Pages

Wednesday, October 08, 2008

തെറ്റില്ലാത്ത തെറ്റ്‌!

ഞാന്‍ പണിതുകൊണ്ടിരിക്കുന്ന എന്റെ പുതിയ വീടിന്റെ സൈറ്റിന്‌ മുന്നിലൂടെ ഒരു പൊതുറോഡ്‌ കടന്നുപോകുന്നുണ്ട്‌.സ്ത്രീകളും കുട്ടികളും വിദ്യാര്‍ത്ഥീ-വിദ്യാര്‍ത്ഥിനികളും തുടങ്ങീ എല്ലാവരും ടൗണിലേക്കുള്ള എളുപ്പ വഴിയായി ഈ റോഡ്‌ ഉപയോഗപ്പെടുത്തുന്നു.

മുമ്പ്‌ എന്റെ സൈറ്റിനും ഈ വഴിക്കും ഇടയില്‍ ഉയര്‍ന്ന ഒരു സൈറ്റ്‌ കൂടി ഉണ്ടായിരുന്നതിനാല്‍ എന്റെ സൈറ്റില്‍ നിന്നും റോഡിലേക്ക്‌ നേരിട്ട്‌ കാണുമായിരുന്നില്ല.അന്ന് ആ സൈറ്റ്‌ കാട്‌ മൂടി കിടന്നിരുന്നതിനാല്‍ എല്ലാ തരം വേസ്റ്റുകളുടേയും നിക്ഷേപസ്ഥാനം കൂടിയായിരുന്നു അത്‌.ഇന്ന് ആ സ്ഥലം അതിന്റെ ഉടമ ഇടിച്ചു നിരപ്പാക്കി മറ്റൊരു വീടിനുള്ള സൈറ്റാക്കി മാറ്റി.അതിനാല്‍ തന്നെ ഇപ്പോള്‍ എന്റെ വീടിന്റെ മുകളില്‍ കയറിയാല്‍ ആ റോഡില്‍ നടക്കുന്ന എല്ലാ കാര്യങ്ങളും എനിക്ക്‌ നേരില്‍ കാണാം.

ഇന്ന് രാവിലെ ഞാന്‍ വീടിന്റെ പണിയുടെ പുരോഗതി നിരീക്ഷിക്കാന്‍ അതിന്‌ മുകളില്‍ കയറി.ഒരു പറമ്പിനപ്പുറം കടന്നുപോകുന്ന റോഡിലേക്ക്‌ വെറുതെ ഒന്ന് കണ്ണയച്ചു.

എന്റെ വീടിന്റെ അല്‍പം മാത്രം അകലെയുള്ള അനില്‍ റോഡിലൂടെ നടന്നു വരുന്നുണ്ടായിരുന്നു.അവന്‍ എന്നെ ശ്രദ്ധിച്ചിട്ടില്ല.വഴിയെ പോകുന്നവനെ വെറുതേ മാടിവിളിച്ച്‌ എന്റെ വീടാണിത്‌ എന്ന് തെളിയിക്കേണ്ട എന്നതിനാല്‍ ഞാന്‍ അവനെ വിളിച്ചില്ല.ഞാന്‍ എന്റേതായ സംഗതികള്‍ ചെയ്യാന്‍ തിരിഞ്ഞു.

അല്‍പം കഴിഞ്ഞ്‌ ഞാന്‍ വീണ്ടും റോഡിലേക്ക്‌ നോക്കിയപ്പോള്‍ അനില്‍ റോഡ്‌ സൈഡില്‍ മൂത്രമൊഴിച്ച്‌ എണീറ്റ്‌ പോകുന്ന കാഴ്ചയാണ്‌ ഞാന്‍ കണ്ടത്‌!

മൂത്രമൊഴിക്കുന്നത്‌ തെറ്റല്ല.പക്ഷേ അത്‌ പൊതുവഴിയില്‍ ഒഴിക്കുന്നത്‌ തെറ്റ്‌ തന്നെയാണ്‌. പൊതുവഴിയില്‍ രോഗാണുക്കള്‍ പെരുകാനും ദുര്‍ഗന്ധം വമിക്കാനും ഈ മലമൂത്ര വിസര്‍ജ്ജനം ഇടയാക്കുന്നു.പൊതുജനം ഉപയോഗിക്കുന്ന വഴി മലിനപ്പെടുത്താന്‍ പാടില്ല.നാം പലരും നിസ്സാരമായി കാണുന്ന ഇത്തരം സംഗതികള്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്‌.

നമ്മുടെ സമൂഹത്തിന്റെ ഒരു പ്രതിനിധി മാത്രമാണ്‌ ഇവിടെ അനില്‍.അവന്‍ വീട്ടില്‍ നിന്നും പുറപ്പെട്ടിട്ട്‌ കൂടിയാല്‍ അഞ്ച്‌ മിനുട്ടേ ആയിട്ടുണ്ടാകൂ.അപ്പോള്‍ ഈ കാര്യം വീട്ടില്‍ തന്നെ സാധിച്ച്‌ ഇറങ്ങാമായിരുന്നു.എന്നിട്ടും....???

ദുര്‍ഗന്ധം വമിക്കുന്ന ഒരു വഴിയിലൂടെ കടന്നുപോകുന്നയാള്‍ ആ ദുര്‍ഗന്ധത്തിന്‌ കാരണമായവരെ പഴിക്കാതെ കടന്നുപോകില്ല.വെറുതേ പഴി കേള്‍ക്കണോ?അടുത്ത പ്രാവശ്യം മൂത്രമൊഴിക്കാനായി വാല്‌ പൊക്കുമ്പോളെങ്കിലും (സോറി,സിബ്‌ താഴ്ത്തുമ്പോളെങ്കിലും) ഒന്നാലോചിക്കുക.

17 comments:

Areekkodan | അരീക്കോടന്‍ said...

വെറുതേ പഴി കേള്‍ക്കണോ?അടുത്ത പ്രാവശ്യം മൂത്രമൊഴിക്കാനായി വാല്‌ പൊക്കുമ്പോളെങ്കിലും (സോറി,സിബ്‌ താഴ്ത്തുമ്പോളെങ്കിലും) ഒന്നാലോചിക്കുക.

അലി കരിപ്പുര്‍ said...

മാഷെ,

നല്ല ചിന്തകൾ.

Kaithamullu said...

എന്റെ വീട്ടിലേക്കുള്ള വഴിയില്‍ മൂത്രം ഒഴിക്കാന്‍ ഞാനും സമ്മതിക്കില്ല, മാഷേ!

തറവാടി said...

തമിഴ് നാട്ടിലൂടെ പോകുമ്പോള്‍ വശങ്ങളിരുന്ന് കാര്യം സാധിക്കുന്ന തമിഴരെ നോക്കി അറപ്പ് പ്രകടിപ്പിച്ചപ്പോള്‍ കാലങ്ങളായി മദ്രാസ്സില്‍ ജോലിയുള്ള മാമാടെ മകന്‍‌‌റ്റെ കമന്‍‌റ്റ് , പുറത്തിരുന്ന് കാര്യം സാധിക്കുന്ന ഒരു സുഖം ഒന്നു വേറെയാണത്രെ! പിന്നീടുള്ള എന്‍‌റ്റെ ചോദ്യം ഊഹിക്കാല്ലോ ;)


ചില ആളുകള്‍ അങ്ങിനെയാണ്.

കാപ്പിലാന്‍ said...

മലയാളിയുടെ ജന്‍മ വാസനയാണ് .തൂത്താല്‍ മാറുമോ ജാത്യാഗുണം ( അവസാന വാക്ക് സംസ്കൃതമാണ് )
:)

ജിജ സുബ്രഹ്മണ്യൻ said...

ഈ വിഷയത്തില്‍ എനിക്കു പറയാനുള്ള വേരൊരു കാര്യം നമ്മുടെ നാട്ടില്‍ പൊതു സ്ഥലങ്ങളില്‍ കൊള്ളാവുന്ന ഒരു റ്റോയ്ലെറ്റ് പോലും ഇല്ല..ദീര്‍ഘ ദൂര യാത്ര ഒക്കെ വേണ്ടി വരുമ്പോള്‍ നമ്മുടെ കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡിലെ റ്റോയ് ലെറ്റില്‍ ഒക്കെ കയറാന്‍ മടിച്ച് ഒരു ദിവസം മുഴുവനും ഒക്കെ മുട്ടു സഹിച്ചിരിന്നിട്ടുണ്ട്,,അപ്പോള്‍ ചിലപ്പോളെങ്കിലും ഞാന്‍ ഓര്‍ത്തിട്ടുണ്ട് ഒരു ആണായി ജനിച്ചിരുന്നെങ്കില്‍ ഈ പ്രയാസം ഉണ്ടാവില്ലാരുന്നല്ലോ എന്ന്.

അനില്‍@ബ്ലോഗ് // anil said...

മാഷെ,
ഇതില്‍ കാന്താരിക്കുട്ടി പറഞ്ഞതാണ് ശ്രദ്ധിക്കപ്പെടേണ്ട ഒരു വിഷയം.

“ടൊയിലെറ്റോഴികെ എല്ലാം”(നിരക്ഷരന്മാഷുടെ വാചകമാണോ, ഓര്‍മ്മയില്ല) ഉള്ള നമ്മുടെ പട്ടണങ്ങളില്‍ , ഗ്രാമങ്ങളില്‍ എല്ലായിടവും ഈ പ്രശ്നങ്ങളുണ്ട്. എനിക്ക് “മുള്ളല്‍” കുറച്ചു കൂടുതലുള്ള കൂട്ടത്തിലാണ്. ചില അത്യാവശ്യ ഘട്ടങ്ങളില്‍ വണ്ടി നിര്‍ത്തി റോഡ് സൈഡില്‍ കാര്യം സാധിക്കാനോടുന്നേരം വേറോന്നും ചിന്തിക്കാറില്ല,ഭാര്യയുടെ വക കുറേ കേട്ടിട്ടുമുണ്ടതിന്.

ഇതും പോകട്ടെ.
നമ്മുടെ ട്രയിനുകളിലെ ടോയിലറ്റുകളെക്കുറിച്ചു ആരും എന്തേ കേസൊന്നും കൊടുക്കുന്നില്ല?
വാതിലടച്ചു അകത്തു സാധിച്ചാലും വീഴുന്നത് പറമ്പിലേക്കുതന്നെയല്ലെ?

Anoop Technologist (അനൂപ് തിരുവല്ല) said...

:)

മാണിക്യം said...

കാന്താരി കുട്ടി പറഞ്ഞത്
വലിയ ഒരു പരമാര്‍ത്ഥമാണു.
ദൈവത്തിന്റെ സ്വന്തം നാട്,
99.999 സാക്ഷരത,
ആണാണങ്കില്‍ വഴിയരുകില്‍ മൂത്രിക്കും!നടുവഴിയില്‍ കാര്‍‌ക്കിച്ചു തുപ്പും, മുറ്റം തൂത്തും വീട്ടിലെ മാലിന്യവും റോഡില്‍ ഇടും, എല്ലാത്തിന്റ്യും വകുപ്പും ന്യായവും അറിയുന്ന മലയാളി ശുചിത്വം വരുമ്പോള്‍ എന്താണാവൊ
ഇങ്ങനെ?
അനില്‍@ബ്ലോഗ് .. തീര്‍ച്ചയായും ബോധവല്‍ക്കരണം വേണ്ടുന്നാ ഒരു വിഷയം ആണ് ..
“നമ്മുടെ ട്രയിനുകളിലെ ടോയിലറ്റുകള്‍ ”

വിത്യസ്തമായ ഒരു വിഷയം ആവതരിപ്പിച്ചതിന്,
അരീക്കോടന് പ്രത്യേകം നന്ദി...

Bindhu Unny said...

സ്വന്തം വീട്ടിലേയ്ക്ക് കയറുന്ന ഇടത്ത്, പൊതുവഴിയില്‍ മൂത്രമൊഴിക്കുന്ന ഒരാളെ കണ്ടിട്ടുണ്ട്. 10 ചുവട് വച്ചാല്‍ വീട്ടിലെത്തും, എന്നാലും! അധ്യാപകനായിരുന്നു അദ്ദേഹം!
ദൂരയാത്രകളില്‍ നിവൃത്തിയില്ലാതെ വഴിയില്‍ മൂത്രമൊഴിക്കേണ്ടിവരാറുണ്ട്. പട്ടണങ്ങളിലാണെങ്കില്‍ അതും പറ്റില്ല. കാന്താരിക്കുട്ടി പറഞ്ഞപോലെ ഉപയോഗിക്കാന്‍ കൊള്ളാവുന്ന റ്റോയ്‌ലറ്റുകള്‍ എത്ര കുറവാണ്.
സ്വന്തം വീടല്ലാത്തതെല്ലാം കുപ്പത്തൊട്ടി എന്ന വിചാരം മലയാളിക്ക് മാത്രമല്ല. ഇന്ത്യാക്കാര്‍ പൊതുവെ ഇങ്ങനെ തന്നെ.
സ്വയം മാറുക, അടുത്ത തലമുറയെ ഇതൊക്കെ പറഞ്ഞ് മനസ്സിലാക്കി വളര്‍ത്തുക. ഇതൊക്കെയേ ചെയ്യാന്‍ പറ്റൂ.

Areekkodan | അരീക്കോടന്‍ said...

അലി....സ്വാഗതം.നല്ല വാക്കുകള്‍ക്ക്‌ നന്ദി.ഒരു മലപ്പുറാനെ കൂടി ഈ വഴിയില്‍ കണ്ടതില്‍ സന്തോഷം.
കൈതമുള്ളേ....ഒരു പൊതുവഴിയിലും ഒഴിക്കാന്‍ സമ്മതിക്കരുത്‌.
തറവാടീ...അങ്ങിനെ പറയുന്നവരും ഇല്ലാതില്ല.ശീലിച്ചതേ പാലിക്കൂ എന്നല്ലേ?
കാപ്പിലാന്‍....സ്വാഗതം.ഇക്കാര്യത്തില്‍ മലയാളിയും തമിഴനും എല്ലാം തുല്യമാണ്‌.
കാന്താരീ....നമ്മുടെ പൊതു റ്റോയ്‌ലെറ്റുകളുടെ സ്ഥിതി ശോചനീയം തന്നെ. പെണ്ണായി ജനിച്ചതിനാല്‍ ഈ രക്തത്തില്‍ എനിക്ക്‌ പങ്കില്ല എന്ന് ധൈര്യസമേതം പറയാമല്ലോ.
അനില്‍...സൗകര്യം ദുരുപയോഗം ചെയ്യാനും സ്വാര്‍ഥമായി ഉപയോഗിക്കാനും എന്നും നാം മുന്നിലാണ്‌.പൊതു ഉപയോഗത്തിനുള്ളവ ശുചിയായി പാലിക്കാന്‍ അധികാരികള്‍ തന്നെ ആളെ നിയമിക്കേണ്ടതും വീഴ്ചവരുത്തുന്നവരെ മാതൃകാപരമായി ശിക്ഷിക്കേണ്ടതുമാണ്‌.
അനൂപ്‌...നന്ദി
മാണിക്യം....സ്വാഗതം.ശുചിത്വത്തില്‍ എന്നും നാം സീറോ തന്നെയാണ്‌.
bindhu unny....സ്വാഗതം.അപ്പോള്‍ അറിവില്ലായ്മയല്ല പ്രശ്നം.Negligence ആണിത്‌.
മത്തായീ...സ്വാഗതം.ഈ സ്വഭാവം പക്ഷേ ഇന്ത്യക്ക്‌ പുറത്ത്‌ പോയാല്‍ ഇല്ല എന്ന് തോന്നുന്നു.

Unknown said...

ഞാനാണെല് നമ്മൂടെ നാട്ടിലെ ശീലം ദുബായില് പരീക്ഷിക്കാന് പറ്റാത്ത വിഷമിത്തിലാണ്

Jayasree Lakshmy Kumar said...

'ഇതും പോകട്ടെ.
നമ്മുടെ ട്രയിനുകളിലെ ടോയിലറ്റുകളെക്കുറിച്ചു ആരും എന്തേ കേസൊന്നും കൊടുക്കുന്നില്ല?'

അനിൽ പറഞ്ഞ ഇക്കാര്യം ഞാനും ഓർക്കാറുള്ളതാണ്. ലോകത്തിലെ ഏറ്റവും വലിയ റ്റോയ്‌ലറ്റ് ഇൻഡ്യൻ റെയിൽ വേ എന്ന തമാശയും ഓർത്തു പോയി.

രസികന്‍ said...

ശരിയാണ് മാഷെ
ഇവിടെ റിയാദിൽ മലയാളികൾ തിങ്ങിപ്പാർക്കുന്ന ഒരു സിറ്റിയിലെ ബ്രിഡ്ജിനു താഴെയുള്ള കാര്യം പറയാതിരിക്കുകയാ നല്ലത്
ഇപ്പോൾ ഗവണ്മെന്റ് വേലികെട്ടി അടച്ചു

ബഷീർ said...

അരീക്കോടന്‍ മാഷേ.. എന്തു ചെയ്യാം . കാപ്പിലാന്‍ പറഞ്ഞത്‌ പൊലെ തൂത്താല്‍ പോകുന്നതല്ല ഈ ഗുണമൊന്നും. സ്ത്രീകളാണീ വിഷയത്തില്‍ ഏറെ ബുദ്ധിമുട്ട്‌ അനുഭവിക്കുന്നത്‌. നല്ല ഒരു ടോയ്‌ലറ്റ്‌ സംവിധാനം നമ്മുടെ പട്ടണങ്ങളില്‍ പോലും ഇല്ലാത്തത്‌ ഖേദകരം തന്നെ. അപ്പോള്‍ കണ്ടിടത്ത്‌ കാര്യം സാധിക്കുന്ന പരിപാടി തുടരുന്നു. പക്ഷെ ഈ പോസ്റ്റിലെ കാര്യം അത്തരത്തിലുളുള്ളതല്ല്ല്ലോ. കടിക്കുന്ന നായയെ അഴിച്ച്‌ വിട്ടാല്‍ മതി.. : )

Areekkodan | അരീക്കോടന്‍ said...

അനൂപ്‌....ഈയിടെ ബഹ്രൈനില്‍ ഒരിന്ത്യക്കാരന്‍ ഇതു കാരണം പോലീസ്‌ പിടിയിലായ വാര്‍ത്ത വായിച്ചിരുന്നു.വെറുതേ പുലിവാല്‌ പിടിക്കണോ?
lakshmy....അത്‌ തമാശയില്‍ അലിയിച്ച സത്യം
രസികന്‍...അപ്പോ മലയാളികള്‍ അവിടേയും പേര്‌ദോശം വരുത്തിയില്ല അല്ലേ?
ബഷീര്‍...അധികാരികളുടെ തിമിര്‍ക്കണ്ണുകള്‍ ഓപെറേറ്റ്‌ ചെയ്യേണ്ടിയിരിക്കുന്നു.

deepam said...

നമ്മള്‍ ഈ വക തോന്ന്യാസ്സങ്ങളെപ്പ്റ്റി ഇങ്ങിനെ പ്രതികരിച്ചു കൊണ്ദി രിക്കുക. ഒരു 5 വ്ര്ഷങ്ങള്‍ കഴിയുബോള്‍ സഗതികള്‍ മാറും മാഷേ.
നല്ല ടോയലെറ്റുകളും വരും.

Post a Comment

നന്ദി....വീണ്ടും വരിക