2023 ൻ്റെ തുടക്കത്തിൽ, മലയാള സാഹിത്യരംഗത്ത് എനിക്കും ഒരു ചെറിയ സ്ഥാനം ഉണ്ട് എന്ന് തിരിച്ചറിഞ്ഞത് ഒരു അവാർഡിലൂടെയായിരുന്നു. കോട്ടയത്തുള്ള പരസ്പരം വായനക്കൂട്ടത്തിൻ്റെ കെ.എസ്. വിശ്വനാഥൻ സ്മാരക പുരസ്കാരം എൻ്റെ പ്രഥമ കഥാസമാഹാരമായ "അമ്മാവൻ്റെ കൂളിംഗ് എഫക്ടിന് " ലഭിച്ചപ്പോഴായിരുന്നു അത്. വർഷങ്ങളായി, മനസ്സിൽ തോന്നുന്നതെല്ലാം ബ്ലോഗിൽ കുറിച്ചിട്ട് "മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളുടെ " അധിപനായി വാഴുന്ന എനിക്ക് പ്രസ്തുത അവാർഡ് നൽകിയ പ്രചോദനം വളരെ വലുതായിരുന്നു.
2023 ൻ്റെ അവസാനം പരസ്പരം വായനക്കൂട്ടം അഖില കേരള അടിസ്ഥാനത്തിൽ നടത്തിയ അഞ്ചാമത് ഗോപി കൊടുങ്ങല്ലൂർ സ്മാരക കഥാ മത്സരത്തിലും ഒന്നാം സ്ഥാനം നേടിയതോടെ മേൽ പറഞ്ഞ അവാർഡിന് ഒരു അടിവര കൂടിയായി. സാഹിത്യ രംഗത്ത് എനിക്ക് ഇനിയും ശോഭിക്കാൻ സാധിക്കും എന്ന ആത്മവിശ്വാസവും ഈ വിജയം എന്നിലുണ്ടാക്കി.
സാഹിത്യ മേഖലയിൽ ഒരു ശുഭസൂചന നൽകിക്കൊണ്ട് 2024 ൻ്റെ തുടക്കവും ഇപ്പോൾ ഗംഭീരമായി.രണ്ട് വർഷം മുമ്പ് പേരക്ക നോവൽ പുരസ്കാരം നേടിയ ' ഓത്തുപള്ളി' എന്ന എൻ്റെ കൃതിക്ക് പരസ്പരം വായനക്കൂട്ടത്തിൻ്റെ തന്നെ ആൻഡ്രൂസ് മീനടം സ്മാരക അവാർഡും ലഭിച്ചു. ഇക്കഴിഞ്ഞ ശനിയാഴ്ച കോട്ടയം പബ്ലിക് ലൈബ്രറിയിൽ നടന്ന ചടങ്ങിൽ വച്ച് മഹാത്മാഗാന്ധി യൂണി: സിറ്റി സ്കൂൾ ഓഫ് ലെറ്റേഴ്സ് പ്രൊഫസർ ഡോ. അജു കെ നാരായണനിൽ നിന്ന് ഞാൻ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.
സാഹിത്യ - സാംസ്കാരിക രംഗത്ത് നിന്നുള്ള ആറാമത്തെ പുരസ്കാരമാണ് ഇപ്പോൾ എൻ്റെ ഷോകേസിലെത്തിയിരിക്കുന്നത് എന്നത് ഏറെ സന്തോഷം നൽകുന്നു.
2 comments:
ആറാം പുരസ്കാരം
മാഷാ അല്ലാഹ് 🥰
Post a Comment
നന്ദി....വീണ്ടും വരിക