Pages

Friday, August 17, 2012

ബാലന്‍ എന്ന പരോപകാരി

               കുട്ടിക്കാലത്തേ ബാലന്‍ എന്റെ മനസ്സിലെ ഹീറോ ആണ്. അന്ന് ‘മാലാന്‍’ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര് എന്ന് മാത്രം (ബാലന്‍ എന്ന് മറ്റുള്ളവര്‍ പറയുന്നത് ഞങ്ങള്‍ കേട്ടിരുന്നത് ‘മാലാന്‍’ എന്നായിരുന്നു).ബാലന്‍ ഹീറോ ആകാന്‍ കാരണം മറ്റൊന്നുമല്ല. മരിച്ചു പോയ എന്റെ ചെറിയ അമ്മാവന്‍ ഞങ്ങളുടെ പറമ്പില്‍ നിന്നും കെണിവച്ച് പിടിച്ച അണ്ണാനെ അറുക്കാന്‍ വേണ്ടി കൂട്ടില്‍ നിന്നും പിടിക്കണം.കൂര്‍ത്ത നഖമുള്ള അണ്ണാനെ നേരിട്ട് പിടിക്കാന്‍ സാധ്യമല്ല.കൂട് തുറന്നാല്‍ അത് ചാടി രക്ഷപ്പെടും. പിന്നെ ഇതിനെ പിടിക്കാനുള്ള ഏകമാര്‍ഗ്ഗം ഊരാംകുടുക്ക് എന്ന് ഞങ്ങള്‍ പറയുന്ന തൊള്ളിട്ട് പിടുത്തം ആണ്. അത് ഒരു ഫിഫ്റ്റി ഫിഫ്റ്റി ഗെയിം ആണ്. കൂട് തുറക്കുമ്പോള്‍ അണ്ണാന്‍ പുറത്തേക്ക് ചാടും.കൂടിന്റെ വായ് ഭാഗത്ത്  കയര്‍ കൊണ്ടുള്ള ഒരു വൃത്തം ഒരുക്കി വച്ചിരിക്കും.അതാണ് അടുത്ത കെണി.അണ്ണാന്‍ ചാടി വൃത്തത്തിലാകുമ്പോള്‍ കൃത്യസമയത്ത് കയറ്‌ വലിക്കണം.എന്നാല്‍ മാത്രമേ അണ്ണാന്‍ അതില്‍ കുരുങ്ങൂ.

             കുട്ടികളായ ഞങ്ങള്‍ക്കാര്‍ക്കും ഈ വിദ്യ വശമില്ലാത്തതിനാല്‍ അമ്മാവന്‍ ഒരാളെ കാത്ത് നില്‍ക്കുമ്പോഴാണ് ബാലന്‍ റോഡിലൂടെ വരുന്നത്. അമ്മാവന്‍ ബാലനോട് സംഗതി അവതരിപ്പിച്ചു.‘കിട്ട്യാല്‍ അണ്ണാന്‍ പോയാല്‍ പൊണ്ണന്‍ ‘ എന്ന മട്ടില്‍ ബാലന്‍ അത് സമ്മതിച്ചു.അമ്മാവന്‍ കൂട് തുറന്നു , ബാലന്‍ കയറ് വലിച്ചു ,അണ്ണാന്റെ ഊര കൃത്യം ബാലന്റെ കയ്യിലെ കയറിനുള്ളില്‍ കുരുങ്ങി.പിന്നെ രണ്ട് പേരും കൂടി അതിനെ കശാപ്പ് ചെയ്തു.

              അന്നത്തെ ബാലനെ പിന്നീട് ഞാന്‍ കാണുന്നത് പല ബസ്സുകളിലും ക്ലീനര്‍ ജോലിക്കാരനായിട്ടാണ്.പ്രായം അന്നും ഇന്നും ഒരേ പോലെ!!!എന്നെ ബാലന് നല്ല റെസ്പെക്ട് ആണ്.അതിനാല്‍ എനിക്ക് എങ്ങനെയെങ്കിലും ബാലന്‍ സീറ്റ് ഒപ്പിച്ചു തരികയും ചെയ്യും.

              ഇന്നലെ ബാലന്‍ ക്ലീനറായ ബസ്സില്‍ ഞാന്‍ കോഴിക്കോട് പോവുകയായിരുന്നു.ചെറുവാടി എത്തുന്നതിന് മുമ്പ് ‘തെനങ്ങാപറമ്പ്’ (ഈ സ്ഥലത്തിന്റെ കറക്ട് പേര് പറയാന്‍ ഇപ്പോഴും എനിക്ക് പ്രയാസമാണ്) എത്തിയപ്പോള്‍ ബസ്സ് അല്പം കൂടി അരിക് ചാരി നിര്‍ത്തി. ബസ്സിന്റെ ഉള്ളില്‍ സൂക്ഷിച്ചിരുന്ന ഒരു കൊടുവാള്‍ ബാലന്‍ എടുത്തു.ശേഷം റോഡിലേക്ക് തള്ളി നിന്ന് ബസ് യാത്രക്കാര്‍ക്ക് മുഴുവന്‍ ശല്യം ചെയ്തിരുന്ന ഒരു മരത്തിന്റെ എല്ലാ തലപ്പുകളും വെട്ടിമാറ്റി. അതു വഴി കടന്നു പോകുന്ന എല്ലാ വാഹനങ്ങള്‍ക്കും സുഗമമായ പ്രയാണം അതു വഴി ബാലന്‍ ഉറപ്പാക്കി.ഇത് വെട്ടി മാറ്റാന്‍ വേണ്ടി മാത്രമായി ആ കത്തി ബാലന്‍ സ്വന്തം വീട്ടില്‍ നിന്നും കൊണ്ടുവന്നതായിരുന്നു എന്നറിഞ്ഞപ്പോഴാണ് ബാലന്റെ മനസ്സിനെ ഞാന്‍ നമിച്ചത്. ഇത്തരം അനേകം ‘ബാലന്മാര്‍ ‘ നമ്മുടെ സമൂഹത്തില്‍ ഉണ്ടായിരുന്നെങ്കില്‍ ?

2 comments:

Areekkodan | അരീക്കോടന്‍ said...

ഇത്തരം അനേകം ‘ബാലന്മാര്‍ ‘ നമ്മുടെ സമൂഹത്തില്‍ ഉണ്ടായിരുന്നെങ്കില്‍ ?

ajith said...

ഇത് വായിച്ചപ്പോള്‍ ഞങ്ങടെ ദാമു ആശാനെ ഓര്‍മ്മ വന്നു. ഡ്രൈവറായിരുന്നു ഇദ്ദേഹം. വഴിയില്‍ വണ്ടിയും കൊണ്ട് പോകുമ്പോള്‍ തടസ്സമായി എന്തു തടസ്സം കണ്ടാലും ഇറങ്ങി മാറ്റും. നടന്നു പോകുമ്പോള്‍ വല്ല കല്ലോ തടിയോ വഴിയില്‍ കിടക്കുന്നതുകണ്ടാല്‍ തട്ടി സൈഡൊതുക്കും...(30 വര്‍ഷം മുമ്പത്തെ കഥ)

Post a Comment

നന്ദി....വീണ്ടും വരിക