Pages

Tuesday, February 04, 2020

മുന്തിരിവള്ളി തളിര്‍ക്കുമ്പോള്‍...

              കറുത്ത മുന്തിരി എനിക്ക് പണ്ടേ ഇഷ്ടമില്ല. വലിയ പച്ച മുന്തിരിയും ഇഷ്ടമില്ല. മാർക്കറ്റിൽ കിട്ടുന്ന മുന്തിരിയിലാണെങ്കിൽ വിഷം എത്രയെന്ന് ഒരാൾക്കും അറിയാത്ത അത്രയും മാരകവും. മുന്തിരി ഉണക്കി ഉണ്ടാക്കുന്ന കിസ്മിസും  ഒട്ടും ഇഷ്ടമില്ല. എന്നാല്‍ ചെറിയ പച്ച മുന്തിരി വാരിത്തിന്നും.  ഇങ്ങനെയൊക്കെയാണെങ്കിലും വീട്ടിൽ ഒരു മുന്തിരി വള്ളി എന്ന സ്വപ്നം ഞാൻ കൊണ്ടു നടക്കാൻ തുടങ്ങിയിട്ട് നാളേറെയായി.

              മുമ്പ് പാഷൻ ഫ്രൂട്ട് മുറ്റത്ത് പടർത്തിയപ്പോൾ  ( 4153 പേർ വായിച്ച ആ പോസ്റ്റ് വായിക്കാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക) മറുഭാഗത്ത് കൂടി മുന്തിരി വള്ളി കൂടി പടർത്തിയാലോ എന്ന് ഞാൻ ആലോചിച്ചിരുന്നു. അത് ചെയ്യാത്തത് നന്നായി എന്ന് പാഷൻ ഫ്രൂട്ട് ഉണ്ടായപ്പോൾ തോന്നി. ബാംഗ്ലൂരിൽ കുടുംബ സമേതം വിനോദയാത്ര പോയപ്പോൾ അനുഭവിച്ച മുന്തിരിത്തോട്ടത്തിന്റെ രസവും ഹരവുമാണ് വീട്ടിലും അത്തരം ഒരു മുന്തിരി പന്തലെങ്കിലും ഉണ്ടാക്കാൻ പ്രചോദനമായത്.

             അങ്ങനെ ഇരിക്കെയാണ് കുടുംബത്തോടൊപ്പം ഒരു വയനാട് യാത്ര കൂടി പോയത്. വയനാട്ടിൽ നിന്ന് മടങ്ങുമ്പോൾ സന്ദർശിച്ച, എന്റെ മുൻ എൻ.എസ്.എസ് വളണ്ടിയർ ജിൻഷാദിന്റെ വീടിന്റെ മുമ്പിലും ഒരു മുന്തിരി വള്ളി പടർന്നത് കണ്ടിരുന്നു. ഞാൻ അതിനെപ്പറ്റി ചോദിക്കേണ്ട താമസം വലിയൊരു കമ്പ് ( അതോ വള്ളിയോ) പൊട്ടിച്ച് എനിക്ക് തന്ന് ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് നടാൻ ജിൻഷാദിന്റെ ഉപ്പ പറഞ്ഞു. എന്തുകൊണ്ടോ അതിൽ ഒന്നു പോലും കിളിർത്തില്ല.

             കൂടയിൽ നട്ട വള്ളികൾ ഉണങ്ങിക്കരിഞ്ഞ് നിൽക്കുന്നത് എന്റെ ഉള്ളിൽ സന്താപം ഉണ്ടാക്കി. അതിനിടയിലാണ് കൃഷിത്തോട്ടം ഫേസ്‌ബുക്ക് കൂട്ടായ്മയുടെ മലപ്പുറം മീറ്റ് കടന്നു വന്നത്. സൌജന്യമായും അല്ലാതെയും നിരവധി തൈകൾ മീറ്റിൽ കിട്ടാറുണ്ട് എന്ന് അറിയാമായിരുന്നു. ഇത്തവണ സൌജന്യമായി കിട്ടിയത് ബഡ് ചെയ്ത പ്ലാവിൻ തൈ ആയിരുന്നു. പക്ഷെ അവിടത്തന്നെ മുന്തിരി തൈ വില്പനക്ക് ഉണ്ടായിരുന്നു. അങ്ങനെ നാല്പത് രൂപക്ക് ഒരു തൈ ഞാനും വാങ്ങി.

            ഇത്തവണത്തെ വിവാഹ വാർഷികത്തിന് ഒരു ഞാവൽ തൈ നടാനായിരുന്നു ആദ്യം ഞാൻ പ്ലാൻ ചെയ്തിരുന്നത്. അതിനായി ഞാൻ തൈ വളർത്തുകയും ചെയ്തിരുന്നു. പക്ഷെ അത് എന്റെ മുറ്റത്ത് അനുയോജ്യമല്ല എന്ന് പലരും പറഞ്ഞതിനാൽ വലിയ ഞാവൽ ഉണ്ടാകുന്ന ബഡ് തൈ അന്വേഷിച്ച് നടന്നു. അതും പാകമായി കിട്ടാതായപ്പോൾ വിവാഹ വാർഷികം കം ഭാര്യയുടെ ജന്മദിന തൈ ആയി ഈ മുന്തിരിവള്ളി നടാം എന്ന് തീരുമാനമായി.

            അങ്ങനെ മുഹബ്ബത്തിന്റെ മുന്തിരിച്ചാറ് നുണയാൻ, ഞങ്ങളുടെ വിവാഹ വാർഷിക മരമായി മുറ്റത്ത് ഒരു മുന്തിരി വള്ളി പതിയെ തളിർക്കാൻ തുടങ്ങി.

16 comments:

Areekkodan | അരീക്കോടന്‍ said...

അങ്ങനെ മുഹബ്ബത്തിന്റെ മുന്തിരിച്ചാറ് നുണയാൻ, ഞങ്ങളുടെ വിവാഹ വാർഷിക മരമായി മുറ്റത്ത് ഒരു മുന്തിരി വള്ളി പതിയെ തളിർക്കാൻ തുടങ്ങി.

സുധി അറയ്ക്കൽ said...

പൂത്തു തളിർക്കട്ടെ..

മാധവൻ said...

അനവധി നിരവധി വിവാഹ വർഷീകാഘോഷങ്ങൾ ഈ മുന്തിരിച്ചെടി വളർന്നുണ്ടാവുന്ന സ്വർഗീയ തോട്ടത്തിൽ നടക്കട്ടെ

കല്ലോലിനി said...

മുന്തിരി വള്ളികൾ തളിർക്കുമ്പോൾ ...!!!
ജീവിതവും ഓരോ ദിവസവും പുതിയ ഉന്മേഷത്തോടെ പൂത്തു തളിർക്കട്ടെ ..!!!
ഒരായിരം ആശംസകൾ !!!

സമാന്തരൻ said...

മാഷേ .. അവസാനം അതിനൊരു കാര്യഭംഗിയുമായി..

തളിർക്കട്ടെ .. കായ്ക്കട്ടെ, മധുരിക്കട്ടെ..

Cv Thankappan said...

മുന്തിരിത്തോപ്പിൽ.......
ആശംസകൾ മാഷേ

Areekkodan | അരീക്കോടന്‍ said...

സുധീ...ആമീന്‍

മാധവാ...അറ്റുത്ത വാര്‍ഷികത്തിന് വേറെ ചെടി എന്നതാ പതിവ്

Areekkodan | അരീക്കോടന്‍ said...

കല്ലോലിനി...നന്ദി

സമാന്തരാ...പിന്നില്‍ ഇങ്ങനെ എന്തെലും ഉണ്ടായാല്‍ ആ തൈ സംരക്ഷിക്കപ്പെടും.അല്ലെങ്കില്‍ നട്ട കുഴി മാത്രം ബാക്കിയാകും.

തങ്കപ്പേട്ടാ...നന്ദി

Bipin said...

കാണാൻ നല്ല കിനാവുകൾ ....:
മുറ്റം നിറയെ മുറ്റം നിറയെ മുന്തിരി വളളി പടർത്തി ഞാൻ

Areekkodan | അരീക്കോടന്‍ said...

ബിപിനേട്ടാ...എന്നിട്ടെന്തായി?കായ്ചോ?

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

ഹൃദ്യം..

Areekkodan | അരീക്കോടന്‍ said...

മുഹമ്മെദ്ക്കാ...നന്ദി

Muralee Mukundan , ബിലാത്തിപട്ടണം said...

അതെ ഈ പ്രായത്തിൽ തന്നെയാണ്
ശരിക്കും മുന്തിരിവള്ളികൾ തളിക്കേണ്ടത് ...
വി.ജെ .ജെയിമസ് 'പ്രണയോപനിഷത്തി'ൽ  അസ്സലായി ഇതിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട് ..

Areekkodan | അരീക്കോടന്‍ said...

മുരളിയേട്ടാ...പ്രണയോപനിഷത്തിൽ നിന്നുള്ള വാക്യങ്ങൾ കൂടി ഉദ്ധരിക്കാമായിരുന്നു.

Mohamedkutty മുഹമ്മദുകുട്ടി said...

ഞാനും മുന്തിരി കുറെ പരിശ്രമിച്ചു പരാജയപ്പെട്ടതാ. കഴിഞ്ഞ ഏപ്രിലിൽ തൃശൂർ വെച്ച് നമ്മുടെ അടുക്കളത്തോട്ടം ഫേസ് ബുക്ക് കൂട്ടായ്മയിൽ വെച്ച് സൗജന്യമായി തൈ കിട്ടി. അതൊരു വിധം പടർന്നു വന്നപ്പോഴേക്കും വെള്ളപൊക്കം മുറ്റത്തും വന്നു. വള്ളി ഒന്നു മുരടിച്ചെങ്കിലും ഇപ്പൊ വീണ്ടും തളിർത്തു വരുന്നുണ്ട്. സ്വപ്നം പൂവണിയുമെന്നു ആശിക്കാം.

Areekkodan | അരീക്കോടന്‍ said...

കുട്ടിക്കാ...ഇങ്ങളെ മുറ്റത്തും ഇപ്പളാണോ മുന്തിരി വള്ളി തളിർക്കണത് ?

Post a Comment

നന്ദി....വീണ്ടും വരിക