സ്കൂളിൽ പഠിക്കുന്ന കാലത്ത് വിവിധതരം രചനാ മത്സരങ്ങളിൽ പങ്കെടുക്കാനായിരുന്നു എനിക്ക് താല്പര്യം. സ്റ്റേജിൽ കയറാൻ പേടി ഇല്ലാത്തതിനാൽ പ്രസംഗ മത്സരങ്ങളിലും പങ്കെടുക്കാറുണ്ടായിരുന്നു. സ്റ്റേജിതര മത്സരങ്ങളിൽ തന്നെ ജനറൽ ക്വിസ് (Click & Read) ആയിരുന്നു എൻ്റെ ഏറ്റവും ഇഷ്ടപ്പെട്ട ഇനം. അത് കഴിഞ്ഞാൽ പിന്നെ മത്സരിച്ചിരുന്നത് കവിതാ രചനയിലും ഉപന്യാസ രചനയിലും ആയിരുന്നു.
ആധുനിക കവിതകൾ വായിച്ചിട്ട് തലയിൽ കയറാത്തത് കൊണ്ടോ അതല്ല കവിതയിൽ ഉണ്ടാവണം എന്ന് പറഞ്ഞു കേട്ടിരുന്ന വൃത്തം അലങ്കാരം തുടങ്ങിയവ എന്തെന്ന് അറിയാത്തത് കൊണ്ടോ എന്നറിയില്ല എന്റെ കവിതാ രചന എവിടെയോ വച്ച് എന്നെ കൈവിട്ടു പോയി.കലാലയ ജീവിതം കഴിഞ്ഞ് എഴുത്തിലേക്ക് തിരിച്ചു വന്നപ്പോൾ ആക്ഷേപ ഹാസ്യങ്ങളിലും നർമ്മ കഥകളിലും ആയിരുന്നു ഞാൻ കൈ വച്ചത്. 2006 ൽ ബ്ലോഗെഴുത്ത് തുടങ്ങിയപ്പോൾ ലേഖനമെഴുത്ത് തിരിച്ചു പിടിച്ചെങ്കിലും കവിതയെ ഞാൻ മാറ്റി നിർത്തി.
കാലം അങ്ങനെ 2024 ൽ എത്തി.കോട്ടയം പരസ്പരം വായനക്കൂട്ടത്തിൽ എന്റെ മൂന്നാം വർഷമായി. എല്ലാ വർഷവും നടത്തുന്ന കഥാ മത്സരവും കവിതാ മത്സരവും ഇത്തവണയും അനൗൺസ് ചെയ്തു.കഴിഞ്ഞ വർഷം ഗോപി കൊടുങ്ങല്ലൂർ കഥാ അവാർഡ് (Click & Read) ലഭിച്ചതിനാൽ കഥാ മത്സരത്തിൽ പങ്കെടുക്കാൻ എനിക്ക് അർഹത ഉണ്ടായിരുന്നില്ല.മത്സരിക്കാൻ മനസ്സ് വെമ്പിയതിനാൽ ഞാൻ ട്രാക്ക് ഒന്ന് മാറ്റി.മുപ്പത്തഞ്ച് വർഷങ്ങൾക്ക് മുമ്പ് നഷ്ടമായ ഒരു നിധി തേടി, ഗസ്സയെ തന്നെ പശ്ചാത്തലമാക്കി 'ഓ.ഒലീവ്' എന്ന ഒരു കവിത എഴുതി മത്സരത്തിലേക്ക് അയച്ചു.അതും കഴിഞ്ഞാണ് യാദൃശ്ചികമായി മറ്റൊരു സംഭവം ഉണ്ടായത്.
എന്റെ കോളേജ് പ്രിൻസിപ്പാൾ ആയിരുന്ന രഘുരാജ് സാർ എല്ലാ കേരളപ്പിറവി ദിനത്തോടനുബന്ധിച്ചും സ്റ്റാഫിന് വേണ്ടി നടത്താറുള്ള മത്സരങ്ങളിൽ ഇത്തവണ കവിതാ വിഭാഗത്തിലായിരുന്നു മത്സരം.'മധുരം മലയാളം' എന്നതായിരുന്നു വിഷയം.ഒരു കവിത എഴുതി നോക്കാം എന്ന് കരുതിയെങ്കിലും നിശ്ചിത സമയത്തിനുള്ളിൽ മനസ്സിൽ കവിത വന്നില്ല.പക്ഷേ,കോളേജിൽ നിരവധി കവികൾ ഉള്ളതിനാൽ എനിക്ക് ഒട്ടും നഷ്ടബോധം തോന്നിയില്ല.ദിവസങ്ങൾ കഴിഞ്ഞ്, മത്സരത്തിനായി കിട്ടിയ കവിതകൾ മൂല്യ നിർണ്ണയം നടത്താൻ മറ്റു രണ്ടു പേർക്കൊപ്പം ഞാനും നിയോഗിക്കപ്പെട്ടു! മൂന്ന് പേരും ഒറ്റക്കിരുന്ന് മൂല്യ നിർണ്ണയം നടത്തിയ ശേഷം ഫലം താരതമ്യം ചെയ്തപ്പോൾ എല്ലാവരും തെരഞ്ഞെടുത്തത് ഒരേ കവിത ആയിരുന്നു.എന്ന് വച്ചാൽ കവിത എനിക്ക് വഴങ്ങാൻ തുടങ്ങി എന്ന് സാരം.
ദിവസങ്ങൾക്ക് ശേഷം കോട്ടയം മത്സരത്തിന്റെ ഫലം വന്നു.ഒന്നാം സ്ഥാനം രണ്ടു പേർ പങ്കിട്ടു.അഞ്ചു പേർക്ക് നൽകുന്ന സ്പെഷ്യൽ ജൂറി പുരസ്കാര ലിസ്റ്റിൽ രണ്ടാമത്തെ പേര് എന്റേതായിരുന്നു!അൻപത്തിയെട്ട് കവിതകളിൽ നിന്നാണ് ഈ തെരഞ്ഞെടുപ്പ് എന്നത് ഏറെ അഭിമാനം നൽകുന്നു. അങ്ങനെ സാഹിത്യ രംഗത്ത് നിന്നുള്ള എൻ്റെ ഏഴാമത്തെ പുരസ്കാരം, ഈ വരുന്ന പതിനൊന്നാം തീയതി കോട്ടയത്ത് വെച്ച് നടക്കുന്ന ചടങ്ങിൽ വച്ച് സ്വീകരിക്കും. വായനയിലൂടെയും മറ്റും പ്രോത്സാഹനം നൽകിക്കൊണ്ടിരിക്കുന്ന എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി.
1 comments:
നിങ്ങൾ നൽകിയ എല്ലാ പ്രോത്സാഹനങ്ങൾക്കും നന്ദി.
Post a Comment
നന്ദി....വീണ്ടും വരിക