Pages

Thursday, August 18, 2022

വെൽകം ടു പഹൽഗാം (കാശ്മീർ ഫയൽസ് - 20)

കാശ്മീർ ഫയൽസ് - 19 (Click & Read)

പഹൽഗാമിലേക്കുള്ള യാത്രയിൽ കുടുംബം മുഴുവൻ വേർപിരിയലിന്റെ ഹാങ്ങ് ഓവറിലായിരുന്നു . ഇഷ്ഫാഖ് വണ്ടിയിൽ ഉള്ളതിനാൽ എനിക്കത് അത്രയധികം ഫീലായില്ല. ശ്രീനഗർ നഗരപരിധിയും കഴിഞ്ഞ് വണ്ടി മെല്ലെ മെല്ലെ നീങ്ങികൊണ്ടിരിക്കുകയാണ്. പുറത്തേക്ക് വെറുതെ ഒന്ന് നോക്കിയപ്പോഴാണ് കടകളുടെ ബോർഡിൽ അനന്ത്നാഗ് എന്ന് കണ്ടത്. മനസ്സ് പെട്ടെന്ന് കുട്ടിക്കാലത്ത് കേട്ട ഡെൽഹി റിലേ റേഡിയോ വാർത്തയിലേക്ക് ഓടിക്കയറി.

"ആകാശവാണി ... വാർത്തകൾ വായിക്കുന്നത് ഗോപൻ ... ജമ്മു കാശ്മീരിലെ അനന്ത്നാഗിൽ ഭീകരാക്രമണത്തിൽ ആറ് സൈനികർക്ക് വീര മൃത്യു .....". ഇന്ന് അമ്പതാം വയസ്സിൽ ഞാൻ എത്തി നിൽക്കുമ്പോഴും സ്ഥിതിഗതികൾ വ്യത്യസ്തമല്ല എന്ന് റോഡിൽ കാണുന്ന സൈനിക വ്യൂഹം വിളിച്ച് പറയുന്നു.

" ഇഷ്ഫാഖ് ...ഇത്ന ആർമി ലോഗ് ക്യോം ഹെ യഹാം ...?"

"സർ... യെ അനന്ത്നാഗ് ഹെ... സുനാ ഹെ ന പുൽവാമ... നസ്ദീഖ് ഹെ..."

മൂന്ന് വർഷം മുമ്പ് നാൽപതിലധികം സൈനികരുടെ മരണത്തിന് കാരണമായ ഭീകരാക്രമണം നടന്ന സ്ഥലമാണ് പുൽവാമ. അതിനടുത്തുള്ള പ്രധാന പട്ടണമെന്ന നിലക്ക് സൈനികർ സദാ ജാഗരൂകരായിരിക്കുന്ന സ്ഥലമാണ് അനന്ത്നാഗ് .

"വെൽകം ടു പഹൽഗാം - ദ വാലി ഓഫ് ഷെഫേർഡ്സ് " എന്ന മതിലെഴുത്ത് കണ്ടപ്പോൾ സമാധാനമായി. താമസിയാതെ ഝലം നദിയുടെ പോഷക നദിയായ  ലിഡ്ഡർ നദി ഒരു ഭാഗത്ത് പ്രത്യക്ഷപ്പെട്ടു. കാശ്മീർ മേഖലയിലെ ഏറ്റവും മനോഹരമായ ഒരു താഴ് വാരത്തിലൂടെയാണ് ഇപ്പോൾ ഞങ്ങൾ യാത്ര ചെയ്ത് കൊണ്ടിരിക്കുന്നത്. പച്ച പുതച്ച് നിൽക്കുന്ന കുന്നുകളും പൈൻ മരങ്ങളും ദേവദാരു മരങ്ങളും ആപ്പിൾ തോട്ടങ്ങളും ഡെയ്സി പൂക്കൾ നിറഞ്ഞ് നിൽക്കുന്ന പുൽമേടുകളും മഞ്ഞ് പുതച്ച മലകളും വെള്ളി നിറത്തിലുള്ള ലിഡർ നദിയും കൂടി സൃഷ്ടിച്ചെടുക്കുന്ന പ്രകൃതിയുടെ നിറക്കൂട്ട് സഞ്ചാരികളുടെ മനസ്സിൽ പഹൽഗാമിനോട് പെട്ടെന്ന് പ്രണയം ജനിപ്പിക്കും. പൈൻ മരങ്ങൾക്കിടയിൽ ചുറ്റിത്തിരിഞ്ഞെത്തുന്ന മഞ്ഞ് കാറ്റും മഞ്ഞുരുകി ഒലിച്ചിറങ്ങി വരുന്ന ലിഡർ നദിയുടെ തണുപ്പും കൂടി മനസ്സിനെ ഉത്തേജിപിപ്പിക്കും.

 ശ്രീനഗറിൽ നിന്നും 90 കിലോമീറ്റർ ദൂരമാണ് പഹൽഗാമിലേക്കുള്ളത്. ലിഡ്ഡർ നദിയ്ക്കു കുറുകെയുള്ള വലിയ ഇരുമ്പുപാലം പിന്നിട്ട് ഞങ്ങൾ പഹൽഗാം എന്ന മലയോര പട്ടണത്തിന്റെ കവാടം കടന്നു.പഹൽഗാം ഡെവലപ്മെന്റ് അതോറിറ്റിയ്ക്കാണ് ടൂറിസത്തിന്റെ ചുമതല. 

ആഗസ്ത്- സെപ്റ്റംബർ മാസങ്ങളിലെ ആപ്പിൾ വിളവെടുപ്പുകാലമാണ് പഹൽഗാമിനെ ശരിക്കും ജീവൻ വയ്പ്പിക്കുന്നത്.ആരുവാലി, ബേട്ടാബ് വാലി,ബായ് സരൺ വാലി, ലിഡ്ഡർ നദി, തുളിയൻ ലേക്ക്, ചന്ദൻവാരി ഇവയൊക്കെയാണ് പഹൽഗാമിലെ പ്രധാന ആകർഷണകേന്ദ്രങ്ങൾ.

പഹൽഗാമിലെ പ്രധാനപ്പെട്ട സ്ഥലങ്ങളിലേക്ക് കുതിര സവാരി തുടങ്ങുന്ന സ്ഥലത്താണ് ഇഷ്ഫാഖ് വണ്ടി നിർത്തിയത്. ഞങ്ങൾ പുറത്തിറങ്ങിയതും പലരും ചുറ്റും കൂടി. അവിടെ സ്ഥാപിച്ച ഒരു ബോർഡ് ചൂണ്ടിക്കാട്ടി സ്ഥലങ്ങളെപ്പറ്റി വിവരിച്ചു. ശേഷം അതിൽ തന്നെ പ്രിന്റ് ചെയ്ത് വച്ച സവാരിക്കുള്ള "ഗവ. റേറ്റും " ബോദ്ധ്യപ്പെടുത്തി. പക്ഷെ ഞങ്ങൾക്ക് ഓരോരുത്തർക്കും 500 രൂപ അതിൽ നിന്നും കുറച്ച് തരും പോലും ! അങ്ങനെ ഒരു കുതിരക്ക് 2000 രൂപ മാത്രം നൽകിയാൽ മതി എന്ന്!!

സമയക്കുറവും  മലകയറുവാനുള്ള പ്രയാസവും കാരണം സഞ്ചാരികൾ പലരും കുതിര സവാരിക്ക് മുതിരും. പക്ഷെ ഉരുളൻ കല്ലുകളും കയറ്റിറക്കങ്ങളും നിറഞ്ഞ വഴിയിലൂടെ അതത്ര എളുപ്പമല്ല എന്നത് പിന്നീടാണ് ബോധ്യം വരുക. പറഞ്ഞ് പറഞ്ഞ് ഒരാൾക്ക് 1250 രൂപ വരെ എന്ന റേറ്റിൽ കുതിരക്കാർ എത്തിയെങ്കിലും ആ ബോർഡിൽ കണ്ട ഏറ്റവും അടുത്തുള്ള ഒരു കേന്ദ്രത്തിലേക്ക് ഗൂഗിൾ മാപ്പിട്ട് നടന്ന് കയറാൻ ഞങ്ങൾ തീരുമാനിച്ചു. അങ്ങനെ കുതിരകളെ പിൻ പറ്റി ഞങ്ങളും നടത്തം ആരംഭിച്ചു.

Saturday, August 13, 2022

വേർപിരിയലിന്റെ വേദന (കാശ്മീർ ഫയൽസ് - 19 )

കാശ്മീർ ഫയൽസ് - 18  (Click & Read)

അതിരാവിലെ തന്നെ എല്ലാവരും എണീറ്റു. എല്ലാവരുടെ മുഖത്തും ഒരു മ്ലാനത നിഴലിട്ടിരുന്നു. സൂര്യനും ആർക്കോ വേണ്ടി ഉദിച്ച് വന്നപോലെ ഒരു നരച്ച വെളിച്ചം തൂകി.നാല് ദിവസമായി ഞങ്ങൾ പതിനൊന്ന് പേരെയും അവരുടെ കുടുംബാംഗങ്ങളായി സ്വീകരിച്ച ആ കുടുംബത്തോട് ഇന്ന് ഞങ്ങൾ യാത്ര പറയുകയാണ്. അവരിലാരെയും ഇനി ഈ ദുനിയാവിൽ വച്ച് നേരിട്ട് കണ്ട് മുട്ടുമോ എന്ന് നിശ്ചയമില്ല. എന്നും വൈകിട്ട് പാട്ട് പാടി രസിക്കുന്ന കുട്ടിക്കൂട്ടത്തിന്  അന്ന് വൈകിട്ട് ഉണ്ടായേക്കാവുന്ന ശൂന്യത , പത്താം ക്ലാസുകാരി സായിമക്ക് നഷ്ടപ്പെടുന്ന അമൂല്യമായ കൂട്ടുകെട്ട് , ഞങ്ങളുടെ മക്കൾക്കുണ്ടാകുന്ന വിരഹവേദന എല്ലാം കൂടി ആലോചിച്ചപ്പോൾ ഒരു വെറും ടൂറിസ്റ്റ് മാത്രമായി വന്നാൽ മതിയായിരുന്നു എന്നൊരു തോന്നൽ മനസ്സിലുണ്ടാക്കി.

എല്ലാവരെയും കൂട്ടി ഒരു ഗ്രൂപ്പ് ഫോട്ടോ എടുക്കാൻ എല്ലാ ദിവസവും ആഗ്രഹിച്ചിരുന്നു. ബട്ട്, നടന്നില്ല. ഇന്നും നടന്നില്ലെങ്കിൽ ഈ ഭൂമിയിൽ വച്ച് അത് നടക്കില്ല എന്നതിനാൽ അവൈലബിൾ ആയ എല്ലാവരെയും തട്ടിക്കൂട്ടാൻ ഇഷ്ഫാഖിനെ ഏല്പിച്ചു. ഞങ്ങളോടൊപ്പം പഹൽഗാമിലേക്ക് വരുന്നു എന്ന് പറഞ്ഞ ഇഷ്ഫാഖ് ഒരു മുറിയൻ പാന്റും ടീഷർട്ടും ഇട്ട് എത്തി.

"തും ഖേത് മേം ജാതെ ഹോ.. യാ പഹൽഗാം ആതെ ഹോ?" അവന്റെ വേഷം കണ്ട് ഞാൻ ചോദിച്ചു. പതിവ് പോലെ അവനൊന്ന് വെളുക്കെ ചിരിച്ചു.

അപ്പോഴാണ് വടിയും കുത്തി മെല്ലെ മെല്ലെ നടന്ന് വരുന്ന ഇഷ്ഫാഖിന്റെ വല്ല്യുമ്മയെ കണ്ടത്. നീര് വന്ന കാലും ഏച്ച് വലിച്ച് കഴിഞ്ഞ നാല് ദിവസങ്ങളിലും അവർ ഞങ്ങളെ കാണാൻ വന്നിരുന്നു. നൂറ് പൂർണ്ണ ചന്ദ്രൻമാരെ കണ്ട് കഴിഞ്ഞ അവർ ഇനി ഞങ്ങളെ കാണില്ല എന്നത് തീർച്ചയാണ്.കയ്യിൽ ഒരു ചെറിയ പ്ലാസ്റ്റിക് കവറുമായിട്ടായിരുന്നു അവർ വന്നത്. ഇഷ്ഫാഖിനോട് കാശ്മീരിയിൽ അവർ എന്തൊക്കെയോ വിളിച്ച് പറയുന്നുണ്ടായിരുന്നു. ഞങ്ങൾക്ക് വാൾനട്ട് സംഘടിപ്പിച്ച് തരാൻ ഇഷ്ഫാഖിനോട് നിർദ്ദേശിക്കുകയാണ് എന്ന് അവൻ പരിഭാഷപ്പെടുത്തിത്തന്നു. 

ഒരു കസേര വലിച്ചിട്ട് വല്യുമ്മയെ അതിൽ ഇരുത്തി. അൽപനേരം എല്ലാവരെയും ഒന്ന് നോക്കിയ ശേഷം അവർ കയ്യിലെ പ്ലാസ്റ്റിക് കവറിന്റെ വായ തുറന്നു. അതിൽ നിന്നും രണ്ടെണ്ണം എടുത്ത് ലിദുമോന്റെ നേരെ നീട്ടി. അത് വാങ്ങാൻ ഞാൻ അവനോട് പറഞ്ഞു. വീണ്ടും രണ്ടെണ്ണം എടുത്ത് ലൂന മോൾക്ക് നൽകി. അങ്ങനെ രണ്ടെണ്ണം വീതം ഞങ്ങൾക്കെല്ലാവർക്കും കിട്ടി. അവസാനമായി എന്റെ ഭാര്യ രണ്ടെണ്ണം വാങ്ങിയതോടെ ആ കവർ കാലിയായി ! ഈ നൂറാം വയസ്സിലും, ഞങ്ങളുടെ എണ്ണം കൃത്യമായെടുത്ത് രണ്ടെണ്ണം വീതം എല്ലാവർക്കും നൽകാൻ അവർ മന:ക്കണക്ക് കൂട്ടിയതിലായിരുന്നു എനിക്ക് ആശ്ചര്യം തോന്നിയത്. പൊട്ടിക്കാത്ത ഉണങ്ങിയ രണ്ട് വാൾനട്ട് കായകളായിരുന്നു അവർ ഞങ്ങൾക്ക് തന്ന സ്നേഹ സമ്മാനം.

നാല് ദിവസമായി ഞങ്ങളെ ഹൃദയത്തിൽ കൊണ്ടിരുത്തിയ ഇഷ്ഫാഖിന്റെ കുടുംബത്തോടൊപ്പം നിന്ന് ഞങ്ങൾ നിരവധി ഫോട്ടോകൾ എടുത്തു. അതിലും എത്രയോ ഏറെ തവണ അത് മനസ്സിൽ പതിഞ്ഞതായതിനാൽ ഒരു ഫോട്ടോക്കും പെർഫക്ഷൻ തോന്നിയില്ല. മക്കളും ഭാര്യയും എല്ലാവരെയും കെട്ടിപ്പിടിച്ച് യാത്ര പറയുന്ന രംഗം ക്യാമറയിൽ പകർത്താൻ മനസ്സനുവദിച്ചതുമില്ല. മുഴുവൻ കുടുംബാംഗങ്ങളെയും കേരളത്തിലേക്ക് ഹൃദ്യമായി സ്വാഗതം ചെയ്തു കൊണ്ട് നിറകണ്ണുകളോടെ ഞങ്ങൾ വാഹനത്തിലേക്ക് കയറി. വണ്ടി കൺ മുന്നിൽ നിന്ന് മറയുന്നത് വരെ സായിമ കൈവീശി യാത്ര പറഞ്ഞു.
ഒരു യാത്രയിൽ ഇത്തരം ഒരു വേർപാട് ജീവിത്തിൽ ആദ്യത്തെ അനുഭവമായിരുന്നു.

(തുടരും...)


Wednesday, August 10, 2022

ജന്നത്തിലെ മുള്ളുകൾ (കാശ്മീർ ഫയൽസ് - 18)

കാശ്മീർ ഫയൽസ് -  17 (Click & Read) 

ഇഷ്ഫാഖിന്റെ വീടിന് അടുത്ത് തന്നെയായിരുന്നു ആ നാട്ടിലെ പള്ളിയും ഖബർസ്ഥാനും (ശ്‌മശാനം). പള്ളിയിൽ നിന്നും ദിവസവും ഉയർന്ന് കേൾക്കുന്ന ബാങ്ക് വിളി എനിക്കും നൗഷാദിനും ഏറെ ഹൃദ്യമായി തോന്നി.അതിനാൽ ഏതെങ്കിലും ഒരു നമസ്കാര സമയത്ത് പള്ളിയിൽ ഒന്ന് പോയി നോക്കാൻ ഞങ്ങളാഗ്രഹിച്ചു. പ്രസ്തുത വിവരം ഇഷ്‌ഫാഖിനോട് പറയുകയും ചെയ്തു.ഇഷ്‌ഫാഖിന്റെ ആപ്പിൾ-ചെറി തോട്ടങ്ങളിലെ തേരോട്ടം കഴിഞ്ഞ് ദ്രുരൂ (അതാണ് അവന്റെ നാടിന്റെ യഥാർത്ഥ പേര്) വിൽ തിരിച്ചെത്തിയപ്പോൾ മഗ്‌രിബ് നമസ്കാരത്തിന്റെ സമയമായിരുന്നു.ഞങ്ങൾ ആവശ്യപ്പെട്ട പ്രകാരം പള്ളി കാണിച്ച് തന്ന് ഇഷ്‌ഫാഖ്‌ എങ്ങോട്ടോ പോയി.

പള്ളിയിൽ നിന്ന് മഗ്‌രിബ് നമസ്കാരവും, സൂഫി സംഗീതം പോലെയുള്ള അവരുടെ പ്രാർത്ഥനയും കഴിഞ്ഞ് ഞാൻ പുറത്തിറങ്ങിയപ്പോഴാണ്, ഇഷ്‌ഫാഖിന്റെ വീട്ടിലെ കുട്ടികൾക്കായി കുറച്ച് മിഠായികൾ വാങ്ങാൻ ഭാര്യ എന്നോട് ഫോൺ ചെയ്ത് പറഞ്ഞത്.അത് പ്രകാരം അങ്ങാടിയിലേക്ക് നീങ്ങിയ ഞങ്ങൾ കണ്ടത് ഒരു ജനക്കൂട്ടത്തെയാണ്. യാസീൻ മാലിക്ക് കേസിൽ വിധി വന്നതിൽ പ്രതിഷേധിക്കാൻ ഒരുക്കം കൂട്ടുന്നവരോ അതല്ല അത് ചർച്ച ചെയ്യുന്നവരോ എന്നറിയാത്തതിനാൽ വിദേശികളായ ഞങ്ങൾ അല്പം മാറി നിന്ന് വീക്ഷിച്ചു.പ്രതിഷേധിക്കാൻ കാശ്മീർ ജനതക്ക് സ്വാതന്ത്ര്യമില്ലാത്തതാണോ എന്നറിയില്ല ആ ആൾക്കൂട്ടം പെട്ടെന്ന് തന്നെ ഇല്ലാതായി.

ഞങ്ങൾ തൊട്ടടുത്ത കടയിൽ കയറി ആവശ്യമായ മിഠായികൾ വാങ്ങി തിരിച്ചു പോരാൻ ഇറങ്ങി.അപ്പോഴാണ് ഇത്രയും ദിവസത്തെ ഞങ്ങളുടെ വണ്ടി ഡ്രൈവർ ഇജാസിനെ റോട്ടിൽ വച്ച് കണ്ടത്.കുശല സംഭാഷണം കഴിഞ്ഞ് അദ്ദേഹത്തോട് സലാം പറഞ്ഞു.അപ്പോഴാണ് ഞങ്ങളുടെ തൊട്ടു മുന്നിൽ നടന്നു നീങ്ങുന്ന ആളെ ഇജാസ് ശ്രദ്ധിച്ചത്.ഞങ്ങൾ പോകുന്ന അതേ വഴിയിൽ പോകേണ്ട ആളായിരുന്നു അത്.അതിനാൽ ഞങ്ങളെയും കൂട്ടിക്കൊണ്ടു പോകാൻ ഇജാസ് അയാളോട് പറഞ്ഞു.ആ സ്നേഹത്തിനു മുന്നിൽ ഞങ്ങൾ നമ്രശിരസ്കരായി.

ഇഷ്‌ഫാഖിന്റെ വീടും കഴിഞ്ഞ് അടുത്ത പറമ്പിലായിരുന്നു അദ്ദേഹത്തിന്റെ വീട്.നടക്കുന്നതിനിടയിൽ ഞങ്ങൾ പലതും സംസാരിച്ചു.കാശ്മീരിനെപ്പറ്റിയുള്ള ഞങ്ങളുടെ അഭിപ്രായങ്ങൾക്ക് അദ്ദേഹത്തിന്റെ ഏക മറുപടി "കശ്മീർ ജന്നത്ത് ഹേ "  എന്നായിരുന്നു .ഇഷ്‌ഫാഖിന്റെ ഗേറ്റിന് മുന്നിലെത്തിയപ്പോൾ അദ്ദേഹത്തിന് ഒരേയൊരു നിർബന്ധം - ഞങ്ങൾ അദ്ദേഹത്തിന്റെ വീട്ടിൽ ചെല്ലണം , ചായ കുടിക്കണം !!ആ സ്നേഹത്തിനു മുന്നിലും ഞങ്ങൾ നന്ദിയോടെ കീഴടങ്ങി.

കുട്ടികൾക്കുള്ള മിഠായികൾ കൊടുത്ത് ഉടനെ വരാം എന്ന് പറഞ്ഞ് ഞാൻ അകത്തേക്ക് പോയി.നൗഷാദും അയാളും ഗേറ്റിന് പുറത്ത് തന്നെ നിന്നു.അകത്ത് കുട്ടികളുടെ തകൃതിയായ കലാപരിപാടികൾ നടക്കുകയായതിനാൽ ജനലിൽ തട്ടി ഞാൻ ഭാര്യയെ പുറത്തേക്ക് വിളിച്ച് മിഠായിപ്പൊതി ഏൽപ്പിച്ചു.ഉടൻ വരാം എന്ന് മാത്രം പറഞ്ഞ് ഞാൻ ഇരുട്ടിലേക്കോടി.തുടർന്ന് ഞാനും നൗഷാദും അദ്ദേഹത്തോടൊപ്പം അയാളുടെ വീട്ടിലേക്ക് പോയി.

വലിയൊരു ഇരുനില വീടായിരുന്നു അത്.മുകളിലെ മജ്‌ലിസ് ഹാളിലേക്കാണ് അദ്ദേഹം ഞങ്ങളെ നയിച്ചത്.ഇഷ്‌ഫാഖിന്റെ വീട്ടിലെ ഹാളിന്റെ ഇരട്ടി വലിപ്പമുള്ളതും വളരെ ആകർഷകമായ പരവതാനി വിരിച്ചതും ആയിരുന്നു അത്.ഒറ്റ നോട്ടത്തിൽ തന്നെ മനസ്സിനെ മദിപ്പിക്കുന്ന ഒരു വീടും ഹാളും.കുറെ ചായകളുടെ പേര് പറഞ്ഞ് അതിൽ ഏത് തരം ചായയാണ് ഞങ്ങൾക്കിഷ്ടം എന്ന ചോദ്യത്തിന് മറുപടി പറയാൻ ഞങ്ങൾ വിഷമിച്ചു.ടാങ്മാർഗ്ഗിൽ സ്വന്തമായി തുണിക്കട നടത്തുന്ന ആളായിരുന്നു അദ്ദേഹം.അൽപം കഴിഞ്ഞ് ഇസ്‌ലാമിക വേഷത്തിൽ അദ്ദേഹത്തിന്റെ മകൾ ചായയുമായി വന്നു.അവളും ഞങ്ങളുടെ സദസ്സിൽ ഇരുന്നു.അല്പം കൂടി കഴിഞ്ഞ്, സ്വന്തം ടാക്സി ഓടിക്കുന്ന മകനും എത്തിച്ചേർന്നു.ചായയും പലഹാരങ്ങളും ഇന്നത്തെ കാശ്മീരിനെയും അവിടത്തെ യുവതയെയും പറ്റിയുള്ള സംസാരവും ഒക്കെ ആയി നേരം പോയത് ഞങ്ങളറിഞ്ഞില്ല.

ഇതേ സമയം വീട്ടിൽ തിരിച്ചെത്തിയ ഇഷ്‌ഫാഖ് എന്നെ അന്വേഷിച്ചു.ഞാനും നൗഷാദും തിരിച്ചെത്തിയിട്ടില്ല എന്നറിഞ്ഞ ഇഷ്‌ഫാഖ്‌ അൽപനേരം മൗനം പാലിച്ചു.പിന്നെ ഞാൻ ഫോൺ ചെയ്തിരുന്നോ എന്ന് എന്റെ ഭാര്യയോട് ചോദിച്ചു.ഇപ്പോൾ വരാം എന്നും പറഞ്ഞ് ഓടിപ്പോയി എന്ന് അവൾ മറുപടി പറഞ്ഞതോടെ ഇഷ്‌ഫാഖിന്റെ മുഖത്ത് ഒരു ഭീതി പടർന്നു. അവിടെയുണ്ടായിരുന്ന അവന്റെ പിതൃസഹോദര പുത്രന്മാരോട് അവൻ എന്തോ പറഞ്ഞു.അവർ അവരുടെ ഭാര്യമാരോട് എന്തോ കുശുകുശുത്തു. എല്ലാവരുടെയും മുഖഭാവം മാറുന്നത് ഞങ്ങളുടെ ഭാര്യമാർ ശ്രദ്ധിച്ചു.പിന്നെ ഓരോരുത്തരായി പലർക്കും ഫോൺ ചെയ്യാൻ തുടങ്ങി.അപ്പോഴാണ് എന്തോ അരുതാത്തത് സംഭവിച്ചിട്ടുണ്ട് എന്ന് ഞങ്ങളുടെ ബാക്കിയുള്ളവർക്ക് മനസ്സിലായത്.അങ്ങനെ അവരുടെ മനസ്സിലും ആശങ്ക പടർന്നു.

ഇതൊന്നും അറിയാതെ തൊട്ടടുത്ത വീട്ടിൽ ഞങ്ങൾ ചായ കുടിച്ച് രസിക്കുന്നതിനിടയിലാണ് ഇഷ്‌ഫാഖ്‌ ധൃതിയിൽ അങ്ങോട്ട് ഓടിക്കയറി വന്നത്.ഞങ്ങളെ കണ്ടതും അവൻ ആശ്വാസത്തിന്റെ ഒരായിരം നെടുവീർപ്പുകളിട്ട് ഞങ്ങളെ കണ്ടെത്തിയതായി വീട്ടിലേക്ക് വിളിച്ച് പറഞ്ഞു.ശേഷം കാശ്മീരി ഭാഷയിൽ അദ്ദേഹത്തോടും എന്തൊക്കെയോ സംസാരിച്ചു.

ഞങ്ങൾ തിരിച്ചെത്താത്തത് ആണ് എല്ലാ പുകിലും ഉണ്ടാക്കിയത്.കാശ്മീരിൽ ഇങ്ങനെ പൊടുന്നനെ അപ്രത്യക്ഷമാകുന്ന നിരവധി മനുഷ്യജീവിതങ്ങൾ ഉണ്ടത്രേ.അവരാരും പിന്നീട് ഒരിക്കലും തിരിച്ചെത്താറില്ല പോലും.ആരാണ് കൊണ്ടുപോയത് എന്ന് പോലും ഒരു വിവരവും ലഭിക്കാറില്ല.കാണാതായവർ ഇനി വരും  എന്ന് ആരും പ്രതീക്ഷിക്കാറില്ല.യുവാക്കളാണ് ഇങ്ങനെ അപ്രത്യക്ഷമാകുന്നവരിൽ ഏറിയ പങ്കും.ആ ദിവസത്തെ പ്രത്യേക രാഷ്ട്രീയ സാഹചര്യം കൂടി കൂട്ടി വായിച്ചാൽ ഞങ്ങളെ കാണാതായത് ഒരു വലിയ പ്രശ്നമാകുമായിരുന്നു.പോലീസിലും വിളിച്ച് വിവരം പറയാൻ ഇരുന്നതായിരുന്നു പോലും! പക്ഷെ, ഡ്രൈവർ ഇജാസിനെ ഇഷ്‌ഫാഖ്‌ വിളിച്ചതായിരിക്കും എന്ന് കരുതുന്നു, ഞങ്ങളിരിക്കുന്ന സ്ഥലം അവൻ കൃത്യമായി  മനസ്സിലാക്കി.

പിറ്റേന്ന് തിരിച്ച്‌ പോവുകയാണെന്നറിയിച്ചപ്പോൾ ഞങ്ങളുടെ പുതിയ ആതിഥേയനും മകളും ഞങ്ങളുടെ കൂടെ ഇഷ്ഫാഖിന്റെ വീട്ടിലേക്ക് ഞങ്ങളെ അനുഗമിച്ചു.കുടുംബത്തിലെ എല്ലാവരെയും സന്ദർശിച്ച് സന്തോഷം പങ്കിട്ട് തിരിച്ച് പോകുമ്പോളും ഞങ്ങളുടെ കുടുംബം ഞെട്ടലിൽ നിന്ന് മുക്തമായിരുന്നില്ല.ബാനിഹാൾ മുതൽ ഞങ്ങൾ അനുഭവിച്ച് തുടങ്ങിയ കാശ്മീരികളുടെ സ്നേഹത്തിന്റെ ആഴവും പരപ്പും അപ്പോൾ ഞങ്ങളെ അതിശയപ്പെടുത്തി.

അടുത്ത ദിവസം ഇനി പഹൽഗാമിലേക്കാണ് യാത്ര.അതിരാവിലെ എണീറ്റ് ഇഷ്‌ഫാഖിനോടും കുടുംബത്തോടും യാത്ര പറയണം .അതിനാൽ ഞങ്ങളെല്ലാവരും വേഗം വിരിപ്പിലേക്ക് ചെരിഞ്ഞു. 

(തുടരും...) 

കാശ്മീർ ഫയൽസ് -  19

Monday, August 08, 2022

ഏദൻ തോട്ടത്തിൽ.... (കാശ്മീർ ഫയൽസ് - 17)

കാശ്മീർ ഫയൽസ് -  16 (Click & Read)

ചാറ്റൽ മഴയും സന്ധ്യയും (വൈകിട്ട് ഏഴര മണി), ആപ്പിൾ തോട്ടം കാണുക എന്ന ഞങ്ങളുടെ ആഗ്രഹത്തിന് വിലങ്ങ് തടിയാകുമോ എന്നൊരാശങ്ക എ   മനസ്സിൽ നിറഞ്ഞു. ഞങ്ങളെ അത് കാണിച്ചേ അടങ്ങൂ എന്ന് ഇഷ്ഫാഖിനും നിർബന്ധമായതിനാൽ വണ്ടി സാമാന്യം നല്ല വേഗത്തിൽ തന്നെ പാഞ്ഞു.അന്നത്തെ അത്താഴം ഞങ്ങളുടെ വക ആയതിനാൽ വഴിയിൽ ഭക്ഷണ പാർസലിനും കാത്തിരിക്കേണ്ടതുണ്ടായിരുന്നു.

മരങ്ങൾ ഇട തൂർന്ന് വളർന്ന് നിൽക്കുന്ന ഒരു സ്ഥലത്താണ് ആ യാത്ര അവസാനിച്ചത്. ഒരു പ്രൈമറി സ്കൂളിന്റെ മുറ്റമായിരുന്നു അത്. തൊട്ടടുത്ത് നിന്ന് തന്നെ ഒരു അരുവിയുടെ കളകൂജനം കൂടി കേൾക്കുന്നുണ്ടായിരുന്നു. തലേ ദിവസം മോഹിപ്പിച്ച സിന്ധു നദി ഇന്ന് ഒരു അരുവിയായി മോഹിപ്പിക്കാൻ വന്നതാണോ എന്ന് തോന്നി. ശബ്ദം കേട്ട ഭാഗത്തേക്കാണ് ഇഷ്ഫാഖ് ഞങ്ങളെ നയിച്ചത്. യെസ്, ആ അരുവി മുറിച്ച് കടന്ന് വേണം ഞങ്ങൾക്ക് പോകാൻ. വെള്ളത്തിൽ കാല് വച്ചതും "എന്റുമ്മച്ചിയേ" എന്നൊരു വിളിയും ഉയർന്നത് ഒപ്പമായിരുന്നു. വെള്ളത്തിന്റെ തണുപ്പ് അത്രയും കൂടുതലായിരുന്നു. അരുവി കടന്നാലേ ആപ്പിൾ തോട്ടം കാണൂ എന്നതിനാൽ തണുപ്പ് സഹിച്ച് എല്ലാവരും അക്കരെ പറ്റി.

ജീവിതത്തിലാദ്യമായി ആപ്പിളിനെ ആപ്പിൾ മരത്തിൽ വച്ച് കണ്ട സന്തോഷത്തിൽ ഞങ്ങളതിന്റെ അടുത്തേക്ക് ഓടി അടുത്തു. ആപ്പിൾ കായ്ച്ചു തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ. നമ്മുടെ നാട്ടിലെ മുഴുത്ത പേരക്കയുടെ വലിപ്പമായിരുന്നു അവയ്ക്ക്. പഴുത്ത് പാകമാകാൻ ഒക്ടോബർ ആകും എന്ന് ഇഷ്ഫാഖ് പറഞ്ഞു. എങ്കിലും ഇതിന്റെ രസം അറിയാൻ വേണ്ടി ഞങ്ങൾ ഓരോന്ന് പൊട്ടിച്ചു. മധുരം കലർന്ന പുളി രസമായിരുന്നു അതിന്റെ രുചി.

ആപ്പിൾ തിന്ന് കഴിഞ്ഞപ്പഴാണ് നിദക്ക് തലയിൽ ഒരു മിന്നലാട്ടം ഉണ്ടായത്. ഫിസിക്സ് പഠിപ്പിക്കുന്ന അവളുടെ ഉപ്പയുടെ നേരെ തിരിഞ്ഞ് ഒരു ചോദ്യം.
"ആപ്പിൾ മരത്തിന് ഇത്രയേ വലിപ്പമുണ്ടാകു?"
"അതെ " നൗഷാദ് മറുപടി പറഞ്ഞു.
" അപ്പോൾ നിങ്ങൾ ഞങ്ങളെ പഠിപ്പിച്ചത് പച്ചനുണയല്ലേ?"
"എന്ത് പഠിപ്പിച്ചത്?"
" ന്യൂട്ടന്റെ തലയിൽ ആപ്പിൾ വീണത്... ഇത്രയും ചെറിയ ഒരു മരത്തിന്റെ ചുവട്ടിൽ ആർക്കെങ്കിലും ഇരിക്കാൻ തോന്നുമോ?"
"അത് മൂപ്പര് മൂത്രമൊഴിക്കാൻ ഇരുന്നതായിരിക്കും " ഹാഷിമിന്റെ മറുപടി രംഗം ശാന്തമാക്കി.

അടുത്തത് ചെറിത്തോട്ടമായിരുന്നു. നാട്ടിൽ ചെറി എന്ന പേരിൽ പല പഴങ്ങളും കായ്ച്ചു നിൽക്കുന്നത് കണ്ടിട്ടുണ്ട്. പക്ഷേ ഇപ്പോഴാണ് യഥാർത്ഥ ചെറി ചെടിയും പഴവും കണ്ടത്. പഴങ്ങൾ മിക്കവാറും പഴുത്തിരുന്നതിനാലും കയ്യെത്തും ഉയരത്തിലായതിനാലും എല്ലാവരും   രുചി നോക്കി. നാട്ടിലെ ബേക്കറികളിൽ കിട്ടുന്ന ചെറിയുടെ നിറവും ഒറിജിനൽ ചെറിയുടെ നിറവും തമ്മിൽ അജഗജാന്തരം ഉണ്ട്. കുലകളായി തൂങ്ങി നിൽക്കുന്ന ചെറിപ്പഴങ്ങൾ പറിക്കാനും ഒരു പ്രത്യേക രീതിയുണ്ട് എന്ന് ഇഷ്ഫാഖ് പറഞ്ഞപ്പഴാണ് മനസ്സിലായത്.

അടുത്തത് വാൾനട്ട് തോട്ടമായിരുന്നു. നമ്മുടെ നാട്ടിലെ റോഡ് സൈഡിലെ മാവ് മരങ്ങൾ വച്ച് പിടിപ്പിച്ചത് പോലെയായിരുന്നു അതിന്റെ സ്ഥിതി. ആരും ശ്രദ്ധിക്കാതെ തന്നെ അതിൽ നിറയെ കായ ഉണ്ടാകും. കുറെ എണ്ണം വീണ് പോവും. ബാക്കിയുള്ളവ പറിച്ച് പൊട്ടിച്ച് പരിപ്പെടുക്കും. ഈ തോട്ടം ഇഷ്ഫാഖിന്റെ അധീനതയിൽ അല്ലാത്തതിനാൽ ഞങ്ങളാരും ഒരു കായ പോലും പറിച്ചില്ല.

അങ്ങനെ ഭൂമിയിലെ ഏദൻ തോട്ടത്തിലൂടെ തിമർത്ത് രസിക്കുമ്പോഴാണ് തലേ ദിവസം സന്ധ്യക്ക് തൊട്ടടുത്ത തോട്ടത്തിൽ കരടി വന്ന വിവരം ഇഷ്‌ഫാഖ്‌ പറഞ്ഞത്.ഞങ്ങൾക്ക് അവിടെ കൂടുതൽ സമയം നിൽക്കാൻ തോന്നിയെങ്കിലും ഞങ്ങളുടെ സുരക്ഷക്ക് അത് ഭീഷണിയാകും എന്നതിനാൽ ഇരുട്ട് മൂടാൻ തുടങ്ങിയതോടെ ഞങ്ങൾ തിരിച്ചു പോന്നു. 

അന്ന് രാത്രി, എൻറെ ആതിഥേയന്റെ കുടുംബത്തിലെ മുഴുവൻ പേരെയും ഞങ്ങളുടെ കുടുംബത്തെയും, ഏതാനും നിമിഷങ്ങൾ മുൾമുനയിൽ നിർത്തിയ ഒരു സംഭവം ഉണ്ടായി.


(തുടരും...)

കാശ്മീർ ഫയൽസ് -  18





Monday, August 01, 2022

ചിനാർ മരത്തണലിൽ... (കാശ്മീർ ഫയൽസ് - 16)

കാശ്മീർ ഫയൽസ് - 15  (Click & Read)

ലോകപ്രശസ്തമായ മുഗൾ ഉദ്യാനങ്ങളാണ് കാശ്മീരിലുള്ളത്. ചെഷ്മഷാഹി, ഷാലിമാർ ബാഗ്, നിഷാന്ത് ബാഗ് ,പരി മഹൽ തുടങ്ങീ നിരവധി ഗാർഡനുകളാണ് ദാൽ തടാകത്തിന് ചുറ്റുമായി പരന്നു കിടക്കുന്നത്. ജലധാരകളും കനാലുകളും കുളങ്ങളും മരങ്ങളും ചെടികളും പൂക്കളും നിറഞ്ഞതാണ് എല്ലാ മുഗൾ ഗാർഡനുകളും. പേർഷ്യൻ ഉദ്യാനങ്ങളുടെ ശൈലിയിലാണ് ഇവയുടെ  നിർമ്മിതി .

ദാലിലെ കാഴ്ചകളും കാശ്മീരി വാസ് വാൻ രുചിയും അറിഞ്ഞ ശേഷം തൊട്ടടുത്ത പരി മഹലിലേക്കാണ് ഇഷ്ഫാഖ് ഞങ്ങളെ നയിച്ചത്. വണ്ടി അൽപം മുന്നോട്ട് നീങ്ങിയപ്പോഴേക്കും നല്ലൊരു  ട്രാഫിക്ക് കുരുക്കിൽ പെട്ടു . പരിമഹലിന്റെ ഗേറ്റ് മുതൽ തുടങ്ങിയതാണ് ഈ ബ്ലോക്ക് എന്നറിഞ്ഞപ്പോൾ പെട്ടെന്നൊന്നും അവിടെ എത്തിപ്പെടാൻ സാദ്ധ്യതയില്ല എന്ന് തിരിച്ചറിഞ്ഞു. 

"സർ... പരി മഹൽ ദേഖ്ന മുശ്കിൽ ഹോഗ... വൈസാ ഹെ ഭീഡ് ... " ഇഷ്ഫാഖ് എന്നോടായി പറഞ്ഞു.

" ക്യാ കരേഗ ?"

" പീച്ചെ ഹെ ബൊട്ടാണിക്കൽ ഗാർഡൻ ... യഹാം ഖടെ തൊ ആജ് കോയി ഗാർഡൻ ദേഖ് നഹിം സകേഗ"

വണ്ടിയുമായി ആ ബ്ലോക്കിൽ കാത്ത് നിന്നാൽ ഇന്നിനി മറ്റൊന്നും കാണാൻ സാധിക്കില്ല എന്ന മുന്നറിയിപ്പ് എന്നെ അങ്കലാപ്പിലാക്കി. കാണാനാവുന്നത് എങ്കിലും കാണുക എന്ന ഉദ്ദേശത്തിൽ വണ്ടി നേരെ റിവേഴ്‌സ് അടിച്ചു.തൊട്ടടുത്ത് തന്നെയുള്ള ജവഹർലാൽ നെഹ്‌റു ബൊട്ടാണിക്കൽ ഗാർഡനിന്റെ മുമ്പിലാണ് പിന്നെ നിർത്തിയത്. 35 രൂപയാണ് പ്രവേശന ഫീസ്.ഊട്ടി ബൊട്ടാണിക്കൽ ഗാർഡനിലെപ്പോലെ, വലിയ തിക്കും തിരക്കും അനുഭവപ്പെടാത്ത കൗണ്ടറിൽ നിന്നും ടിക്കറ്റെടുത്ത് ഞങ്ങൾ അകത്ത് കയറി.

പൂക്കൾ തീർക്കുന്ന വർണ്ണപ്രപഞ്ചം ആസ്വദിക്കണോ അതല്ല ഓക്ക് മരങ്ങളും ചിനാർ മരങ്ങളും ഒരുക്കുന്ന തണലിൽ ഇരിക്കണോ അതുമല്ല ചെറിയ ചെറിയ കുന്നുകളിലെ പുൽത്തകിടിയിൽ കിടന്നുരുളണോ അതൊന്നുമല്ല ദാൽ തടാകത്തിൽ നിന്നുള്ള സൂഫി സംഗീതം നിറഞ്ഞ കാറ്റുമേറ്റ് ചുറ്റും നടക്കണോ എന്ന കൺഫ്യൂഷനിൽ ആയിരുന്നു ഞങ്ങൾ.

എൺപത് ഏക്കറിലധികം സ്ഥലത്ത് പരന്ന് കിടക്കുന്ന ഗാർഡൻ മുഴുവൻ പോയിട്ട്, കാൽ ഭാഗമെങ്കിലും കാണാനുള്ള സമയം ഞങ്ങളുടെ പക്കൽ ഇല്ലാത്തതിനാൽ ചിനാർ മരങ്ങളുടെയും മറ്റു മരങ്ങളുടെയും ശീതളഛായയിൽ അൽപനേരം വിശ്രമിച്ചു.

ഇതാണ് ചിനാർ മരം

ടുലിപ് പുഷ്പങ്ങൾ വിടരുന്ന ഏപ്രിൽ മാസത്തിലെ ആദ്യത്തെ അഞ്ചു ദിവസം മാത്രം തുറക്കുന്ന ടുലിപ് ഗാർഡൻ ബൊട്ടാണിക്കൽ ഗാർഡനിന്റെ അകത്ത് തന്നെയാണ് . ദൂരെ മറച്ച് കെട്ടിയ നിലയിലുള്ള അവസ്ഥയിലായതിനാൽ ഞങ്ങൾ അങ്ങോട്ട് പോയതേയില്ല.സ്‌കൂൾ കുട്ടികൾക്ക് പ്രവേശനം സൗജന്യമാണോ എന്നറിയില്ല, നിരവധി കുട്ടികൾ ജോഡികളായും സംഘങ്ങളായും ബൊട്ടാണിക്കൽ ഗാർഡനനികത്ത് പലവിധ പ്രവർത്തനങ്ങളിലും ഏർപ്പെട്ടിരിക്കുന്നത് കണ്ടു.

കാശ്മീരിന്റെ കാലാവസ്ഥ ഏതൊരു സഞ്ചാരിയുടെയും മനം കുളിർപ്പിക്കും. എന്നാൽ അതേ കാശ്മീരിന്റെ തന്നെ പെട്ടെന്ന് മാറിമറിയുന്ന രാഷ്ട്രീയ കാലാവസ്ഥ ചിലപ്പോൾ സഞ്ചാരികളുടെ മനം മടുപ്പിക്കുകയും ചെയ്യും.ഞങ്ങൾ ശ്രീനഗറിലെ കാഴ്ചകൾ കാണാൻ ഇറങ്ങിയ ദിവസമാണ് സുപ്രീം കോടതിയിൽ യാസീൻ മാലിക്കിന്റെ കേസ് വിധി പറയാൻ എടുത്തത്.അതിനാൽ ശ്രീനഗർ തലേ ദിവസം മുതലേ അതിജാഗ്രതയിൽ ആയിരുന്നു. പല സ്ഥലങ്ങളിലും പ്രതിഷേധങ്ങൾ നടക്കുന്നതിനാൽ ആ വഴിക്ക് പോകാൻ പോലും പറ്റില്ലായിരുന്നു.

ഷാജഹാൻ ചക്രവർത്തി പ്രിയ പത്നിക്കായി താജ്മഹൽ പണി കഴിപ്പിച്ച പോലെ ജഹാംഗീർ തന്റെ പ്രിയ പത്നി നൂർജഹാന് വേണ്ടി നിർമ്മിച്ച ഷാലിമാർ  ബാഗ്, മുഗൾ കാലത്തിന്റെ ഗതകാല പ്രൗഢി വെളിവാക്കുന്ന  ഉദ്യാനമായ നിഷാന്ത് ബാഗ്, ഉദ്യാന നിർമ്മാണത്തിലെ പേർഷ്യൻ ടച്ച് വ്യക്തമാക്കുന്ന ചഷ്മേ ഷാഹി, പ്രവാചകന്റെ മുടി സൂക്ഷിച്ചു വച്ചിരിക്കുന്നതായി പറയപ്പെടുന്ന വെള്ളമാർബിളിൽ പണിത ഹസ്രത്ത് ബാൽ പള്ളി,ശ്രീനഗറിന്റെ വ്യാപാര കേന്ദ്രം ലാൽ ചൗക്ക് എന്നിവയൊന്നും പ്രതിഷേധങ്ങൾ നടക്കുന്ന കാരണത്താൽ ഞങ്ങൾക്ക് കാണാൻ സാധിച്ചില്ല. 

"സാർ ... ആജ് ശ്രീനഗർ മേം ഖുംന അഛാ നഹീം ...ഹം വാപസ് ജാകർ മേരാ ഓർച്ചാഡ്‌സ് ദെഖേക... കൽ സബേരെ ഹീ ഘർ ചോഡ്നാ ഹേ ... ഫിർ ഔർ ഏക് ബാർ ആയെ തോ സാര ദേഖേൻഗ..." ചിരിച്ചുകൊണ്ട് ഇഷ്‌ഫാഖ്‌ പറഞ്ഞപ്പോൾ സമ്മതിക്കുകയല്ലാതെ നിവൃത്തി ഇല്ലായിരുന്നു.

കഴിഞ്ഞ രണ്ട് ദിവസവും പ്ലാൻ ചെയ്‌തെങ്കിലും ഇഷ്ഫാഖിന്റെ ആപ്പിൾ തോട്ടവും ചെറിത്തോട്ടവും കാണാൻ സാധിച്ചിരുന്നില്ല.അടുത്ത ദിവസം കാലത്ത് തന്നെ പഹൽഗാമിലേക്ക് പുറപ്പെടാനുള്ളതിനാൽ ഇനിയൊരു ദിവസം ബാക്കിയില്ലതാനും.ശ്രീനഗറിൽ ഇനി കൂടുതൽ സമയം ചെലവഴിക്കുന്നത് പന്തിയല്ല എന്നതിനാൽ ഒരിക്കൽ കൂടി വരികയാണെങ്കിൽ ബാക്കിയുള്ളവയെല്ലാം കാണാം എന്ന പ്രതീക്ഷയിൽ ഞങ്ങൾ ശ്രീനഗറിൽ നിന്നും തിരിച്ചു പോന്നു.


(തുടരും...)

കാശ്മീർ ഫയൽസ് -  17