Pages

Thursday, April 13, 2023

ദുബായ് ഡെയ്‌സ്

ബ്ലോഗെഴുത്തിന്റെ ആദ്യകാലങ്ങളിൽ ഓരോ പോസ്റ്റിനും നൂറിലധികം കമന്റുകൾ വാങ്ങിയിരുന്ന ചില എഴുത്തുകാരുണ്ടായിരുന്നു. അവരിൽ ഒരാളായിരുന്നു വിശാലമനസ്കൻ.കൊടകര പുരാണം എന്ന ബ്ലോഗിലൂടെ ഒരു നാട്ടിൻപുറത്തിന്റെ സർവ്വ സൗരഭ്യവും നൈർമല്യവും വായനക്കാർക്ക് മുന്നിൽ വിളമ്പിയിരുന്ന ആ പോസ്റ്റുകൾ വായിക്കാതെ പോയാൽ പലപ്പോഴും ഒരു നഷ്ടം തോന്നിയിരുന്നു.ബ്ലോഗുലകത്തിൽ നിന്നും പുസ്തകങ്ങൾ ഇറങ്ങാൻ തുടങ്ങിയപ്പോൾ ഡി.സി ബുക്സിലൂടെ ആദ്യമായി ഇറക്കപ്പെട്ട പുസ്തകവും ഇതേ കൊടകര പുരാണമാണ് എന്നാണ് എന്റെ ധാരണ(പിശകുണ്ടെങ്കിൽ തിരുത്തുക).

ഫ്രം ദി ഓദർ ഓഫ് കൊടകര പുരാണം എന്ന ടാഗ് ലൈൻ തന്നെയാണ് 2023 കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ വച്ച് 'ദുബായ് ഡെയ്‌സ്' എന്ന പുസ്തകം കണ്ടപ്പോൾ എന്നെ ആകർഷിച്ചത്.വിശാലമനസ്കൻ എന്നതിന് പകരം സജീവ് എടത്താടൻ എന്ന ഒറിജിനൽ പേരിലാണ് ഈ പുസ്തകം എഴുതിയിരിക്കുന്നത്.സമ്പൂർണ്ണ കൊടകര പുരാണം എന്ന കൊടകര പുരാണത്തിന്റെ മോഡിഫൈഡ് വേർഷനും യഥാർത്ഥ പേരിലാണ് എഴുതിയിരിക്കുന്നത് എന്ന് ഞാൻ അനുമാനിക്കുന്നു.

ദുബായിലെ ജീവിതത്തിലെ നിരവധി കുഞ്ഞു കുഞ്ഞു സംഭവങ്ങൾ കോർത്തിണക്കിക്കൊണ്ടുള്ള ചെറിയ ചെറിയ കുറിപ്പുകളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം.ഹൗവവ്വർ കൊടകര പുരാണം വായിക്കാത്ത ഒരാൾക്ക് ഈ പുസ്തകം അത്രയങ്ങ് പിടിക്കില്ല.കാരണം ഇതിൽ ഇത്ര വലിയ വിശേഷം എന്തിരിക്കുന്നു എന്ന ചോദ്യം മനസ്സിൽ ഉയരും.അതിനാൽ തന്നെ ചില അദ്ധ്യായങ്ങൾ ഒഴിവാക്കി വായന തുടർന്നാലും മനസ്സിന് ഒരു പോറലും തോന്നില്ല.ഇടക്കിടെ 'സമ്പൂർണ്ണൻ' പരാമർശിക്കുന്നതുകൊണ്ട് അതിനെപ്പറ്റി അറിയാത്തവൻ വെറുതെ വായിച്ച് തള്ളും.

ബൈ ദുബൈ, എനിക്കും ഈ പുസ്തകം അത്രയ്ക്കങ്ങ് മനസ്സിലേക്ക് കയറിയില്ല.ദുബൈ എന്ന നഗരം അന്യമായതുകൊണ്ടാണോ അതല്ല വിശാലമനസ്കന്റെ  ചേരുവകൾ യഥാവിധി ചേരാത്തതുകൊണ്ടാണോ എന്നറിയില്ല ഇങ്ങനെ ഒരു ഫീലുണ്ടായത്.കൊടകര പുരാണത്തിലെ സ്ഥിരം പല്ലവികളായ ഹൗവവ്വറും ബൈ ദുബൈയും നിരവധി സ്ഥലങ്ങളിൽ കാണുന്നതുകൊണ്ട് വിശാലമനസ്കൻ ടച്ച് വിട്ടിട്ടില്ല എന്ന് ഒരു സമാധാനമുണ്ട്.കൂടുതൽ പുസ്തകങ്ങൾ ഇനിയും ഈ തൂലികയിൽ നിന്ന് ഉയിരെടുക്കും എന്ന് പ്രതീക്ഷയുമുണ്ട്.

പുസ്തകം: ദുബായ് ഡെയ്‌സ്
രചയിതാവ് : സജീവ് എടത്താടൻ(വിശാലമനസ്കൻ)
പ്രസാധനം: ഡെസേർട് ട്രീ
വില: 200 രൂപ
പേജ് : 198

 

Thursday, April 06, 2023

ദൈവത്തിന്റെ സമ്മാനങ്ങൾ

വീട്ടിലേക്കാവശ്യമായ പഴങ്ങളും പച്ചക്കറികളും സ്വന്തം വീട്ടുമുറ്റത്ത് നിന്ന് തന്നെ ലഭിക്കുന്നതിന്റെ സന്തോഷം ഞാൻ വളരെയധികം തവണ അനുഭവിച്ചറിഞ്ഞിട്ടുണ്ട്. മക്കൾക്കും ഈ സന്തോഷം അറിയാനും പ്രകൃതിയോട് ഒരു സ്നേഹം ഉണ്ടാകാനും ഞാൻ കണ്ടെത്തിയ മാർഗ്ഗമായിരുന്നു 'എന്റെ ജന്മദിനം ഒരു ഭൗമദിനം' എന്ന പരിപാടി. ഇതനുസരിച്ച് വീട്ടിലെ അംഗങ്ങളുടെ ജന്മദിനത്തിലും ഞങ്ങളുടെ വിവാഹ വാർഷിക ദിനത്തിലും ഒരു തൈ വീതം നട്ട് പരിപാലിച്ച് വരുന്നു. മൂന്നാമത്തെ മകൾ ലൂനയുടെ രണ്ടാം ജന്മദിനമായ 2011 മാർച്ച് 18ന് തുടങ്ങിയ ഈ പരിപാടിയിലൂടെ എന്റെ വീടിന്റെ ചുറ്റുഭാഗത്തും നിരവധി ഫലവൃക്ഷങ്ങൾ വളർന്നു വന്നു.ഇന്ന് അവയിൽ പലതും ഞങ്ങൾക്ക് പഴങ്ങൾ തന്നുകൊണ്ടിരിക്കുന്നു.

എന്റെ ഈ പ്രത്യേക പിരാന്ത് കണ്ടിട്ടായിരിക്കാം ദൈവവും ഞങ്ങൾക്ക് ചില സമ്മാന മരങ്ങൾ കനിഞ്ഞ് നൽകിയത്.ഞാൻ നടാതെ തന്നെ വീട്ടിലേക്കുള്ള വഴിയിൽ മുളച്ച് വന്ന ഒരു മാവിനെ കൗതുകത്തിനായി ഞങ്ങൾ വെള്ളം നൽകി പരിപാലിച്ച് പോന്നു.വളം നൽകിയതായി എനിക്ക് ഓർമ്മയില്ല.ഏത് തരം മാങ്ങയാണ് എന്നറിയാനായിരുന്നു ഞങ്ങൾക്ക് ഏറെ കൗതുകം.വളരെയധികം വലിപ്പം വച്ചില്ലെങ്കിലും കഴിഞ്ഞ വർഷം മാവ് പൂത്തു; ധാരാളം മാങ്ങയും ഉണ്ടായി.അണ്ടി കൂടം കെട്ടുന്ന വലിപ്പത്തിൽ മാങ്ങ ഉണ്ടായി നിന്ന കൊമ്പ് പെട്ടെന്ന് ഉണങ്ങാൻ തുടങ്ങി.രണ്ട് ദിവസം കൊണ്ട് തന്നെ മുഴുവൻ മാങ്ങകളും ചുക്കിച്ചുളിഞ്ഞ് വൃദ്ധരായി.ഞാൻ സ്ഥലത്തില്ലാതിരുന്നതിനാൽ ഉണക്കം കണ്ട പാടേ മാങ്ങകൾ പറിക്കാനും സാധിച്ചില്ല.എങ്കിലും മറ്റേതോ ഒരു കൊമ്പിൽ ബാക്കിയായ നാലഞ്ച് മാങ്ങകളിലൂടെ മാവിനെ ഞങ്ങൾ തിരിച്ചറിഞ്ഞു - നാടൻ ഇനത്തിൽ പെട്ട കോഴിക്കോടൻ മാങ്ങ.

ഉണങ്ങിയ കൊമ്പ് പെട്ടെന്ന് തന്നെ ഞാൻ മുറിച്ചുമാറ്റി. അടുത്ത പ്രധാന കൊമ്പിൽ ഈ വർഷത്തെ ആദ്യ പൂക്കുല വിരിഞ്ഞപ്പോൾ എന്റെയുള്ളിൽ സന്തോഷത്തിന്റെ പൂത്തിരിയും കത്തി. അതിൽ വിരിഞ്ഞ ഉണ്ണിമാങ്ങകൾ മുഴുവൻ കൊഴിഞ്ഞു പോയെങ്കിലും കൊമ്പ് വീണ്ടും പൂങ്കുലകളാൽ നിറഞ്ഞു. അങ്ങനെ ഈ വർഷത്തെ നോമ്പ് തുറക്കാനാവശ്യമായ മാങ്ങ എന്നും രാവിലെ അതിന്റെ ചുവട്ടിൽ നിന്നും എനിക്ക് ലഭിക്കുന്നു.


മൂന്ന് വർഷം മുമ്പ് കൊറോണ ലോക്ക്ഡൗൺ കാരണം വീട്ടിലിരിക്കുമ്പോഴാണ് അടുക്കള മുറ്റത്ത് ഒരു പുതിയ അതിഥി മുളച്ച് പൊന്തിയത് ഞാൻ കണ്ടത് - പറങ്കിമാവ്. അണ്ടി കൊക്രു എന്ന് വിളിക്കുന്ന മുളച്ച് വരുന്ന കശുവണ്ടി തിന്നാൻ നല്ല രുചിയാണ്. എന്നാൽ നാട്ടിൽ നിന്നും നാമാവശേഷമായിക്കൊണ്ടിരിക്കുന്ന കശുമാവിനെ, എന്റെ മക്കൾക്കും കൂട്ടുകാർക്കും പരിചയപ്പെടുത്തിക്കൊടുക്കുക എന്ന ലക്ഷ്യത്തിന് മുന്നിൽ എന്റെ ആ ആഗ്രഹം വഴി മാറി. അങ്ങനെ ആ തൈ അവിടെ വളരാൻ തുടങ്ങി.

മൂന്ന് വർഷം കഴിഞ്ഞപ്പോഴേക്കും മരമങ്ങ് പൊങ്ങി വീടിന്റെ ഉയരത്തിൽ എത്തി. ആദ്യത്തെ പൂങ്കുലയും അതോടെ ദൃശ്യമായി. പക്ഷെ അണ്ടി വിരിഞ്ഞില്ല. നാലഞ്ച് പൂങ്കുലകൾ കൂടി ഉണ്ടായെങ്കിലും അവയും കരിഞ്ഞുണങ്ങിപ്പോയി. അവസാനം സന്തോഷ ക്കാഴ്ച എത്തി. മുട്ടിലിഴയുന്ന കുട്ടിക്കും കൈ എത്തും ഉയരത്തിൽ ആദ്യത്തെ കശുവണ്ടി ! പ്രതീക്ഷിച്ചപോലെ പുറംതോട് കനക്കും മുമ്പ് അത് അപ്രത്യക്ഷമായി.

എങ്കിലും ഞാൻ പ്രതീക്ഷ കൈവിട്ടില്ല. ഏറ്റവും താഴെയുള്ള മറ്റൊരു കൊമ്പിൽ വീണ്ടും അണ്ടി വിരിഞ്ഞു. കണ്ണിലെ കൃഷ്ണമണി പോലെ അതിനെ സംരക്ഷിച്ച് പോന്നു. നോമ്പ് ഒന്നിന് ആ മരവും മഞ്ഞനിറത്തിലുള്ള ആദ്യത്തെ പറങ്കിമാങ്ങയും മൂപ്പെത്തിയ അണ്ടിയും തന്നു. ഇപ്പോൾ ധാരാളം അണ്ടിക്കുഞ്ഞുങ്ങൾ അതിൽ വിരിഞ്ഞ് നിൽക്കുന്നു.
മുറ്റത്ത് വളർന്ന് നിൽക്കുന്ന മാതോളി നാരങ്ങയുടെ മരവും ദൈവത്തിന്റെ സമ്മാനമാണ്.കഴിഞ്ഞ വർഷം അതിലും നാലഞ്ച് നാരങ്ങ ഉണ്ടായി.
 

Tuesday, March 28, 2023

സൌഹൃദം പൂക്കുന്ന വഴികൾ - 22

വളരെ അവിചാരിതമായിട്ടാണ് 2010 ൽ ഞാൻ ശശി സാറെ പരിചയപ്പെടുന്നത്.കോഴിക്കോട് ഗവ.എഞ്ചിനീയറിംഗ് കോളേജിൽ എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസറായി ചാർജ്ജ് ഏറ്റെടുത്ത് ഏതാനും മാസങ്ങൾ കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളൂ. അപ്പോഴാണ് പൈപ്പ് കമ്പോസ്റ്റ് എന്ന ഒരു പുതിയ മാലിന്യ സംസ്കരണ പദ്ധതിയെപ്പറ്റി ആരോ അയച്ച ഒരു ഇ-മെയിൽ വഴി ഞാൻ അറിയുന്നത്. എട്ടിഞ്ച് വ്യാസവും ഒരു മീറ്റർ നീളവുമുള്ള രണ്ട് പി.വി.സി പൈപ്പ് കഷ്ണങ്ങൾ കൊണ്ട് ഒരു വീട്ടിലെ ജൈവ മാലിന്യങ്ങൾ മുഴുവൻ വളമാക്കി മാറ്റാം എന്ന ആശയം എനിക്ക് വളരെ ഇഷ്ടപ്പെട്ടു. കാരണം നഗരങ്ങളിലെ മിക്ക വീടുകളും അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നത്തിന് ചുരുങ്ങിയ ചെലവിൽ പരിഹാരമാകും എന്നത് തന്നെ.

അങ്ങനെ ഒരു പൈപ്പ് കമ്പോസ്റ്റ് യൂണിറ്റ് കോളേജിൽ സ്ഥാപിച്ച് അത് ഉത്ഘാടനം നടത്താൻ ഒരാളെ തിരയുമ്പഴാണ് അപ്രതീക്ഷിതമായി കാമ്പസ് പച്ചക്കറി കൃഷി എന്ന ആശയവും കൂടി മനസ്സിൽ കയറിയത്. എങ്കിൽ പിന്നെ ഉത്ഘാടനത്തിന് ഏറ്റവും അനുയോജ്യൻ ഫാം ഇൻഫർമേഷൻ ബ്യൂറോ അസിസ്റ്റന്റ് ഡയരക്ടർ തന്നെ എന്ന നിഗമനത്തിലും പെട്ടെന്ന് എത്തി. അങ്ങനെയാണ് ഞാൻ ശശി സാറുമായി ബന്ധപ്പടുന്നത്.

അവധി ദിനമായിട്ടും, കൂൺ കൃഷിയെപ്പറ്റി ഫലപ്രദമായ ഒരു ക്ലാസ് എന്റെ വളണ്ടിയർമാർക്ക് എടുത്ത് കൊടുക്കാനും കൃഷിയെപ്പറ്റി നിരവധി അറിവുകൾ പകർന്നു തരാനും വ്യക്തിപരമായി എനിക്ക് കൃഷിയിൽ കൂടുതൽ താൽപര്യം ജനിപ്പിക്കാനും എല്ലാം ശശി സാറിന്റെ ക്ലാസിലൂടെ സാദ്ധ്യമായി. പൈപ്പ് കമ്പോസ്റ്റ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു സാറ് തിരിച്ചു പോയി.

കാലചക്രത്തിന്റെ കറക്കത്തിൽ ഞാൻ വയനാട്ടിലേക്കും ശശി സാറ് സ്വന്തം നാടായ തിരുവനന്തപുരത്തേക്കും തെറിച്ചു. അങ്ങനെ കാലം നീങ്ങവെ സിവിൽ സർവീസ് കായികമേളക്കായി തിരുവനന്തപുരത്ത് പോയ എന്റെ സഹപ്രവർത്തകൻ പ്രൊഫ. ഐ.കെ. ബിജു  ശശി സാറെ കണ്ടുമുട്ടി. എനിക്ക് തരാനായി അദ്ദേഹം നൽകിയ ആ വർഷത്തെ ഫാം ഇൻഫർമേഷൻ ബ്യൂറോയുടെ ഡയറിയുമായിട്ടായിരുന്നു ബിജു സർ തിരിച്ചെത്തിയത്.

വയനാട് ഗവ. എഞ്ചിനീയറിംഗ് കോളേജിൽ പച്ചക്കറി കൃഷിക്ക് അനുയോജ്യമായ സ്ഥലം ധാരാളം ഉണ്ടായിരുന്നതിനാൽ ശശി സാറെ വിളിച്ച് ഞാൻ നിലവിലുള്ള പദ്ധതികളെപ്പറ്റി ആരാഞ്ഞു.അങ്ങനെ കലാലയ പച്ചക്കറി കൃഷിക്ക് എൺപതിനായിരം രൂപയുടെ ഒരു പ്രൊജക്ട് ഞങ്ങൾക്ക് കിട്ടി. കാമ്പസിൽ വിവിധ തരം ജൈവ പച്ചക്കറികൾ നിറഞ്ഞ് നിന്ന ആ കാലം മനസ്സിൽ ഇപ്പോഴും പച്ച പിടിച്ച് നിൽക്കുന്നു.

വയനാട്ടിലെ മൂന്ന് വർഷ സേവനത്തിന് ശേഷം വീണ്ടും കോഴിക്കോട്ടെത്തിയപ്പഴേക്കും ശശി സാർ സർവ്വീസിൽ നിന്ന് വിരമിച്ചിരുന്നു. ഞാൻ കോഴിക്കോട്ടും മൂന്ന് വർഷം പൂർത്തിയാക്കി 2021 ൽ പാലക്കാട് ഗവ.എഞ്ചിനീയറിംഗ് കോളേജിലേക്ക് സ്ഥലം മാറി. പിന്നീട് 2023 ലാണ് അപ്രതീക്ഷിതമായി ശശി സാറിന്റെ ഒരു മെസേജ് വന്നത്. സിവിൽ സർവീസ് കായികമേളക്കായി കോഴിക്കോട്ട് വരുന്നു എന്നായിരുന്നു ഉള്ളടക്കം. പക്ഷെ ഞാൻ പാലക്കാട്ടായതിനാൽ കണ്ടുമുട്ടാൻ പറ്റില്ലെന്നും വൈഗ അഗ്രി ഹാക്കത്തോണിനായി ഞാൻ തിരുവനന്തപുരത്ത് വരുന്നുണ്ടെന്നും അറിയിച്ചതോടെ അവിടെ വച്ച് കാണാം എന്ന് സമ്മതിച്ചു.

ഹാക്കത്തോൺ കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുന്ന ദിവസം വൈകിട്ട് ഞാൻ ശശി സാറെ വിളിച്ചു. കളി പ്രാക്ടീസ് കഴിഞ്ഞ് വൈകിട്ട് ഏഴ് മണിക്ക് പുത്തരിക്കണ്ടം മൈതാനത്ത് കാണാമെന്നും രാത്രി ഭക്ഷണം ഒരുമിച്ച് കഴിക്കാമെന്നും അദ്ദേഹം അറിയിച്ചു. എന്റെ ട്രെയിൻ 8.50 ന് കൊച്ചുവേളിയിൽ നിന്നായതിനാൽ ഈ നിർദ്ദേശം എന്നിൽ ചെറിയൊരാശങ്ക ഉണ്ടാക്കി. പക്ഷെ കൃത്യസമയത്ത് തന്നെ സാറ് എത്തി. വർഷങ്ങൾക്ക് ശേഷമാണ് കണ്ടുമുട്ടുന്നതെങ്കിലും റോഡ് സൈഡിൽ കാത്ത് നിന്ന എന്നെ തിരിച്ചറിഞ്ഞ് അദ്ദേഹത്തിന്റെ കാറിൽ കയറ്റി. മനസ്സിനിഷ്ടപ്പെട്ട ഭക്ഷണവും കഴിച്ച് ധൃതിയിൽ ഇറങ്ങാൻ നോക്കിയപ്പഴാണ് സാറ് വീണ്ടും എന്നെ ഞെട്ടിച്ചത്. കൊച്ചുവേളി സ്റ്റേഷനിൽ എന്നെ കൊണ്ട് വിട്ടിട്ടേ സാറ് വീട്ടിലേക്ക് മടങ്ങുന്നുള്ളൂ പോലും !

അങ്ങനെ എന്റെ എല്ലാ ടെൻഷനുകളും പമ്പ കടത്തി ട്രെയിൻ പുറപ്പെടുന്നതിന് അര മണിക്കൂർ മുമ്പ് തന്നെ കൊച്ചുവേളി സ്റ്റേഷനിൽ അദ്ദേഹം എന്നെ എത്തിച്ചു തന്നു. ചെറിയ ഒരു നന്ദി സൂചകമായി എന്റെ "അമ്മാവന്റെ കൂളിംഗ് എഫക്ട് " ഞാൻ സാറിന് കൈമാറി. മാത്രമല്ല ദൈവം നന്മ വരുത്തട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്തു.

ഈ വർഷത്തെ വൈഗയും അങ്ങനെ രണ്ട് സുഹൃദ് ബന്ധങ്ങൾ ഊട്ടിയുറപ്പിച്ചു കൊണ്ട് ഏറെ ഹൃദ്യമായി. ദൈവത്തിന് നന്ദി.

Tuesday, March 21, 2023

കോവളം

ജീവിതത്തിൽ ചില ഭ്രാന്തമായ ആഗ്രഹങ്ങൾ പലർക്കും ഉണ്ടായിരിക്കും. ചൊവ്വയിൽ കാല് കുത്തണമെന്നാഗ്രഹിക്കുന്നവൻ ചന്ദ്രനിൽ എത്തിയേക്കാം. എവറസ്റ്റിൽ കയറണമെന്ന് ആഗ്രഹിച്ചാൽ ഏതെങ്കിലും ഒരു മലയെങ്കിലും കീഴടക്കിയേക്കാം. എന്നാൽ മറ്റാരോടെങ്കിലും പറഞ്ഞാൽ അവർ കളിയാക്കി ചിരിക്കാൻ സാദ്ധ്യതയുള്ള ചില ആഗ്രഹങ്ങളും പലർക്കും ഉണ്ടാകും. അത്തരം ആഗ്രഹങ്ങളുടെ ലിസ്റ്റിനെ നമുക്ക് ബക്കറ്റ് ലിസ്റ്റ് എന്ന് വിളിക്കാം.

എന്റെ ബക്കറ്റ് ലിസ്റ്റിൽ പെട്ട ഒരു ഐറ്റമായിരുന്നു ബീച്ചിലൂടെ ഒരു പ്രഭാത നടത്തം എന്നത്. വീട്ടിൽ നിന്നും ഏറ്റവും അടുത്ത ബീച്ചായ കോഴിക്കോട് ബീച്ചിലേക്ക് നാൽപത് കിലോമീറ്ററിനടുത്ത് ദൂരമുള്ളതിനാൽ അത് അത്ര എളുപ്പം നടക്കുന്ന നടത്തമല്ല എന്ന് എനിക്ക് ബോധ്യമായിരുന്നു. എങ്കിലും ബക്കറ്റിൽ നിന്ന് ഞാനത് എടുത്ത് മാറ്റിയില്ല.

വൈഗ 2021 ൽ അഗ്രി ഹാക്കത്തോൺ ജൂറി മെമ്പറായി തൃശൂരിൽ ചെന്നതിന്റെ പിറ്റേന്ന് വടക്കുംനാഥ ക്ഷേത്രം വലം വച്ച് തേക്കിൻ കാട് മൈതാനിയിലൂടെ ഒരു പ്രഭാതസവാരി ഞാൻ നടത്തിയിരുന്നു. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു പ്രഭാത നടത്തമായിരുന്നു അത്.

രണ്ട് വർഷം കഴിഞ്ഞ് വൈഗ 2023 Agrihackലേക്ക് ജൂറി മെമ്പറായി എനിക്ക് വീണ്ടും അവസരം ലഭിച്ചു. ഇത്തവണത്തെ വൈഗ അഗ്രി ഹാക്കത്തോൺ നടന്നത് തിരുവനന്തപുരം വെള്ളായണി കാർഷിക കോളേജിലായിരുന്നു. ജൂറികൾക്ക് താമസമൊരുക്കിയത് ഹൂറികൾ ഉലാത്തുന്ന കോവളം ബീച്ചിൽ നിന്നും വെറും ഒന്നര കിലോമീറ്റർ ദൂരത്തുള്ള ഒരു ഹോട്ടലിലും. അതിനാൽ രണ്ടാം ദിവസം രാവിലെ തന്നെ എന്റെ ബക്കറ്റ് ലിസ്റ്റിൽ നിന്ന് ഞാനാ ഐറ്റം പൊടി തട്ടി എടുത്തു - ബീച്ചിലൂടെ ഒരു പ്രഭാത സവാരി.

അങ്ങനെ സഹജൂറികൾ എല്ലാം ഉറങ്ങിക്കിടക്കവെ ആറ് മണിക്ക് ഞാൻ ബീച്ചിലേക്ക് നടന്നു.ആദ്യ ദിവസം വൈകിട്ട് സഹപ്രവർത്തകർക്കൊപ്പം ബീച്ചിലേക്ക് നടന്നു പോയിരുന്നതിനാൽ വഴിയും ദൂരവും എല്ലാം മനസ്സിലാക്കി വച്ചിരുന്നു. മുമ്പ് കുടുംബ സമേതം പോയ സമയത്ത് തദ്ദേശീയർക്ക് പ്രവേശനം നിഷേധിച്ചിരുന്ന ഹവ്വാ ബീച്ചും ഈവ് ബീച്ചും ലൈറ്റ് ഹൗസ് ബീച്ചും (ഇതെല്ലാം ഒന്ന് തന്നെയാണെന്നാണ് ഞാൻ മനസ്സിലാക്കുന്നത്) മതിവരുവോളം ഞാൻ കണ്ടു. ഈ ബീച്ചുകളിൽ ടോപ് ലെസ്സ് ബാത്ത് ഇപ്പോൾ അനുവദിക്കാത്തതിനാലും അർദ്ധ നഗ്നരായ ടൂറിസ്റ്റുകൾ വളരെ കുറവായതിനാലും നാണമില്ലാതെ നമുക്കും നടക്കാം !!  വിവിധ റിസോർട്ടുകാർ ഒരുക്കി വച്ച കട്ടിലിലും മെത്തയിലും ഒക്കെ ഞാനും ഒന്നിരുന്ന് നോക്കി.

ഒരു മണിക്കൂറോളം അരുണന്റെ പൊൻകിരണങ്ങളും കടലിന്റെ പ്രഭാത സൗന്ദര്യവും ഇളം തെന്നലും ആസ്വദിച്ച ശേഷം ഒരോർമ്മ പുതുക്കലിനായി ഞാൻ കോവളം ബീച്ചിലേക്ക് നടന്നു. അവിടെയും ഒന്നിറങ്ങി നടന്ന് വാച്ചിൽ നോക്കിയപ്പോൾ സമയം ഏഴ് മണി കഴിഞ്ഞ് പതിനഞ്ച് മിനിറ്റ് ആയിരുന്നു. ജൂറി കൺവീനർ ഷാജഹാൻ സാറിന്റെ ഒരു മെസ്സേജ് അപ്പോൾ ജൂറി ഗ്രൂപ്പിൽ വന്നു.

"ആൾ ജൂറി മെമ്പേഴ്സ് ഹാവ് ടു റിപ്പോർട്ട് ഇൻ ഹാക്കത്തോൺ ഫ്ലോർ അറ്റ് 7.45 AM "

'ഉം...ഉം... 7.15 ന് കോവളം ബീച്ചിൽ ഉലാത്തുന്ന ഞാൻ 7.45 ന് വെള്ളായണി എത്താനോ? ഒലത്തും ... ' ആത്മഗതം ചെയ്തു കൊണ്ട് ഞാൻ ഹോട്ടലിലേക്ക് തിരിച്ച് നടന്നു.

Thursday, March 16, 2023

തേക്ക് മ്യൂസിയം

(മുന്നറിയിപ്പ്: ചുവപ്പ് വാക്കുകൾ കാണുന്നിടത്ത് ക്ലിക്കിയാൽ അങ്ങോട്ട് വഴി തെറ്റും)

നിലമ്പൂർ എന്ന പേര് ഈ ഭൂലോകത്ത് അറിയപ്പെടുന്നത് തേക്കുമായി ബന്ധപ്പെട്ടാണ്. ഈ തേക്കിന്റെ ഗുണഗണങ്ങൾ മനസ്സിലാക്കിയ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി അവരുടെ ആവശ്യങ്ങൾക്ക് സ്ഥിരമായി തേക്ക് ലഭിക്കാൻ വേണ്ടി തേക്കിൻ തോട്ടം വച്ച് പിടിപ്പിച്ചതോടെയാണ് നിലമ്പൂർ നൂറ്റാണ്ടുകൾക്ക് മുമ്പേ ലോകമറിയുന്ന സ്ഥലമായി മാറിയത്.1846ൽ മലബാർ ഡിസ്ട്രിക്റ്റ് കലക്ടർ ആയിരുന്ന കനോലി സായ്പ്പാണ്, ലോകത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന മനുഷ്യനിർമ്മിത തേക്കിൻ തോട്ടമായ കനോലി പ്ലോട്ട് നട്ടു പിടിപ്പിച്ചത്.


സ്വാഭാവികമായും തേക്കിനെപ്പറ്റി കൂടുതൽ അറിയാൻ വിദ്യാർത്ഥികളും ഗവേഷകരും സഞ്ചാരികളും എല്ലാം നിലമ്പൂരിൽ എത്തി.അങ്ങനെയായിരിക്കാം തേക്ക് മ്യൂസിയം എന്നൊരാശയം ഉദിച്ചത്. നിലമ്പൂർ ടൗണിൽ നിന്നും കോഴിക്കോട്-ഊട്ടി അന്തർസംസ്ഥാന പാതയിലൂടെ നാലഞ്ച് കിലോമീറ്റർ കൂടി മുന്നോട്ട് പോയാൽ എത്തുന്ന കരിമ്പുഴ എന്ന സ്ഥലത്താണ് തേക്ക് മ്യൂസിയം സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ ആദ്യത്തെ തേക്ക് മ്യൂസിയം എന്നതിന് പുറമെ ഇന്ത്യയിലെ ഒരേ ഒരു തേക്ക് മ്യൂസിയം കൂടിയാണ് ഇത്.

ഇരുപത്തഞ്ച് വർഷങ്ങൾക്ക് മുമ്പാണ് ഞാൻ ഈ മ്യൂസിയം ആദ്യമായി സന്ദർശിച്ചത്.ശൈശവ ദശയിലായതിനാൽ ഒരു കെട്ടിടത്തിനകത്ത് സജ്ജീകരിച്ച ഏതാനും തേക്കറിവുകളും സാധനങ്ങളും എന്ന് മാത്രമേ എനിക്ക്  അന്ന് തോന്നിയിരുന്നുള്ളൂ.എന്നാൽ ഇത്തവണ പാലക്കാട് ഗവ. എഞ്ചിനീയറിംഗ് കോളേജിലെ സഹപ്രവർത്തകർക്കൊപ്പം സന്ദർശിച്ചപ്പോഴാണ് ആ കെട്ടിടത്തിനകത്തും പുറത്തുമായി പരന്നു കിടക്കുന്ന അറിവിന്റെ സാഗരം തിരിച്ചറിഞ്ഞത്.

ലോകത്തിലെ ഏറ്റവും പ്രായമേറിയ തേക്ക് പറമ്പിക്കുളം വന്യജീവി സങ്കേതത്തിൽ സ്ഥിതി ചെയ്യുന്ന കണ്ണിമാര തേക്കാണ്.അതിന്റെ രൂപം നിലമ്പൂർ തെക്ക് മ്യൂസിയത്തിൽ കാണാം.ഏറ്റവും ഉയരം കൂടിയ മലയാറ്റൂരിലെ തേക്കിന്റെ തടിയും മ്യൂസിയത്തിലുണ്ട്.നൂറ്റി അറുപത് വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ച തേക്ക് തോട്ടം നിർമ്മാണത്തെപ്പറ്റിയും തേക്കിന്റെ ജീവചരിത്രവും എല്ലാം കണ്ടും വായിച്ചും അറിയാൻ ആഗ്രഹിക്കുന്നവർക്ക് ഇതിലും മികച്ച ഒരു സ്ഥലം ഇന്ത്യയിൽ ഉണ്ടാകില്ല.

നിരവധി പ്രാണികളെ ചില്ലുകൂട്ടിനുള്ളിലാക്കി വച്ചത് കണ്ടപ്പോൾ വെറുതെ കാണാൻ വച്ചതാണ് എന്നായിരുന്നു എന്റെ ധാരണ.പക്ഷെ അതിനെപ്പറ്റിയുള്ള വിവരണം വായിച്ചപ്പോഴാണ് തേക്ക് മരത്തിൽ കാണുന്ന വിവിധതരം പ്രാണികളാണ് അവയെല്ലാം എന്ന് മനസ്സിലായത്.ഒരു തേക്കിൻ തോട്ടം എന്നാൽ ജൈവ വൈവിധ്യങ്ങളുടെ കലവറയാണെന്ന് അപ്പോഴാണ് മനസ്സിലാക്കിയത്.

അകത്തെ കാഴ്ചകൾ കണ്ട ശേഷം പുറത്തിറങ്ങുന്നവരെ സ്വാഗതം ചെയ്യുന്നത് വിശാലമായ ഒരു പൂന്തോട്ടമാണ്.അമ്പതോളം വ്യത്യസ്ത തരത്തിൽ പെട്ട മരങ്ങളും നൂറ്റിമുപ്പത്തിലധികം തരത്തിൽ പെട്ട വംശനാശം നേരിടുന്ന മരങ്ങളും വച്ചുപിടിപ്പിച്ച ഒരു കാടും മ്യൂസിയത്തിന്റെ വെളിയിലുണ്ട്.ഹൈസ്‌കൂൾ/പ്ലസ് റ്റു സയൻസ് വിദ്യാർത്ഥികൾക്കാണ് ഇത് ഏറെ പ്രയോജനപ്പെടുക.ഇതിനകത്ത് തന്നെ അമ്പതിലധികം വിഭാഗത്തിൽ പെട്ട പക്ഷികളും നൂറ്റി അമ്പതിലധികം ഇനങ്ങളിൽ പെട്ട ഔഷധച്ചെടികളും കാണപ്പെടുന്നുണ്ട്.അതിനാൽ തന്നെ ഞാൻ ആദ്യം സന്ദർശിച്ച സമയത്തെ ഫീലിംഗ് ഇപ്പോൾ സന്ദർശിക്കുന്നവർക്ക് ഉണ്ടാകില്ല എന്ന് തീർച്ചയാണ്.

തിങ്കളാഴ്ച അല്ലാത്ത, മഴ ഒഴിഞ്ഞ ഏത് ദിവസവും തേക്ക് മ്യൂസിയം സന്ദർശിക്കാം.മുതിർന്നവർക്ക് അമ്പത് രൂപയും കുട്ടികൾക്ക് പതിനഞ്ച് രൂപയും ആണ് പ്രവേശന ഫീസ്.രാവിലെ പത്ത് മണി മുതൽ വൈകിട്ട് നാലര വരെയാണ് പ്രവേശനം.അവധി ദിവസങ്ങളിൽ നല്ല തിരക്ക് അനുഭവപ്പെടാറുണ്ട്.ഏകദേശം രണ്ടര മണിക്കൂറോളം കാഴ്ചകൾ ആസ്വദിക്കാനുള്ള വകയുണ്ട്.

തൊട്ടടുത്ത കനോലി പ്ലോട്ട്,ഫോറസ്റ്റ് ബംഗ്ളാവ്,ആഢ്യൻപാറ വെള്ളച്ചാട്ടം,നെടുങ്കയം എന്നിവ കൂടി സന്ദർശിക്കാനുതകും വിധം യാത്ര പ്ലാൻ ചെയ്‌താൽ ഒരു ദിവസം മുഴുവൻ കാണാനുള്ള കാഴ്ചകൾ നിലമ്പൂരിൽ തന്നെയുണ്ട്.