Pages

Wednesday, July 31, 2024

വരൂ, ഈ ചിറകിലൊളിക്കൂ.

ഏതാനും വർഷങ്ങൾക്ക് മുമ്പുള്ള ഒരു റംസാൻ കാലം. എൻ്റെ ഒരു സുഹൃത്ത് വാട്സാപ്പിൽ എനിക്ക് ഒരു കുറിപ്പ് അയച്ച് തന്നു. സാമാന്യം നീളമുള്ള ഒരു കുറിപ്പായിരുന്നു അത്. റമദാൻ മഴ എന്നോ മറ്റോ ആണ് കുറിപ്പിൻ്റെ പേര്. റംസാൻ കാലമായതിനാൽ വെറുതെ ആരും ഫോർവേർഡ് മെസേജുകൾ വിടില്ല എന്ന് വിശ്വാസമുള്ളതിനാൽ ഞാൻ ആ കുറിപ്പ് വായിച്ചു. കുറിപ്പിൻ്റെ ഉള്ളടക്കവും ഗുണപാഠവും ആഖ്യാന ശൈലിയും എല്ലാം എനിക്ക് ഏറെ ഇഷ്ടമായി.

അടുത്ത ദിവസവും പ്രസ്തുത സുഹൃത്ത് ഒരു മെസേജ് കൂടി അയച്ചു. പേര് വീണ്ടും റമദാൻ മഴ ആയതിനാൽ തലേ ദിവസത്തെ അതേ കുറിപ്പ് വീണ്ടും ഫോർവേഡ് ചെയ്തതാണ് എന്ന് കരുതി ഞാൻ മൈൻഡ് ചെയ്തില്ല. അടുത്ത ദിവസം പിന്നെയും റമദാൻ മഴ വന്നതോടെ ഇതൊരു തോരാ മഴയാണെന്നും ഓരോ ദിവസവും വ്യത്യസ്ത കുറിപ്പുകൾ ആണെന്നും എനിക്ക് മനസ്സിലായി. തലേ ദിവസം വന്ന കുറിപ്പും അന്നത്തെ കുറിപ്പും വായിച്ചതോടെ ഞാൻ റമദാൻ മഴക്കു വേണ്ടി കാത്തിരിക്കാൻ തുടങ്ങി.പിന്നീട് എല്ലാ വർഷവും റമദാൻ മഴ പെയ്തതോടെ ഓരോ വായനയും ഹൃദ്യമായി. പി.എം.എ ഗഫൂർ ആയിരുന്നു ഈ റമദാൻ മഴ എന്ന പ്രഭാഷണ പരമ്പരയുടെ ഉപജ്ഞാതാവ്.

ചെറിയ കഥകളും സംഭവങ്ങളും പറഞ്ഞ് വലിയൊരു കാര്യത്തെപ്പറ്റി ചിന്തിക്കാനും പ്രവർത്തിക്കാനും ഉതകുന്ന പ്രഭാഷണങ്ങളും അവയുടെ കുറിപ്പും ആയിരുന്നു റമദാൻ മഴയായി പെയ്തു കൊണ്ടിരുന്നത്. ജാതി-മത-ഭേദമന്യേ എല്ലാവരും അത് വായിക്കുന്നു എന്നതിന് തെളിവായിരുന്നു പല പൊതു ഗ്രൂപ്പുകളിലും അവ കാണപ്പെട്ടത്. സമൂഹത്തിൻ്റെയും വ്യക്തികളുടെയും ബന്ധങ്ങളും സൗഹൃദങ്ങളും കെട്ടുറപ്പുള്ളതാക്കാൻ ഉതകുന്ന, അതീവ ലളിത ശൈലിയുള്ള ആഖ്യാന രീതി കൂടിയായതിനാൽ അത് ഏത് പ്രായക്കാർക്കും  വായനാസുഖവും നൽകും.

ഇത്തരം ഇരുപത്തി എട്ട് കുറിപ്പുകളുടെ ഒരു സമാഹാരമാണ് വരൂ, ഈ ചിറകിലൊളിക്കൂ എന്ന ചെറിയ കൃതി. കുട്ടികളും മുതിർന്നവരും വായിച്ച് മനസ്സിലാക്കേണ്ടതും പ്രവൃത്തിപഥത്തിൽ കൊണ്ടു വരേണ്ടതുമായ നിരവധി വിഷയങ്ങളാണ് കൃതിയുടെ ഉള്ളടക്കം. ആമുഖത്തിൽ പറഞ്ഞ പോലെ ഇതിലെ ഒരു വാക്ക് പോലും നിങ്ങളെ ഭാരപ്പെടുത്തില്ല ഹൃദയത്തിൻ്റെ അരികത്ത് വന്ന് ചില സ്വകാര്യങ്ങൾ പറയുകയാണ്..

പുസ്തകം: വരൂ, ഈ ചിറകിലൊളിക്കൂ
രചയിതാവ്: പി.എം.എ ഗഫൂർ
പ്രസാധകർ: ഐ.പി.എച്ച് കോഴിക്കോട്
പേജ്: 64
വില: Rs 90

Wednesday, July 24, 2024

കലക്കാത്തെ സന്ദനേമേര... (അട്ടപ്പാടി യാത്ര - 3)

(ഭാഗം - 2 വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക)

"ആബിദേ... നമുക്ക് ഇവിടെ ഇറങ്ങാം.." വണ്ടി നക്കുപ്പതി തിരിച്ചെത്തിയപ്പോൾ സിന്ധു പറഞ്ഞു.

"അപ്പോ... നഞ്ചിയമ്മയെ കാണാൻ പറ്റില്ലേ?" നാരായണന് സംശയമായി.

"അതെ... ഇനി അങ്ങോട്ടാണ് പോകുന്നത് .. അവിടെ ഉണ്ടെങ്കിൽ കാണാം...." സിന്ധു പറഞ്ഞു.

മുന്നിൽ നടന്നു കൊണ്ട് സിന്ധു ഞങ്ങളെ നക്കുപ്പതി ഊരിലേക്ക് നയിച്ചു. കയ്യിൽ കരുതിയിരുന്ന പൊന്നാടയുമായി ഞാനും കൂടെ നടന്നു. സാധാരണ ഊരുകളിൽ നിന്നും വ്യത്യസ്തമായി വീടുകളെല്ലാം സാമാന്യം ഭേദപ്പെട്ടവയായിരുന്നു.

"കലക്കാത്തെ സന്ദനമേര വെഗവെഗാ പൂത്തിറുക്ക്, പൂ പറിക്കാൻ പോകിലാമ്മ ..." എന്ന പാട്ട് നടത്തത്തിനിടയിൽ എവിടെ നിന്നോ കാതിലേക്ക് ഒഴുകി വരുന്നതായി തോന്നി. കോൺക്രീറ്റ് വിരിച്ച പാത അവസാനിക്കുന്നിടത്ത് ഇടത് വശത്ത് മുകൾ ഭാഗത്തുള്ള വീട്ടിലേക്കാണ് സിന്ധു ഞങ്ങളെ കൊണ്ടുപോയത്. മരക്കമ്പുകൾ കൊണ്ട് കെട്ടിയുണ്ടാക്കിയ ഗേറ്റ് കടന്നു അകത്തെത്തിയപ്പോൾ മുറ്റത്തൊരു കാറ് ! 

അയ്യപ്പനും കോശിയും എന്ന സിനിമയുടെ ടൈറ്റിൽ സോങ്ങ് ആയ "കലക്കാത്തെ സന്ദനമേര ..." എന്ന പാട്ട് എഴുതുകയും പാടുകയും ചെയ്തതിലൂടെ 2020 ലെ , മികച്ച സിനിമാ പിന്നണി ഗായികക്കുള്ള ദേശീയ പുരസ്കാരം ലഭിച്ച വ്യക്തിയാണ് നഞ്ചിയമ്മ. ആദിവാസി ഇരുള വിഭാഗത്തിൻ്റെ ഭാഷയിലാണ് ഈ പാട്ട് എഴുതിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. വർഷങ്ങളായി പ്രവർത്തിക്കുന്ന ഗോത്ര കലാകാരൻമാരുടെ കൂട്ടായ്മയായ ആസാദ് കലാസമിതിയിലെ പ്രധാന അംഗം കൂടിയാണ് നഞ്ചിയമ്മ.

എല്ലാ ഫോട്ടോയിലും കാണുന്ന നിഷ്കളങ്കമായ ആ പുഞ്ചിരി ചുണ്ടിൽ വിടർത്തി നഞ്ചിയമ്മ ഞങ്ങളെ എല്ലാവരെയും സ്വീകരിച്ചിരുത്തി.ഞാൻ ചുറ്റും ഒന്ന് കണ്ണോടിച്ചു. സ്വീകരണ മുറിയിലെ ഷോക്കേസിൽ നിരവധി മെമൻ്റോകൾ അടുക്കി വച്ചിരിക്കുന്നു. അതിൽ ഉൾക്കൊള്ളാനാവാതെ ബാക്കി വന്നവ തൊട്ടടുത്ത റൂമിൽ നിലത്ത് കൂട്ടിയിട്ടിട്ടും ഉണ്ട്. മെമൻ്റോ വേണ്ട എന്ന് സിന്ധു പറഞ്ഞത് വെറുതെയല്ല എന്ന് മനസ്സിലായി.

87 SSC ബാച്ചിനായി ഞാൻ നഞ്ചിയമ്മയെ പൊന്നാട അണിയിച്ചു. ചുരുങ്ങിയ വാക്കുകളിലൂടെ അവർ തൻ്റെ സന്തോഷവും പ്രകടിപ്പിച്ചു, ശേഷം ഞങ്ങളെല്ലാവരും കൂട്ടമായും ഒറ്റക്കും എല്ലാം നഞ്ചിയമ്മയുടെ കൂടെ ഫോട്ടോ എടുത്തു. നേരിട്ട് ഒരു പാട്ട് കേൾക്കാൻ എല്ലാവരും ആഗ്രഹം പ്രകടിപ്പിച്ചുവെങ്കിലും മരുന്ന് കഴിക്കുന്നതിനാൽ ബുദ്ധിമുട്ടാണെന്ന് അവർ പറഞ്ഞു. പ്രതീക്ഷിക്കാതെ ലഭിച്ച സന്ദർശനാവസരവും അവരുമായുള്ള സംസാരവും എനിക്കും സഹപാഠികൾക്കും ഹൃദ്യാനുഭവമായി.

തിരിച്ചിറങ്ങുമ്പോൾ, ചെളി പോലുള്ള മണ്ണിൽ സമൃദ്ധമായി വളർന്നു നിൽക്കുന്ന മല്ലികത്തൈകൾ എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റി. ആവശ്യമുള്ള അത്രയും കൊണ്ടു പോകാൻ നഞ്ചിയമ്മ സമ്മതം തന്നതോടെ ഞാനടക്കമുള്ള ചെടി ഭ്രാന്തന്മാർ കുറച്ച് തൈകൾ പറിച്ചെടുത്തു. വീട്ടുമുറ്റത്ത് അത് പൂവിട്ടു നിൽക്കുന്ന കാലത്തോളം ഈ അട്ടപ്പാടി യാത്രയും അതിലെ അനുഭവങ്ങളും മനസ്സിൽ വസന്തങ്ങൾ വിരിയിച്ച് കൊണ്ടിരിക്കും.


(അവസാനിച്ചു)


Monday, July 22, 2024

ലുഅ @ ജാമിയ മില്ലിയ

നാം ആഗ്രഹിച്ചതും നമുക്ക് സാധിക്കാതെ പോയതുമായ കാര്യങ്ങൾ മക്കൾ നേടിയെടുക്കുമ്പോഴുണ്ടാകുന്ന സന്തോഷം വിവരണാതീതമാണ്. 1992 ൽ ഫിസിക്സിൽ ബിരുദം നേടിയപ്പോൾ അലീഗഡ് പോലെയുള്ള ഏതെങ്കിലും പ്രശസ്തമായ സർവ്വകലാശാലയിലോ കേരളത്തിന് പുറത്തുള്ള മറ്റേതെങ്കിലും സ്ഥാപനത്തിലോ പി.ജി ക്ക് ചേരണമെന്നായിരുന്നു എന്റെ ആഗ്രഹം. അവസാനം, മുറ്റത്തെ സർവ്വകലാശാലയായ കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ നിന്ന് തന്നെ അത് പൂർത്തിയാക്കേണ്ടി വന്നു.

മൂത്ത മകൾ ലുലു ഡൽഹിയിൽ പഠിക്കാൻ  ഒരാഗ്രഹം പ്രകടിപ്പിച്ചപ്പോൾ ഞാൻ അതിന് സമ്മതം മൂളി. അത് സാധിച്ചില്ലെങ്കിലും സെൻട്രൽ യൂനിവേഴ്സിറ്റി വഴി അവൾ അതിനും അപ്പുറത്തുള്ള ജമ്മുവിൽ കാലുകുത്തി, എം.എസ്.സി മാത് സ് പഠനം പൂർത്തിയാക്കി. രണ്ടാമത്തെ മകൾ ലുഅക്ക് ഡൽഹി ജാമിയ മില്ലിയ ഇസ്‌ലാമിയ യൂണിവേഴ്സിറ്റിയിൽ നിന്ന്  എം.എസ്.സി മാത് സ് എടുക്കാനായിരുന്നു താല്പര്യം. അൽഹംദുലില്ലാഹ്, പ്രവേശന പരീക്ഷ വിജയിച്ച് ഇന്ന് അവൾ ജാമിയയിൽ വിദ്യാർത്ഥിയായി ചേർന്നു. 

അടുത്ത രണ്ട് പേർ ഇനി എവിടെ ചേരണം എന്നാണാവോ പറയുക?

നരസിമുക്കിലേക്ക് .... (അട്ടപ്പാടി യാത്ര - 2)

(ഭാഗം - 1 വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക)

വർഷങ്ങൾക്ക് ശേഷമാണ് സിന്ധുവും ഞാനും കണ്ടുമുട്ടുന്നത്. വർഷങ്ങളുടെ വിടവും പ്രായത്തിൻ്റെ മാറ്റവും ഞങ്ങളുടെ മുഖപരിചയത്തിലും വിള്ളൽ വീഴ്ത്തിയിരുന്നു. പക്ഷെ, ഒരു ചായക്കോപ്പയിലെ പുക പടലം പോലെ നിമിഷങ്ങൾക്കുള്ളിൽ അത് അപ്രതൃക്ഷമായി. ഹൃദ്യമായ സ്വീകരണവും പഠന സാമഗ്രികളുടെ കൈമാറ്റത്തിനും ശേഷം (click & read) ഞങ്ങൾ വീണ്ടും കാഴ്ചകൾ കാണാനിറങ്ങി.

"വിസ്പറിംഗ് ഹിൽസ് " എന്ന റിസോർട്ടായിരുന്നു ഞങ്ങളുടെ ആദ്യ ലക്ഷ്യം.ഗൂഗിളമ്മായിയോട് വഴി ചോദിച്ചിരുന്നെങ്കിലും, വഴി തെറ്റി ഒരു കടന്നാ കുടുങ്ങി റോഡിൽ എത്തി. റോഡവിടെ അവസാനിച്ചതിനാൽ അബദ്ധം പെട്ടെന്ന് തിരിച്ചറിഞ്ഞു. പണിപ്പെട്ട് കാർ റിവേഴ്സ് എടുത്ത് ശരിയായ വഴിയിലേക്ക് തന്നെ ഞങ്ങൾ കയറി. താമസിയാതെ ഞങ്ങൾ ലക്ഷ്യസ്ഥാനത്തെത്തി.

മാനേജർ അലക്സ് ഞങ്ങളെയും കാത്ത് അവിടെ നിൽപ്പുണ്ടായിരുന്നു. ചെളി നിറഞ്ഞ ഒരു വഴി കാണിച്ച് അത് വഴി പോകാനും ജീപ്പിൽ അവർ പിന്നാലെ വരാമെന്നും പറഞ്ഞു. വഴിയിൽ ഉയർന്ന് നിൽക്കുന്ന കല്ലുകളിൽ ഇന്നോവയുടെ അടി തട്ടാൻ സാദ്ധ്യതയുള്ളതിനാൽ മൂന്ന് പേർ ജീപ്പിൽ കയറുന്നതാവും നല്ലതെന്ന് ഡ്രൈവർ സുധാരകരൻ നിർദ്ദേശം വച്ചു. ജീപ്പ് വന്നതും മുജീബും ജാഫറും ചാടിയിറങ്ങി അതിലേക്ക് ഓടി. ചുമരിലേക്ക് കോട്ടി അടിച്ച പോലെ രണ്ട് പേരും ഉടനെത്തന്നെ തിരിച്ചെത്തി. കന്ന് പൂട്ടിന് ഉപയോഗിച്ച ട്രാക്ടർ പോലെയായിരുന്നു ജീപ്പിൻ്റെ ഉൾഭാഗം പോലും !!

ഓഫ് റോഡിലൂടെ കുത്തിക്കുലുങ്ങി അലക്സിൻ്റെ ജീപ്പും പിന്നാലെ അതീവ ശ്രദ്ധയോടെ ഞങ്ങളുടെ ഇന്നോവയും നീങ്ങി. ഇനി മുന്നോട്ട് പോകില്ല എന്ന് ഉറപ്പായ ഒരു സ്ഥലത്ത് സുധാകരൻ ഇന്നോവ നിർത്തി. മഴ ചാറാൻ തുടങ്ങിയതിനാൽ മുന്നോട്ടുള്ള വഴി വീണ്ടും ചെളി നിറഞ്ഞതായി മാറി. എങ്കിലും വഴുതാതെയും വീഴാതെയും ഞങ്ങളെല്ലാവരും വിസ്പെറിംഗ് ഹിൽസിൻ്റെ ടോപ്പിലെത്തി.

മനോഹരമായി സെറ്റ് ചെയ്ത A ഷേപ്പ് ഹട്ടുകളും വില്ലകളും,ക്യാമ്പ് ഫയറിനും ഭക്ഷണം കഴിക്കാനും പ്രത്യേകം സൗകര്യപ്പെടുത്തിയ ഇടങ്ങളും, 360 ഡിഗ്രിയിൽ കാഴ്ച കാണാൻ ഉതകും വിധത്തിലുള്ള വ്യൂ പോയിൻ്റും - ഒറ്റനോട്ടത്തിൽ വിസ്പറിംഗ് ഹിൽസിലെ കാഴ്ചകൾ ഇതായിരുന്നു. അകമ്പടിയായി  കാറ്റിൻ്റെ നേർത്ത മർമ്മരവും കോടയുടെ തണുപ്പും കൂടി അരിച്ചിറങ്ങിയപ്പോൾ വർഷങ്ങൾക്ക് മുമ്പ് "കൊമ്മാനഗുഡി" യിൽ (click & read) പോയതാണ് എനിക്ക് ഓർമ്മ വന്നത്. ഹോഴ്സ് റൈഡ്, ഫ്രൂട്ട്സ് പാർക്ക്, പ്രകൃതി നടത്തം, ട്രക്കിംഗ് തുടങ്ങീ മറ്റ് നിരവധി സൗകര്യങ്ങൾ കൂടി ഉണ്ട് എന്ന് മാനേജർ അലക്സ് പറഞ്ഞു. കൺമുന്നിൽ കോട പൂക്കുന്നത് കണ്ടും തൊട്ടും അറിഞ്ഞും ആസ്വദിച്ചും ഏറെ നേരം ചെലവഴിച്ച ശേഷം ഞങ്ങൾ തിരിച്ചിറങ്ങി.


സിന്ധുവിൻ്റെ സ്കൂളിൽ പഠിക്കുന്ന, കിടപ്പിലായ ഒരു കുട്ടിക്ക് ബാഗും അനുബന്ധ പഠന സാമഗ്രികളും നേരിട്ട് കൈമാറുക എന്ന ഉദ്ദേശ്യത്തോടെ, ഞങ്ങൾ പിന്നീട് പോയത് കതിരമ്പതി ഊരിലേക്കാണ്. സിന്ധുവിൻ്റെ നേതൃത്വത്തിൽ ഞങ്ങൾ വീട് അന്വേഷിച്ച് പിടിച്ചു. ഗ്ലൂക്കോമയും ഓട്ടിസവും ബാധിച്ച കുട്ടിയുടെയും അവളുടെ കുടുംബത്തിൻ്റെയും അവസ്ഥ ഞങ്ങളിൽ ഒരു നൊമ്പരം പടർത്തി. സാധനങ്ങൾ കൈമാറി പെട്ടെന്ന് തന്നെ ഞങ്ങൾ ഗൂളിക്കടവിലേക്ക് തിരിച്ചു.

ഉച്ചഭക്ഷണം കഴിച്ച് കഴിയുമ്പഴേക്കും സമയം മൂന്ന് മണി കഴിഞ്ഞിരുന്നു. അയ്യപ്പനും കോശിയും പ്രസിദ്ധമാക്കിയ നരസിമുക്ക് കാണുക എന്നതായിരുന്നു അടുത്ത ലക്ഷ്യം. അഗളി റെസ്റ്റ് ഹൗസിൻ്റെ മുന്നിലൂടെ കടന്നു പോകുന്ന വീതി കുറഞ്ഞ റോഡിലൂടെ സിന്ധു ഞങ്ങളെ നയിച്ചു. അഗളിയിൽ നിന്നും വെറും രണ്ട് കിലോമീറ്റർ ദൂരമേ നരസിമുക്ക് വ്യൂ പോയിന്റ്ലേക്കുള്ളൂ. മഴക്കാലമായതിനാൽ പച്ചപിടിച്ച് നിൽക്കുന്ന മലകളും താഴ് വാരങ്ങളും മാത്രമായിരുന്നു ചുറ്റിലും ഉണ്ടായിരുന്നത്. മഴ വീണ്ടും പെയ്യാൻ തുടങ്ങിയതിനാൽ വാഹനത്തിലിരുന്ന് തന്നെ ഞങ്ങൾ ആ കാഴ്ചകൾ ആസ്വദിച്ചു.

"ആബിദേ... നമ്മൾ കുഞ്ചിയമ്മയെ കാണാൻ പോകുന്നില്ലേ ?" നരസിമുക്കിൽ നിന്നും തിരിച്ചിറങ്ങുമ്പോൾ നാരായണൻ ചോദിച്ചു.

"കുഞ്ചിയമ്മയല്ല, നഞ്ചിയമ്മ " ആരോ തിരുത്തി.

"അതെ... അടുത്തത് അവരുടെ വീട്ടിലേക്കാണ്. അവിടെ ഉണ്ടെങ്കിൽ കാണാം..." മറുപടി പറഞ്ഞത് സിന്ധുവായിരുന്നു.

(തുടരും...)

Friday, July 19, 2024

ഒരു അട്ടപ്പാടി യാത്ര - 1

അട്ടപ്പാടി എന്ന് കേൾക്കുമ്പോൾ സൈലൻറ് വാലിയും മധുവും ആണ് എപ്പോഴും മനസ്സിൽ ഓടി വരുന്നത്. വിവിധ മാധ്യമങ്ങൾ വഴിയും അട്ടപ്പാടിയെപ്പറ്റി കേട്ടിട്ടുണ്ടെങ്കിലും അത് കൂടുതലും പട്ടിണി മരണങ്ങളെക്കുറിച്ചായിരുന്നു. സൈലൻറ് വാലിക്കപ്പുറം ഈ റൂട്ടിൽ യാത്ര ചെയ്യാത്തതിനാൽ അട്ടപ്പാടിയെപ്പറ്റി എനിക്ക് കൂടുതൽ അനുഭവ പരിചയവും ഇല്ലായിരുന്നു.ഇതിനൊക്കെ ഒരു പരിഹാരം എന്ന നിലയ്ക്കും, എനിക്കും കൂട്ടുകാർക്കും ചെയ്യാൻ പറ്റുന്ന വളരെ നല്ല സാമൂഹ്യപ്രവർത്തനം എന്ന നിലക്കും, ഒപ്പം ഒരു വിനോദയാത്ര എന്ന നിലക്കുമായിരുന്നു അഗളിയിലെ കാരറ ഗവ. യു പി സ്‌കൂളിലേക്കുള്ള പഠന സാമഗ്രികളുടെ വിതരണത്തിന് ഞാൻ മുന്നിട്ടിറങ്ങിയത്.

രാവിലെ ആറര മണിയോടെ ഞാനും പത്താം ക്‌ളാസ് സഹപാഠികളായിരുന്ന ശൈഖ് മുജീബ് റഹ്മാൻ, ജാഫർ, മുജീബ്റഹ്മാൻ, മെഹബൂബ്, ബഷീർ, നാരായണൻ എന്നിവരും അടങ്ങുന്ന ഏഴംഗ സംഘം അരീക്കോട് നിന്നും  പുറപ്പെട്ടു.ആദിവാസി ജീവിതവും സൈലന്റ് വാലിയും പരിചയപ്പെടാൻ ഒരു അവസരം ആകും എന്നതിനാൽ എന്റെ ചെറിയ മകൻ ലിദുവിനെയും ഞാൻ കൂടെക്കൂട്ടി.എട്ടര മണിയോടെ ഞങ്ങൾ മണ്ണാർക്കാട് എത്തി. പ്രഭാത ഭക്ഷണത്തിന് ശേഷം വീണ്ടും യാത്ര തുടർന്നു.

ആനമൂളി എന്ന സ്ഥലം കഴിഞ്ഞതും ചുരം ആരംഭിച്ചു.മൺസൂൺ സീസൺ ആയതിനാൽ വഴിനീളെ ചെറിയ ചെറിയ വെള്ളച്ചാട്ടങ്ങളും പാറയിൽ നിന്നുള്ള നീരൊഴുക്കുകളും കാണാമായിരുന്നു.സഞ്ചാരികളിൽ പലരും അതെല്ലാം ക്യാമറയിൽ പകർത്തുന്നുമുണ്ട്. അൽപ നേരത്തെ യാത്രക്ക് ശേഷം നിരവധി വാഹനങ്ങൾ പാർക്ക് ചെയ്ത ഒരു ഹെയർപിൻ വളവിൽ ഞങ്ങളെത്തി.അട്ടപ്പാടി ചുരത്തിലെ പ്രധാനപ്പെട്ട ഒരു വ്യൂ പോയിന്റായിരുന്നു അത്.നേരിയ ചാറൽ മഴയ്‌ക്കൊപ്പം കോടയും കൂടി ഇറങ്ങിയതോടെ അത് വേറിട്ട ഒരു അനുഭവമായി.അൽപനേരം അതാസ്വദിച്ച ശേഷം ഞങ്ങൾ വീണ്ടും യാത്ര തുടർന്നു.

സൈലന്റ് വാലി ദേശീയ ഉദ്യാനത്തിലേക്കുള്ള പ്രവേശന കവാടമായ മുക്കാളിയായിരുന്നു ഞങ്ങളുടെ  അടുത്ത ഡെസ്റ്റിനേഷൻ. പത്ത് വർഷം മുമ്പ് എന്റെ കോളേജിലെ കുട്ടികളെയും കൊണ്ട് പ്രകൃതി പഠന ക്യാമ്പിന് (click & read) എത്തിയപ്പോഴുള്ള മുക്കാളിയല്ല ഇപ്പോഴത്തെ മുക്കാളി എന്ന് അവിടെ ഇറങ്ങിയപ്പോഴേ മനസ്സിലായി.ആൾക്കൂട്ടത്തിന്റെ മർദ്ദനമേറ്റു മധു എന്ന ആദിവാസി യുവാവ് രക്തസാക്ഷിയായത് ഈ കവലയിലായിരുന്നു. പത്ത് വർഷം മുമ്പ് ഞങ്ങൾ താമസിച്ച ഡോർമെട്രിയും പാചകപ്പുരയും കണ്ടപ്പോൾ മനസ്സിൽ  ഓർമ്മകൾ വീണ്ടും തിരതല്ലി.സൈലന്റ് വാലിക്ക് അകത്ത് കയറാൻ പ്ലാൻ ഇല്ലാത്തതിനാൽ പെട്ടെന്ന് തന്നെ ഞങ്ങൾ അഗളിയിലേക്ക് തിരിച്ചു.

വഴിയിൽ ഭവാനിപ്പുഴക്ക് കുറുകെയുള്ള ചെറിയ ഒരു പാലം ദൃഷ്ടിയിൽ പെട്ടു.സമയം ധാരാളം ഉള്ളതിനാൽ ഞങ്ങൾ അവിടെയും ഇറങ്ങി. കേരളത്തിലെ നാല്പത്തിനാല് നദികളിൽ മൂന്നെണ്ണം മാത്രമാണ് കിഴക്കോട്ട് ഒഴുകുന്നത്.അതിൽ ഒന്നാണ് ഭവാനി.വയനാട്ടിലെ കബനിയും ഇടുക്കിയിലെ പാമ്പാറുമാണ് മറ്റു രണ്ടെണ്ണം.തമിഴ് നാട്ടിലെ ഏറ്റവും വലിയ രണ്ടാമത്തെ നദിയാണ് ഭവാനിപ്പുഴ.

മൺസൂൺ കാലത്ത് എല്ലാ പുഴകളും അപകടകരമായതിനാൽ ഭവാനിയെ പാലത്തിൽ നിന്ന് നോക്കിക്കണ്ട് ഞങ്ങൾ യാത്ര തുടർന്നു.പത്തര മണിയോടെ, എന്റെ സഹപാഠിയായിരുന്ന സിന്ധുവിന്റെ  (click & read) നക്കുപതിയിലെ വീട്ടിൽ ഞങ്ങളെത്തി.


ഭാഗം 2 : നരസിമുക്കിലേക്ക്...

Wednesday, July 17, 2024

സൌഹൃദം പൂക്കുന്ന വഴികൾ - 26

പത്താം ക്ലാസ് പരീക്ഷ പാസായാൽ നല്ലൊരു കോളേജിൽ പ്രീ ഡിഗ്രിക്ക് ചേരുക എന്നതായിരുന്നു 1990 വരെ തുടർന്ന് പോന്നിരുന്ന നാട്ടാചാരം. അരീക്കോട്ടുകാർക്ക് മിക്കവർക്കും പരിചയമുള്ളത് എം.ഇ.എസ് കോളേജ് മമ്പാടും പി.എസ്.എം.ഒ കോളേജ് തിരൂരങ്ങാടിയും ഫാറൂഖ് കോളേജ് കോഴിക്കോടും ആയിരുന്നു.എന്റെ വിദ്യഭ്യാസ കാലഘട്ടം ഒരു തരം പരീക്ഷണം ആയതിനാൽ എന്റെ പ്രിയ പിതാവ് എന്നെ കൊണ്ടാക്കിയത് പി.എസ്.എം.ഒ കോളേജിൽ ആയിരുന്നു.സെക്കൻഡ് ഗ്രൂപ്പ് മോർണിംഗ് ബാച്ചിൽ നിറയെ പെൺകുട്ടികൾക്കൊപ്പം ഏതാനും ആൺകുട്ടികൾ മാത്രം ഉള്ള ഒരു ക്ലാസ് ആയിരുന്നു എന്റേത്.

പെൺകുട്ടികളോട് സല്ലപിക്കുന്നതിൽ ഒരു തരം നാണം തോന്നിയിരുന്നതിനാൽ ഞാൻ അവരുടെ ഭാഗത്തേക്ക് ശ്രദ്ധിച്ചിരുന്നേ ഇല്ല.പക്ഷെ ഹോസ്റ്റലിൽ താമസിക്കുന്നതിനാൽ ലേഡീസ് ഹോസ്റ്റലിലെ പല കുട്ടികളെയും അറിയുമായിരുന്നു. കൗമാരത്തിന്റെ കൗതുകം കാരണം ചിലരെയെല്ലാം ഇഷ്ടവുമായിരുന്നു.അത് ഒരാളിലേക്ക് മാത്രം കേന്ദ്രീകൃതമാകാത്തതിനാൽ അത് ആൺവർഗ്ഗത്തിന്റെ സ്വാഭാവികതയായി എണ്ണപ്പെട്ടു.എന്നാൽ പ്രീ ഡിഗ്രി കഴിഞ്ഞ ശേഷം കോളേജ് വിട്ടപ്പോഴാണ് ചില പെൺകുട്ടികൾ എന്റെ 'പെൻ ഫ്രണ്ടുകൾ' ആയി മാറിയത്. അതിൽ പ്രധാനികളായിരുന്നു തിരൂർക്കാരി ഹസീന,പൊന്നാനിക്കാരി നൗഷീൻ,വേങ്ങരക്കാരി സുജാത എന്നിവർ. കാലത്തിന്റെ കുത്തൊഴുക്കിൽ ആ കത്തിടപാടുകളും  എവിടെയോ വച്ച് മുറിഞ്ഞുപോയി.

പ്രീഡിഗ്രിക്കാലത്ത് ഹസീനയുടെ കൂട്ടുകാരികളായിരുന്നു സിന്ധുവും ഷാഹിനയും. മൂന്ന് പേരും കണ്ണട വച്ചവരായിരുന്നു .എപ്പോഴും ഒരുമിച്ച് നടക്കുന്നതിനാൽ കോളേജിലെ ചില  ലോല ഹൃദയരുടെ നോട്ടപ്പുള്ളികളായിരുന്നു അവർ. ഈ മൂവർ സംഘത്തിന് ആരോ ഇട്ട പേരായിരുന്നു 'ത്രീ മോസ്കിറ്റോസ്'. പ്രീഡിഗ്രിക്ക് ശേഷം മൂന്ന് കൊതുകുകളും മൂന്ന് വഴിക്ക് പാറിപ്പോയി.കത്തെഴുത്തിലൂടെ ഹസീനയുമായി എന്റെ ബന്ധം നില നിന്നെങ്കിലും മറ്റു രണ്ടു പേരും എന്റെ മനസ്സിൽ നിന്നിറങ്ങിപ്പോയി.

ആറ് വർഷം മുമ്പ് അന്നത്തെ പൂച്ച പിഡിസിക്കാരുടെ ഒരു ഗ്രൂപ്പ് ഉണ്ടാക്കിയപ്പോഴാണ് പഴയ പല ഓർമ്മകളും വീണ്ടും തികട്ടി വരാൻ തുടങ്ങിയത്.പക്ഷെ, ഔദ്യോഗിക തിരക്കിനിടയിൽ ഗ്രൂപ്പിൽ സജീവമായി ഇടപെടുക എന്നത് ഗ്രൂപ്പിലെ മിക്ക മെമ്പർമാർക്കും സാധ്യമായിരുന്നില്ല. അതിനാൽ ഗ്രൂപ്പ് നിർജീവമായി ഇഴഞ്ഞ് നീങ്ങി.

2019-ൽ കോഴിക്കോട് ലളിത കലാ അക്കാദമി ആർട്ട് ഗ്യാലറിയിൽ "പേപ്പർ ബിറ്റ്സ്" എന്ന പേരിൽ ഒരു കൊളാഷ് പ്രദർശനം നടക്കുന്നു എന്നും സിന്ധു അത് കാണാൻ വരുന്നു എന്നും ഗ്രൂപ്പിൽ ഒരു പോസ്റ്റ് കണ്ടു. ഞാൻ ജോലി ചെയ്യുന്ന നഗരത്തിൽ വച്ച് പഴയ ക്ലാസ്മേറ്റിനെ കണ്ടുമുട്ടാം എന്ന് കരുതിയാണ് ഞാൻ ആ പ്രദർശനം കാണാൻ പോയത്. ആകർഷകമായ ആ കാഴ്ച വിരുന്ന് ഒരുക്കിയത് സിന്ധുവിൻ്റെ ഭർതൃ സഹോദരനോ മറ്റോ ആയിരുന്നു എന്ന് അവളെ കണ്ടപ്പോഴാണ് അറിഞ്ഞത്.

കാലം പിന്നെയും കടന്നു പോയി. ഇക്കഴിഞ്ഞ മെയ് മാസത്തിൽ അട്ടപ്പാടിയിലെ ആദിവാസി കുട്ടികൾ പഠിക്കുന്ന ഒരു യു.പി സ്കൂളിലേക്ക് വിവിധ തരം പഠന സാമഗ്രികൾ ആവശ്യമുണ്ട് എന്ന പോസ്റ്റ് കണ്ടാണ് ഞാൻ സിന്ധുവുമായി വീണ്ടും ബന്ധപ്പെടുന്നത്. സാമഗ്രികൾക്കായി ചില വാതിലുകൾ എല്ലാം മുട്ടിയെങ്കിലും എൻ്റെ സ്വന്തം പത്താം ക്ലാസ് കൂട്ടായ്മയാണ് പ്രതീക്ഷ നൽകുന്ന മറുപടി തന്നത്. അങ്ങനെ ബാഗ്, കുട, നോട്ട്ബുക്ക്, പെൻസിൽ,ചാർട്ട് പേപ്പർ, കളർ പേപ്പർ, A4 പേപ്പർ എന്നിങ്ങനെ നിരവധി സാധനങ്ങളുമായി ഞങ്ങൾ ഒരു ഏഴംഗ സംഘം അഗളിയിലേക്ക് പുറപ്പെട്ടു.

ലൊക്കേഷൻ ഇട്ട് തന്ന് , നേരെ അവളുടെ വീട്ടിൽ എത്താനായിരുന്നു സിന്ധു തന്ന നിർദ്ദേശം. അത് പ്രകാരം ഞങ്ങൾ അവിടെ എത്തി. മരങ്ങൾ തിങ്ങി നിറഞ്ഞ, താഴ്ഭാഗത്ത് കൂടി അരുവി ഒഴുകുന്ന ഒരു പറമ്പിൽ, ഇഷ്ടിക കൊണ്ട് പണിത ഒരു വീട്. സദാ സമയവും കാറ്റ് വീശുന്നതിനാൽ വീട്ടിൽ ഫാൻ വച്ചിട്ടേ ഇല്ല !ലാറി ബേക്കർ സ്റ്റൈലിൽ ഇരുപത്തിനാല് വർഷം മുമ്പ് നിർമ്മിച്ച വീടിന് ആകെ ചെലവായത് ഒരു ലക്ഷം രൂപ മാത്രം !! ഞങ്ങൾക്കായി ഒരുക്കിയ ചായ ആസ്വദിച്ച് മുറ്റത്തെ മാവിൻ ചുവട്ടിലെ കസേരകളിലും തിണ്ണയിലും ഇരിക്കുമ്പോൾ എല്ലാവരും ആ പ്രകൃതി ഭംഗി ആസ്വദിക്കുകയായിരുന്നു.

ചായക്ക് ശേഷം, പഠന സാമഗ്രികൾ കൈമാറാനായി ഞങ്ങൾ സ്കൂളിലേക്ക് പുറപ്പെട്ടു. സിന്ധുവും ഞങ്ങളുടെ കാറിൽ കയറി. സ്കൂളിൽ വച്ച് എല്ലാം കൈമാറിയ ശേഷം സിന്ധു തന്നെ സന്ദർശനം അറേഞ്ച് ചെയ്ത "വിസ്പെറിംഗ് ഹിൽസ്" റിസോർട്ടിൽ ഞങ്ങളെത്തി. പിന്നീട് ഞങ്ങളെ കതിരമ്പതി ഊരും അയ്യപ്പനും കോശിയും സിനിമയിലൂടെ പ്രസിദ്ധമായ നരസിമുക്കും കാണിക്കാൻ സിന്ധു തന്നെ മുന്നിട്ടിറങ്ങി. തിരിച്ച് പോരുന്നതിന് മുമ്പ് 2020 ലെ മികച്ച പിന്നണി ഗായികക്കുള്ള ദേശീയ സിനിമാ അവാർഡ് നേടിയ നഞ്ചിയമ്മയെ സന്ദർശിക്കാനും അൽപ നേരം സംവദിക്കാനും സിന്ധു ഞങ്ങളെ സഹായിച്ചു. വൈകിട്ട് അഞ്ചരയ്ക്ക് യാത്ര പറഞ്ഞ് തിരിച്ചു പോരുമ്പോൾ എൻ്റെ കൂട്ടുകാർക്കും സിന്ധു ഏറെ പരിചിതയായി കഴിഞ്ഞിരുന്നു.

പാഠം: സൗഹൃദങ്ങൾ എത്ര പഴയതായാലും കാത്ത് സൂക്ഷിക്കുക. അത് പൂക്കുന്നത് വസന്തകാലത്ത് മാത്രമാകില്ല. 


Saturday, July 13, 2024

ഓപ്പോൾ

ഓപ്പോൾ എന്ന കഥ യാദൃശ്ചികമായിട്ടാണ് ഞാൻ വായിക്കാനിടയായത്. "നിന്റെ ഓർമ്മയ്ക്ക്" എന്ന എം.ടി വാസുദേവൻ നായരുടെ ചെറുകഥാ സമാഹാരത്തിലെ അവസാനത്തെ കഥയായിരുന്നു ഓപ്പോൾ.ആ കഥ വായിക്കാൻ തുടങ്ങിയപ്പോഴാണ് ഇതിന്റെ അർത്ഥം ഞാൻ മുമ്പ് എന്നോ തിരഞ്ഞു നോക്കിയത് എന്റെ ഓർമ്മയിൽ വന്നത്.കഥയുടെ ഉള്ളിലേക്കിറങ്ങിയപ്പോഴാണ് ഞാനും എന്റെ കുട്ടിക്കാലത്ത് എത്തിയത്.

1980-81 കാലഘട്ടം.ഞാൻ എൽ.എസ്.എസ് പരീക്ഷക്ക് തയ്യാറെടുത്തു കൊണ്ടിരിക്കുകയാണ്.വീട്ടിൽ അന്ന് മാതൃഭൂമി പത്രം വരുത്തുന്നുണ്ട്. പരീക്ഷാ തയ്യാറെടുപ്പിന്റെ ഭാഗമായി എന്നും പത്രം വായിക്കണം എന്നത് ബാപ്പയുടെ കർശന നിർദ്ദേശങ്ങളിൽ ഒന്നായിരുന്നു.ആനുകാലിക പൊതുവിജ്ഞാനം എന്ന വിഭാഗത്തിൽ നിന്ന് ചോദ്യങ്ങൾ ഉണ്ടാകും എന്നും അത് പത്രവായനയിലൂടെ മാത്രമേ കിട്ടൂ എന്നും ബാപ്പ പറഞ്ഞിരുന്നു. ഇന്നത്തെപ്പോലെ ഒരു ക്ലിക്കിൽ വിജ്ഞാനസാഗരം മുന്നിൽ മലർക്കെ തുറക്കുന്ന കാലമായിരുന്നില്ല അത്. 

പത്രത്തിൽ നിന്നും ഓരോ ദിവസവും ശേഖരിക്കുന്ന പൊതുവിജ്ഞാനം ഒരു നോട്ടുപുസ്തകത്തിൽ കുറിച്ച് വയ്ക്കണം.പിറ്റേ ദിവസം അത് ഉരുവിട്ട് പഠിച്ച് ബാപ്പയെ കേൾപ്പിക്കണം.

അങ്ങനെ ഒരു ദിവസം ഞാൻ നോട്ടു പുസ്തകത്തിൽ വടിവൊത്ത കയ്യക്ഷരത്തിൽ ഏതാനും  വിജ്ഞാനശകലങ്ങൾ എഴുതി - മികച്ച നടനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം - ബാലൻ കെ. നായർ,മികച്ച ബാലതാരത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം - മാസ്റ്റർ അരവിന്ദ്,മികച്ച ഗായികക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം - എസ്. ജാനകി.അവാർഡുകൾ ലഭിച്ച ചിത്രം - ഓപ്പോൾ. 

അന്ന് എല്ലാ ദിവസവും പത്രത്തിൽ സിനിമയുടെ പരസ്യം തുടർച്ചയായി വന്നു കൊണ്ടിരുന്നത് ഈ അവാർഡുകൾ കാരണമാണെന്ന് മനസ്സിലായിരുന്നില്ല.ഒരു കൊച്ചുകുട്ടിയോട് ഒരു സ്ത്രീ വിരൽ ചൂണ്ടി എന്തോ സംസാരിക്കുന്നതായിരുന്നു അതിൽ ഒരു പരസ്യ ചിത്രം.

അപ്പുവിന് ചോറു കൊടുക്കുന്നതും കുളിപ്പിക്കുന്നതും കൂടെ കിടന്ന് ഉറക്കുന്നതുമെല്ലാം ഓപ്പോളാണ്. അവനെ എപ്പോഴും ശകാരിക്കുന്ന വല്യമ്മയെ അവനിഷ്ടമില്ല. ഇതിനിടക്ക് കൂട്ടുകാരനായ കുട്ടി ശങ്കരനിൽ നിന്ന് ഓപ്പോൾ തന്റെ അമ്മയാണെന്ന് അവൻ ആദ്യമായി കേൾക്കുന്നു. ഓപ്പോളാകട്ടെ മറ്റൊരു വിവാഹത്തിന് നിർബന്ധിത ആയിക്കൊണ്ടിരിക്കുകയായിരുന്നു.ഒരു ദിവസം, അപ്പു സ്കൂൾ വിട്ടു വരുമ്പോൾ ഓപ്പോളിനെ കാണാതാവുന്നു.വല്യമ്മ അപ്പുവിനെ ആശ്വസിപ്പിച്ചെങ്കിലും ഓപ്പോൾ കല്ല്യാണം കഴിച്ച് പോയതാണെന്നും ഇനിയൊരു സമാഗമം സാധ്യമല്ല എന്നും അപ്പു തിരിച്ചറിയുന്നിടത്ത് കഥ അവസാനിക്കുന്നു.

വളരെ ഹൃദയഹാരിയായ ഈ കഥ വായിച്ചപ്പോഴാണ് എനിക്ക് അന്നത്തെ പത്രം ഓർമ്മ വന്നത്."ഓപ്പോൾ" എന്ന് ഗൂഗിളിൽ സെർച്ച് ചെയ്തു നോക്കി.കിട്ടിയ റിസൾട്ടുകളിൽ എം.ടി യുടെ പേരുണ്ടോ എന്നും നോക്കി. ഇതേ കഥ തന്നെയാണ് ആ സിനിമ എന്ന് ഉറപ്പ് വരുത്തി.സിനിമ കണ്ടില്ലെങ്കിലും കഥ വായിച്ച് അനുഭവിക്കാൻ സാധിച്ചു.ചില വായനകൾ അങ്ങനെയാണ്.വായന നീണാൾ വളരട്ടെ, വാഴട്ടെ. 

Monday, July 08, 2024

സുല്ലമിൻ്റെ സ്വന്തം എഴുത്ത്കാർ

മൂന്ന് സ്കൂളുകളിലായിട്ടാണ് ഞാൻ എൻ്റെ പത്താം ക്ലാസ് വരെയുള്ള പഠനം പൂർത്തിയാക്കിയത്. മൂത്താപ്പയും മൂത്തുമ്മയും അദ്ധ്യാപകരായി സേവനമനുഷ്ഠിച്ച അരീക്കോട് ജി.എം.യു.പി സ്കൂളിൽ ഒന്ന് മുതൽ ആറ് വരെയും രണ്ട് അമ്മാവന്മാരും സേവനമനുഷ്ഠിച്ച സുല്ലമുസ്സലാം ഓറിയൻ്റൽ ഹൈസ്കൂളിൽ ഏഴാം ക്ലാസും പൂർത്തിയാക്കിയ ശേഷം, മൂത്താപ്പയുടെ മൂത്ത മകൻ സേവനമനുഷ്ഠിച്ചിരുന്ന മൂർക്കനാട് സുബുലുസ്സലാം ഹൈസ്കൂളിൽ എട്ട് മുതൽ പത്ത് വരെയും പഠിച്ചു. എന്റെ ജ്യേഷ്ടത്തിക്കും അനിയന്മാർക്കും ഇത്തരം ഒരു ഭാഗ്യം ലഭിച്ചിരുന്നില്ല.    

ഞാൻ മലയാളത്തിൽ മോശമായത് കൊണ്ടോ അതല്ല ഉഷാറായത് കൊണ്ടോ എന്നറിയില്ല, മലയാളം ഒരു വിഷയമായി തന്നെ എന്നെ പഠിപ്പിക്കണം എന്ന എൻ്റെ പ്രിയപ്പെട്ട പിതാവിൻ്റെ നിർബന്ധം കാരണമാണ് മലയാളം ഒട്ടും പഠിപ്പിക്കാത്ത ഓറിയൻ്റൽ ഹൈസ്കൂളിൽ നിന്നും എന്നെ മറ്റൊരു സ്കൂളിലേക്ക് മാറ്റിച്ചേർത്തത് എന്ന് പിന്നീട് ഞാൻ മനസ്സിലാക്കി. ആ മാറ്റം വിവിധ ജാതി-മത വിഭാഗത്തിൽ പെട്ട കുട്ടികളുമായി ഇടപഴകാനും എൻ്റെ സംസാര ഭാഷ ശുദ്ധീകരിക്കാനും സഹായിച്ചു. സർവ്വോപരി എൻ്റെ പിതാവ് ഒരു പക്ഷേ സ്വപ്നം കണ്ടിരുന്ന എൻ്റെ രചനാ വൈഭവം നന്നായി പരിപോഷിപ്പിക്കാനും ആ മാറ്റം സഹായകമായി. ദിനപത്രങ്ങളിൽ നിരവധി മിഡിൽ പീസുകളും സാമൂഹ്യ മാധ്യമങ്ങളിൽ അനേകം കഥകളും യാത്രാ വിവരണങ്ങളും മറ്റ് കുറിപ്പുകളും പ്രസിദ്ധീകരിക്കാൻ എനിക്ക് അടിത്തറ ഇട്ട് തന്നതും ആ സ്കൂളിലെ പഠനവും അനുഭവങ്ങളും തന്നെയാണ് എന്നാണ് എന്റെ വിശ്വാസം. പിതാവിൻ്റെ കാലശേഷമാണെങ്കിലും രണ്ട് പുസ്തകങ്ങൾ മലയാള സാഹിത്യലോകത്തിന് സംഭാവന ചെയ്ത് കൊണ്ട് എൻ്റെ പിതാവിൻ്റെ അഭിലാഷം സഫലീകരിക്കാൻ സാധിച്ചതിൽ ഇപ്പോൾ സന്തോഷം തോന്നുന്നു.

ഞാൻ ഏഴാം ക്ലാസ് മാത്രം പഠിച്ച സുല്ലമുസ്സലാം ഓറിയൻ്റൽ ഹൈസ്കൂളിൽ ഒമ്പതാം ക്ലാസിലാണ് എൻ്റെ മൂന്നാമത്തെ മകൾ ലൂന ഇപ്പോൾ പഠിക്കുന്നത്. ഞാൻ പഠിച്ചിരുന്ന കാലത്തിൽ നിന്നും എത്രയോ മുന്നോട്ട് പോയതിനാൽ ഇപ്പോൾ അവിടെ മലയാളം അഡീഷനൽ വിഷയമായി  പഠിപ്പിക്കുന്നുണ്ട്. മാത്രമല്ല കുട്ടികളുടെ വിവിധ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി വിദ്യാരംഗം ക്ലബും ലിറ്റററി ക്ലബ്ബും വായനക്കൂട്ടവും എല്ലാം ഉണ്ട്. താല്പര്യമുള്ള നിരവധി കുട്ടികളും ഉണ്ടെന്ന് അവയുടെ പ്രവർത്തന ചരിത്രങ്ങൾ വിളിച്ചോതുന്നു.

ഈ വർഷത്തെ വായനാ പക്ഷാചരണത്തോടനുബന്ധിച്ച് ഈ ക്ലബുകളുടെ സംയുക്താഭിമുഖ്യത്തിൽ "സുല്ലമിൻ്റെ സ്വന്തം എഴുത്ത്കാർ" എന്ന വേറിട്ട ഒരു പരിപാടി കൂടി സ്കൂളിൽ സംഘടിപ്പിക്കപ്പെട്ടു. കുട്ടികളുടെ രക്ഷിതാക്കളിലെ എഴുത്ത്കാരെ ആദരിക്കുകയും അവരുമായി കുട്ടികൾക്ക് സാഹിത്യ സംവാദത്തിന് അവസരം നൽകുകയും ചെയ്യുന്നതായിരുന്നു പ്രസ്തുത പരിപാടി.

സാഹിത്യത്തിലേക്ക് സജീവമായി തിരിഞ്ഞ ശേഷം നാലഞ്ച് പുരസ്കാരങ്ങൾ ലഭിച്ചെങ്കിലും എൻ്റെ നാട്ടിൽ വച്ച് സാഹിത്യ രംഗത്തെ നേട്ടത്തിന് എനിക്ക് ഒരു ആദരവ് ലഭിക്കുന്നത് ആദ്യമായിട്ടായിരുന്നു. കുട്ടികളുമായി സംവദിക്കാനും അവരുടെ സംശയങ്ങൾക്ക് മറുപടി നൽകാനും സാധിച്ചതിൽ വളരെ സന്തോഷം തോന്നി. 

ഇത്തരം ഒരാശയം മുന്നോട്ട് വച്ച കോർഡിനേറ്റർ ജസ്ന ടീച്ചർക്കും സഹപ്രവർത്തകർക്കും പിന്നണി പ്രവർത്തകർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ഇനിയും ഇത്തരം പരിപാടികൾ സംഘടിപ്പിച്ച് കുട്ടികളുടെ അഭിരുചികൾ പരിപോഷിപ്പിക്കാൻ സാധിക്കട്ടെ എന്നാശംസിക്കുന്നു.

Saturday, July 06, 2024

വായനയുടെ പ്രാധാന്യം

മലയാളക്കര വായനാ പക്ഷാചരണത്തിലൂടെ കടന്നു പോയിക്കൊണ്ടിരിക്കുകയാണ്. സാമൂഹ്യ മാധ്യമങ്ങൾ ദൃശ്യരൂപത്തിലും ശബ്ദ രൂപത്തിലും വാർത്തകളും പുസ്തകങ്ങളും തള്ളുന്ന ഇക്കാലത്ത് വായനാ പക്ഷാചരണത്തിന് ഏറെ പ്രാധാന്യമുണ്ട്. സ്കൂൾ കുട്ടികൾക്കിടയിലെങ്കിലും വായനയുടെ നേരിട്ടുള്ള ഫലങ്ങളെപ്പറ്റി അവബോധമുണ്ടാക്കാൻ ഈ പക്ഷാചരണം സഹായിക്കും എന്നാണ് എന്റെ വിശ്വാസം.

"വായിച്ചാലും വളരും 
വായിച്ചില്ലെങ്കിലും വളരും, 
വായിച്ചു വളർന്നാൽ വിളയും 
വായിക്കാതെ വളർന്നാൽ വളയും" 

ഈ കുത്തുണ്ണിക്കവിത വായനയുടെ പ്രാധാന്യം മനസ്സിലാക്കിത്തരുന്നുണ്ട്. പ്രവാചകൻ മുഹമ്മദ് നബി (സ)ക്ക് ദിവ്യ പ്രബോധനം ലഭിച്ചു കൊണ്ടുള്ള ആദ്യ കൽപന 'ഇഖ്റഅ്'  അഥവാ വായിക്കുക എന്നായിരുന്നു. 'പുസ്തകം വായിച്ചു വളരാത്തവൻ വെറും മൃഗമാണ് ‘ എന്നായിരുന്നു വിശ്വ സാഹിത്യകാരനായ ഷേക്സ്പിയർ പറഞ്ഞത്."പുസ്തകങ്ങൾ എന്റെ പ്രിയപ്പെട്ട കൂട്ടുകാരാണ്.എൻ്റെ വലിയ സമ്പത്തായി ഞാൻ കണക്കാക്കുന്നത് എൻ്റെ ഹോം ലൈബ്രറിയാണ്" എന്നാണ് നമ്മുടെ എല്ലാം പ്രിയങ്കരനായിരുന്ന ഡോ.എ.പി.ജെ അബ്ദുൽ കലാം സാർ പറഞ്ഞത്.ഇങ്ങനെ നിരവധി പ്രഗത്ഭർ വായനയുടെ മഹത്വത്തെപ്പറ്റി ഉണർത്തിയിട്ടുണ്ട്.

നന്നായി വായിക്കുന്ന ഒരാൾക്ക് നന്നായി എഴുതുവാനും കഴിയും.പുതിയ അറിവുകൾ കരസ്ഥമാക്കാനും പുതിയ ചിന്തകൾ രൂപപ്പെടുത്താനും പുതിയ ആശയങ്ങൾ ഉടലെടുക്കാനും വായന അനിവാര്യമാണ്. പുസ്തകവും പത്രങ്ങളും മാസികകളും മറ്റും കയ്യിലെടുത്ത് നേരിട്ടുള്ള വായനക്ക് മാത്രമേ ഇപ്പറഞ്ഞ കാര്യങ്ങളെല്ലാം സാധിക്കൂ എന്നാണ് എന്റെ അഭിപ്രായം.അതായത് അവയുമായി ഒരു ആത്മബന്ധം സൃഷ്ടിച്ചുള്ള വായനയായിരിക്കണം എന്ന് സാരം. 

വായനയുടെ വസന്തകാലം തിരിച്ചു പിടിച്ച സന്തോഷത്തിലാണ് ഞാൻ ഈ വർഷത്തെ വായനാദിനം പിന്നിടുന്നത്. ഇരുപത്തിയഞ്ച് പുസ്തകങ്ങൾ വായിക്കാൻ ലക്ഷ്യമിട്ട എനിക്ക് , കഴിഞ്ഞ വർഷം മുപ്പത് പുസ്തകങ്ങൾ വായിച്ച് പൂർത്തിയാക്കാൻ സാധിച്ചിരുന്നു. അതിനാൽ തന്നെ ഈ വർഷം വായനക്ക് ലക്ഷ്യമിട്ടത് മുപ്പത്താറ് പുസ്തകങ്ങളാണ്. വർഷം പകുതി പിന്നിടുമ്പഴേക്കും ഇരുപത്തിയഞ്ച് പുസ്തകങ്ങളുടെ വായന പൂർത്തിയായതിനാൽ ഇത്തവണ അമ്പതെണ്ണം എങ്കിലും പൂർത്തിയാക്കാൻ സാധിക്കും എന്നാണ് എന്റെ ഉറച്ച വിശ്വാസം.

കുട്ടികളിൽ വായന പ്രോത്സാഹിപ്പിക്കാനായി കുഞ്ഞു നാളിൽ തന്നെ അവർക്ക് ബാലകൃതികളും പ്രസിദ്ധീകരണങ്ങളും പരിചയപ്പെടുത്തിക്കൊടുക്കണം.എൻ്റെ സ്‌കൂൾ പഠന കാലത്തെ വേനലവധിക്കാലത്ത് (Click & Read) ബാപ്പയുടെ സ്‌കൂളിലെ ലൈബ്രറിയിൽ നിന്നും പുസ്തകങ്ങൾ കൊണ്ട് വന്ന് വായിച്ചത് മനസ്സിൽ ഇന്നും പച്ച പിടിച്ച് നിൽക്കുന്നുണ്ട്.ബാപ്പ അന്ന് കാട്ടിത്തന്ന മാതൃക പിൻപറ്റി എൻ്റെ വീട്ടിലും ഞാൻ ഒരു ഹോം ലൈബ്രറി  (Click & Read) സെറ്റ് ചെയ്തിട്ടുണ്ട്.

 ഇത്തവണ, സ്കൂളിലെ വായനാദിന മത്സരങ്ങളിൽ പങ്കെടുത്ത് വിജയിച്ച ചെറിയ മോൻ ലിദുവിന് കൈനിറയെ സമ്മാനങ്ങളും ലഭിച്ചു. വായനയിലൂടെ മുന്നേറാൻ എല്ലാ മക്കളെയും ദൈവം അനുഗ്രഹിക്കട്ടെ, ആമീൻ

Friday, July 05, 2024

മുച്ചീട്ടു കളിക്കാരന്റെ മകൾ

എന്റെ കുട്ടിക്കാലത്ത് വീട്ടിൽ പൂമ്പാറ്റ,ചംപക്,മലർവാടി തുടങ്ങിയ ബാലപ്രസിദ്ധീകരണങ്ങൾ വരുത്താറുണ്ടായിരുന്നു.മലർവാടിയിൽ അന്ന് ചിത്രകഥാ രൂപത്തിൽ വന്ന 'മുച്ചീട്ടു കളിക്കാരന്റെ മകൾ' ആയിരുന്നു ഞാൻ വായിച്ച ശ്രീ വൈക്കം മുഹമ്മദ് ബഷീറിന്റെ ആദ്യ നോവൽ എന്നാണ് എന്റെ ഓർമ്മ.സ്വയം നീങ്ങുന്ന വാഴക്കുലയും നോക്കി നദിക്കരയിൽ നിൽക്കുന്ന മണ്ടൻ മുത്തപ്പയുടെയും ചന്തയിൽ ചീട്ട് നിരത്തുന്ന ഒറ്റക്കണ്ണൻ പോക്കറിന്റെയും അന്നത്തെ ചിത്രങ്ങൾ ഇപ്പോഴും എന്റെ മനസ്സിലുണ്ട്. "പോടാ കൈതേ" എന്ന ഒറ്റക്കണ്ണൻ പോക്കറിന്റെ വിളി അന്ന് വായിക്കുമ്പോൾ ഒരു പ്രത്യേക രസം തന്നെയായിരുന്നു.

എല്ലാ വർഷവും വേനലവധിക്കാലത്ത് നൊച്ചാട്ടുള്ള മൂത്താപ്പയുടെ വീട്ടിൽ വിരുന്ന് പോകാറുണ്ടായിരുന്നു. ഹൈസ്‌കൂൾ ക്ലാസ്സിലെത്തിയ കാലത്ത് ഇങ്ങനെ വിരുന്ന് പോയ ഒരു ദിവസം അവിടെ നിന്നാണ് വീണ്ടും 'മുച്ചീട്ടു കളിക്കാരന്റെ മകൾ' എന്റെ കയ്യിൽ കിട്ടിയത്. അന്നത് വീണ്ടും വായിച്ചു. ഡിഗ്രി പഠനം കഴിഞ്ഞ് മാസങ്ങളോളം അവധി ആഘോഷിച്ച കാലത്ത് നാട്ടിലെ ലൈബ്രറിയിൽ അംഗത്വമെടുത്തപ്പോഴും ഈ പുസ്തകം  എന്റെ കൈകളിലെത്തി.ഇപ്പോൾ എൻ്റെ സ്വന്തം ഹോം ലൈബ്രറിയിലും 'മുച്ചീട്ടു കളിക്കാരന്റെ മകൾ' എത്തിയതോടെ ഒരിക്കൽ കൂടി വായിച്ച് പഴയ വായനാ ഓർമ്മകളിലൂടെയും ഒരു സഞ്ചാരം നടത്തി.

മുച്ചീട്ടു കളിക്കാരന്റെ മകൾ സൈനബയും പോക്കറ്റടിക്കാരൻ മുത്തപ്പയും പ്രണയത്തിലാണ്. മകളെ മുത്തപ്പക്ക് വിവാഹം ചെയ്തു കൊടുക്കാൻ മുച്ചീട്ടു കളിക്കാരൻ ഒറ്റക്കണ്ണൻ പോക്കറിന് സമ്മതവുമല്ല. അവസാനം സൈനബ പറഞ്ഞുകൊടുത്ത ട്രിക്കിലൂടെ മുച്ചീട്ടു കളിക്കാരനെ കളിയിൽ തോൽപ്പിച്ച് മുത്തപ്പ സൈനബയെ സ്വന്തമാക്കുന്നതാണ് നോവലിന്റെ ഇതിവൃത്തം.

വളരെ സാധാരണമായ ഒരു കഥയാണെങ്കിലും നാട്ടിൻപുറവും അവിടത്തെ ജനങ്ങളും അവരുടെ ജീവിത രീതിയും കൃത്യമായി വരച്ചു കാണിക്കുന്ന രൂപത്തിലുള്ള കഥാഖ്യാനമാണ് ഈ കൊച്ചു നോവലിനെ ജനപ്രിയമാക്കുന്നത്.ഞാൻ നേരത്തെ സൂചിപ്പിച്ച "പോടാ കൈതേ" പോലെയുള്ള ചില ഡയലോഗുകൾ ഇന്നും ചുണ്ടിൽ പുഞ്ചിരി വിടർത്തുന്നു.ചെറിയ കുട്ടികൾക്ക് പോലും മനസ്സിലാവുന്ന രീതിയിലുള്ള ഈ രചനാവൈഭവം തന്നെയാണ് വൈക്കം മുഹമ്മദ് ബഷീറിനെ മലയാളത്തിന്റെ സുൽത്താനാക്കിയത്.

പുസ്തകം : മുച്ചീട്ടു കളിക്കാരന്റെ മകൾ
രചയിതാവ്: വൈക്കം മുഹമ്മദ് ബഷീർ
പ്രസാധകർ : ഡി.സി.ബുക്സ്
പേജ്: 44
വില: 50 രൂപ

Wednesday, July 03, 2024

ആലി മുസ്‌ലിയാർ സ്മാരകം

മലബാർ കലാപം,മാപ്പിള.ലഹള തുടങ്ങീ ഭീതിയുണർത്തുന്ന പേരിലുള്ള ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ വീര സമരവും അതിലെ നായകരും എല്ലാം ചരിത്രത്തിൽ നിന്നും മായ്ച്ചു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോയ്ക്കൊണ്ടിരിക്കുന്നത്. പ്രസ്തുത സമര പോരാട്ടഭൂമിയിലെ പ്രധാനപ്പെട്ട ഒരു സ്ഥലമായിരുന്നു എൻ്റെ നാടായ അരീക്കോട്. ലഹളക്കാരെ അമർച്ച ചെയ്യാനായി ബ്രിട്ടീഷുകാർ രൂപീകരിച്ച മലബാർ സ്പെഷ്യൽ പോലീസിന്റെ ഒരു ക്യാമ്പ് അരീക്കോട്ടായിരുന്നു. ചാലിയാർ പുഴക്ക് അക്കരെ ലഹളയുമായി ബന്ധപ്പെട്ട് ചില അനിഷ്ട സംഭവങ്ങൾ നടന്നതായും ഉമ്മയും മൂത്തുമ്മയും എല്ലാം പറയുന്നതും ഞാൻ കേട്ടിട്ടുണ്ട്.

ഞാൻ പ്രീഡിഗ്രിക്ക് പഠിക്കുമ്പഴാണ് 1921 എന്ന ഐ.വി ശശി - മമ്മുട്ടി ടീമിൻ്റെ ബമ്പർ ഹിറ്റ് ചിത്രം റിലീസാകുന്നത്. ആ സിനിമ കണ്ടതോടെയാണ് ഈ സമരത്തിലെ നായകരെയും അവർ വസിച്ച നാടിനെയും വിവിധ സമരഭൂമികളെയും പറ്റി കൂടുതൽ അറിയാൻ കഴിഞ്ഞത്. പ്രസ്തുത പോരാട്ട ഭൂമികളും ശേഷിപ്പുകളും സ്മാരകങ്ങളും സന്ദർശിക്കണം എന്ന് മനസ്സിൽ ആഗ്രഹം മുളച്ചതും അന്നാണ്. തിരൂരങ്ങാടിയിൽ പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലമായതിനാൽ മമ്പുറം പള്ളി സന്ദർശിച്ച് കൊണ്ട് അതിന് തുടക്കമിടുകയും ചെയ്തു. തിരൂർ, മലപ്പുറം, പൂക്കോട്ടൂർ, കൊണ്ടോട്ടി തുടങ്ങിയ സ്ഥലങ്ങളിലും പോയെങ്കിലും ഒരു ഓർഗനൈസ്ഡ് രീതിയിൽ പോകാനോ യാത്രാനുഭവങ്ങൾ കുറിച്ചിടാനോ സാധിച്ചില്ല.

1921 സമരത്തിൻ്റെ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് നടന്ന പുസ്തകമേളയിൽ നിന്ന് ഞാൻ പ്രസ്തുത സമര ചരിത്രവും കാണാ ചരിത്രവും വിവരിക്കുന്ന ചില പുസ്തകങ്ങൾ വാങ്ങി. എന്നെപ്പോലെ മക്കൾക്കും ഈ സമര ചരിത്രം പകർന്ന് കിട്ടുന്നതിനായി ഇനിയുള്ള സന്ദർശനങ്ങൾ കുടുംബ സഹിതമാക്കാനും ഞാൻ തീരുമാനിച്ചു. അങ്ങനെ പൂന്താനം ഇല്ലത്തിൽ നിന്നും മടങ്ങി വരുന്ന വഴിയിൽ മഞ്ചേരിക്കടുത്ത് നെല്ലിക്കുത്തുള്ള ആലി മുസ്‌ലിയാർ സ്മാരകത്തിൽ ഞങ്ങളെത്തി.

മലബാർ സമരത്തിലെ നായകന്മാരിൽ ഒരാളായിരുന്നു പണ്ഡിതനായ ആലി മുസ്‌ലിയാർ. ബ്രിട്ടിഷ് വിരുദ്ധ സമരത്തിനിടയിൽ മമ്പുറം പള്ളി വളഞ്ഞാണ് ആലി മുസ്‌ലിയാർ അടക്കമുള്ളവരെ ബ്രിട്ടീഷ് സൈന്യം കീഴടക്കിയത്. 1921 നവംബർ 2 ന് കോഴിക്കോട് കോടതിയിൽ വിചാരണ നടത്തി ആലി മുസ്ലിയാർ അടക്കമുള്ള പതിമൂന്ന് പേരെ തൂക്കിക്കൊല്ലാൻ വിധിച്ചു. 1922 ഫെബ്രുവരി 17 ന് പുലർച്ചെ കോയമ്പത്തൂർ ജയിലിൽ ശിക്ഷ നടപ്പാക്കി. അന്നേ ദിവസം സുബഹ് നമസ്കാരത്തിൽ ആലി മുസ്‌ലിയാർ അന്തരിച്ചെന്നും ശേഷം കോടതി വിധി നടപ്പാക്കാനായി തൂക്കിലേറ്റിയതാണ് എന്നും പറയപ്പെടുന്നുണ്ട്.

നിർഭാഗ്യവശാൽ ഈ ചരിത്രം പുതുതലമുറക്ക് കൈമാറുന്ന തരത്തിലുള്ള പ്രദർശന ബോർഡുകളോ മറ്റെന്തെങ്കിലും വസ്തുക്കളോ ദൃശ്യ-ശ്രാവ്യ ആഖ്യാനങ്ങളോ ഒന്നും മേൽ സ്മാരകത്തിൽ ഇല്ല. സ്മാരകം സൂക്ഷിപ്പ്കാരനായി ആ പ്രദേശത്ത്കാരൻ തന്നെയായ ഒരു യുവാവ് സന്നദ്ധ സേവനം നടത്തുന്നുണ്ട്. പല മാസ്റ്റർ പ്ലാനുകളും സമർപ്പിച്ചെങ്കിലും സർക്കാറിൽ നിന്ന് അനുകൂല നടപടികൾ ഉണ്ടാകുന്നില്ല എന്നദ്ദേഹം പറഞ്ഞു. സ്മാരകം പണിതത് മഞ്ചേരി നഗരസഭ ആയതിനാൽ അത് വഴിയും ശ്രമം തുടരുന്നതായി അദ്ദേഹം പറഞ്ഞു. കൊല്ലത്ത് നിന്നും ഒരു ചരിത്ര കൗതുക സംഘം ഏറെ പ്രതീക്ഷയോടെ വന്ന് സങ്കടത്തോടെ മടങ്ങിപ്പോയ വിവരവും അദ്ദേഹം പങ്ക് വച്ചു.

ഇടക്കിടക്ക് വരണമെന്നും ക്രിയാത്മക നിർദ്ദേശങ്ങൾ പങ്ക് വയ്ക്കണമെന്നും അദ്ദേഹം വിനീതമായി ആവശ്യപ്പെട്ടു. സമ്മതം മൂളി ഞങ്ങൾ നാട്ടിലേക്ക് തിരിച്ചു.