Pages

Friday, March 13, 2020

കാദറിന്റെ ചീഞ്ചട്ടി

 (മുന്നറിയിപ്പ് : ഈ കഥയിൽ നിങ്ങൾ ചുവന്ന അക്ഷരങ്ങൾ കാണുന്നുണ്ടെങ്കിൽ അവിടെ ക്ലിക്ക് ചെയ്താൽ തികച്ചും സൌജന്യമായി നിങ്ങൾക്ക് ഒരു കഥ കൂടി വായിക്കാവുന്നതാണ്.എല്ലാവർക്കും അത് കാണണം എന്നില്ല എന്ന് ഒന്ന് കൂടി ഓർമ്മിപ്പിക്കുന്നു)

             പത്താം ക്ലാസ് റിസൾട്ട് വന്നപ്പോൾ, 1970കളിലെ ഇന്ത്യാ - വെസ്റ്റിൻഡീസ് ക്രിക്കറ്റ് കളിയിലെ ഇന്ത്യൻ സ്കോർ ബോർഡ് പോലെയായിരുന്നു കാദറിന്റെ മാർക്ക് ലിസ്റ്റ്. കടല പൊതിയാൻ പോലും എടുക്കാത്ത ആ മാർക്ക് ലിസ്റ്റും കൊണ്ട് നടന്നാൽ ശരിയാവില്ല എന്ന ബോധോദയം കാരണം അറബിയുടെ ഡ്രൈവർ ആയി ഒരു കൈ നോക്കാം എന്ന് കാദർ തീരുമാനിച്ചു. ശരീരം എന്നും പത്ത് എ ക്ലാസിലാണെങ്കിലും മനസ്സ് അന്നും അറേബ്യയിലായിരുന്നതിനാൽ കാദർ, പാസ്പോർട്ട് നേരത്തെ തന്നെ എടുത്ത് വച്ചിരുന്നു. മെഡിക്കൽ സർട്ടിഫിക്കറ്റ് ലഭിക്കാൻ കണ്ണ്‌ പരിശോധന നിർബന്ധമായതിനാൽ കാദർ കോഴിക്കോട്ടേക്ക് ബസ് കയറി.
       
“ഗുഡ് മോണിംഗ് സർ...വെൽകം റ്റു വാസൻ ഐ ക്ലിനിക്ക്...” വാതിലിനടുത്ത് നിന്ന സ്ത്രീ മൊഴിഞ്ഞു.

“ആ നല്ല വാസനയുണ്ട്...ക്ലീനാക്കിക്കോളൂ...” മൂക്ക് പൊത്തിക്കൊണ്ട് കാദറും പറഞ്ഞു.

“മെ ഐ ഹെല്പ് യൂ സർ...?” വേറൊരു പെൺകുട്ടി വന്ന് മന്ദസ്മിതം തൂകി.

“ഏയ്...അത്ര പ്രയാസം ഒന്നുമില്ല...കണ്ണ് പരിശോധിക്കാൻ വന്നതാ...”

“ഓകെ സാർ...യൂ ഗൊ സ്ട്രൈറ്റ് , ടേൺ ലെഫ്റ്റ് ,ഫസ്റ്റ് ഡോർ റൈറ്റ്...”

“നീ പറഞ്ഞ് തരുന്നതിലും നല്ലത് പറയാതിരിക്കുന്നതാ....” ഇംഗ്ലീഷ് ദഹിക്കാത്ത കാദർ പറഞ്ഞു. അടയാളങ്ങൾ നോക്കി റൂം കണ്ടെത്തി കാ‍ദർ അകത്ത് പ്രവേശിച്ചു. ഡോക്ടറെന്ന് തോന്നിക്കുന്ന ഒരാളും ഒരു പെൺകുട്ടിയും ആയിരുന്നു റൂമിനകത്തുണ്ടായിരുന്നത്.

പെൺകുട്ടി കാദറിനോട് മുന്നിലെ കസേരയിൽ ഇരിക്കാൻ പറഞ്ഞു. ഗ്ലാസില്ലാത്ത ഒരു കണ്ണട ഫ്രെയിം ആ പെൺകുട്ടി കാദറിന്റെ മുഖത്ത് ഫിറ്റ് ചെയ്തു. നേരെ മുമ്പിൽ ചുമരിൽ തൂക്കിയിട്ടിരിക്കുന്ന ചാർട്ടിലെ ഒന്നാമത്തെ വരി വായിക്കാൻ ആവശ്യപ്പെട്ടു.

“അ....ആ....ഇ....ഈ......ഉ......ഊ......” ആദ്യാക്ഷരം ‘അ‘ ആണെന്ന് കണ്ടതോടെ കാദർ  കണ്ണടച്ച് തന്നെ ആ ലൈൻ ഫിനിഷാക്കി.

“ഇതിലേതാ ‘ഉ‘ ?” പെൺകുട്ടിയുടെ ചോദ്യം കാദറിനെ കുലുക്കിയില്ല.

“ഒരു വയസ്സൻ കുത്തി ഇരിക്കുന്ന പോലെയുള്ളത്....” കാദറിന്റെ ഉത്തരം അടുത്ത ചോദ്യത്തിൽ നിന്നും അവരെ പെട്ടെന്ന് വിലക്കി.

വലത്തെ കണ്ണിന് മുമ്പിൽ ഒരു മറ ഇട്ട് ഇടത്തെ കണ്ണിന് മുമ്പിൽ ഒരു ചില്ലിട്ട് അടുത്ത വരി വായിക്കാൻ പെൺകുട്ടി ആവശ്യപ്പെട്ടു.

“ഇത് കൊറ്ച്ച് കട്ടിയാ സിസ്റ്ററേ...” കാദർ നിസ്സഹായത അറിയിച്ചു.

സിസ്റ്റർ രണ്ട് ഫ്രെയിമിലും ഓരോ ഗ്ലാസിട്ട് ചാർട്ടിൽ കാണുന്നത് വായിക്കാൻ പറഞ്ഞു.

“ഇത് വായിക്കല്ലല്ലോ...ചിത്രം എന്താന്ന് പറയല്ലേ വേണ്ടത്?” കാദറിന്റെ ചോദ്യം കേട്ട് സിസ്റ്റർ തിരിഞ്ഞു നോക്കി.

“ഒന്നാമത്തെത് ചീഞ്ചട്ടി....”

“എന്ത് ???” സിസ്റ്റർ ഞെട്ടിപ്പോയി.

“ചീഞ്ചട്ടി എന്നാൽ മീൻ പൊരിക്കാനുള്ള ചട്ടി....പിടിക്കാൻ രണ്ട് കയ്യും തള്ളി നിൽക്കുന്ന വയറും കണ്ടില്ലേ...അടുക്കളേൽ എപ്പളെങ്കിലും ഒക്കെ കയറിയാലേ അതൊക്കെ പരിചയം ണ്ടാവൂ സിസ്റ്ററേ...” കാദർ പറഞ്ഞു.

“നല്ല വിവരമാണല്ലോ... ആ അക്ഷരമാണ് ഋ...” സിസ്റ്റർ ചിരിച്ചു കൊണ്ട് പറഞ്ഞു.

“ബ്‌ർ ന്നോ ? ഇന്റെ മലയാളം മാഷ് ഇങ്ങനെയൊരക്ഷരം പഠിപ്പിച്ചിട്ടില്ല....പഠിപ്പിക്കാത്ത അക്ഷരം ചോയ്ച്ചാൽ എങ്ങന്യാ വായിക്കാ....നിങ്ങളാ ജനല് തൊറക്കി...പൊറത്തെ ബോർഡ് മുഴുവൻ ഞാൻ വായിച്ച് തരാ...” കാദർ സിസ്റ്ററെ വെല്ലുവിളിച്ചു.

“ആ വായിച്ചോളൂ...” ജനൽ തുറന്നിട്ട് സിസ്റ്റർ പറഞ്ഞു.

“നേരെ കാണുന്നത് കേരളാ സ്റ്റേറ്റ് ബീവറെജസ് കോർപ്പറേഷൻ.....ശരിയല്ലേ?” ആദ്യത്തെ ബോർഡ് വായിച്ചു കൊടുത്ത് ചിരിച്ചുകൊണ്ട് കാദർ ചോദിച്ചു.

“ആ...ശരിയാ...” സിസ്റ്ററും സമ്മതിച്ചു.

“ആ ബസ്സിന്റെ ബോർഡിൽ എഴുതിയത് കോഴിക്കോട്.....തെറ്റിയില്ലല്ലോ?” റോഡിലൂടെ പോകുന്ന ബസ് കാണിച്ച് കാദർ വീണ്ടും ചോദിച്ചു.

“അതും ശരിയാ....”

“ആ കടയുടെ പേര്....സുറുമ ഫാൻസി...ശരിയാണോ സിസ്റ്റർ ?”

“അതും കറക്റ്റാ...”

“അപ്പം മനസ്സിലായില്ലേ...കാദറിന് കണ്ണ് കാണാഞ്ഞിട്ടല്ലാ...ഔട്ട് ഓഫ് സിലബസ് ചോദിച്ചതോണ്ടാ വായിക്കാൻ പറ്റാഞ്ഞത് ന്ന്...”

“എല്ലാം മനസ്സിലായേ...” ഷീട്ടെഴുതി കാദറിന് നൽകി ഡോക്റ്ററെ കാണിക്കാൻ ആംഗ്യം കാട്ടിക്കൊണ്ട് സിസ്റ്റർ പറഞ്ഞു.

“എന്നാലും നീ എസ്.എസ്.എൽ.സി. വരെ എത്തിയത് എങ്ങനെയാണെന്നാ ഞാൻ ആലോചിക്കുന്നത്...” കാഴ്ച പരിശോധനാ സർട്ടിഫിക്കറ്റിൽ ഒപ്പ് ചാർത്തി നൽകുമ്പോൾ ഡോക്ടറുടെ സംശയം അതായിരുന്നു.

40 comments:

Areekkodan | അരീക്കോടന്‍ said...

“ഒരു വയസ്സൻ കുത്തി ഇരിക്കുന്ന പോലെയുള്ളത്....” കാദറിന്റെ ഉത്തരം അടുത്ത ചോദ്യത്തിൽ നിന്നും അവരെ പെട്ടെന്ന് വിലക്കി.

Muralee Mukundan , ബിലാത്തിപട്ടണം said...

ഒരു കഥക്ക് ഒരു കഥ ഫ്രീ ..
കൊള്ളാമല്ലൊ ഈ ഖാദർ 

Areekkodan | അരീക്കോടന്‍ said...

മുരളിയേട്ടാ... കാദർ കഥകൾ തുടരും.

Cv Thankappan said...

പയ്യൻക്കഥകൾ പോലെ കാദർ കഥകളും തുടരട്ടേ!
ആശംസകൾ മാഷേ

Areekkodan | അരീക്കോടന്‍ said...

തങ്കപ്പേട്ടാ... നല്ല വാക്കുകൾക്ക് നന്ദി.

uttopian said...

അവസാനം പറയുന്നതൊക്കെ കാദർ നമ്പർ ഇറക്കുന്നതല്ലേ ?

ഞാനത്ഭുതപ്പെടുന്നത് ഇനിയും മാത്രം കഥകൾ ഇങ്ങള് എവിടുന്ന് ഉണ്ടാക്കുന്നു എന്നാ..

ആശംസകൾ.. prolific blogger I've seen recently.. ഏരിയകോഡിന് ഒരു അഭിമാനം ആണ് താങ്കൾ.

വീണ്ടും സന്ധിക്കുംവരൈ വണക്കം.

Areekkodan | അരീക്കോടന്‍ said...

ഉട്ടോപ്പിയാ... കാദറിൻ്റെ നമ്പർ തരാം .. വിളിക്കു...ആഴ്ചയിൽ രണ്ട് തവണയെങ്കിലും കാദറിൻ്റെ കൂടെ ഒന്നിരിക്കും.. പിന്നെ കഥക്ക് എങ്ങനെ പഞ്ഞമുണ്ടാകും?

Bipin said...

കാദറിനെ SSLC തോൽപ്പിച്ച ഈ വിദ്യാഭ്യാസ സിസ്റ്റം തകരണം.
എഴുത്ത് കൊള്ളാം

Areekkodan | അരീക്കോടന്‍ said...

ബിപിനേട്ടാ...പുതിയ വിദ്യാഭ്യാസ സിസ്റ്റം നല്ലതാണോ , അതോ നമ്മുടെ കാലത്തെ ജയിപ്പിക്കലും തോലിപ്പിക്കലും എല്ലാം ഉള്ള സിസ്റ്റമോ?

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

ആ ചീഞ്ചട്ടി കണ്ടപ്പോൾ കണ്ണ് തള്ളി..ഇത്രയും കാലം കഴിഞ്ഞിട്ടും ഇത് മനസ്സിലായില്ല ട്ടോ.. വായിച്ച് തീർന്നതറിഞ്ഞില്ല.. തീർച്ചയായും തുടരണം..

Areekkodan | അരീക്കോടന്‍ said...

മുഹമ്മദ് ക്കാ ... കാദറിൽ നിന്നാ ഞാനും അത് പഠിച്ചത്.

Shaheem Ayikar said...

വയസ്സൻ കുത്തി ഇരിക്കുന്ന പോലെയുള്ള ‘ഉ‘ , ചീഞ്ചട്ടി പോലെയുള്ള 'ഋ' … ഈ പ്രപഞ്ച സത്യം ഉറക്കെ ഈ ലോകത്തോട് വിളിച്ചു പറഞ്ഞ കാദർ ആണ് താരം … കഥകളിലെ നർമം കണ്ടെത്തി , അത് മനോഹരമായി വായക്കാരിലെത്തിക്കുന്ന അരീക്കോടന്‍ മാഷാണ് സൂപ്പർ താരം … ഇനിയും കൂടുതൽ കാദർ കഥകൾക്കായി കാത്തിരിക്കുന്നു , എന്റെ ആശംസകൾ. :)

Geetha said...

ഈ കാദർ ആള് കൊള്ളാല്ലോ

കല്ലോലിനി said...

അടിപൊളി ചീഞ്ചട്ടി.... കാദറും കൊള്ളാം കഥാകാരനും കൊള്ളാം. ഇപ്പോഴാണെങ്കിൽ ഇതൊന്നും വായിക്കണ്ടല്ലോ... താടിയും നെറ്റിയും ഇറുക്കി തുറിച്ചു നോക്കി ഇരുന്നാൽ പോരേ.... അല്ല കാദർ അതിനും കഥയുണ്ടാക്കും... 😀

Areekkodan | അരീക്കോടന്‍ said...

Shaheem... പ്രപഞ്ച സത്യങ്ങൾ തുറന്ന് പറയാൻ കാദറിനെ ഇനിയും കാണട്ടെ. നല്ല വാക്കുകൾക്ക് നന്ദി.

Areekkodan | അരീക്കോടന്‍ said...

ഗീതാജി.. നന്ദി.

കല്ലോലിനി... കുട്ടികൾ ആ ഇരുത്തം തുടങ്ങിയതോടെ ഇത്തരം ഉപമകൾ ഇല്ലാതായി.

കൊച്ചു ഗോവിന്ദൻ said...

കാദറിന്റെ കോൺഫിഡൻസ് വേറെ ലെവൽ ആണല്ലോ! ഹെവി!

Areekkodan | അരീക്കോടന്‍ said...

ഗോവിന്ദാ...കാദർ അന്നും ഇന്നും അങ്ങനെ തന്നെ !

മാധവൻ said...

മാഷേ..മാഷ് തീവ്ര വാദിയാ ട്ടാ..തീവ്ര വാദിππ
....@$#&% ചീഞ്ചട്ടി..കാദർ നെ വായിക്കാൻ വീണ്ടും വരാം.ട്ടാ കൊറേ വിട്ട് പോയ പോസ്റ്റുകൾ ഉണ്ട്.ഒക്കേം വായിക്കണം

രാജേശ്വരി said...

ചീഞ്ചട്ടി പോലുള്ള 'ഋ'😊

Areekkodan | അരീക്കോടന്‍ said...

മാധവാ...തീവ്രവാദിയും ആക്കി അല്ലേ?

Areekkodan | അരീക്കോടന്‍ said...

അൽമിത്ര...ഇപ്പഴാ ഋ എന്ന അക്ഷരത്തിന്റെ ആകാര ഭംഗി മനസ്സിലായത് അല്ലേ?

ഉദയപ്രഭന്‍ said...

കണ്ണ് പരിശോധന IQ TRST പോലെ ആയി ഹാ ഹാ ....

Areekkodan | അരീക്കോടന്‍ said...

ഉദയപ്രഭാ...കാദർ കേൾക്കണ്ട ആ ടെസ്റ്റ്.വെറും ഒമ്പതിനാ അന്ന് അവന് ടോപ്സ്കോറർ പട്ടം പോയത് എന്നാ അവൻ പറയാറ്‌.ടോപ്സ്കോറർ ആയ എനിക്ക് കിട്ടിയത് 982 ഉം അവന് കിട്ടിയത് 82ഉം !!

ഗൗരിനാഥന്‍ said...

ഹ ഹ.. ആ ചീഞ്ചട്ടി കലക്കി.. ബീവറേജ്ജ് ന്റെ പേരൊക്കെ പുല്ലായി വായിച്ച ഖാദറിനെ ആക്കാൻ വേണ്ടി മാത്രമല്ലേ ആ അക്ഷരം തന്നെ വയിപ്പിച്ചത്.. സത്യം പറ

Areekkodan | അരീക്കോടന്‍ said...

ഗൌരീ...വായിപ്പിച്ചത് ഞാനല്ലേ !!!

Punaluran(പുനലൂരാൻ) said...

ആ ചീഞ്ചട്ടി കലക്കി..ഒരു പാട് ചിരിച്ചു.. അഭിനന്ദനങ്ങൾ

എം.എസ്. രാജ്‌ | M S Raj said...

ചീഞ്ചട്ടി.. ആ അക്ഷരം കലക്കി. കാദർ റോക്സ്.

സമാന്തരൻ said...

നന്മകളാൽ സമൃദ്ധമായ നാട്ടിൻപുറങ്ങളിൽ ഇത്തരം കാദർമാരുണ്ട്. അവർ മറ്റുള്ളവെരെ ചിരിപ്പിച്ചും വെറുപ്പിച്ചും സങ്കടെപ്പെടുത്തിയും ഉള്ളു തുറന്ന് ജീവിച്ചു.

ഇന്നും കാദർമാരുണ്ട്. അവർ ഒപ്പം കൂട്ടാനാവാത്ത വിധം കുറവുകളുള്ളവരാകയാൽ സമൂഹത്തിൽ തല പൊക്കാതിരിക്കാൻ പരിഷ്കൃതരായവർ നന്നേ ശ്രമിക്കുന്നുണ്ട്

Areekkodan | അരീക്കോടന്‍ said...

പുനലൂരാൻ ചേട്ടാ...നന്ദി

രാജ്...ഇന്നേ വരെ ആരും പറയാത്ത സത്യം കാദർ അന്നേ കണ്ടെത്തിയിരുന്നു!!

Areekkodan | അരീക്കോടന്‍ said...

സമാന്തരാ...ഈ കാദറിന്റെ മുഴുവൻ കഥകളും എഴുതണം എന്നുണ്ട്. ശ്രമിക്കട്ടെ.

മഹേഷ് മേനോൻ said...

ഈ കാദർ വെറും കൂതറയല്ല അല്ലെ :-) എന്തായാലും ജീവിതത്തിൽ അത്യാവശ്യം വേണ്ട എല്ലാം വായിക്കാൻ പഠിച്ച കാദറിന് ഈ ടെസ്റ്റ് ഒക്കെ വെറും നിസ്സാരം.

നർമത്തിൽ ചാലിച്ച കിടിലൻ പോസ്റ്റ്

Areekkodan | അരീക്കോടന്‍ said...

മഹേഷ്...ലേറ്റാണെങ്കിലും വന്നതില്‍ സന്തോഷം.

ആനന്ദ് ശ്രീധരം said...

അല്ലെങ്കിലും ഔട്ട് ഓഫ് സിലബസ് ചോദിച്ചാൽ എങ്ങനെയാ ശരിയാവുക.. കണ്ണിന്ന് സിലബസ് ഇല്ലല്ലോ😂😂😂 .. രസകരം...

Areekkodan | അരീക്കോടന്‍ said...

ആനന്ദ് ... നന്ദി

സുധി അറയ്ക്കൽ said...

ഹാ ഹാ ഹാ. കൊള്ളാം.

സുധി അറയ്ക്കൽ said...

എന്നാ രസികൻ പോസ്റ്റാണ്. കാദറു സത്യത്തിൽ ഒള്ള ആൾ തന്നെയാണോ??

Areekkodan | അരീക്കോടന്‍ said...

ഹ ഹ ഹാ.. സുധീ, കാദർ എൻ്റെ പത്താം ക്ലാസ് മേറ്റ് ആണ്. ഫോട്ടോ അടക്കം ഒരു പോസ്റ്റ് ഞാൻ മുമ്പ് ഇട്ടിരുന്നു'

Soorya Mohan said...

ഹഹ.. ഈ കാദർ കൊള്ളാലോ 😄😄

Areekkodan | അരീക്കോടന്‍ said...

കാദർ കഥകൾ തുടരും.

Post a Comment

നന്ദി....വീണ്ടും വരിക