പുറത്ത് വെയില് മുറുകും തോറും ട്രെയിനിനകത്ത് ഞങ്ങളുടെ ചർച്ചകളും മുറുകി. ജീവിതത്തിരക്കുകൾ മാറ്റിവെച്ച് ഓരോരുത്തരും ഈ ടൂറിന് ഇറങ്ങിപ്പുറപ്പെട്ട സാഹചര്യങ്ങൾ വിശദീകരിച്ചു. സർവ്വതന്ത്ര സ്വതന്ത്രനായി ഒരുങ്ങിപ്പുറപ്പെട്ടത് ഞാൻ മാത്രമേ ഉള്ളൂ എന്ന് ചർച്ചയിൽ നിന്നും മനസ്സിലായി. പന്ത്രണ്ട് ദിവസം കഴിയട്ടെ, ഇവർ ഇല്ലാത്തതോണ്ട് അവരുടെയൊക്കെ നാട്ടിലോ വീട്ടിലോ ഭൂമി കുലുക്കം ഉണ്ടായോ എന്ന് ചെക്ക് ചെയ്യാൻ ഞാനും തീരുമാനിച്ചു (ഒരു ചുക്കും സംഭവിച്ചില്ല).
പെട്ടെന്നാണ് അടുത്ത കാബിനിലെ രാമചന്ദ്രൻ മാസ്റ്റർ ഞങ്ങളുടെ ചർച്ചയിലേക്ക് കയറി വന്നത്. ഭാര്യയും റിട്ടയേർഡ് അധ്യാപികയുമായ മല്ലിക ടീച്ചറോടൊപ്പം കാശിയിലേക്കുള്ള യാത്രയിലായിരുന്നു രാമചന്ദ്രൻ മാസ്റ്റർ. ടീച്ചർ സ്വന്തം കാബിനിൽ വിശ്രമത്തിലായിരുന്നു.
"ഞാൻ ഹെഡ്മാസ്റ്ററായി ചാർജ്ജെടുത്ത ദിവസം.....'' മാഷ് പറഞ്ഞു തുടങ്ങി. ഞങ്ങൾ "പത്താം ക്ലാസ് കുട്ടികൾ" ആയതിനാൽ ശ്രദ്ധിച്ചിരുന്നു. നിന്ന് സംസാരിച്ചിരുന്ന മാഷിന് ആരോ ഒരു ചന്തി സ്ഥലം കൊടുത്തു.ചർച്ച ആവേശം കയറിയപ്പോൾ മാഷ് ഫുൾ സീറ്റിംഗായി .മെഹ്ബൂബ് സീറ്റിൻ്റെ അറ്റത്ത് നിന്നും തെറിച്ചു പോയത് ആരും കണ്ടതുമില്ല.
ചർച്ചക്കിടയിൽ ഏതോ ഒരു പാട്ട് എഴുതിയ ആളുടെ പേര് നുസൈബ പരാമർശിച്ചു. ഉടനെ രാമചന്ദ്രൻ മാഷ് പറഞ്ഞു.
"ഞാൻ ഹെഡ്മാസ്റ്ററായി ചാർജ്ജെടുത്ത ദിവസം.....''
'ഈ ലോകം ഉണ്ടായതും ഇയാൾ ഹെഡ്മാസ്റ്ററായി ചാർജ്ജെടുത്ത ദിവസം ആണെന്ന് ഇയാൾ പറയും' നാരായണൻ ആത്മഗതം ചെയ്തു.
ഞങ്ങൾ വീണ്ടും മറ്റൊരു വിഷയമെടുത്ത് ചർച്ച ആരംഭിച്ചു.
"ഞാൻ ഹെഡ്മാസ്റ്ററായി ചാർജ്ജെടുത്ത ദിവസം.....'' രാമചന്ദ്രൻ മാഷ് ആ ചർച്ചയിലേക്കും കയറാൻ തുടങ്ങി.
"ആബ്യേ... നമ്മളെ ഒരു ടീച്ചറുണ്ടായിരുന്നല്ലോ ..... ?" മാസ്റ്റർക്ക് ഒരു ബ്രേക്കിടാനായി നാരായണൻ ചോദിച്ചു.
"ആനി ടീച്ചർ... നുള്ളി നുള്ളി എൻ്റെ കയ്പലയിൽ രണ്ടാം വസൂരിക്കല ഉണ്ടാക്കിയ ടീച്ചർ " നുസൈബ ചാടിക്കയറി പറഞ്ഞു.
"അതല്ല... ഫൂമിയുടെ ഫാരം ഫൂഗുരുത്വത്തെ.... എന്ന് പറഞ്ഞിരുന്ന.... ഒരു പൂവിൻ്റെ പേരുള്ള ....."
"ലിസി ടീച്ചർ..."
നിശീധിനിയും ഫാത്തിമ കുട്ടിയും ഒരുമിച്ച് പറഞ്ഞു.
"പൂവിൻ്റെ പേരുള്ളത് എൻ്റെ ഭാര്യ.... മല്ലിക ടീച്ചർ ....." രാമചന്ദ്രൻ മാഷ് അവിടെയും ഇടപെട്ടു.
"ആഹ..... എന്നിട്ടെവിടെ.... മല്ലിക ടീച്ചറെ വിളിക്കൂ മാഷേ ...." മാഷെ എണീപ്പിക്കാനായി നാരായണൻ ഒരു തന്ത്രം പയറ്റി. ടീച്ചറെ വിളിക്കാനായി മാഷ് എണീറ്റു. മാഷ് പോയ ഉടൻ നാരായണൻ മുജീബിനെ പിടിച്ച് അവിടെ ഇരുത്തി. മാഷ് ടീച്ചറെയും വിളിച്ച് തിരിച്ചു വന്ന് സീറ്റിനടുത്ത് നിന്നു..
"നിനക്കറിയോ.... ഞാൻ ഹെഡ്മാസ്റ്ററായ ...." രാമചന്ദ്രൻ മാഷ് മല്ലിക ടീച്ചർക്ക് ഞങ്ങളെ പരിചയപ്പെടുത്താൻ തുടങ്ങി.
"1987 ലെ SSC ബാച്ചിലെ സഹപാഠികളാണ് ഞങ്ങൾ..." നാരായണൻ ഇടക്ക് കയറി പറഞ്ഞു.
"ആ... ഞാൻ ഇന്നലെ മുതൽ നിങ്ങളെ ശ്രദ്ധിയ്ക്കുന്നുണ്ടായിരുന്നു... എന്താ ഒരു പോസിറ്റീവ് എനർജി...." ടീച്ചർ മനസ്സിലുള്ളത് തുറന്നു പറഞ്ഞു.
"വാഹ് ... ടീച്ചറുടെ വീട് എവിടെയാ ? " ഞങ്ങൾക്കും ആവേശമായി.
"ഷൊർണ്ണൂർ ... ഞങ്ങൾ കാശിയിലേക്കാണ്.... ഉച്ചയോടെ നാസിക്കിൽ ഇറങ്ങും. തുടർ യാത്ര അവിടെ നിന്നുള്ളവരുടെ കൂടെയാണ് ... "
'ഹാവൂ.... "ഞാൻ ഹെഡ്മാസ്റ്ററായ സമയത്ത് " അപ്പോൾ ഉച്ചവരെ കേട്ടാൽ മതി' നാരായണൻ വീണ്ടും ആത്മഗതം ചെയ്തു.
"മുപ്പത്തിയേഴ് വർഷം മുമ്പുള്ള സൗഹൃദം ഇത്രയും നന്നായി നിലനിർത്തുന്ന നിങ്ങളുടെ ബാച്ച് ഒരു അത്ഭുതം തന്നെ...... " സൈക്കോളജിയിൽ ഡോക്ടറേറ്റ് എടുത്ത ടീച്ചർ പറഞ്ഞു. ശേഷം ഞങ്ങളുടെ കൂടെ ഏതാനും ചിയറിംഗ് ഫോട്ടോകൾ കൂടി എടുത്തു. ഉച്ചയോടെ അവർ ഞങ്ങളോട് വിട പറഞ്ഞു.
ചിരിച്ചും കളിച്ചും ഞങ്ങൾ യാത്ര തുടർന്നു. രാത്രിയായതോടെ കമ്പാർട്ട്മെൻ്റ് വീണ്ടും 'മോർച്ചറി' ആകാൻ തുടങ്ങി. മഹ്ബൂബ് കിടക്കുന്ന ബെർത്ത് ഞാൻ ഒന്ന് കൂടി ഉറപ്പ് വരുത്തി. ഒരു കാരണവശാലും മാറിക്കിടക്കരുത് എന്ന് ഞാൻ നിർദ്ദേശവും നൽകി. പാതിരാക്ക് മുജീബ് നിർബാധം മീൻ കച്ചവടം തുടർന്നു. ഗോവിയുടെ ഫാർഗോ ലോറിയുടെ കൂർക്കം വലിക്കൊപ്പം ഫൈസലിൻ്റെ ഡോൾബി ഡിജിറ്റൽ സൗണ്ട് ചുമയും കൂടി ആയപ്പോൾ എൻ്റെ ഉറക്കം ഇടതടവില്ലാതെ മുറിഞ്ഞു കൊണ്ടിരുന്നു.
മൂന്നാം ദിവസം പുലർന്നത് സിദ്ദീഖ് ഗ്രൂപ്പിൽ ഇട്ട ഫോട്ടോയുടെ "ഗ്ലും" ശബ്ദത്തോടെയാണ്. കോഴിക്കോട് നിന്നും വിമാനം കയറി ഡൽഹിയിൽ എത്തി പുലർച്ചെയോടെ ഹസ്രത്ത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷൻ പരിസരത്ത് എത്തിയതിൻ്റെ ഫോട്ടോ ആയിരുന്നു അത്. അടുത്തെവിടെയോ റൂമെടുത്ത് അവൻ സുഖമായുറങ്ങി.
ഉച്ചയോടെ ഞങ്ങളുടെ വണ്ടിയും ഹസ്രത്ത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിൽ എത്തി.
സിദ്ദീഖിൻ്റെ റൂമിൽ പോയി ഫ്രഷ് ആയ ശേഷം രാത്രി ഏഴ് മണി വരെ ഡൽഹിയിൽ കറങ്ങാം എന്നായിരുന്നു ഞങ്ങളുടെ പ്ലാൻ. ഡൽഹിയിലുള്ള എൻ്റെ മകൾക്ക് ചില സാധനങ്ങൾ കൈമാറാനുള്ളതിനാൽ, ഞങ്ങളെ അവിടെ നിർത്തി സംഘത്തിലെ സ്ത്രീകളെയും കൂട്ടി സിദ്ദീഖ് റൂമിലേക്ക് പോയി. പതിനഞ്ച് കിലോയോളം വരുന്ന ഈറ്റബിൾസ് പെട്ടി സ്റ്റേഷനിൽ എത്തിയ മോൾക്ക് ഞാൻ കൈമാറി.
ലഗേജുമായി മൂന്നാം നിലയിലുള്ള സിദ്ദീഖിൻ്റെ റൂമിലേക്ക് എത്തിപ്പെടാൻ ബുദ്ധിമുട്ടാണ് എന്ന് സിദ്ദീഖിൻ്റെ കൂടെ പോയവർ അറിയിച്ചതിനാൽ ഞങ്ങൾ എ സി വെയ്റ്റിംഗ് ഹാളിൽ കയറി ഫ്രഷാകാൻ തീരുമാനിച്ചു.രണ്ട് മണിക്കൂറിന് നാല്പത് രൂപയായിരുന്നു ചാർജ്ജ്.
നിശ്ചിത സമയത്തിനുള്ളിൽ തന്നെ എല്ലാവരും ഫ്രഷായി വസ്ത്രങ്ങൾ മാറി. റൂമിൽ പോയവരും പറഞ്ഞ സമയത്ത് തന്നെ സ്റ്റേഷനിൽ തിരിച്ചെത്തി.
ലഗേജുകൾ എല്ലാം ക്ലോക്ക് റൂമിൽ ഏൽപ്പിച്ച ശേഷം ഹസ്രത്ത് നിസാമുദ്ദീൻ ദർഗ്ഗയും ഹുമയൂൺ ടോംബും സന്ദർശിക്കാനായി ഞങ്ങളിറങ്ങുമ്പോൾ ഗോവിന്ദൻ്റെ ഫോണിലേക്ക് ഒരു എസ്.എം.എസ് വന്നു. സാധാരണ ഗതിയിൽ മെസേജ് നോക്കാത്ത അവൻ, അറിയാതെ അത് ഓപ്പൺ ചെയ്തു.
"ആബ്യേ.... ഇതാ അടുത്ത ട്രെയിനിനെപ്പറ്റിയുള്ള മെസേജ്... " വായിച്ചിട്ട് ഒന്നും തിരിയാത്തതിനാൽ ഫോൺ എൻ്റെ നേരെ നീട്ടി ഗോവിന്ദൻ പറഞ്ഞു.
മെസേജ് വായിച്ചതും ഞാൻ ഒന്ന് ഞെട്ടി. ഉറപ്പ് വരുത്താനായി ഞാൻ വീണ്ടും അത് വായിച്ചു. സംഗതി സത്യമാണ്!!
(തുടരും...)


1 comments:
അങ്ങനെ ഡൽഹിയിൽ എത്തി. അപ്പോഴാണ് അത് സംഭവിച്ചത്!
Post a Comment
നന്ദി....വീണ്ടും വരിക