Pages

Tuesday, May 02, 2023

മെയ് രണ്ട്

പ്രൈമറി സ്കൂൾ വിദ്യാഭ്യാസം രസകരമാക്കിക്കൊണ്ട് , സ്കൂൾ പഠനം നിർത്തുന്നവരുടെ എണ്ണം കുറക്കാൻ വേണ്ടി കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രാലയം ആവിഷ്കരിച്ച ഒരു പദ്ധതിയായിരുന്നു ഡി പി ഇ പി അഥവാ ഡിസ്ട്രിക്ട് പ്രൈമറി എഡുക്കേഷൻ പ്രോഗ്രാം.1994 ൽ കേരളത്തിലും ഈ പദ്ധതി ലോഞ്ച് ചെയ്തു. സ്കൂളുകളുടെ ഭൗതിക സൗകര്യങ്ങളിൽ മാറ്റം വന്നതോടൊപ്പം പാഠ്യ പദ്ധതികളിലും പരീക്ഷാ രീതികളിലും എല്ലാം  ചില മാറ്റങ്ങൾ ഡി പി ഇ പി യിലൂടെ തുടക്കമിട്ടു.

ഒന്നാം ക്ലാസിൽ ഒതുങ്ങി നിന്നിരുന്ന, എല്ലാവരെയും പാസാക്കുന്ന "ഓൾ പാസ് " സമ്പ്രദായം ക്രമേണ മറ്റു ക്ലാസുകളിലേക്കും വ്യാപിച്ചു. കഞ്ഞിയും പയറും മുട്ടയും പാലും എല്ലാം സൗജന്യമായി ലഭിക്കാൻ തുടങ്ങിയതോടെ കുട്ടികൾക്ക് സ്കൂളിൽ പോകാൻ ഉത്സാഹമായി. വിദ്യാലയത്തിൽ നിന്നും പഠനം നിർത്തിപ്പോകുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞു.പക്ഷെ, പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടിയുടെ പഠന നിലവാരം കൂപ്പുകുത്തി.

ഇത്രയും പറഞ്ഞത് അന്ന് വരെ മെയ് രണ്ടിന് ഉണ്ടായിരുന്ന ഒരു പ്രത്യേകത ഓർമ്മിപ്പിക്കാനാണ്.മാർച്ച് മാസത്തിൽ എഴുതുന്ന പരീക്ഷയെ അന്നും ഇന്നും വിളിക്കുന്നത് കൊല്ലപ്പരീക്ഷ എന്നാണ്.ഈ പരീക്ഷ എഴുതാൻ എല്ലാവർക്കും ഒരു പ്രത്യേക ഉത്സാഹം ഉണ്ടായിരുന്നു. പരീക്ഷാ പേപ്പർ തിരിച്ചു കിട്ടില്ല എന്നതാണ് അതിന് ഒരു കാരണം. പരീക്ഷ കഴിഞ്ഞാൽ രണ്ട് മാസം അവധിയാണെന്നതാണ് മറ്റൊരു കാരണം.

കൊല്ലപ്പരീക്ഷ ജയിച്ചാൽ മാത്രമേ അടുത്ത വർഷം ഉയർന്ന ക്ലാസിലെത്തൂ. തോറ്റാൽ പഴയ ക്ലാസിൽ തന്നെ ഇരിക്കേണ്ടി വരും. എല്ലാ വർഷവും പരീക്ഷയുടെ റിസൾട്ട്  പ്രസിദ്ധീകരിച്ചിരുന്നത്  മെയ് രണ്ടിനായിരുന്നു. സ്കൂൾ ഓഫീസിന്റെ മുന്നിൽ വച്ചിരിക്കുന്ന കറുത്ത ബോർഡിൽ ഒട്ടിച്ച വെളുത്ത പേപ്പറിൽ  ജീവിതതിന്റെ ബ്ലാക്ക് ആൻഡ് വൈറ്റ് അക്ഷരങ്ങൾ രണ്ടാം ക്ലാസ് മുതൽ കുട്ടികൾ കാണാൻ തുടങ്ങും. തിക്കിത്തിരക്കി എത്തി നോക്കി പേര് കാണാതാവുമ്പോൾ തോറ്റു എന്ന സത്യം തിരിച്ചറിയും. രണ്ടിറ്റ് കണ്ണീരോടെ അതിനെ അഭിമുഖീകരിക്കാൻ തോൽക്കുന്ന എല്ലാവർക്കും അന്ന് സാധിച്ചിരുന്നു.

പുതിയ അധ്യയന വർഷത്തിൽ, തോറ്റവരുടെ സീറ്റ് ഏറ്റവും പിന്നിലെ ബെഞ്ചിലായിരിക്കും. ഒരേ ക്ലാസിൽ ഒന്നിലധികം തവണ തോൽക്കുന്നവരും ഉണ്ടായിരുന്നു. കാലക്രമേണ അവർ സ്കൂളിലെ ഉപ്പ്മാവ് ചേച്ചിയുടെ സഹായികളായി മാറും. പരസഹായം അടക്കമുള്ള മാനുഷിക മൂല്യങ്ങൾ അന്നേ അവർ ഈ പ്രവൃത്തിയിലൂടെ സ്വായത്തമാക്കിയിരുന്നു.ഡി പി ഇ പി കത്തി വച്ചത് ഇതിന്റെ എല്ലാം കടയ്ക്കലാണ്. ഇനി ഒരു തിരിച്ച് പോക്കിന് ഒരിക്കലും സാദ്ധ്യത ഇല്ലാത്ത ആ നല്ല ദിനങ്ങളെ ഈ മെയ് രണ്ടിന് വെറുതെ ഒന്നോർമ്മിക്കുന്നു.

Monday, May 01, 2023

കാലം പിന്നോട്ട് ഗമിക്കുന്ന നാട്.

1992 മുതലാണ് ഞാൻ ഗുരുവായൂരിൽ പോകാൻ തുടങ്ങിയത്. ക്ഷേത്ര സന്ദർശനത്തിനല്ല ഞാൻ ഗുരുവായൂരിൽ പോയിരുന്നത്. മറിച്ച് കൊടുങ്ങല്ലൂരിനടുത്ത് മതിലകത്ത് താമസിക്കുന്ന എന്റെ ഡിഗ്രി സഹപാഠി ഖൈസിന്റെ വീട്ടിലേക്കായിരുന്നു ആ യാത്ര ഒക്കെയും. ഒറ്റക്കും സുഹൃത്തുക്കൾക്കൊപ്പവും കുടുംബത്തോടൊപ്പവും എല്ലാം പല തവണ ഞാൻ മതിലകത്ത് എത്തിയിട്ടുണ്ട്.

കുന്ദംകുളത്ത് ബസ്സിറങ്ങി അവിടെ നിന്ന് അടുത്ത ബസ്സിന് ഗുരുവായൂരെത്തി കൊടുങ്ങല്ലൂർ ബസ് കയറലാണ് എന്റെ പതിവ്.ഇന്ന് , വയനാട് എഞ്ചിനീയറിംഗ് കോളേജിൽ എന്റെ വളണ്ടിയർ സെക്രട്ടറിയായിരുന്ന അബ്ദുൽ വാസിഹിന്റെ നിക്കാഹിൽ പങ്കെടുക്കാനായിട്ടാണ് വളരെ കാലങ്ങൾക്ക് ശേഷം ഞാൻ ഈ വഴി യാത്ര ചെയ്തത്.

കുന്ദംകുളത്ത് ബസ്സിറങ്ങിയപ്പോൾ തന്നെ സ്റ്റാന്റ് ശൂന്യമായി കിടക്കുന്നത് കണ്ട എനിക്ക് കാര്യം മനസ്സിലായില്ല. ഒരു ഓട്ടോ ഡ്രൈവറോട് അന്വേഷിച്ചപ്പഴാണ് സ്റ്റാന്റ് അവിടെ നിന്നും മാറ്റിയ വിവരം അറിയുന്നത്.പക്ഷെ, ഗുരുവായൂർ ബസ് അവിടെ വരും എന്ന് പറഞ്ഞതിനാൽ ഞാൻ കാത്ത് നിന്നു.

അല്പ സമയത്തിനകം തന്നെ ഒരു മിനിയും ബഡായും അല്ലാത്ത മുക്കാൽ ബസ് വന്നു. ഗുരുവായൂർ എന്ന് കണ്ടക്ടർ വിളിച്ച് കൂവുന്നത് കേൾക്കാം.പക്ഷെ, ബസ് പോകുന്ന വഴി എഴുതിയ ബോർഡിലെ ഒരു സ്ഥലം പോലും എനിക്ക് പരിചയം തോന്നിയില്ല. ഞാൻ മറന്നു പോയതായിരിക്കാം എന്ന നിഗമനത്തിൽ ബസ്സിൽ കയറി. എന്നാൽ മെയിൻ റോഡ് വിട്ട് വളവും തിരിവും മാത്രമുള്ള റോഡിലൂടെ ബസ് നീങ്ങാൻ തുടങ്ങിയപ്പോഴാണ് റൂട്ട് മാറിയ വിവരം അറിഞ്ഞത്. അവസാനം, ഒരു ഓവർ ബ്രിഡ്ജിന്റെ പണി നടക്കുന്ന സ്ഥലത്തെ ചെളിയിൽ കൊണ്ട് നിർത്തിയ ശേഷം ഇറങ്ങാൻ പറഞ്ഞപ്പോൾ എന്നെപ്പോലെ ത്തന്നെ ബസ്സിലുള്ള എല്ലാവരും ചുറ്റും നോക്കുന്നുണ്ടായിരുന്നു. ദിവസങ്ങൾക്ക് മുമ്പ് അന്തരിച്ച പ്രശസ്ത നടൻ മാമുക്കോയയുടെ  "ആ കാണുന്നതാണ് ദുബായ് ..." എന്ന ഡയലോഗ് ആണ് പെട്ടെന്ന് മനസ്സിൽ വന്നത്.

ബസ്സിറങ്ങി ആൾക്കൂട്ടത്തിനൊപ്പം ഞാനും നടന്നു. ഒരു പെട്രോൾ പമ്പിൽ കയറി, കലശലായ മൂത്രശങ്ക തീർത്തു. ഏകദേശം ഒരു കിലോമീറ്റർ നടന്ന ശേഷമാണ് ഞാൻ എനിക്ക് പരിചയമുള്ള ആ പഴയ ഗുരുവായൂർ സ്റ്റാന്റിൽ എത്തിയത്. കേട്ട് മാത്രം പരിചയമുണ്ടായിരുന്ന  ഗുരുവായൂർ റെയിൽവെ സ്റ്റേഷനും ഈ നടത്തത്തിനിടയിൽ ഞാൻ കണ്ടു.

ഒന്നിന് പിറകെ ഒന്നായി എറണാകുളം എന്ന് വിളിച്ച് കൂവി കൊണ്ടിരിക്കുന്ന ബസ് ജീവനക്കാരെയാണ് സാധാരണ ഞാൻ ഗുരുവായൂർ സ്റ്റാന്റിൽ കാണാറുള്ളത്. പക്ഷെ, ഇത്തവണ ഒരൊറ്റ ഒരു ബസും അതിനടുത്ത് എറണാകുളം എന്ന് പിറു പിറുക്കുന്ന ഒരാളെയും മാത്രമാണ് കാണാൻ സാധിച്ചത്. ബസ് യാത്ര തുടങ്ങിയപ്പോഴാണ് മുപ്പത്  വർഷം മുമ്പ് ഉണ്ടായിരുന്ന ഉശിരും ചൂരും ഒന്നും ഇപ്പോൾ  ബസ്സുകൾക്ക്  ഇല്ല എന്ന് മനസ്സിലായത്. കാലം ഇവിടെ പിന്നോട്ടാണോ ഗമിക്കുന്നത്?

Friday, April 28, 2023

സൂചിപ്പാറ വെള്ളച്ചാട്ടം

പ്രകൃതി ദൃശ്യങ്ങളിൽ, എന്നും ഹരം പകരുന്ന കാഴ്ചയാണ് വെള്ളച്ചാട്ടങ്ങൾ സമ്മാനിക്കാറുള്ളത്. അതിനാൽ തന്നെ ഒരിക്കൽ കണ്ടതാണെങ്കിലും വെള്ളച്ചാട്ടങ്ങൾ നിങ്ങളെ വീണ്ടും വീണ്ടും മാടി വിളിച്ചു കൊണ്ടിരിക്കും. അത്തരത്തിലുള്ള ഒന്നാണ് സൂചിപ്പാറ വെള്ളച്ചാട്ടം. വയനാട്ടിൽ കുടുംബ സമേതം താമസിച്ചിരുന്ന കാലത്ത് അളിയന്റെ സന്ദർശനത്തോടനുബന്ധിച്ചും മറ്റൊരിക്കൽ ഞങ്ങളുടെ കുടുംബ ടൂറിലും ഇപ്പോൾ SSC കൂട്ടായ്മയുടെ ഫാമിലി ട്രിപ്പിലും ആണ് ഞാൻ സൂചിപ്പാറയിൽ എത്തിയത്.

വയനാട് ജില്ലയിലെ പ്രധാനപ്പെട്ട ഒരു വെള്ളച്ചാട്ടമാണ് മേപ്പാടി ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന  സൂചിപ്പാറ വെള്ളച്ചാട്ടം അഥവാ സെന്റിനൽ റോക്ക് വെള്ളച്ചാട്ടം. 100 മുതൽ 300 അടി വരെ ഉയരത്തിൽ നിന്നും താഴേക്ക് പതിച്ച് നുരഞ്ഞു പതഞ്ഞ് ഒഴുകുന്ന  വെള്ളം കണ്ണിന് കുളിർമ്മ നൽകുന്ന കാഴ്ചയാണ്.താഴെ വെള്ളം വന്നു വീഴുന്ന ചെറിയ തടാകത്തിൽ നീന്തുവാനും കുളിക്കുവാനും കഴിയും.


വാഹന പാർക്കിംഗ് ഏരിയയിൽ നിന്ന് കല്ല് പാകിയ വഴിയിലൂടെ ഒന്നര കിലോമീറ്ററോളം നടന്ന്, കുത്തനെയുള്ള കുറെ സ്റ്റെപ്പുകൾ ഇറങ്ങി വേണം വെള്ളച്ചാട്ടത്തിൽ എത്താൻ. അതിനാൽ പ്രായമേറിയവരെയും നടക്കാൻ പ്രയാസമുള്ളവരെയും അങ്ങോട്ട് കൊണ്ടു പോകാതിരിക്കലാണ് അഭികാമ്യം. ഞങ്ങളുടെ സംഘത്തിൽ പെട്ട ഒരു കുട്ടിക്ക് വെള്ളച്ചാട്ടത്തിൽ കുളിച്ചു കൊണ്ടിരിക്കെ ചെറിയൊരു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനാൽ സെക്യൂരിറ്റി സ്റ്റാഫിന്റെ സഹായത്തോടെ ഏറെ  പണിപ്പെട്ടാണ്  സ്ട്രച്ചറിൽ മുകളിലെത്തിച്ചത്.

സൂചിപ്പാറയിൽ സജ്ജീകരിച്ചിട്ടുള്ള ഏറുമാടങ്ങളിൽ നിന്ന് പശ്ചിമഘട്ടത്തിന്റെയും താഴെയുള്ള അരുവിയുടെയും മനോഹരമായ കാഴ്ചകൾ കാണാം. 200 മീറ്ററിൽ അധികം ഉയരമുള്ള സൂചിപ്പാ‍റ (സെന്റിനൽ റോക്ക്) സാഹസിക മല കയറ്റക്കാർക്ക് പ്രിയങ്കരമാണ്. ഗൈഡിന്റെ സഹായത്തോടെ ട്രക്കിംഗ് നടത്താം.

മഴ ഒന്നടങ്ങിയ ശേഷം,ഒക്ടോബർ മുതൽ ജനുവരി വരെയാണ് സൂചിപ്പാറ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ കാലം. രാവിലെ 8 മണി മുതൽ വൈകുന്നേരം 5 മണി വരെയാണ് സന്ദർശന സമയം. ആളൊന്നിന് 40 രൂപയാണ് എൻട്രി ഫീ.

Wednesday, April 26, 2023

ചേറുമ്പ് ഇക്കോ ടൂറിസം വില്ലേജ്

 2016 ൽ കേരള ടൂറിസം വകുപ്പും എൻ.എസ്.എസ് ടെക്നിക്കൽ സെല്ലും സംയുക്തമായി നടപ്പാക്കിയ ഗ്രീൻ കാർപ്പറ്റ് പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരത്ത്  സംഘടിപ്പിച്ച ദ്വിദിന ശിൽപശാലയിൽ വച്ചായിരുന്നു ഞാൻ സഗീറിനെ പരിചയപ്പെട്ടത്.എന്റെ സ്വന്തം ജില്ലയായ മലപ്പുറത്തെ കരുവാരക്കുണ്ട് എന്ന മലയോര ഗ്രാമത്തിലെ ചേറുമ്പ് ഇക്കോ വില്ലേജ് എന്ന ടൂറിസ്റ്റ് കേന്ദ്രത്തിലെ ഡെസ്റ്റിനേഷൻ മാനേജർ ആയിരുന്നു സഗീർ. ആ പരിചയപ്പെടലിന് ശേഷം പല തവണ ഞാൻ സഗീറിനെ ഫോണിൽ കൂടി ബന്ധപ്പെട്ടിരുന്നു ; ചേറുമ്പ് കുടുംബസമേതം സന്ദർശിക്കാനായി. പക്ഷെ, ഒരിക്കലും ആ പദ്ധതി നടപ്പിലായില്ല എന്ന് മാത്രം.

അങ്ങനെ AD 2023 ൽ എത്തിയപ്പോഴാണ് ഒരു നിമിത്തം പോലെ ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് ടൂറിന് പറ്റിയ ഒരു സ്ഥലം നിർദ്ദേശിക്കാൻ എന്നോട് ആവശ്യപ്പെട്ടത്.മുമ്പ് സംഘടിപ്പിച്ച ടൂറിന്റെ വിവരങ്ങൾ അറിഞ്ഞപ്പോൾ ടീമിന്റെ അഭിരുചി എനിക്ക് മനസ്സിലായി. അങ്ങനെ നിലമ്പൂർ ട്രിപ്പ് പ്ലാൻ ചെയ്തു. നിലമ്പൂരിലെ എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളും സന്ദർശിച്ച എനിക്ക് കരുവാരക്കുണ്ട് കൂടി ഇതോടൊപ്പം ചേർത്താൽ നന്നാകും എന്ന് തോന്നിയതിനാൽ ആരണ്യകം എന്ന പേരിൽ കരുവാരകുണ്ട് - നിലമ്പൂർ ട്രിപ്പ് പദ്ധതിയിട്ടു.

കരുവാരക്കുണ്ടിൽ നിരവധി വെള്ളചാട്ടങ്ങളുണ്ട് എന്ന് ഞാൻ മനസ്സിലാക്കി വച്ചിരുന്നു. അതിൽ ഒന്നിൽ പോലും പോകാൻ ഇതു വരെ സാധിക്കാത്തതിന്റെ വിഷമവും മനസ്സിൽ ഉണ്ടായിരുന്നു. അങ്ങനെയാണ് കരുവാരക്കുണ്ടിലെ പ്രധാന വെള്ളച്ചാട്ടമായ കേരളാം കുണ്ട് വെള്ളച്ചാട്ടവും ചേറുമ്പ് ഇക്കോ വില്ലേജും ഈ ട്രിപ്പിൽ സന്ദർശിക്കാൻ പ്ലാനിട്ടത്. പാലക്കാട് ശ്രീകൃഷ്ണപുരത്ത് നിന്ന് വരുമ്പോൾ എടത്തനാട്ടുകര വഴി ഒരു മണിക്കൂർ കൊണ്ട് അവിടെ എത്താം എന്നതും സൗകര്യമായി.

അങ്ങനെ ട്രിപ് ഉറപ്പായപ്പോൾ ഞാൻ സഗീറിനെ വീണ്ടും വിളിച്ചു. ഇത്തവണ ചേറുമ്പിൽ എത്തും എന്നും കേരളാം കുണ്ട് വെള്ളച്ചാട്ടവും കാണണമെന്നും അറിയിച്ചതോടെ പ്രാതലും യാത്രക്കുള്ള ജീപ്പും എല്ലാം സഗീർ തന്നെ ഒരുക്കിത്തന്നു. മാത്രമല്ല, ഒമ്പതരക്ക് തുറക്കുന്ന ചേറുമ്പ് ഇക്കോ വില്ലേജ് ഞങ്ങൾക്കായി അന്ന് എട്ട് മണിക്ക് തുറന്ന് തരാമെന്നും അറിയിച്ചു.

അങ്ങനെ എട്ട് മണിയോടെ തന്നെ ഞങ്ങൾ കരുവാരക്കുണ്ടിലെത്തി. ടൗണിനോട് ചേർന്നൊഴുകുന്ന ഒലിപ്പുഴയുടെ ഇരു കരകളിലുമായിട്ടാണ് മലപ്പുറം ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ കീഴിൽ ചേറുമ്പ് ഇക്കോ വില്ലേജ് സജ്ജീകരിച്ചിരിക്കുന്നത്. അവിടെ എത്തിയ ഉടനെ ഞാൻ സഗീറിനെ വിളിച്ചു. ഏതാനും നിമിഷങ്ങൾക്കകം തന്നെ അവൻ എത്തി.2016 ന് ശേഷം ആദ്യമായി ഞാൻ സഗീറിനെ വീണ്ടും കണ്ടുമുട്ടി.  ഇക്കോ വില്ലേജിന്റെ സൈഡ് ഗേറ്റിലൂടെ ഞങ്ങൾ അകത്ത് പ്രവേശിച്ചു.

ബോട്ട് ജെട്ടി, നടപ്പാത, കുട്ടികളുടെ പാർക്ക്, സൈക്കിൾ ട്രാക്ക്, തൂക്കുപാലം മുതലായവയാണ് ഇവിടുത്തെ മുഖ്യ ആകർഷണങ്ങൾ. 2018ലെയും 2019 ലെയും പ്രളയവും ഉരുൾ പൊട്ടലും കാരണം മണ്ണടിഞ്ഞതിനാൽ ബോട്ടിംഗ് ഇപ്പോൾ നിലവിലില്ല. എങ്കിലും പ്രഭാത സമയത്ത് ഇക്കോ വില്ലേജിലുടെയുള്ള ഒരു മണിക്കൂർ നടത്തം ഒരു പോസിറ്റീവ് എനർജി സമ്മാനിക്കും എന്ന് അനുഭവത്തിലൂടെ മനസ്സിലാക്കി.മുതിർന്നവർക്ക് പത്ത് രൂപയും കുട്ടികൾക്ക് അഞ്ച് രൂപയും ആണ് പ്രവേശന ഫീസ്.



പത്ത് മിനുട്ട് കൊണ്ട് കണ്ട് തീർക്കാം എന്നുദ്ദേശിച്ച് കയറിയ പാർക്ക് പക്ഷേ ഞങ്ങളെ അവിടെ അര മണിക്കൂറിലധികം കെട്ടിയിട്ടു. സഗീറിന് നന്ദി പറഞ്ഞ് ഞങ്ങൾ നേരെ കേരളാം കുണ്ടിലേക്ക് തിരിച്ചു (ആ യാത്ര ഇവിടെ ക്ലിക്ക് ചെയ്താൽ വായിക്കാം)

Sunday, April 23, 2023

ക്ഷാമബത്ത

"ഡിയർനെസ് അലവൻസ് ഇത്തവണയും തിരുനക്കര തന്നെയാന്നാ തോന്നുന്നത്" ഇംഗ്ലീഷ് അദ്ധ്യാപകനായ പോൾ മാഷ് പറഞ്ഞു.

"എന്ത് തിരുനക്കര തന്നെ ന്ന് ?" മലയാളം അദ്ധ്യാപകനായ രവി മാഷ് ചോദിച്ചു.

"ഡിയർനസ് അലവൻസ്; മലയാളത്തിൽ പറഞ്ഞാൽ ഡി.എ "

"മാഷേ.. മലയാള ഭാഷയുടെ ദീർഘദൃഷ്ടി ഇപ്പോൾ മനസ്സിലായോ?'' ചിരിച്ചു കൊണ്ട്  രവി മാഷ് ചോദിച്ചു.

"ങേ !! ഡി.എ യും മലയാള ഭാഷയും തമ്മിലെന്ത് ബന്ധം ?" പോൾ മാഷ് അത്ഭുതപ്പെട്ടു.

"ഇപ്പറഞ്ഞ ഡിയർനെസ് അലവൻസിന് മലയാളത്തിൽ എന്താ പറയുക ?"

"അത്... അതിപ്പോ??" പോൾ മാഷ് ആലോചിച്ചു.

"ങാ.. ഞാൻ തന്നെ പറയാം... ക്ഷാമബത്ത ... എന്ന് വച്ചാൽ കിട്ടാൻ ക്ഷാമമുള്ള ബത്ത എന്ന്... ഇതെല്ലാം നമ്മുടെ മലയാളം പണ്ഡിറ്റുകൾ എന്നോ അളന്ന് കുറിച്ചിട്ട പേരാ... മനസ്സിലായോ ?" രവി മാഷുടെ വിശദീകരണം കേട്ട് പോൾ മാഷ് വാ പൊളിച്ച് നിന്നു.