Pages

Friday, December 31, 2021

കാച്ചിലും കാന്താരിയും

ഇനി ഒരിക്കലും തിരിച്ചു വരാത്ത കുട്ടിക്കാലത്തെപ്പറ്റി ഒരു നിമിഷമെങ്കിലും ആലോചിച്ച് നെടുവീർപ്പിടാത്ത, നാല്പത് കഴിഞ്ഞവർ ഉണ്ടാകാൻ സാധ്യതയില്ല. അന്നത്തെ സ്‌കൂളും കളിക്കൂട്ടുകാരും ഭക്ഷണവും എന്തിന് രോഗം പോലും ഒരു ദിവസത്തേക്ക് തിരിച്ചു കിട്ടിയിരുന്നെങ്കിൽ എന്ന് ഒന്നാഗ്രഹിക്കാത്തവർ ആരും ഉണ്ടാകില്ല. തിരിച്ചു വരാത്ത ആ കാലം തിരികെ എത്തിക്കാനുള്ള ശ്രമമാണ് ഇന്നത്തെ പല പൂർവ്വ വിദ്യാർത്ഥീ  സംഗമങ്ങൾക്കും പിന്നിലുള്ള രഹസ്യം.

പനി പിടിച്ചാൽ 'ഉമ്മ ഉണ്ടാക്കിത്തന്നിരുന്ന കുറിയരിക്കഞ്ഞിയും പപ്പടം ചുട്ടതും ഒരിക്കൽ കൂടി രുചിക്കണമെന്ന് തോന്നിയാൽ,ഇന്ന് പല വീടുകളിലും സാധ്യമല്ല. അടുക്കളയുടെ പരിഷ്കരണം അത്രക്കും പുരോഗമിച്ചു പോയി.രാവിലെയോ വൈകുന്നേരമോ ലഭിച്ചിരുന്ന കപ്പ  പുഴുങ്ങിയത് ഇന്ന് ഫൈവ്സ്റ്റാർ ഹോട്ടലുകളിലെ വിഭവമായി.ഇത്തരം ചിന്തകൾ മനസ്സിനെ വല്ലാതെ മഥിച്ചപ്പോൾ ഞാൻ ഒരു തൂമ്പയെടുത്ത് മുറ്റത്തേക്കിറങ്ങി.

മെയ് മാസം മുതൽ പെയ്യാൻ തുടങ്ങിയ മഴയിൽ നാമ്പ് പൊട്ടി, ഫണം വിടർത്തി നിൽക്കുന്ന സർപ്പം കണക്കെ, ഉയർന്ന് നിൽക്കുന്ന വള്ളികളുള്ള കാച്ചിൽ (ഞങ്ങൾ കാവുത്ത് എന്ന് വിളിക്കും) ആയിരുന്നു എൻറെ ലക്‌ഷ്യം.നവംബർ വരെ എല്ലാ മാസവും ഞാൻ അതിനെ വെട്ടി ഇട്ടിരുന്നു.എത്ര വെട്ടിയിട്ടാലും 'തോൽക്കാൻ എനിക്ക് മനസ്സില്ല' എന്ന് വിളിച്ചോതിക്കൊണ്ട് നാലഞ്ച് ദിവസം കൊണ്ട് അവൻ വീണ്ടും ഫണം വിടർത്തും.പക്ഷെ ഇത്തവണ അവന്റെ പൊടി പോലും കണ്ടില്ല.വള്ളി നിന്നിരുന്ന സ്ഥലത്ത് കണ്ട ചെറിയ മൺകൂനയിൽ ഞാൻ തൂമ്പ കൊണ്ട് ഒന്ന് വെട്ടി.ചെറിയൊരു കഷ്ണം അടർന്ന് തെറിച്ച്, രക്തം ഒലിക്കുന്ന പോലെ കണ്ടു.നന്നായി ഒന്ന് കിളച്ചതോടെ അടിയടക്കം അത് പുറത്ത് വന്നു.

വൈകിട്ട് കട്ടൻ ചായക്കൊപ്പം കാച്ചിൽ പുഴുങ്ങിയതും മുറ്റത്ത് തന്നെ നിന്നുള്ള കാന്താരി മുളക് അരച്ച ചമ്മന്തിയും റെഡിയാക്കാൻ ഞാൻ ഭാര്യയോട് പറഞ്ഞു (വായിൽ വെള്ളമൂറുന്നുണ്ടല്ലേ ?).ഇന്നത്തെ മക്കൾ കഴിക്കുന്ന മന്തിയും പുഴുങ്ങിയ കോഴിക്കും പകരം അന്ന് ഞങ്ങൾ കഴിച്ചിരുന്ന ചമ്മന്തിയും പുഴുങ്ങിയ കിഴങ്ങും ഞാൻ ആസ്വദിച്ച് കഴിച്ചു. കാന്താരി നാവിൽ തട്ടിയ നിമിഷം ആ എരിവ് രക്തത്തിലൂടെ ശരീരത്തിൽ പാഞ്ഞു കയറുന്നത് ശരിക്കും അറിഞ്ഞു.ശരീരത്തിലെ സകല ദ്വാരങ്ങളും തുറന്ന് വിയർപ്പ് കണങ്ങൾ പൊടിഞ്ഞപ്പോൾ മേമ്പൊടിയായി ചെന്ന കട്ടൻ ചായയുടെ മധുരം വാക്കുകൾക്കതീതമാണ്. 

ഞാൻ തന്നെ നട്ട ചേമ്പും കാച്ചിലും കപ്പയും നനക്കിഴങ്ങും എല്ലാം കൂടി പുഴുങ്ങി പഴയ കൂട്ടുകാരെ എല്ലാം വിളിച്ച് ആ നല്ല കാലത്തേക്ക് ഒന്ന് തിരിച്ചു പോകാൻ പുതുവർഷവും കുംഭ മാസവും പ്രതീക്ഷിച്ചിരിക്കുകയാണ് ഇപ്പോൾ. 

Thursday, December 30, 2021

ബിരിയാണി

2021 ലാണ് ഞാൻ നിരവധി സാഹിത്യ മത്സരങ്ങളിൽ പങ്കെടുക്കാൻ തുടങ്ങിയത്. ഞാൻ എഴുതിയ പുസ്തകവും പ്രസിദ്ധീകരിക്കപ്പെടാത്ത നോവലും കഥകളും എല്ലാം കേരളത്തിലങ്ങോളമിങ്ങോളമുള്ള വിവിധ സാഹിത്യ അവാർഡുകൾക്കും മത്സരങ്ങൾക്കും അയക്കുകയുണ്ടായി. ഇതിൽ "ദുരിത കാലത്തെ പച്ചത്തുരുത്തുകൾ " എന്ന ശീർഷകത്തിൽ കോട്ടയം ജില്ലയിലെ ചെമ്പ് എന്ന സ്ഥലത്തെ കാട്ടിക്കുന്ന് പബ്ലിക് ലൈബ്രറി നടത്തിയ ചെറുകഥാ രചനാ മത്സരത്തിൽ ഞാൻ എഴുതിയ "സല്യൂട്ട് " നും മികച്ച രചനക്കുള്ള അംഗീകാരം ലഭിച്ചു. സമ്മാനമായി ലഭിച്ചത് സർട്ടിഫിക്കറ്റും സന്തോഷ് ഏച്ചിക്കാനം എഴുതിയ "ബിരിയാണി" യും ആയിരുന്നു.

ഏഴ് കഥകളുടെ ഒരു സമാഹാരമാണ് 'ബിരിയാണി'. കവർ ചിത്രം കണ്ടാൽ സസ്യഭുക്കുകൾ ഈ ബുക്കിനെ വെറുക്കും. പക്ഷെ ഉള്ളടക്കം എല്ലാവരുടെയും കണ്ണുകൾ നനയിക്കും. ആദ്യ കഥയായ ബിരിയാണി തന്നെയാണ് പുസ്തകത്തിന്റെ തലക്കെട്ട്. ഭക്ഷണം പാഴാക്കുന്നതിന് ഒരു സങ്കോചവും ഇല്ലാത്ത ആർഭാട വിവാഹങ്ങളുടെയും പാർട്ടികളുടെയും കഥ പറഞ്ഞു തീരുമ്പോൾ ഗോപാൽ യാദവ് ഒരു നീറലായി വായനക്കാരന്റെ മനസ്സിൽ ഉണ്ടാകും. 

സന്തോഷ് കാസർഗോഡുകാരനായതിനാലാവും നായിക്കാപ്പ്, മനുഷ്യാലയങ്ങൾ, ആട്ടം എന്നീ കഥകളും കാസർകോടൻ പശ്ചാത്തലത്തിലുള്ളവയാണ്. തെയ്യത്തിന്റെ ചരിത്രം പറയുന്ന ആട്ടം ഒരു കഥയെന്നതിലുപരി ആ കലാരൂപത്തെ അടുത്തറിയാൻ സാധിക്കുന്നത് കൂടിയാണ്. uvwxyz എന്ന കഥയും മനസ്സിനെ പൊളളിക്കും. എന്നാൽ മരപ്രഭു, ലിഫ്റ്റ് എന്നീ കഥകൾ ഈ പുസ്തകത്തിന് ചേരുന്നതായി തോന്നിയില്ല. അനുബന്ധമായി ചേർത്ത ഒരു പഠനക്കുറിപ്പും സാധാരണ വായനക്കാരന് ദഹിക്കാൻ സാധ്യതയില്ല.

എനി ഹൗ , ബിരിയാണി ഞാൻ ആസ്വദിച്ച് കഴിച്ചു , സോറി വായിച്ചു.

പുസ്തകം : ബിരിയാണി
രചയിതാവ് : സന്തോഷ് ഏച്ചിക്കാനം
പ്രസാധനം: ഡി സി ബുക്സ്
പേജ്: 104
വില: 125 രൂപ.


Wednesday, December 29, 2021

ബേപ്പൂർ വാട്ടർഫെസ്റ്റ് 2021

കോഴിക്കോടും പരിസരത്തും നടക്കുന്ന ഫെസ്റ്റുകളിൽ കുടുംബ സമേതം പങ്കെടുക്കുക എന്നത് ഒരു കാലത്ത് ഒരു ഹരമായിരുന്നു. സ്വന്തമായി വാഹനം ഇല്ലാതിരുന്ന അക്കാലത്ത് രണ്ട് മക്കളെയും (മൂത്തവർ രണ്ട് പേർ) എടുത്ത് എങ്ങനെ അവിടെയൊക്കെ എത്തി എന്നത് ഓർമ്മയിലില്ല. പുതിയ ഫെസ്റ്റുകൾ പലതും പഴയപോലെ പൊലിമ ഇല്ലാത്തതിനാലും എല്ലാവരുടെയും സമയവുമായി ഒത്ത് പോകാത്തതിനാലും ഞങ്ങൾ എത്തിപ്പെടുന്നത് വളരെ കുറവായിരുന്നു.

അതിനിടക്കാണ് ബേപ്പൂർ വാട്ടർ ഫെസ്റ്റ് 2021 എന്ന പരസ്യം പത്രത്തിൽ കണ്ടത്. ഒന്ന് പോയി നോക്കാൻ മനസ്സ് പറഞ്ഞെങ്കിലും റേഡിയോ മാംഗോ ജോക്കികളുടെ വാക്ചാതുരി ആണ് എന്നെ വീഴ്ത്തിയത്. മറ്റൊരാവശ്യത്തിന് കുടുംബ സമേതം കോഴിക്കോട്ടെത്തിയ ഞാൻ ബാക്കി സമയം വാട്ടർ ഫെസ്റ്റിൽ ചെലവഴിക്കാം എന്ന് തീരുമാനിച്ചു.

ബേപ്പൂർ തുറമുഖത്ത് നങ്കൂരമിട്ട തീരദേശ സേനയുടെ ഒരു ചെറിയ യുദ്ധക്കപ്പലും അതിലെ കാഴ്ചകളും ആയിരുന്നു ഞങ്ങൾ ആദ്യം കണ്ടത്. സൗജന്യമായി കപ്പലിൽ കയറാനുള്ള അവസരമായതിനാൽ പലരും ഇത് ഉപയോഗപ്പെടുത്തി. മറ്റ് ആകർഷണീയത ഒന്നും തന്നെ അതിൽ ഉള്ളതായി എനിക്ക് തോന്നിയില്ല.

കയാക്കിംഗ് മത്സരങ്ങളും വിവിധതരം ഡെമോകളും ആണ് ഫെസ്റ്റിന്റെ പ്രധാന ഇനങ്ങൾ. പക്ഷെ അവ പലതും സമയബന്ധിതമായതിനാൽ കാണാൻ സാധിക്കില്ല. എന്തൊക്കെയോ പേരിൽ അവിടെ നടന്ന് കൊണ്ടിരിക്കുന്ന മറ്റ് പല ഇനങ്ങളും ആരും ശ്രദ്ധിക്കുന്നതായും കണ്ടില്ല.

ദുബായിൽ നടക്കുന്ന അന്താരാഷ്ട്ര പട്ടം പറത്തൽ മത്സരങ്ങളോട് കിടപിടിക്കുന്നതും ഇതുവരെ കാണാത്ത തരം പട്ടങ്ങൾ ഉള്ളതുമായ ഒരു കൈറ്റ് ഫെസ്റ്റും ഇതോടൊപ്പം നടക്കുന്നതായി RJ ഹരിതയുടെ വാക് വൈഭവത്തിലൂടെ അറിഞ്ഞെങ്കിലും അത് നേരിട്ട് കണ്ടപ്പോൾ ആകർഷണം  തോന്നിയില്ല. എന്തൊക്കെയോ ചില രൂപങ്ങൾ നൂലിൽ കോർത്ത് ആകാശത്ത് പറത്തുന്നു എന്നതിലുപരി മറ്റൊരു പ്രത്യേകതയും എനിക്ക് അനുഭവപ്പെട്ടില്ല.

എങ്കിലും ജനങ്ങൾ എന്തൊക്കെയോ പ്രതീക്ഷിച്ച് ഒഴുകി എത്തുന്നുണ്ടായിരുന്നു. പക്ഷെ തിരിച്ച് പോവുന്ന പലരുടെയും മുഖം നിരാശ നിറഞ്ഞതായിരുന്നു. നിരാശ മാറ്റാനായി ഞങ്ങൾ ജങ്കാർ സർവ്വീസ് വഴി ചാലിയത്തെത്തി അവിടെ അൽപനേരം ചെലവഴിച്ചു. തിരിച്ച് ബീച്ചിലെത്തി "ബേപ്പൂർ സുൽത്താന്റെ " മണൽ ശില്പവും കണ്ട ശേഷം ഞങ്ങൾ സ്ഥലം വിട്ടു.

ഇതുവരെ കണ്ട ഫെസ്റ്റുകളിൽ ഏറ്റവും നിറം കെട്ടത് എന്ന സ്ഥാനം ഇതോടെ ബേപ്പൂർ വാട്ടർഫെസ്റ്റ് 2021 നേടി എടുത്തു.

Tuesday, December 28, 2021

വാവൂർ കുന്ന് (എന്റെ അരീക്കോട്)

മനസ്സിന്റെ കോണിൽ വരച്ചിട്ട ചില ചിത്രങ്ങൾക്ക് ചിറക് മുളക്കാൻ ചിലപ്പോൾ നിമിഷങ്ങൾ മാത്രം മതിയാകും. ആ നിമിഷം നമ്മൾ അനുഭവിക്കുന്ന മാനസികോല്ലാസം അനുഭവിച്ചറിയുക തന്നെ വേണം. ദിവസങ്ങൾക്ക് മുമ്പ് സുഹൃത്തുക്കൾക്കൊപ്പം ഞാനെത്തിപ്പെട്ടത് അത്തരം ഒരു സ്ഥലത്താണ്. എന്റെ നാട്ടിൽ നിന്നും വെറും അഞ്ച് കിലോ മീറ്റർ മാത്രം ദൂരത്തുള്ള ഒരു കുന്ന് . വാവൂര് എന്ന സ്ഥലത്തായതിനാൽ ഞാനതിനെ വാവൂര് കുന്ന് എന്ന് വിളിക്കുന്നു.

അരീക്കോട് - എടവണ്ണപ്പാറ റൂട്ടിൽ, ടൂറിസം ഭൂപടത്തിൽ ഇടം നേടിക്കൊണ്ടിരിക്കുന്ന മുറിഞ്ഞമാട് എന്ന സ്ഥലത്തിന്റെ തൊട്ടടുത്ത് തന്നെയാണ് വാവൂര് കുന്ന്. 

ശരിക്കും പറഞ്ഞാൽ ഒരു മൊട്ടക്കുന്ന് ആണ് വാവൂര് കുന്ന്. തറനിരപ്പിൽ നിന്ന് അല്പം ഉയർന്ന് നില്ക്കുന്ന ചെങ്കല്ലുകൾ നിറഞ്ഞ ഒരു പ്രദേശം. അതിനിടയിൽ ചരൽ നിറഞ്ഞ ഒരു ഫുട്ബാൾ മൈതാനം. ശരിക്കും ആ കല്ലുകൾക്കിടയിൽ ഇങ്ങനെ ഒഴിഞ്ഞ ഒരു മൈതാനം എങ്ങനെ ഉണ്ടായി എന്നത് ഒരു അത്ഭുതം തന്നെയാണ്.

 എന്റെ വീടിന്റെ തൊട്ടടുത്തുള്ള എം.എസ്.പി ക്യാമ്പിലും ഇതു പോലൊരു ഗ്രൗണ്ട് ഉണ്ടായിരുന്നു. ഗ്രൗണ്ടിന്റെ ചുറ്റും അവിടവിടെ ഉയർന്ന് നിൽക്കുന്ന ചെങ്കല്ല് കളും. വൈകുന്നേരങ്ങളിൽ അവിടെ ചെന്നിരുന്ന് കാറ്റ് കൊള്ളുന്നത് പലർക്കും ഒരു ഹോബിയായിരുന്നു. ഇന്ന് ആ സ്ഥലം മുഴുവൻ റാപിഡ് ആക്ഷൻ ഫോഴ്സിന്റെ നിയന്ത്രണത്തിലായതിനാൽ പൊതുജനങ്ങൾക്ക് പ്രവേശനം ഇല്ല.

വാവൂര് കുന്നിന്റെ ഇപ്പോഴത്തെ ആകർഷണീയത വളർന്ന് നിൽക്കുന്ന പുല്ലുകളാണ്. മുട്ടോളം ഉയരത്തിലുള്ള പുല്ലുകൾ വകഞ്ഞ് മാറ്റി മാത്രമേ അതിലൂടെ നടക്കാൻ പറ്റൂ. പുല്ലുകൾക്കടിയിൽ ഒളിഞ്ഞിരിക്കുന്ന പാറയിൽ തട്ടി ഒരു പക്ഷേ അടി തെറ്റി വീണേക്കാം. ചെറിയ പോറലുകൾ മാത്രമേ സംഭവിക്കാനും സാധ്യതയുള്ളൂ. 

സൂര്യാസ്തമയവും തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന മുറിഞ്ഞ മാടിന്റെ കാഴ്ചയും ഈ കുന്നിൻ മുകളിൽ നിന്നാസ്വദിക്കാം, രണ്ടും കണ്ണിന് കുളിരേകും.

ഒരു സ്വകാര്യ പ്ലോട്ടിൽ അവസാനിക്കുന്ന റോഡ് വഴി വാഹനം കയറ്റി പിന്നെ ആരുടെയൊക്കെയോ പറമ്പും കടന്നാണ് ഞങ്ങൾ ഈ കുന്നിൻ മുകളിൽ എത്തിയത്. നടന്ന് കയറാനുള്ള വഴി മറ്റേതോ ഭാഗത്ത് കൂടെയുണ്ടെന്ന് പറയുന്നു. കുന്നിൻ മുകളിലെ ആൾപെരുമാറ്റം അത് ശരിവയ്ക്കുന്നു. ഇരുട്ട് വ്യാപിക്കാൻ തുടങ്ങിയതോടെ ഞങ്ങൾ മെല്ലെ തിരിച്ചിറങ്ങി.

Sunday, December 26, 2021

മാങ്ങ ഇഞ്ചി

 ഇഞ്ചി കടിച്ച കുരങ്ങനെപ്പോലെ എന്ന് ധാരാളം കേട്ടിട്ടുണ്ടെങ്കിലും ലോകത്ത് ഇന്നേ വരെ ഏതെങ്കിലും കുരങ്ങൻ ഇഞ്ചി കടിച്ചിട്ടുണ്ടോ എന്നെനിക്കറിയില്ല. പക്ഷെ ഇഞ്ചി കടിച്ച മനുഷ്യന്റെ മുഖഭാവം നിരവധി കാണുകയും അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. അക്കാലത്ത് തന്നെ അനുഭവിച്ചറിഞ്ഞ ഒരു സ്വാദ് ആയിരുന്നു മാങ്ങാ ഇഞ്ചിയുടേത്. 

മാങ്ങയില്ലാ കാലത്ത് മാങ്ങയുടെ മണം കിട്ടുന്നത് തന്നെ ആസ്വാദ്യകരമാണ്. ആ വാസനാ വിരുന്നായിരുന്നു മാങ്ങ ഇഞ്ചി നൽകിയിരുന്നത്. ഇഞ്ചിയുടെ രൂക്ഷ രുചി ഇല്ലാത്തതിനാൽ ഒന്ന് കടിച്ച് നോക്കാൻ തോന്നിയാലും പ്രശ്നമില്ലായിരുന്നു. കുട്ടിക്കാലത്ത് പറമ്പിൽ ധാരാളം ഉണ്ടായിരുന്ന മാങ്ങ ഇഞ്ചി പിന്നീടെപ്പഴോ അപ്രത്യക്ഷമായി.

ഒരു വർഷം മുമ്പ് യാദൃശ്ചികമായാണ് ഒരു മാങ്ങ ഇഞ്ചിത്തൈ എന്റെ മുന്നിൽ പെട്ടത്. മഞ്ഞളിന്റെ ഇലയുടെ അതേ ആകൃതി ആയതിനാൽ മഞ്ഞളാകും എന്ന് കരുതി ഞാൻ ഒഴിവാക്കിയതായിരുന്നു. അപ്പഴാണ് അതിന്റെ കിഴങ്ങ് എന്റെ ശ്രദ്ധയിൽ പെട്ടത്. മഞ്ഞ നിറമില്ലാത്തതിനാൽ അത് കൂവ യുടെ തൈ ആണെന്ന് ധരിച്ചു (അതിനെ ആരും ഗൗനിക്കാറില്ല). കിഴങ്ങ് വെറുതെ ഒന്ന് ചുരണ്ടി നോക്കി മൂക്കിനടുത്ത് വച്ചപ്പഴല്ലേ കുട്ടിക്കാലത്ത് നഷ്ടമായ സാധനമാണ് കൺമുന്നിൽ ഇരിക്കുന്നത് എന്നത് മനസ്സിലായത്. വലിയ സ്വപ്നങ്ങൾ നെയ്തെടുത്ത് അതിനെ ഞാൻ ചെറിയൊരു ചട്ടിയിൽ വച്ചു.പക്ഷെ, സ്വപ്നങ്ങൾ ബാക്കിയാക്കി അവൻ ഉണങ്ങിപ്പോയി.

ഏതാനും മാസങ്ങൾക്ക് ശേഷം, മാങ്ങ ഇഞ്ചിയുടെ ഇലയുടെ ആകൃതിയിലുള്ള ഒരു ചെടി മുറ്റത്ത് വളരുന്നത് എന്റെ ശ്രദ്ധയിൽപ്പെട്ടു. അത് മഞ്ഞളോ കൂവയോ മാങ്ങ ഇഞ്ചിയോ എന്നറിയാൻ പറിച്ച് നോക്കുക തന്നെ വേണം. പറിച്ച് വീണ്ടും നട്ടാൽ പിന്നെ പിടിച്ച് കിട്ടാൻ വളരെ പ്രയാസവും. ആ വിഷമസന്ധിയിൽ ദൈവം എനിക്കൊരു അവസരം നൽകി (ഈ അവസരത്തിന് പണ്ട് പറഞ്ഞിരുന്ന പേരാണ് വരം). ചെടിയുടെ വേര് ഭാഗത്ത് നിന്നും ഒരു ചെറിയൊരു കിഴങ്ങ് മണ്ണിന് പുറത്തേക്ക് തള്ളി നിൽക്കുന്നു. ഞാൻ കൈ കൊണ്ട് അതിൽ ഒന്ന് ചുരണ്ടി. പിന്നെ ആ കൈ മൂക്കിന്റെ നേരെ കൊണ്ടു പോയി - ഹായ് മാങ്ങയുടെ മണം! 

വേഗം എന്റെ കുഞ്ഞിത്തൂമ്പയെടുത്ത് ചുറ്റുമുള്ള മണ്ണൊന്നിളക്കി അൽപം ചാണകപ്പൊടിയും ഇട്ട് മൂടിക്കൊടുത്തു. പിന്നെ അതിന്റെ വളർച്ച നോക്കി നോക്കി നിന്നു. അവസാനത്തെ പച്ച ഇലയും ഉണങ്ങിയപ്പോൾ ഇന്നലെ ഞാനത് കിളച്ചെടുത്തു. 

മാങ്ങ ഇഞ്ചി അതാണ് ഇതാണ് മറ്റതാണ് എന്നൊക്കെ നിരവധി വീരവാദങ്ങളും അപവാദങ്ങളും നെറ്റിൽ കാണാം. അതൊക്കെ നിങ്ങൾ വായിച്ചു കൊള്ളുക. പക്ഷെ, തൊലി കളഞ്ഞ് ചമ്മന്തി അരക്കുകയോ .കുനു കുനാ ന്ന് അരിഞ്ഞ് അച്ചാറിടുകയോ ചെയ്താലുള്ള ടേസ്റ്റ് ഉണ്ടല്ലോ .... അത് നാവിൻ തുമ്പത്ത് അറിയുക തന്നെ വേണം.