എപിസോഡ് ഒന്ന് ....രണ്ട്.... മൂന്ന്
കായംകുളം സൂപ്പര്‍ഫാസ്റ്റ് എത്തിയതോടെ പന്തലിനകത്ത് ഒറിജിനല്‍ കായംകുളം സൂപ്പര്‍ഫാസ്റ്റ് വന്ന പോലെ ഉന്തും തള്ളും തിരക്കുമായി.ഞാന്‍ മെല്ലെ പന്തലിന് പുറത്തേക്ക് നീങ്ങി.
"ഉപ്പച്ചീ...അയാളെന്താ ഒരു പുട്ടുംകുറ്റി കഴുത്തില്‍ തൂക്കി നടക്കുന്നത്?" ഗേറ്റിനടുത്ത് ക്യാമറയും തൂക്കി നില്‍ക്കുന്ന ആളെ ചൂണ്ടി മോള് ചോദിച്ചു.ഞാന്‍ അങ്ങോട്ട് നോക്കി.
'ഓ...ഇതായിരിക്കും അന്ന് ഒരു പോസ്റ്റില്‍ കണ്ട കരിംകുറ്റി'.ആത്മഗതം ചെയ്തുകൊണ്ട് ഞാന്‍ അയാളുടെ അടുത്തെക്ക് നീങ്ങി.
"ഫോട്ടോ എടുക്കുകയാണോ ?" ഒന്ന് അടുക്കാനായി ഞാന്‍ ഒരു വെറും ചോദ്യമിട്ടു.
"അല്ല....മാങ്ങ പെറുക്കുകയാണ്..." ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
"ഒരു ചെറിയ സംശയം കൂടി ?"
"ഓ ചോദിച്ചോളൂ....ചേട്ടന്റെ പേര്..?"
"ഓ..അതായിരുന്നോ...ഞാന്‍ ഹരീഷ് തൊടുപുഴ...."
"ഓകെ.ഞാന്‍ അരീക്കോടന്‍...സംശയം അതല്ല...."
"പിന്നെ...??"
"താങ്കള്‍ മൂത്രമൊഴിക്കുന്നത് മേലോട്ടോ താഴോട്ടോ...?ആകെ നനഞ്ഞു കുതിര്‍ന്ന്..."
പുട്ടുംകുറ്റി എടുത്ത് വീശുന്നതിന് മുമ്പേ ഞാന്‍ ഓടി രക്ഷപ്പെട്ടു.
ഓട്ടത്തിനിടയില്‍ ചെറിയ ഒരു ശങ്ക തോന്നിയതിനാല്‍ ഞാന്‍ നേരെ റിസോര്‍ട്ടിലേക്ക് കയറി.അവിടെ സ്ത്രീജനങ്ങളുടെ നടുവില്‍ കല്യാണരാമനായി വാഴക്കോടന്‍.ശങ്കയെ കാറ്റില്‍ പറത്തി(!) ഞാന്‍ അങ്ങോട്ട് കയറിച്ചെന്നു.
"വാഴേ...ഒരു മിനുട്ട്...ഒന്ന് പരിചയപ്പെടട്ടെ....ഞാന്‍ അരീക്കോടന്‍.." സ്ത്രീജനങ്ങളുടെ നേരെ തിരിഞ്ഞ് ഞാന്‍ പറഞ്ഞു.
"ഓ...വായിച്ചിട്ടുണ്ട്.." കൂട്ടത്തില്‍ ഏറ്റവും പ്രായം തോന്നിക്കുന്ന ചേച്ചി പറഞ്ഞു.
"ആ..ചേച്ചിയുടെ പേര്?" ഒരു പിടിവള്ളി കിട്ടിയ ഞാന്‍ അടുത്ത ചോദ്യമിട്ടു.
"കീബോഡ് എടുത്തു കാണിക്കൂ ചേച്ചി..." ഉത്തരം വന്നത് വാഴയുടെ വായില്‍ നിന്നായിരുന്നു.
"ഓ...എഴുത്തുകാരി ചേച്ചി..."ഞാന്‍ പറഞ്ഞു.
"അല്ലാ.....ഇന്നും ബസ് മാറി കയറി അല്ലേ?" വാഴക്കോടന്‍ വെറുതേ ഒന്ന് തട്ടി നോക്കി.
"ആ..അതെങ്ങിനെ അറിഞ്ഞു?ഞാനത് രഹസ്യമാക്കി ഒരു പോസ്റ്റാക്കാനുള്ള ആലോചനയിലായിരുന്നു.."
"ഹ...ഹാ...കാള വാലു പൊക്കുന്നത് കണ്ടാലറിയില്ലേ അത് രണ്ടിനാണെന്ന്..." ചേച്ചി അന്തം വിട്ടു നില്‍ക്കുന്നതിനിടെ വാഴ തുടര്‍ന്നു.
" മുന്നില്‍ വന്ന് നില്‍ക്കുന്ന ബസില്‍ ചാടിയങ്ങ് കയറരുത് ചേച്ചീ....മുഖത്തുള്ള ആ ഭൂതക്കണ്ണാടിയിലൂടെ ഒന്ന് നോക്കാ....പിന്നെ ഒരു നിമിഷം അനലൈസേഷന്‍ നടത്താ...ഇവന്‍ അമ്പത് പൈസ തിരിച്ചു തരോ അതല്ല അമ്പത് പൈസ പിരിച്ചു തരോ...അപ്പോഴേക്കും ആ ബസ് പോയി എങ്ങോട്ടോ പോകുന്ന അടുത്ത ബസ് വന്നിട്ടുണ്ടാവും...അതിലങ്ങ് ഓടിക്കയറി സുന്ദരമായി ചാടിയിറങ്ങാ...ആ അമ്പത് പൈസ കേസങ്ങ് വിട്ടാല്‍ ഈ പുകിലൊന്നും ഉണ്ടാവൂലല്ലോ.."
വാഴയുടെ കത്തിയില്‍ അവസരം കിട്ടാതെ മസില്‍ നൊന്ത് ഞാന്‍ വീണ്ടും പന്തലിനടുത്തേക്ക് നീങ്ങി.
"ആബിദ്ക്കാ.....അറിയോ?" ഒരു തൊപ്പിക്കാരന്‍ എന്നെ ചുറ്റിപ്പിടിച്ച് കോഴിക്കോടന്‍ സ്റ്റൈലില്‍ ചോദിച്ചു.
"അറിയാതെ പിന്നെ.."ഞാന്‍ വെറുതെ തട്ടി വിട്ടു.
"ങാ....ആരാ എന്ന് പറയൂ?"
ആ ചോദ്യം പ്രതീക്ഷിക്കാത്തതിനാല്‍ ഞാന്‍ ശരിക്കും ഞെട്ടി.സംഗതി പുറത്തറിയിക്കാതെ ഞാന്‍ പറഞ്ഞു."ഗഫൂര്‍ ക ദോസ്ത്!!!"
"ങേ.... ഗഫൂര്‍ ക ദോസ്തോ?"
"അതേന്ന്....മൂന്നാം ക്ലാസ്സിലെ നാലാം ബെഞ്ചില്‍ അഞ്ചാമതായിരുന്ന ആറാം നമ്പറുകാരന്‍ ഗഫൂറിനെ ഓര്‍മ്മയില്ലേ?" ഞാന്‍ വെറുതേ ഒന്നു കൂടി തട്ടി നോക്കി.
ആഗതന്‍ തലചുറ്റി വീഴുന്നതിന് മുമ്പ് ഇത്രമാത്രം പറഞ്ഞു
"ആറാം നമ്പറും മണ്ണാങ്കട്ടയൊന്നും എനിക്കോര്‍മ്മയില്ല...ഞാന്‍ രസികന്‍..."
"ആ...അത് തന്നെ ഗഫൂര്‍ ക ദോസ്ത് രസികന്‍..."
രസികന്‍ മൂന്നും നാലും അഞ്ചും ആറും കൂട്ടിക്കിഴിക്കുമ്പോള്‍ ഞാന്‍ അടുത്ത ഇരയെ തേടി നടന്നു.
അല്‍പം മുമ്പൊരു പുട്ടുംകുറ്റി....അതിനും കുറച്ചു മുമ്പ് ഒരു തോന്ന്യാസി....ഇപ്പോഴിതാ മുന്നില്‍ പൊക്കം കുറഞ്ഞ ഒരാള്‍ കൂടി.ഉയരം കുറവാണെങ്കിലും കൊച്ചിന്‍ റിഫൈനറിയുടെ പുകക്കുഴലില്‍ നിന്നുമെന്നപോലെ അയാളുടെ മൂക്കിലൂടെ പുക വന്നു കൊണ്ടിരുന്നു.
"ഹലോ.....ഫയര്‍ഫോഴ്സിനെ വിളിക്കണോ?"
"ഹി ഹി ഹീ..എന്താ ...എന്തു പറ്റി?" മനസ്സിലാകാതെ അയാള്‍ ചോദിച്ചു.
"താങ്കളുടെ മൂക്കിലൂടെ പുക..."
"ഹി ഹി ഹീ..അത് വിശന്നിട്ട് കുടല് കത്തുന്നതാ.....അതിന് വയര്‍ഫോഴ്സിനെയാ വിളിക്കേണ്ടത്...ഹി ഹി ഹീ.."
"ഈ ഹി ഹി ഹീ....ട്രേഡ്‌മാര്‍ക്കാണല്ലേ?പേര്?"
"ഹി ഹി ഹീ..ചാണക്യന്‍..നിങ്ങള്‍?"
"ഞാന്‍ ഹ ഹ ഹാ അരീക്കോടന്‍..." ഒട്ടും കുറയേണ്ട എന്ന് കരുതി ഞാനും വീശി.
'ഹോ...ഇനിയും എത്ര പേര്‍?ഒന്ന് വിശമിച്ചിട്ടാവാം ഇനിയുള്ള പരിചയപ്പെടല്‍'
