Pages

Tuesday, February 07, 2023

പറങ്കിമാവിൻ കൊമ്പത്ത്...

"പോം...പോം...പോം....." മയമാക്കാന്റെ സൈക്കിളിൽ ഘടിപ്പിച്ചിരിക്കുന്ന ബലൂൺ പോലെയുള്ള ഹോൺ അമർത്തുമ്പോൾ വരുന്ന ശബ്ദം മനസ്സിനെ മദിക്കാൻ തുടങ്ങിയിട്ട് ദിവസങ്ങളായി.കോലൈസും പാലൈസും വാങ്ങി വായിലിട്ട് ഈമ്പി വരുന്നവരെ ഞാൻ അസൂയയോടെ നോക്കി നിന്നിരുന്നു.ഒരു പത്ത് പൈസ കിട്ടിയിരുന്നെങ്കിൽ എനിക്കും ഒരു പൊട്ടിയ ഐസോ അല്ലെങ്കിൽ കോല് പോയ ഐസോ വാങ്ങാമായിരുന്നു.പക്ഷെ ബാപ്പയുടെ കീശ തപ്പിയാൽ പലപ്പോഴും കിട്ടുന്നത് പകുതി കത്തിയ ദിനേശ് ബീഡിയായിരിക്കും.

അന്ന് മദ്രസയിലേക്ക് പോകുമ്പോഴാണ് ബാപ്പയുടെ ഷർട്ട് വീണ്ടും എന്റെ ശ്രദ്ധയിൽ പെട്ടത്.വെറുതെ ഒന്ന് അതിന്റെ കീശയിൽ കയ്യിട്ട് നോക്കി.ചെറിയൊരു തണുപ്പ് കയ്യിലടിച്ചതോടെ ഞാൻ ചുറ്റും ഒന്ന് നോക്കി.ബാപ്പ ആ പരിസരത്തൊന്നും ഇല്ല.ഉമ്മയും അടുക്കളയിൽ എന്തോ പണിയിലാണ്.കയ്യിൽ തടഞ്ഞ സാധനം ഞാൻ മെല്ലെ എടുത്തു - ഇരുപതു പൈസയുടെ ഒരു പിച്ചള നാണയം.'ഇന്ന് എനിക്കും ഒരു കോലൈസ് വാങ്ങാനുള്ള പൈസ ആയി' എന്ന സന്തോഷത്തിൽ അതും കീശയിലിട്ട് മദ്രസയിലേക്കോടി.
ഞാൻ എത്തിയപ്പോഴേക്കും പോക്കർ മോല്യാർ ക്ലാസ് തുടങ്ങിയിരുന്നു.

"ഉം...എന്തിനാ ബെന്നേ ?" പോക്കർ മോല്യാരുടെ ചോദ്യം കേട്ട് ഞാൻ ഒന്ന് പരുങ്ങി.

"ഓത്ത് പട്ച്ചാന്..."

"അത് ച്ചറിയാ..അയിന് നേരത്തും കാലത്തും ബെരണം...ഔടിം ബ്ടിം ഒക്കെ കജ്ജും തലിം ട്ട് ബെന്നാ നേരം ബെഗ്ഗും...കജ്ജ് ങ്ങട്ട് നീട്ട്..."

'മ്മേ!! ഞാൻ ബാപ്പയുടെ കീശയിൽ കയ്യിട്ട് പൈസ എടുത്തത് മദ്രസയിൽ ഇരിക്കുന്ന പോക്കർ മോല്യാർ കണ്ടോ?' എന്റെ ഹൃദയം പട പടാ അടി തുടങ്ങി.മോല്യാർ പറഞ്ഞതനുസരിച്ച് അറിയാതെ ഞാൻ കൈ നീട്ടി.

"ച്ലിം..ച്ലിം..ച്ലിം..." മൂന്നെണ്ണം കിട്ടിയതും ഞാൻ കൈ വലിച്ചു.മെഹബുവും അന്ത്രുവും ആസ്യയും ബീവിയും ഒക്കെ എന്നെ നോക്കി ചിരിക്കുന്നുണ്ട്.

'ഇനി സ്‌കൂളിൽ ചെന്നാലും ഇവര് എന്നെ കളിയാക്കി ചിരിക്കും... പോരാത്തതിന് കണക്കിലെ ഹോംവർക്കും ചെയ്യാനുണ്ട്...ഇന്ന് ആനി ടീച്ചറോടും നല്ല നുള്ള് കിട്ടും...ഇന്ന് ഇനി സ്‌കൂളിൽ പോകാതിരിക്കുന്നതാണ് നല്ലത്...' ഞാൻ ആലോചിച്ചു. 

മദ്രസ വിട്ട് വന്ന ഞാൻ ചായ കുടിച്ച ശേഷം പുസ്തകക്കെട്ടും എടുത്ത് വീട്ടിൽ നിന്ന് ഇറങ്ങി.നേരെ പോയത് അല്പം അകലെയുള്ള പറങ്കിമാവിന്റെ തോട്ടത്തിലേക്കാണ്.തോട്ടം ആരുടേത് എന്ന് അന്ന് നോട്ടമില്ല.താഴെ വീണ പറങ്കിമാങ്ങയിൽ നിന്ന് അണ്ടി ഊരിയെടുത്ത് അത് ട്രൗസറിന്റെ കീശയിലേക്കും മാങ്ങ വായിലേക്കും വയ്ക്കുക എന്നതായിരുന്നു ശീലം.

അന്ന് മാവ് പൂത്തു വരുന്നതേ ഉണ്ടായിരുന്നുള്ളൂ.അതിനാൽ തന്നെ മറ്റാരും അങ്ങോട്ട് വരില്ല എന്നത് എന്റെ മനസ്സിൽ സമാധാനം പരത്തി.

'ഇനി വൈകുന്നേരം വരെ ഏതെങ്കിലും മരത്തിന്റെ മുകളിൽ കയറി ഇരിക്കണം.സ്‌കൂൾ വിട്ട് കുട്ടികൾ തിരിച്ച് പോകുന്ന സമയത്ത് അവരുടെ കൂടെ വീട്ടിലേക്ക് തിരിച്ച് പോകണം'. മനസ്സിൽ അത്തരം ഒരു പദ്ധതി തയ്യാറാക്കിക്കൊണ്ട് പുസ്തകം അടുത്തുള്ള പൊന്തക്കാട്ടിൽ ഒളിപ്പിച്ച് വച്ച് ഞാൻ വലിയൊരു പറങ്കിമാവിൽ വലിഞ്ഞു കയറി.അത്യാവശ്യം ഉയരത്തിലുള്ള ഇരിക്കാൻ സൗകര്യമുള്ള നല്ലൊരു കൊമ്പിൽ ഞാൻ സീറ്റുറപ്പിച്ചു.

മരത്തിൽ നിന്നും കാണാവുന്ന ദൂരത്തിലുള്ള ചെമ്മൺ പാതയിലൂടെ കടന്ന് പോകുന്ന കുട്ടികളുടെ എണ്ണം ക്രമേണ കുറഞ്ഞ് കുറഞ്ഞ് വന്നു.സ്‌കൂൾ പഠന സമയം ആരംഭിച്ചതായി ഞാൻ മനസ്സിലാക്കി.

പറങ്കിമാവിന്റെ പൂക്കളുടെ മണവും ഇളം തെന്നലും ഏറ്റതോടെ മരത്തിൽ ഇരുന്ന എനിക്ക് അല്പം കഴിഞ്ഞ് ചെറിയൊരു മയക്കം വരാൻ തുടങ്ങി.ഇരുന്ന കൊമ്പിനെയും എന്നെയും തുണികൊണ്ട് ഒന്ന് കെട്ടി താഴെ വീഴില്ല എന്ന് ഞാൻ ഉറപ്പ് വരുത്തി.വെയില് അത്യാവശ്യം ചൂടായി തുടങ്ങി.പെട്ടെന്നാണ് ഞാൻ ഇലകൾ ചവിട്ടി അമരുന്ന ഒരു ശബ്ദം കേട്ടത്.മയക്കത്തിൽ നിന്നും ഞെട്ടി എണീറ്റു ഞാൻ താഴോട്ട് നോക്കി.

"പടച്ചോന്റെ റബ്ബേ!!!" ഞാൻ ഞെട്ടി.കണ്ണ് ഒന്ന് കൂടി തിരുമ്മി നോക്കി.

'ബാപ്പ അതാ ഓരോ പറങ്കിമാവും പൂത്തതും  നോക്കി നോക്കി വന്നു കൊണ്ടിരിക്കുന്നു.ഇത്തവണ ഈ തോട്ടം പാട്ടത്തിന് എടുത്തത് ബാപ്പയുടെ കൂട്ടുകാരനാണ്.അദ്ദേഹം തോട്ടം നോക്കാൻ ഏൽപിച്ചത് ബാപ്പയെയും'.

പിടിക്കപ്പെടും എന്നുറപ്പായതിനാൽ ഞാൻ വേഗം തുണി ശരിയാക്കി കണ്ണ് പൊത്തി ഇരുന്നു.പക്ഷെ, കാലടികൾ അകന്ന് അകന്ന് പോകുന്നതായി തോന്നിയതിനാൽ ഞാൻ മെല്ലെ കണ്ണ് തുറന്നു നോക്കി. ബാപ്പ , ഞാനിരിക്കുന്ന മരവും കഴിഞ്ഞ് പോയിട്ടുണ്ട്. എങ്കിലും, അതുവഴി തന്നെ തിരിച്ചു വരും എന്നതിനാൽ എത്രയും വേഗം രക്ഷപ്പെടലാണ് ബുദ്ധി എന്ന് മനസ്സ് പറഞ്ഞു. ഇറങ്ങാനായി ഞാൻ മെല്ലെ എണീറ്റു.

"ക്ർ... ർ... ർ...... ഡും..." എണീറ്റ് നിന്ന എന്റെ ഭാരം താങ്ങാനാവാതെ കൊമ്പ് പൊട്ടി വീണു.ശബ്ദം കേട്ട് ബാപ്പ വേഗം ഓടി രക്ഷപ്പെട്ടതിനാൽ ഞാൻ ബാപ്പയുടെ തലയിലേക്ക് വീണില്ല. ചന്തി നന്നായി വേദനിച്ചെങ്കിലും വേഗം മൂട് തട്ടി എണീറ്റ് കുറ്റിക്കാട്ടിൽ നിന്നും പുസ്തകക്കെട്ടും എടുത്ത് ഞാൻ സ്കൂളിലേക്കോടി.

(തുടരും...)

Friday, February 03, 2023

സരോജിനി നഗർ മാർക്കറ്റ്

2012ൽ ടെക്നിക്കൽ സെൽ എൻ.എസ്.എസ് ടീമിന്റെ കൂടെ ഡൽഹിയിൽ എത്തിയ സമയത്താണ് ഞാൻ ആദ്യമായി സരോജിനി മാർക്കറ്റ് എന്ന ഷോപ്പിംഗ് സ്ഥലത്തെപ്പറ്റി കേൾക്കുന്നത്.അന്ന് അവിടം സന്ദർശിച്ച് നടന്ന് നടന്ന് മടുത്തു എന്നല്ലാതെ പ്രത്യേകിച്ച് ഒന്നും സംഭവിച്ചില്ല.2013ൽ ഞാൻ എൻ.എസ്.എസ് ഇന്ദിരാഗാന്ധി ദേശീയ അവാർഡ് സ്വീകരിക്കാൻ എത്തിയ സമയത്ത്  ബ്ളാക്ക് ഷൂ നിർബന്ധമാണ് എന്ന കിംവദന്തി കാരണം വീണ്ടും ഈ മാർക്കറ്റിൽ എത്തിയിരുന്നു.അന്ന് വാങ്ങിയ ഷൂ ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്.

മൂത്ത മകൾ ലുലു ജമ്മുവിൽ നിന്നും സഹപാഠികൾക്കൊപ്പം ഡൽഹിയിൽ കറങ്ങാൻ വന്ന സമയത്ത് സരോജിനി മാർക്കറ്റിൽ പോയ വിവരം എന്റെ ഭാര്യയോട് പറഞ്ഞിരുന്നു. ആ മാർക്കറ്റിൽ നിന്നും വാങ്ങിയ വിവിധ സാധനങ്ങളെപ്പറ്റിയും അവൾ പറഞ്ഞതോടെ അടുത്ത തവണ ഡൽഹിയിൽ പോകുമ്പോൾ ഈ മാർക്കറ്റിൽ ഒന്ന് കറങ്ങിയിട്ട് തന്നെ പോരൂ എന്ന് അവരെല്ലാവരും കൂടി തീരുമാനിച്ച് കഴിഞ്ഞിരുന്നു.
ഏതായാലും ഏറും മോറും ഒത്തു എന്ന് പറഞ്ഞപോലെ കാശ്മീരിൽ നിന്നും തിരിച്ച് ഡൽഹിയിൽ എത്തിയപ്പോൾ ഒരു പകൽ മുഴുവൻ ഞങ്ങൾക്ക് മുന്നിൽ പരന്നു കിടക്കുന്നുണ്ടായിരുന്നു.

കാശ്മീരിലേക്ക് പോകുമ്പോൾ ഞങ്ങളെ വേണ്ട വിധം സൽക്കരിക്കാൻ കഴിയാതിരുന്ന റഈസ് അവന്റെ വീട്ടിലേക്ക് ഞങ്ങളെ വീണ്ടും ക്ഷണിച്ചു. വിഭവ സമൃദ്ധമായ ഉച്ചഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോഴാണ് കൂട്ടത്തിലെ സ്ത്രീജനങ്ങൾക്ക് ഒരു ഷോപ്പിംഗ് ആഗ്രഹമുദിച്ചത്. സരോജിനി മാർക്കറ്റ് തൊട്ടടുത്താണ് എന്നറിഞ്ഞതോടെ ആഗ്രഹത്തിന് എരിവ് കൂടി. അങ്ങനെ രണ്ട് യൂബറുകളിലായി ഞങ്ങൾ മാർക്കറ്റിലേക്ക് തിരിച്ചു.

നിത്യോപയോഗത്തിനുള്ള വിവിധതരം വസ്ത്രങ്ങൾ, ബാഗുകൾ, ബെൽറ്റുകൾ, ഷൂസുകൾ, ചെരിപ്പുകൾ തുടങ്ങിയവയാണ് ഈ മാർക്കറ്റിലെ പ്രധാന കച്ചവട സാധനങ്ങൾ. ഒരറ്റത്ത് നിന്നും തുടങ്ങിയാൽ അതിലെയും ഇതിലെയും എല്ലാം തിരിഞ്ഞ് കൂട്ടം തെറ്റാനും വഴി തെറ്റാനും ഒക്കെ വളരെയധികം സാദ്ധ്യതകളും ഉണ്ട്. കുട്ടികളെ കൈപിടിച്ച് തന്നെ നടന്നില്ലെങ്കിൽ നഷ്ടപ്പെടും എന്ന് തീർച്ചയാണ്.

 
ഡൽഹിയിലെ എരിപൊരി ചൂടിലാണ് ഞങ്ങൾ മാർക്കറ്റിൽ എത്തുന്നത്.മുൻ സന്ദർശന സമയത്ത് ധാരാളം ഇരിപ്പിടങ്ങൾ അവിടവിടെയായി കണ്ടിരുന്നു. ഇത്തവണയും ചിലതൊക്കെ കണ്ടെങ്കിലും സൂര്യന്റെ കത്തിക്കാളലിൽ അതിലിരിക്കുക സാദ്ധ്യമായിരുന്നില്ല. എന്റെയും നൗഷാദിന്റെയും ഫാമിലികൾ കടകൾ തോറും കയറിയിറങ്ങിയും സാധനങ്ങൾ വാങ്ങിയും നടന്നതിനാൽ അവർക്ക് സമയം പ്രശ്നമായിരുന്നില്ല. ഞാനും മോനും ഒരു ഇരിപ്പിടം തേടി അലഞ്ഞു കൊണ്ടേയിരുന്നു.

അങ്ങനെ ഒരു സ്ഥലത്ത് നിൽക്കുമ്പഴാണ് വഴിയോരക്കച്ചവടക്കാർ എല്ലാവരും കൂടി വാരിപ്പെറുക്കി ഓടുന്നത് കണ്ടത്. ഷോപ്പിൽ നിന്നും പുറത്തേക്ക് വച്ചിരുന്ന സാധനങ്ങൾ പെട്ടെന്ന് പൊക്കി എടുത്ത്  ചിലർ അകത്തേക്ക് വയ്ക്കുന്നു. ഓടാൻ സാധിക്കാതെ കുടുങ്ങിപ്പോയ ഒരു പാവത്തിന്റെ മുഴുവൻ സാധനങ്ങൾക്കുമൊപ്പം അവനെയും തൂക്കി എടുത്ത് ഒരാൾ നടന്ന് നീങ്ങുന്നു. എന്താണ് സംഭവം എന്ന് ചോദിച്ചപ്പോഴാണ് വന്നത് പോലീസാണെന്നും വഴിയോര വാണിഭം കർശനമായി വിലക്കിയതാണെന്നും മനസ്സിലായത്. എന്നാൽ പോലീസ് സ്ഥലം വിട്ടതും എല്ലാം പഴയപടിയായി. പത്ത് മിനിട്ടിനകം വീണ്ടും ഇതാവർത്തിച്ചു. അങ്ങനെ ഒന്നര മണിക്കൂറിനുള്ളിൽ നിരവധി തവണ ഞാനിതിന് ദൃക്സാക്ഷിയായി. 

ലിദുമോന് പറ്റിയ ഒന്നും ഷോപ്പിംഗിനിടയിൽ ശ്രദ്ധയിൽ പെട്ടില്ല. അങ്ങനെ എക്സിറ്റ് ഗേറ്റിൽ എത്തിയപ്പോഴാണ് അവിടെ ഒരു കളിത്തോക്ക് കണ്ടത്. നാട്ടിലെ വിലയിലും കൂടുതലാണെങ്കിലും "ഡൽഹിയിൽ നിന്നും വാങ്ങിയത് " എന്ന ലേബൽ കിട്ടാൻ അതൊന്ന് വാങ്ങി. അതോടെ അവനും വളരെ ഹാപ്പിയായി.

മാർക്കറ്റ് ഗേറ്റിന് തൊട്ടടുത്ത് തന്നെ മെട്രോ സ്റ്റേഷൻ ഉണ്ടായിരുന്നു. എങ്കിൽ ഡൽഹി മെട്രോയിൽ ഒരു ഹ്രസ്വദൂര യാത്ര നടത്താം എന്ന് ഞങ്ങൾ കരുതി. എങ്ങനെ എങ്ങോട്ട് ടിക്കറ്റ് എടുക്കണം എന്ന് അറിയാത്തതിനാൽ മെട്രോ ജോലിക്കാരിയായ ഒരു സ്റ്റാഫിനെ ഞാൻ സമീപിച്ചു. ടിക്കറ്റിനായി ഞാൻ 500 രൂപ നൽകി. ഇതിനിടക്ക് മറ്റൊരാൾക്ക് നൽകാനായി എന്നോട് അവർ ചില്ലറ ചോദിച്ചു. ഞാനതും നൽകി. ടിക്കറ്റിന് നൽകിയ അഞ്ഞൂറ് രൂപയുടെ ബാക്കി ചോദിച്ചപ്പോൾ അത് തന്നതായി അവർ പറഞ്ഞു. എനിക്കറിയാവുന്ന ഹിന്ദിയിലും ഇംഗ്ലീഷിലും എല്ലാം പറഞ്ഞു നോക്കിയെങ്കിലും ആ 'മാന്യസ്ത്രീ' കാശ് തിരിച്ച് തന്നില്ല. തർക്കിച്ചിട്ട് കാര്യമില്ലാത്തതിനാൽ ഞങ്ങൾ ട്രെയിൻ കയറാനായി അണ്ടർഗ്രൌണ്ട് സ്റ്റേഷനിൽ എത്തി. ലിദുമോന്റെ കയ്യിലെ കളിപ്പാട്ടം കണ്ടതും പോലീസ് ഞങ്ങളെ തടഞ്ഞു.കളിക്കോപ്പാണ് എന്നറിഞ്ഞിട്ടും അതും കൊണ്ട് യാത്ര അനുവദിക്കാൻ നിർവ്വാഹമില്ല എന്ന് പോലീസ് അറിയിച്ചു.

യാത്ര മുടങ്ങിയതോടെ ടിക്കറ്റ് റീഫണ്ട് ചെയ്യാനുള്ള വഴി ചോദിച്ചു. അകത്ത് കസ്റ്റമർ കെയറിൽ അന്വേഷിക്കാൻ ആയിരുന്നു നിർദ്ദേശം. പക്ഷെ,അങ്ങോട്ട് കയറണമെങ്കിൽ മാസ്ക് നിർബന്ധവും. അപ്പോൾ അതുവഴി വന്ന ഒരു യാത്രക്കാരൻ ഒരു മാസ്ക് തന്നതിനാൽ അതും വച്ച് നൗഷാദ് അകത്ത് കയറി ടിക്കറ്റ് റീഫണ്ട് ചെയ്തു. സമയം പിന്നെയും ഉള്ളതിനാൽ സ്ത്രീകൾ വീണ്ടും മാർക്കറ്റിലേക്ക് തന്നെ കയറി. അങ്ങനെ മതി വരുന്നത് വരെ ഷോപ്പിംഗ് നടത്തി സന്ധ്യയോടെ ഞങ്ങൾ റഈസിന്റെ വീട്ടിലേക്ക് തന്നെ മടങ്ങി.

Tuesday, January 31, 2023

2022 ഒരു തിരിഞ്ഞുനോട്ടം

ഒരു പേജ് കൂടി ഭൂമിയിലെ വർഷങ്ങളുടെ കണക്കുപുസ്തകത്തിൽ നിന്ന് മറിച്ചിടപ്പെട്ടിരിക്കുന്നു. വർഷാന്ത്യത്തിലോ ആദ്യത്തിലോ ഉള്ള ഒരു തിരിഞ്ഞുനോട്ടം പതിവ് പോലെ തുടരുകയാണ്.ചെയ്തു കൂട്ടിയ കാര്യങ്ങളും വിജയം വരിച്ച സംഗതികളും പരാജയം സംഭവിച്ച ഇടങ്ങളും എല്ലാം അപഗ്രഥനം ചെയ്യുന്നത് പുതിയ വർഷത്തിലെ പ്രതീക്ഷകൾക്ക് വിത്തിടും. കരുത്തുറ്റള്ളതാക്കി അവയെ വളർത്താൻ ഇത് സഹായിക്കുകയും ചെയ്യും.

വീട്ടിലെ ലൈബ്രറിയും ബ്ലോഗ് എഴുത്തും വായനയും എല്ലാം പരിപോഷിപ്പിക്കലായിരുന്നു കഴിഞ്ഞ വർഷത്തെ പ്രധാന ലക്ഷ്യമായി തീരുമാനിച്ചിരുന്നത്. ഇരുപത്തഞ്ചോളം പുസ്തകങ്ങൾ എന്റെ ഹോം ലൈബ്രറിയിൽ എത്തിച്ചും ബ്ലോഗ് പോസ്റ്റുകളുടെ എണ്ണത്തിൽ പതിവ് പോലെ സെഞ്ച്വറി തികച്ചും ലക്ഷ്യത്തോട്  ഏറെ അടുത്തെത്തിയെങ്കിലും വായന വളരെയധികം കുറഞ്ഞുപോയി എന്നത് ആശങ്കയുണർത്തുന്നു.ഈ വർഷം വായിച്ച പുസ്തകളുടെ ലിസ്റ്റ് താഴെ കൊടുക്കുന്നു. പേരിൽ ക്ലിക്ക് ചെയ്താൽ ആ പുസ്തകത്തെപ്പറ്റിയുള്ള എന്റെ വായനാനുഭവം കൂടി വായിക്കാം.

 
2022 ലെ ബാലൻസ് അടക്കം ഈ വർഷം 25 പുസ്തകങ്ങൾ എങ്കിലും വായിക്കണം എന്നാണ് പുതിയ ലക്ഷ്യം.
 
ഒരു പുസ്തകം കൂടി പ്രസിദ്ധീകരിക്കാൻ സാധിച്ചതിൽ വളരെ സന്തോഷമുണ്ട്. പേരക്ക ബുക്സിന്റെ നോവൽ അവാർഡ് നേടിയ "ഓത്തുപള്ളി", മലയാളം ബ്ലോഗിങ്ങിന്റെ ആരംഭകാലത്ത് ബ്ലോഗിൽ പ്രസിദ്ധീകരിച്ച നോവൽ തന്നെയാണ്. ഞാൻ എഡിറ്ററായിക്കൊണ്ട് ഒരു പുസ്തകവും ഒരു സ്വന്തം പുസ്തകവും കൂടി പ്രസിദ്ധീകരിച്ച് സാഹിത്യ മണ്ഡലത്തിൽ കാലുറപ്പിച്ച് ചവിട്ടാനും പുതിയ വർഷത്തിൽ ലക്ഷ്യമിടുന്നു.

ബ്ലോഗിങ്ങിനൊപ്പം തന്നെ രണ്ട് വർഷമായി വ്ലോഗിങ്ങും ഞാൻ തുടർന്നു വരുന്നു. പ്രൊഫഷനൽ കോഴ്സുകളുടെ പ്രവേശന സംബന്ധമായ വീഡിയോകളാണ് ചെയ്ത് കൊണ്ടിരുന്നത്. എന്നാൽ ഒരു സുപ്രഭാതത്തിൽ, വിവിധ യുണിവേഴ്സിറ്റികളുടെ ഡിഗ്രി പ്രവേശനത്തെപ്പറ്റിയും വീഡിയോ ചെയ്യാൻ തോന്നിയത് ഒരു വഴിത്തിരിവ് തന്നെയായി മാറി. പതിനായിരം സബ്സ്ക്രൈബർമാരിൽ നിന്ന് ഇരുപത്തി അയ്യായിരത്തിൽ എത്തിക്കുക എന്ന എന്റെ ഈ വർഷത്തെ ലക്ഷ്യവും കവിഞ്ഞ്, വർഷം  അവസാനിക്കുമ്പോൾ അത് 27700 ൽ എത്തി. ആയിരം ഡോളർ വരുമാനം എന്ന ലക്ഷ്യം തൊള്ളായിരത്തി പതിനൊന്ന് ഡോളറിൽ എത്തി നിന്നു. എങ്കിലും ഞാൻ ഖുശിയാണ്.

കുടുംബസമേതം നിരവധി യാത്രകളും ഈ വർഷം സാദ്ധ്യമായി. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് കാശ്മീർ എന്ന, ഭൂമിയിലെ സ്വർഗ്ഗത്തിലേക്കുള്ള യാത്ര തന്നെ. ജീവിതത്തിൽ ഇന്നേ വരെ ലഭിക്കാത്ത ആതിഥേയത്വങ്ങൾ ഏറ്റ് വാങ്ങിയ ആ യാത്ര ഇപ്പോഴും മനസ്സിൽ മഞ്ഞ് പുതച്ച് കിടക്കുന്നു. ഇതിന്റെ യാത്രാവിവരണം വായിച്ച് ഒരു സഹപ്രവർത്തകൻ ഒരു മാസത്തിലധികം നീണ്ട കാശ്മീർ ടൂർ നടത്തി തിരിച്ചെത്തി.മറ്റു ചിലർ ഈ വർഷത്തെ വെക്കേഷനിൽ യാത്ര പ്ലാൻ ചെയ്തു കഴിഞ്ഞു.

ചങ്ങാതിമാർക്കൊപ്പം വയനാട്, പതങ്കയം വെള്ളച്ചാട്ടം, രായിരനല്ലൂർ മല തുടങ്ങീ പിക്നിക് സ്‌പ്പോട്ടുകളും കുടുംബത്തോടൊപ്പം പാലക്കാട്, കടലുണ്ടി, ഇരിങ്ങൽ തുടങ്ങീ വിനോദ സഞ്ചാര കേന്ദ്രങ്ങളും  സന്ദർശിക്കാൻ ഈ വർഷം സാധിച്ചു.കാശ്മീർ യാത്രയുടെ മുന്നോടിയായി ആഗ്രയിലും ഡൽഹിയിലും കൂടി ഒന്ന് കറങ്ങി.

ലിദു മോന്റെ പ്രൈമറി സ്‌കൂൾ പഠനാരംഭം, അദ്ധ്യാപകനായുള്ള എന്റെ തിരിച്ചുവരവ്, അന്താരാഷ്ട്ര കോൺഫറൻസിലെ പേപ്പർ അവതരണം,വകുപ്പുതല ഉദ്യോഗക്കയറ്റം തുടങ്ങിയ ജീവിതത്തിലെ പല പ്രധാന വഴിത്തിരിവുകളും ഈ വർഷം സംഭവിച്ചു.

മറ്റു തിരക്കുകൾക്കിടയിൽ നഷ്ടപ്പെട്ട പച്ചക്കറി കൃഷി തിരിച്ചു പിടിക്കാനും ഈ വർഷം സാധിച്ചു.കൃഷി വകുപ്പിന്റെ മൺചട്ടി കൃഷിക്ക് ഒരു ഉപഭോക്താവായി ഞാനും തെരഞ്ഞെടുക്കപ്പെട്ടു. വൈവാഹിക ജീവിതത്തിന്റെ ഇരുപത്തി അഞ്ചാം വർഷത്തിലേക്ക് പ്രവേശിക്കുമ്പോൾ ഇരുപത്തി അഞ്ച് മൺചട്ടികളിൽ കൃഷി ആരംഭിച്ച് കഴിഞ്ഞു.കഴിഞ്ഞ വർഷത്തെപ്പോലെ കപ്പ പച്ച പിടിച്ചില്ല.വിവാഹ വാർഷിക മരമായി 2020ൽ വച്ച ആയുർജാക്കിൽ കടിഞ്ഞൂൽ ചക്കകൾ ഉണ്ടായതും പോയ വർഷത്തിലെ സന്തോഷങ്ങളിൽ പെട്ടതാണ്.

തിരിഞ്ഞുനോട്ടം വെറുതെയല്ല,പ്രതീക്ഷകൾ കാത്തു സൂക്ഷിക്കാനും പ്രചോദനമാകാനും വേണ്ടിയാണ്. പുതുവർഷത്തിൽ ദൈവം വിധിച്ചത് ഇനി എന്തൊക്കെ എന്ന് കാത്തിരിക്കാം.

Monday, January 30, 2023

സൌഹൃദം പൂക്കുന്ന വഴികൾ - 19

ഒരു യുഗം ഞാന്‍ തപസ്സിരുന്നു ഒന്നു കാണുവാന്‍
കഴിഞ്ഞ കാലം കൊഴിഞ്ഞ സുമം പൂത്തു വിടര്‍ന്നൂ...

നാടോടിക്കാറ്റ് എന്ന സിനിമക്ക് വേണ്ടി ശ്രീ യൂസഫലി കേച്ചേരി എഴുതിയ ഈ വരികളാണ് ഇന്നലെ വീട്ടിൽ തിരിച്ച് കയറുമ്പോൾ എൻറെ മനസ്സിൽ ഓടി എത്തിയത്. ഒരു വലിയ പ്രോഗ്രാം കഴിഞ്ഞ് വീട്ടിലെത്തിയതല്ല ഞാൻ,മറിച്ച് ഞാനടക്കം വെറും ഇരുപത്തി ഒന്ന് പേർ മാത്രം പങ്കെടുത്ത ഒരു പൂർവ്വ വിദ്യാർത്ഥി സംഗമത്തിന് ശേഷം വന്ന് കയറിയതായിരുന്നു. പക്ഷെ ആ സംഗമം യുഗങ്ങളായി ആഗ്രഹിച്ച ഒന്നായിരുന്നു.ഇരുപതാം നൂറ്റാണ്ടിൽ തമ്മിൽ കണ്ട് മറന്നുപോയ, മനസ്സിന്റെ അറകളിൽ എവിടെയോ ക്ലാവ് പിടിച്ച് കിടക്കുന്ന ചില ചിത്രങ്ങൾ മിനുക്കി എടുക്കാനുള്ള ഒരു എളിയ ശ്രമം.1994ൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ മലപ്പുറം സെന്ററിൽ നിന്ന് ബി.എഡ് പഠനം പൂർത്തിയാക്കിയവരുടെ ഒരു സംഗമമായിരുന്നു അത്.

ഇരുപത്തിയെട്ട് വർഷത്തെ വിടവ് ഞങ്ങളിൽ പല മാറ്റങ്ങളും വരുത്തിക്കഴിഞ്ഞിരുന്നു.സേവനകാലാവധി അവസാനിച്ച് മറ്റു മേഖലകളിലേക്ക് തിരിഞ്ഞവർ,ഇപ്പോഴും പല സ്‌കൂളുകളിലുമായി മലപ്പുറം ജില്ലയിൽ തന്നെ സേവനമനുഷ്ഠിക്കുന്നവർ,അദ്ധ്യാപക രംഗം വിട്ട് മറ്റു പല വകുപ്പുകളിലേക്കും ചേക്കേറിയവർ അങ്ങനെ വിവിധങ്ങളായ തുറകളിൽ പ്രവർത്തിക്കുന്നവരായിരുന്നു സംഗമത്തിൽ പങ്കെടുത്ത എല്ലാവരും.

മലപ്പുറം പാലസ് ഹോട്ടലിന് മുകളിൽ പ്രവർത്തിച്ചിരുന്ന ബി.എഡ് സെന്ററിൽ നിന്ന് 1994 ഡിസമ്പറിൽ പടി ഇറങ്ങിയ ശേഷം ഇതുവരെ പരസ്പരം കണ്ടുമുട്ടാത്തവരായിരുന്നു വന്നവരിൽ പലരും. കാലചക്രത്തിന്റെ കറക്കം, തലയിലും മുഖത്തും ശരീരത്തിലും മാറ്റങ്ങൾ വരുത്തിയിരുന്നെങ്കിലും മനസ്സിനെ പിടികൊടുക്കാൻ അവർ തയ്യാറായിരുന്നില്ല.പഴയ അതേ ആവേശത്തോടെ ആ നല്ല ദിനങ്ങൾ ഒരിക്കൽ കൂടി ഓർത്തെടുക്കാൻ എല്ലാവരും ശ്രമിച്ചപ്പോൾ പ്രായം റിവേഴ്‌സ് ഗിയറിൽ ഓടാൻ തുടങ്ങി.പെട്ടെന്ന് തന്നെ എല്ലാവരും ഇരുപതിനും മുപ്പതിനും ഇടയിൽ പ്രായമുള്ള യുവതീ യുവാക്കളായി മാറി.സെന്ററിന്റെ അകത്തളങ്ങളിൽ അന്ന് പാറിപ്പറന്ന പൂമ്പാറ്റകൾ വീണ്ടും ചിറകടിച്ചു.ആ ബട്ടർഫ്‌ളൈ എഫക്ടിൽ ഇരുപത്തിഎട്ട് വർഷം അലിഞ്ഞില്ലാതായി.

സ്വയം പരിചയപ്പെടുത്തലും ഓർമ്മകളുടെ അയവിറക്കലും കലാപരിപാടികളും ഭാവിപരിപാടികളുടെ ആസൂത്രണവും കഴിഞ്ഞപ്പോൾ തന്നെ മനസ്സ് നിറഞ്ഞ് കവിഞ്ഞിരുന്നു.ഓരോരുത്തർക്കും ഇഷ്ടപ്പെട്ട ഭക്ഷണം കൊണ്ട് വയറ് കൂടി നിറഞ്ഞതോടെ എല്ലാം ഗംഭീരമായി അവസാനിച്ചു. എന്നിട്ടും അവിടം വിടാൻ പലർക്കും മനസ്സിനെ പറിച്ചെടുത്ത് പോരേണ്ടി വന്നു. സൂഫിവര്യൻ ജലാലുദ്ദീൻ റൂമിയുടെ വരികളാണ് അപ്പോൾ ഓർമ്മ വന്നത്.

"വിടപറയുന്നത് കണ്ണുകൊണ്ട് സ്നേഹിക്കുന്നവർക്ക് മാത്രം.കാരണം മനസ്സും മനസ്സും കൊണ്ട് സ്നേഹിക്കുന്നവർക്ക് വേർപിരിയൽ എന്നൊന്നില്ല"

Friday, January 27, 2023

സൌഹൃദം പൂക്കുന്ന വഴികൾ - 18

ബാല്യകാലത്തേക്ക് ഒരു യാത്ര പോകണമെങ്കിൽ അന്നത്തെ ചില കഥകൾ ഓർത്തെടുക്കേണ്ടി വരും. അല്ലെങ്കിൽ അന്ന് ചിരപരിചിതമായിരുന്ന ചില സാധനങ്ങളുടെ ചിത്രങ്ങൾ കണ്ടാലും മതിയാകും. എന്നാൽ കലാലയ ജീവിതത്തിലേക്ക് തിരിച്ചു പോകാൻ പ്രസ്തുത കലാലയത്തിന്റെ ഗേറ്റ് കണ്ടാൽ മതിയാകും. അതല്ലെങ്കിൽ ഒരു സഹപാഠി സംഗമം നടത്തിയാലും മതി.

1992-ലാണ് വിദ്യാർത്ഥി എന്ന ലേബലിൽ ഞാൻ ഫാറൂഖ് കോളേജിന്റെ പടികൾ ഇറങ്ങിപ്പോന്നത്. പിന്നീട് ഒരു രക്ഷിതാവ് എന്ന നിലയിലും എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ എന്ന നിലയിലും ആ കാമ്പസിൽ കാലുകുത്തിയിട്ടുണ്ട്. വിദ്യാർത്ഥി കാലഘട്ടത്തിലെ ഓർമ്മകൾ പുതുക്കാൻ അന്ന് ഒപ്പം പഠിച്ച ആരെയെങ്കിലും ഒക്കെ സന്ദർശിക്കുകയോ കിട്ടാവുന്ന അത്ര സഹപാഠികളെ വിളിച്ച് കൂട്ടി ഒരിടത്ത് ഒന്ന് കൂടുകയോ ആയിരുന്നു പതിവ്. എന്നാൽ കേരളം കണ്ട രണ്ട് മഹാ പ്രളയങ്ങളും, ശേഷം ലോകം തന്നെ വിറങ്ങലിച്ച് നിന്ന കോവിഡ് മഹാമാരിയും ഇതെല്ലാം തടസ്സപ്പെടുത്തി.

2018 ൽ മാനാഞ്ചിറ സ്ക്വയറിൽ ആയിരുന്നു ഞങ്ങളുടെ ബിരുദ ക്ലാസിന്റെ അവൈലബിൾ അംഗങ്ങളുടെ ലാസ്റ്റ് മീറ്റ്.അതിന് ശേഷം, പലരുടെയും കണക്കിലും ഡയറിയിലും ഇല്ലാത്ത രണ്ട് വർഷം കൊഴിഞ്ഞു പോയി.പിന്നെയും രണ്ട് വർഷം കൂടി   കഴിഞ്ഞപ്പോൾ ഒരു ഒത്തുകൂടൽ ആലോചന നടന്നു, ബട്ട് പ്രാക്ടിക്കൽ ആയില്ല.അതിനാൽ അടുത്ത ആലോചന വന്ന ഉടനെ അത് പ്രാക്ടിക്കലും ആക്കി.

1992 ൽ ബിരുദം നേടിയ ശേഷം ഒരു സംഗമത്തിലും പങ്കെടുക്കാൻ കഴിയാതിരുന്ന കല്ലായിക്കാരി ഹസീന, ദുബായിയിൽ നിന്നും ലാന്റ് ചെയ്തിട്ടുണ്ട് എന്ന വിവരം കിട്ടി നാലാം ദിവസം തന്നെ ഒരു ഒത്തുചേരൽ സംഘടിപ്പിച്ചു കൊണ്ട് ഇത്തവണത്തെ റിപബ്ലിക് ദിന അവധി എല്ലാവരും കൂടി ഗംഭീരമാക്കി. കോഴിക്കോട് ഗോകുലം മാളിൽ നടന്ന ഒത്തുചേരലിൽ പങ്കെടുക്കാൻ സർപ്രൈസ് ആയി ഇത്തവണ എത്തിയത് കോയമ്പത്തൂരിൽ താമസമാക്കിയ റഹ്മത്തുന്നീസ ആയിരുന്നു.

ഫാറൂഖ് കോളേജിലെ വിവിധ ഓർമ്മകളും അദ്ധ്യാപകരോടുള്ള ചോദ്യങ്ങളും സമര ദിവസങ്ങളിലെ നേരമ്പോക്കുകളും എല്ലാം ഒരിക്കൽ കൂടി ഓർമ്മയിലൂടെ തിരതല്ലി വന്നു.പന്ത്രണ്ടരക്ക് തുടങ്ങിയ ഓർമ്മകളുടെ വേലിയേറ്റത്തിനിടക്ക് ആമാശയത്തിന്റെ ആവശ്യങ്ങളും നിറവേറ്റി.വൈകിട്ട് നാലരയ്ക്ക്, അനിവാര്യമായ വേർപിരിയൽ എല്ലാവരിലും സങ്കടം പരത്തിയെങ്കിലും ഇനിയും ഒത്തുകൂടാം എന്ന മോഹത്തിൽ അത് ഒതുക്കി.

അന്ന് വൈകിട്ട് തന്നെ യാദൃശ്ചികമായി വിളിക്കപ്പെട്ട ഫാറൂഖ് കോളേജിലെ പഴയ കലാസാഹിതി അംഗങ്ങളുടെ ഒരു മീററിംഗും ഹോട്ടൽ അളകാപുരിയിൽ വിളിച്ച് ചേർത്തിരുന്നു.എൻ്റെ നോവലിന് അവതാരിക എഴുതിയ എൻ.പി ഹാഫിസ് മുഹമ്മദ് സാർ,ഒടിയൻ സിനിമയുടെ തിരക്കഥാകൃത്ത് നരേന്ദ്രവർമ്മ,കേരളാ സാഹിത്യ അക്കാദമി അവാർഡ് ജേതാവ് സുരേഷ് ഒ .പി തുടങ്ങിയവർ പങ്കെടുത്ത ആ യോഗവും ഓർമ്മകളിൽ പല ചിത്രങ്ങളെയും വീണ്ടും വരച്ചു. 

സുഹൃത്ത് വലയം ഒരു ദിവസത്തെ എങ്ങനെയൊക്കെ ഊർജ്ജം നിറക്കുന്നു എന്നത് അനുഭവിച്ചറിഞ്ഞ ഒരു ദിവസമായി ഞാൻ ഈ ജനുവരി 26 നെ ഡയറിയിൽ രേഖപ്പെടുത്തുന്നു.