Pages

Wednesday, March 07, 2018

ആനക്കൂട്ടത്തിന് നടുവിൽ !!

                 വന്യജീവി സങ്കേതത്തിലെ ആദ്യരാത്രി
               
              ഫോറസ്റ്റ് ഗാർഡ് അംജിത്ത് സൂചിപ്പിച്ചത് പ്രകാരം ഞങ്ങൾ എല്ലാവരും സഡൻ ബ്രേക്കിട്ടു. അല്പമകലെയായി മുളങ്കൂട്ടങ്ങൾ ഞെരിഞമരുന്ന ശബ്ദം കേട്ടു. അത് തുടർച്ചയായി കേട്ടതോടെ വലിയൊരു കൂട്ടം ആനകൾ ഞങ്ങൾക്കിനി പോകേണ്ട വഴിയിൽ ഉള്ളതായി മനസ്സിലായി !

                 ഒരു മൃഗത്തെയും കണ്ടില്ലല്ലോ എന്ന് പരാതി പറയാൻ കാത്ത് നിന്നവർക്ക് മുമ്പിലേക്ക് ആദ്യത്തെ ആന മന്ദം മന്ദം കടന്നു വന്നു! ആന ഞങ്ങളെ കണ്ടോ എന്നറിയില്ല, ബട്ട്  പെരുമ്പറ കൊട്ടുന്ന ഹൃദയത്തോടെ ഞങ്ങൾ ആനയെ കണ്ടു. അവൻ ഞങ്ങളുടെ വഴിയിൽ നിലയുറപ്പിക്കുകയും ചെയ്തു. അവന്റെ പിന്നാലെ രണ്ട് മൂന്ന് ആനകൾ കൂടി ആ വഴിയിലെത്തി ഞങ്ങളുടെ വഴി മുടക്കി.

                 ആന ഞങ്ങളെ കണ്ടാൽ ചാർജ്ജ് ചെയ്യാൻ (ആക്രമിക്കാൻ) സാധ്യതയുണ്ട് എന്നതിനാൽ അല്പം കൂടി പിറകോട്ട് നീങ്ങി നിൽക്കാൻ അംജിത്ത് ഞങ്ങളോട് പറഞ്ഞു ....

”പ്‌ധിം”

              പിന്നിൽ നിന്നും എന്തോ മറിഞ്ഞ് വീഴുന്ന ശബ്ദം കേട്ട് ഞാൻ അങ്ങോട്ട് നോക്കി. എൻ.എസ്.എസ് ക്യാമ്പിലോ ഇത്തരം പരിപാടികളിലോ ഒന്നും പങ്കെടുത്ത് ശീലമില്ലാത്തവളും നാളിതുവരെ ഗൾഫിൽ പഠിച്ചവളുമായ ഒരു പെൺകുട്ടിയായിരുന്നു അത്. ടെൻഷൻ കാരണം വീണതായിരുന്നു. ഉടനെ ഞങ്ങൾ മൂന്ന് നാലു പേർ അവളെ താങ്ങിയെടുത്തു. ഒരു വിധം നിൽക്കാൻ പ്രാപ്തയായപ്പോൾ തൊട്ടടുത്തുണ്ടായിരുന്ന ഒരു മരത്തിൽ അവളെ ചാരി നിർത്തി. ഇനിയും വീണാൽ ആ തടിയും പൊക്കി എങ്ങനെ കാട് കടക്കും എന്നുള്ള ചിന്തയും എന്നിൽ ഉയരാൻ തുടങ്ങി.

                 ഗാർഡുമാർ ശബ്ദം ഉണ്ടാക്കിയിട്ടും ആനകൾ വഴിമാറിയില്ല. ഗത്യന്തരമില്ലാതെ അംജിത്ത് വെടി പൊട്ടിച്ചു. ആനയെയല്ല വെടി വച്ചത് , ആകാശത്ത് ആരുടെയും വഴിമുടക്കാതെ പറക്കുന്ന കാക്കയെ! പക്ഷെ അതിന്റെ ശബ്ദവും ആനയെ അനക്കിയില്ല.

                പെട്ടെന്ന് ഒരാന ഗ്രൂപ്പ് വിട്ട് റോഡും ക്രോസ് ചെയ്ത് കാട്ടിനകത്തേക്ക് കയറി. അത് ചുറ്റിത്തിരിഞ്ഞ് മറുഭാഗം വഴി ഞങ്ങളുടെ പിന്നിൽ എത്താം എന്ന് അംജിത്ത് പറഞ്ഞതും പിന്നിൽ നിന്നും വീണ്ടും ഒരു ശബ്ദം ഉയർന്നു.

”പ്‌ധിം”

              മരത്തിൽ ഒരു വിധം ചാരി നിർത്തിയിരുന്ന ആൾ അതാ വീണ്ടും കിടക്കുന്നു ധരണിയിൽ ! മുന്നിൽ നിൽക്കുന്ന ആനകളുടെ എണ്ണം കൂടാൻ തുടങ്ങി. അതോടെ എന്റെ ചങ്കിടിപ്പും വർദ്ധിച്ചു. പിറ്റെ ദിവസത്തെ പത്രത്തിലെയും ടിവിയിലെയും വാർത്തകളുടെ തലക്കെട്ടുകൾ എന്റെ മനസ്സിലൂടെ ട്രെയിലറായി ഓടാൻ തുടങ്ങി.

               അവസാനം ഒരാന കൂടി വന്നതോടെ ആനക്കൂട്ടം റോഡ് ക്രോസ് ചെയ്ത് കാട്ടിലേക്ക് കയറാൻ തുടങ്ങി. അവസാനത്തെ ആനയുടെ കൂടെ ഒരു കുഞ്ഞും ഉണ്ടായിരുന്നു. അപ്പോഴാണ് ഫോറസ്റ്റ് ഗാർഡ് അംജിത്ത് ഞങ്ങൾക്ക് ആ വിവരം കൂടി തന്നത് - കൂട്ടത്തിൽ അമ്മയും കുഞ്ഞും ഉണ്ടെങ്കിൽ അവ ഒപ്പം എത്തുന്നത് വരെ മറ്റ് ആനകൾ അവരെ കാത്തിരിക്കുമത്രെ ! ആനകളുടെ ഈ മന:ശാസ്ത്രം അറിയാത്തതിനാൽ മനസ്സ് പിടഞ്ഞത് ഞങ്ങൾ മുപ്പത്തൊമ്പത് പേർക്കാണ്.

                 ആനക്കൂട്ടം നീങ്ങിയതോടെ എല്ലാവരും ഹാപ്പിയായി. അല്ലെങ്കിലും വലിയൊരു ടെൻഷൻ നീങ്ങുന്നതിലും വലിയ സന്തോഷം ജീവിതത്തിൽ വേറെ എന്തുണ്ട് ? അല്പ സമയത്തിനകം തന്നെ ഞങ്ങൾ താമസ സ്ഥലത്തെത്തി ഉച്ചഭക്ഷണം കഴിച്ച് അടുത്ത പരിപാടിയിലേക്ക് നീങ്ങി.

                പിറ്റേ ദിവസം ഒരു മണിക്കൂർ നേരത്തേക്ക് പക്ഷി നിരീക്ഷണവും ശേഷം പരിസര ശുചീകരണവും നടത്തി. അതുവരെ നൽകിയ അറിവുകളെ അടിസ്ഥാനപ്പെടുത്തി വനം വകുപ്പ് അധികൃതർ ഒരു പ്രശ്നോത്തരി മത്സരവും സംഘടിപ്പിച്ചു. ഉച്ചക്ക് രണ്ടരയോടെ ഒരു പിടി ഓർമ്മകളുമായി ഞങ്ങൾ കല്ലുമുക്കിനോട് വിട പറഞ്ഞു.

(തുടരും...)

3 comments:

Areekkodan | അരീക്കോടന്‍ said...

അല്പമകലെയായി മുളങ്കൂട്ടങ്ങൾ ഞെരിഞമരുന്ന ശബ്ദം കേട്ടു. അത് തുടർച്ചയായി കേട്ടതോടെ വലിയൊരു കൂട്ടം ആനകൾ ഞങ്ങൾക്കിനി പോകേണ്ട വഴിയിൽ ഉള്ളതായി മനസ്സിലായി !

© Mubi said...

ആ... ആന!

Areekkodan | അരീക്കോടന്‍ said...

മുബീ...ആനയെ എത്തി നോക്കിയ ധൈര്യത്തിന് നന്ദി

Post a Comment

നന്ദി....വീണ്ടും വരിക