Pages

Sunday, August 12, 2012

പ്രകൃതിയെപറ്റി ഒരല്പം ചിന്ത

              ദിവസങ്ങള്‍ക്ക്  മുമ്പാണ് മേഘവിസ്ഫോടനം എന്ന പ്രതിഭാസം കാരണം ഒരു ഗ്രാമം മുഴുവന്‍ കണ്ണീരണിഞ്ഞ ശക്തമായ മഴയും തുടര്‍ന്നുള്ള ഉരുള്‍പൊട്ടലും പുല്ലൂരാമ്പാറയില്‍ ഉണ്ടായത്. ഇരിട്ടിയിലും ഉരുള്‍പൊട്ടിയെങ്കിലും അതും ഇതേ പ്രതിഭാസം തന്നെയാണോ എന്ന് വ്യക്തമല്ല. കഴിഞ്ഞവര്‍ഷം എന്റെ എന്‍.എസ്.എസ് വളണ്ടിയര്‍മാരുമായി ക്യാമ്പ് ചെയ്ത സ്ഥലങ്ങള്‍ ഇതിനടുത്ത് ആയതിനാല്‍ എന്റെ മനസ്സിലും അത് ഭീതിയുണര്‍ത്തി.ചാലിയാറും അതിന്റെ പോഷക നദിയായ ഇരുവഞ്ഞിപ്പുഴയും പെട്ടെന്ന് കരകവിഞ്ഞ് ഒഴുകിയത് അവിശ്വസനീയമായിരുന്നു. അപ്പോള്‍ ഈ ദുരന്തം അനുഭവിച്ച ആ നാട്ടിലെ ജനങ്ങളുടെ അങ്കലാപ്പ് പറയേണ്ടതില്ല.അന്ന് പൊങ്ങിയ വെള്ളത്തിന് അല്പം ശമനം ലഭിച്ചെങ്കിലും ഇന്നും കലങ്ങിമറിഞ്ഞാണ് ചാലിയാര്‍ ഒഴുകുന്നത്.

          ഇന്നലെ തൃശൂര്‍ ജില്ലയിലെ പാമ്പാടിയില്‍ നാഷണല്‍ സര്‍വ്വീസ് സ്കീമിന്റെ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോയിരുന്നു.കേരളത്തിലെ ഏറ്റവും നീളം കൂടിയ പുഴയായ ഭാരതപ്പുഴയാണ് പാമ്പാടിയെ തൃശൂര്‍ ജില്ലയില്‍ ആക്കിയത് എന്ന് പറയുന്നതായിരിക്കും നല്ലത്.കാരണം പുഴയുടെ മറുകര വരെ പാലക്കാട് ജില്ലയാണ്.പാലം കടന്നാല്‍ പാമ്പാടിയായി , തൃശൂര്‍ ജില്ലയായി. ഞാന്‍ കണ്ട ഭാരതപ്പുഴ കര്‍ക്കടക മാസത്തിലെ പുഴയാണ് എന്ന് എനിക്ക് വിശ്വസിക്കാനേ പറ്റുന്നില്ല.പുഴയുടേ പകുതിയിലേറേ ഇപ്പോഴും പുല്ല് നിറഞ്ഞ് മണല്‍ പൊങ്ങിയ നിലയില്‍ കിടക്കുന്നു !ഇടവവും മിഥുനവും കര്‍ക്കടകവും കഴിഞ്ഞ് ചിങ്ങവും ചീറ്റലും എന്ന നിലയിലേക്ക് മലയാളികള്‍ എത്താന്‍ ഇനി ദിവസങ്ങള്‍ മാത്രമുള്ളപ്പോഴാണ് ഒരു നദിയുടെ ഈ അവസ്ഥ എങ്കില്‍ നാം നേരിടാന്‍ പോകുന്ന വെള്ളക്ഷാമം എത്രയായിരിക്കും എന്ന് ഊഹിക്കാനേ പറ്റുന്നില്ല.

                     രണ്ട് ജില്ല അപ്പുറത്ത് പേമാരി ദുരന്തം വിതക്കുമ്പോഴാണ് തൊട്ടടുത്ത് ഒരു നദി ഇത്രയും വരണ്ടും കിടക്കുന്നത് എന്നത് അതിശയകരം തന്നെയാണ്.പ്രകൃതിയെപറ്റി നാം ചിന്തിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു എന്നതിന് ഇതിലും വലിയ തെളിവ് വേറെ വേണോ?

3 comments:

Areekkodan | അരീക്കോടന്‍ said...

ഇടവവും മിഥുനവും കര്‍ക്കടകവും കഴിഞ്ഞ് ചിങ്ങവും ചീറ്റലും എന്ന നിലയിലേക്ക് മലയാളികള്‍ എത്താന്‍ ഇനി ദിവസങ്ങള്‍ മാത്രമുള്ളപ്പോഴാണ് ഒരു നദിയുടെ ഈ അവസ്ഥ എങ്കില്‍ നാം നേരിടാന്‍ പോകുന്ന വെള്ളക്ഷാമം എത്രയായിരിക്കും എന്ന് ഊഹിക്കാനേ പറ്റുന്നില്ല.

Cv Thankappan said...

ദീര്‍ഘവീക്ഷണമില്ലായ്മ.............
ആശംസകള്‍

ajith said...

പ്രകൃതിയെപറ്റി നാം ചിന്തിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു

സത്യം
അല്ലെങ്കില്‍ നമ്മുടെ അടുത്ത തലമുറ നമ്മളെ ശപിക്കില്ലേ...?

Post a Comment

നന്ദി....വീണ്ടും വരിക