കാശ്മീർ ഫയൽസ് - 18 (Click & Read)
അതിരാവിലെ തന്നെ എല്ലാവരും എണീറ്റു. എല്ലാവരുടെ മുഖത്തും ഒരു മ്ലാനത നിഴലിട്ടിരുന്നു. സൂര്യനും ആർക്കോ വേണ്ടി ഉദിച്ച് വന്നപോലെ ഒരു നരച്ച വെളിച്ചം തൂകി.നാല് ദിവസമായി ഞങ്ങൾ പതിനൊന്ന് പേരെയും അവരുടെ കുടുംബാംഗങ്ങളായി സ്വീകരിച്ച ആ കുടുംബത്തോട് ഇന്ന് ഞങ്ങൾ യാത്ര പറയുകയാണ്. അവരിലാരെയും ഇനി ഈ ദുനിയാവിൽ വച്ച് നേരിട്ട് കണ്ട് മുട്ടുമോ എന്ന് നിശ്ചയമില്ല. എന്നും വൈകിട്ട് പാട്ട് പാടി രസിക്കുന്ന കുട്ടിക്കൂട്ടത്തിന് അന്ന് വൈകിട്ട് ഉണ്ടായേക്കാവുന്ന ശൂന്യത , പത്താം ക്ലാസുകാരി സായിമക്ക് നഷ്ടപ്പെടുന്ന അമൂല്യമായ കൂട്ടുകെട്ട് , ഞങ്ങളുടെ മക്കൾക്കുണ്ടാകുന്ന വിരഹവേദന എല്ലാം കൂടി ആലോചിച്ചപ്പോൾ ഒരു വെറും ടൂറിസ്റ്റ് മാത്രമായി വന്നാൽ മതിയായിരുന്നു എന്നൊരു തോന്നൽ മനസ്സിലുണ്ടാക്കി.
എല്ലാവരെയും കൂട്ടി ഒരു ഗ്രൂപ്പ് ഫോട്ടോ എടുക്കാൻ എല്ലാ ദിവസവും ആഗ്രഹിച്ചിരുന്നു. ബട്ട്, നടന്നില്ല. ഇന്നും നടന്നില്ലെങ്കിൽ ഈ ഭൂമിയിൽ വച്ച് അത് നടക്കില്ല എന്നതിനാൽ അവൈലബിൾ ആയ എല്ലാവരെയും തട്ടിക്കൂട്ടാൻ ഇഷ്ഫാഖിനെ ഏല്പിച്ചു. ഞങ്ങളോടൊപ്പം പഹൽഗാമിലേക്ക് വരുന്നു എന്ന് പറഞ്ഞ ഇഷ്ഫാഖ് ഒരു മുറിയൻ പാന്റും ടീഷർട്ടും ഇട്ട് എത്തി.
"തും ഖേത് മേം ജാതെ ഹോ.. യാ പഹൽഗാം ആതെ ഹോ?" അവന്റെ വേഷം കണ്ട് ഞാൻ ചോദിച്ചു. പതിവ് പോലെ അവനൊന്ന് വെളുക്കെ ചിരിച്ചു.
ഒരു കസേര വലിച്ചിട്ട് വല്യുമ്മയെ അതിൽ ഇരുത്തി. അൽപനേരം എല്ലാവരെയും ഒന്ന് നോക്കിയ ശേഷം അവർ കയ്യിലെ പ്ലാസ്റ്റിക് കവറിന്റെ വായ തുറന്നു. അതിൽ നിന്നും രണ്ടെണ്ണം എടുത്ത് ലിദുമോന്റെ നേരെ നീട്ടി. അത് വാങ്ങാൻ ഞാൻ അവനോട് പറഞ്ഞു. വീണ്ടും രണ്ടെണ്ണം എടുത്ത് ലൂന മോൾക്ക് നൽകി. അങ്ങനെ രണ്ടെണ്ണം വീതം ഞങ്ങൾക്കെല്ലാവർക്കും കിട്ടി. അവസാനമായി എന്റെ ഭാര്യ രണ്ടെണ്ണം വാങ്ങിയതോടെ ആ കവർ കാലിയായി ! ഈ നൂറാം വയസ്സിലും, ഞങ്ങളുടെ എണ്ണം കൃത്യമായെടുത്ത് രണ്ടെണ്ണം വീതം എല്ലാവർക്കും നൽകാൻ അവർ മന:ക്കണക്ക് കൂട്ടിയതിലായിരുന്നു എനിക്ക് ആശ്ചര്യം തോന്നിയത്. പൊട്ടിക്കാത്ത ഉണങ്ങിയ രണ്ട് വാൾനട്ട് കായകളായിരുന്നു അവർ ഞങ്ങൾക്ക് തന്ന സ്നേഹ സമ്മാനം.
3 comments:
ഒരു യാത്രയിൽ ഇത്തരം ഒരു വേർപാട് ജീവിത്തിൽ ആദ്യത്തെ അനുഭവമായിരുന്നു.
വായിക്കുന്നു
Echmu... നന്ദി....വീണ്ടും വരിക
Post a Comment
നന്ദി....വീണ്ടും വരിക