Pages

Friday, April 30, 2021

മുറിഞ്ഞമാട് (എന്റെ അരീക്കോട് )

അരീക്കോട് നിന്നും എടവണ്ണപ്പാറ വഴി കോഴിക്കോട്ടേക്ക്  പോകുമ്പോൾ വെട്ടുപാറ എന്ന ഒരു ചെറിയ സ്റ്റോപ്പുണ്ട്. അവിടെ ചാലിയാർ  പുഴയുടെ മറുകരയിൽ കാലങ്ങളായി ഞാൻ കാണുന്ന വിശാലമായ ഒരു പുൽപ്പരപ്പുണ്ട്. 2018 ലെ പ്രളയത്തിന് തൊട്ടുമുമ്പാണെന്ന് തോന്നുന്നു, ഈ പുൽപ്പരപ്പ് വാർത്തകളിൽ സ്ഥാനം പിടിച്ചു. മുറിഞ്ഞമാട് എന്ന പേരിൽ അറിയപ്പെട്ടിരുന്ന ആ സ്ഥലം കൂടുതൽ ആളുകളുടെ നാവിൽ തത്തിക്കളിക്കാൻ തുടങ്ങിയതും അന്ന് മുതലാണെന്ന് തോന്നുന്നു. വൈകിട്ടാണ് ഈ റൂട്ടിൽ യാത്ര ചെയ്യുന്നതെങ്കിൽ ജനനിബിഡമായ ഒരു മൈതാനമായി അത് മാറുന്നത് പിന്നീട് ഞാൻ ശ്രദ്ധിച്ചു. ഒരു ദിവസം കുടുംബ സമേതം എനിക്കും ആ പുൽപ്പരപ്പിൽ കാറ്റു കൊണ്ടിരിക്കണം എന്ന ഒരാഗ്രഹം വെറുതെ മനസ്സിലിട്ടു. 

കാർ മുതലാളി ആയതോടെ ആഗ്രഹത്തിന് ചക്രം വയ്ക്കാൻ പിന്നെ അധികം താമസിച്ചില്ല. ഒരു ദിവസം വൈകിട്ട് ഭാര്യയേയും മക്കളെയും കൂട്ടി അങ്ങ് പുറപ്പെട്ടു. എന്റെ തൊട്ടടുത്ത പഞ്ചായത്തായ കിഴുപറമ്പിനെ, കേരളത്തിന്റെ ടൂറിസം ഭൂപടത്തിൽ രേഖപ്പെടുത്താൻ സാധ്യതയുള്ള സ്ഥലം എന്ന് പലരും പറഞ്ഞറിഞ്ഞ സ്ഥലത്ത് അങ്ങനെ ഞങ്ങൾ നേരിട്ടെത്തി. 

 എന്റെ നാട്ടിൽ നിന്നും വെറും പത്ത് കിലോമീറ്റർ ദൂരത്തിലുള്ള പ്രകൃതി രമണീയമായ ഒരു സ്ഥലമാണ് മുറിഞ്ഞമാട്. ചാലിയാറിന്റെ തീരത്ത് സ്വമേധയാ രൂപം കൊണ്ട വിശാലമായ ഒരു പുൽപ്പരപ്പ് ആണ് ഇതിന്റെ ആകർഷണീയത. വാഹനം പുഴ വരെ എത്തിയാൽ പാർക്ക് ചെയ്ത് നടത്തം തുടങ്ങാം. ചെറിയ കയറ്റവും ഇറക്കവും ആയി നീണ്ടു നിവർന്നു കിടക്കുന്ന ഒരു പച്ചപ്പരവതാനി വിരിച്ച പോലെ തോന്നും ആ പുൽപ്പരപ്പ്.അതവസാനിക്കുന്നിടത്ത് പുഴ അതിര് കാക്കുന്നു.

പുഴയിൽ സഞ്ചരിക്കണമെങ്കിൽ വള്ളം ഉണ്ട് .ഒരാൾക്ക് അമ്പത് രൂപ നൽകിയാൽ പത്തിരുപത് മിനുട്ട് ചാലിയാറിലൂടെ യാത്ര ചെയ്യാം (ഗ്രൂപ്പായി കയറുന്നവർ പലപ്പോഴും 100 രൂപയെ നൽകാറുള്ളൂ ). ഇത് അനൗദ്യോഗിക യാത്ര ആയതിനാലും വള്ളം തുഴയുന്നത് സ്‌കൂളിൽ പഠിക്കുന്ന കുട്ടികൾ ആയതിനാലും യാതൊരു സുരക്ഷാ മുൻകരുതലുകളും ഇല്ലാത്തതിനാലും ഉൾഭയമുള്ളവർ യാത്ര ചെയ്യാതിരിക്കലാണ് നല്ലത്.

ചെറിയ കുട്ടികൾ മുതൽ മുതിർന്ന ആൾക്കാർ വരെയുള്ളവർക്ക് വെള്ളത്തിൽ ഇറങ്ങി ആർമാദിക്കാൻ പറ്റിയ സ്ഥലങ്ങളും ഉണ്ട്. എല്ലാവരും ഇറങ്ങുന്നിടത്തേ ഇറങ്ങാവൂ. കാരണം മണലെടുത്ത കുഴികൾ പല സ്ഥലത്തും ഉണ്ടാകും.അധികം ആഴമില്ലാത്ത സ്ഥലം ആയതിനാൽ അഞ്ചു വയസ്സായ എന്റെ മോൻ വരെ വെള്ളത്തിൽ ഇറങ്ങി. അല്ലെങ്കിലും വെള്ളം കണ്ടാൽ അവനെ അടക്കി നിർത്താൻ വലിയ പാടാണ്.

സൂര്യൻ അസ്തമിച്ചിട്ടും ആ പുൽപ്പരപ്പിൽ നിന്നും ആൾക്കാർ വിട്ടു പോകാൻ മടിച്ച് നിന്നു. കാരണം ചാലിയാറിൽ നിന്നുള്ള കുളിർക്കാറ്റും ഈ പുൽമേടും അവരുടെ ഹൃദയത്തെ അപ്പോഴും തഴുകുന്നുണ്ടാകണം.

റൂട്ട് : 

1.മഞ്ചേരി-നിലമ്പുർ ഭാഗത്ത് നിന്ന് : അരീക്കോട് - പൂങ്കുടി - ഇടശ്ശേരിക്കടവ് പാലം വഴി കിഴുപറമ്പ

2. കൊണ്ടോട്ടി ഭാഗത്ത് നിന്ന് : എടവണ്ണപ്പാറ  - ഇടശ്ശേരിക്കടവ് പാലം വഴി കിഴുപറമ്പ

3. മുക്കം ഭാഗത്ത് നിന്ന് : നെല്ലിക്കാപ്പറമ്പ് - പന്നിക്കോട് വഴി കിഴുപറമ്പ

4 . കോഴിക്കോട് നിന്ന് : മാവൂർ - ചെറുവാടി വഴി കിഴുപറമ്പ അല്ലെങ്കിൽ ഊർക്കടവ് - എടവണ്ണപ്പാറ  - ഇടശ്ശേരിക്കടവ് പാലം വഴി കിഴുപറമ്പ 

Thursday, April 29, 2021

അടുവാട് ലോവർ പ്രൈമറി സ്‌കൂൾ - 1

ഇത്തവണത്തെ നിയമസഭാ ഇലക്ഷൻ ഡ്യൂട്ടി കിട്ടുമ്പോൾ സാധാരണ ഉണ്ടാകാറുള്ള ഒരു ടെൻഷൻ ഉണ്ടായിരുന്നില്ല. മാസങ്ങൾക്ക് മുമ്പ് നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഡ്യൂട്ടി റിസർവ്വ് ആയി അവസാനിച്ചതിനാലും 2019 ൽ നടന്ന ലോക്‌സഭാ ഇലക്ഷനിൽ ഡ്യൂട്ടി ഇല്ലാതിരുന്നതിനാലും ഒരു ഗ്യാപ് വന്ന സ്ഥിതിക്ക് ടെൻഷൻ ഉണ്ടാകേണ്ടതായിരുന്നു.എന്നാൽ സംഭവിച്ചത് നേരെ മറിച്ചായിരുന്നു.കാരണം ഇപ്പോളും അനന്തം അജ്ഞാതം.

പരിശീലന ക്ലാസ് എന്ന പേരിൽ ഒരേ വിഷയത്തിൽ രണ്ട് ദിവസങ്ങളിലായി രണ്ട് ക്ളാസുകൾ കേൾക്കേണ്ടി വന്നു എന്നതായിരുന്നു ഇത്തവണത്തെ പ്രത്യേകത.ക്ലാസ് കഴിഞ്ഞ്,തെരഞ്ഞെടുപ്പ് സംബന്ധമായി ആദ്യമായി ഒരു ഓൺലൈൻ പരീക്ഷയും (ഇത് കോഴിക്കോട് ജില്ലയിൽ ഡ്യൂട്ടി ഉള്ളവർക്ക് മാത്രമായിരുന്നു എന്നും കേൾക്കുന്നു) അറ്റന്റ് ചെയ്തു.കളക്ടർ ക്ലാസിൽ വന്ന് ചോദ്യങ്ങൾ ചോദിച്ചിരുന്നു എന്നും കേട്ടു, സത്യമാണോ എന്നറിയില്ല. പ്രിസൈഡിംഗ് മുതൽ തേഡ് പോളിങ് ഓഫീസർ വരെയുള്ള ഫുൾ ടീമും രണ്ടാമത്തെ ക്ലാസ്സിൽ ഉണ്ടായിരുന്നതിനാൽ പോളിങ് ടീമിനെ നേരത്തെ പരിചയപ്പെടാൻ അത് ഉപകാരപ്പെട്ടു. 

ടീം നേരത്തെ സെറ്റ് ആയാലും അപ്രതീക്ഷിത കാരണങ്ങൾ അതിനെ പൊളിക്കും എന്നത് വീണ്ടും തെളിഞ്ഞു. കുന്ദമംഗലം നിയോജക മണ്ഡലത്തിലെ അടുവാട് ലോവർ പ്രൈമറി സ്‌കൂൾ ആയിരുന്നു ഞങ്ങൾക്ക് കിട്ടിയ ബൂത്ത് നമ്പർ 108 .പോൾ മാനേജർ ആപ് വഴി ഷെഡ്യൂൾ ചെയ്ത സമയം അനുസരിച്ച് 11 മണിക്കായിരുന്നു കളക്ഷൻ സെന്ററായ ഗവ. ലോ കോളേജിൽ എത്തേണ്ടത്.അങ്ങനെ ഒത്തുകൂടിയപ്പോളാണ് സെക്കന്റ് പോളിങ് ഓഫീസർ, ഭർത്താവിന്റെ പെട്ടെന്നുള്ള അസുഖം കാരണം ആബ്സന്റായത്. പുതിയ ആളെ നിയമിച്ചു കിട്ടാൻ റിട്ടേണിംഗ് ഓഫീസർക്ക് വെള്ളക്കടലാസിൽ അപേക്ഷ എഴുതി നൽകി അവരത് വെരിഫൈ ചെയ്ത് റിസർവ് ഉദ്യോഗസ്ഥരെ നിയമിക്കുന്ന ഡെസ്കിൽ എത്തിയപ്പോഴേക്കും സമയം ഏറെ കഴിഞ്ഞിരുന്നു.

ഞാനും വേളം ഹൈസ്‌കൂളിലെ കണക്കധ്യാപിക ജ്യോതി ടീച്ചർ, ചെറുവണ്ണൂർ ഇ .എസ് .ഐ ആശുപത്രിയിലെ സീനിയർ ക്ലർക്ക് ജിഷി,മലാപ്പറമ്പ് വനിതാ പോളിടെക്നിക്കിലെ ട്രേഡ്‌സ്മാന് ശ്രീജിത്ത് എന്നിവരും അടങ്ങിയതായിരുന്നു പോളിങ് ടീം. ബാലറ്റ് യൂണിറ്റ്, കൺട്രോൾ യൂണിറ്റ് തുടങ്ങീ യഥാർത്ഥ തെരഞ്ഞെടുപ്പ് സാമഗ്രികൾക്ക് പുറമെ വിവി പാറ്റ് എന്ന ഗമണ്ടൻ സാധനവും പത്തോളം സാനിറ്റൈസർ ബോട്ടിലുകളും കോവിഡിൽ നിന്നും രക്ഷപ്പെടാനുള്ള സർവ്വ സാമഗ്രികളും അടങ്ങിയ ഒരു ഭാണ്ഡക്കെട്ടും ആയിരുന്നു വിതരണ കേന്ദ്രത്തിൽ നിന്ന് തന്നത്. ഉച്ചക്ക് മൂന്ന് മണിയോടെ ഞങ്ങൾ പോളിങ് ബൂത്തിലെത്തി. 

മറ്റു ബൂത്തുകൾ കണ്ട ശേഷം ഈ സ്‌കൂൾ കണ്ടപ്പോൾ നിരാശ തോന്നി. ആകെയുള്ള നാല് ക്ലാസ്‌റൂമുകളും നാല് ബൂത്തായി മാറ്റിയിരുന്നു. എല്ലാം അടുത്തടുത്തായതിനാൽ വോട്ടർമാർക്ക് കൺഫ്യുഷന് വേറെ എവിടെയും പോകേണ്ടി വരില്ല എന്നുറപ്പായി.ബൂത്തിൽ പ്രദർശിപ്പിക്കാൻ  തന്ന പോസ്റ്ററുകൾ എല്ലാ ബൂത്തുകാരും കൂടി മത്സരിച്ച് ഒട്ടിച്ചതോടെ സ്‌കൂൾ ചുമര് നിമിഷനേരം കൊണ്ട്  പാളയം ബസ് സ്റ്റാന്റിന്റെ ചുമര് പോലെയായി.

അതിനിടക്ക് നാട്ടുകാരും കുശലാന്വേഷണത്തിന് വരാൻ തുടങ്ങി.വന്നവരിൽ ചിലർ ഭക്ഷണം അവർ എത്തിക്കും എന്നറിയിച്ചതോടെ ആദ്യം ഉണ്ടായ നിരാശ ചാലിയാർ കടന്ന് അക്കരെയെത്തി. അഞ്ചു മണിയായതോടെ ഏജന്റുമാർ ചിലരും എത്തി. അവരോട് അല്പം കഴിഞ്ഞ് വരാൻ പറഞ്ഞ് മടക്കി വിട്ടു. അപ്പോഴാണ് അത്യാവശ്യം പ്രായമായൊരാൾ ഒരു കടലാസുമായി വന്നത്.

"സാർ ... ഒരു ഏജന്റ് " കൂടെയുണ്ടായിരുന്ന പോളിങ് ഉദ്യോഗസ്ഥൻ എന്നോട് പറഞ്ഞു.

"രാവിലെ പുറപ്പെട്ടാൽ അഞ്ച് മണിക്ക് എത്താൻ പറ്റില്ല.... അതോണ്ട് ഞാൻ ഇന്ന് തന്നെ പോന്നു ... ഇവിടെ ബൂത്തിനകത്ത് കടക്കാൻ പറ്റില്ലേ?"  

(തുടരും...)

Friday, April 16, 2021

മരം നമ്പർ - 25

ഞങ്ങളുടെ ഇപ്രാവശ്യത്തെ വിവാഹ വാർഷിക മരമായ ആയുർജാക്കും ഭാര്യയുടെ ഇക്കഴിഞ്ഞ ജന്മദിന മരമായ മാങ്കോസ്റ്റിനും പിച്ച വച്ച് തുടങ്ങുന്ന മുറ്റത്ത് ഇക്കഴിഞ്ഞ ദിവസം മൂന്ന് തൈകൾ കൂടി സ്ഥാനം പിടിച്ചു. ലിദു മോൻ ഭൂമിയിൽ അഞ്ച് വർഷം പൂർത്തിയാക്കിയതിൻറെ ഓർമ്മക്കായി ഒരു നട്ട് ബട്ടർ ഫ്രൂട്ടിന്റെ തൈ അവൻ തന്നെ നട്ടു. ലൂന മോളുടെ രണ്ടാം ജന്മദിനത്തിൽ നടതും ഇപ്പോൾ കായ്ച്ചു നിൽക്കുന്നതുമായ സീതപ്പഴച്ചെടിയുടെ തൊട്ടടുത്ത് തന്നെയാണ് അവന്റെ മരവും നട്ടത്. അതിനാൽ കൂട്ടുകാരോട് അവൻ ആവേശപൂർവ്വം പറയും - അത് ഇത്തയുടെ മരം , ഇത് എന്റെ കൃഷിയും (അവൻ നട്ട തൈക്ക് കൃഷി എന്നാണ് അവൻ പറയുന്നത് ). 
രണ്ടാമത്തെയും മൂന്നാമത്തെയും മക്കളുടെ ജന്മദിനം മാർച്ച് 18 നായിരുന്നു. കഠിനമായ വെയിലായതിനാൽ തൈകൾ പിന്നീട് വയ്ക്കാം എന്നായിരുന്നു ഉദ്ദേശിച്ചത്. അപ്പോഴാണ്  കൃഷിഭവനിൽ നിന്നും പപ്പായ തൈകളും പേരക്ക തൈകളും എത്തിയതായി സന്ദേശം ലഭിച്ചത്. കോളേജിൽ നിന്നും നേരത്തെ എത്തിയ ഒരു ദിവസം വൈകിട്ട് അഞ്ചുമണിയോടെ വെറുതെ ഞാൻ കൃഷിഭവനിൽ ചെന്നു നോക്കി.ഓഫീസ് അടച്ചിട്ടില്ല എന്ന് മാത്രമല്ല , വളരെ സൗമ്യമായി രണ്ട് തൈകൾ വീതം അനുവദിച്ച് തരികയും ചെയ്തു. അവയും ബർത്ത് ഡേ മരങ്ങളായി മുറ്റത്ത് സ്ഥാനം പിടിച്ചതോടെ വീട്ടുവളപ്പിലെ മരങ്ങളുടെ എണ്ണം മരം നമ്പർ 25 ൽ എത്തി എന്നാണ് എൻ്റെ കണക്കു കൂട്ടൽ. 
നമ്മുടെ വീട്ടിലെ വിശേഷ ദിവസങ്ങളിൽ കുറെ പലഹാരം ഉണ്ടാക്കിയും പടക്കവും പൂത്തിരിയും കത്തിച്ചും പണം ദുർവ്യയം ചെയ്യുന്നതിലും എത്രയോ നല്ലതാണ് തലമുറകൾക്ക് ജീവവായുവും പഴങ്ങളും നൽകുന്ന ഒരു തൈ നടൽ എന്നാണ് എൻ്റെ അഭിപ്രായം. നിങ്ങൾ അനുകൂലിക്കുന്നുവെങ്കിൽ മൈ ബർത്ത്ഡേ ആൻ എർത്ത് ഡേ എന്ന ഈ നിശബ്ദ യജ്ഞത്തിൽ പങ്കാളികളാവുക. നാളെക്കായി നമുക്ക് ഇന്ന് കൈകോർക്കാം.

മാപ്പിളപ്പാട്ടും മലയാള സിനിമയും പിന്നെ ഞാനും

സിനിമയും ഞാനും തമ്മിലുള്ള ബന്ധം കൈ-കാൽ വിരലുകളിൽ എണ്ണിത്തീർക്കാവുന്ന അത്രയും ശോഷിച്ചതാണ്.എന്റെ മക്കൾ മാപ്പിളപ്പാട്ട് നന്നായി പാട്ടും എന്നല്ലാതെ ഞാനും മാപ്പിളപ്പാട്ടും തമ്മിൽ യാതൊരു ബന്ധവുമില്ലതാനും. പക്ഷെ , ജീവിതത്തിലെ പല വളവുകളിലും തിരിവുകളിലും ഞാൻ സിനിമയുമായി കൂട്ടിമുട്ടിയിട്ടുണ്ട്. അതിലെ അവസാനത്തെ കൂട്ടിമുട്ടലായിരുന്നു കോവിഡ് കാല ലോക്ക്ഡൗൺ സമയത്ത് കേരള സർക്കാർ സാംസ്കാരിക വകുപ്പ് നടത്തിയ "മാപ്പിളപ്പാട്ടും മലയാള സിനിമയും"  (Click ചെയ്ത് നോക്കുക) എന്ന പ്രശ്നോത്തരി മത്സരം. ഒരു വർഷം മുമ്പ് നടന്ന മത്സരത്തിന്റെ ഫലപ്രഖ്യാപനം കഴിഞ്ഞ് ഒരു വർഷം ആകാറായിട്ടും, കോവിഡ് ലോകം മുഴുവൻ ചുറ്റി നമ്മുടെ നാട്ടിൽ വീണ്ടും വന്നിട്ടും സമ്മാനദാനം എന്ന ചടങ്ങിനെപ്പറ്റി മാത്രം നാളുകളായി ഒരു വിവരവും ഉണ്ടായിരുന്നില്ല. ദേ , അടുത്ത ലോക്ക് ഡൗൺ ആകുന്നതിന് മുമ്പ് ലളിതമായ ഒരു ചടങ്ങിലൂടെ ഇപ്പൊ അതും കഴിഞ്ഞു.

കൊണ്ടോട്ടി മോയിൻകുട്ടി വൈദ്യർ സ്മാരകത്തിൽ നടന്ന പരിപാടിയിൽ വച്ച്, ഇന്നത്തെ മാപ്പിളപ്പാട്ടു രംഗത്തെ പ്രശസ്തരിൽ ഒരാളും മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമി മെമ്പറും ആയ ശ്രീ ഫൈസൽ എളേറ്റിലിൽ നിന്ന്  സാക്ഷ്യപത്രവും ഫലകവും വെള്ളപ്പൊക്കമാല എന്ന ഓഡിയോ സിഡിയും അക്കാദമി ത്രൈമാസികയായ 'ഇശൽ' ഉം ഞാൻ ഏറ്റുവാങ്ങി.

ഏതാനും മാസങ്ങൾക്ക് മുമ്പ് നടന്ന അരീക്കോട് പുസ്തകമേളയിൽ വച്ച് പരിചയപ്പെട്ട ഫൈസൽ മാഷുമായി പരിചയം പുതുക്കിയതിനു പിന്നാലെയായിരുന്നു അദ്ദേഹത്തെ സമ്മാനദാനത്തിന് ക്ഷണിച്ചത് എന്നത് ആകസ്മികമായി. വ്യത്യസ്തമാർന്ന മത്സരങ്ങൾക്കായി ഇനിയും ഞാൻ കാത്തിരിക്കുന്നു.

വിഷുപ്പക്ഷി പാടുന്നു

 ഈ ഭൂമിയിൽ ഭൂജാതനായിട്ട് അമ്പത് വർഷം തികയാറായി. കഴിഞ്ഞ നാല്പത് വർഷത്തോളമായി വിവിധ പ്രസിദ്ധീകരണങ്ങൾ പ്രസിദ്ധീകരിക്കുന്ന വിശേഷാൽ പതിപ്പുകളെപ്പറ്റി അറിയാം. ഓണപ്പതിപ്പും പുതുവത്സരപ്പതിപ്പും ആയിരുന്നു എൻ്റെ കുട്ടിക്കാലത്തെ വിശേഷാൽ പതിപ്പുകൾ. വായനക്കാർക്കിടയിലെ സാമുദായിക സംതുലനം പാലിക്കാൻ ആയിരിക്കാം, പിന്നീട് എല്ലാ മതക്കാരുടെയും ആഘോഷങ്ങളോടനുബന്ധിച്ച് വിശേഷാൽ പതിപ്പുകൾ ഇറങ്ങാൻ തുടങ്ങി. പരസ്യം കുത്തി നിറച്ച് വരുന്ന ഇത്തരം പതിപ്പുകൾ അവരുടെ കീശ നിറക്കാനുള്ളതാണെന്ന തിരിച്ചറിവ് വന്നതോടെ ഇവ വാങ്ങുന്ന പതിവും നിർത്തി.

എങ്കിലും ഓരോ പതിപ്പുകളിലും എഴുതുന്നത് ആരൊക്കെ എന്ന് വെറുതെ ഒന്ന് കണ്ണോടിക്കും. എന്തോ അതങ്ങനെ ഒരു ശീലമായിപ്പോയി.മിക്കവാറും എല്ലാ പ്രസിദ്ധീകരണങ്ങളും മലയാളത്തിലെ ഘടാ ഗഡിയൻ എഴുത്തുകാരെ എല്ലാം അണി നിരത്തിക്കൊണ്ടാണ് വിശേഷാൽ പതിപ്പുകൾ ഇറക്കാറുള്ളത്.

ജീവിതത്തിൻറെ അർദ്ധ സെഞ്ച്വറി വർഷത്തിൽ എനിക്കും ഒരു വിഷുപ്പതിപ്പിൽ സ്ഥാനം ലഭിച്ചു. എൻ്റെ 

കുട്ടിക്കാലത്തേ ഞാൻ കേൾക്കുന്ന മലയാളത്തിലെ പ്രമുഖ എഴുത്തുകാരായ എം.ടി വാസുദേവൻ നായർ , ബാലചന്ദ്രൻ ചുള്ളിക്കാട് , പി കെ ഗോപി , പി കെ പാറക്കടവ് തുടങ്ങീ പ്രശസ്തരും ഈ വിഷുപ്പതിപ്പിൽ എഴുത്തുകാരായി ഉണ്ട് എന്നതിനാൽ എൻ്റെ സന്തോഷം ഏറെയാണ്.അങ്ങനെ പേരക്ക ബുക്സിന്റെ 2021 വിഷുപ്പതിപ്പായ "വിഷുപ്പക്ഷി പാടുന്നു "  എന്റെ എഴുത്ത് ജീവിതത്തിൽ ഒരു നാഴികക്കല്ലായി മാറിയ സന്തോഷം പങ്കിടുന്നു.