Pages

Wednesday, July 08, 2020

വിജയ വഴികൾ

SSLC പരീക്ഷയുടെ റിസൾട്ടുകൾ വന്നു. +2 പരീക്ഷയുടേത് വരാനിരിക്കുന്നു. ഞാൻ പത്താം തരത്തിൽ പഠിച്ചിരുന്ന കാലത്ത് SSLC റിസൾട്ട് വരുമ്പോൾ പത്രത്തിൽ ഒന്നാം പേജിൽ തന്നെ വലിയ ഫോട്ടോ വരും - ഒന്നു മുതൽ പത്ത് വരെ റാങ്ക് കിട്ടിയവരുടെ ഫോട്ടോ. ഇന്ന് ജില്ലാ പേജിൽ നൂറും നൂറ്റമ്പതും കുഞ്ഞ് കുഞ്ഞ് ഫോട്ടോകൾക്കിടയിൽ നിന്ന് നമുക്ക് നമ്മെ തിരിച്ചറിയേണ്ടി വരുന്നു.

അക്കാലത്ത് പത്രത്തിൻ്റെ ഉൾപേജിൽ കുറെ ദുഃഖ വാർത്തകളും വന്നിരുന്നു. റിസൾട്ടറിഞ്ഞ് തൂങ്ങി മരിച്ചതും ട്രെയിനിന് മുന്നിൽ ചാടിയതും മറ്റ് രീതിയിൽ ആത്മഹത്യക്ക് ശ്രമിച്ചതും മറ്റും ആയ വാർത്തകൾ. ആ കാലഘട്ടം കഴിഞ്ഞ് , ഇന്ന് വിജയം 98 - 99% വരെ എത്തി നിൽക്കുന്നു. എന്നിട്ടും കേരള യുവത ആത്മഹത്യാ പ്രവണതയുള്ള സമൂഹമായി തന്നെ നിലനിൽക്കുന്നു. എന്താണിതിന് കാരണം?

പലരും പലകാരണങ്ങളാലാണ് ആത്മഹത്യ ചെയ്യുന്നത്. രണ്ടാഴ്ച മുമ്പ് ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുതിൻ്റെ ആത്മഹത്യ നാം ഞെട്ടലോടെ ശ്രവിച്ചു. M S Dhoni - the untold story എന്ന ചിത്രത്തിലുടെ യുവാക്കൾക്ക് പ്രിയങ്കരനായി മാറിയ നടനായിരുന്നു. പക്ഷെ ചില അജ്ഞാത കാരണങ്ങളാൽ ഡിപ്രഷൻ പിടിപെട്ടു. സ്വയം തീരുമാനമെടുത്ത് അദ്ദേഹം നിത്യവാസത്തിലേക്ക് പോയി.

അതിന് മുമ്പ് , ദുബായി ആസ്ഥാനമായ ഇന്നാവ കമ്പനീസ് എന്ന സ്ഥാപനത്തിൻ്റെ ഡയരക്ടർ ആയിരുന്ന മലയാളി വ്യവസായി ജോയ് അറക്കൽ ദുബായിൽ വച്ച് തന്നെ 14-ാം നിലയിൽ നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്തു. ചില അപ്രതീക്ഷിത സാമ്പത്തിക ബുദ്ധിമുട്ടുകൾ ആത്മഹത്യയിൽ കലാശിച്ചു. 45000 ൽ അധികം സ്ക്വയർ ഫീറ്റിൽ ഒന്നര വർഷം മുമ്പ് ഉണ്ടാക്കിയ വീട്ടിൽ അൽപകാലം പോലും താമസിക്കാതെ ഈ ലോകത്ത് നിന്ന് അദ്ദേഹം സ്വയം പിൻവാങ്ങി.

ഏകദേശം ഒരു വർഷം മുമ്പ്, ഇന്ത്യക്കകത്തും പുറത്തും ധാരാളം ഔട്ട് ലെറ്റുകൾ ഉണ്ടായിരുന്ന കഫെ കോഫി ഡേ മാനേജിംഗ് ഡയരക്ടർ V G സിദ്ധാർത്ഥ പുഴയിൽ ചാടി മരിച്ചു. ഒരു ചെറിയ പരാജയം ജീവിതം അവസാനിപ്പിക്കാനുള്ള തീരുമാനത്തിൽ എത്തിച്ചു.

ഇങ്ങനെ പരാജയം നേരിടുമ്പോഴേക്കും ആത്മഹത്യയിലേക്ക് നീങ്ങുന്നത് എന്തു കൊണ്ടാണ്? ഇവിടെയാണ് നാം നമ്മുടെ മക്കളെ ചെറിയ ഒരു കാര്യം പഠിപ്പിക്കേണ്ടത്. മത്സരലോകത്താണ് നമ്മുടെ മക്കൾ വളർന്ന് കൊണ്ടിരിക്കുന്നത്. ചെറിയൊരു പരാജയം മതി അവരെ തളർത്താൻ. മക്കളെ ഒരിക്കലും വിജയം മാത്രം പഠിപ്പിക്കരുത്. ഇടക്കിടക്ക് ചെറിയ പരാജയങ്ങളും ഉണ്ടാക്കിക്കൊടുക്കണം. മത്സരങ്ങളിലും കളികളിലും മനപ്പൂർവ്വം തോൽക്കുകയും തോൽപ്പിക്കുകയും ചെയ്യണം. തോൽവി എന്നൊരു പ്രതിഭാസവും ഈ ലോകത്ത് ഉണ്ട് എന്ന് അവരെ മനസ്സിലാക്കിപ്പിക്കണം.

"ഒരച്ഛൻ മകൾക്കയച്ച കത്തുകൾ " എന്ന പ്രസിദ്ധമായ പുസ്തകം നാം കേട്ടിട്ടുണ്ട്. പണ്ഡിറ്റ് ജവഹർലാൽ നെഹ്റു മകൾ ഇന്ദിരാഗാന്ധിക്ക് അയച്ച കത്തുകളായിരുന്നു അവ. എന്നാൽ നമ്മൾ കേൾക്കാതെ പോയ ഒരു പുസ്തകം കൂടിയുണ്ട് - ഒരച്ഛൻ അധ്യാപകനയച്ച കത്തുകൾ . മുൻ അമേരിക്കൻ പ്രസിഡണ്ട് എബ്രഹാം ലിങ്കൺ തൻ്റെ മകൻ്റെ അധ്യാപകനയച്ച കത്തുകളാണവ. അധ്യാപകരോട് അദ്ദേഹം പറയുന്നു.
"അവനെ പഠിപ്പിക്കുക .. തോൽവികൾ അഭിമുഖീകരിക്കാൻ, വിജയങ്ങൾ ആസ്വദിക്കാനും "

നമ്മളും , നമ്മുടെ മക്കളെ, പഠിപ്പിക്കണം തോൽവികൾ അഭിമുഖീകരിക്കാനും വിജയങ്ങൾ ആസ്വദിക്കാനും . വിജയത്തിൽ മതിമറന്ന് ആഹ്ലാദിക്കാനോ തോൽവിയിൽ മനം നൊന്ത് ദു:ഖിക്കാനോ അനുവദിക്കരുത്. ജയവും പരാജയവും നിർണ്ണായകമായ പരീക്ഷകളിൽ പ്രത്യേകിച്ചും ഈ ഒരു പിന്തുണ നൽകാൻ ശ്രദ്ധിക്കണം. അങ്ങനെ നല്ല രീതിയിൽ മക്കളെ വളർത്താൻ എല്ലാവർക്കും സാധിക്കട്ടെ..

(വിഡിയോ വേർഷൻ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.- പ്ലീസ്  ലൈക്ക്, ഷെയർ & subscribe )

6 comments:

Areekkodan | അരീക്കോടന്‍ said...

നമ്മളും , നമ്മുടെ മക്കളെ, പഠിപ്പിക്കണം തോൽവികൾ അഭിമുഖീകരിക്കാനും വിജയങ്ങൾ ആസ്വദിക്കാനും .

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

ചില ആത്മഹത്യാമരണങ്ങൾ പിന്നീട് കൊലപാതകവുമായി മാറാറുണ്ട്.. എന്തൊക്കെയായാലും ആത്മഹത്യാ പ്രവണത ഭീതിതമായി വളർന്നുകഴിഞ്ഞിരിക്കുന്നു

വീകെ. said...

ഇന്ന് നമ്മുടെ കുഞ്ഞുങ്ങൾ ക്ഷമയില്ലാത്തവരായാണ് വളരുന്നത്. നാം അവർക്കായി ഒരു നിമിഷം വൈകാതെ ആവശ്യപ്പെടുന്നതെല്ലാം നേടിക്കാടുക്കുമ്പോൾ നാമവരെ ക്ഷമയില്ലായ്മയിലേക്കും ആത്മഹത്യയിലേക്കും നയിക്കുന്നു. എൻ്റെ തലമുറയിൽപ്പെട്ടവർക്ക് ആത്മഹത്യയിലേക്കുള്ള എളുപ്പവഴികളൊന്നും അറിയില്ലായിരുന്നു. ഇന്നതല്ല, നൂറു നൂറു വഴികൾ വിരൽത്തുമ്പിലുണ്ട്. അതിലൊന്നു പരീക്ഷിക്കേണ്ടതേയുള്ളു. പട്ടിണിയും ക്ഷമയും നാമവരെ പരിശീലിപ്പിക്കണം.

Areekkodan | അരീക്കോടന്‍ said...

മുഹമ്മദ് ക്കാ .. .. അത് അങ്ങാട്ടുമിങ്ങാട്ടുമൊക്കെ പലപ്പോഴും മാറി മറിയാറുണ്ട് .

Areekkodan | അരീക്കോടന്‍ said...

വീ.കെ ...നിരവധി പഴയ പാoങ്ങൾ അവരെ അഭ്യസിപ്പിക്കണം എന്നാണ് എൻ്റെ അഭിപ്രായം'

Devi Nediyoottam said...

Nice writeup. നല്ല രീതിയിൽ മക്കളെ വളർത്താൻ എല്ലാവര്ക്കും സാധിക്കട്ടെ

Post a Comment

നന്ദി....വീണ്ടും വരിക