1988ൽ ഞാൻ പ്രീഡിഗ്രി ഒന്നാം വർഷത്തിൽ നിന്നും രണ്ടാം വർഷത്തിലേക്ക് എത്തി.സ്‌കൂളിലെപ്പോലെ മുൻ ക്‌ളാസിൽ നിന്ന് ജയിച്ചാലേ അടുത്ത ക്‌ളാസിൽ ഇരിക്കാൻ പറ്റൂ എന്ന നിയമം ഇല്ലാത്തതിനാൽ എന്നെപ്പോലെ, കൂടെയുള്ള പലരും അന്ന് രണ്ടാം വർഷ ക്‌ളാസ്സിലെത്തി.സീനിയർ ആയി എന്നതിന്റെ അടയാളങ്ങൾ താടിയും മീശയുമായി മുഖത്ത് മുളച്ച് പൊന്തിയിരുന്നു. പക്ഷേ, സീനിയോറിറ്റി തെളിയിക്കാൻ കോളേജിലും ഹോസ്റ്റലിലും ജൂനിയേഴ്‌സ് വരണമായിരുന്നു.
പ്രീഡിഗ്രി മോർണിംഗ് ബാച്ച് ആയതിനാലും ഹോസ്റ്റലിൽ താമസമായതിനാലും അന്ന്, ദിവസത്തിന് ഇരുപത്തിനാല് മണിക്കൂറിലും കൂടുതൽ നീളമുണ്ടായിരുന്നു എന്നാണ് എന്റെ അനുഭവം.അതിനാൽ തന്നെ സിനിമ കാണൽ അന്ന് ഹോസ്റ്റലിലെ പലരുടെയും ഒരു ഹോബിയായിരുന്നു.
മമ്മുട്ടിയും മോഹൻലാലും താരപദവിക്കായി കിട മത്സരം നടക്കുന്ന കാലം കൂടിയായിരുന്നു അത്.ജയറാം സിനിമയിലേക്ക് വരുന്നതും ആ വർഷത്തിലാണ്. 1921,ആഗസ്ത് 1 ,അബ്‌കാരി, ദിനരാത്രങ്ങൾ,മനു അങ്കിൾ, മുക്തി,ഒരു CBI ഡയറിക്കുറിപ്പ്,തന്ത്രം തുടങ്ങീ മമ്മൂട്ടി ഹിറ്റുകളും ആര്യൻ,അനുരാഗി, അയിത്തം, ചിത്രം, മൂന്നാം മുറ, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, ഉത്സവപ്പിറ്റേന്ന്, വെള്ളാനകളുടെ നാട് തുടങ്ങീ മോഹൻലാൽ ഹിറ്റുകളും ഇറങ്ങിയത് ആ വർഷത്തിലായിരുന്നു.
അന്ന് ഹോസ്റ്റലിലെ സിനിമാ കമ്പക്കാരിൽ പ്രധാനികളായിരുന്നു അനിയും അഹമ്മദും അൻസറും.അനി മമ്മൂട്ടി ഭ്രാന്തനും അഹമ്മദ് മോഹൻലാൽ പ്രാന്തനും അൻസാർ രണ്ടും കൂടിയ പിരാന്തനും ആയിരുന്നു.പക്ഷെ ചെമ്മാട് 'ദർശന'യിൽ (അതായിരുന്നു ഏറ്റവും അടുത്ത തിയേറ്റർ) ആരുടെ സിനിമ വന്നാലും ഈ സംഘം അത് കണ്ടിട്ടേ ബാക്കിയുള്ളവർ അറിയുക പോലുമുള്ളൂ. അങ്ങനെയിരിക്കെയാണ് മോഹൻലാൽ, ദേവനാരായണൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ആര്യൻ' പ്രദർശനത്തിനെത്തിയത്.പതിവ് പോലെ മൂവരും പ്രഥമ ദിവസം തന്നെ സിനിമ കണ്ടു.
"ഒരു കാര്യം ഇപ്പോൾ മനസ്സിലായില്ലേ?" തിയേറ്ററിൽ നിന്നും പുറത്തിറങ്ങിയ ശേഷം അഹമ്മദ് മറ്റുള്ളവരോടായി ചോദിച്ചു.
"മോഹൻലാൽ മമ്മൂട്ടിയുടെ നാലയലത്ത് എത്തില്ല എന്നല്ലേ?" മമ്മൂട്ടി ഫാനായ അനി ഉടൻ ചോദിച്ചു.
"പോടാ ......... മകനേ..." മോഹൻലാൽ ഭ്രാന്തനായ അഹമ്മദ് അപ്പോൾ തന്നെ തിരിച്ചടിച്ചു.
"പിന്നെന്താ നീ ഉദ്ദേശിച്ചത്?" അനി ചോദിച്ചു.
"വാ...നമുക്ക് ആ ചായക്കടയിലിരുന്ന് സംസാരിക്കാം..." ആളൊഴിഞ്ഞ ഒരു ചായക്കട ചൂണ്ടി അഹമ്മദ് പറഞ്ഞു. മൂവരും ചായക്കടയിലേക്ക് കയറി.
"നാല് ചായ.... അഞ്ച് കടിയും..." അഹമ്മദ് ഓർഡർ കൊടുത്തു.
"ങേ!!" അനിയും അൻസറും കൂടെയുള്ള നാലാമത്തെ ആളെ അറിയാൻ തിരിഞ്ഞു നോക്കി.
"ഹ..ഹ..ഹാ... തിരിഞ്ഞു നോക്കണ്ട... ഇന്ന് മുതൽ ദേവനാരായൺ പറഞ്ഞത് പോലെ ആകാൻ പോകുകയാണ്..." കസേരയിലേക്കിരുന്നുകൊണ്ട് അഹമ്മദ് പറഞ്ഞു.
"എന്ത്?" അനിയും അൻസറും അഹമ്മദിനെ നോക്കി ചോദിച്ചു.
"പണം.... എന്തിനും പണം ആണ് പ്രധാനം... അതിനാൽ ഏത് മാർഗേണയും പണം സമ്പാദിക്കണം.." അഹമ്മദ് പറഞ്ഞപ്പോൾ അനിയും അൻസറും ശരി വച്ചു.
"അതിനാൽ ഈ ടീമിന്റെ ക്യാപ്റ്റൻസി ഞാൻ സ്വയം ഏറ്റെടുക്കുന്നു.. അതിന്റെ ആദ്യ പടി ക്യാപ്റ്റന് രണ്ട് ചായയും മൂന്ന് കടിയും... യൂ ഫോള്ളോവെഴ്‌സ് വൺ ടീ ആൻഡ് വൺ കടി ഒൺലി ... അനി , തും ചായ് ക പൈസ ദേന ഹേ..." അഹമ്മദിന്റെ ദേവനാരായണനായുള്ള മാറ്റം ആദ്യ ഡയലോഗിൽ തന്നെ വെളിവായി.
"യെസ് ബോസ്... പക്ഷേ, പണം എങ്ങനെ സമ്പാദിക്കും?" അനിയും അൻസറും ചോദിച്ചു.
"വെരി സിംപിൾ... യൂ നോ , ദേർ ആർ മെനി പീപ്പിൾ ഇൻ ഔർ ഹോസ്റ്റൽ ഹാവിങ് വാല്യൂബിൾ കമ്മോഡിറ്റീസ്..." അഹമ്മദ് പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞപ്പോൾ തന്നെ രണ്ടു പേർക്കും കാര്യം മനസ്സിലായി.ചായ കുടിക്കുന്നതിനിടയിൽ അവർ ഭാവി പരിപാടികൾ എല്ലാം ആസൂത്രണം ചെയ്തു.അനി ചായയുടെ കാശ് കൊടുത്ത് പുറത്തിറങ്ങി.
പിറ്റേ ദിവസം മുതൽ തന്നെ ആർക്കും ഒരു സംശയവും തോന്നാത്ത വിധത്തിൽ മൂവർ സംഘം ഓപ്പറേഷൻസ് ആരംഭിച്ചു.ഇന്ന് ജൂനിയറിന്റെ വാച്ച് ആണെങ്കിൽ നാളെ സഹമുറിയന്റെ കാഷ് ; അടുത്ത ദിവസം സഹപാഠിയുടെ കാൽക്കുലേറ്റർ... അങ്ങനെ പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കാത്ത വിധത്തിൽ പലരുടെ റൂമിൽ നിന്നും പലതും അപ്രത്യക്ഷമാകാൻ തുടങ്ങി.അതിലൂടെ കിട്ടിയ കാശ് ഉപയോഗിച്ച് മൂവർ സംഘം സിനിമ കണ്ടും പൊറോട്ട വിത്ത് ബീഫ് കഴിച്ചും ഫലൂദ തിന്നും ആർമാദിച്ചു.
കാശ് കയ്യിൽ വരാൻ തുടങ്ങിയതോടെ ക്യാപ്റ്റന് മറ്റൊരു ആഗ്രഹം കൂടി മുളപൊട്ടി. ദേവനാരായണന് ഉള്ളത് പോലെ ഒരു കാമുകി കൂടി വേണം. നാട്ടിലേക്ക് പോകുമ്പോൾ പലപ്പോഴും അതേ ബസ്സിൽ ഉണ്ടാകാറുള്ള, ജൂനിയറായ രഹ്നയെ അഹമ്മദ് പെട്ടെന്ന് തന്നെ വലയിലാക്കി.അനിയും അൻസറും ഇത് അറിയാതിരിക്കാൻ അഹമ്മദ് പ്രത്യേകം ശ്രദ്ധിച്ചു.മൂവർ സംഘത്തിന്റെ പണ സമ്പാദനം തുടർന്നെങ്കിലും അഹമ്മദിന്റെ പെരുമാറ്റത്തിൽ പെട്ടെന്ന് ചില മാറ്റങ്ങൾ വന്നത് അനിയും അൻസറും ശ്രദ്ധിച്ചു.
"ദർശനയിൽ 'ചിത്രം' പ്രദർശനത്തിനെത്തിയിട്ടുണ്ട്.നാളെ മാറ്റിനിക്ക് പോയാലോ?" അന്നത്തെ 'ഓപ്പറേഷന്' ശേഷമുള്ള കൂടിയാലോചനയിൽ അൻസർ ചോദിച്ചു.
"വേണ്ട...എനിക്ക് നാളെ തലവേദനയാ..." അഹമ്മദ് പെട്ടെന്ന് അറിയാതെ പറഞ്ഞു.
"നാളെ തലവേദനയോ?" അനി ചോദിച്ചു.
"ആ... ചിലതൊക്കെ നമുക്ക് ലക്ഷണം വച്ച് മുൻകൂട്ടി പറയാൻ കഴിയുമല്ലോ.." അഹമ്മദ് വീണിടത്ത് കിടന്ന് ഉരുണ്ടു.
"ങാ ... എന്നാൽ ഞങ്ങൾ പൊയ്‌ക്കോളാം... ഇന്നത്തെ ഷെയർ താ..." അൻസർ പറഞ്ഞു.
"അത്...അത്...നാളെ രാത്രി എടുക്കാം..." അഹമ്മദ് മെല്ലെ ഒഴിഞ്ഞുമാറി.
"അവൻ ആരെയോ ലൈൻ ആക്കുന്നുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്" അനി അൻസറിന്റെ ചെവിയിൽ പറഞ്ഞു.
"എങ്കിൽ നമുക്കതങ്ങ് പൊളിച്ച് കൊടുക്കാം..." അൻസർ പറഞ്ഞു.
അഹമ്മദിന്റെ സംസാരത്തിലെയും പെരുമാറ്റത്തിലെയും പെട്ടെന്നുള്ള മാറ്റത്തിന്റെ കാരണം കണ്ടുപിടിക്കാൻ അനിയും അൻസറും തീരുമാനിച്ചു.പിറ്റേന്ന് മാറ്റിനിക്ക് പോകുന്നു എന്ന ഭാവത്തിൽ അഹമ്മദിന്റെ മുന്നിൽ വച്ച് അവർ ബസ് കയറി, തൊട്ടടുത്ത സ്റ്റോപ്പായ അങ്ങാടിയിൽ ഇറങ്ങി.കോളേജിലെ മിക്ക കപിൾസും എത്തുന്ന അങ്ങാടിയിലെ 'രസ്ന' കൂൾബാറിലേക്ക് അവർ കയറി. അധികമാരും ശ്രദ്ധിക്കാത്ത ഒരു മൂലയിൽ ചെന്ന് അവർ ഇരുന്നു.
പത്ത് പതിനഞ്ച് മിനുട്ട് കഴിഞ്ഞപ്പോൾ അഹമ്മദും രഹ്‌നയുടെ കൂടെ അവിടെ എത്തി ഒരു ഇരുട്ട് മൂലയിൽ ഇടം പിടിച്ചു. അഹമ്മദ് ഒരു ഫ്രൂട് സലാഡ് ഓർഡർ ചെയ്തു. ഫ്രൂട് സലാഡ് അവരുടെ മുമ്പിൽ എത്തിയതും അനിയും അൻസറും എഴുന്നേറ്റ് ചെന്ന് അത് കൈക്കലാക്കി.കൂട്ടുകാരുടെ അപ്രതീക്ഷിത നീക്കത്തിൽ ഒന്ന് പതറിയെങ്കിലും, മുൻകോപിയായ അഹമ്മദ് അൻസറിനെ ആഞ്ഞൊരടി കൊടുത്തു. അൻസറിന്റെ കയ്യിലുള്ള ഫ്രൂട് സലാഡ് തെറിച്ച് തൊട്ടപ്പുറത്തിരുന്നിരുന്ന സീനിയർ വിദ്യാർത്ഥികളുടെ ദേഹത്ത് വീണു. കോപിഷ്ഠരായ അവർ എണീറ്റു വന്ന് അഹമ്മദിനെ പൊതിരെ തല്ലി.അടി കൊണ്ട് വീണ അഹമ്മദിന്റെ മൂക്കുപൊട്ടി.ഇതിനിടയിൽ അൻസറും അനിയും രഹ്നയെയും കൊണ്ട് തടിതപ്പി.
അടി പൂരം കഴിഞ്ഞപ്പോൾ അഹമ്മദ് ചുറ്റും നോക്കി.എല്ലാവരും തന്നെ നോക്കി പരിഹസിക്കുന്നതായി അവന് തോന്നി.രഹ്നയെ അവിടെയെങ്ങും കണ്ടതുമില്ല.കാമുകിയുടെ മുമ്പിൽ വച്ച് നാണം കെട്ട അഹമ്മദിന് പിന്നെ കോളേജിലേക്ക് തിരിച്ചു പോകാൻ തോന്നിയില്ല. അന്ന് വൈകിട്ട് തന്നെ ആരോടും പറയാതെ അവൻ ഹോസ്റ്റലിൽ നിന്ന് സ്‌കൂട്ടായി. പിന്നീട് അഹമ്മദിനെ ഞങ്ങൾ ഇതുവരെ കണ്ടിട്ടില്ല.
(മൂലകഥയ്ക്ക് സുഹൃത്തുക്കളോട് കടപ്പാട്)