Pages

Saturday, June 16, 2012

ഒരു യാത്രയുടെ വേവലാതികള്‍

ഏതോ ഒരു എന്‍.എസ്.എസ് ക്യാമ്പില്‍ വച്ചാണ് ആവലാതികളും വേവലാതികളും തമ്മിലുള്ള വ്യത്യാസത്തെപറ്റി  ആദ്യമായി ഞാന്‍ കേട്ടത്.അന്ന് വരെ ഇത് രണ്ടും ഒന്നാണെന്നും ഒന്നും ഒന്നും രണ്ടാണെന്നും ധരിച്ച ഒരു അലവലാദി ആയിരുന്നു ഞാന്‍.രണ്ട് ദിവസം മുമ്പ് ബെസ്റ്റ് ബ്ലഡ് മോട്ടിവേറ്റര്‍ അവാര്‍ഡ് സ്വീകരിക്കാന്‍ പുറപ്പെട്ട യാത്ര 40 മിനുറ്റ് പിന്നിട്ടപ്പോഴാണ് എന്റെ  വേവലാതികള്‍ പുറത്ത് വരാന്‍ തുടങ്ങിയത്.

തിരുവനന്തപുരത്തേക്കുള്ള “രാജ്യറാണി“ 21.23ന് അങ്ങാടിപ്പുറം വിടും എന്ന് ടിക്കറ്റില്‍ എഴുതിയത് രാത്രി 9.23-ന് തന്നെയാണെന്ന് ഉറപ്പ് വരുത്താന്‍ ഞാന്‍ കയ്യിലും കാലിലും ഉള്ള വിരലുകള്‍ മുഴുവന്‍ ഉപയോഗിച്ച് കണക്കു കൂട്ടി.ഒന്ന് കൂടി ഉറപ്പുവരുത്താന്‍ “കേരളത്തിലൂടെ  ഓടുന്ന വണ്ടികള്‍” എന്ന കിതാബും മറിച്ച് നോക്കി.എന്നിട്ടും സമ്മതം മൂളാത്ത എന്റെ മനസ്സിനെ സമാധാനിപ്പിക്കാന്‍ “രാജ്യറാണി“ ചൂളാം വിളി തുടങ്ങിയ ദിവസം പത്രത്തില്‍ നിന്നും ഞാന്‍ വെട്ടി എടുത്ത് വച്ച ടൈംടേബിളും നോക്കി.

അരീക്കോട് നിന്നും 7.30ന് പുറപ്പെട്ടാല്‍ തന്നെ അങ്ങാടിപ്പുറത്ത് 9.23 ന് പാട്ടും പാടി, ഡാന്‍സും കളിച്ച് എത്താം എന്നായിരുന്നു എന്റെ മാത്‌‌സ് കൂട്ടല്‍. ബഹുമാനപ്പെട്ട  എം.പി ശ്രീ സച്ചിന്‍ ടെണ്ടുല്‍കര്‍ ക്രിക്കറ്റില്‍ കാട്ടിയ പോലെ , കണക്കില്‍ ഇഷ്ടം പോലെ പൂജ്യങ്ങളും ഇടക്കിടെ സെഞ്ച്വറികളും അടിച്ച എന്റെ കണക്ക് എത്ര പിഴച്ചാലും ഒരു അരമണിക്കൂര്‍ ഗ്യാപ് ഉണ്ടാകും എന്നായിരുന്നു എന്റെ വിശ്വാസം (വിശ്വാസം , അതല്ലേ എല്ലാം).

കൃത്യം 8.05ന് എന്റെ ബസ് മഞ്ചേരിയില്‍ എത്തുമ്പോള്‍ പെരിന്തല്‍മണ്ണയിലേക്കുള്ള ഒരു ബസ് , സ്റ്റാന്റില്‍ നിന്നും പുറത്തിറങ്ങുന്നത് ഞാന്‍ കണ്ടു. എന്നെക്കൊണ്ട് കഴിയുന്ന ശബ്ദങ്ങളും കോപ്രായങ്ങളും ഒക്കെ കാട്ടി നോക്കിയെങ്കിലും ഡ്രൈവര്‍ മാത്രം അത് കണ്ടില്ല,കേട്ടില്ല .”പോനാല്‍ പോകട്ടും പോട” എന്ന് മനസ്സില്‍ പറഞ്ഞ് പെരിന്തല്‍മണ്ണ ബസ്സുകള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലത്തേക്ക് ഞാന്‍ നടന്നു.അവിടെ അഞ്ചോളം ബസ്സുകള്‍ കിടക്കുന്നത് കണ്ട എനിക്ക് സമാധാനമായി.അടുത്തെത്തി ഓരോന്നിന്റേയും ബോര്‍ഡ് വായിച്ചതോടെ എന്റെ ഉള്ളം ഒഞ്ചിയത്തെ കുഞ്ചിയമ്മയെപ്പോലെയായി.എല്ലാ ഉള്‍നാടുകളിലേക്കും ബസ്! തിരുവനന്തപുരത്തേക്കുള്ള “രാജ്യറാണി“യെ കെട്ടിപിടിക്കാന്‍ അങ്ങാടിപ്പുറത്തെത്താന്‍ നോ ബസ്!! എങ്കിലും പ്രതീക്ഷ കൈവിടാതെ തൊട്ടുമുന്നില്‍ കണ്ട കടക്കാരനോട് ഞാന്‍ ചോദിച്ചു.

“പെരിന്തല്‍മണ്ണയിലേക്ക് ഇനി എപ്പോഴാ ലാസ്റ്റ് ബസ് ?”

“എട്ടരക്ക്  എട്ടു മണിക്ക് പോയ പക്കീസ“ എന്നെ ഒന്ന് ആക്കി നോക്കി അദ്ദേഹം പറഞ്ഞു.

മലപ്പുറത്ത് ബി.എഡിന് പഠിക്കുന്ന കാലത്തേ ഈ ‘പക്കീസയെ’ കാണാറുള്ളതിനാല്‍ ഞാന്‍ ഒരു നെടുവീര്‍പ്പിട്ടു.അതിന്റെ കാറ്റ് മുഴുവന്‍ പുറത്ത് വരുന്നതിന് മുമ്പേ കടക്കാരന്റെ ഉത്തരം എന്റെ ചെവിയില്‍ മുഴങ്ങി - “എട്ടു മണിക്ക് പോയ എട്ടരയുടെ പക്കീസ“

“യാ ഖുദാ !!പക്കീസ പോയി എന്ന് ”  ഞാന്‍ വാച്ചിലേക്ക് നോക്കി. സമയം 8.15 ആയി. 9.23ന് ഉള്ള “രാജ്യറാണി“യെ പിടിക്കാന്‍ ഇനി മലപ്പുറം പോയി അവിടെ നിന്ന് പാലക്കാട് ബസ്സിന് കയറി അങ്ങാടിപ്പുറത്ത് എത്തണം.എന്ന് വച്ചാല്‍ പട്ടര് മൂക്കു പിടിച്ചപോലെ.ഉടന്‍ അങ്ങാടിപ്പുറം -മലപ്പുറം റൂട്ടില്‍ ഷട്ടില്‍ സര്‍വ്വീസ് നടത്തിയിരുന്ന എന്റെ സുഹൃത്തും പി.എസ്.സിയിലെ ഉദ്യോഗസ്ഥനുമായ അങ്ങാടിപ്പുറത്ത്കാരന്‍  രജീഷിനെ ഞാന്‍ വിളിച്ചു.

“ഹലോ...എടാ... പക്കീസ നേരത്തെ വിട്ടു ...”

“ങേ! ആര് ? റഹ്മത്തുന്നീസയോ...?” ഞങ്ങളുടെ കൂടെ പഠിച്ചിരുന്ന കുട്ടിയെ ഓര്‍മ്മിച്ച് അവന്‍ ചോദിച്ചു.

“ആരുമില്ല....നിന്റെ പുറത്ത് നിന്നും മറ്റവന്റെ പുറത്തേക്കുള്ള സമയം ഒന്ന് പറഞ്ഞ് തരൂ....”

“നിനക്കെന്താ വട്ടായോ?” രജീഷിന്റെ മറുചോദ്യം

“ഇപ്പോ ആയിട്ടില്ല...കുറച്ച് കഴിഞ്ഞാല്‍ ചിലപ്പോ ആകും...എനിക്ക് “രാജ്യറാണി“യെ പിടിക്കണം.മഞ്ചേരിയില്‍ നിന്നുള്ള ലാസ്റ്റ് ബസ് ഫാസ്റ്റ് ബസ് ആയി പോയി...ഇനി മലപ്പുറം വഴി നിന്റെ അങ്ങാടിപ്പുറത്ത് എത്തണം.അങ്ങാടിപ്പുറത്ത് നിന്ന് മലപ്പുറത്തേക്ക് എത്ര ദൂരമുണ്ട്?”

“ഓ...അങ്ങനെ...ഇപ്പോള്‍ 8.20 അല്ലേ ആയിട്ടുള്ളൂ....നീ പേടിക്കേണ്ട...8.30ന് മലപ്പുറത്ത് നിന്നും തിരുവനന്തപുരത്തേക്ക് സൂപ്പര്‍ ഫാസ്റ്റ് ഉണ്ട് ....”

“അപ്പോള്‍ വട്ട് നിനക്കാ....8.20ന് മഞ്ചേരിയില്‍ നില്‍ക്കുന്ന എനിക്ക് 8.30ന് മലപ്പുറത്ത് നിന്നുള്ള സൂപ്പര്‍ ഫാസ്റ്റ് പിടിക്കാന്‍ ഞാനെന്താ സൂപ്പര്‍മാനോ? പോരാത്തതിന് എനിക്ക് രാജ്യറാണിയില്‍ റിസര്‍വേഷനും ഉണ്ട്....”

“ഓ....എങ്കില്‍ അങ്ങാടിപ്പുറം  ടു മലപ്പുറം 30-35 മിനുട്ട് മാത്രമേയുള്ളൂ...”

“അപ്പോ മലപ്പുറം ടു അങ്ങാടിപ്പുറവും അത്ര തന്നെയല്ലേ കാണൂ...?”

“ആ....അത്ര തന്നെയേ കാണൂ....നിനക്ക് പാട്ടും പാടി എത്താം...”

‘നിന്റെ വിശ്വാസം എന്നെ രക്ഷിക്കട്ടെ’ എന്ന പ്രാര്‍ത്ഥനയോടെ ബസ് ബേയില്‍ നിന്നും നീങ്ങിത്തുടങ്ങിയ ആനവണ്ടിയില്‍(കെ.എസ്.ആര്‍.ടി.സി.ക്ക് മലപ്പുറത്തിന്റെ സ്വന്തം നാമകരണം) ഞാന്‍ ചാടിക്കയറി.

(തുടരും...)

11 comments:

Areekkodan | അരീക്കോടന്‍ said...

“നിനക്കെന്താ വട്ടായോ?” രജീഷിന്റെ മറുചോദ്യം

“ഇപ്പോ ആയിട്ടില്ല...കുറച്ച് കഴിഞ്ഞാല്‍ ചിലപ്പോ ആകും...എനിക്ക് “രാജ്യറാണി“യെ പിടിക്കണം.മഞ്ചേരിയില്‍ നിന്നുള്ള ലാസ്റ്റ് ബസ് ഫാസ്റ്റ് ബസ് ആയി പോയി...ഇനി മലപ്പുറം വഴി നിന്റെ അങ്ങാടിപ്പുറത്ത് എത്തണം.അങ്ങാടിപ്പുറത്ത് നിന്ന് മലപ്പുറത്തേക്ക് എത്ര ദൂരമുണ്ട്?”

Arif Zain said...

ബാക്കിക്ക് വേണ്ടി കാത്തിരിക്കുന്നു. അത് കൂടി വായിച്ചതിനു ശേഷമേ എന്തെങ്കിലും കമന്‍റ് ന് പ്രസക്തിയുള്ളൂ. രാജ്യ റാണി കിട്ടിയോ? ഉണ്ടെങ്കില്‍ എങ്ങനെ അങ്ങാടിപ്പുറത്തെത്തി തുടങ്ങിയ സംശയങ്ങള്‍ ഇനിയുള്ള നിമിഷങ്ങളെ ഉദ്വേഗഭരിതമാക്കും.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ശ്ശെടാ ഇപ്പൊ എല്ലാവര്‍ക്കും ഈ തുടരന്‍ സൂക്കേടു തുടങ്ങിയോ?
രാജ്യറാണി എന്തു സാധനം?

ശരിക്കുള്ള കമന്റ്‌ ബാക്കി കൂടി വന്നിട്ട്‌

പക്ഷെ "സച്ചിനെ പോലെ പൂജ്യം -----" ആ വരി ഇഷ്ടപ്പെട്ടു

Cv Thankappan said...

ബാക്കികൂടി കേള്‍ക്കട്ടേ.എന്നിട്ടു വേണം എത്തിയോ
എന്നറിയാന്‍?
ആശംസകള്‍

ajith said...

രാജ്യറാണി മിക്കവാറും ഈ രാജാവിനെക്കൂടാതെ പോയിട്ടുണ്ടാവും എന്ന് തോന്നുന്നു ഇതുവരെയുള്ള മെല്ലെപ്പോക്ക് നോക്കിയാല്‍

കുര്യച്ചന്‍ @ മനോവിചാരങ്ങള്‍ .കോം said...

ഇന്നേവരെ ഇന്ത്യന്‍ റെയില്‍വേ കൃത്യ സമയം പാലിക്കാത്തതിനാല്‍ തീര്‍ച്ചയായും രാജ്യറാണി കിട്ടും....ആശംസകള്‍.....

Sidheek Thozhiyoor said...

ഇതൊരുമാതിരി കോപ്പിലെ തുടരലായിപ്പോയി ...എത്യോ എത്തില്ലെ എന്നറിയാനുള ആകാംക്ഷയുമായി എത്തിയപ്പോള്‍ ആനവണ്ടി ദേ കെടക്കണ് തുടരും എന്നും പറഞ്ഞ് ബ്രേക്ക്‌ഡൌണായി..
തുടരുമ്പോള്‍ മെയിയക്കാന്‍ മറക്കല്ലേ മാഷേ..

kochumol(കുങ്കുമം) said...

മാഷേ രാജ്യറാണി കിട്ടിയോ ? അതോ ടാക്സി പിടിച്ചു പോകേണ്ടി വന്നോ ?
തുടരട്ടെ ബാക്കിയും കൂടെ വന്നിട്ട് അഭിപ്രായം പറയാം ട്ടോ...:)

Areekkodan | അരീക്കോടന്‍ said...

ആരിഫ് സാഹിബ്...ആ ഉദ്വേഗം നിലനിര്‍ത്താന്‍ ഒരു “തുടരും” ഇടേണ്ടി വന്നു.

പണിക്കര്‍ സാര്‍....ഞാന്‍ പണ്ടാഎ തുടരന്റെ ആളാ

തങ്കപ്പന്‍ ജീ...അടുത്ത മെയിലില്‍ അതറിയാം

അജിത്തേട്ടാ...സസ്പെന്‍സ് പൊളിക്കല്ലേ

Areekkodan | അരീക്കോടന്‍ said...

കുര്യച്ചോ...താങ്കളുടെ വിശ്വാസം എന്നുമെന്നും താങ്കളെ രക്ഷിക്കട്ടെ

സിദ്ധീക്ക്‍ക്കാ...അപ്പോ വണ്ടി ബ്രേക്ക് ഡൌണാക്കിയാല്‍ ഒരു ട്വിസ്റ്റ് കൂടി ആകും അല്ലേ...പക്ഷേ കഥ മുഴുവന്‍ എഴുത്തിക്കഴിഞു.ഇനി ട്വിസ്റ്റ് കൊടുത്താല്‍ ബ്രേക്ക് പോവും.

കൊച്ചുമോളേ...രാജ്യറാണിയായാലും രാജാവായാലും അരീക്കോടനോട് സുല്ലിടും , അടുത്ത പോസ്റ്റില്‍!

ഫൈസല്‍ ബാബു said...

ഇത് മിക്കവാറും കറങ്ങി തിരിഞ്ഞു അരീക്കോട്‌ ടി തന്നെഎത്തും,,ആ ആന വണ്ടിയുടെ പോക്ക് കണ്ടിട്ട് അങ്ങിനെയാണ് തോന്നുന്നത് ,, ലക്ഷദ്വീപ്‌ യാത്രയുടെ അനുഭവമെഴുതിയതു പോലെയാകുമോ ഈ പോസ്റ്റും ??

Post a Comment

നന്ദി....വീണ്ടും വരിക