Pages

Monday, March 30, 2026

ഷാലിമാർ ഉദ്യാനം അഥവാ ഗാർഡൻ ഓഫ് ലൗവ് (ടീം 87 SSC @ കാശ്മീർ - 9)

 ടീം 87 SSC @ കാശ്മീർ  - 8

ശ്രീനഗറിൽ ഞാൻ കുടുംബ സമേതം വന്നപ്പോൾ ആകെ കാണാൻ പറ്റിയത് ബൊട്ടാണിക്കൽ ഗാർഡനും ദാൽ തടാകവും മാത്രമായിരുന്നു. കർഫ്യൂ പ്രഖ്യാപിച്ചതിനാൽ അന്ന് ഞങ്ങൾക്ക് വേഗം സ്ഥലം വിടേണ്ടി വന്നു. ശേഷമുള്ള എൻ്റെ രണ്ടും മൂന്നും സന്ദർശനങ്ങൾ പാക്കേജിലായതിനാൽ ഹസ്രത്ത് ബാൽ പള്ളി,നിശാത് ഗാർഡൻ, ദാൽ തടാകം എന്നിവ മാത്രമായിരുന്നു കാണാൻ കഴിഞ്ഞിരുന്നത്.

മുഗൾ ഉദ്യാനങ്ങളായ ഷാലിമാർ  ബാഗ്, ചഷ്മേ ഷാഹി, പരിമഹൽ എന്നിവയും ശങ്കരാചാര്യ ക്ഷേത്രവും എല്ലാം കാണാൻ ബാക്കി വെച്ചാണ് ഞാൻ മൂന്ന് കാശ്മീർ സന്ദർശനങ്ങൾ പൂർത്തിയാക്കിയത്. ഇത്തവണ എൻ്റെ സ്വന്തം പാക്കേജൂം പ്ലാനും ആയതിനാൽ ഞാൻ കണ്ടതും കാണാത്തതും ആയ എല്ലാം നിർബന്ധമായും കാണണം എന്ന് തന്നെ തീരുമാനിച്ചിരുന്നു.

ചാറ്റ് ജിപിടി സഹായത്തോടെ ശ്രീനഗറിലെ കാഴ്ച്ചകൾ കാണാനായുള്ള ഒരു ടൈം പ്ലാൻ ഞാൻ യാത്രക്ക് മുമ്പേ തന്നെ റെഡിയാക്കി ഹോട്ടലുടമക്ക് നൽകി അഭിപ്രായം ചോദിച്ചിരുന്നു.വളരെ നല്ല പ്ലാൻ ആണെന്നും പക്ഷേ നടക്കാൻ പ്രയാസമാണെന്നും ആയിരുന്നു വർഷങ്ങളായി ടൂർ ഓപ്പറേറ്റ് ചെയ്യുന്ന അദ്ദേഹത്തിന്റെ മറുപടി.എങ്കിൽ അതൊന്ന് നടത്തി കാണിച്ച് കൊടുക്കണം എന്നൊരു വാശിയും എന്റെ മനസ്സിലുണ്ടായി.ടാക്സി ഡ്രൈവർ ഇർഫാന് പ്ലാൻ കാണിച്ചുകൊടുത്തപ്പോൾ എല്ലാം അത്യാവശ്യം സമയമെടുത്ത് തന്നെ കാണാം എന്ന് പറഞ്ഞത് എന്റെ ആത്മവിശ്വാസം വർദ്ധിപ്പിച്ചു.

രാവിലെ ഏഴര മണിക്ക് ശങ്കരാചാര്യ ക്ഷേത്രത്തിൽ എത്തണം എന്നും അതിനായി ഏഴ് മണിക്ക് വണ്ടി എത്തണം എന്നുമായിരുന്നു ഞാൻ ഇർഫാനോട് പറഞ്ഞത്.വണ്ടി എത്തുമ്പോൾ തന്നെ എട്ടുമണി ആയി. ഇർഫാന് പകരം മറ്റൊരാളായിരുന്നു ഡ്രൈവിംഗ് സീറ്റിൽ ഉണ്ടായിരുന്നത്.യാത്രാ പ്ലാൻ ഇർഫാൻ ഇദ്ദേഹത്തോട് പറഞ്ഞിരിക്കും എന്ന ധാരണയിൽ ഞങ്ങൾ യാത്ര ആരംഭിച്ചു.ദാൽ തടാകത്തിലെ മന്ദമാരുതന്റെ കുളിരനുഭവിച്ചു കൊണ്ട് ഞങ്ങളുടെ വണ്ടി മുന്നോട്ട് പാഞ്ഞു.

ശങ്കരാചാര്യ ക്ഷേത്രത്തിലേക്ക് തിരിയേണ്ട റോഡും കഴിഞ്ഞ് വണ്ടി മുന്നോട്ട് പോയി.മറ്റൊരു വഴിയിലൂടെ കയറാനായിരിക്കും എന്ന ധാരണയിൽ ഞാൻ ഒന്നും പറഞ്ഞില്ല.വണ്ടിയിലുള്ള മറ്റുള്ളവർക്ക് എല്ലാം 'ക്യാ ഹേ' ആയതിനാൽ അവരത് ശ്രദ്ധിച്ചതുമില്ല.ഇടക്ക് ഫ്‌ളോട്ടിങ് പോസ്റ്റ് ഓഫീസ് കണ്ടപ്പോൾ അൽപനേരം അവിടെ നിർത്തി അതിനെപ്പറ്റി ഞാൻ സഹയാത്രികർക്ക് പറഞ്ഞു കൊടുത്തു.

വാഹനം നേരെ പോയത് ബൊട്ടാണിക്കൽ ഗാർഡൻ റോഡിലേക്കായിരുന്നു.അപ്പോഴും എൻ്റെ ധാരണ ക്ഷേത്രത്തിലേക്ക് അതുവഴി പോകാം എന്നായിരുന്നു.ബൊട്ടാണിക്കൽ ഗാർഡനും കഴിഞ്ഞ് ഏതാനും ദൂരം കൂടി പിന്നിട്ടപ്പോൾ റോഡിൽ ഒരു ബാരിക്കേഡും കുറെ തോക്കുധാരികളെയും കണ്ടു.

"പടച്ചോനെ കാത്തോളീ..." ഫാത്തിമകുട്ടി ഉറക്കെ വിളിച്ച്‌ കൊണ്ട് കണ്ണടച്ച് പിടിച്ചു.മാസങ്ങൾക്ക് മുമ്പ് പഹൽഗാമിൽ നടന്ന വെടിവെയ്പ്പ് എല്ലാവരുടെയും മനസ്സിലൂടെ കൊള്ളിയാനായി മിന്നി.പക്ഷേ,ഇത് ഗവർണ്ണറുടെ സെക്യൂരിറ്റി സ്റ്റാഫ് ആയിരുന്നു.ഡ്രൈവർ അവരുമായി എന്തൊക്കെയോ സംസാരിച്ചു.

"ആഗേ നഹീം ജായേഗ,ഗവർണ്ണർ ക ഭവൻ യഹാം ഹേ...വഹ് ആതാ ഹേ..." ഡ്രൈവർ എന്നോട് പറഞ്ഞു.

"ഈ റൂട്ടിലുള്ള തൻ്റെ ഔദ്യോഗിക വസതിയിലേക്ക് ഗവർണ്ണർ വരുന്നതിനാൽ ടൂറിസ്റ്റുകളെ കടത്തി വിടുന്നില്ല എന്ന്..."  ഡ്രൈവർ പറഞ്ഞത് ഞാൻ കൂട്ടുകാർക്ക് പരിഭാഷപ്പെടുത്തിക്കൊടുത്തു.

"ഇന്തസാർ കരേ തോ ഖുലേഖ ?" കാത്തിരുന്നിട്ട് കാര്യമുണ്ടോ എന്നറിയാൻ ഞാൻ ചോദിച്ചു.

"നഹീം,കബ് ആയേഗാ ബതായേഗാ നഹീം" 

'ബല്ലാത്ത പഹയൻ തന്നെ... നാലാം തവണയും എനിക്ക് യോഗമില്ല' ഞാൻ മനസ്സിൽ കരുതി.

"ഫിർ ക്യാ കരേഗ അബ് ?" ഞാൻ ഡ്രൈവറോട് ചോദിച്ചു.

"ബൊട്ടാണിക്കൽ ഗാർഡൻ പീച്ചേ ഹേ... വഹ് അഭീ ഹീ ഖുല ഹേ.."

"ഹാം..."

"ആബ്യീ...പള്ള പയിക്ക് ണ് ഹേ... ഓനോട് പറയൂ ഹേ..." നാരായണൻ എന്നോട് പറഞ്ഞു.

വണ്ടി തിരിച്ച് ഞങ്ങൾ ബൊട്ടാണിക്കൽ ഗാർഡനിൽ എത്തി.ഗേറ്റിന് തൊട്ടടുത്ത് തന്നെയുള്ള ധാബയിൽ നിന്ന് ആലൂ പൊറോട്ടയും ചായയും കഴിച്ച ശേഷം, ടിക്കറ്റെടുത്ത് ഞങ്ങൾ ഗാർഡനിലേക്ക് കയറി.ഗാർഡനിൽ സഞ്ചാരികൾ എത്തിത്തുടങ്ങിയിരുന്നില്ല.അതിനാൽ തന്നെ എല്ലായിടവും കാലിയായിരുന്നു. കഴിയുന്നത്ര റീലുകൾ ചിത്രീകരിക്കണം എന്നായിരുന്നു നുസൈബയുടെ പ്രധാന ഡിമാന്റ്.അങ്ങനെ ഞങ്ങളുടെ കാശ്മീർ റീലുകളുടെ ആരംഭം അവിടെ കുറിക്കപ്പെട്ടു.

വസന്തം ഗ്രീഷ്മത്തിന് വഴിമാറുന്ന സമയമായതിനാൽ ഗാർഡനിലെ പൂക്കളും പച്ചപ്പും പൂർണ്ണമായും നഷ്ടപ്പെട്ടിരുന്നില്ല.അധികം ഉള്ളോട്ട് കയറി പോകുന്നതിലും ഭേദം കൂടുതൽ ഭംഗി തോന്നുന്ന സ്ഥലത്ത് വെച്ച് ഫോട്ടോകളും വീഡിയോകളും ചിത്രീകരിക്കുന്നതാണ് നല്ലത് എന്ന എൻ്റെ അഭിപ്രായം എല്ലാവരും മാനിച്ചു.ഒരു മണിക്കൂർ അവിടെ ചെലവഴിച്ച ശേഷം ഞങ്ങൾ പുറത്തിറങ്ങി നേരെ ഷാലിമാർ ബാഗിലേക്ക് നീങ്ങി.

1619ൽ മുഗൾ ചക്രവർത്തി ജഹാൻഗീർ തന്റെ പ്രിയപത്നി നൂർജഹാന് വേണ്ടി നിർമ്മിച്ചതാണ് ഷാലിമാർ ഉദ്യാനം.ഗാർഡൻ ഓഫ് ലൗവ് എന്നാണ് ഇതറിയപ്പെടുന്നത്.ഷാജഹാൻ ചക്രവർത്തി പിന്നീട് ഈ പൂന്തോട്ടം  വിപുലീകരിച്ചു.മൂന്ന് തട്ടുകളായിട്ടാണ് പൂന്തോട്ടം രൂപ കല്പന ചെയ്തിരിക്കുന്നത്.ദിവാനി ആം എന്ന ഔട്ടർ ഗാർഡനും ദിവാനി ഖാസ് എന്ന രാജകീയ സ്വകാര്യ ഗാർഡനും ആണ് അതിൽ പ്രധാനം.


നാൽപത് രൂപയാണ് ഷാലിമാർ ബാഗിലേക്കുള്ള എൻട്രി ഫീ. ഗാർഡൻ  പൂക്കളാൽ സമൃദ്ധമായിരുന്നു.ചിനാറുകൾ അങ്ങിങ്ങായി മഞ്ഞനിറമാകാൻ തുടങ്ങിയിരുന്നു.റീൽ ചിത്രീകരണത്തിന് പറ്റിയ അടിപൊളി സ്പോട്ടുകൾ നുസൈബയെയും നിഷീധിനിയെയും പ്രലോഭിപ്പിച്ചു.ഇതിനിടെ ഗോവിന്ദനെ ഒരു റീലിൻ്റെ ആദ്യസ്റ്റെപ്പ് പഠിപ്പിക്കാൻ ശ്രമിച്ച നുസൈബ അവസാനം തോറ്റ് സുല്ലിട്ട് പിൻമാറി.

കാശ്മീരി ഡ്രെസ്സിലുള്ള ഫോട്ടോ എടുക്കണം എന്ന എല്ലാവരുടെയും ആവശ്യപ്രകാരം ഞാൻ അവിടെയുണ്ടായിരുന്ന ഫോട്ടോഗ്രാഫറെ സമീപിച്ചു. രണ്ടായിരം രൂപ പറഞ്ഞതിനാൽ ഞാൻ അയാളുടെ അടുത്ത് നിന്ന് തടിയൂരി.മറ്റൊരു ഫോട്ടോഗ്രാഫറെ സമീപിച്ചപ്പോൾ അയാളും അതേ സംഖ്യ പറഞ്ഞു.അവസാനം ആയിരം രൂപക്ക് ഉറപ്പിച്ച് എല്ലാവരെയും ഗ്രൂപ്പ് ഫോട്ടോക്ക് റെഡിയാക്കി.നിമിഷ നേരം കൊണ്ട് അവർ ഞങ്ങളെ ഓരോരുത്തരെയും അണിയിച്ചൊരുക്കി.ഇതിനിടെ മൊബൈലിൽ ഫോട്ടോ പകർത്താൻ ഒരു ശ്രമം നടത്തിയെങ്കിലും അത് അനുവദിച്ചില്ല.ഗാർഡനിൽ നിന്ന് ഇറങ്ങിയ ഉടൻ തന്നെ ഫോട്ടോയുടെ പ്രിന്റ് കിട്ടി.അമ്പത് രൂപ അധികം കൊടുത്ത് അതിന്റെ ഡിജിറ്റൽ കോപ്പിയും ഞാൻ കൈക്കലാക്കി.

മുഗൾ വാസ്തു വിദ്യകളോട് കൂടിയ കെട്ടിടങ്ങളും ജലധാരകളും വിവിധ വർണ്ണത്തിലുള്ള പൂക്കളും ചിന്നാർ മരങ്ങളും ഷാലിമാർ ബാഗിനെ മനോഹരമാക്കുന്നു. ഷാലിമാർ ബാഗിലെ ബ്ലാക്ക് പവിലിയനിൽ കൊത്തിവെച്ച Agar Firdaus bar rōy-e zamin ast, hamin ast-o hamin ast-o hamin ast എന്ന പേർഷ്യൻ കാവ്യം വളരെ പ്രശസ്തമാണ്; ജഹാംഗീർ ചക്രവർത്തി നൂർജഹാനോടൊപ്പം പൂന്തോട്ടത്തിലൂടെ ഉലാത്തുമ്പോൾ പറഞ്ഞ ആ വാക്യം - ഭൂമിയിൽ ഒരു സ്വർഗ്ഗം ഉണ്ടെങ്കിൽ അത് ഇതാണ് അത് ഇതാണ് അത് ഇതാണ്.അതെ ഷാലിമാറിന്റെ സൗന്ദര്യം കണ്ടാൽ നമ്മളും പാടിപ്പോകും 

Agar Firdaus bar rōy-e zamin ast,
hamin ast-o hamin ast-o hamin ast.



(തുടരും...)

1 comments:

Areekkodan | അരീക്കോടന്‍ said...

അതെ ഷാലിമാറിന്റെ സൗന്ദര്യം കണ്ടാൽ നമ്മളും പാടിപ്പോകും

Agar Firdaus bar rōy-e zamin ast,
hamin ast-o hamin ast-o hamin ast.

Post a Comment

നന്ദി....വീണ്ടും വരിക