Pages

Thursday, November 26, 2009

ഈദാശംസകള്‍....

ബൂലോകര്‍ക്കെല്ലാവര്‍ക്കും ഞങ്ങളുടെ ഈദാശംസകള്‍.... 

Wednesday, November 25, 2009

കുറ്റബോധത്തില്‍ നിന്നുള്ള ഉള്‍വിളി

ബാപ്പയുടെ മരണ ശേഷം ബാപ്പയുടെ ജ്യേഷ്ഠനായ എന്റെ നിലവിലുള്ള ഒരേ ഒരു മൂത്താപ്പയെ പല പരിപാടികളിലും വച്ച് കണ്ടിരുന്നു എന്നല്ലാതെ അവരുടെ വീട്ടില്‍ പോയി സന്ദര്‍ശിച്ചിട്ടില്ലായിരുന്നു.സമയം ഒത്തുകിട്ടിയില്ല എന്ന ഒഴിവ്കഴിവ് പറയുന്നതിനേക്കാളും നല്ലത് സമയമുണ്ടാക്കിയില്ല എന്ന കുറ്റസമ്മതമാണ്.ബാപ്പ ജീവിച്ചിരുന്ന കാലത്ത് വര്‍ഷത്തില്‍ ഒരു പ്രാവശ്യമെങ്കിലും മൂത്താപ്പ താമസിക്കുന്ന ബാപ്പയുടെ സ്വന്തം ഗ്രാമമായ പേരാമ്പ്രക്കടുത്ത നൊച്ചാട് പോകുമായിരുന്നു.ബന്ധുക്കളില്‍ ഒട്ടു മിക്കവരെയും സന്ദര്‍ശിക്കുകയും ചെയ്യുമായിരുന്നു. മാസത്തില്‍ ഒരിക്കലെങ്കിലും അവരെ എല്ലാം ഫോണില്‍ വിളിച്ച് സുഖവിവരങ്ങള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് ചെയ്യേണ്ട ബാധ്യത എന്റെ ഭാര്യക്കായിരുന്നു.ബാപ്പയുടെ മരണത്തോടെ അതെല്ലാം നിലച്ച മട്ടായി.


ആ കുറ്റബോധത്തില്‍ നിന്നുള്ള ഒരു ഉള്‍വിളിയാണ് കഴിഞ്ഞ ദിവസം നൊച്ചാട് സന്ദര്‍ശിക്കാന്‍ എന്നെ പ്രേരിപ്പിച്ചത്.പലതരം അസുഖങ്ങള്‍ കാരണം ബുദ്ധിമുട്ടുന്ന മൂത്താപ്പയേയും മൂത്തുമ്മയേയും നേരില്‍ കണ്ട് സുഖവിവരങ്ങള്‍ അന്വേഷിക്കാനായി ഞാന്‍ പുറപ്പെട്ടു.


വെള്ളിയൂരില്‍ ബസ്സിറങ്ങി ബേക്കറി സാധനങ്ങള്‍ വാങ്ങാനായി കടയിലേക്ക് നടന്നപ്പോള്‍ പെട്ടെന്ന് ബാപ്പ വീണ്ടും എന്റെ ചിന്തയില്‍ എത്തി.എന്റെ കുട്ടിക്കാലത്ത് വേനലവധിയില്‍ മൂന്ന് ദിവസം ഞങ്ങള്‍ കുടുംബ സമേതം നൊച്ചാട് പോയി താമസിക്കുന്ന പതിവുണ്ടായിരുന്നു.അതിരാവിലെ വീട്ടില്‍ നിന്നും പുറപ്പെടുന്നതിനാല്‍ ഭക്ഷണം കാര്യമായി കഴിച്ചുട്ടുണ്ടാവില്ല.കഴിച്ചവയെല്ലാം ബസ്സില്‍ ചര്‍ദ്ദിച്ച് കളഞ്ഞിരിക്കും.ഞങ്ങള്‍ വരുന്ന വിവരം വിളിച്ചറിയിക്കാന്‍ അന്ന് ഒരു ഫോണും ഇല്ല.അപ്പോള്‍ പ്രാതല്‍ കഴിക്കുന്നത് വെള്ളിയൂര്‍ ബസ് സ്റ്റോപ്പിനടുത്തുള്ള ഒരു ഹോട്ടലില്‍ വച്ചായിരുന്നു.ആ ഹോട്ടല്‍ നിന്നിടത്തെ കടയിലാണ് ഞാന്‍ ബേക്കറി സാധനങ്ങള്‍ വാങ്ങാനായി കയറിയത്.


സാധനങ്ങള്‍ വാങ്ങി ഞാന്‍ നൊച്ചാട് റോഡിലേക്ക് നടന്നു.കുട്ടിക്കാലത്ത്, വെള്ളിയൂര്‍ നിന്നും ബാപ്പയുടെ തറവാട് ലക്ഷ്യമാക്കി ഒന്നര കിലോമീറ്റര്‍ നടക്കലായിരുന്നു പതിവ്.ഇന്ന് ഓട്ടോറിക്ഷകള്‍ തലങ്ങും വിലങ്ങും പാഞ്ഞുകൊണ്ടിരിക്കുന്നു.പണ്ട് കാലത്തെ ആ നടത്തം അയവിറക്കി ഒന്ന് നടക്കാന്‍ മോഹിച്ചെങ്കിലും സമയം അനുവദിച്ചില്ല.ഓട്ടോയില്‍ കയറി പടിഞ്ഞാറേകണ്ടി താഴെ ഞാന്‍ ഇറങ്ങി.


ഒരു പറമ്പ് കടന്ന് ഞാന്‍ കനാലിന്റെ മുകളില്‍ എത്തി.ഞങ്ങള്‍ കനാല്‍ എന്ന പദം കേള്‍ക്കുന്നതും കാണുന്നതും നൊച്ചാട് വച്ചാണ്.കനാലിന്റെ മുകളിലെ ചെറിയ നടപ്പാലം കടന്ന് ഞാന്‍ ഇടവഴിയിലേക്ക് കയറി.പെട്ടെന്ന് എനിക്ക് മനസ്സില്‍ വല്ലാത്ത ഒരു നീറ്റല്‍ അനുഭവപ്പെട്ടു.കുട്ടിക്കാലത്ത് ബാപ്പയുടെ കൈ പിടിച്ച് വളരെ ശ്രദ്ധയോടെ ഞങ്ങളെ കൊണ്ടുപോയിരുന്ന ആ ഇടവഴിയിലെ മതിലുകള്‍ക്ക് നാവുണ്ടായിരുന്നെങ്കില്‍ അവ ചോദിക്കുമായിരുന്ന ആ ചോദ്യം - മോന്റെ ബാപ്പ എവിടെ ? എന്നെ മുന്നോട്ട് ഗമിക്കുന്നതില്‍ നിന്നും അല്പനേരം തടഞ്ഞു.(ഇത് ടൈപ്പുമ്പോഴും എന്റെ മനസ്സ് വിതുമ്പുന്നു).മനസ്സ് ശാന്തമായപ്പോള്‍ ഞാന്‍ മുന്നോട്ട് നടന്നു.


മൂത്താപ്പയുടെ വീട് സ്ഥിതി ചെയ്യുന്ന വിശാലമായ പറമ്പിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള ഒറ്റക്കല്‍ പടവിലൂടെ ഞാന്‍ കയറി.പറമ്പില്‍ പ്രവേശിച്ചതും വീണ്ടും എന്റെ ചിന്ത ബാപ്പയെക്കുറിച്ച് തന്നെയായി.ആ വീട്ടില്‍ എത്തിയാല്‍ പറമ്പ് മുഴുവന്‍ നടന്ന് നോക്കുന്ന എന്റെ പിതാവ് അവിടെയുള്ള മാവിന്‍ ചുവട്ടില്‍ ഒരു ബനിയനും ധരിച്ച് നില്‍ക്കുന്ന ചിത്രം എന്റെ മനസ്സില്‍ മായാതെ നില്‍ക്കുന്നു.


ബാപ്പയുടെ സ്മരണകളില്‍ മുങ്ങി ഞാന്‍ വീടിന് മുമ്പില്‍ എത്തിയപ്പോള്‍ മൂത്താപ്പ പശുവിനെ മാറ്റി കെട്ടുകയായിരുന്നു.മൂത്തുമ്മ അടുക്കളയില്‍ ചായ ഉണ്ടാക്കുകയും.എന്റെ പ്രതീക്ഷകള്‍ക്ക് അപ്പുറം രണ്ട് പേരും സുഖമായിരിക്കുന്നു എന്നറിഞ്ഞതില്‍ എനിക്ക് വളരെ സന്തോഷം തോന്നി.ഒരു മണിക്കൂറോളം അവരുമായി ചെലവഴിച്ച് ഞാന്‍ തിരിച്ച് പോന്നു.


എന്റെ മതവിശ്വാസ പ്രകാരം ,നിങ്ങള്‍ ഒരാളെ സന്ദര്‍ശിക്കാനുദ്ദേശിച്ച് വീട്ടില്‍ നിന്നും ഇറങ്ങി പുറപ്പെട്ടാല്‍ വഴിയിലുടനീളം എഴുപതിനായിരം മലക്കുകള്‍(മാലാഖമാര്‍) നിങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കും.അതിനാല്‍ ബന്ധം നിലനിര്‍ത്തുക,പ്രത്യേകിച്ചും കണ്ണിമുറിയാന്‍ സാധ്യതയുള്ള ബന്ധങള്‍.

അതു തന്നെയാ ഞാന്‍ പത്രം വായിക്കാത്തത്...

ഒന്നും മനസ്സിലായില്ലെങ്കിലും പത്രം ദിവസവും വായിക്കണമെന്ന് ഞാന്‍ എന്റെ മക്കളോട്‌ ഉപദേശിക്കാറുണ്ടായിരുന്നു.എന്നാലും പലപ്പോഴും അവര്‍ക്ക് അതിന് മടിയാണ്.ഇന്നലെ പത്രത്തില്‍ ഒരു പകുതി പേജ് പരസ്യം വായിച്ചു കൊണ്ടിരുന്ന മകള്‍ എന്നോട്‌ ചോദിച്ചു.
“ഉപ്പച്ചീ,മുഖ്യമന്ത്രി എന്നാല്‍ എന്താ ?”


“ചീഫ് മിനിസ്റ്റെര്‍ എന്ന് നീ പഠിച്ചിട്ടില്ലേ....അത് തന്നെ..”


“ആ....വി.എസ്.അച്ചുതാനന്ദന്‍...”


“അതേ..അതെ...ചീഫ് എന്നാല്‍ മുഖ്യന്‍...മന്ത്രിമാര്‍ കുറേ ഉണ്ടാകും.പക്ഷേ മുഖ്യന്‍ ഒന്നേ ഉണ്ടാകൂ...” ഞാന്‍ ഒന്നു കൂടി വിശദീകരിച്ചു കൊടുത്തു.


“അങ്ങനെയെങ്കില്‍ മുഖ്യാഥിതിയോ ?”


“മുഖ്യാഥിതി എന്നാല്‍ ചീഫ്ഗസ്റ്റ്...ചീഫ് എന്നാല്‍ ഒരാളേ ഉണ്ടാകൂ....അല്ലെങ്കില്‍ പിന്നെ ചീഫ് എന്ന് പറയണോ?” ഞാന്‍ അവള്‍ക്ക് നന്നായി മനസ്സിലാകാന്‍ വേണ്ടി പറഞ്ഞു.


“അപ്പോള്‍ ഈ കൊടുത്തത് മുഴുവന്‍ പൊട്ടത്തരമല്ലേ.ഈ കാണുന്ന ആള്‍ക്കാരെല്ലാം മുഖ്യാഥിതി ആവുന്നതെങ്ങന്യാ ? അതു തന്നെയാ ഞാന്‍ പത്രം വായിക്കാത്തത്...” പത്രത്തിലെ ഒരു സര്‍ക്കാര്‍ വക പരസ്യം കണ്ട അവളുടെ ചോദ്യത്തിന് മുന്നില്‍ എനിക്ക് മറുപടി ഇല്ലായിരുന്നു.ആറോ ഏഴോ മന്ത്രിമാര്‍ മുഖ്യാഥിതികള്‍ ആയി നല്‍കിയ ഒരു പരസ്യം.

Wednesday, November 18, 2009

ഒരു റാലിയും ചില ചിന്താശകലങ്ങളും.

ഇന്നലെ എസ്.എഫ്.ഐ യുടെ സംസ്ഥാന സമ്മേളനത്തോട്‌ അനുബന്ധിച്ച് കോഴിക്കോട് പട്ടണത്തില്‍ വിദ്യാര്‍ത്ഥിറാലി നടക്കുന്നതിനാല്‍ ഞാന്‍ കോല്ലേജില്‍ നിന്നും നേരത്തെ ഇറങ്ങി.ഗതാഗത നിയന്ത്രണം മുന്‍‌കൂട്ടി കണ്ടാണ് ഞാന്‍ ഇറങ്ങിയത്.പ്രതീക്ഷിച്ച് പോലെ ഒരു കിലോമീറ്റര്‍ മുന്നോട്ട് നീങ്ങിയപ്പോള്‍ തന്നെ അത് സംഭവിച്ചു.


പിന്നെ ഏതൊക്കെയോ വഴിയിലൂടെ ബസ് ചുറ്റി സഞ്ചരിക്കാന്‍ തുടങ്ങി.അതിനിടക്ക് സ്ഥലം പരിചയമില്ലാത്ത ഒരു സ്ത്രീ കണ്ടക്റ്ററോട്‌ എന്തോ ചോദിച്ചു.


“നിങ്ങള്‍ ഇവിടെ ഇറങ്ങിക്കോളൂ...” കണ്ടക്റ്റര്‍ പറഞ്ഞു.


“അതെന്താ നിങ്ങള്‍ നേരത്തേ പറയാഞ്ഞത് ? എനിക്ക് സ്ഥലം പരിചയമില്ല...”

“സ്ഥലം പരിചയമില്ല എന്ന് നിങ്ങള്‍ പറയേണ്ടേ...മനസ്സില്‍ വച്ചിരുന്നാല്‍ ഞാന്‍ അറിയോ?”

ആ സ്ത്രീ അവിടെ ഇറങ്ങി.സംസാരത്തില്‍ നിന്നും, ബസ് റൂട്ട് തിരിച്ചു വിട്ട അവിടെ നിന്നും അടുത്ത സ്റ്റോപ് ആണ് ആ സ്ത്രീക്ക് ഇറങ്ങേണ്ടത് എന്ന് മനസ്സിലായി.രണ്ട് മിനുട്ട് നടക്കാനുള്ള ദൂരം.പക്ഷേ ഇപ്പോള്‍ ആ സ്ത്രീയെ ഇറക്കിവിട്ടത് ഏതോ ഒരു വഴിയിലും.ബസ് ജീവനക്കാര്‍, ബസ് ആ ട്രിപ്പില്‍ പോകാത്ത രണ്ട് സ്റ്റോപുകള്‍ പറഞ്ഞിരുന്നെങ്കിലും ആ സ്ത്രീക്ക് ഇറങ്ങേണ്ട സ്റ്റോപ് പറഞ്ഞിരുന്നില്ല.


ആ സ്ത്രീയും , ഈ ഗതാഗതകുരുക്കില്‍ പെട്ട വൃദ്ധജനങ്ങളും , ആശുപത്രിയിലേക്ക് കുതിച്ചുപായുന്ന രോഗികളും മറ്റ് ജനങ്ങളും ഈ ഒരു റാലി കൊണ്ട് എത്രമാത്രം കഷ്ടപ്പെട്ടിരിക്കും എന്ന് ഇതിന് നേതൃത്വം കൊടുക്കുന്ന ആരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടാകുമോ?


മത-രാഷ്ട്രീയ-സാംസ്കാരിക സംഘടനകളുടെ പ്രകടനങ്ങള്‍ മെയിന്‍ റോഡു വഴി പോകുന്നത് നിര്‍ബന്ധമായും തടയേണ്ടിയിരിക്കുന്നു.ജനങ്ങള്‍ കാണാനാണ് പ്രകടനം.പക്ഷേ ജനങ്ങള്‍ക്ക് ഇതൊന്നും ശ്രദ്ധിക്കാന്‍ സമയമില്ലാതായിരിക്കുന്നു.പാര്‍ട്ടി അനുഭാവികള്‍ക്കും അല്ലാത്തവര്‍ക്കും ഒരു പോലെ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഈ പരിപാടികള്‍ വല്ല മൈതാനത്തോ ബീച്ചിലോ കൂട്ടം കൂടി നിന്ന് നടത്തിയാലും പോരേ ? കാണാനും കേള്‍ക്കാനും താല്പര്യമുള്ളവര്‍ വല്ല വിധേനയും അങ്ങോട്ട് എത്തിക്കോളും.പിന്നെ എന്തിന് എല്ലാവരേയും ബുദ്ധിമുട്ടിക്കുന്ന ഈ കോപ്രായങ്ങള്‍?


സംഘടനകള്‍ ഈ വിഷയം ഗൌരവതരമായി കാണേണ്ടിയിരിക്കുന്നു.പോലീസും ആവശ്യമായ നടപടികള്‍ സ്വീകരിക്കണം.ജനങ്ങളും തങ്ങളുടെ പ്രതിഷേധം അറിയിക്കണം.സമീപഭാവിയിലെങ്കിലും നെടുനീളന്‍ റാലികള്‍ ഇല്ലാത്ത ഒരു കേരളം കാണാന്‍ സാധിക്കുമോ?ഇല്ലെങ്കില്‍ തെക്ക്-വടക്ക് പാത (എക്സ്പ്രെസ് പാത എന്ന് മറ്റവന്മാര്‍ വിളിച്ചതുകൊണ്ടും അതിനെ എതിര്‍ത്തത് കൊണ്ടും ഇനി ഇങ്ങനെയല്ലേ വിളിക്കാന്‍ പറ്റൂ) പോലെ ഒരു തെക്ക്-വടക്ക് പ്രകടന പാത കൂടി നിര്‍മ്മിക്കാനൊക്കുമോ ?




Friday, November 13, 2009

ആദ്യം മരുന്ന്....അസുഖം പിന്നാലെ

ഇന്നലെ രാത്രി ഞാന്‍ വീട്ടില്‍ എത്തിയ ഉടനെ എന്റെ മൂത്ത മകള്‍ ചോദിച്ചു .
“ഉപ്പച്ചീ ഞാന്‍ മന്ത് ഗുളിക വാങ്ങണോ?”

എനിക്ക് ഒന്നും പിടികിട്ടിയില്ല.അപ്പോള്‍ അവള്‍ ഒന്നു കൂടി വിശദീകരിച്ചു.
“സ്കൂളില്‍ നിന്ന് നാളെ മന്തുരോഗത്തിനുള്ള ഗുളിക വിതരണം ചെയ്യുന്നുണ്ട്.ഗുളിക വേണ്ടാത്തവര്‍ രക്ഷിതാവിന്റെ എഴുത്ത് നല്‍കണം....”


“ഹോമിയോ മരുന്നാണോ ?” ഞാന്‍ ചോദിച്ചു.


“അറിയില്ല...സുനുതാത്തക്ക്(എന്റെ സഹോദരിയുടെ മകള്‍) കിട്ടിയിട്ടുണ്ട്....”



“സുനൂ....എവിടെ ആ ഗുളിക ?”


അവള്‍ എനിക്ക് ഗുളിക കാണിച്ചു തന്നു.മൂന്ന് ഗുളികകള്‍ നന്നായി പാക്ക് ചെയ്തും ഒന്ന്  ഒരു മാസം പ്രായമായ കുട്ടിയെപ്പോലെ നഗ്നനായും...

“ഇത് എന്നൊക്കെ കഴിക്കാനാ ?”

“അത് എല്ലാം ഇന്ന് തന്നെ കഴിക്കാനാ പറഞ്ഞത്...ഞാന്‍ കഴിക്കുന്നില്ല...”


“എന്താ ഇപ്പോ ഒരു മന്തന്‍ ഗുളിക,അതും നാലെണ്ണം“ എന്ന് ഞാന്‍ ഉറക്കെ ആലോചിച്ചു.എന്റെ മോളോട്‌ അത് വാങ്ങേണ്ട എന്നും ഞാന്‍ പറഞ്ഞു.അവള്‍ ചെറുപ്പം മുതലേ ഹോമിയോമരുന്ന് കഴിക്കുന്നവളായിരുന്നു.


“എങ്കില്‍ ഒരു കത്ത് നിര്‍ബന്ധമായും തരണം...” അവളും ശാഠ്യം പിടിച്ചു.


“ശരി...നാളെ തരാം..”


“ഉമ്മാ....ഉപ്പയോട്‌ കത്ത് എഴുതി വക്കാന്‍ പറയണേ...” ഉറങ്ങാന്‍ കിടക്കുമ്പോള്‍ അവള്‍ വീണ്ടും പറഞ്ഞു.


ഇന്ന് രാവിലെ എണീറ്റ് മോള്‍ എണീക്കുന്നതിന്റെ മുമ്പേ ഞാന്‍ കത്ത് എഴുതി വച്ചു.ശേഷം പത്രം എടുത്തു.ഒന്നാം പേജിലെ വാര്‍ത്ത “മന്തുരോഗ നിവാരണ ഗുളിക കഴിച്ചവര്‍ക്ക് ദേഹാസ്വസ്ഥ്യം”
ഞാന്‍ നന്നായി ഞെട്ടി.കാരണം  ഗുളിക എന്റെ മുന്നില്‍ അപ്പോഴും എന്നെ നോക്കി ഇളിക്കുന്നുണ്ടായിരുന്നു.


സര്‍ക്കാര്‍ നടപ്പാക്കുന്ന മരുന്ന് വിതരണ പദ്ധതികള്‍ പലതും താളം തെറ്റുന്നു.ജനങ്ങളില്‍ ആശങ്കയും ഭീതിയും പടര്‍ത്താനേ ഇവ ഉപകരിക്കുന്നുള്ളൂ.അല്ലെങ്കില്‍ ഈ അവസരത്തില്‍ ഇങ്ങനെ  ഒരു ഗുളിക സ്കൂളിലൂടെ വിതരണം ചെയ്യുന്നതിന്റെ പിന്നിലെ നീക്കം എന്ത് എന്ന് എല്ലാവര്‍ക്കും മനസ്സിലാവുന്ന ഭാഷയില്‍ വിശദീകരിക്കണം.ആദ്യം മരുന്നും  പിന്നാലെ അസുഖവും വരും എന്ന സ്ഥിതി വിശേഷം ആരോഗ്യരംഗത്തെ മലീമസമാക്കുന്നു.


വാല്‍:ഇന്നലെ ഇതെഴുതി ഡ്രാഫ്റ്റ് ആക്കി വച്ചു.അല്പം കഴിഞ്ഞപ്പോള്‍ കോളേജിലെ ഒരു അറ്റന്റര്‍ വന്നു.
“സാര്‍...ഇതാ മന്ത് ഗുളിക,വാങ്ങണം...കഴിക്കണോ വേണ്ടയോ എന്ന് സാറിന് തീരുമാനിക്കാം.പിന്നെ ഈ നാലാം ഗുളിക (നഗ്നന്‍) നിങ്ങള്‍ വിചാരിക്കുന്ന പോലെ അല്ല,വിരയിളക്കാനാ...”
അപ്പോള്‍ ഇത് എന്തിനൊക്കെയുള്ള പുറപ്പാടാണോ ആവോ?ഞാന്‍ ഗുളിക വാങ്ങി ,പക്ഷേ ഇതുവരെ കഴിച്ചില്ല.