Pages

Thursday, October 30, 2025

ദ ടീം 87 SSC ഒരു വട്ടം കൂടി

2019 ൽ എൻ്റെ പത്താം ക്ലാസ് കൂട്ടായ്മ 1987 എസ്.എസ്.സി ബാച്ചിന്റെ പ്രഥമ സംഗമം അരങ്ങേറിയപ്പോൾ ചെയർമാനായി തെരഞ്ഞെടുത്തത് എന്നെയായിരുന്നു.ഒരു ചാറ്റിംഗ് ഗ്രൂപ്പ് എന്നതിൽ നിന്ന് വ്യത്യസ്തമായി, നാടിനും നാട്ടുകാർക്കും ഉപയോഗപ്രദമായ കാര്യങ്ങൾ ചെയ്യുന്ന ഒരു ഗ്രൂപ്പ് എന്ന നിലയിലേക്ക് ഗ്രൂപ്പിനെ മാറ്റിയെടുക്കണം എന്നതായിരുന്നു എൻ്റെ ലക്ഷ്യം.ഭാഗ്യവശാൽ സമാന ചിന്താഗതിക്കാരായ നിരവധി പേർ ഗ്രൂപ്പിൽ ഉണ്ടായിരുന്നു.അതിനാൽ തന്നെ പ്രവർത്തന പദ്ധതി പങ്കുവയ്ക്കുന്ന വിഷൻ 20-20 സംഗമത്തിൽ അവതരിപ്പിച്ചപ്പോൾ എനിക്ക് വൻ പിന്തുണ തന്നെ ലഭിച്ചു.

ലക്ഷ്യമിട്ട പ്രകാരം തന്നെ ആദ്യം, പഠിച്ച സ്‌കൂളിലും പിന്നീട് ഗ്രൂപ്പിലെ അംഗങ്ങൾക്കിടയിലും ശേഷം സ്കൂൾ സ്ഥിതി ചെയ്യുന്ന പഞ്ചായത്തും അതും കഴിഞ്ഞ് നിയോജക മണ്ഡലവും പിന്നെ ജില്ലയും കടന്ന് ഞങ്ങളുടെ പ്രവർത്തനങ്ങൾ കഴിഞ്ഞ വർഷം അട്ടപ്പാടി വരെ എത്തി. ചെയ്യാൻ കഴിയുന്നതേ പറയൂ എന്നതും പറയുന്നത് ചെയ്യും എന്നതും ഗ്രൂപ്പംഗങ്ങൾക്ക് ആത്മവിശ്വാസം പകർന്നു. 

ഗ്രൂപ്പ് ഏറ്റെടുത്ത ഏറ്റവും മികച്ചതും വെല്ലുവിളി ഏറിയതുമായ പ്രവർത്തനമായിരുന്നു പാലിയേറ്റീവ് കെയർ യൂണിറ്റുകൾക്കുള്ള ഉപകരണ വിതരണം.ഉപകരണങ്ങൾ വാങ്ങാനുള്ള പണം സ്വരൂപിക്കാനായി ഗ്രൂപ്പംഗങ്ങളുടെ സ്കൂൾ ഓർമ്മക്കഥകൾ "പാഠം ഒന്ന് ഉപ്പാങ്ങ" എന്ന പേരിൽ പുസ്തകമായി പ്രസിദ്ധീകരിച്ചു. പുസ്തകത്തിൻ്റെ ഒന്നാം പതിപ്പിൻ്റെ വില്പനയിലൂടെ മൂന്ന് പാലിയേറ്റീവ് കെയർ യൂണിറ്റുകൾ ആവശ്യപ്പെട്ട ഉപകരണങ്ങളും രണ്ട് യൂണിറ്റുകൾക്ക് ' ഗ്രൂപ്പ് നിശ്ചയിച്ച ഉപകരണങ്ങളും നൽകി.

വിവിധ പാലിയേറ്റീവ് യൂണിറ്റുകളിലെ ഉപകരണങ്ങളുടെ പരിമിതി നേരിട്ട് അറിഞ്ഞതോടെ പുസ്തകം രണ്ടാം പതിപ്പും പുറത്തിറക്കി. അഭ്യൂദയകാംക്ഷികൾ അകമഴിഞ്ഞ് പിന്തുണ നൽകിയപ്പോൾ രണ്ടാം പതിപ്പും മുഴുവനായും വിറ്റ് തീർന്നു. വില്പനയുടെ ലാഭം ഉപയോഗിച്ച് അഞ്ച് യൂണിറ്റുകൾക്കായി പതിനഞ്ച് എയർ ബെഡുകളും അഞ്ച് ബാക്ക് റെസ്റ്റുകളും വിതരണം ചെയ്തു. തങ്ങൾക്കും പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മകൾ ഉണ്ടെങ്കിലും ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്ന ഒരു പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയെ കാണുന്നതും അറിയുന്നതും ആദ്യമായിട്ടാണ് എന്നായിരുന്നു പല പാലിയേറ്റീവ് കെയർ യൂണിറ്റ് ഭാരവാഹികളുടെയും പ്രതികരണം.


സംഗമങ്ങളും മിനിട്രിപ്പുകളും ഒത്തു ചേരലുകളും എല്ലാം നടത്തി ഈ കൂട്ടായ്മ മുന്നേറുന്നു. ഏറ്റവും പുതിയ ഒരു പ്രവർത്തനമായി എടുത്ത് കാണിക്കാൻ പറ്റുന്ന കാശ്മീർ ടൂറും കഴിഞ്ഞ് അംഗങ്ങൾ നാട്ടിൽ തിരിച്ചെത്തി. അതെ, ഇത് ഒരു വെറും കൂട്ടായ്മ അല്ല; സേവനത്തിലൂടെ ആനന്ദം കണ്ടെത്തുന്ന ആനന്ദത്തിലൂടെ സേവനം നടത്തുന്ന ഒരു സംഘം - ദ ടീം 87 SSC ഒരു വട്ടം കൂടി.

 

Friday, October 24, 2025

ശാസ്ത്രോത്സവത്തിൽ ഒരു ഒന്നാം സ്ഥാനം

യു.പി സ്കൂളിൽ പഠിക്കുന്ന കാലത്ത് ശാസ്ത്ര മേളയിൽ പങ്കെടുത്ത ചെറിയ ഒരോർമ്മ എൻ്റെ മനസ്സിൻ്റെ കോണിൽ തങ്ങി നിൽക്കുന്നുണ്ട്. പല സാധനങ്ങളും പ്രദർശനത്തിന് വെച്ച് അത് എന്താണെന്ന് പറഞ്ഞു കൊടുക്കലായിരുന്നു എന്നെ ഏല്പിച്ച കർത്തവ്യം. അത് ശാസ്ത്രമേളയായിരുന്നോ മറ്റെന്തെങ്കിലും മേളയായിരുന്നോ എന്നത് കൃത്യമായി അറിയില്ല. ശാസ്ത്രമേള ആണെങ്കിൽ തന്നെ സ്കൂൾ തലമാണോ സബ്ജില്ലാ തലമാണോ എന്നും പിടിപാടില്ലാത്ത കാലമായിരുന്നു അത്.

മഞ്ഞളേട്ടയുടെ വാൽ എന്നും പറഞ്ഞ് എന്തോ ഒരു സാധനവും അതു പോലെ കൗതുകമുണർത്തുന്ന നിരവധി സാധനങ്ങളും കാണാൻ വരുന്നവർക്കായി വാ തോരാതെ പറഞ്ഞു കൊടുത്തത് ഇന്നും ഞാൻ ഓർക്കുന്നു. കുറെ മരച്ചില്ലകളും മണ്ണും വെള്ളവും എല്ലാം അടുക്കി വച്ച് കാട് എന്ന് പറഞ്ഞു കാണിച്ചതും ഓർമ്മയിൽ തങ്ങി നിൽക്കുന്നുണ്ട്. ഇതിൻ്റെ ചുവടു പിടിച്ച് ഞങ്ങളുടെ കോളനിയിലും പഴയ പല സാധനങ്ങളും വച്ച് എക്സിബിഷൻ നടത്തിയതും ക്ലാവ് പിടിക്കാതെ മനസ്സിൽ കിടക്കുന്നുണ്ട്.

ഞാൻ മുതിർന്ന് വിവാഹം കഴിച്ചു, കുട്ടികളായി. മൂത്ത മക്കൾ രണ്ട് പേരും അവരുടെ സ്കൂൾ പഠന കാലത്ത് നിരവധി കലാ സാഹിത്യ മത്സരങ്ങളിൽ പങ്കെടുത്തു. സ്കൂൾ തലത്തിലും സബ്ജില്ലാ തലത്തിലും മറ്റും അവർ പങ്കെടുക്കുകയും സമ്മാനങ്ങൾ വാരിക്കൂട്ടുകയും ചെയ്തു. കോളേജ് തലത്തിലും അവർ പ്രകടനം ആവർത്തിച്ചു. രണ്ട് പേരും ബിരുദാനന്തര ബിരുദം വരെ എത്തി.

മൂത്ത രണ്ട് പേരിൽ നിന്നും വ്യത്യസ്തമായിരുന്നു മൂന്നാമത്തവളുടെ പ്രകടനം. കലാ സാഹിത്യ മത്സരങ്ങളിൽ പലതിലും പങ്കെടുത്തുവെങ്കിലും ഇത്താത്തമാരെപ്പോലെ തിളങ്ങാൻ സാധിച്ചില്ല. എന്നാൽ എൻ്റെ കൂടെ ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയും യു. എസ്.എസ് സ്കോളർഷിപ്പ് നേടിയും താനും ഒട്ടും മോശമല്ലെന്ന് അവൾ തെളിയിച്ചു. ഈ വർഷം സ്കൂളിൽ നിന്നും പടിയിറങ്ങുന്നതിനാൽ, അംഗങ്ങൾക്ക് പരിശീലനം നൽകി സ്വന്തം ഗ്രൂപ്പിന് ചാമ്പ്യൻപട്ടം നേടിക്കൊടുത്ത് നേതൃപാടവവും അവൾ തെളിയിച്ചു.

മൂത്തവർ രണ്ട് പേരും കൈ വയ്ക്കാത്ത സാമൂഹ്യ ശാസ്ത്രമേളയിലായിരുന്നു പിന്നീട് അവൾ ഒരു കൈ നോക്കിയത്. അതും ഭൂമിശാസ്ത്രത്തിലെ ചോലവനങ്ങളുടെ രൂപീകരണത്തിൻ്റെ പ്രവർത്തന മാതൃകയുടെ തത്സമയ നിർമ്മാണം.എൽ.കെ.ജി മുതലേ കൂടെയുള്ള സഹപാഠിയുടെ കൂടെ സ്കൂൾ തലത്തിൽ വിജയിച്ചു. ഇക്കഴിഞ്ഞ ദിവസം പതിനാറ് ടീമുകളോട് മത്സരിച്ച് എ ഗ്രേഡോടെ ഉപജില്ലാ തലത്തിൽ ഒന്നാം സ്ഥാനവും അവർ നേടി.

എൻ്റെ പിതാവ് ഒരു ഭൂമിശാസ്ത്രാദ്ധ്യാപകൻ ആയിരുന്നു. എൻ്റെ പിതാവിനെ ഫോട്ടോയിൽ മാത്രം കണ്ടറിഞ്ഞ എൻ്റെ മകൾ സ്വന്തം വല്യുപ്പക്ക് നൽകുന്ന മരണാനന്തര സമ്മാനം കൂടിയായി ഈ സമ്മാനം.

ഈ രംഗത്ത് എൻ്റെ കുടുംബത്തിൽ നിന്ന് തന്നെ ആദ്യത്തെ വിജയിയാണ് മോൾ. ഇനി ജില്ലാ മത്സരത്തെ ഞങ്ങൾ പ്രതീക്ഷയോടെ കാത്തിരിക്കുന്നു.


വാൽ: 30.10.25 ന് കോട്ടൂർ എ.കെ.എം.എച്ച്.എസ് ൽ വെച്ച് നടന്ന ജില്ലാ സാമൂഹ്യ ശാസ്ത്ര മേളയിൽ മോൾക്ക് എ ഗ്രേഡ് കിട്ടി.

Wednesday, October 22, 2025

തറവട്ടത്ത് വീട്ടിൽ ...

2025 സെപ്റ്റംബർ 12 ന് ആയിരുന്നു കാവുന്തറയിൽ താമസിക്കുന്ന, എൻ്റെ  ബാപ്പയുടെ ചെറിയ പെങ്ങളുടെ  ഏറ്റവും ചെറിയ മകൻ അസീസിൻ്റെ മകളുടെ വിവാഹ സത്ക്കാരം നിശ്ചയിച്ചിരുന്നത്. പ്രവൃത്തി ദിനമായതിനാൽ തൊട്ടടുത്ത ദിവസം നടക്കുന്ന പരിപാടിയിലേക്ക് വന്നാലും മതി എന്ന് അവൻ ചിലരോട് പറഞ്ഞിരുന്നു. അതനുസരിച്ച് രണ്ടാം ദിവസം പോകാം എന്നായിരുന്നു ഞാൻ തീരുമാനിച്ചത്.

സെപ്റ്റംബർ 12 ന് ഞാൻ കോളേജിൽ എത്തി അര മണിക്കൂർ കഴിഞ്ഞപ്പോൾ അസീസ് എന്നെ ഫോണിൽ വിളിച്ച് ഒരു ദുഃഖവാർത്ത അറിയിക്കാനുണ്ട് എന്ന് പറഞ്ഞു. അവൻ്റെ വീടിൻ്റെ തൊട്ടു മുന്നിൽ താമസിക്കുന്ന അവൻ്റെ സ്വന്തം ജ്യേഷ്ഠൻ മുഹമ്മദ് ബഷീറിൻ്റെ മരണവാർത്തയായിരുന്നു അത്. ഒരു മുൻ സൂചനയും ഇല്ലാത്തതിനാൽ  ഞെട്ടലോടെ ഞാനത് കേട്ടു നിന്നു. 

അന്ന് വൈകിട്ട് തന്നെ കബറടക്കം നിശ്ചയിച്ചതിനാൽ, വീട്ടിൽ പോയി ഉമ്മയെയും ഭാര്യയെയും കൂട്ടി ഞാൻ മരണ വീട്ടിലേക്ക് തിരിച്ചു.പള്ളിയിൽ വെച്ച് മയ്യിത്ത് നമസ്കാരവും ദർശനവും നടത്തിയ ശേഷം ഞങ്ങൾ മരണ വീട്ടിലേക്ക് നീങ്ങി. കല്യാണത്തിൻ്റെ ആരവം ഉയരേണ്ട പന്തലിൽ മരണത്തിൻ്റെ മൂകത തളം കെട്ടി നിൽക്കുന്നത് അന്ന് നേരിട്ട് കണ്ടു.

തിരിച്ച് പോരാൻ കാറിൽ കയറിയപ്പോൾ ഉമ്മാക്ക് ഒരാഗ്രഹം തോന്നി - "തറവട്ടത്ത് '' ഒന്ന് പോകണം. എൻ്റെ മൂത്താപ്പയുടെ വീടും ഞങ്ങളുടെ തറവാടുമായ പ്രസ്തുത വീടിൻ്റെ ഉടമയെയും ബന്ധുക്കളെയും എല്ലാം മരണ വീട്ടിൽ വെച്ച് ഉമ്മ കണ്ടിരുന്നെങ്കിലും, എമ്പത്തിയഞ്ച് പിന്നിട്ടതിനാൽ ഇനിയൊരു വരവ് ഒരു പക്ഷേ സാധ്യമാകില്ല എന്ന് ഉമ്മയുടെ മനസ്സ് പറയുന്നതായിരുന്നു ഈ ആഗ്രഹത്തിന് കാരണം.ഉമ്മ അത് വെളിപ്പെടുത്തിയപ്പോൾ ഞാനും എതിര് പറഞ്ഞില്ല. കാറ് നേരെ തറവട്ടത്തേക്ക് വിട്ടു.

കുട്ടിക്കാലത്തെ വേനലവധിക്കാലത്ത് തുമ്പികളെപ്പോലെ പാറിപ്പറന്ന് നടന്നിരുന്ന വീടാണ് "തറവട്ടത്ത്". മൂത്താപ്പ അൽപം കർക്കശക്കാരൻ ആയിരുന്നെങ്കിലും (എൻ്റെ തോന്നലായിരിക്കാം ) അതിഥികൾ ആയതിനാൽ ഞങ്ങൾക്ക് പ്രത്യേക പരിഗണന ഉണ്ടായിരുന്നു. അടുത്തിടെ ഞാനും ഭാര്യയും മക്കളും എല്ലാം "തറവട്ടത്ത്" എത്തി പഴയ ഓർമ്മകൾ പുതുക്കിയിരുന്നു.

പരിസരത്ത് പുതിയൊരു വീടിൻ്റെ പണി നടക്കുന്നതിനാൽ, ലോറി കയറിയിറങ്ങി "തറവട്ടത്ത്" വീട്ടിലേക്കുള്ള വഴി ചളിക്കുണ്ടായി മാറിയിരുന്നു. ചളിയിൽ പുതയാതെ ഞാൻ കാറ് അപ്പുറം കടത്തി.വീട് നേരിൽ കണ്ടതോടെ ഇനി അങ്ങോട്ട് കയറണം എന്നില്ല എന്ന് ഉമ്മ പറഞ്ഞു. ബട്ട് ,സാവധാനം പടികൾ കയറി, വീട്ടിനകത്ത് അൽപനേരം വിശ്രമിച്ച ശേഷം തിരിച്ചു പോകാം എന്ന് വിട്ടുടമ മുഹമ്മദ് തറവട്ടത്ത് പറഞ്ഞതനുസരിച്ച് ഉമ്മയും ഞങ്ങളും പടികൾ കയറി വീട്ടിൽ പ്രവേശിച്ചു. ഇടുങ്ങിയ മുറികളും അതിനകത്തിട്ടിരിക്കുന്ന ആ പഴയ കട്ടിലും മറ്റും കണ്ടപ്പോൾ നിമിഷ നേരം കൊണ്ട് ഞാൻ അമ്പത്തിമൂന്നിൽ നിന്ന് പതിമൂന്നിലേക്ക് എത്തി.

ബാല്യം ചെലവിട്ട സ്ഥലങ്ങളും പരിസരങ്ങളും അങ്ങനെയാണ്, ഒറ്റ ദർശനത്തിൽ അത് നമ്മെ കാതങ്ങൾ പിന്നോട്ട് കൊണ്ടു പോകും.


Friday, October 17, 2025

സൗഹൃദം പൂക്കുന്ന വഴികൾ - 29

എന്റെ ആദ്യ ജയ്‌പൂർ സന്ദർശന വേളയിലാണ് അമീൻ എന്ന രാജസ്ഥാനിയെ ഞാൻ പരിചയപ്പെടുന്നത്. എന്റെ വീടിന്റെ മാർബിൾ പണി ചെയ്ത അബ്ദുറഹ്‌മാനാണ് അദ്ദേഹത്തിന്റെ അനിയൻ കൂടിയായ അമീനിനെ പരിചയപ്പെടുത്തിത്തന്നത്.ജയ്‌പൂർ സന്ദർശനം കഴിഞ്ഞ് കോട്ട റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ഞങ്ങളുടെ മടക്കം എന്ന് അബ്ദുറഹ്‌മാനോട് അറിയിച്ചതാണ് ഈ പരിചയപ്പെടുത്തലിന് നിദാനമായത്.കോട്ട റെയിൽവേ സ്റ്റേഷനിലെ സിവിൽ എഞ്ചിനീയറിംഗ് മാനേജർ ആയിരുന്നു അമീൻ.

രാത്രി കോട്ടയിൽ എത്തുന്ന ഞങ്ങൾക്ക് കയറേണ്ട അടുത്ത ട്രെയിൻ പുലർച്ചെ മൂന്ന് മണി കഴിഞ്ഞിട്ടായതിനാൽ അത്രയും സമയം എന്ത് ചെയ്യും എന്ന് ആലോചിക്കുന്നതിനിടയിലാണ് അനിയൻ കോട്ടയിലുള്ള വിവരം അബ്ദുറഹ്മാൻ അറിയിച്ചത്.കോട്ടയിൽ എത്തിയ ഞങ്ങളെ ഹൃദ്യമായി സ്വീകരിച്ച്  (Click & Read) അമീൻ സ്വന്തം ജ്യേഷ്ഠന്റെ എല്ലാ നിർദ്ദേശങ്ങളും അക്ഷരംപ്രതി പാലിച്ചു.അമീൻ എന്നെങ്കിലും കേരളത്തിൽ വന്നാൽ എൻ്റെ വീട്ടിൽ ഒരു ഗംഭീര വിരുന്ന് ഒരുക്കണം എന്ന് അന്ന് തന്നെ ഞാൻ മനസ്സിൽ ഒരു തീരുമാനം ഇട്ടു.ജ്യേഷ്ഠൻ അരീക്കോട് അടുത്ത് പത്തനാപുരത്ത് താമസിക്കുന്നതിനാൽ എന്നെങ്കിലും വരാം എന്ന് അമീനും പറഞ്ഞു.

എൻ്റെ നാലാം കാശ്‍മീർ യാത്രയുടെ ഒരാഴ്ച മുമ്പാണ് കേരളത്തിൽ വരുന്നതായി മെസഞ്ചർ ചാറ്റ് വഴി അമീൻ അറിയിച്ചത്.വരുന്ന ദിവസം അറിയിക്കണം എന്ന് ഞാനും പറഞ്ഞു.എല്ലാം തീരുമാനമായി വന്നപ്പോൾ അമീൻ വരുന്ന ദിവസമായി നിശ്ചയിച്ചത് സെപ്റ്റംബർ മുപ്പതിനായിരുന്നു.അതും രാത്രി പതിനൊന്ന് മണിക്ക്.പിറ്റേ ദിവസം ഒക്ടോബർ ഒന്നിന് എൻ്റെ കാശ്മീർ യാത്രയും ആയതിനാൽ വരുന്ന ദിവസം തന്നെ രാത്രി ഭക്ഷണത്തിന് ഞാൻ അമീനിനെ ക്ഷണിച്ചു.ട്രെയിൻ ലേറ്റ് ആയാൽ അത് അതിഥിക്കും ആതിഥേയനും എല്ലാം ബുദ്ധിമുട്ടാകും എന്ന് അമീൻ പറഞ്ഞു. അങ്ങനെയെങ്കിൽ പിറ്റേ ദിവസം പ്രഭാത ഭക്ഷണത്തിന് കുടുംബ സമേതം എൻ്റെ വീട്ടിൽ എത്തണം എന്ന് ഞാൻ ശാഠ്യം പിടിച്ചു.പോകാനുള്ള സാധന സാമഗ്രികൾ ഒരുക്കുന്നതിനിടയിൽ പ്രസ്തുത സന്ദർശനം എനിക്ക് ബുദ്ധിമുട്ടാകും എന്ന് അമീൻ പറഞ്ഞെങ്കിലും ഞാൻ അയഞ്ഞില്ല.

അങ്ങനെ ഒക്ടോബർ ഒന്നിന് രാവിലെ എട്ടര മണിക്ക് അമീനും കുടുംബവും കസിനും മറ്റുമായി പത്ത് പേർ ഒരു ഓട്ടോറിക്ഷയിൽ എൻ്റെ വീട്ടിലെത്തി.രണ്ട് വർഷം മുമ്പ് ഏതാനും നിമിഷം മാത്രം നേരിൽ കണ്ട ഞങ്ങൾ പരസ്പരം കെട്ടിപ്പിടിച്ച് ആലിംഗനം ചെയ്തു.പത്തിരിയും പുട്ടും ദോശയും കോഴിക്കറിയും ബീഫും എല്ലാം അടങ്ങുന്ന വിഭവ സമൃദ്ധമായ ഒരു പ്രാതൽ ഭാര്യയും മക്കളും കൂടി തയ്യാറാക്കിയിരുന്നു.കാരണം ഒരു മുൻപരിചയവും ഇല്ലാതെ രാജസ്ഥാനിലെ കോട്ടയിൽ അവരും ആ സ്നേഹം അനുഭവിച്ചറിഞ്ഞിരുന്നു.

ഭക്ഷണ ശേഷം വീട് മൊത്തം അവർ ചുറ്റിക്കണ്ടു.രാജസ്ഥാനിൽ നിന്നും വ്യത്യസ്തമായി വലിയ വീടുകളും വിസ്താരമായ സ്ഥലങ്ങളും വീടിന് ചുറ്റുമുള്ള മരങ്ങളും മുറ്റത്തെ അലങ്കാര ചെടികളും വീട്ടിലെ ലൈബ്രറിയും എല്ലാം അതിഥികൾക്ക് പുതിയ കാഴ്ചകളും അനുഭവങ്ങളുമായിരുന്നു.അവയെല്ലാം അവർ ഫോട്ടോയിലും വീഡിയോയിലും പകർത്തി.അതിഥികളിൽ ഒരാൾ ഡൽഹിയിലാണ് താമസം.മകൾ ഡൽഹിയിൽ പഠിക്കുന്ന വിവരം ഞാൻ അവരെ അറിയിച്ചു.മകൾക്ക് താമസ സ്ഥലത്ത് എന്തെങ്കിലും പ്രശ്നങ്ങൾ നേരിട്ടാൽ വിളിച്ചാൽ അവർ വന്ന് പിക്ക് ചെയ്തോളാം എന്ന വാക്ക് എനിക്കും കുടുംബത്തിനും കൂടുതൽ ധൈര്യം നൽകുന്നു. 

വീട്ടിൽ അതിഥികൾ വരുമ്പോൾ ഉമ്മയെയും ഞങ്ങൾ അതിലേക്ക് ക്ഷണിക്കാറുണ്ട്. അമീനിന്റെ ഭാര്യ തട്ടം കൊണ്ട് മുഖം മറക്കുന്നത് കണ്ട എൻ്റെ ഉമ്മ അവർക്കെല്ലാവർക്കും സ്വന്തം മക്കനകൾ നൽകി.കുടുംബ സമേതം രാജസ്ഥാനിലേക്ക് ഇനിയും വരണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അവർ സലാം പറഞ്ഞിറങ്ങുമ്പോൾ എൻ്റെ മനസ്സിൽ കോട്ടയിലെ ആ രാത്രി വീണ്ടും വീണ്ടും മിന്നി മറഞ്ഞു.

സൗഹൃദത്തിന്റെ ചില്ലകളിലാണ് ജീവിതത്തിലെ ഏറ്റവും മനോഹര നിമിഷങ്ങൾ പൂക്കുന്നത് എന്ന്  അനുഭവത്തിലൂടെ വീണ്ടും ബോധ്യപ്പെടുന്നു.

Friday, October 10, 2025

വസിഷ്ഠ് ഹോട്ട് വാട്ടർ സ്പ്രിംഗ് (മണാലി ഡയറീസ് - 8)

മണാലി ഡയറീസ് - 7

റോത്താംഗ് പാസിൽ നിന്ന് തിരിച്ച് ഞങ്ങൾ മണാലിയിലെത്തുമ്പോൾ സമയം വൈകിട്ട് നാല് മണി ആയിരുന്നു. മണാലിയിലെ ഞങ്ങളുടെ അവസാന സന്ദർശന സ്ഥലം വസിഷ്ഠ് ഹോട്ട് സ്പ്രിംഗ് ആയിരുന്നു. വസിഷ്ഠ് ക്ഷേത്രത്തിനോട് ചേർന്നാണ് ഈ ഹോട്ട് സ്പ്രിംഗ്. പ്രവേശന ഫീസ് ഇല്ല. രാവിലെ ഏഴ് മണി മുതൽ രാത്രി ഒമ്പത് മണി വരെയാണ് പ്രവേശന സമയം.

ഭൂമിക്കടിയിൽ നിന്നും ചൂടുവെള്ളം ചീറ്റി വരുന്ന  ഒരു പ്രതിഭാസമാണ് ഹോട്ട് സ്പ്രിംഗ് എന്നായിരുന്നു എൻ്റെ ധാരണ. ചെറുപ്പത്തിൽ വായിച്ച ഒരു പുസ്തകമായിരുന്നു ആ തെറ്റിദ്ധാരണക്ക് കാരണം. ഞാൻ വായിച്ചതും ഇതും വ്യത്യസ്തമായ സംഗതികളാണെന്ന് പിന്നീടാണ് മനസ്സിലായത്. എങ്കിലും മഞ്ഞുറഞ്ഞ് കിടക്കുന്ന മണാലിയിൽ ചുടു നീരുറവ എന്നത് ഒരു അത്ഭുത പ്രതിഭാസമായതിനാൽ അത് നിർബന്ധമായും കാണണം എന്ന് ഞാൻ തീരുമാനിച്ചു. അതിനാൽ ആരോഗ്യസ്ഥിതി മോശമായിട്ടും  വസിഷ്ഠ് ക്ഷേത്രവും ഹോട്ട് സ്പ്രിംഗും കാണാനായി ഞങ്ങൾ നീങ്ങി.

മണാലി ടൗണിൽ നിന്ന് മൂന്നോ നാലോ കിലോമീറ്റർ മാത്രമേ വസിഷ്ഠ് ക്ഷേത്രത്തിലേക്കുള്ളൂ. വാഹനം ക്ഷേത്രത്തിൻ്റെ വളരെ അടുത്ത് വരെ പോവുകയും ചെയ്യും. പതിവ് പോലെ വാഹനം കയറുന്നത് വരെ കൊണ്ടു പോയി രവി ഞങ്ങളെ ഒരു സ്ഥലത്ത് ഇറക്കി. കാൽനടയായി പോകേണ്ട സ്ഥലങ്ങൾ ആരോഗ്യസ്ഥിതി നോക്കാതെത്തന്നെ ഞാൻ നടന്നു കയറി.

പൂർണ്ണമായും മരത്തടി കൊണ്ട് നിർമ്മിച്ചതാണ് വസിഷ്ഠ് ക്ഷേത്രം.ക്ഷേത്രത്തോട് ചേർന്ന് തന്നെയാണ് ഹോട്ട് സ്പ്രിംഗ്. അകത്തേക്ക് പ്രവേശിക്കാൻ പാദരക്ഷകൾ അവനവൻ്റെ ഉത്തരവാദിത്വത്തിൽ എവിടെയെങ്കിലും അഴിച്ച് വയ്ക്കണം. സ്ത്രീകൾക്കും പുരുഷൻമാർക്കും വെവ്വേറെ പ്രവേശന കവാടവും കുളിസ്ഥലവുമാണുള്ളത്. ആവശ്യമുള്ളവർക്ക് അതിൽ ഇറങ്ങി കുളിക്കാം. ഹോട്ട് സ്പ്രിംഗിൻ്റെ ചൂട് മാത്രം അറിഞ്ഞാൽ മതി എങ്കിൽ പടവിലിരുന്ന് കാല് തൂക്കിയിടാം. 

കുളിക്കാൻ അനുവാദമുള്ളതിനാൽ, ഹോട്ട് സ്പ്രിംഗ് ക്യാമറയിൽ പകർത്താൻ അനുവാദമില്ല. കുടുംബം അകത്ത് കയറി എല്ലാം കണ്ട് വന്ന ശേഷം ഞാനും അകത്ത് കയറി. ഹോട്ട് സ്പ്രിംഗിൽ ഒരു വിദേശി മാത്രം കുളിക്കുന്നുണ്ടായിരുന്നു. ചൂടുവെള്ളം ഇതുവരെ കാണാത്ത പോലെയായിരുന്നു അദ്ദേഹത്തിൻ്റെ ആറാട്ട്. കൂടുതൽ ഒന്നും അവിടെ കാണാനില്ലാത്തതിനാൽ ഞങ്ങൾ തിരിച്ചിറങ്ങി.

പ്രാതലും ഉച്ചഭക്ഷണവും കഴിക്കാത്തതിനാൽ വിശപ്പിൻ്റെ വിളി അതികഠിനമായിരുന്നു. നമുക്കിഷ്ടപ്പെട്ട ഭക്ഷണം കിട്ടില്ല എന്നറിയാമെങ്കിലും ശാന്തമായ ഒരു ഹോട്ടലിൽ കയറി ഞങ്ങളെല്ലാവരും അത്യാവശ്യം സമയം വിശ്രമിച്ച് തന്നെ ആഹാരം കഴിച്ചു. ഭക്ഷണം കഴിച്ച് കഴിഞ്ഞ് വിളിച്ച ഉടനെ രവി അവിടെ വണ്ടിയുമായി എത്തുകയും ചെയ്തു. മണാലിയിലെ കാഴ്ചകൾ പൂർത്തിയാക്കി ഞങ്ങൾ വീണ്ടും ഹോട്ടലിൽ തിരിച്ചെത്തി.

തിരിച്ച് ഡൽഹിയിലേക്കുള്ള ബസ്സ് രാത്രിയിലായതിനാൽ ടാക്സിക്കാരനെ പറഞ്ഞുവിടാൻ ഞാൻ തീരുമാനിച്ചു. കാശ്മീരിൽ നിന്നും വ്യത്യസ്തമായി, ഡ്രൈവർ  രവി ചൗഹാൻ ഞങ്ങളോട് ടിപ്പ് ഒന്നും ചോദിച്ചില്ല. എങ്കിലും യാത്രയിലുടനീളം അയാളുടെ പെരുമാറ്റം ഹൃദ്യമായതിനാൽ ഗൂഗിൾ പേ നമ്പർ ചോദിച്ചു വാങ്ങി ഞാൻ ടിപ്പ് കൊടുത്തു. രാത്രി എട്ട് മണിക്ക് ഞങ്ങൾ മണാലിയുടെ തണുപ്പിൽ നിന്നും ഡൽഹിയിലെ ചൂടിലേക്കുള്ള മടക്കയാത്ര ആരംഭിച്ചതോടെ വർഷങ്ങളായി ആഗ്രഹിച്ചിരുന്ന ഒരു യാത്രക്ക് കൂടി അവസാനമായി. 

(ഇത്രയും പറഞ്ഞ സ്ഥിതിക്ക് ആ രണ്ട് നല്ല ഡ്രൈവർമാരുടെയും നമ്പർ കൂടി നൽകുന്നു. ആവശ്യമുള്ളവർക്ക് വിളിക്കാം. എൻ്റെ പേര് പറഞ്ഞാൽ മനസ്സിലാവില്ല🫣
രവി ചൗഹാൻ : 8219181899
മഹേഷ് : 8679514174 )

ജീവിതത്തിലെ അപൂർവ്വ നിമിഷങ്ങളാണ് ഓരോ യാത്രയും സമ്മാനിക്കുന്നത്. ഈ കുറിപ്പ് തയ്യാറാക്കിയത് എൻ്റെ നാലാം കാശ്മീർ യാത്രയിൽ വന്ദേഭാരത് ട്രെയിനിൽ വച്ചാണ്. യാത്രകളും യാത്രക്കുറിപ്പുകളും ആരോഗ്യമുള്ളിടത്തോളം കാലം ഇനിയും തുടരും.


(അവസാനിച്ചു)

Thursday, October 02, 2025

മഞ്ഞ് മഴ നനഞ്ഞ്.... (മണാലി ഡയറീസ് - 7)

മണാലി ഡയറീസ് - 6

എല്ലാവരും വീണ്ടും ഒത്തു ചേർന്നതോടെ മഞ്ഞിൽ നിന്നുള്ള ഏതാനും ഫോട്ടോകൾ എടുക്കാനായി ഞങ്ങൾ നീങ്ങി. കൃത്യ സമയത്ത് തന്നെ ഒരു ഫോട്ടോഗ്രാഫർ ഞങ്ങളുടെ മുന്നിലെത്തി.

"സാർ... ഫോട്ടോ മാർന ?"

"കിത് ന ഹോഗ?'

"ഏക് കൊ പച്ചാസ്"

"സിർഫ് പച്ചാസ് ?" 

"ഹാം ജീ .... ആപ്കോ മൊബൈൽ മേം ബേച്ച് ദുംഗ"

അപ്പോഴാണ് താജ് മഹൽ, ഇന്ത്യാ ഗേറ്റ് എന്നിവിടങ്ങളിൽ നിന്ന് വ്യത്യസ്തമായി ഫോട്ടോ പ്രിൻ്റ് ചെയ്ത് നൽകാതെ ഡിജിറ്റൽ കോപ്പിയാണ് നൽകുന്നത് എന്ന് മനസ്സിലായത്. യഥാർത്ഥത്തിൽ അത് തന്നെയാണ് ഞങ്ങൾക്ക് വേണ്ടിയിരുന്നതും.പരിചയ സമ്പന്നനായ ഫോട്ടോഗ്രാഫർ ആയതിനാൽ പല പോസിലും ഫോട്ടോ എടുത്ത് കാണിച്ച് തന്ന ശേഷം അതിൽ നിന്ന് ആവശ്യമായത് തെരഞ്ഞെടുക്കാൻ പറഞ്ഞു. ഇഷ്ടപ്പെട്ട നാലെണ്ണം മക്കൾ അതിൽ നിന്നും തെരഞ്ഞെടുത്തു.

ഹഡിംബ ക്ഷേത്രത്തിലേക്ക് പോകുന്ന വഴിയിൽ കണ്ടത് പോലെ യാക്കുകൾ ഇവിടെയും ഉണ്ടായിരുന്നു. പുറത്ത് കയറി ഏതാനും ദൂരം ചുറ്റി വരാൻ നൂറ് രൂപയായിരുന്നു ചാർജ്ജ്.പുറത്ത് കയറി ഫോട്ടോ എടുത്താൽ മാത്രം മതി എന്നറിയിച്ചപ്പോൾ അമ്പത് രൂപക്ക് കാര്യം സാധിച്ചു. ചെറിയ മക്കളെ രണ്ടു പേരെയും ഓരോ യാക്കിൻ്റെ പുറത്ത് കയറ്റി ആവശ്യമായ ഫോട്ടോകൾ എടുത്ത ശേഷം ഞങ്ങൾ തിരിച്ച് പോരാൻ തീരുമാനിച്ചു.

പെട്ടെന്നാണ് കാലാവസ്ഥ വീണ്ടും മാറിയത്. സീറോ പോയിൻ്റിൽ അനുഭവിച്ച പോലെ മഞ്ഞു പൂക്കൾ ഞങ്ങളുടെ ശരീരത്തിൽ പതിക്കാൻ തുടങ്ങി. അൽപ സമയത്തിനകം തന്നെ അത് ശക്തി കൂടി മഞ്ഞ് വീഴ്ചയായി മാറി.മഞ്ഞു പൂക്കൾ ശരീരത്തിൽ ഏറ്റുവാങ്ങിക്കൊണ്ട് ഞങ്ങൾ അത് നന്നായി ആസ്വദിച്ചു. അതോടെ റോതാങ്ങ് സന്ദർശനം ശരിക്കും അർത്ഥപൂർണ്ണമായി. 

കോതി ഗ്രാമവും ബേ വെള്ളച്ചാട്ടവും കാണണം എന്ന് മഹേഷിനോട് ഞാൻ നേരത്തെ സൂചിപ്പിച്ചിരുന്നു.എൻ്റെ തുടർച്ചയായ ചുമ കാരണം ഡ്രൈവർ രവിക്ക് വീണ്ടും ആശങ്ക തോന്നി. പർവ്വതത്തിൻ്റെ മുകളിലെ മർദ്ദവ്യത്യാസം കാരണമുള്ള പ്രശ്നങ്ങളാണെന്നായിരുന്നു രവിയുടെ ധാരണ. നാലഞ്ച് ദിവസമായി തുടരുന്നതാണ് ഈ ചുമ എന്ന് ഞാൻ രവിയെ ധരിപ്പിച്ചു.  

വന്ന വഴിയെ തിരിച്ചു പോകാതെ മർഹി വഴിയായിരുന്നു രവി തിരിച്ചിറങ്ങിയത്. മടക്കയാത്ര തുടങ്ങി അൽപം കഴിഞ്ഞപ്പോൾ തന്നെ എല്ലാവരും ഉറക്കം തുടങ്ങി. പുറത്ത് മഞ്ഞ് മഴ കൂടുതൽ ശക്തമായി. കോതിയും ബേ വെള്ളച്ചാട്ടവും സന്ദർശന ഷെഡ്യൂളിൽ നിന്നും ഞാൻ ഒഴിവാക്കി. അപകടരമായ വളവുകളും തിരിവുകളും നിറഞ്ഞ റോഡിലൂടെ രവി അനായാസം ഞങ്ങളെ താഴെ എത്തിച്ചു. വാടകക്കെടുത്ത കോട്ടും ഷൂസുകളും തിരിച്ചേല്പിച്ച ശേഷം ഞങ്ങൾ വസിഷ്ട് ഹോട്ട് സ്പ്രിംഗ് കാണാനായി നീങ്ങി.

Next: വസിഷ്ഠ് ഹോട്ട് സ്പ്രിംഗ്