Pages

Thursday, June 28, 2012

‘സാന്ത്വനകിരണം‘

             “തളര്‍ന്ന കാലുകളുടെ കരുത്ത് മനസ്സിലേക്ക് പകര്‍ന്ന് മുന്നേറുന്ന യുവ എഴുത്തുകാരി കുമാരി ശബ്‌ന പൊന്നാടും വ്യത്യസ്ത കാരണങ്ങളാല്‍ ശാരീരിക അംഗവൈകല്യങ്ങള്‍ സംഭവിച്ച നൂറില്പരം അംഗങ്ങളും ഇളംതെന്നലായി അനുഭവങ്ങള്‍ പങ്കുവെച്ച് മനസ്സിന്റെ ഭാരം കുറക്കുന്നതിനായി ഇതാ ഒരു ദിവസം ഇവര്‍ക്കായി...ഇവര്‍ക്കായി മാത്രം.....”

              ശബ്‌നാസ് ചാരിറ്റബ്‌ള്‍ & എജുക്കേഷണല്‍ ട്രസ്റ്റിന്റെ ‘സാന്ത്വനകിരണം‘ എന്ന പരിപാടിയുടെ നോട്ടീസില്‍ നിന്നുള്ള വരികളാണ് മേല്‍ ഉദ്ധരിച്ചത്.മൂന്നാഴ്ച മുമ്പ് അരീക്കോട് വച്ചായിരുന്നു ‘സാന്ത്വനകിരണം‘ എന്ന പരിപാടി.കുടുംബ സമേതം പ്രസ്തുത പരിപാടിയില്‍ പങ്കെടുത്ത എനിക്കും എന്റെ കുടുംബാംഗങ്ങള്‍ക്കും അതൊരു വേറിട്ട അനുഭവം തന്നെയായി.

               മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ശയ്യാലവംബികളായവരുടെ സംഗമം എന്നതായിരുന്നു ശബ്‌ന ഫോണ്‍ ചെയ്ത് പറഞ്ഞപ്പോള്‍ എന്റെ മനസ്സില്‍ തെളിഞ്ഞ ചിത്രം.ഒമ്പതര മണിയോടെ പരിപാടി നടക്കുന്ന സ്ഥലത്തെത്തുമ്പോളും വളരെയധികം പേരെയൊന്നും കാണാനില്ലായിരുന്നു.പക്ഷേ പത്തര ആയതോടെ ചിത്രം മാറി.സ്ത്രീകളും കുട്ടികളും പുരുഷന്മാരും അടങ്ങുന്ന ആള്‍ക്കാരെയും വഹിച്ചുള്ള വാഹനങ്ങള്‍ ജില്ലയുടെ വിവിധ ഭാഗത്ത് നിന്നും എത്തിത്തുടങ്ങി.സ്വയം പരിചയപ്പെടുത്തല്‍ നടന്നപ്പോഴാണ് മലപ്പുറത്തിന് പുറമേ കോഴിക്കോട് , പാലക്കാട് ജില്ലകളീല്‍ നിന്നുള്ളവരും ഈ സംഗമത്തില്‍ പങ്കെടുക്കുന്നു എന്ന് അറിഞ്ഞത്.അതില്‍ തന്നെ പട്ടാമ്പിയില്‍ നിന്നുള്ള ഒരാള്‍ സ്വയം വണ്ടി ഓടിച്ചാണ് ഇവിടെ എത്തിയത് എന്ന് പറഞ്ഞപ്പോള്‍ ‘അസാധ്യമായി ഒന്നുമില്ല’ എന്ന നെപ്പോളിയന്റെ വാക്കുകളാണ് ഓര്‍മ്മ വന്നത്.

                 സംഗമത്തിന്റെ ഔപചാരിക ഉത്‌ഘാടനം നിര്‍വ്വഹിച്ചത് തിരക്കഥാകൃത്തും നിലമ്പൂര്‍ മുനിസിപ്പല്‍ ചെയര്‍മാനുമായ ശ്രീ.ആര്യാടന്‍ ഷൌക്കത്ത് ആയിരുന്നു.കെ.വി.അബൂട്ടി അടക്കമുള്ള അരീക്കോട്ടെ സാംസ്കാരിക-സാമൂഹ്യ-രാഷ്ട്രീയ നേതാക്കള്‍ പരിപാടിയില്‍ സംബന്ധിച്ചു.കൂടാതെ കെ.എം.കെ വെള്ളയില്‍, ബാബുരാജ് കോട്ടക്കുന്ന്, അരുണ്‍ അരീക്കോട്, ലുഖ്‌മാന്‍ അരീക്കോട്, വാജിദ് തുടങ്ങീ ആകാശവാണിയിലേയും ദൃശ്യമാധ്യമങ്ങളിലേയും തിളങ്ങും താരങ്ങളും വിവിധ പരിപാടികളിലൂടെ സദസ്സിനെ ഹരം കൊള്ളിച്ചു.

                                                              ശ്രീ.ആര്യാടന്‍ ഷൌക്കത്ത്

                                                             ശ്രീ.ലുഖ്‌മാന്‍ അരീക്കോട്


                  സംഗമത്തിന് എത്തിയവര്‍ക്ക് കൈതാങ്ങായി ഓമാനൂര്‍ ഹയര്‍സെക്കണ്ടറി സ്കൂളിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാരും ശബ്‌നാസ് ചാരിറ്റബ്‌ള്‍ & എജുക്കേഷണല്‍ ട്രസ്റ്റിന്റെ പ്രവര്‍ത്തകരും മാതൃകാപരമായി തന്നെ പ്രവര്‍ത്തിച്ചു.അരീക്കോട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയും പ്രവാസി കോണ്‍ഗ്രസ്സും ആയിരുന്നു പരിപാടിയുടെ പ്രായോജകര്‍.

                  ട്രസ്റ്റിന്റെ ഭാവി പരിപാടിയായി പ്രധാനമായും മുന്നോട്ട് വച്ചത് ശയ്യാലവംബികളായ ഇത്തരം ആള്‍ക്കാര്‍ക്ക് രണ്ടൊ മൂന്നോ ദിവസം താമസിച്ച് പരസ്പരം അനുഭവങ്ങള്‍ പങ്കുവയ്ക്കാന്‍ ഒരു സ്ഥാപനം എന്നുള്ളതാണ്. സുമനസ്സുള്ള എല്ലാവരും ഈ ഉദ്യമത്തില്‍ ശബ്‌നക്ക് ഒരു കൈതാങ്ങായി ഉണ്ടാകണം എന്ന് വിനീതമായി അഭ്യര്‍ഥിക്കുന്നു.
 
                                                      ഞാനും ശബ്നയും എന്റെ മകളും

4 comments:

Areekkodan | അരീക്കോടന്‍ said...

അതില്‍ തന്നെ പട്ടാമ്പിയില്‍ നിന്നുള്ള ഒരാള്‍ സ്വയം വണ്ടി ഓടിച്ചാണ് ഇവിടെ എത്തിയത് എന്ന് പറഞ്ഞപ്പോള്‍ ‘അസാധ്യമായി ഒന്നുമില്ല’ എന്ന നെപ്പോളിയന്റെ വാക്കുകളാണ് ഓര്‍മ്മ വന്നത്.

ajith said...

അസാദ്ധ്യമായി ഒന്നുമില്ല. ആശംസകള്‍

Cv Thankappan said...

ഈ സദുദ്യമത്തിന് ആശംസകള്‍

shabnaponnad said...

ഈ പോസ്റ്റിന് നന്ദി മാഷേ....

Post a Comment

നന്ദി....വീണ്ടും വരിക