Pages

Friday, March 08, 2019

അന്താരാഷ്ട്ര വനിതാദിനം

             ഇന്ന് അന്താരാഷ്ട്ര വനിതാദിനം. പലരും പല വിധത്തില്‍ ആചരിക്കുന്ന ഒരു ദിനം. പക്ഷെ,  രണ്ട് വര്‍ഷമായി എനിക്ക് വനിതാ ദിനം എന്ന് കേള്‍ക്കുമ്പോള്‍ തലക്കുള്ളിലൂടെ ഒരു ആമ്പുലന്‍സ് പായാന്‍ തുടങ്ങും !

           നാഷണല്‍ സര്‍വീസ് സ്കീം പ്രോഗ്രാം ഓഫീസറായി വയനാട് എഞ്ചിനീയറിംഗ് കോളേജില്‍ നിരവധി വ്യത്യസ്തമാര്‍ന്ന പ്രോഗ്രാമുകള്‍ നടത്തിക്കൊണ്ടിരിക്കുന്ന കാലം. അതിനിടയിലാണ് അന്താരാഷ്ട്ര വനിതാദിനം കടന്നു വരുന്നത്. വളണ്ടിയര്‍മാരുമായി ആലോചിച്ച് ഞാന്‍ ഒരു പരിപാടി തയ്യാറാക്കി. മറ്റൊന്നുമല്ല , പെണ്‍‌കുട്ടികള്‍ക്ക് മാത്രമായി ഒരു രക്തദാന ക്യാമ്പ്.ആവശ്യത്തിന് കുട്ടികളെ കിട്ടുമോ എന്ന് ആശങ്ക ഉണ്ടായിരുന്നെങ്കിലും പരിപാടിയുമായി മുന്നോട്ട് പോയി.

            ആയിടെ വായിച്ച ഒരു ആര്‍ട്ടിക്കിളില്‍ നിന്നും കിട്ടിയ “ഷീറോസ്” (She+Heroes) എന്ന പേര് ക്യാമ്പിന് നല്‍കി. ആസിഡ് ആക്രമണത്തിനിരയായ സ്ത്രീകളുടെ ഒരു എന്‍.ജി.ഒ ആണ് ഷീറോസ്. മലയാളത്തില്‍ വീരാംഗനകള്‍ എന്ന് വേണമെങ്കില്‍ തര്‍ജ്ജമ ചെയ്യാം. Every Donor is a Hero എന്ന രക്തദാനത്തിന്റെ മുദ്രാവാക്യം ആയിരുന്നു ക്യാമ്പിന് ഷീറോസ് എന്ന് പേരിടാന്‍ പ്രചോദനം.

            ക്യാമ്പ് വളരെ ഭംഗിയായി മുന്നേറി. നാല്പതിലധികം പെണ്‍കുട്ടികള്‍ രക്തം ദാനം ചെയ്തു. കഠിനമായ ജോലികള്‍ ചെയ്യരുത് എന്നും ക്ലാസില്‍ കയറിയില്ലെങ്കിലും ഡ്യൂട്ടി ലീവ് അനുവദിച്ച് തരുമെന്നും എല്ലാം രക്തം ദാനം ചെയ്ത കുട്ടികളെ തെര്യപ്പെടുത്തി.  രക്തം ദാനം ചെയ്ത് വിശ്രമിച്ചു കൊണ്ടിരുന്ന ഒരു കുട്ടിയുടെ അവസ്ഥ ഇതിനിടക്ക് അല്പം മോശമായി. അവിടെ വച്ച് തന്നെ താല്‍ക്കാലിക സംവിധാനം ഒരുക്കി ഡ്രിപ് നല്‍കി. വീണ്ടും ചിലര്‍ കൂടി അപലക്ഷണങ്ങള്‍ കാണിക്കാന്‍ തുടങ്ങിയതോടെ ഞാന്‍ പ്രതിരോധത്തിലായി.

             അതിനിടെ ഒരു പെണ്‍‌കുട്ടി ലാബില്‍ തല കറങ്ങി വീണതായി വാര്‍ത്ത പരന്നു. അന്വേഷിച്ചപ്പോള്‍ രക്തം ദാനം ചെയ്ത കുട്ടിയാണ്. ഉടനെ കുട്ടിയെയും കൊണ്ട് ഒരു സ്റ്റാഫിന്റെ കാറ് മാനന്തവാടി ജില്ലാ ആശുപത്രിയിലേക്ക് പാഞ്ഞു. അല്പം കഴിഞ്ഞ് മറ്റൊരു ക്ലാസിലും ഒരു കുട്ടി വീണു. അവളെയും ഉടന്‍ ആശുപത്രിയിലേക്ക് നീക്കി. നേരത്തെ ഡ്രിപ് നല്‍കിക്കൊണ്ടിരുന്നവളുടെ കണ്ടീഷനും മെച്ചപ്പെടാത്തതിനാല്‍ മൂന്നാമത്തെ വണ്ടിയും ആശുപത്രിയിലേക്ക് കുതിച്ചു.

           രക്തദാനം കഴിഞ്ഞ് എല്ലാവരെയും പിരിച്ചു വിട്ട ശേഷം ഞാനും ആശുപത്രിയിലെത്തി. അല്പ സമയം കഴിഞ്ഞ് ഒരു പെണ്‍കുട്ടിയെക്കൂടി കൊണ്ടു വന്നപ്പോള്‍ കാഷ്വാലിറ്റിയിലുള്ളവരുടെ സംസാരം ഞാന്‍ കേട്ടു - രക്തദാനം നടത്തിയതാ, കുറെ എണ്ണത്തിന് അങ്ങോട്ട് ഡ്രിപ്പും നല്‍കേണ്ടി വന്നു. അന്ന് വൈകിട്ട് ഏഴുമണി കഴിഞ്ഞാണ് അവസാനത്തെ ആളെയും ഡിസ്ചാര്‍ജ്ജ് ചെയ്ത് കോളേജ് ഹോസ്റ്റലില്‍ എത്തിച്ചത്.

          ഇന്ന് ഒരു ക്യാമ്പ് നടത്തണ്ടെ എന്ന് ചോദിച്ച് ആഴ്ചകള്‍ക്ക് മുമ്പ് ഒരു വിളി വന്നിരുന്നു. അന്നത്തെ അനുഭവത്തില്‍ നിന്നും ഞാന്‍ ഒരു പാഠം പഠിച്ചിരുന്നതിനാല്‍ സുല്ലിട്ട് പിന്മാറി. വനിതാ ദിനത്തില്‍ രക്തദാനം അത്ര നല്ല ആശയമല്ല എന്ന പാഠം പഠിപ്പിച്ച എല്ലാവര്‍ക്കും വനിതാ ദിനാശംസകള്‍.

Wednesday, March 06, 2019

അവാര്‍ഡ് ഹാട്രിക് !!

         കോളേജ് കാലഘട്ടം വരെ ഫുട്ബാള്‍ കളിക്കുന്നത് എന്റെ ഇഷ്ടപ്പെട്ട ഒരു വിനോദമായിരുന്നു. പിന്നീട് എന്‍.എസ്.എസ് ക്യാമ്പുകളില്‍ നേരം പോക്കിന് കുട്ടികളോടൊപ്പവും കളിക്കാറുണ്ടായിരുന്നു. ആധുനിക ഫുട്ബാളില്‍ ലയണല്‍ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും തമ്മിലുള്ള  റെക്കോര്‍ഡ് മത്സരവും ഞാന്‍ കൌതുകത്തോടെയാണ് എന്നും വീക്ഷിച്ചിരുന്നത്. മെസ്സിയും റൊണാള്‍ഡോയും കാല്‍‌പന്തു കളിയില്‍ ഹാട്രിക് അടിച്ചു കൂട്ടുന്നതും അത്ഭുതത്തോടെ വായിക്കാറുണ്ട്.

          ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഞാനും ഒരു ഹാട്രിക് അടിച്ചു ! എന്റെ ഇഷ്ട വിനോദമായ ഫുട്ബാളിലോ ഇപ്പോള്‍ ഒട്ടും കാണാത്ത ക്രിക്കറ്റിലോ അല്ല അത്. കഴിഞ്ഞ എട്ട് വര്‍ഷത്തോളമായി ഞാന്‍ ഒരു ഹരമായി നെഞ്ചേറ്റി നടക്കുന്ന നാഷണല്‍ സര്‍വീസ് സ്കീമിന്റെ അവാര്‍ഡ് നേട്ടത്തില്‍. അതെ ,സംസ്ഥാനത്തെ മികച്ച പ്രോഗ്രാം ഓഫീസര്‍ക്കുള്ള  നാഷണല്‍ സര്‍വീസ് സ്കീം സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് മൂന്നാം തവണയും എന്നെത്തേടി എത്തി - അല്‍ഹംദുലില്ലാഹ് (ദൈവത്തിന് സ്തുതി).
            2012-ല്‍ ആയിരുന്നു എനിക്ക് പ്രഥമ സംസ്ഥാന പുരസ്കാരം ലഭിച്ചത്. 2013ലും പുരസ്കാരം നേടിക്കൊണ്ട് തുടര്‍ച്ചയായി രണ്ട് തവണ സംസ്ഥാന പുരസ്കാരം നേടുന്ന ആദ്യത്തെ പ്രോഗ്രാം ഓഫീസറായി മാറി. അന്ന് രണ്ട് തവണയും കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജിന്റെ എന്‍.എസ്.എസ് യൂണിറ്റിനെ നയിച്ചതിനാണ് അവാര്‍ഡ് ലഭിച്ചതെങ്കില്‍ ഇത്തവണ വയനാട് ഗവ. എഞ്ചിനീയറിംഗ് കോളേജിന്റെ നായകന്‍ എന്ന നിലയിലാണ് അവാര്‍ഡ്.അതോടെ രണ്ട് വ്യത്യസ്ത കോളേജിന് വേണ്ടി സംസ്ഥാന അവാര്‍ഡ് നേടുന്ന ആദ്യത്തെ പ്രോഗ്രാം ഓഫീസറും ആയി. ഇതിനൊക്കെ പുറമെ മൂന്ന് തവണ സംസ്ഥാന പുരസ്കാരം ലഭിച്ച ഏക പ്രോഗ്രാം ഓഫീസര്‍ എന്ന റിക്കാര്‍ഡും എന്റെ പേരിലായി (ഈ റിക്കാര്‍ഡുകള്‍ ഒന്നും ഇവിടെയല്ലാതെ മറ്റൊരിടത്തും രേഖപ്പെടുത്തി വച്ചിട്ടില്ല !) .
             സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന മിക്ക പുരസ്കാരങ്ങളുടെയും അവാര്‍ഡ് തുക ആകര്‍ഷണീയമാണ്. അവാര്‍ഡ് ദാന ചടങ്ങും ഗംഭീരമായിരിക്കും. എന്നാല്‍ എന്‍.എസ്.എസ് പുരസ്കാരം നേടിയവര്‍ക്ക് മാത്രമേ ‘തുക’യുടെ വലിപ്പം അറിയൂ. സേവനത്തിനുള്ള അവാര്‍ഡ് ആയതിനാല്‍ കിട്ടുന്നത് സ്വീകരിക്കുക എന്നതാണ് നിലവിലുള്ള പോളിസി , നൊ കമ്പ്ലൈന്റ്. ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങുന്ന സിനിമാതാരങ്ങള്‍ക്കുള്ള സംസ്ഥാന അവാര്‍ഡും ദിവസങ്ങള്‍ക്ക് മുമ്പ് പ്രഖ്യാപിച്ചിരുന്നു.അവിടെ അവാര്‍ഡ് തുകയും ലക്ഷങ്ങളാണ്.

             2012ലെ പ്രഥമ അവാര്‍ഡ് ഞാന്‍ സ്വീകരിച്ചത് ചെങ്ങനൂരില്‍ അന്നത്തെ മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ ചാണ്ടിയില്‍ നിന്നായിരുന്നു. 2013ല്‍ ആലുവയില്‍ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ.പി.കെ അബ്ദുറബ്ബ് ആണ് പുരസ്കാരം തന്നത്. ഇത്തവണ തിരൂരില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ.കെ.ടി ജലീല്‍ ആണ് പുരസ്കാര വിതരണം നടത്തിയത്. ഞാന്‍ എന്‍.എസ്.എസ്‌ല്‍ വളണ്ടിയര്‍ ആയി പിച്ച വച്ചു തുടങ്ങിയ കാലത്ത് തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജില്‍ എന്റെ സീനിയര്‍ വിദ്യാര്‍ത്ഥി ആയിരുന്നു ശ്രീ.കെ.ടി ജലീല്‍ എന്നത് യാദൃശ്ചികം മാത്രം.
            സ്വരം നന്നാവുമ്പോള്‍ പാട്ട് നിര്‍ത്തണം എന്നാണല്ലോ? നിര്‍ബന്ധപൂര്‍വ്വം പാട്ട് നിര്‍ത്തിച്ചതിനാല്‍ നാലാം തവണയും  അവാര്‍ഡിന് അവകാശിയാകാന്‍ ഞാന്‍ കളത്തിലില്ല. എങ്കിലും കളത്തിന് പുറത്ത് എല്ലാവരെയും സഹായിക്കാന്‍ എന്റെ എന്‍.എസ്.എസ് മനസ്സ് സദാ സന്നദ്ധമായി നില്‍ക്കുന്നു. ഈ നേട്ടങ്ങള്‍ക്ക് എന്നെ അര്‍ഹനാക്കിയ എന്റെ പ്രിയപ്പെട്ട എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഗുരുനാഥന്മാര്‍ക്കും എന്നും പ്രോത്സാഹനം നല്‍കിയ സുഹൃത്തുക്കള്‍ക്കും ഹൃദയത്തില്‍ നിന്നുള്ള നന്ദി അറിയിക്കുന്നു. സ്തുതി ദൈവത്തിനും.

Thursday, February 28, 2019

സന്തോഷം സന്തോഷം

             എന്റെ വീട്ടില്‍ ഒരു അപ്രഖ്യാപിത മത്സരം നടക്കുന്നുണ്ട്. സമ്മാനങ്ങള്‍ നേടുന്നതിലുള്ള മത്സരമാണത്. ഞാനും എന്റെ മൂന്ന് മക്കളുമാണ് മത്സരാര്‍ത്ഥികള്‍. കട്ടക്ക് കട്ട മത്സരം തന്നെ നടക്കുന്നതിനാല്‍ പുതിയതായി പണി കഴിപ്പിച്ച ഷോകേസും നിറഞ്ഞു കഴിഞ്ഞു ! മക്കളും ഞാനും കൂടി ഇതുവരെ അതില്‍ എത്തിച്ചിരിക്കുന്നത് 144 ഓളം മെമെന്റോകളും ട്രോഫികളും ഷീല്‍ഡുകളും ഫലകങ്ങളും ! മക്കള്‍ ഇപ്പോഴും മത്സരങ്ങളില്‍ പങ്കെടുക്കുന്നു , ഞാനും എനിക്ക് കഴിയുന്ന മത്സരങ്ങളില്‍ പങ്കെടുത്ത് കൊണ്ടിരിക്കുന്നു.

               ഏറ്റവും ഇളയവളായ ലൂന മോള്‍ മത്സരക്കളത്തില്‍ ഇറങ്ങിത്തുടങ്ങിയിട്ടേ ഉള്ളൂ. രണ്ട് മാസം മുമ്പ് ബാലഭൂമിയുടെ മത്സരത്തില്‍ അവള്‍ക്ക് സമ്മാനം കിട്ടിയത് ഇവിടെ ഞാന്‍ പറഞ്ഞിരുന്നു.  ദിവസങ്ങള്‍ക്ക് മുമ്പ് ബാലഭൂമിയിലൂടെത്തന്നെ അവള്‍ക്ക് വീണ്ടും സമ്മാനം കിട്ടി. ഇത്തവണ അടിക്കുറിപ്പ് മത്സരത്തിനായിരുന്നു സമ്മാനം. 2007ല്‍ മനോരമയുടെ ഒരു അടിക്കുറിപ്പ് മത്സരത്തില്‍ ഞാനും സമ്മാനാര്‍ഹന്‍ ആയിരുന്നു ! പിന്നീടും നിരവധി അടിക്കുറിപ്പ് മത്സരങ്ങളില്‍ ഞാന്‍ പങ്കെടുത്തെങ്കിലും സമ്മാനം കിട്ടിയത് ക്വിസ് മത്സരത്തിലായിരുന്നു !

               മൂന്ന് മാസത്തെ കാത്തിരിപ്പിനൊടുവില്‍ ലൂനമോള്‍ക്ക് ബാലഭൂമിയില്‍ നിന്നുള്ള ആദ്യസമ്മാനമായ ഇന്‍സ്ട്രുമെന്റ് ബോക്സ് ഇന്ന് കിട്ടി. അവള്‍ക്ക് ഉപകാരപ്പെടില്ലെങ്കിലും എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ പോകുന്ന രണ്ടാമത്തെ മോള്‍ ലുഅക്ക് പുത്തന്‍ ബോക്സ് ആയി !!
             ദേ പിന്നാലെ എനിക്കും കിട്ടി അടുത്തത് !!

(66)+ (46) + (21)

ചാലിയാർ (എന്റെ അരീക്കോട് - 3)

             പുഴ ഒരു നാടിന്റെ ജീവനാഡിയാണ് എന്നതിൽ എനിക്ക് സംശയമില്ല. കാരണം കുന്നിൻ മുകളിലുള്ള എന്റെ പുരയിടത്തിലെ 22 കോൽ താഴ്ചയുള്ള കിണറിൽ വെള്ളം പൊങ്ങുന്നതും താഴുന്നതും പുഴയിലെ വെള്ളത്തിന്റെ ലെവലിനസരിച്ചായിരുന്നു. ഇപ്പോൾ പുഴയിലെ വെള്ളം ഒരു സ്ഥിരം ലെവലിൽ ആയതിനാൽ കിണറിലെ വെള്ളവും സ്ഥിരമാണ്. പുഴക്കരയിലെ മിക്ക വീട്ടിലെയും കിണറുകളുടെയും സ്ഥിതി ഇതു തന്നെയായിരിക്കും.

             കുട്ടിക്കാലത്ത് ചാലിയാറിന്റെ തീരത്തെ മണൽ‌പരപ്പിൽ ഞങ്ങൾ പല കളികളും കളിച്ചിരുന്നു. ഫുട്ബാൾ തന്നെയായിരുന്നു അതിൽ പ്രധാനം. മണൽ‌പരപ്പിൽ ഓടിക്കളിച്ചവന് പിന്നീട് ഗ്രൌണ്ടിൽ കളിക്കുമ്പോൾ ക്ഷീണം തോന്നുകയില്ല എന്ന് അന്ന് പറയാറുണ്ടായിരുന്നു. അന്ന് അതിന്റെ പൊരുൾ അറിഞ്ഞിരുന്നില്ല. മണലിൽ ഓടാൻ കൂടുതൽ ഊർജ്ജം വേണമെന്നും ഗ്രൌണ്ടിൽ ഓടാൻ അത്രയും ഊർജ്ജം ആവശ്യമില്ലെന്നും, അതിനാലാണ് അങ്ങനെ പറഞ്ഞിരുന്നത് എന്നും കാലം പിന്നിട്ടപ്പോൾ മനസ്സിലായി.

              അക്കാലത്ത് ചാലിയാർ സുന്ദരിയായിരുന്നു. വിശാലമായ മണൽ‌പരപ്പും തെളിഞ്ഞ വെള്ളവും ഇരു കരയിലും ഇടതൂർന്ന് നിൽക്കുന്ന മരങ്ങളും നീലാകാശവും കൂടി സൃഷ്ടിക്കുന്ന ഫ്രെയിം ഹൃദ്യമായ ഒരു കാഴ്ച തന്നെയായിരുന്നു. തടയണ വന്നതിനാൽ കെട്ടി നിർത്തപ്പെട്ട ഇന്നത്തെ വെള്ളത്തിന് ഒരു തരം കറുത്ത പച്ച നിറമാണ്.കരയുടെ അടുത്ത് പോലും  നദിയുടെ അടിത്തട്ട് കാണാൻ സാധിക്കില്ല. മണൽ‌പരപ്പ് ചില സ്ഥലങ്ങളിൽ മാത്രമായി ഒതുങ്ങുകയും ചെയ്തു.

            അടുത്തിടെ ഞാൻ പെങ്ങളുടെ മകനെയും എന്റെ കുഞ്ഞു മോനെയും കൂട്ടി ചാലിയാറിൽ ഒന്നിറങ്ങി. കരയിൽ മരത്തോട് ബന്ധിപ്പിച്ച കുഞ്ഞുതോണി എന്നെ പഴയ പല ഓർമ്മകളിലേക്കും കൊണ്ടുപോയി. അമ്മാവന്റെ അടുത്ത് നിന്ന് കിട്ടിയ ഒരു അനുഭവം പെട്ടെന്ന് മനസ്സിലൂടെ കടന്നുപോയി. തോണിയുടെ ആ ഫ്രെയിം ക്യാമറയിൽ ഒന്ന് പകർത്താൻ  തോന്നി. കുട്ടികളെ തോണിയിൽ കയറ്റി ഇരുത്തി ഞാൻ ഒരു ഫോട്ടോ എടുത്തു. ചാലിയാർ വീണ്ടും ഫോട്ടോയിൽ സുന്ദരിയായി. 
            കുട്ടികളെയും കൊണ്ട് മുമ്പ് പലസമയത്തും ചാലിയാറിന്റെ സൌന്ദര്യം ആസ്വദിക്കാനും കാറ്റ് കൊണ്ടിരിക്കാനും പോയിട്ടുണ്ട്. അന്ന് മൊബൈൽ ക്യാമറയോ ഡിജിറ്റൽ ക്യാമറയോ ഇല്ലാത്തതിനാൽ അവ ഒന്നും പകർത്താൻ സാധിച്ചിരുന്നില്ല.
           ഇരുട്ട് പടരാൻ തുടങ്ങി. ചാലിയാറിന് അതിന്റെ യഥാർത്ഥ സൌന്ദര്യം തിരിച്ച് കിട്ടുന്ന നല്ല ദിനം സ്വപ്നം കണ്ട് ഞാൻ നദിയിൽ നിന്നും കയറി.

Tuesday, February 26, 2019

തൊട്ടുകളി

              കളിക്കാരുടെ എണ്ണം വളരെ കൂടുമ്പോഴും വളരെ കുറയുമ്പോഴും കളിക്കുന്ന ഒരു കളിയാണ് തൊട്ടുകളി. കളിക്കാനുള്ളവർ മുഴുവൻ അണിനിരന്ന് ഒന്ന് , രണ്ട് എന്നിങ്ങനെ എണ്ണിത്തുടങ്ങും. മിക്കവാറും പത്ത് എന്ന് എണ്ണുന്നവൻ ‘കള്ളൻ’ ആവും. അതായത് മറ്റുള്ളവരെ ഓടിത്തൊടേണ്ടത് അവനാണ്.

              എണ്ണിക്കഴിയുന്നതോടെ തന്നെ കളി ആരംഭിക്കുകയായി. ‘കള്ളൻ’ ഓരോരുത്തരുടെയും പിന്നാലെ ഓടും. മുടിയിലോ ഷർട്ടിലോ തൊട്ടാൽ തൊട്ടതായി പരിഗണിക്കില്ല.അതായത് തൊട്ടു എന്ന് തൊടപ്പെട്ടയാൾക്ക് ഫീൽ ചെയ്യണം. അത് പലപ്പോഴും തർക്കത്തിന് ഇടയാക്കുന്നതിനാൽ ‘കള്ളൻ’ പുറത്ത് അടിക്കുകയാണ് ചെയ്യാറ്‌. അടിയുടെ ശക്തി കൂടിയാൽ കളി അടിപിടിയിൽ കലാശിക്കാനും അത് മതി.

              ഒരാളെ തൊടുന്നതോട് കൂടി കള്ളൻ മാറി. പുതിയ കള്ളൻ അപ്പോൾ തന്നെ ‘ചാർജ്ജെ‘ടുക്കും. തൊട്ടടുത്ത് നിൽക്കുന്നവന്റെ പിന്നാലെ ഓടാൻ തുടങ്ങും. വെട്ടിച്ച് ഓടാൻ കഴിയുന്നവനും സ്പീഡിൽ ഓടാൻ കഴിയുന്നവനും പല കളികളിലും ഒരിക്കൽ പോലും കള്ളനാവാറില്ല. അത് കളിയിൽ ഒരു ക്രെഡിറ്റ് ആണ്. എന്നാൽ ചിലർ സ്ഥിരം കള്ളൻ ആയിക്കൊണ്ടേ ഇരിക്കും. അത്തരക്കാർക്ക്, സഹതാപം കൊണ്ട് മാത്രമേ പിന്നെ രക്ഷയുള്ളൂ. അതായത് എല്ലാവരും തീരുമാനിച്ച് കൊണ്ട് അയാളെ ഇനിയും തൊടുന്നത് വിലയ്ക്കണം. അല്ലെങ്കിൽ അയാൾക്ക് വേണ്ടി മറ്റൊരാൾ കുരിശ് ഏറ്റെടുക്കണം.അതുമല്ലെങ്കിൽ ആരെങ്കിലും അയാൾക്ക് തൊടാൻ നിന്ന് കൊടുക്കണം.

             തൊടാൻ നിന്ന് കൊടുക്കുന്നത് കളി നിയമ പ്രകാരം ശിക്ഷാർഹമാണ്. അത് പലപ്പോഴും ഇഷ്ടക്കാരന് വേണ്ടി ആണ് നിന്നു കൊടുക്കുന്നത് എന്നതു കൊണ്ടാണത്. കളിയിൽ എല്ലാവരും തുല്യരായതിനാൽ സ്വജനപക്ഷപാതവും സ്വവർഗ്ഗപ്രേമവും ഒന്നും ഭൂഷണമല്ല എന്ന് കളികളിൽ കൂടി അന്ന് ഞങ്ങൾ പഠിച്ചിരുന്നു. എന്നാൽ ഒരാൾ വളരെയധികം ഓടി തളർന്ന് കഴിഞ്ഞാൽ അയാൾക്ക് തൊടാൻ നിന്ന് കൊടുക്കാം.

             കളിക്കിടയിൽ അല്പം വിശ്രമിക്കാനോ വെള്ളം കുടിക്കാനോ മറ്റെന്തെങ്കിലും ആവശ്യം നിറവേറ്റാനോ ഷോർട്ട് ബ്രേക് എടുക്കാവുന്നതാണ്. ‘എനിക്കായിട്ടില്ല’ എന്ന് പറഞ്ഞായിരുന്നു ഞങ്ങളുടെ കാലത്ത് ഈ ഷോർട്ട് ബ്രേക് എടുത്തിരുന്നത്. എന്നാൽ ഇന്ന് “സുല്ല്” എന്ന് പറഞ്ഞാണ് ഷോർട്ട് ബ്രേക് എടുക്കുന്നത്. തൊടാൻ വേണ്ടി ഓടി അടുത്ത് എത്തുമ്പോൾ സുല്ല് വിളിക്കുന്ന വിരുതൻമാരുണ്ട്. ഇതും പലപ്പോഴും തർക്കങ്ങൾക്കും കളി തടസ്സപ്പെടുത്താനും കാരണമാകാറുണ്ട്.

             തൊട്ടുകളി യഥാർത്ഥത്തിൽ സ്റ്റാമിനയുടെ ഒരു പരീക്ഷണം കൂടിയാണ്. പെട്ടെന്ന് ക്ഷീണിക്കുന്നവർക്ക് ഇത് ഒട്ടും അനുയോജ്യമല്ല. ഒരു തൊട്ടുകളി കഴിഞ്ഞാൽ തല മുതൽ പാദം വരെ വിയർപ്പിൽ മുങ്ങി ആയിരുന്നു ഞങ്ങളിൽ പലരും കര കയറിയിരുന്നത്. ആണും പെണ്ണും എല്ലാം ഒരുമിച്ചായിരുന്നു കളിച്ചിരുന്നതും. സ്കൂളിൽ തൊട്ടുകളി പെൺകുട്ടികളുടെ മാത്രം കളിയാണ്. നീന്തൽ വശമുള്ളവർ പുഴയിലും തൊട്ടുകളി കളിച്ചിരുന്നു.

             ഇന്ന് ഇതിന്റെ വകഭേദങ്ങൾ പലതും കാണുന്നുണ്ടെങ്കിലും എന്റെ കുട്ടിക്കാലത്തെ തൊട്ടുകളി ഏകദേശം അന്യം നിന്നു കഴിഞ്ഞു.