Part 9: ദാൽ തടാക തീരത്തെ പ്രഭാത നടത്തം
കാശ്മീരിലെ ഞങ്ങളുടെ മൂന്നാം ദിനമാണിന്ന്. ഇന്ന് കാഴ്ചകൾ കാണാൻ പോകുന്നത് ഗുൽമാർഗിലേക്കാണ്. ഇന്ന് എനിക്ക് മറ്റൊരു സന്തോഷം കൂടിയുണ്ട്. 2022 മെയ് മാസത്തിൽ കാശ്മീരിൽ വന്നപ്പോൾ ഞാനും കുടുംബവും താമസിച്ചിരുന്നത് എൻ്റെ സ്റ്റുഡൻ്റ് കൂടിയായ ഇഷ്ഫാഖിൻ്റെ വീട്ടിൽ ആയിരുന്നു. ശ്രീനഗറിൽ നിന്ന് ഗുൽമാർഗ്ഗിലേക്ക് പോകുന്ന വഴി ധ്രുരുവിൽ ആണ് അവൻ്റെ വീട്. ആ വീട്ടിൽ ഒരിക്കൽ കൂടി പോകാനും പ്രായമേറിയ അവൻ്റെ വല്യുമ്മയെയും മാതാപിതാക്കളെയും മറ്റു ബന്ധുക്കളെയും ഒരിക്കൽ കൂടി കാണാനും സാധിക്കും എന്ന പ്രതീക്ഷയിലാണ് ഞാൻ.
നേരത്തെ അറിയിച്ച പ്രകാരം വഴിയിൽ വെച്ച് ഇഷ്ഫാഖ് ഞങ്ങളുടെ ബസ്സിൽ കയറി. ഒന്നര വർഷത്തിന് ശേഷമുള്ള കണ്ടുമുട്ടലിൽ അവൻ അൽപം കൂടി സുമുഖനായി മാറിയിട്ടുണ്ട്. നിഷ്കളങ്കമായ ആ ചിരിയും നാണവും ഇപ്പോഴും വിട്ടു പോയിട്ടില്ല. അന്ന് ബാച്ചിലർ ആയിരുന്നവൻ ഇന്ന് വിവാഹിതനാണ് എന്നതാണ് പ്രധാന മാറ്റം. ബാപ്പയാകാൻ പോകുന്നു എന്ന സന്തോഷ വാർത്തയും അവനിൽ നിന്ന് അറിഞ്ഞു.
വിൻ്റർ സീസൺ ആയതിനാൽ ജാക്കറ്റ് വാടക കൂടും എന്നായിരുന്നു എൻ്റെ ധാരണ. പക്ഷെ 200 രൂപക്ക് ഇഷ്ഫാഖ് അത് സെറ്റാക്കി. ബട്ട്, ബസ് ജീവനക്കാർക്ക് മറ്റൊരു കടയോടായിരുന്നു താല്പര്യം. 250 രൂപ വാടക നൽകി, ഏകദേശം എല്ലാവരും അവനവന് യോജിച്ച ജാക്കറ്റുകൾ അവിടെ നിന്ന് സ്വന്തമാക്കി. മണ്ണും ചെളിയും പറ്റിപ്പിടിച്ച ജാക്കറ്റുകൾ ധരിച്ചതോടെ പലരും കോഴിക്കോട് കോർപ്പറേഷനിലെ ക്ലീനിംഗ് സ്റ്റാഫിനെ ഓർമ്മിപ്പിച്ചു. മഞ്ഞ് മലയിലേക്ക് ചെന്നിറങ്ങുന്ന, കേബിൾ കാറിൻ്റെ രണ്ടാം ഫേസിലേക്ക് ടിക്കറ്റെടുത്ത പാലാക്കാരൻ സണ്ണിച്ചായൻ, ധരിച്ച അതേ ഡ്രസ്സിൽ തന്നെ തുടർന്നത് ആശ്ചര്യമുളവാക്കി.
നാട്ടിൽ നിന്നും ഇഷ്ഫാഖിനായി കൊണ്ടുവന്ന സാധനങ്ങൾ ഞാൻ അവന് കൈമാറി. വൈകിട്ട് കാണാം എന്ന പ്രതീക്ഷയോടെ ഇഷ്ഫാഖിനോട് യാത്ര പറഞ്ഞ് ഞങ്ങൾ ഗുൽമാർഗ്ഗ് ലക്ഷ്യമാക്കി നീങ്ങി. വഴിയിൽ നിന്നും ചിലർ ബസ്സിൻ്റെ ഡോറിൽ കുരങ്ങൻമാരെപ്പോലെ അള്ളിപ്പിടിച്ച് കയറാൻ ശ്രമിക്കുന്നുണ്ടായിരുന്നു. ഗൈഡുകളാണ് അത് എന്ന് നിഖിൽ പറഞ്ഞു. ഗത്യന്തരമില്ലാതെ, 200 രൂപക്ക് ഫുൾ ടീമിനെ ഗൈഡ് ചെയ്യാൻ ഒരുത്തന് ഞങ്ങൾ അനുവാദം നൽകി. പാർക്കിംഗ് ഏരിയയിൽ എവിടെയോ അയാൾ ഞങ്ങളെ കൈവിടുകയും ചെയ്തു. കാശ് നൽകിയിരുന്നില്ല.
മുമ്പ് ഇവിടെ വന്നപ്പോൾ പൂക്കൾ പരവതാനി വിരിച്ച ഗുൽമാർഗ്ഗ് കാണാൻ നല്ല ഭംഗിയുണ്ടായിരുന്നു. പക്ഷെ, അന്ന് മഞ്ഞ് കാണാനും മഞ്ഞിൽ കളിക്കാനും ആയിരുന്നു ഏറെ കൊതിച്ചിരുന്നത്. കേബിൾ കാറിൽ കയറി മുകളിൽ എത്തിയാൽ മഞ്ഞ് കാണും എന്ന പ്രതീക്ഷയിൽ ജാക്കറ്റും ബൂട്ടും എല്ലാം അണിഞ്ഞായിരുന്നു അന്ന് ഫസ്റ്റ് ഫേസ് ആയ കൊങ്ങ്ദുരിയിൽ എത്തിയത്. പക്ഷെ മഞ്ഞ് കണ്ടില്ല. പകരം, ഗുൽമാർഗ്ഗിൻ്റെ Meadow of Flowers എന്ന അപരനാമം അക്ഷരാർത്ഥത്തിൽ ശരി വയ്ക്കുന്നതായിരുന്നു കാഴ്ചകൾ. ഇത്തവണ കേബിൾ കാറിൽ കയറാതെ തന്നെ മഞ്ഞ് കാണാം എന്നായിരുന്നു ഇഷ്ഫാഖ് പറഞ്ഞിരുന്നത്.
പാർക്കിംഗ് ഗ്രൗണ്ടിൽ നിന്ന് കേബിൾ കാർ സ്റ്റേഷൻ വരെ ഞങ്ങൾ പല സംഘങ്ങളായി നീങ്ങി. ടൂർ മാനേജർമാരെ ഞങ്ങളുടെ കൂടെ നടക്കാൻ സൊ കാൾഡ് ഗൈഡുകൾ സമ്മതിച്ചില്ല. വഴിയുടെ ഇരുവശങ്ങളിലും നിർമ്മിച്ച ഹട്ടുകളും പ്രകൃതി വാരിയെറിഞ്ഞ മഞ്ഞും ഗുൽമാർഗ്ഗിനെ കൂടുതൽ സുന്ദരിയാക്കി. പച്ചനിറത്തിലുള്ള ഹട്ടുകൾക്ക് മുന്നിൽ ചിതറിക്കിടക്കുന്ന തൂവെള്ള മഞ്ഞിൻ്റെ പശ്ചാത്തലത്തിലുള്ള മഞ്ഞക്കസേര വളരെ ഭംഗിയുള്ള ഒരു കാൻവാസ് ആയിരുന്നു. അതിൽ ഗം ബൂട്ടും ധരിച്ച് ഞാനിരുന്നതോടെ കസേര ജന്മസാഫല്യത്താൽ ധൃതംഗപുളകിതയായി.
സമയം നാട്ടിലെ നട്ടുച്ചയായി. റോട്ടിൽ വീണ മഞ്ഞ് അൽപാൽപമായി വെള്ളമായിത്തുടങ്ങിയിട്ടുണ്ട്. നടക്കുമ്പോൾ അപ്രതീക്ഷിതമായി വഴുതിപ്പോകുന്നതിൻ്റെ കാരണം അപ്പോഴാണ് പിടി കിട്ടിയത്. മഞ്ഞ് വീഴ്ചയുടെ ദൃശ്യഭംഗികൾ ആസ്വദിച്ച് ഞങ്ങൾ കേബിൾ കാർ ഓപ്പറേറ്റിംഗ് സെൻ്ററിൽ എത്തി. ഫസ്റ്റ് ഫേസിന് 800 രൂപയും സെക്കൻ്റ് ഫേസും കൂടി ഉണ്ടെങ്കിൽ 1800 രൂപയും ആയിരുന്നു ടിക്കറ്റ് നിരക്ക്. വിൻ്റർ സീസൺ ആയതിനാൽ ധാരാളം ടിക്കറ്റും ലഭ്യമായിരുന്നു. യാത്ര പുറപ്പെടുന്നതിന്ന് മുമ്പേ തന്നെ ഞാൻ ഓൺലൈനിൽ ടിക്കറ്റ് എടുത്തിരുന്നു.
തിരക്ക് കുറവായതിനാൽ ടിക്കറ്റ് സ്കാനിംഗ് പെട്ടെന്ന് കഴിഞ്ഞു.ഏഴ് വയസ്സ്കാരനായ ഒരു കുട്ടിക്ക് ടിക്കറ്റ് എടുത്തില്ല എന്ന കാരണത്താൽ ഞങ്ങളുടെ സംഘത്തിലെ ഒരാൾക്ക് പ്രവേശനം നിഷേധിച്ചു. ഓൺലൈനിൽ ടിക്കറ്റ് എടുക്കുമ്പോൾ, (പ്രത്യേകിച്ചും പീക്ക് സീസണിൽ ) പ്രായപരിധി കൃത്യമായി പാലിച്ചില്ലെങ്കിൽ യാത്ര മുടങ്ങിപ്പോകാൻ ഏറെ സാദ്ധ്യതയുണ്ട് എന്ന് ആ അനുഭവം ഞങ്ങളെ പഠിപ്പിച്ചു.
മുന്നിൽ വന്ന് നിന്ന ഒന്ന് രണ്ട് കാറുകൾ ഒഴിവാക്കിയ ശേഷം ഞാനും സത്യൻമാഷും ഒരു കാറിലേക്ക് ചാടിക്കയറി. പെട്ടെന്ന് കറൻ്റ് നിലക്കുകയും ചെയ്തു.
"ഞാനപ്പഴേ പറഞ്ഞതാ, വലതുകാൽ വച്ച് കയറണം ന്ന് ... " ഞാൻ സത്യൻ മാഷെ ഓർമ്മപ്പെടുത്തി.
"അത് ...... ചാടിക്കയറിയപ്പോൾ ഇടതും വലതും മാറിപ്പോയി.."
"സാരമില്ല... ഇപ്പം ശരിയാക്കി തരാം..... ആ വലിയ സ്പാൻ്റർ..... " ഞാൻ പറഞ്ഞ് തുടങ്ങിയതും കേബിൾ കാർ നീങ്ങാൻ തുടങ്ങി.
1 comments:
സാരമില്ല... ഇപ്പം ശരിയാക്കി തരാം..... ആ വലിയ സ്പാൻ്റർ..... " ഞാൻ പറഞ്ഞ് തുടങ്ങിയതും കേബിൾ കാർ നീങ്ങാൻ തുടങ്ങി
Post a Comment
നന്ദി....വീണ്ടും വരിക