഡ് എത്തുന്നത് വരെയുള്ള  കൊടൈക്കനാല്‍ റോഡ് ഒരു ആകര്‍ഷണവും ഇല്ലാത്തതായി എനിക്ക് അനുഭവപ്പെട്ടു. അതു കൊണ്ടായിരിക്കാം ഓടിയിട്ടും ഓടിയിട്ടും വണ്ടി അങ്ങോട്ട് എത്താത്തതായി തോന്നിയതും. കൊടൈക്കനാലിനെപ്പറ്റി എനിക്ക് മറ്റു മുന്‍‌ധാരണകള്‍ ഒന്നും ഇല്ലാത്തതിനാല്‍ എല്ലാം പുതിയ അനുഭവങ്ങളും അറിവുകളും ആയിരുന്നു.

            കൊല്ലി ദര്‍ശനം കഴിഞ്ഞ് വണ്ടി ഒന്നുരുണ്ടപ്പോഴേക്കും അടുത്ത സ്പോട്ട് ആയി. കൊടൈക്കനാലില്‍ വരുന്ന ഏത് സഞ്ചാരിയുടെയും മനം കവരുന്ന പൈന്‍ ഫോറെസ്റ്റ്. ഒരു ശതാബ്ദത്തിലകം പ്രായമുള്ള മരങ്ങളോട് കൂടിയ പൈന്‍ ഫോറസ്റ്റ്ലേക്ക് ഞങ്ങളും പ്രവേശിച്ചു. ചാഞ്ഞും ചെരിഞ്ഞും നില്‍ക്കുന്ന മരങ്ങളില്‍ കയറി ഇരുന്ന് അല്പ നേരം വിശ്രമിക്കുന്നതിനിടക്ക് എന്തെങ്കിലും കൊറിക്കാം എന്ന ഉദ്ദേശത്തോടെ, തലേദിവസം പഴനിയില്‍ നിന്നും വാങ്ങിയ ചില സാധനങ്ങളും മക്കള്‍ കയ്യില്‍ കരുതിയിരുന്നു. പക്ഷെ കാടിന്റെ അധികാരികളായ കുരങ്ങന്മാര്‍ അവ തട്ടിപ്പറിച്ചത് ഞങ്ങള്‍ എല്ലാവരും നോക്കി നില്‍ക്കെയായിരുന്നു.

               Bryant എന്ന മനുഷ്യന്റെ ഭ്രാന്തിന്റെ ഫലമാണ് ഇന്ന് നാം ആസ്വദിക്കുന്ന പൈന്‍ ഫോറസ്റ്റ് എന്നത് പലര്‍ക്കും അറിയില്ല. 1906 ലാണ് അദ്ദേഹം ഈ ഉദ്യമം ആരംഭിച്ചത് എന്ന് ചരിത്രം പറയുന്നു. മരങ്ങള്‍ വലുതായി അതിന്റെ വിത്തും ഇലയും പൂവും കായും പൊഴിഞ്ഞ് പൈന്‍ ഫോറസ്റ്റും വളര്‍ന്ന് വലുതായി. വെറുതെ ഈ മരങ്ങള്‍ക്കിടയിലൂടെ നടക്കുമ്പോള്‍ തന്നെ പ്രണയം മനസ്സില്‍ നുരയാന്‍ തുടങ്ങും. വൈവാഹിക ജീവിതത്തിന്റെ ആദ്യ നാളുകളിലായിരുന്നു ഇവിടെ വരേണ്ടിയിരുന്നത് എന്ന് അപ്പോള്‍ തോന്നുന്നത് സ്വാഭാവികം മാത്രം.
         പഴനി മുതല്‍ കൊടൈക്കനാല്‍ വരെ വണ്ടിയില്‍ ഇരുന്നതിന്റെ ക്ഷീണം മുഴുവന്‍ പൈന്‍ മരക്കാട്ടില്‍ ഇറക്കിവച്ച് ഞങ്ങള്‍ വീണ്ടും വണ്ടിയില്‍ കയറി. ഒരു ഇറക്കം ഇറങ്ങിയതും വാഹനം ഒച്ചിഴയും പോലെയായി. അടുത്ത സ്ഥലത്ത് എത്തിയതിന്റെ ലക്ഷണങ്ങളാണ്. ആള്‍ ബഹളവും വണ്ടികളുടെ പാര്‍ക്കിംഗും കേട്ടും കണ്ടും തുടങ്ങി. അപ്പോഴാണ് പുറത്ത് ഒരു ബോര്‍ഡ് എന്റെ ശ്രദ്ധയില്‍ പെട്ടത് - ഗുണ കേവ്. ഒപ്പം കണ്ട കടുവയുടെ ചിത്രം പേടിപ്പിച്ചെങ്കിലും കാര്യമില്ലെന്ന് പിന്നീട് മനസ്സിലായി.
          പത്ത് രൂപ പ്രവേശന ടിക്കറ്റ് എടുത്തു വേണം കവാടം കടക്കാന്‍. പിന്നെ 
ഒരു അരക്കിലോമീറ്ററോളം നടന്നാലേ കേവിലെത്തൂ. പഴയ സഞ്ചാരികള്‍
ആരൊക്കെയോ ഏന്തിയും വലിഞ്ഞും നോക്കി, 2000 അടിയിലധികം താഴ്ചയുള്ള ഗുഹയിലേക്ക് വീണതിന്റെ ഫലമായി ഗുഹക്ക് മുകളിലൂടെ ഗ്രില്ല് ഇട്ടിരിക്കുകയാണ്. അതിനാല്‍ ഗുഹ കാണാനൊക്കില്ല.  വ്യൂ പോയിന്റ് ആയി കെട്ടി ഉയര്‍ത്തിയ മാടത്തില്‍ കയറിയാല്‍ ചെങ്കുത്തായി കിടക്കുന്ന മറ്റൊരു സ്ഥലം കൂടി കാണാം.

             1992ല്‍ കമലഹാസന്റെ ഗുണ എന്ന ഫിലിം ഇവിടെ വച്ച് ഷൂട്ട് ചെയ്തതോടെയാണ് ഇത് ഗുണ കേവ്‌സ് എന്നറിയപ്പെടാന്‍ തുടങ്ങിയത്. ചെകുത്താന്റെ അടുക്കള (Devil's Kitchen) എന്നായിരുന്നു ഇതിന്റെ പഴയ പേര് പോലും. ഗുഹ കാണാന്‍ പറ്റിയില്ലെങ്കിലും അവിടെയുള്ള മരങ്ങളുടെ വേരുകള്‍  മണ്ണിന് മുകളിലൂടെ പടര്‍ന്ന് സൃഷ്ടിച്ച കലാരൂപം ആരെയും വിസ്മയപ്പെടുത്തും. ചെകുത്താന്റെ അടുക്കളയില്‍ വാരി വലിച്ചിട്ട വിറക് കൂട്ടത്തില്‍ കയറിയിരുന്ന് ഫോട്ടോ എടുത്തേ ആരും ആ സ്ഥലം വിടൂ. ഞങ്ങളും പതിവ് തെറ്റിച്ചില്ല.
        വണ്ടി വീണ്ടും നീങ്ങിത്തുടങ്ങി - പില്ലര്‍ റോക്കിലേക്ക്.

5 comments:

Areekkodan | അരീക്കോടന്‍ said...

ചെകുത്താന്റെ അടുക്കളയില്‍ വാരി വലിച്ചിട്ട വിറക് കൂട്ടത്തില്‍ കയറിയിരുന്ന് ഫോട്ടോ എടുത്തേ ആരും ആ സ്ഥലം വിടൂ. ഞങ്ങളും പതിവ് തെറ്റിച്ചില്ല.

മഹേഷ് മേനോൻ said...

"കണ്മണീ അൻപോട് കാതലൻ നാനെഴുതും കടിതമേ..." മോഡൽ റൊമാന്റിക് ഒരെണ്ണം വെച്ച് കാച്ചാമായിരുന്നു ;-)

Areekkodan | അരീക്കോടന്‍ said...

മഹേഷ് .... സിനിമയുമായി വലിയ അടുപ്പം ഇല്ല. പക്ഷെ ഒരു സർപ്രൈസ് ഈയിടെ സംഭവിച്ചു. സമയമാകുമ്പോൾ പറയാം.

സുധി അറയ്ക്കൽ said...

നിങ്ങളൊരു ഭയങ്കര സംഭവമാ അരീക്കോടൻ സർ.ഈ യാത്ര കഴിഞ്ഞിട്ട്‌ മറ്റ്‌ എന്തിനെങ്കിലും സമയം കിട്ടുന്നുണ്ടോ????

Areekkodan | അരീക്കോടന്‍ said...

ഹ ഹ...സുധീ...മറ്റൊരു യാത്ര കഴിഞ്ഞ് ദേ എത്തിയതേയുള്ളൂ. അവിടെ വച്ച് ഒരു ‘വല്യ പുള്ളിയെ’ ആദ്യമായി കാണുകയും ചെയ്തു.

Post a Comment

നന്ദി....വീണ്ടും വരിക