Pages

Tuesday, November 24, 2020

കാൾ നമ്പർ 1

 ഇടക്കിടക്ക് എനിക്കോ മക്കൾക്കോ ലഭിക്കുന്ന പുരസ്കാരങ്ങളെപ്പറ്റിയും ഡിഗ്രികളെപ്പറ്റിയും പറയുമ്പോഴാണ് അൽപമെങ്കിലും ഞാൻ എന്നെപ്പറ്റി ഇവിടെ സൂചിപ്പിക്കാറുള്ളു എന്നാണ് എൻ്റെ വിശ്വാസം. വായനക്കാർക്ക് അത് തള്ളുകയോ കൊള്ളുകയോ ചെയ്യാം. 

ഇന്നത്തെ ഈ പോസ്റ്റ് ഞാൻ എന്നെപ്പറ്റി തന്നെയാണ് എഴുതാൻ ആഗ്രഹിക്കുന്നത്. ഇതൊരു തളളല്ല, ബട്ട് നിങ്ങൾക്ക് വേണമെങ്കിൽ തള്ളാം.

പ്രൊഫഷണൽ കോളേജിലേക്കുള്ള പ്രവേശനത്തിൻ്റെ ഭാഗമായി കുട്ടികൾക്കുണ്ടാകുന്ന വിവിധ സംശയങ്ങൾ ദുരീകരിക്കാനുള്ള ഒപ്ഷൻ ഫെസിലിറ്റി സെൻ്റർ കോർഡിനേറ്ററായതിനാൽ നിരവധി ഫോൺവിളികൾ വരാറുണ്ട്. ഇക്കഴിഞ്ഞ ദിവസം വന്ന വിവിധ വിളികൾ അപഗ്രഥനം ചെയ്തപ്പോഴാണ് ഞാൻ തന്നെ അന്തം വിട്ടത്.

കാൾ നമ്പർ 1 : ( അറിയാത്ത നമ്പർ)

"സാർ, ഞാൻ എഞ്ചിനിയറിംഗ് അഡ്മിഷന് ഫീസടച്ചെങ്കിലും കോളേജിൽ ചേർന്നില്ല. ഇനിയത് റീഫണ്ട് ചെയ്യാൻ എന്ത് ചെയ്യണം?"

ആവശ്യമായ നടപടികൾ പറഞ്ഞു കൊടുത്ത് ഫോൺ വച്ചു.

കാൾ നമ്പർ 2 : (പത്താം ക്ലാസ് സഹപാഠി)

"ആബിദേ... എൻ്റെ അയൽവാസിയുടെ SSLC ബുക്ക് നഷ്ടപ്പെട്ടു. ഡ്യൂപ്ലിക്കേറ്റ് ബുക്ക് കിട്ടാൻ എന്താണ് ചെയ്യേണ്ടത്?"

എൻ്റെ ഭാര്യയുടെ ഡിഗ്രി മാർക്ക് ലിസ്റ്റ് നഷ്ടപ്പെട്ട സമയത്ത് ഞാൻ ചെയ്ത കാര്യങ്ങൾ മനസ്സിലോടിയെത്തിയെങ്കിലും ഞാനത് പറഞ്ഞില്ല. എൻ്റെ സുഹൃത്തായ ഒരു ഹെഡ്മാസ്റ്ററെ വിളിച്ച് വിവരങ്ങൾ അറിഞ്ഞ് വച്ചു. സഹപാഠി വീണ്ടും വിളിച്ചപ്പോൾ അവന് പറഞ്ഞു കൊടുക്കുകയും ചെയ്തു.

കാൾ നമ്പർ 3 : (അറിയാത്ത നമ്പർ)

"ഹലോ "

"ഹലോ " ഞാനും ഹലോ മടക്കി.

"Nടട പ്രോഗ്രാം ഓഫീസർ ആബിദ് സാർ ആണോ?"

" ആബിദ് ആണ്. ഇപ്പോൾ Nടട പ്രോഗ്രാം ഓഫീസർ അല്ല..."

"ആ... സർ... നാളെ മെഡിക്കൽ കോളേജിൽ ഒരു ഓപ്പറേഷന് രണ്ട് യൂണിറ്റ് ഒ പോസിറ്റീവ് ബ്ലഡ് വേണമായിരുന്നു "

"ഓകെ... കുട്ടികൾ ആരും കോളേജിൽ ഇല്ല. എങ്കിലും ഞാൻ ഒന്ന് ശ്രമിക്കട്ടെ... നിങ്ങളാ ഡീറ്റെയിൽസ് ഒന്ന് വാട്സാപ്പ് ചെയ്യൂ... "

വാട്സാപ്പ് സന്ദേശം വന്ന ശബ്ദം കേട്ട് ഞാനത് തുറന്ന്‌ NSS വളണ്ടിയർ സെക്രട്ടെറിക്ക് ഫോർവേഡ് ചെയ്തു. വൈകുന്നേരത്തോടെ അവരത് അറേഞ്ച് ചെയ്ത് കൊടുക്കുകയും ചെയ്തു.

ആ സന്ദേശത്തിൻ്റെ തൊട്ടു താഴെയായി വന്ന പഴയ പത്താം ക്ലാസ് കൂട്ടുകാരിയുടെ വോയിസ് മെസേജ് അപ്പോഴാണ് എൻ്റെ ശ്രദ്ധയിൽപ്പെട്ടത്. ഞാനത് കേട്ടു.

"ആബിദേ... പച്ചക്കറിച്ചെടിയിലെ ഈ വെള്ള ജന്തുക്കളെ കളയാൻ എന്താ തളിക്കുക ?"

"ഇത് കുറച്ചധികം ബാധിച്ചിട്ടുണ്ട്. കൂടുതൽ ബാധിച്ച ഇലകൾ പറിച്ചെടുത്ത് ചവിട്ടി അരക്കുക. മറ്റുള്ളവയിൽ വേപ്പെണ്ണ- വെളുത്തുള്ളി മിശ്രിതം തളിച്ച് നോക്കുക.. " തിരിച്ച് ശബ്ദ സന്ദേശം നൽകിയപ്പോഴക്കും അടുത്ത കാൾ വന്നു.

കാൾ നമ്പർ 5 : (അറിയാത്ത നമ്പർ)

"ആബിദല്ലേ... " ഒരു പെൺ ശബ്ദം .

"അതേ...''

" എന്നെ മനസ്സിലായോ?"

"ഇല്ല ...''

" ഞാൻ നിൻ്റെ പ്രീഡിഗ്രി ക്ലാസ് മേറ്റ് "

പ്രീഡിഗ്രിക്കാലത്തെ പലരെപ്പറ്റിയും അന്നത്തെ 'സംഭവവികാസ 'ങ്ങളെപ്പറ്റിയും പറഞ്ഞതോടെ അവളെൻ്റെ ക്ലാസ്മേറ്റ് തന്നെയെന്ന് എനിക്കുറപ്പായി.

"പിന്നെ ... എനിക്കൊരു കാര്യം അറിയണായിരുന്നു''

"ങാ.. പറ..." മുപ്പത് വർഷം മുമ്പത്തെ സ്മരണകളിൽ നിന്നും ഞാൻ തിരിച്ച് വർത്തമാന കാലത്തെക്കെത്തി.

" ആലുവ KMEA ആർകിടെക്റ്റ് കോളേജിനെപ്പറ്റി അറിയോ?"

"അറിയില്ല ... അവിടെ ആളുണ്ട് ... ഞാൻ  അന്വേഷിച്ച് പറയാം.. "

"ഓ കെ ... എങ്കിൽ ഇവയെപ്പറ്റി കൂടി ഒന്ന് വിവരം തരണേ..." മറ്റ് രണ്ട് കോളജുകൾ കൂടി അവൾ പറഞ്ഞ് തന്നു.

"ഓ കെ... രണ്ട് ദിവസം വെയിറ്റ് ചെയ്യണം..." രണ്ട് ദിവസം കഴിഞ്ഞ് ആ വിവരവും നൽകി.

ജീവിതത്തിൽ എന്തൊക്കെ  നേടിയാലും , ആവശ്യമുള്ളവർക്ക് ഒരു കൈത്താങ്ങ് നൽകാൻ സാധിക്കുന്നത് തന്നെയാണ് ഏറെ സന്തോഷം നൽകുന്നത് എന്ന് ഒരിക്കൽ കൂടി ഞാൻ അന്ന് തിരിച്ചറിഞ്ഞു.

5 comments:

Areekkodan | അരീക്കോടന്‍ said...

ജീവിതത്തിൽ എന്തൊക്കെ നേടിയാലും , ആവശ്യമുള്ളവർക്ക് ഒരു കൈത്താങ്ങ് നൽകാൻ സാധിക്കുന്നത് തന്നെയാണ് ഏറെ സന്തോഷം നൽകുന്നത് എന്ന് ഒരിക്കൽ കൂടി ഞാൻ അന്ന് തിരിച്ചറിഞ്ഞു.

© Mubi said...

ആഹാ.. വിളികളും ശബ്ദസന്ദേശങ്ങളുമായി മാഷ്ക്ക് തിരക്കായി അല്ലേ? സന്തോഷം :)

Areekkodan | അരീക്കോടന്‍ said...

മുബീ... തിരക്കായതിൽ പ്രശ്നമില്ല. ആൾക്കാർക്ക് ഉപകാരമായി എന്നറിയുമ്പോൾ ഉണ്ടാകുന്ന സന്തോഷം ഏറെ അനുഭവിച്ചു.

Muralee Mukundan , ബിലാത്തിപട്ടണം said...

ആവശ്യമുള്ളവർക്ക് ഒരു കൈത്താങ്ങ് നൽകാൻ സാധിക്കുന്നത് തന്നെയാണ് ഏറെ സന്തോഷമുള്ള ജീവിതത്തിലെ ചില ഇഷ്ട്ടകാര്യങ്ങൾ

Areekkodan | അരീക്കോടന്‍ said...

മുരളിയേട്ടാ.... Correct

Post a Comment

നന്ദി....വീണ്ടും വരിക