Pages

Tuesday, July 28, 2009

എന്നെ ചെറായിയില്‍ എത്തിച്ചവര്‍...

ചെറായി മീറ്റിന്‌ ഞാന്‍ പോകാന്‍ തീരുമാനിക്കുന്നത്‌ തന്നെ വളരെ വളരെ ലേറ്റ്‌ ആയിട്ടായിരുന്നു.ഒറ്റക്ക്‌ പോയി കഷണ്ടി കാണിച്ചുപോരാനായിരുന്നു ആദ്യത്തെ പ്ലാന്‍.മക്കള്‍ക്ക്‌ ശനിയാഴ്ച സ്കൂള്‍ ഉള്ളതിനാല്‍ അവരെ കൊണ്ടു പോകുന്ന കാര്യം ആദ്യം എന്റെ സ്വപ്നത്തില്‍ പോലും ഇല്ലായിരുന്നു.ഞായറാഴ്ച രാവിലെ ഒമ്പതര മണിക്ക്‌ മീറ്റ്‌ നടക്കുന്ന ചെറായിയില്‍ എത്തിപ്പെടാന്‍, ഒറ്റക്കാണെങ്കില്‍ എനിക്ക്‌ ഒട്ടും പ്രയാസവും ഇല്ലായിരുന്നു.കാരണം ഞാന്‍ ഏകദേശം എല്ലാ വര്‍ഷവും സന്ദര്‍ശിക്കുന്ന കൊടുങ്ങല്ലൂരിനടുത്തെ മതിലകത്തുള്ള എന്റെ സുഹൃത്ത്‌ ഖൈസ്‌ ദുബായില്‍ നിന്നും വന്ന സമയമായിരുന്നു ഇത്‌. ആയിടക്കാണ്‌ ഞാന്‍ മീറ്റിനെക്കുറിച്ചുള്ള വിശേഷങ്ങള്‍ മുഴുവന്‍ വായിക്കാന്‍ തുടങ്ങിയത്‌.രെജിസ്റ്റര്‍ ചെയ്യാനുള്ള അവസാന ദിവസത്തിന്റെ ഏതാനും ദിവസങ്ങള്‍ക്ക്‌ മുമ്പാണ്‌ ഞാന്‍ എന്റെ പേരും ആ കമന്റില്‍ ഇട്ടത്‌.മാസങ്ങള്‍ക്ക്‌ മുമ്പേ പലരുടേയും ബ്ലോഗില്‍ ലൊഗോ കണ്ടിരുന്നെങ്കിലും അതെന്താണെന്നോ അതിന്റെ പേരില്‍ ബൂലോകത്ത്‌ നടക്കുന സംവാദങ്ങളോ ഈ പാവം(?) കഷണ്ടിയുടെ ശ്രദ്ധയില്‍ പെട്ടിരുന്നില്ല. എങ്കിലും മീറ്റിന്റെ നാലോ അഞ്ചോ ദിവസം മുമ്പ്‌ ചെറായിയില്‍ കുടുംബ സമേതം തന്നെ പങ്കെടുക്കാനും അതിനുള്ള വഴികള്‍ കണ്ടു പിടിക്കാനും ശ്രമം ആരംഭിച്ചു.മീറ്റില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചതോടെയാണ്‌ വാഴക്കോടന്റെ കഥാപാത്രമായ കുഞ്ഞീവി ടീച്ചറെ ഞാന്‍ ഇവിടെ കടമെടുത്തത്‌. കുടുംബത്തെ ചെറായിയിലേക്ക്‌ കെട്ടി എടുക്കുന്ന ഭാരിച്ച 'ഉത്തരവാദിത്വം'ഏറ്റെടുത്തെങ്കിലും ആ വിവരം പക്ഷേ ഞാന്‍ ഭാര്യയോടും മക്കളോടും പറഞ്ഞില്ല.വെള്ളിയാഴ്ചയാണ്‌ അവരോട്‌ ഞാന്‍ വിവരം അറിയിച്ചത്‌ തന്നെ. എടപ്പാളില്‍ നിന്നും അനില്‍@ബ്ലോഗിന്റെ വണ്ടി ഞായറാഴ്ച രാവിലെ ചെറായിയിലേക്ക്‌ പോകുന്ന വിവരം അദ്ദേഹത്തിന്റെ പോസ്റ്റില്‍ നിന്നും അറിഞ്ഞു.പക്ഷേ രാവിലെ 6 മണിക്ക്‌ അവിടെ എത്താന്‍ യാതൊരു വഴിയും ഇല്ലായിരുന്നു. കിഴിശ്ശേരിയില്‍ നിന്നും ഡോക്ടറും നാസും പോകുന്നതായി അനില്‍ജി അറിയിച്ചെങ്കിലും അവരെ കോണ്ടാക്ട്‌ ചെയ്യാന്‍ കഴിഞ്ഞില്ല(അവരെ കിട്ടിയിരുന്നെങ്കില്‍ ഞങ്ങള്‍ അവര്‍ക്ക്‌ സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പ്‌ ആകുമായിരുന്നു എന്ന് പിന്നീട്‌ മനസ്സിലായി).അതും കഴിഞ്ഞാണ്‌ കൊണ്ടോട്ടി അടുത്ത്‌ നിന്നും കൊട്ടോട്ടിക്കാരന്‍ പുറപ്പെടുന്നതായി അനില്‍ജി അറിയിച്ചത്‌.അദ്ദേഹത്തിന്റെ ഫോണ്‍ നമ്പറും അനില്‍ തന്നു. പ്രതീക്ഷയോടെ വിളിച്ച എനിക്ക്‌ കിട്ടിയ മറുപടി കൊട്ടോട്ടി കൊണ്ടോട്ടിയിലല്ല കൊല്ലത്താണ്‌ എന്നായിരുന്നു.സകല പ്രതീക്ഷകളും തകിടം മറിഞ്ഞോ എന്ന ആശങ്ക വരുന്നതിന്‌ മുമ്പേ കൊട്ടോട്ടി പറഞ്ഞു,പക്ഷേ ഞാനിപ്പോള്‍ കൊണ്ടോട്ടിക്കടുത്ത്‌ പൂക്കോട്ടൂര്‍ ആണ്‌ താമസം.ഞാന്‍ കുടുംബസമേതം കാറില്‍ പോകുന്നു.മാഷിനും കുടുംബത്തിനും കൂടെ വരാം.അല്‍പം ഒന്ന് ഞെരുങ്ങേണ്ടി വരും എന്ന് മാത്രം.സന്തോഷം കൊണ്ട്‌ ഞാന്‍ എന്തുപറയണം എന്നറിയാതെ നില്‍ക്കുമ്പോഴാണ്‌ അടുത്ത പ്രശ്നം.രാവിലെ പൂക്കോട്ടൂര്‍ എങ്ങനെ എത്തും?അവര്‍ തന്നെ വാടക വീട്ടില്‍ കഴിയുമ്പോള്‍ തലേന്ന് ഞാനും കുടുംബവും കൂടി എത്തിയാല്‍ ദുരിതാശ്വാസ ക്യാമ്പില്‍ സുനാമി അടിച്ച പോലെയാകും.കൊട്ടോട്ടി അതിനും മാര്‍ഗ്ഗം കണ്ടു. "മാഷ്‌ സുഖമായി അരീക്കോട്ട്‌ കിടന്നുറങ്ങിക്കോ...ഞാന്‍ രാവിലെ വന്ന് മാഷെയും കുടുംബത്തെയും അവിടെ നിന്ന് പൊക്കാം" ഓഹ്‌....എന്നെ ചെറായിയില്‍ എത്തിക്കാന്‍ ഓരോരുത്തരുടെ പെടാപാട്‌.പക്ഷേ കൊട്ടോട്ടി പറഞ്ഞ പ്രകാരം നിന്നിരുന്നെങ്കില്‍ ഞാനും കൊട്ടോട്ടിയും ചെറായിക്ക്‌ പകരം ചേളാരി ചന്തയില്‍ പോകേണ്ടി വരുമായിരുന്നു എന്ന് പിറ്റേന്ന് ഹന്‍ള്ളലത്ത്‌ പറഞ്ഞതില്‍ നിന്നും മനസ്സിലായി. എന്നാല്‍ വെള്ളിയാഴ്ച വൈകിട്ട്‌ എന്റെ എല്ലാ പ്രതീക്ഷകളും തകിടം മറിഞ്ഞു.കാരണം എന്നെ കൊണ്ടുപോകാമെന്ന്‌ ഏറ്റ കൊട്ടോട്ടി എന്റെ തീരുമാനം അറിയാത്ത കാരണം, വയനാട്ടില്‍ നിന്നും ഹന്‍ള്ളലത്തിന്റെ അപേക്ഷ പ്രകാരം അവനോട്‌ പൂക്കോട്ടൂരില്‍ എത്താന്‍ പറഞ്ഞു.മൊബൈല്‍ കണക്ഷന്‍ എടുത്ത ശേഷം ആദ്യമായി ഞാന്‍ ഫോണ്‍ എടുക്കാന്‍ മറന്ന അന്ന് എന്നെ കോണ്ടാക്ട്‌ ചെയ്യാന്‍ കൊട്ടോട്ടി എല്ലാ ശ്രമങ്ങളും നടത്തിയ ശേഷമായിരുന്നു ഹന്‍ള്ളലത്തിന്റെ അപേക്ഷ ഫയലില്‍ സ്വീകരിച്ചത്‌.വിവരം ഞാന്‍ അറിയുന്നത്‌ അന്ന് രാത്രിയും. ഞാന്‍ കുടുംബ സമേതം പോകാന്‍ തീരുമാനം എടുത്ത ശേഷം എന്നെ തഴയേണ്ടി വന്നതില്‍ കൊട്ടോട്ടി വളരെ നിരാശനായിരുന്നു.കുറ്റം എന്റേതായിട്ട്‌ കൂടി ഒരു പരിഹാരം കണ്ടെത്താനായി അദ്ദേഹം അറിയാവുന്ന നമ്പറിലേക്കെല്ലാം വിളിച്ചു.സഫാ-മര്‍വ്വക്കിടയില്‍ ഹാജറബീവി ഓടിത്തളര്‍ന്നപ്പോഴെന്ന പോലെ എന്തെങ്കിലും പോംവഴിയായോ എന്നറിയാന്‍ ഇടക്ക്‌ എന്നെയും വിളിച്ചു.ഹന്‍ള്ളലത്തിനെ ഒരു കാരണവശാലും ഇനി തിരിച്ചയക്കരുത്‌ എന്നും ഞാന്‍ എങ്ങിനെയെങ്കിലും ചെറായിയില്‍ എത്തും എന്ന്‌ അറിയിച്ചിട്ടും കൊട്ടോട്ടി വിട്ടില്ല.അവസാനം അനിലിനെ തന്നെ വിളിച്ച്‌ ശനിയാഴ്ച വൈകിട്ട്‌ ഞാന്‍ എടപ്പാളില്‍ കുടുംബ സമേതം എത്താമെന്ന തീരുമാനമായപ്പോഴാണ്‌ കൊട്ടോട്ടിക്ക്‌ അല്‍പമെങ്കിലും സമാധാനമായത്‌. ശനിയാഴ്ച രാത്രി വൈകി ഞാന്‍ കുടുംബ സമേതം എടപ്പാളില്‍ ഇറങ്ങുമ്പോള്‍ അനില്‍ജി കാറുമായി കാത്തു നില്‍പ്പുണ്ടായിരുന്നു.ഞങ്ങളെ വീട്ടിലെത്തിച്ച്‌ സുഭിക്ഷമായ അത്താഴവും(അനില്‍ജിയുടെ ഭാര്യ അമ്പിളിയും മകള്‍ അനഘയും ഞങ്ങളെ പ്രതീക്ഷിച്ച്‌ നില്‍ക്കുകയായിരൂന്നു) തന്ന് താമസത്തിനായി ഏര്‍പ്പാട്‌ ചെയ്ത ടൂറിസ്റ്റ്‌ ഹോമില്‍ എത്തിക്കുമ്പോള്‍ ഞാനും ഭാര്യയും ഈ ബൂലോക സൗഹൃദത്തിന്റെ തീവ്രത (ഒന്നിവിടേയും ക്ലിക്കുക) വീണ്ടും വീണ്ടും അനുഭവിക്കുകയായിരുന്നു. (ഈ മീറ്റില്‍ പങ്കെടുത്തിരുന്നില്ല എങ്കില്‍ അത്‌ എന്നെന്നും ഒരു നഷ്ടമാകുമായിരുന്നു എന്ന് എനിക്ക്‌ തോന്നുന്നു.ഇതിന്‌ പിന്നണിയില്‍ വിയര്‍പ്പൊഴുക്കിയ എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി.) കൊട്ടോട്ടിയും ഞാനും മുമ്പ്‌ കണ്ടിട്ടില്ല.ഹന്‍ള്ളലത്തും കൊട്ടോട്ടിയും തമ്മിലും മുമ്പ്‌ കണ്ടിട്ടില്ല എന്നാണ്‌ ഞാന്‍ മനസ്സിലാക്കിയത്‌.ഞാനും അനിലും അങ്ങിനെ തന്നെ.എന്നിട്ടും ഈ മീറ്റില്‍ പങ്കെടുക്കാനും പരസ്പരം അറിയാനും ഓരോരുത്തരും കാണിച്ച ഈ മനസ്സിനെ എത്ര പുകഴ്ത്തിയാലും മതിയാകില്ല.അതാണ്‌ ബൂലോകം,ബൂലോക സൗഹൃദം.നമുക്ക്‌ ആ സൗഹൃദത്തിന്റെ തിരിനാളം അണയാതെ സൂക്ഷിക്കാം,തലമുറകളിലേക്ക്‌ പകര്‍ന്നു നല്‍കാം.

Monday, July 27, 2009

മലയാള ഭാഷക്ക്‌ ചെറായി മീറ്റിന്റെ സംഭാവന

ചെറായി മീറ്റിന്റെ ഔപചാരികമായ ആരംഭം കുറിച്ചുകൊണ്ട്‌ ലതിച്ചേച്ചി ചായക്ക്‌ ഒരുക്കിയ വിഭവങ്ങളെക്കുറിച്ച്‌ സംസാരിച്ചുകൊണ്ടിരിക്കുകയാണ്‌.

ചേച്ചി: "എല്ലാവരും ചായകുടിക്കണം...ചായക്ക്‌ കൂട്ടായി ഒരു സ്പെഷല്‍ വിഭവം ഉണ്ട്‌....ചക്കയപ്പം..." 

ലതിച്ചേച്ചി പിന്നെ അതിന്റെ നാളും ചരിത്രവും പുരാണവും ഇതിഹാസവും വിവരിക്കാന്‍ തുടങ്ങുമ്പോഴേക്കും, ബിലാത്തിപട്ടണം ചേട്ടന്‍ നാണയം അപ്രത്യക്ഷമാക്കിയതിലും വേഗത്തില്‍ ചക്കയപ്പം തീര്‍ന്നു.

വീണ്ടും ലതിച്ചേച്ചി തുടര്‍ന്നു:"പിന്നെ പ്രവാസികള്‍ക്കായി പ്രത്യേകം ഒരു വിഭവമുണ്ട്‌.നല്ല ഒന്നാംതരം ചക്ക.അയ്‌മനത്ത്‌ നിന്നും കൊണ്ടുവന്നതാ...." 

ലതിച്ചേച്ചി അയ്മനം ചക്കയുടെ ബൊട്ടാണിക്കല്‍ നൈമും അതിന്റെ അപ്പന്‍ ചക്കയുടെ സുവോളജിക്കല്‍ നൈമും അപ്പൂപ്പന്‍ ചക്കയുടെ കുരുവിന്റെ കെമിസ്ട്രിയും വിവരിക്കുന്നതിനിടെ ഹാളില്‍ നിന്നും അമരാവതി റിസോര്‍ട്ടിനകത്തേക്ക്‌ ഒരു റോക്കറ്റ്‌ പാഞ്ഞു(ഭൂമിക്ക്‌ സമാന്തരമായി പറക്കുന്ന റോക്കറ്റിന്റെ സാങ്കേതിക വിദ്യ അന്നും ഇന്നും എന്നും നമ്മുടെ രാജ്യത്തിന്‌ മാത്രം സ്വന്തം).

"ചേച്ചീ....എവിടെ ആ ചക്ക?" ആരോ ചോദിച്ചു.

"ദേ..പിന്നില്‍ ആ ടേബിളില്‍..."

"അവിടെ ചക്കയുമില്ല, ചുക്കുമില്ല..."

"ങേ!! ഞാന്‍ അവിടെ കൊണ്ടുവച്ചതാണല്ലോ...?അതോ മറന്ന് റിസോര്‍ട്ടിനകത്ത്‌ റൂമില്‍ തന്നെ വച്ചോ?ഈയിടെ ഭയങ്കര മറവിയാ" ഉടന്‍ ചിലര്‍ റിസോര്‍ട്ടിനകത്തേക്ക്‌ ഓടി.

"ഹാവൂ.....സമാധാനായി....." 
ഏമ്പക്കവും വിട്ട് വയറും തടവിക്കൊണ്ട്‌ റിസോര്‍ട്ടിനകത്ത്‌ നിന്നും വാഴക്കോടന്‍ ഇറങ്ങി വന്നു.റിസോര്‍ട്ടിനകത്തേക്ക്‌ ഓടിയവര്‍ക്ക്‌ കാര്യം പിടികിട്ടി. അങ്ങനെ ഇന്നലെ മുതല്‍ മലയാള ഭാഷയില്‍ ചെറായി മീറ്റിന്റെ സംഭാവനയായി പുതിയൊരു ചൊല്ലുണ്ടായി - "ചക്ക കണ്ട വാഴക്കോടനെപ്പോലെ..."

Saturday, July 25, 2009

ബസ്‌യാത്ര

സാധാരണ ഞാനും സുഹൃത്ത്‌ നസ്രുള്ളയും കൂടിയാണ്‌ എന്നും ജോലിസ്ഥലമായ കോഴിക്കോട്ടേക്ക്‌ പോകുന്നത്‌.അവന്‍ നേരെത്തെ എത്തുന്ന ദിവസങ്ങളില്‍ എനിക്കും ഞാന്‍ നേരത്തെ ദിവസങ്ങളില്‍ അവനും സീറ്റ്‌ പിടിക്കും.രണ്ടാഴ്ച മുമ്പ്‌ ഞങ്ങള്‍ രണ്ട്‌ പേരും വൈകിയില്ല എങ്കിലും സീറ്റ്‌ ലഭിച്ചില്ല.നിന്ന് യാത്ര ചെയ്യുന്നതിന്റെ ബുദ്ധിമുട്ട്‌ അല്‍പം 'ആസ്വദിക്കാം' എന്ന് കരുതി.എന്നാല്‍ കുറച്ച്‌ സമയം കഴിഞ്ഞ്‌ ഞങ്ങള്‍ നില്‍ക്കുന്നിടത്തെ ഒരു സീറ്റ്‌ ഒഴിഞ്ഞു.സീറ്റില്‍ നസ്രുള്ള ഇരുന്നു.അഡ്‌ജസ്റ്റ്‌മെന്റോടെ ഞാനും മെല്ലെ ചന്തി വച്ചു. അന്ന് തന്നെ വൈകിട്ട്‌ തിരിച്ചു പോരുമ്പോള്‍ മറ്റൊരു കാരണത്താല്‍ ഞാന്‍ എന്റെ സീറ്റ്‌(റിസര്‍വ്വ്‌ഡ്‌ സീറ്റ്‌ ഒന്നും അല്ല) ഒരാള്‍ക്ക്‌ ഒഴിഞ്ഞുകൊടുത്തു.തുടര്‍ന്ന് നസ്രുള്ള ഇരുന്ന സ്ഥലത്ത്‌ നിന്നും അവനെ സൈഡിലേക്കാക്കി അഡ്‌ജസ്റ്റ്‌ ചെയ്തു.ബസ്‌ കുറേ ദൂരം മുന്നോട്ട്‌ നീങ്ങി.ഞാന്‍ വെറുതെ ഒന്ന് ബസാകെ കണ്ണോടിച്ചു.ഒട്ടേറെ പേര്‍ നിന്ന് യാത്ര ചെയ്യുന്നുണ്ടായിരുന്നു. നാലഞ്ച്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ വരെ ബസില്‍ ഒരു സീറ്റില്‍ മൂന്ന് പേരെ അഡ്‌ജസ്റ്റ്‌ ചെയ്ത്‌ ഇരുത്തുമായിരുന്നു.അതിന്‌ ആരും പ്രത്യേകം ആവശ്യപ്പേടേണ്ടതില്ലായിരുന്നു.ഇന്ന് ബസുകളുടെ ആധിക്യം കാരണം, അവന്‌ അടുത്ത ബസില്‍ വന്നാല്‍ മതിയല്ലോ എന്നൊരു ചിന്ത ഇരിക്കുന്നവന്റെ മനസ്സില്‍ ഉടലെടുത്തത്‌ കാരണം ആരും അഡ്‌ജസ്റ്റ്‌ ചെയ്യുന്നില്ല.ഇനി ഒന്ന് അഡ്‌ജസ്റ്റ്‌ ചെയ്യാന്‍ ആവശ്യപ്പെട്ടാലോ അവനെ ഒന്നുഴിഞ്ഞു നോക്കി ഒരു പിറുപിറുക്കലോടെ നീങ്ങി തന്നാലായി എന്ന് മാത്രം. വൃദ്ധന്മാരും രോഗികളും സ്ത്രീകളും കൈകുഞ്ഞുകളെ എടുത്ത സ്ത്രീകളും ബസില്‍ തൂങ്ങിപിടിച്ച്‌ യാത്ര ചെയ്യുന്ന കാഴ്ച ഇപ്പോള്‍ സുലഭമാണ്‌.പണ്ട്‌ നാമെല്ലാവരും അവര്‍ക്ക്‌ സീറ്റ്‌ ഒഴിഞ്ഞു കൊടുത്തിരുന്നുവെങ്കില്‍ ഇന്ന് ആരും അവരെ പരിഗണിക്കുന്നില്ല എന്നത്‌ ദു:ഖകരമാണ്‌.കാലത്തിനനുസരിച്ച്‌ നമ്മുടെ മനസ്സ്‌ ദുഷിച്ചു പോയതിന്റെ പരിണത ഫലമാണ്‌ ഈ മനംമാറ്റം. ചുരുങ്ങിയത്‌ വൃദ്ധന്മാര്‍ക്കെങ്കിലും സീറ്റ്‌ ഒഴിഞ്ഞു കൊടുക്കുന്നില്ലെങ്കിലും ഒന്ന് അഡ്‌ജസ്റ്റ്‌ ചെയ്ത്‌ കൊടുക്കാന്‍ യാത്രക്കാരായ നാമെല്ലാവരും സന്മനസ്സ്‌ കാട്ടേണ്ടിയിരിക്കുന്നു.ബുദ്ധിമുട്ടുന്ന ആ വൃദ്ധന്റെ സ്ഥാനത്ത്‌ നമ്മുടെ മാതാപിതാക്കള്‍ ആയിരുന്നെങ്കില്‍ എന്ന് ഒരു നിമിഷം ചിന്തിച്ചു നോക്കുക.

Wednesday, July 22, 2009

കുഞ്ഞീവി ടീച്ചറും കുട്ട്യേളും.....

(രംഗം മീറ്റ്‌ ഗീതം ക്ലാസ്‌ മുറി.വാഴക്കോടന്‍ സ്റ്റേജിലൂടെ പാത്തി നടക്കുന്നു, സോറി പാടിനടക്കുന്നു.

"ജ്ജ്‌ മതു പകരൂ...

ജ്ജ്‌ മലര്‍ ചൊരിയൂ....

അനുരാഗ പൗര്‍ണമിയേ....

ജ്ജ്‌ മായല്ലേ....

ജ്ജ്‌ മറയല്ലേ....

നീല നിലാവൊലിയേ..."

കുഞ്ഞീവി ടീച്ചര്‍ ക്ലാസിലേക്ക്‌ പ്രവേശിക്കുന്നു.)

"എടാ ബായേ....ജ്ജ്‌ പെണ്ണ്‍ കെട്ടീട്ട്‌ല്ലേ?"

"ഉം...കല്യാണം കഴിഞ്ഞ്‌ രണ്ട്‌ ട്രോഫിയും ആയിട്ടുണ്ട്‌...അട്‌ത്തെതിന്‌ ഫൗണ്ടേഷനും ഇട്ടിട്ടുണ്ട്‌..."

"ആഹാ...നീ അപ്പോ അതിലും പുലിയാണല്ലോ"

"ആ...ഞമ്മളേതാ മോന്‍.."

"ആ...സരി...ജ്ജ്‌ ഓളെ മൊജ്ജ്‌ ചെല്ലീണോ..?"

"ഇല്ലല്ലോ...എന്താ ടീച്ചെറേ അങ്ങനെ ചോദിക്കാന്‍..."

"അല്ല...അന്നെ എപ്പം ബിള്‍ച്ചാലും 'ഔട്ട്‌ ഓഫ്‌ മാരിയേജ്‌...' എന്നാ ആ ഫോണിനുള്ളിലെ പെണ്ണുമ്പിള്ള പറയുന്നത്‌..."

"'ഔട്ട്‌ ഓഫ്‌ മാരിയേജ്‌ അല്ല,ഔട്ട്‌ ഓഫ്‌ റേഞ്ചാ ടീച്ചറേ...."

"ആ...ന്നാ അങ്ങനെ...ജ്ജ്‌ പ്പം ഏത്‌ പാട്ടാ പാടീന്യേത്‌?"

"മീറ്റ്‌ ഗീതം തെന്നെ..."

"അനക്കതൊന്ന് നിര്‍ത്തി നിര്‍ത്തി പാടിക്കൂടെ...ന്നാലല്ലേ ഭാവം വരൊള്ളൂ...."

"ങേ...അവള്‍ വരുന്നുണ്ടോ? ന്നാ ഞാന്‍ നിര്‍ത്തി അല്ല കിടത്തി തന്നെ പാടാം..."

"ആ...അന്റെ പാട്ട്‌ കേട്ട്ട്ടയ്ക്കാരം കൊറേ ബ്ലോഗന്മാര്‌ പൊറത്ത്‌ ന്‌ക്ക്‌ണത്‌....ജ്ജ്‌ ഓലെ എല്ലാരിം ങട്ട്‌ ബിളിച്ച്‌ കൊണ്ട്‌ ബാ..."

(വാഴക്കോടന്‍ പുറത്ത്‌പോയി എല്ലാവരേയും ഉന്തി തള്ളി അകത്തു കയറ്റുന്നു.)

"ആഹാ...മീറ്റ്‌ന്‌ ഈറ്റ്‌ ണ്ട്‌ ന്ന് പറഞ്ഞപ്പോത്ത്‌ന്‌...."

"ടീച്ചറേ ആരാ അങ്ങനെ പറഞ്ഞ പോത്ത്‌?"വാഴക്കോടന്‍ ഇടക്ക്‌ കയറി.

"മുയ്മന്‍ കേക്കടാ മൊശകൊടാ...അല്ല ബായക്കോടാ....ഈറ്റ്‌ ണ്ട്‌ ന്ന് പറഞ്ഞപ്പോത്ത്‌ന്‌ ഗായികാ-ഗായകന്മാരുടെ പ്രവാഹമല്ലേ..?"

"അതാ കവി പാട്യേത്‌..." വാഴ വീണ്ടും.

"എന്താ പാട്യേത്‌...?"

"സ്വര രാഗ ഗംഗാ പ്രവാഹം..."

"ആ...ജ്ജ്‌ ആള്‌ നല്ലൊരു മൊയന്ത്‌ തെന്നെ,അല്ല മൊതല്‌ തെന്ന്യാട്ടോ...ഏതാലും ഹാജര്‍ ബിളിക്കട്ടെ..."

"ബാഴക്കോടന്‍...."

"ദാ...ബെടെ.." വാഴ പറഞ്ഞു.

"ആ...കണ്ട്‌...കാന്താരിക്കുട്ടി..."

"ആബ്‌സന്റ്‌..." കാന്താരിക്കുട്ടി എണീറ്റ്‌ നിന്ന് പറഞ്ഞു.

"ങേ!!അപ്പം ഇജ്ജ്‌ കാന്താരീന്റെ പ്രേതാ?"

"അല്ല..ഞാന്‍ ഒറിജ്ജിനല്‍ കാന്താരി..."

"ആ..ഹാജര്‍ ബിളിക്കുമ്പോ ആബ്‌സന്റ്‌ ന്നല്ല പ്രെഗ്നന്റ്‌ ന്നാ പറ്യേണ്ടത്‌ ന്ന് അറീലേ..."

"ആ....ഇനി അങ്ങനെ പറയാം..."

"ആ...സരി....ഹന്‍ള്ളള്ളള്ള....ഇതെത്ര ള്ളാ പടച്ചോനേ...?"

"അത്ര ള്ള മതി ടീച്ചറേ....ഞാനിതാ..."

"ഔ...അന്നെപ്പോലെത്തെ രണ്ടെണ്ണം മതി ഞമ്മക്ക്‌ വിക്കാണെന്ന് ജനം ബിചാരിച്ചാന്‍...അടുത്തെ....ചാണ.....ചാണകത്തില്‍ കല്ലിട്ട കുരുത്തം കെട്ടവന്‍...."

"അതാരാ ആ കുരുത്തം കെട്ടവന്‍?"വാഴക്കോടന്‍ ആളെ കാണാനായി എണീറ്റു നിന്നു.

"ജ്ജ്‌ ബായക്കോടനോ അതോ കുരുത്തം കെട്ടോനോ...?"

"രണ്ടാമത്‌ പറഞ്ഞതാ പറ്റ്യ പേര്‌.."സഹപാഠികള്‍ ഒന്നിച്ച്‌ പറഞ്ഞു.

"ടീച്ചറേ...അത്‌ രണ്ടാളെ കൂട്ടി വായിച്ചോ?"ആരോ സംശയം ഉന്നയിച്ചു.

"ആ ഇതൊക്കെ ബായ്ച്ചാന്‌ള്ള ബിവരം ഞമ്മക്ക്‌ണ്ട്‌...അയ്‌ന്‌ ഞി രണ്ടാളെ ബിളിച്ചൊന്നും മാണ്ട...."

"അതല്ല ടീച്ചറേ പറഞ്ഞത്‌...രണ്ടാളുടെ പേര്‌ കൂട്ടി വായിച്ചൂന്ന്..."

"ആ...അത്‌ സരി...നോക്കട്ടെ....ശര്യാ...ചാണക്യന്‍...."

"ഹി..ഹി..ഹീ..."ചാണക്യന്‍ ഹാജര്‍ അറിയിച്ചു.

"ചാണക്യന്റെ അടീല്‌ കെടക്ക്‌ണെ പെണ്ണേതാ...?"

"ങേ!!ചാണക്യന്റെ അടിയില്‍ കിടക്കുന്ന പെണ്ണോ?എവിടെ എവിടെ?"എല്ലാവരും എണീറ്റ്‌ നിന്ന് ചാണക്യന്‍ ഇരിക്കുന്നിടത്തേക്ക്‌ നോക്കി.

"ഫൂ....ഇരിക്കെടാ ബഡ്ക്കൂസുകളേ...ഈ രെജിസ്റ്ററില്‍ ചാണക്യന്റെ പേരിന്റെ താഴെള്ള പേരാ ചോയ്ച്ചെ..?"

"ഓ...തൂറ്റല്‍ പോലെ വന്നത്‌ തുമ്മി പോയത്‌ പോലെയായി.."എല്ലാവരും ഇരുന്നു.

"ആ ഞി ബാക്കിള്ളോല്‍ക്കൊക്കെ പ്രസിഡന്റ്‌ ഇട്ട്‌ക്ക്‌ണ്‌...ഇല്ലെങ്കി ങളെ പേര്‌ ബായ്ച്ചതിന്‌ ഞമ്മള്‌ നരകത്ത്‌ പോകണ്ടി ബെരും...അല്ലാ ഒര്‌ ലോറി നറച്ചും ആള്‌ ബെര്‌ണ്‌ണ്ടല്ലോ...."

"ലോറി നിറച്ചും ആള്‌ണ്ടെങ്കി അത്‌ നമ്മളെ ബീരാങ്കുട്ടിം കുട്ടിപട്ടാളവും ആയിരിക്കും"

"കുട്ട്യേക്ക്‌ ഫ്രീയാ ന്ന് പറഞ്ഞപ്പം എല്ലത്ത്‌നിം പുട്‌ച്ച്‌...ഒരു വാര്‍ഷിക കണക്കെടുപ്പും ഒപ്പം നടത്താലോ..."ലോറിയില്‍ നിന്നുമിറങ്ങി ബീരാങ്കുട്ടി പറഞ്ഞു.

"ആ...ഇവിടന്ന് തിരിച്ച്‌ പോകുമ്പം ഒര്‌ ലോറിം കൂടി വേണ്ടി വരരുത്‌..."ആരോ കമന്റി.

"ഇതേതാ ഒരു വയസന്‍ പുലി ബെര്‌ണത്‌...?"

"ഓള്‍ഡ്‌ ബ്ലോഗ്‌ പുലിയായിരിക്കും..."

"എന്റെ പേര്‌ ചേറായി....ചാവേറായി..."ആഗതന്‍ പറഞ്ഞു.

"ചാവാറായി ന്ന് കണ്ടപ്പളേ മനസ്സിലായി..."വാഴ ഇടയില്‍ കാച്ചി.

"ചാവാറായി അല്ല ചാവേറായി..."

"ബോത്ത്‌ ആര്‍ മാതമാറ്റിക്സ്‌..."വാഴ അറിയാവുന്ന ഏക ഇംഗ്ലീഷും കാഞ്ചി വലിച്ച്‌വിട്ടു.

"ബദ്‌രീങ്ങളേ....ചെറായിയില്‍ ചാവേറായി ചേറായിയോ...?"

യെലേന ഇസിന്‍ബയേവയുടേയും ഉസൈന്‍ ബോള്‍ട്ടിന്റേയും ലോകറിക്കാര്‍ഡ്‌ ഒരുമിച്ച്‌ തകര്‍ത്ത്‌ കുഞ്ഞീവി ടീച്ചര്‍ ഒരു അത്യപൂര്‍വ്വ ലോകറിക്കാര്‍ഡ്‌ സ്ഥാപിച്ചു.

യൂറിയയും തൂറിയയും അടങ്ങിയ സമൃദ്ധമായ ജൈവവളം കുത്തി ഒഴുകിയതിനാല്‍, അന്ന് കുഞ്ഞീവി ടീച്ചര്‍ പാഞ്ഞ വഴിയില്‍ പിറ്റേന്ന് മുതല്‍ തന്നെ പുല്ല്‌ സമൃദ്ധമായി വളരാന്‍ തുടങ്ങി.

Monday, July 20, 2009

കോഴിക്കോട്‌ പട്ടണത്തിലെ ഭൂതം

കോഴിക്കോട്‌ പട്ടണത്തില്‍ ഭൂതം ഇറങ്ങിയത്‌ നാല്‌ സ്ഥലത്താണ്‌ എന്നാണ്‌ ചുടുപാടും നിരീക്ഷിച്ചതില്‍ നിന്നുള്ള എന്റെ നിഗമനം.(അതില്‍ പലയിടത്തുനിന്നും ഭൂതത്തെ ജനം പുകച്ചു ചാടിച്ചു എന്നും തോന്നുന്നു) 11/7/2009 ന്‌ മെഡിക്കല്‍ -എഞ്ചിനീയറിംഗ്‌ പ്രവേശനത്തിനുള്ള ഓപ്ഷന്‍ കൊടുക്കുന്നവരുടെ സൗകര്യ്ത്തിനായി രണ്ടാം ശനി ആയിരുന്നിട്ടും എനിക്ക്‌ കോളേജില്‍ അറ്റന്റ്‌ ചെയ്യേണ്ടി വന്നു.അന്ന് ഉച്ചക്ക്‌ ഊണിനായി കോഴിക്കോട്‌ രാധ തിയേറ്ററിനടുത്തുള്ള ആര്യഭവനില്‍ എത്തിയതായിരുന്നു ഞാന്‍.തിയേറ്ററിന്‌ മുന്നിലെ വിവിധ ഫ്ലക്സ്‌ ബോര്‍ഡുകള്‍ കണ്ട്‌ ഞാന്‍ അന്തം വിട്ടു നിന്നു.തിങ്ങിനിറഞ്ഞു നില്‍ക്കുന്ന ബോര്‍ഡുകള്‍.ഇത്‌ അടിക്കുന്ന കാശ്‌ കൊണ്ട്‌ നാല്‌ പേര്‍ക്ക്‌ നല്ല ഓരോ ഊണ്‌ അടിക്കാമായിരുന്നില്ലേ എന്ന തോന്നല്‍ എനിക്കുണ്ടാകാതിരുന്നില്ല. ഊണ്‍ കഴിച്ച്‌ ഞാന്‍ പുറത്തിറങ്ങുമ്പോള്‍ സമയം രണ്ടര മണി കഴിഞ്ഞിരുന്നു.എന്നെപ്പോലെ ഏതോ ഒരു അന്തം കമ്മി ഊണ്‍ കഴിക്കുന്നതിന്‌ മുമ്പ്‌ തിയേറ്ററിന്‌ മുന്നിലെ ഫ്ലക്സ്‌ ബോര്‍ഡുകള്‍ കണ്ട്‌ മതിമറന്ന് നില്‍ക്കുകയാണ്‌.പെട്ടെന്ന് അല്‍പം അകലെ നിന്നിരുന്ന സെക്യൂരിറ്റി ഗാര്‍ഡ്‌ പറഞ്ഞു:"വേഗം കയര്‌...റ്റിക്കറ്റുണ്ട്‌...".ആ കോമ്പൗണ്ടില്‍ വരുന്ന എല്ലാവരോടും സെക്യൂരിറ്റി ഇതാവര്‍ത്തിക്കുന്നുണ്ടായിരുന്നു. എന്റെ നിരീക്ഷണ പാടവത്തില്‍ നിന്നും സൂപ്പര്‍സ്റ്റാര്‍ നായകനായ ആ സിനിമ റിലീസായത്‌ രണ്ട്‌ ദിവസം മുമ്പ്‌ മാത്രമാണെന്നറിഞ്ഞു.കാക്കത്തൊള്ളായിരം ഫാന്‍സ്ക്ലബ്ബുകളുണ്ടായിട്ടും പടമിറങ്ങി ഒമ്പതാമത്തെയോ പത്താമത്തെയോ ഷോക്ക്‌ ജനത്തെ വിളിച്ചു കയറ്റേണ്ട ഗതികേട്‌ ഞാന്‍ നേരിട്ടു കണ്ടു(ഫാന്‍സുകാര്‍ ക്ഷമിക്കുക) കോളേജില്‍ പഠിക്കുന്ന കാലത്ത്‌ ഇതേ സ്റ്റാറിന്റെ എന്നോ റിലീസായ ഒരു പടം കാണാന്‍ മണിക്കൂറുകളോളം ഒരു ആരാധകന്‌ കമ്പനിയായി നില്‍ക്കേണ്ടി വന്ന എനിക്ക്‌ ഇത്‌ വിശ്വസിക്കാനേ കഴിയുന്നില്ല.പിന്നെ കൊല്ലങ്ങളായി സിനിമ കാണാത്ത എനിക്ക്‌, ഈ മാറ്റം ഏതായാലും നന്നേ ഇഷ്ടപ്പെട്ടു.മറ്റു കാണികളുടെ ഇടിയും തൊഴിയും പോലീസിന്റെ ലാത്തിയും കൊള്ളാതെ സിനിമ കാണാനാവുന്ന യുഗം തിരിച്ചെത്തിയല്ലോ.