Pages

Sunday, August 25, 2019

മാങ്കോസ്റ്റിന്‍ എന്റെ വീട്ടിലും...

             നാട്ടുഭാഷയുടെ സുല്‍ത്താന്‍ ശ്രീ.വൈക്കം മുഹമ്മദ് ബഷീര്‍ എപ്പോഴും പറയാറുണ്ടായിരുന്ന മാങ്കോസ്റ്റിന്‍ മരം മനസ്സില്‍ കയറിയിട്ട് എത്ര കാലമായി എന്ന് കൃത്യമായി ഓര്‍മ്മയില്ല. വീട്ടുമുറ്റത്ത് പല മരങ്ങളും നട്ടപ്പോഴും ആ സമയത്തൊന്നും മനസ്സില്‍ വരാത്തതിനാലും മനസ്സില്‍ വന്നപ്പോള്‍ പെട്ടെന്ന് കിട്ടാത്തതിനാലും മാങ്കോസ്റ്റിന്‍ മനസ്സില്‍ തന്നെ വളര്‍ന്നു. ദിവസങ്ങള്‍ക്ക് മുമ്പ് എന്റെ വീട്ടിലും ഒരു മാങ്കോസ്റ്റിന്‍ മരം വേരുറപ്പിക്കാന്‍ ശ്രമം തുടങ്ങി.

            മൂത്തമകള്‍ ലുലുവിന്റെ ഇരുപത്തിയൊന്നാം ജന്മദിനമായിരുന്നു ആഗസ്ത് 17. എന്റെ നാല്പത്തിഒമ്പതാമത് ജന്മദിനം ആഗസ്ത് 6 നും. വിശേഷ ദിവസങ്ങളില്‍ തൈ നടുക എന്ന പതിവ്, കാലാവസ്ഥയിലെ വ്യതിയാനങ്ങള്‍ കാരണം മുടങ്ങി നില്‍ക്കുകയായിരുന്നു. കുഞ്ഞു മകന്റെ നാലാം ജന്മദിനം ഏപ്രില്‍ 15ന് സമാഗതമായപ്പോഴും തൈ നടാന്‍ സാധിച്ചിരുന്നില്ല. അതിനാല്‍ ഇത്തവണ മൂന്ന് തൈകള്‍ ഒരുമിച്ച് നടാന്‍ തീരുമാനിച്ചു. നഴ്സറിയില്‍ നിന്ന് ഒരു റമ്പൂട്ടാന്‍ തൈയും മാങ്കോസ്റ്റിന്‍ തൈയും വിയറ്റ്നാം സൂപ്പര്‍ ഏര്‍ളി പ്ലാവിന്‍ തൈയും വാങ്ങി.

                ലുലുവിന് മാങ്കോസ്റ്റിന്‍ വേണം എന്ന് പറഞ്ഞപ്പോള്‍ അവള്‍ക്ക് അത് തന്നെ നല്‍കി.മക്കള്‍ നാല് പേരും കൂടി ചേര്‍ന്ന് തൈ നട്ടു.  ഭാവിയില്‍ വേണമെങ്കില്‍ ചുറ്റും ഒരു തറ കെട്ടാന്‍ പാകത്തില്‍, മുറ്റത്തിന്റെ ഒരറ്റത്ത് മാങ്കോസ്റ്റിന്‍ ഇടം പിടിച്ചതോടെ എന്റെ മനസ്സിലെ മാങ്കോസ്റ്റിന്‍ മണ്ണിലും വേരോട്ടം തുടങ്ങി.

നാലാം വയസ്സിലേക്ക് പ്രവേശിച്ച ലിദു മോനായിരുന്നു അടുത്ത തൈ നട്ടത്. വിയറ്റ്നാം സൂപ്പര്‍ ഏര്‍ളി അവന്റെ കൈകളാല്‍ മണ്ണ് തൊട്ടു.

റമ്പൂട്ടാന്‍ പഴം എനിക്ക് അത്ര രുചികരമായി തോന്നിയിട്ടില്ല. പക്ഷേ പല വീട്ടുമുറ്റത്തും അത് കായ്ച്ചു നില്‍ക്കുന്നത് കാണുമ്പോള്‍ ഒരാകര്‍ഷണം തോന്നാറുണ്ട്. ഭാര്യയും റമ്പൂട്ടന്റെ കട്ട സപ്പോര്‍ട്ട് കാരിയാണ്. അങ്ങനെ എന്റെ ജന്മദിന മരമായി മുറ്റത്ത് റമ്പൂട്ടാനും ഇടം നേടി. അങ്ങനെ വീട്ടുമുറ്റത്തെ മരങ്ങളുടെ എണ്ണം ഇരുപത്തി ഒന്നായി. ഇനിയും നടാന്‍ ദൈവം അനുഗ്രഹിക്കട്ടെ.
           

7 comments:

Areekkodan | അരീക്കോടന്‍ said...

മുറ്റത്തിന്റെ ഒരറ്റത്ത് മാങ്കോസ്റ്റിന്‍ ഇടം പിടിച്ചതോടെ എന്റെ മനസ്സിലെ മാങ്കോസ്റ്റിന്‍ മണ്ണിലും വേരോട്ടം തുടങ്ങി.

മഹേഷ് മേനോൻ said...

മാങ്കോസ്റ്റിൻ വളർന്നു പന്തലിക്കട്ടെ, അതിനടിയിൽ ചാരുകസേരയിലിരുന്ന് ഇനിയും ഒരുപാട് ബ്ലോഗുകളെഴുതാൻ കഴിയട്ടെ :-)

Areekkodan | അരീക്കോടന്‍ said...

മഹേഷ്...നമുക്കെന്തും മോഹിക്കാമല്ലോ. ബ്ലോഗെഴുത്ത് തുടരും. ഈ ആഴ്ച ഒരു അമിട്ട് തന്നെ പൊട്ടിക്കണം എന്ന് കരുതുന്നു.

© Mubi said...

ആ മാങ്കോസ്റ്റിൻ വളർന്നിട്ട് വേണം നിക്കതിന്റെ ചോട്ടിലിരിക്കാൻ :) റംബുട്ടാൻ എനിക്ക് വല്യ ഇഷ്ടാണ്. നല്ലതല്ലേ?

Areekkodan | അരീക്കോടന്‍ said...

മുബീ...വലുതായിട്ട് വേണം എനിക്കും ബഷീറിന്റെ ആ സുഖം ഒന്നറിയാന്‍...റമ്പൂട്ടാന്‍ രസാണ്.

Muralee Mukundan , ബിലാത്തിപട്ടണം said...

ഇത് കൊള്ളാല്ലോ ...

Areekkodan | അരീക്കോടന്‍ said...

മുരളിയേട്ടാ...ജന്മദിന മരങ്ങൾ കൊണ്ടൂള്ള കാട്ടിനകത്തൊരു വീട്.അതാണ് സ്വപ്നം !!

Post a Comment

നന്ദി....വീണ്ടും വരിക