Pages

Monday, May 07, 2007

" നാളത്തെ വാര്‍ത്ത ഇന്നു തന്നെ ..."

ഞങ്ങള്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സിന്റെ അടുത്ത്‌ തന്നെയാണ്‌ വയനാടന്‍ കാടുകള്‍.അതിനാല്‍ ധാരാളം കുരങ്ങുകള്‍ ഇടക്കിടെ ക്വാര്‍ട്ടേഴ്‌സില്‍ വരും.ക്വാര്‍ട്ടേഴ്‌സില്‍ ഞങ്ങള്‍ പുതുമുഖങ്ങളായതിനാല്‍ എന്റെ കുട്ടികള്‍ക്ക്‌ കുരങ്ങന്മാരുടെ വരവ്‌ ഒരു പുത്തന്‍ അനുഭവം തന്നെയായിരുന്നു. കുരങ്ങന്മാരുടെ , മരത്തില്‍ നിന്നും മരത്തിലേക്കുള്ള ചാട്ടവും തൂങ്ങിയാട്ടവും കുട്ടികള്‍ ശരിക്കും ആസ്വദിച്ചു.എന്റെ മക്കളുടെ വായില്‍ ആദ്യം വരുന്ന മൃഗം കുരങ്ങായി മാറി. അങ്ങനെയിരിക്കെ ലോകകപ്പ്‌ ക്രിക്കറ്റ്‌ വന്നെത്തി !!! ഇന്ത്യ ആദ്യ മല്‍സരത്തില്‍ തന്നെ തോറ്റമ്പി.' കുരങ്ങന്മാര്‍ കളിച്ചൊരു കളി ' ഞാന്‍ മനസ്സില്‍ പറഞ്ഞു. തുടര്‍ന്നേതോ ഒരു ദിവസം ഞാന്‍ പത്രം വായിച്ചുകൊണ്ടിരിക്കുകയായിരുന്നു.അപ്പോള്‍ രണ്ടാം ക്ലാസ്സില്‍ പഠിക്കുന്ന എന്റെ മൂത്ത മകള്‍ പത്രത്തിന്റെ മറുഭാഗത്തെ വാര്‍ത്ത ഉറക്കെ വായിച്ചു. " കംഗാരുക്കള്‍ക്ക്‌ ഉജ്ജ്വല ജയം ".ശേഷം എന്നോട്‌ ചോദിച്ചു " ഇതെന്താ ഉപ്പാ ഈ വാര്‍ത്ത ?" "അത്‌ ആസ്ത്രേലിയ കളിയില്‍ ജയിച്ചതിന്റെ വാര്‍ത്തയാ...." "എന്നിട്ട്‌ ആസ്ത്രേലിയ എന്നല്ലല്ലോ കംഗാരുക്കള്‍ എന്നാണല്ലോ എഴുതിയിരിക്കുന്നത്‌..." "അതെ....ആസ്ത്രേലിയയില്‍ കാണപ്പെടുന്ന മൃഗമാണ്‌ കംഗാരു...അതിനാല്‍ ആസ്ത്രേലിയക്കാരെ മറ്റുള്ളവര്‍ സ്നേഹപൂര്‍വ്വം കംഗാരുക്കള്‍ എന്ന് വിളിക്കുന്നു.." "ആഹാ..." "അതുപോലെ ന്യൂസിലാന്റില്‍ കൂടുതലായി കാണപ്പെടുന്ന പക്ഷികളാണ്‌ കിവി...അതിനാല്‍ ന്യൂസിലാന്റ്‌കാരെ മറ്റുള്ളവര്‍ സ്നേഹപൂര്‍വ്വം കിവികള്‍ എന്ന് വിളിക്കുന്നു.... ന്യൂസിലാന്റ്‌ കളി ജയിച്ചാല്‍ കിവികള്‍ക്ക്‌ ജയം എന്ന വാര്‍ത്ത പത്രത്തില്‍ നിനക്ക്‌ കാണാം..." ഞാന്‍ വിശദീകരിച്ചുകൊടുത്തു. "എങ്കില്‍ നാളത്തെ വാര്‍ത്ത ഞാന്‍ പറയാം.." മകള്‍ ആവേശപൂര്‍വ്വം പറഞ്ഞു. " ങേ !!" ഞാന്‍ ഞെട്ടി ' നാളെ ഇന്ത്യ - ശ്രീലങ്ക മല്‍സരമാണല്ലോ...ഇവളെന്താ പറയാന്‍ പോകുന്നത്‌ ' ഞാന്‍ ആലോചിച്ചിട്ട്‌ ഒരു പിടിയും കിട്ടിയില്ല. "ങാ...കേള്‍ക്കട്ടെ നാളത്തെ വാര്‍ത്ത ഇന്നു തന്നെ ..." " കുരങ്ങന്മാര്‍ക്ക്‌ വന്‍ തോല്‍വി !!! കാരണം നമ്മുടെ നാട്ടില്‍ കൂടുതലായി കാണപ്പെടുന്ന മൃഗമാണ്‌ കുരങ്ങുകള്‍..അപ്പോള്‍ മറ്റുള്ളവര്‍ സ്നേഹപൂര്‍വ്വം നമ്മെ കുരങ്ങന്മാര്‍ എന്ന് വിളിക്കുന്നു...." വാര്‍ത്തയും വിശദീകരണവും കേട്ട്‌ ഞാന്‍ സ്തബ്ധനായിരുന്നു.

Saturday, May 05, 2007

ഒരു ചക്ക കടത്ത്‌ (ബാല്യകാലസ്മരണകള്‍ - ഏഴ്‌ )

                ഒരു വേനലവധിക്കാലം.പറമ്പില്‍ ചക്കയും മാങ്ങയും വിളയുന്ന കാലം.ഞങ്ങള്‍ താമസിക്കുന്ന പറമ്പിന്‌ പുറമെ വേറെ രണ്ട്‌ പറമ്പുകള്‍ കൂടി ഞങ്ങള്‍ക്കുണ്ടായിരുന്നു. അവ രണ്ടും രണ്ട്‌ ദിശയില്‍ അല്‍പം അകലെയായിരുന്നു.അവയില്‍ വലിയപറമ്പിനെ അത്തിക്കോടെന്നും ചെറുതിനെ മാന്ത്രികച്ചോല എന്നും വിളിച്ചിരുന്നു.

             വേനലവധിക്കാലത്ത്‌ എനിക്കും അനിയനുമുള്ള പ്രധാന പണി ആഴ്ചയിലൊരിക്കല്‍ ഈ പറമ്പുകളില്‍ പോയി അവിടെയുള്ള സസ്യ- വൃക്ഷലതാദികളുടെ സുഖവിവരങ്ങള്‍ ബാപ്പയെ അറിയിക്കുക എന്നതായിരുന്നു.ഞങ്ങള്‍ക്കിഷ്ടപ്പെട്ട പണി ആയതുകൊണ്ടല്ല, ബാപ്പയുടെ ഓര്‍ഡര്‍ ആയിരുന്നു ഈ പണിയുടെ പിന്നിലെ രഹസ്യം.

            ഒറ്റപ്പെട്ട പറമ്പായതിനാല്‍ അത്തിക്കോട്‌ പോകാന്‍ ഞങ്ങള്‍ക്ക്‌ പേടിയാണ്‌.അതിനാല്‍ അമ്മാവന്റെയും മൂത്താപ്പമാരുടെയും മക്കളെ പലതും പറഞ്ഞ്‌ ഒപ്പം കൂട്ടും - മാങ്ങയുണ്ടാകും , പറങ്കിമാങ്ങയുണ്ടാകും , തെച്ചിക്കായയുണ്ടാകും കാഞ്ഞിരക്കുരുവുണ്ടാകും തുടങ്ങീ 'വമ്പന്‍' ഓഫറുകളില്‍ കുരുങ്ങി അവര്‍ ഞങ്ങളുടെ കൂടെ കൂടും.മിക്കവാറും ഏറ്റവും മിനിമം ഓഫറായ തെച്ചിക്കായയും തിന്ന് തിരിച്ച്‌ പോരും.

          അങ്ങിനെ ഇരിക്കെ ഒരു ദിവസം ബാപ്പയുടെ മാര്‍ച്ചിംഗ്‌ ഓര്‍ഡര്‍ കിട്ടി - അത്തിക്കോട്‌ പോയി ചക്ക , മാങ്ങ , തേങ്ങ എന്നിവയുടെ സെന്‍സസ്‌ എടുത്ത്‌ വരണം. മൂത്ത ചക്കയോ വാഴക്കുലയോ ഉണ്ടെങ്കില്‍ വെട്ടിക്കൊണ്ട്‌ വരികയും വേണം ( മൂപ്പ്‌ നോക്കാന്‍ അറിയാത്ത ഞങ്ങള്‍ രണ്ട്‌ മൂപ്പന്മാര്‍ കഥകഴിച്ച വാഴക്കുലകളുടെ എണ്ണം ഉമ്മാക്കേ അറിയൂ ).

          ഹൈക്കമാണ്ട്‌ ഓര്‍ഡര്‍ പ്രകാരം ഞങ്ങള്‍ രണ്ട്‌ പേരും അത്തിക്കോട്ടേക്ക്‌ പുറപ്പെട്ടു.അന്ന് ഞങ്ങളുടെ ഓഫറില്‍ അമ്മാവന്റെയും മൂത്താപ്പമാരുടെയും മക്കളാരും തന്നെ വീണില്ല.അതിനാല്‍ ഞങ്ങള്‍ രണ്ട്‌പേരായി തന്നെ അത്തിക്കോട്ടെത്തി. തേങ്ങയുടെയും മാങ്ങയുടെയും കണക്കെടുപ്പ്‌ കഴിഞ്ഞ്‌ ഞങ്ങള്‍ വരിക്കപ്ലാവിന്റെ അടുത്തെത്തി.അതാ നില്‍ക്കുന്നു , കാഴ്ചയില്‍ മുഴുത്ത ഒരു വമ്പന്‍ ചക്ക.

           കാഴ്ചയില്‍ വലിയവനായതിനാല്‍ മൂപ്പെത്തിയിരിക്കും എന്ന ധാരണയില്‍ ഞങ്ങള്‍ അവന്റെ ഞെട്ടിക്ക്‌ കല്ലുകൊണ്ട് ഇടിച്ച്‌ ഇടിച്ച്‌ അവനെ താഴെ ഇട്ടു. താഴെ വീണ ചക്കയില്‍ നിന്നും വെള്ള നിറത്തിലുള്ള 'ചോര' ഇറ്റുവീണു കൊണ്ടിരുന്നു.ഇനി ഇവനെ വീട്ടിലെത്തിക്കണമല്ലോ ? 

             മൂത്തവനായ ഞാന്‍ ചക്ക പൊക്കാന്‍ ശ്രമിച്ചു. തറനിരപ്പില്‍ നിന്നും അല്‍പം പൊങ്ങിയപ്പോഴേക്കും ചക്കമുള്ള്‌ കൊണ്ട്‌ കൈ വേദനിച്ചതിനാല്‍ ഞാന്‍ ചക്ക താഴെ ഇട്ടു.അടുത്തതായി അനിയനും ഒരു ശ്രമം നടത്തി സമ്പൂര്‍ണ്ണ പരാജയം സമ്മതിച്ചു. നിലത്തിട്ട ചക്കയെ , ഒരു കിലോീമീറ്ററോളം അകലെയുള്ള വീട്ടില്‍ ഇനി എങ്ങനെ എത്തിക്കും എന്നാലോചിച്ച്‌ ഞങ്ങള്‍ക്ക്‌ കരച്ചില്‍ വന്നു.ചക്ക അവിടെതന്നെ ഉപേക്ഷിച്ചുപോയാല്‍ ആ വിവരം എങ്ങനെയെങ്കിലും ബാപ്പ അറിഞ്ഞാല്‍ കിട്ടുന്ന അടിയോര്‍ത്ത്‌ ഞങ്ങള്‍ ചിന്താമഗ്നരായി ഇരുന്നു. പെട്ടെന്ന് എന്റെ തലയില്‍ ബള്‍ബ്‌ മിന്നി.

            "നിന്റെ തുണി അഴിക്ക്‌....നമുക്ക്‌ ചക്ക അതില്‍ പൊതിഞ്ഞ്‌ രണ്ട്‌ പേരും രണ്ടറ്റം പിടിച്ച്‌ കൊണ്ടുപോകാം...." ഞാന്‍ അനിയനോട്‌ പറഞ്ഞു.

"നല്ല ഐഡിയ...പക്ഷേ ചക്ക ഇക്കാക്കയുടെ തുണിയില്‍ പൊതിഞ്ഞാല്‍ മതി...;'

"അവസാനമായി നീ കുത്തിയപ്പോളാ ചക്ക വീണത്‌...അതുകൊണ്ട്‌ നിന്റെ തുണിയില്‍ പൊതിയണം..." ഞാനും വിട്ടില്ല

"ഇക്കാക്ക എടുക്കും എന്ന് കരുതിയാ ഞാന്‍ ചക്ക ഇട്ടത്‌....അതുകൊണ്ട്‌ ഇക്കാക്കയുടെ തുണിയില്‍ തന്നെ പൊതിയണം..." അവനും വിട്ടില്ല.

"ഛെ...ഛെ...ഇക്കാക്കയുടെ തുണി അഴിച്ചാല്‍ ...?? ഈ ഷഡ്ഡിയും ഇട്ട്‌ ചക്കയും കൊണ്ട്‌ ഇക്കാക്ക അങ്ങാടിയിലൂടെ പോകേണ്ടി വരില്ലേ? നീ ചെറുതായതിനാല്‍ നിനക്ക്‌ ഷഡ്ഡിയിട്ട്‌ റോട്ടിലൂടെ നടക്കാം....നിന്റെ പുതിയ ഷഡ്ഡി എല്ലാവരും കാണുകയും ചെയ്യും..." ഞാന്‍ ഒരു നമ്പറിറക്കി.

"പക്ഷേ....ഞാന്‍ പഴയ ഷഡ്ഡിയാ ഇട്ടിരിക്കുന്നത്‌.... ഇക്കാക്കയുടെ സൂത്രം എന്റെ അടുത്ത്‌ വേണ്ടാ....ഇക്കാക്ക ഷഡ്ഡി ഇട്ടിട്ടില്ല എന്ന് എനിക്കറിയാം...!!!അതുകൊണ്ട്‌ ഇപ്രാവശ്യം ചക്ക എന്റെ തുണിയില്‍ തന്നെ പൊതിയാം...അടുത്ത പ്രാവശ്യം ഇക്കാക്കയുടെ തുണിയില്‍ തന്നെ പൊതിയണം..."

"ആ...സമ്മതിച്ചു " 

ഞാന്‍ ആശ്വാസത്തോടെ നെടുവീര്‍പ്പിട്ടു. ശേഷം അവന്റെ തുണി അഴിച്ച്‌ നിലത്ത്‌ വിരിച്ച്‌ ചക്ക അതിലേക്ക്‌ ഉരുട്ടിക്കയറ്റി.ഒരറ്റം അവനും മറ്റേ അറ്റം ഞാനും ചുരുട്ടിപ്പിടിച്ചു.അങ്ങിനെ ചക്കയും കൊണ്ട്‌ ഞങ്ങള്‍ വീട്ടിലേക്ക്‌ തിരിച്ചു.വഴിയില്‍ പലരും ഞങ്ങളെ കൗതുകത്തോടെ നോക്കുന്നത്‌ ഞങ്ങള്‍ അറിഞ്ഞതേ ഇല്ല.വീട്ടിലെത്തിയപ്പോഴേക്കും ചക്കയുടെ പശയും ചക്കമുള്ളും കൊണ്ട്‌ തുണി അകാലചരമം പ്രാപിച്ചിരുന്നു.

Saturday, April 21, 2007

തീവണ്ടിപോലൊരു നമ്പര്‍

മൊബൈല്‍ഫോണ്‍ പ്രചാരത്തില്‍ വന്നുതുടങ്ങിയ കാലം.....രാമന്‍ നമ്പൂതിരി പഴയ സുഹ്രുത്ത്‌ രവിയെ വളരെക്കാലങ്ങള്‍ക്ക്‌ ശേഷം കണ്ടുമുട്ടി.കുറേനേരത്തെ സംസാരത്തിന്‌ ശേഷം നമ്പൂരി പറഞ്ഞു. "ശിവ ശിവാ.....നേരം പോയതറിഞ്ഞീല്ല്യാ....ഇരുട്ടുന്നേന്‌ മുമ്പേ ഇല്ലത്തെത്തണം.....രവീടെ ഫോണ്‍നമ്പറിങ്ങട്ട്‌ തരാ... " "നയണ്‍ ഡബ്‌ള്‍ ഫോര്‍ സെവന്‍........ " 'ഗുരുവായുരപ്പാ.....ഇതെന്താ തീവണ്ടിപോലൊരു നമ്പര്‍....?' നമ്പൂരി മനസ്സില്‍ കരുതി. ആഴ്ചകള്‍ കഴിഞ്ഞു. നമ്പൂരിക്ക്‌ രവിയെ എന്തോ ആവശ്യത്തിന്‌ വിളിക്കേണ്ടതായി വന്നു.നമ്പൂരി അന്നെഴുതിവച്ച കടലാസ്‌തുണ്ടെടുത്ത്‌ ഫോണിനടുത്തെത്തി. 'ഒമ്പത്‌.....നാല്‌....നാല്‌....ഏഴ്‌......' ദീര്‍ഘനേരത്തെ ശ്രമത്തിന്‌ ശേഷം നമ്പൂരി ഡയല്‍ ചെയ്തു. "നിങ്ങള്‍ വിളിക്കുന്ന ആള്‍ പരിധിക്ക്‌ പുറത്താണ്‌.....ദയവായി അല്‍പ സമയം കഴിഞ്ഞ്‌ വിളിക്കുക.... " ഫോണില്‍ നിന്നുള്ള കിളിനാദം കേട്ടുകൊണ്ട്‌ നമ്പൂരി പറഞ്ഞു "ങാ...രവീടെ ഭാര്യ ആയിരിക്കും അല്ലേ......നോം ശല്ല്യം ചെയ്യ്ണ്‌ല്ല്യ....പറഞ്ഞപോലെ ശ്ശി കഴിഞ്ഞ്‌ വിളിക്കാം... " 'ന്നാലും കാലം പോയൊരു കോലം....? രവീടെ മൊബൈലിലേക്ക്‌ വിളിച്ചാല്‍ അവന്‍ പരിധിക്ക്‌ പുറത്താന്ന് വീട്ടിലിരിക്കുന്ന ഭാര്യയുടെ മറുപടി.....ശിവ ശിവാ....!!' ആത്മഗതം ചെയ്തുകൊണ്ട്‌ നമ്പൂരി റിസീവര്‍ താഴെവച്ചു.

Sunday, April 15, 2007

അയലത്തെ ഗര്‍ഭിണി

              അയല്‍പക്കത്ത്‌ പൂര്‍ണ്ണഗര്‍ഭിണിയായി , ഏത്‌ സമയത്തും ഡൌണ്‍ലോഡ്‌ ചെയ്യാം എന്ന അവസ്ഥയില്‍ ഒരുത്തി കിടക്കുന്നതിനാല്‍ , രണ്ട്‌ "കത്രികാപ്രസവങ്ങള്‍ " കഴിഞ്ഞ എണ്റ്റെ നല്ലപാതിയുടെ ചെവി എപ്പോഴും , അവളുടെ വീട്ടില്‍ സ്ഥാപിച്ച ഡിഷ്‌ആണ്റ്റിന പോലെ വടക്ക്‌ - കിഴക്ക്‌ (?) ദിശയിലേക്ക്‌ കൂര്‍പ്പിച്ച്‌ ഫിറ്റ്‌ ചെയ്തിരുന്നു.  

പതിവുപോലെ വീണ്ടും ഒരു പ്രഭാതം.ഒഴിവുദിനമായതിനാല്‍ കോളേജില്‍ പോകാതെ ഞാന്‍ മുറിയില്‍ എന്തോ ചിന്തയില്‍ മുഴുകി ഇരിക്കുകയായിരുന്നു.ഭാര്യ അടുക്കളയില്‍ (നളപാചകത്തിലെ) ഉപ്പുമാവിണ്റ്റെ ഗണിതസമവാക്യങ്ങള്‍ നിര്‍ദ്ധാരണം ചെയ്ത്‌ പുതിയ എന്തോ ഒരു വിഭവത്തിലെത്തിക്കൊണ്ടിരിക്കുന്നു.പെട്ടെന്നാണ്‌ അയല്‍പക്കത്ത്‌ നിന്നുള്ള ശബ്ദം എണ്റ്റെ ശ്രദ്ധയില്‍ പെട്ടത്‌.



"ആാാ..... !!"  

ഞാന്‍ വേഗം അടുക്കളയിലെത്തി.പാലം കുലുങ്ങിയാലും കേളന്‍ കുലുങ്ങില്ല എന്ന മട്ടില്‍ ഭാര്യ പുതിയ വിഭവത്തിണ്റ്റെ ഉപ്പും പുളിയും രുചിച്ചു നോക്കുന്നു!!! എണ്റ്റെ ആഗമനോദ്ദേശം മനസ്സിലായെന്ന മട്ടില്‍ ഒരു ചെറുപുഞ്ചിരിയോടെ അവള്‍ വീണ്ടും അടുത്ത കലാപരിപാടിയിലേക്ക്‌ തിരിഞ്ഞു. 

  "ങാ....ഇനിയും ആവര്‍ത്തിച്ചാല്‍ അന്വേഷിക്കാം..." ഞാന്‍ മനസ്സില്‍ കരുതി. ഞാനും എണ്റ്റേതായ ജോലികളില്‍ മുഴുകി.അരമണിക്കൂറ്‍ കഴിഞ്ഞ്‌ പെട്ടെന്നാണ്‌ അയല്‍പക്കത്ത്‌ നിന്നുള്ള അടുത്ത വിളി എണ്റ്റെ കര്‍ണ്ണപുടത്തില്‍ എത്തിയത്‌. 

  "യൂ........യൂൂൂൂൂൂൂ......... !!!!" ഇത്തവണ ഞാന്‍ ചാടിഎഴുന്നേറ്റ്‌ അടുക്കളയിലെത്തി.ഭാര്യ അപ്പോഴും ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണാ എന്ന മട്ടില്‍ അവളുടേതായ കര്‍മ്മങ്ങളില്‍ തന്നെ മുഴുകിയിരുന്നു. 

  " എന്താ എന്തുപറ്റി ?" ഇത്തവണ ഭാര്യ എണ്റ്റെ ഓടിവരവിണ്റ്റെ ഉദ്ദേശം ആരാഞ്ഞു.


"നിനക്കെന്താ ചെവിയില്ലേ ?"  

"ങാ..ഉണ്ടല്ലോ..." കാതിലണിഞ്ഞ കമ്മല്‍ തപ്പിപിടിച്ചുകൊണ്ട്‌ അവള്‍ പറഞ്ഞു.

  "എന്നിട്ട്‌ നീ ഇതൊന്നും കേട്ടില്ലേ ?"



"ഏത്‌ ?"

  " നിണ്റ്റെ *%*%.... !! അര മണിക്കൂറ്‍ മുമ്പ്‌ ഞാന്‍ 'ആ....' എന്നൊരു വിളി കേട്ടു. ഇപ്പോള്‍ ' യൂൂ......' എന്നും ! നിണ്റ്റെ ചെവിയിലെന്താ പെരുച്ചാഴി കയറിയോ ?" ദ്വേഷ്യത്തോടെ ഞാന്‍ ചോദിച്ചു. 

  "ഹ....ഹ....ഹാ......ഹ....ഹ....ഹാ...... "  

"ങേ ..!! എടീ.....നിന്നു കിലുങ്ങാതെ അവിടെ വല്ലതും സംഭവിച്ചോ എന്ന്‌ തിരക്ക്‌ വേഗം... " 

  "ഹ....ഹ....ഹാ......ഹ....ഹ....ഹാ......ഏ മനുഷ്യാ....അവിടെ ഒന്നും സംഭവിച്ചിട്ടില്ല....ആദ്യത്തേത്‌ അവള്‍ സ്വന്തം മകന്‍ അല്‍ത്താഫിനെ വിളിച്ചതാ...'അല്‍ത്തൂ.......ആ.....' അതിണ്റ്റെ രണ്ടാം ഭാഗമാ നിങ്ങള്‍ കേട്ടത്‌... " 

  "ങേ...!!.... അപ്പോള്‍ രണ്ടാമത്‌ വിളിച്ചത്‌ ?" 

  "അതും....അത്‌ തന്നെ...ഭര്‍ത്താവിനെ 'യൂസുഫ്ക്കാ....യൂൂൂ.....' എന്ന്‌ വിളിച്ചു....നിങ്ങള്‍ അതിണ്റ്റെയും രണ്ടാം ഭാഗം മാത്രം കേട്ടു...ഹ....ഹ.... ഹാ"  

അണ്ടിപോയ അണ്ണാനെപ്പോലെ ഇനി എന്ത്‌ പറയണമെന്നറിയാതെ ഞാന്‍ പരുങ്ങുമ്പോള്‍ അയല്‍പക്കത്ത്‌ നിന്നും വീണ്ടും വിളി ഉയര്‍ന്നു.....'അല്‍ത്തൂ.......ആ..... ' 

  2 Comments: 

 At 1:21 AM, അരീക്കോടന്‍ said... അണ്ടിപോയ അണ്ണാനെപ്പോലെ ഇനി എന്ത്‌ പറയണമെന്നറിയാതെ ഞാന്‍ പരുങ്ങുമ്പോള്‍ അയല്‍പക്കത്ത്‌ നിന്നും വീണ്ടും വിളി ഉയര്‍ന്നു.....'അല്‍ത്തൂ.......ആ..... '

  At 5:33 AM, സു Su said... ഹിഹിഹി. അരീക്കോടാ, ഇത് നന്നായി. എന്നിട്ട് ശരിക്ക് വിളിച്ചത്, കേട്ട സമയത്ത് ഭാര്യയെ വിളിക്കാതിരുന്നിട്ടുണ്ടാവും അല്ലേ?

Sunday, April 01, 2007

ബാല്യകാലസ്മരണകള്‍ - ആറ്‌

ബാല്യകാലസ്മരണകളില്‍ ഓടി വരുന്നത്‌ പലതരം കളികളാണ്‌.കുഴിപ്പന്ത്‌ ,ഗോട്ടികളി , സാറ്റ്‌വിളി , സിങ്ങ്‌.....അങ്ങനെ ആണും പെണ്ണും ഒന്നിച്ച്‌ കളിക്കുന്ന എന്തെല്ലാംതരം കളികള്‍.കളിക്കിടയിലെ അമളികള്‍ പലതും ഇന്നോര്‍ക്കാനും രസകരം - അവയില്‍ ചിലത്‌ ഇതാ..... സിങ്ങ്‌ കളി തകര്‍പ്പനായി നടക്കുന്നു. ആണും പെണ്ണും കൈകള്‍ ചങ്ങലയായി കോര്‍ത്ത്‌ എതിര്‍ ടീമിലെ ഓരോരുത്തരെയും ആട്ടിയോടിച്ച്‌ ദൂരെയുള്ള ലക്ഷ്യ്ത്തില്‍ ചെന്ന്‌ തൊടുന്ന കളി.കൈ വിട്ടോടാന്‍ എനിക്ക്‌ പലപ്പോഴും ധൈര്യം വരാറില്ല.അപ്പോഴാണ്‌ എണ്റ്റെ ടീമിലെ മുതിര്‍ന്ന അംഗം അയല്‍വീട്ടിലെ പ്രസന്ന എണ്റ്റെ ചെവിയില്‍ മന്ത്രിച്ചത്‌ - "അവസരം കിട്ടുമ്പോള്‍ ഓടിക്കോണ്ടൂ".കളി കഴിയുന്നത്‌ വരെ ഞാന്‍ മാത്രം ഓടിയില്ല.കാരണം "അവസരം" എന്ന എന്തോ ഒരു സാധനം കയ്യില്‍ കിട്ടുന്നതും പ്രതീക്ഷിച്ച്‌ ഞാന്‍ നിന്നു - ആര്‌ തരാന്‍ ? അവസരം എന്ന്‌ കേള്‍ക്കുമ്പോളെല്ലാം എണ്റ്റെ പഴയ അവസരം നഷ്ടപ്പെട്ട കഥ ഞാനിന്നും ചെറുചിരിയോടെ ഓര്‍ക്കുന്നു. മറ്റൊരിക്കല്‍ "ഗെയിം" (ചട്ടിപ്പന്തേറ്‌) എന്ന കളി .എണ്റ്റെ കയ്യില്‍ പന്തിരിക്കുന്നു.ഞാന്‍ തിരിഞ്ഞ്നില്‍ക്കുന്ന ദിശക്ക്‌ എതിര്‍ദിശയില്‍ അവസരം പാര്‍ത്ത്‌ അമ്മാവണ്റ്റെ മകന്‍ ബാബു നില്‍ക്കുന്നു. ബാബുവിനെ ഒന്ന്‌ കബളിപ്പിക്കാനായി ഞാന്‍ ൧൮൦ ഡിഗ്രിയില്‍ ഒരു വെട്ടിതിരിയല്‍....ശേഷം അവനെ എറിയുന്നതായി സര്‍വ്വ ശക്തിയില്‍ ഒരു ആക്ഷന്‍.ഒരു നിമിഷം !!!പന്ത്‌ എണ്റ്റെ കയ്യില്‍ നിന്നും തെന്നിപ്പോയി.വരാന്തയില്‍ മകണ്റ്റെ പിഞ്ചുപൈതലിനെയും കൊണ്ട്‌ ഇരിക്കുകയായിരുന്ന മൂത്തുമ്മയ്യുടെ കൈപടത്തില്‍ പന്ത്‌ ശക്തിയായി ചെന്നിടിച്ചു.വേദനകൊണ്ട്‌ മൂത്തുമ്മ കൈ കുടഞ്ഞു.ഭാഗ്യത്തിന്‌ കുഞ്ഞിന്‌ ഒന്നും പറ്റിയില്ല.പക്ഷെ ദൈവം ചെറുപ്രായത്തില്‍ തന്നെ ആ കുഞ്ഞിനെ തിരികെ വിളിച്ചു.ആ സംഭവം അതിനാല്‍ ഞാന്‍ വേദനയോടെ ഇന്നും ഓര്‍ക്കുന്നു. മറ്റൊരു കളി....ഇത്താത്തയും കൂട്ടുകാരും കളിച്ചുകൊണ്ടിരിക്കുന്നു.ഇത്താത്തയാണ്‌ നേതാവ്‌.മൂന്നോ നാലോ കുട്ടികള്‍ വീതം ഇരു ഭാഗങ്ങളില്‍ തോളില്‍ കയ്യിട്ട്‌ നില്‍ക്കുന്നു.ശേഷം ഒരു ടീം മറ്റേ ടീമിണ്റ്റെ അടുത്തേക്ക്‌ ഒന്നിച്ച്‌ നീങ്ങി ചോദിക്കുന്നു - "പോരുന്നോ പോരുന്നോ അതിരാവിലെ ?" തുടര്‍ന്ന്‌ മറ്റേ ടീം അതിന്‌ മറുപടി നല്‍കുന്നു.ഞാന്‍ കളി സസൂക്ഷ്മം വീക്ഷിച്ചു.പിറ്റേന്ന്‌ ഞാന്‍ എണ്റ്റെ സുഹ്രുത്തുക്കളെ വിളിച്ച്‌ ഈ കളി ആരംഭിച്ചു.ആദ്യം ഞാന്‍ തന്നെ എതിര്‍ടീമിണ്റ്റെ അടുത്തേക്ക്‌ ഇങ്ങിനെ പറഞ്ഞു കൊണ്ട്‌ ചെന്നു ..."പോരുന്നോ പോരുന്നോ ആബിരാവിലെ ?" എല്ലാവരും പൊട്ടിച്ചിരിച്ചു.എനിക്ക്‌ കാര്യം മനസ്സിലായില്ല.ഇത്താത്തയുടെ പേര്‌ അദി എന്നായതിനാല്‍ അവള്‍ "പോരുന്നോ പോരുന്നോ 'അതി'രാവിലെ ?" എന്ന്‌ ചോദിച്ചു. എണ്റ്റെ പേര്‌ ആബി എന്നായതിനാല്‍ ഞാന്‍ ചോദിക്കേണ്ടത്‌ "പോരുന്നോ പോരുന്നോ ആബിരാവിലെ ?" എന്നാണെന്ന്‌ എണ്റ്റെ കൊച്ചുബുദ്ധി ഉപദേശിച്ചു!!