Pages

Friday, November 17, 2023

ഒ.വി.വിജയൻ സ്മാരക പുരസ്കാരം

പാലക്കാട് ഗവ. എഞ്ചിനീയറിംഗ് കോളേജിൽ ഞാൻ എത്തിപ്പെട്ടത് തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു. പക്ഷെ,രണ്ട് വർഷവും രണ്ട് മാസവും നീണ്ട് നിന്ന ആ കോളേജിലെ എന്റെ സേവനം എനിക്ക് സമ്മാനിച്ചത് നിരവധി അനുഭവങ്ങളും സന്തോഷങ്ങളുമാണ്. എന്റെ എഴുത്തിനെയും മറ്റു പല സേവന പ്രവർത്തനങ്ങളെയും ചില എക്സ്ട്രാ കരിക്കുലർ പ്രവർത്തനങ്ങളെയും ഇത്രയേറെ പ്രോത്സാഹിപ്പിച്ച സഹപ്രവർത്തകർ, ഞാൻ ഏറ്റവും കുറച്ച് കാലം മാത്രം സേവനമനുഷ്ഠിച്ച പാലക്കാട് ഗവ. എഞ്ചിനീയറിംഗ് കോളേജിൽ നിന്നുള്ളവരാണ്.

പാലക്കാട് ജോലി ചെയ്യുന്ന സമയത്ത്,ഒരു പ്രാദേശിക സാംസ്കാരിക കൂട്ടം ആ ജില്ലയിലെ ഉദ്യോഗസ്ഥർക്കായി ഒരു കഥാരചനാ മത്സരം സംഘടിപ്പിച്ചിരുന്നു. ഞാനും അതിൽ പങ്കെടുത്തെങ്കിലും സമ്മാനം ഒന്നും ലഭിച്ചില്ല .ഞാൻ പാലക്കാട് നിന്നും ട്രാൻസ്ഫർ ആയതിനാൽ, അന്ന് അവർ ഉണ്ടാക്കിയ വാട്സ്ആപ് ഗ്രൂപ്പിൽ നിന്ന് എക്‌സിറ്റ് ആകാൻ തീരുമാനിച്ചതായിരുന്നു. ആരോ എന്തിനോ എന്നെ തൽക്കാലം തടഞ്ഞു. അത് എന്റെ മൂന്നാമത്തെ മകൾ ലൂനയെ ഒരു അപൂർവ്വ സമ്മാനത്തിനിടയാക്കി.

പ്രസ്തുത ഗ്രൂപ്പിൽ നിന്നാണ്  ശിശുദിനത്തോടനുബന്ധിച്ച് ഇന്ത്യൻ റൈറ്റേഴ്‌സ് ഫോറം വിവിധ സാഹിത്യ മത്സരങ്ങൾ നടത്തുന്ന വിവരം എനിക്ക് ലഭിച്ചത്. അതിൽ മകൾക്ക് പങ്കെടുക്കാൻ പറ്റിയ ഒരു ഇനമായി പുസ്തകാസ്വാദനക്കുറിപ്പെഴുത്തും ഉണ്ടായിരുന്നു.മുൻ പരിചയം ഇല്ലെങ്കിലും ഈയിടെ അവൾ വായിച്ച 'ആടുജീവിതം' എന്ന നോവലിനെപ്പറ്റി ഒരു കുറിപ്പ് തയ്യാറാക്കി നോക്കാൻ ഞാൻ അവളോട് പറഞ്ഞു.രണ്ട് പേജോളം വരുന്ന ഒരു കുറിപ്പിലൂടെ അവൾ ആ പുസ്തകത്തിന്റെ ഉള്ളടക്കം ഭംഗിയായി എഴുതി.അത്യാവശ്യം വരുത്തേണ്ട മാറ്റങ്ങൾ ഞാൻ നിർദ്ദേശിച്ചു. അങ്ങനെ ഫൈനൽ കുറിപ്പ് അവസാന തീയ്യതിയായ നവംബർ എട്ടിന് ഇ-മെയിൽ മുഖാന്തിരം അയച്ചു കൊടുത്തു.

ഫെബ്രുവരി 12 ന് ഞാൻ വീട്ടിലെ കൃഷിപ്പണികൾ ചെയ്തു കൊണ്ടിരിക്കെ മേൽ മത്സരത്തിന്റെ മുഖ്യ സംഘാടകരിൽ ഒരാളായ ഉണ്ണി അമയമ്പലത്തിന്റെ ഫോൺ വിളി വന്നു. ഇന്ത്യൻ റൈറ്റേഴ്സ് ഫോറം അഖില കേരള അടിസ്ഥാനത്തിൽ സംഘടിപ്പിച്ച ഒ വി വിജയൻ സ്മാരക  പുരസ്കാരത്തിനായുള്ള പുസ്തകാസ്വാദനക്കുറിപ്പ് തയ്യാറാക്കൽ മത്സരത്തിൽ  അബിയ്യ ഫാത്തിമക്ക് ഒന്നാം സ്ഥാനം ലഭിച്ചിരിക്കുന്നു എന്ന സന്തോഷ വാർത്തയായിരുന്നു അത്. ഫെബ്രുവരി 14 ന് ഉച്ചക്ക് 2 മണിക്ക് തിരുവനന്തപുരം മാതൃഭൂമി ബുക്സിൽ വച്ച് നടക്കുന്ന ചടങ്ങിൽ വച്ച് സമ്മാനവിതരണം നടത്തും എന്നും അറിയിച്ചു.അപ്പോൾ തന്നെ ഞാൻ കുടുംബ സമേതം യാത്രക്കുള്ള ടിക്കറ്റും റിസർവ്വ് ചെയ്തു.

കുടുംബ സമേതം ഞാൻ തിരുവനന്തപുരത്ത് വരുന്നു എന്ന വിവരം, എന്റെ സുഹൃത്തും കൃഷി വകുപ്പിൽ നിന്ന് ഡെപ്യൂട്ടി ഡയറക്ടറായി വിരമിച്ചതുമായ ശശി സാറെ വിളിച്ചറിയിച്ചു. അദ്ദേഹം നിർദ്ദേശിച്ചതനുസരിച്ച് കൊച്ചുവേളി റെയിൽവേ സ്റ്റേഷന് അടുത്തുള്ള കൃഷി ഭവനത്തിൽ വെറും നൂറു രൂപക്ക് താമസവും റെഡിയായി. അന്നത്തെ ഉച്ചഭക്ഷണവും പ്രോഗ്രാം വെന്യുവിലേക്ക് ഞങ്ങളെ കൊണ്ടുപോകാനുള്ള ദൗത്യവും അദ്ദേഹം ഏറ്റെടുക്കുകയും ചെയ്തു. മാത്രമല്ല രണ്ട് പുസ്തകങ്ങളും വില പിടിപ്പുള്ള ഒരു പാർക്കർ പേനയും  അദ്ദേഹത്തിന്റെ സമ്മാനമായി ലൂന മോൾക്ക് നൽകുകയും ചെയ്തു.

മാതൃഭൂമി ബുക്സിൽ നടന്ന ചടങ്ങിൽ വച്ച് സർട്ടിഫിക്കറ്റും പുസ്തകങ്ങളും അടങ്ങിയ ഒ.വി.വിജയൻ സ്മാരക ശിശുദിന പുരസ്കാരം സാഹിത്യകാരി ശ്രീമതി ഗിരിജ സേതുനാഥിൽ നിന്ന് ലൂന മോൾ ഏറ്റുവാങ്ങി.ശ്രീ. ഒ.വി.വിജയൻ ബാല്യകാലം ചെലവഴിച്ച അരീക്കോട് എന്ന എന്റെ ഗ്രാമത്തിലേക്ക് എത്തുന്ന അദ്ദേഹത്തിന്റെ പേരിലുള്ള ആദ്യത്തെ പുരസ്കാരമാണിത് എന്നതിൽ ഞങ്ങൾക്ക് വളരെയധികം അഭിമാനം തോന്നുന്നു.  ബാല സാഹിത്യകാരൻ ഉണ്ണി അമ്മയമ്പലം, നോവലിസ്റ്റ് ബി മുരളി, സുനിൽ സി ഇ, ഹരിദാസ് ബാലകൃഷ്ണൻ എന്നിവരോടൊപ്പം ചടങ്ങിൽ സംസാരിക്കാൻ എനിക്കും അവസരം ലഭിച്ചു.

തക്ക സമയത്തുള്ള ചില മാർഗ്ഗ ദർശനങ്ങൾ മക്കളെ വളരെയധികം പ്രചോദിപ്പിക്കും. ദൈവത്തിന് നന്ദിയും സ്തുതിയും.

Thursday, November 16, 2023

ജയ്‌പൂർ മെട്രോ (റോയൽ രാജസ്ഥാൻ ഡേയ്‌സ് - 11)

ആദ്യം ഇത് വായിക്കുക

"ഉപ്പച്ചീ ...ജയ്പൂരിൽ മെട്രോ ട്രെയിൻ ഉണ്ടോ?  " ആദ്യ ദിവസത്തെ കാഴ്ചകൾ കഴിഞ്ഞ് ഹോട്ടലിൽ വിശ്രമിക്കുന്ന സമയത്ത് മക്കളിൽ ആരോ ചോദിച്ചു. ഇത്തവണ ഡൽഹി മെട്രോയിൽ കയറാൻ സാധിക്കാത്തതിനാൽ ആ ചോദ്യത്തിൽ കഴമ്പുണ്ട് എന്ന് ഞാൻ തിരിച്ചറിഞ്ഞു. സാധാരണ മെട്രോ സർവ്വീസുകൾ രാവിലെ ആറുമണിക്ക് ആരംഭിക്കും എന്നതിനാൽ മെട്രോയിൽ കയറി ഒന്ന് ആസ്വദിക്കാൻ സമയവും ഉണ്ടായിരുന്നു.ഉടൻ ഞാൻ ഗൂഗിളിൽ ഒന്ന് തപ്പി.ജയ്പൂരിൽ 2015 മുതൽ മെട്രോ ഓപ്പൺ ആണെന്ന് വിവരം ലഭിച്ചു. 

"അരെ ജീ...ജയ്‌പൂർ മെട്രോ ക കിസി സ്റ്റേഷൻ ആസ് പാസ് ഹേ?" അടുത്തേതെങ്കിലും സ്റ്റേഷൻ ഉണ്ടോ എന്നറിയാൻ  ഞാൻ ഹോട്ടലിന്റെ റിസപ്‌ഷൻ കൗണ്ടറിൽ ചെന്ന് ചോദിച്ചു.

"ഹാം സാർ...നസ്‌ദീക് മേം ഹേ..." അടുത്ത് തന്നെയുണ്ട് എന്ന മറുപടി കിട്ടി.

"കിത്ന ദൂർ ?"

"പൈദൽ ചൽനെ ക ദൂർ..." 

വെറും നടന്നെത്താനുള്ള ദൂരത്തിൽ സ്റ്റേഷൻ ഉണ്ട് എന്നറിഞ്ഞപ്പോൾ എനിക്ക് സന്തോഷമായി.ഡൽഹി മെട്രോ,ബാംഗ്ളൂർ മെട്രോ,കൊച്ചിൻ മെട്രോ (Click & read) എന്നിവയ്ക്ക് ശേഷം രാജ്യത്തെ നാലാമത്തെ മെട്രോയിൽ കയറാനുള്ള അവസരം അപ്രതീക്ഷിതമായി കിട്ടിയിരിക്കുന്നു.

"കിസ് സ്റ്റേഷൻ?"

"ചാന്ദ്‌പോൾ "

"ങേ!!" ഞാനൊന്ന് ഞെട്ടി.കാരണം ഇന്നലെ ആമേർ  കോട്ടയിൽ കണ്ട രണ്ട് കവാടങ്ങളാണ് ചാന്ദ്പോളും സൂരജ്പോളും.

"ചാന്ദ്‌പോൾ ??" ഞാൻ ഒരിക്കൽ കൂടി ചോദിച്ചു.

"ഹാം..ചാന്ദ്‌പോൾ " 

"നാളെ നമുക്ക് ജയ്‌പൂർ മെട്രോയിൽ ഒന്ന് കയറി നോക്കാം..." റൂമിൽ തിരിച്ചെത്തി ഞാൻ മക്കളോട് പറഞ്ഞു.അവർക്കും അത് ഇഷ്ടമായി.

പിറ്റേ ദിവസം നേരത്തെ എണീറ്റ് റെഡിയായി ഞങ്ങൾ ഹോട്ടലിൽ നിന്നിറങ്ങി. നടക്കാനുള്ള ദൂരമേ ഉള്ളൂ എന്ന് പറഞ്ഞിരുന്നെങ്കിലും റിക്ഷയിൽ ഒന്ന് യാത്ര ചെയ്തു നോക്കാം എന്ന് തോന്നിയതിനാൽ റോഡിൽ ആദ്യം കണ്ട റിക്ഷാക്കാരനെ വിളിച്ചു. സ്റ്റേഷന്റെ സൂചനാ ഫലകം കണ്ടപ്പോഴാണ് തലേ ദിവസം ഞങ്ങൾ സഞ്ചരിച്ച റോഡ് തന്നെയാണെന്ന് മനസ്സിലായത്.തൊട്ടടുത്ത് കണ്ട ഒരു ഒറ്റമുറി ചായക്കടയിൽ നിന്ന് ചായ കുടിച്ച് ലിദുമോന് മരുന്ന് തയ്യാറാക്കാനായി അല്പം പഞ്ചസാരയും അദ്ദേഹത്തിൽ നിന്ന് പൊതിഞ്ഞ് വാങ്ങി ഞങ്ങൾ ചാന്ദ്പോൾ സ്റ്റേഷനകത്തേക്ക് പ്രവേശിച്ചു.

സ്റ്റേഷനകത്ത് പ്രവേശിച്ച ഞങ്ങൾ ഞെട്ടിപ്പോയി. ഞങ്ങൾ ആറ് പേർക്ക് പുറമെ ആകെ സ്റ്റേഷനിൽ ഉള്ളത് അഞ്ച് പേർ. അതിലൊരാൾ ടിക്കറ്റ് കൗണ്ടറിനകത്ത് , രണ്ട് പേർ സെക്യൂരിറ്റി , മറ്റു രണ്ട് പേർ യാത്രക്കാരാണെന്ന് തോന്നുന്നു.

എവിടം വരെ പോകണം എന്നറിയാത്തതിനാൽ ഞാൻ നേരെ കൗണ്ടറിലേക്ക് ചെന്നു.
"ഹമേം മെട്രോ മേം ജാന ഹെ... അഗല സ്റ്റേഷൻ തക് കിത് ന ഹോഗ? "

 " അഗല സ്റ്റേഷൻ ചോട്ടി ചൗപർ ഹേ... ആപ്കോ സിർഫ് ട്രെയിൻ മേം ജാന ഹെ തൊ ബഡീ ചൗപർ തക് ജാവൊ ..." ട്രെയിനിൽ യാത്ര ചെയ്തു എന്ന് പറയണമെങ്കിൽ ബഡീ ചൗപർ വരെ പോകണം എന്നതിനാൽ ഞാൻ അങ്ങോട്ടുള്ള ടിക്കറ്റ് എടുക്കാൻ തീരുമാനിച്ചു.

"കിത് ന ഹെ..?''

" ചെഹ് രുപയെ പെർ സിർ " 

" സിർഫ് ചെഹ് രുപയെ ?" കേട്ടത് വിശ്വസിക്കാൻ കഴിയാത്തതിനാൽ ഞാൻ വീണ്ടും ചോദിച്ചു.

"യാഹ് ... വാപസ് ലാന ഹെ തോ ഔർ ചെഹ് ..."
ടോക്കൺ (ടിക്കറ്റ്) എടുത്ത് ഞങ്ങൾ ട്രെയിൻ വരാനായി കാത്ത് നിന്നു .


ആദ്യം വന്ന വണ്ടിയിൽ തന്നെ ഞങ്ങൾ കയറി. ഞങ്ങൾ കയറിയ ബോഗിയിൽ ഞങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ!കൂടുതൽ ഒന്നും കാണാനില്ലാത്തതിനാൽ ബഡീ ചൗപറിൽ ഇറങ്ങി അടുത്ത വണ്ടിക്ക് തന്നെ ഞങ്ങൾ ചാന്ദ് പോളിലേക്ക് തിരിച്ചു പോരുകയും ചെയ്തു. 

ഓട്ടോ പിടിച്ച് റൂമിലെത്തിയപ്പോഴേക്കും ഇന്നത്തെ കാഴ്ചകൾ കാണിക്കാനായി ജബ്ബാർ റെഡിയായി എത്തിയിരുന്നു.

"ആജ് ക്യാ ക്യാ ദേഖ്ന ഹെ?" ഞാൻ ജബ്ബാറിനോട് ചോദിച്ചു.

"കൽ ഹം ജയ്പൂർ ഔട്ടർ ദേഖ... ആജ് ജയ്പൂർ സിറ്റി സീൻസ് ദേഖ്ന ഹെ... സിറ്റി പാലസ്, ഹവാ മഹൽ, ജന്തർ മന്തർ, ആൽബർട്ട് ഹാൾ മ്യൂസിയം വഗൈരഹ് ...."

"കബ് നികൽന പടേഗ ...? "

"ജബ് ആപ് റെഡി ഹൊ തബ് നികലേഗ ..."

വൈകിട്ടോട് കൂടി ജയ്പൂർ വിടണം എന്നതിനാൽ ഇന്നത്തെ കാഴ്ചകൾ പെട്ടെന്ന് കണ്ടു തീർക്കണമായിരുന്നു. ഹോട്ടലിൽ പോയി സമയം കളയാനില്ലാത്തതിനാൽ ബ്രേക്ക് ഫാസ്റ്റ് ഓൺലൈനിൽ ഓർഡർ നൽകി. പെട്ടെന്ന് തന്നെ അത് റൂമിലെത്തുകയും ചെയ്തു. ഭക്ഷണം വേഗം കഴിച്ച് ഞങ്ങൾ ജയ്പൂർ സിറ്റി കാഴ്ചകൾ കാണാനായി പുറപ്പെട്ടു.

NB: ജയ്പൂർ റെയിൽവെ സ്റ്റേഷനിൽ നിന്ന്  മെട്രോയിൽ 12 രൂപക്ക് ബഡീ  ചൗപറിൽ എത്തിയാൽ ഹവാ മഹലിലേക്ക് നടക്കാനുള്ള ദൂരം മാത്രമേ ഉള്ളൂ.

Next : സിറ്റി പാലസും ജന്തർമന്തറും

Wednesday, November 08, 2023

കുറുക്കന് കിട്ടിയ ആമ (സൌഹൃദം പൂക്കുന്ന വഴികൾ - 24)

വൈഫിന്റെ ഡ്രൈവിംഗ് ടെസ്റ്റിന് ആറ് മണിക്ക് മലപ്പുറത്ത് എത്താനായിരുന്നു ഡ്രൈവിംഗ് സ്കൂളിൽ നിന്ന് തന്ന നിർദ്ദേശം.B Ed ന് പഠിക്കുമ്പോഴും ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ ട്രെയിനിംഗ് സമയത്തും മലപ്പുറത്ത് പോയും വന്നും രണ്ട് വർഷത്തെ യാത്രാ പരിചയം എനിക്ക് ഉണ്ടായിരുന്നു. എങ്കിലും, പുതിയ കാലത്ത് ഗൂഗിളമ്മായിയോട് ചോദിക്കാതെ ഒരു യാത്രാ തീരുമാനവും എടുക്കരുത് എന്നാണല്ലോ പ്രമാണം.

ചോദിച്ച പ്രകാരം G- അമ്മായി രണ്ട് വഴികൾ കാണിച്ച് തന്നു . നാടും റോഡും ഒക്കെ വികസിച്ചെങ്കിലും സമയ സൂചികൾ ഇപ്പോഴും ഓടുന്നത് പഴയ ആ ക്ലോക്കിൽ തന്നെയായതിനാൽ സമയത്തിൽ വലിയ പുരോഗതി ഒന്നും വന്നിട്ടില്ലായിരുന്നു. പണ്ട് കാലത്ത് ഒരു മണിക്കൂർ സഞ്ചരിക്കാൻ ഉണ്ടായിരുന്നത് ഇപ്പോൾ അമ്പത്തി ഏഴ് മിനുട്ട് ആയി എന്ന് G- അമ്മായി മൊഴിഞ്ഞു.

Punctuality യിൽ Casuality സംഭവിക്കരുത് എന്നതിനാൽ ഉറങ്ങിക്കിടക്കുന്ന രണ്ട് മക്കളെയും കാറിലേക്കെടുത്ത് കിടത്തി പുലർച്ചെ നാലര മണിക്ക് തന്നെ ഞാൻ നാട്ടിൽ നിന്ന് പുറപ്പെട്ടു. പോകുന്ന വഴിയിൽ ഒരു പള്ളിയിൽ കയറി സുബഹ് നമസ്കാരവും നിർവ്വഹിച്ചു. സൂര്യൻ കർട്ടൻ നീക്കുന്നതിന് മുമ്പെ ഞങ്ങൾ ടെസ്റ്റ് ഗ്രൗണ്ടിലെത്തി.

പ്രഭാത സൂര്യന്റെ കിരണങ്ങൾ ഏറ്റ് എന്റെ ഒബ്ലോങ്കട്ട ആദ്യ സിഗ്നൽ തന്നു. അത് പ്രകാരം, ഏഴ്  മണി ആയപ്പോഴാണ് ഞാൻ മലപ്പുറത്ത് പ്രസന്റ് ആണ് എന്ന വിവരം B Ed ബാച്ച് മേറ്റായ മരക്കാർക്ക് ഒരു voice മെസേജ് വിട്ടത്. മറുപടിയായി  അവന്റെ മണ്ണാങ്കട്ട പ്രവർത്തിച്ചത് എട്ടര മണി കഴിഞ്ഞായിരുന്നു. തൽസമയം എന്റെ ഭാര്യ കാറ് കൊണ്ട് H വരച്ച് കളിക്കുകയും ഞാനും മക്കളും തൊട്ടപ്പുറത്ത് ഉലാത്തുകയുമായിരുന്നു (വേറെ എന്തെങ്കിലും പണി വേണ്ടേ ചെയ്യാൻ?).

അപ്പോഴാണ്  മരക്കാറിന്റെ വക ഫോണിലൂടെ ഒരു സജഷൻ വന്നത് - " നേരെ കോട്ടക്കുന്നിൽ പോയി  ഉലാത്തൂ....''

"രാവിലെ എട്ടര മണിക്ക്  തന്നെ കോട്ടക്കുന്നിൽ പോകേ ? മരക്കാറ് എന്ന നിന്റെ പേരിലെ "ക്കാറ്" മാറ്റി "ത്തല" എന്നാക്കുന്നതാ നല്ലത് " എന്ന് ഞാൻ തൽക്കാലം പറഞ്ഞില്ല.

"നല്ല പാതിക്കും മക്കൾക്കും സ്കൂൾ ഉണ്ട് ... എങ്കിലും ടെസ്റ്റ് കഴിഞ്ഞ്  നീ ഇങ്ങോട്ട് വാ...". മരക്കാർ പറഞ്ഞു.

കഴിഞ്ഞാഴ്ച എന്റെ വീട്ടിൽ വന്നപ്പോൾ ഒന്നും കഴിക്കാതെ (കാരണം എന്റെ അനിയന്റെ വീട്ടിൽ നിന്ന് അവൻ നല്ലവണ്ണം തട്ടിയിരുന്നു) തിരിച്ച് പോയ  അവനെ, വെള്ളം പോലും കുടിക്കാതെ തിരിച്ചും ഒരു പാഠം പഠിപ്പിക്കാൻ ഇത് തന്നെ അവസരം എന്ന് ഞാനും കരുതി. ടെസ്റ്റ് ഗ്രൗണ്ടിന് തൊട്ടടുത്ത കടയിൽ നിന്ന് ഞാനും ഫാമിലിയും കൂടി നാലഞ്ച് കുറ്റി പുട്ട് (ഒരു ലേശം കുറയും) അകത്താക്കി നേരെ അവന്റെ വീട്ടിൽ എത്തി.

വീട്ടിനകത്ത് കയറിയപ്പോഴാണ് കഥ മാറിയത് അറിഞ്ഞത്. വീട്ടിൽ മരക്കാർ ആബ്സന്റ് ആന്റ് മരക്കാരി പ്രസന്റ് ! പക്ഷെ, ചങ്ങായി എവിടെ നിന്നോ പെട്ടെന്ന് തന്നെ എത്തിച്ചേർന്നു. നിമിഷങ്ങൾക്കകം ഡൈനിംഗ് ടേബിളിൽ വിവിധ തരം വിഭവങ്ങളും  നിരന്നു.

'യാ കുദാ' - കുറുക്കന് ആമയെ കിട്ടിയ പോലെ പൊറോട്ടയും കോഴിക്കാലും മറ്റും ഞാനും കുടുംബവും തിരിഞ്ഞും മറിഞ്ഞും നോക്കി. പാന്റിന് പകരം മുണ്ടാണ് ഉടുത്തിരുന്നതെങ്കിൽ ഒരിത്തിരി ലൂസാക്കിയാൽ ( എല്ലാവരും നോട്ട് ദി പോയിന്റ്) ഒരു പൊറോട്ടക്കൊപ്പം രണ്ട് കോഴിക്കാല് ഈസിയായിട്ട് ആമാശയ മാർച്ച് നടത്തുമായിരുന്നു.... ബട്ട് ഇന്ന് നോ രക്ഷ.

വീട്ടിൽ നിന്ന് അധികം തിന്നില്ലെങ്കിലും നാട്ടിൽ നിന്ന് തിന്നാൻ ഒരു പൊതിയുമായിട്ടാണ് മരക്കാരും ഭാര്യയും ഞങ്ങളെ യാത്രയാക്കിയത്. പണ്ട് ആഗ്ര പേഡ നിർമ്മിക്കാൻ കയറ്റി അയച്ചിരുന്നതും കോഡൂരിന്റെ പ്രശസ്തി ഉയർത്തിയതുമായ ഒരു കുമ്പളവും നാല് വലിയ വഴുതനകളും ആയിരുന്നു ആ പൊതിയിൽ ഉണ്ടായിരുന്നത്.

പ്രിയരെ,

സൗഹൃദങ്ങൾ അമൂല്യമാണ്. അവ ഓൺലൈനിൽ നിന്നും ഓഫ് ലൈനിലേക്ക് തന്നെ തിരിച്ചു വരണം. അപ്പോഴേ അതിന്റെ സൗരഭ്യം പരക്കുകയും രുചി ഭേദങ്ങൾ അറിയുകയും ഓർമ്മകൾ തൊട്ടുണർത്തുകയും ചെയ്യൂ.

നിയമപ്രകാരമല്ലാത്ത മുന്നറിയിപ്പ് :

അടുത്ത സ്വീകരണ കേന്ദ്രത്തിൽ ഉടൻ പ്രതീക്ഷിക്കാം - നാലഞ്ച് കുറ്റി പുട്ട് എന്ന പൊട്ടത്തരം ഇനി ആവർത്തിക്കില്ല.

Tuesday, November 07, 2023

പിങ്ക് സിറ്റിയിലെ നിശാ സുന്ദരികൾ (റോയൽ രാജസ്ഥാൻ ഡേയ്‌സ് - 10)

ആദ്യം ഇത് വായിക്കുക

പൗർണ്ണമി രാവിലെ താജ്‌മഹൽ പോലെ ആയിരിക്കും ജൽ മഹലിന്റെ രാത്രികാല ദൃശ്യം എന്ന് ഒരിക്കലും ഞങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല.ബട്ട്, വെള്ളത്തിൽ മുങ്ങി നിൽക്കുന്ന ഒരു സൗധത്തിൽ വിളക്കുകൾ തെളിഞ്ഞാൽ അത് സൃഷ്ടിക്കുന്ന പ്രകാശത്തിന്റെ വർണ്ണക്കാഴ്ചകൾ അതിമനോഹരമായിരിക്കും എന്ന ധാരണ ഉണ്ടായിരുന്നു. ചിത്രങ്ങളിൽ കണ്ട ജൽ മഹലിന്റെ രാത്രി കാല ദൃശ്യങ്ങളും ഞങ്ങളുടെ പ്രതീക്ഷകൾക്ക് ചിറക് നൽകി.പക്ഷേ, സൂര്യ വെളിച്ചം മുഴുവനായി മാഞ്ഞുപോകാത്തതിനാൽ പ്രതീക്ഷിച്ച അത്രയും നയന മനോഹരമായി ആ കാഴ്ച മാറിയില്ല.

കടപ്പാട് : ഗൂഗിൾ

"സാർ...ജായേഗാ?" ജബ്ബാറിന്റെ ചോദ്യം ഞങ്ങളെ സ്ഥലം വിടാൻ പ്രേരിപ്പിച്ചു.

"ഹാം...ചലേഗാ..." ഞാൻ മറുപടി പറഞ്ഞു.

ഞങ്ങളെയും കൊണ്ട് കാർ ജയ്‌പൂർ നഗരം ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങി. പാതയുടെ ഇരുവശങ്ങളിലും ദീപാവലിയിൽ കുളിച്ച് നിൽക്കുന്ന ബിൽഡിംഗുകൾ അതി മനോഹരമായ കാഴ്ച വിരുന്നൊരുക്കി.

"സാർ ... ജയ്പൂർ സിറ്റി മേം ജോ നയാ ബിൽഡിംഗ് ബൻതെ ഹേ വഹ് ഭീ പിങ്ക് രംഗ് പെയിന്റ് കർന ഹേ..."

"അഛാ"

" യെ ദേഖോ ... സാര ബിൽഡിംഗ് മേം ബിജലി ജലായ ഹേ... വഹ് ഭീ സർകാരി കർച്ച് മേം ഹേ... ". കെട്ടിടങ്ങളിലെ ദീപാലങ്കാരങ്ങൾ സർക്കാർ ചെലവിലാണെന്നത് ഞങ്ങൾക്ക് പുതിയൊരറിവായിരുന്നു.

"സാർ...സബ് ദായേം ഓർ ദേഖോ..." എല്ലാവരോടും വലതു ഭാഗത്തേക്ക് നോക്കാനായി ജബ്ബാറിന്റെ നിർദ്ദേശം വന്നു. 
                                   
"ഹായ്... ഹവാ മഹൽ...." വർണ്ണ പ്രഭയിൽ ആറാടി നിൽക്കുന്ന കെട്ടിടത്തെ ഞങ്ങൾ എല്ലാവരും പെട്ടെന്ന് തിരിച്ചറിഞ്ഞു. 

"സാംനെ രുക്‌നെ സകേക?" 

"ക്യോമ് ?"

"ഫോട്ടോ മാർനെ കെ ലിയേ..." ഫോട്ടോ എടുക്കാൻ അതിന്റെ അടുത്ത് നിർത്താൻ സാധിക്കുമോ എന്ന് ഞാൻ ചോദിച്ചു.

"ട്രാഫിക് ഹെവി ഹേ... ഗാഡി സെ ഹീ ഫോട്ടോ മാരോ" കാറിൽ നിന്ന് തന്നെ ഫോട്ടോ എടുക്കാൻ പറഞ്ഞുകൊണ്ട് ജബ്ബാർ വളരെ സാവധാനം കാർ ഡ്രൈവ് ചെയ്തു.ഈ കാഴ്ച കാണാനായി ജൽ മഹലിന്റെ അടുത്ത് വൈകുന്നേരം ചെലവഴിച്ചത് നന്നായി എന്നെനിക്ക് തോന്നി.
                                             
കാറ് വീണ്ടും മുന്നോട്ട് നീങ്ങി. റോഡിന് കുറുകെ വലിയൊരു കൽ കവാടം നെഞ്ചും വിരിച്ച് ദീപ പ്രഭയിൽ കുളിച്ച് നിൽക്കുന്നത് കണ്ടു.

"വഹ് ക്യാ ഹേ?" 

"അജ്മീരി ഗേറ്റ് ഹേ"

"സുനാ നഹീം..." ഞാൻ കേട്ടിട്ടില്ല എന്ന് പറഞ്ഞു. 

"ജയ്‌പൂർ സിറ്റിക്ക് ചുറ്റും ഒരു ഒരു..." ജബ്ബാർ വീണ്ടും മലയാളം പറയാൻ  തുടങ്ങിയെങ്കിലും മുഴുമിപ്പിക്കാൻ കഴിയാതെ വിഷമിച്ചു.

"ഒരു ....?''

"ദീവാർ ക്യാ കഹ്‌തെ ഹേ ആപ്?"

"ചുമര്..." ഞാൻ പറഞ്ഞു.

"നഹീം... ഘർ ക ബാഹർ ബനാന വാല ..."

"ഓഹ്....മതിൽ ..."

"യാ...വഹ് ഹീ ഹേ...ഇസ് ദീവാർ കോ ടോട്ടൽ സാത് ഗേറ്റ് ഹേ "

''ഹാം.."

"യഹ് ജയ്‌പൂർ  സെ അജ്‌മീർ ജാനേ വാല സഡക് ഹേ.. ഇസ്‌ലിയെ അജ്‌മീരി ഗേറ്റ് ബുലാത്ത ഹേ...സത്രഹ് സൗ സത്താഈസ് മേം മഹാരാജ ജയ്‌സിംഗ് സെക്കൻഡ് ബനായ കിയ ധ..."  
                                      
കാറ് അജ്‌മീരി ഗേറ്റും കടന്ന് മുന്നോട്ട് പോയി. പെട്ടെന്നാണ് കൂരിരുട്ടിൽ വിവിധ വർണ്ണത്തിലുള്ള പ്രകാശത്തിന്റെ ഒരു നൃത്തം കണ്ടത്.ഇട വിട്ടിടവിട്ട്  നിറം മാറി മാറി വരുന്നതിനാൽ ഒരു ലൈറ്റ് ആൻഡ് സൗണ്ട് ഷോ പോലെയാണ് ആദ്യം തോന്നിയത്.

"സാർ ദേഖോ ... വഹ് ഹേ ആൽബർട്ട് ഹാൾ മ്യൂസിയം..."

"വാഹ്...ബഹുത് ഖുബ്‌സൂരത് ഹേ..."

"അബ് സിർഫ് ബാഹർ സെ ദേഖോ ഔർ ഫോട്ടോ മാരോ ...കൽ ഹം അന്തർ ജായേഗാ ..."

"ടീഖ്..."

                                                          
                                     

ജയ്‌പൂരിനെ പിങ്ക് സിറ്റിയാക്കാൻ കാരണക്കാരനായ ആൽബർട്ട് എഡ്വേർഡിന്റെ സ്മരണാർത്ഥമുള്ള ആൽബർട്ട് ഹാൾ മ്യൂസിയത്തിന്റെ രാത്രികാല കാഴ്ച കൂടി ആസ്വദിച്ച ശേഷം ഞങ്ങൾ റൂമിലേക്ക് തിരിച്ചു.

Friday, November 03, 2023

ഡ്രൈവിംഗ് ലൈസൻസ്

"അതേയ്...എനിക്ക് ഡ്രൈവിംഗ് പഠിക്കണം..."  ഒരു സുപ്രഭാതത്തിലുള്ള ഭാര്യയുടെ പ്രഖ്യാപനം കേട്ട് ഞാൻ ഞെട്ടിപ്പോയി.

"അതെന്താ ഇപ്പോൾ ഒരു ബോധോദയം വന്നത്?"

"ഒന്നും ല്ല... ആഗ്രഹങ്ങൾ വരുമ്പോഴല്ലേ പറയാൻ പറ്റൂ..."

'അയൽപക്കത്ത് ആരും ഡ്രൈവിംഗ് ലൈസൻസ് എടുത്തിട്ടില്ല...ഭാര്യാ സഹോദരിമാർക്കും ഡ്രൈവിംഗ് ലൈസൻസില്ല... എന്റെ സഹോദര ഭാര്യമാർക്കും ഡ്രൈവിംഗ് ലൈസൻസില്ല...പിന്നെ എങ്ങനെ പെട്ടെന്നൊരു ആഗ്രഹം മുളപൊട്ടി??' ഞാൻ ആലോചിച്ചു.

"ഈ ഡ്രൈവിംഗ് ലൈസൻസ് എടുക്കണമെങ്കിൽ തലയ്ക്കകത്ത് എന്തെങ്കിലും ഒക്കെ വേണം..." ഞാൻ ഒന്ന് ഊരാൻ ശ്രമിച്ചു. 

"അപ്പോൾ പിന്നെ നിങ്ങൾക്ക് കിട്ടിയതോ?" അവളുടെ  ചോദ്യത്തിന് മുന്നിൽ ഞാനൊന്ന് പകച്ചുപോയി.

"ഞാനൊക്കെ ന്ന് പറഞ്ഞാൽ... സമൂഹത്തിൽ നാലാള് അറിയുന്ന..."

"എന്നിട്ടാ ആദ്യത്തെ രണ്ട് വട്ടവും സുന്ദരമായി തോറ്റത്..."

"തോൽവി വിജയത്തിലേക്കുള്ള ചവിട്ടുപടിയാണ് എന്ന് നീ കേട്ടിട്ടില്ലേ?"

"ങാ..അതൊക്കെ കേട്ടിട്ടുണ്ട്... പക്ഷെ 'എച്ച്' ഇടുന്നതിൽ രണ്ട്  തവണ തോറ്റ ഒരേ ഒരാളെയേ ഞാൻ കണ്ടിട്ടുള്ളൂ...അത് നിങ്ങളാണ്.."

ആ പറഞ്ഞത് എനിക്കൊരു ക്ഷീണമായെങ്കിലും ഞാനും വിട്ടുകൊടുത്തില്ല.

"അതേയ്...ആദ്യത്തെ തവണ ഞാൻ 'എച്ച്' ഫുൾ ഇട്ടതാ..."

"ഉം...ഉം...പിന്നെ ഇൻസ്പെക്ടർക്ക് തെറ്റിയതാവും..."

"അല്ലല്ല...അവസാനം കുറച്ച് കൂടി റിവേഴ്‌സ് എടുക്കാൻ പറഞ്ഞു... ഞാൻ എടുത്തത് റിവേഴ്‌സാ... ബട്ട് ജീപ്പ് നീങ്ങിയത് മുന്നോട്ടും..."

"ഓ...പുതിയ ടെക്‌നോളജി ആയിരിക്കും..." എന്റെ മുഖത്ത് സൈക്കിളിൽ നിന്ന് വീണ ഒരു ചിരി പടർന്നു.

"യെസ്...ടെക്‌നോളജി ഈസ് ഹൈലി ഡെവലൊപ്ഡ് ...ആൻഡ് വീ പുവർ കൺട്രി ഫെലോസ് സ്റ്റിൽ ഇൻ പൊട്ടക്കുളം.."

"അപ്പോൾ രണ്ടാമത്തെ അവസരത്തിലോ ?" 

"അത്...പിന്നെ...ഒന്നിലൊത്തില്ലെങ്കിൽ മൂന്നിൽ എന്നതല്ലേ ഒരു ശരി ?"

"ആ കമ്പി അന്ന് ജീപ്പിൽ കുത്തിക്കയറാഞ്ഞത് ഭാഗ്യം...നേരെ നെഞ്ചത്ത് കൂടെയാ കയറിപ്പോയത്..."

'ഹും... കാറ് കൊണ്ട് 'എച്ച്' ഇടുമ്പോ നിനക്കും മനസ്സിലാകും, ഇത് കടലാസിൽ ഇടുന്ന മാതിരി അത്ര എളുപ്പമുള്ള പരിപാടിയല്ലാന്ന്...' ഞാൻ ആത്മഗതം ചെയ്തു.

"പിന്നെ...മൂന്നാമത്തേതിലും മോഡറേഷൻ വഴി ജയിച്ചതാണെന്ന് ഡ്രൈവിംഗ് കണ്ടാൽ അറിയാം..."

"ഏയ്... മൂന്നാമത്തേതിൽ ജീപ്പും കമ്പിയും തമ്മിൽ ഒരാനയുടെ ദൂരം ഉണ്ടായിരുന്നു..."

" കുഴിയാന ആയിരിക്കും..."

"അല്ലല്ല...വയനാട്ടിൽ കാണുന്ന ഇന്ത്യൻ ആന തന്നെ ..."

"എന്നിട്ടും കമ്പി വീണു എന്നാണല്ലോ കേട്ടത്..?"

"അത്... കാറ്റടിച്ചപ്പോ വീണതാ..."

"ഇങ്ങനെ ഞെങ്ങിയും ഞെരങ്ങിയും ലൈസൻസ് എടുത്ത ആളാ ഇപ്പോൾ എന്റെ തലയിൽ എന്തെങ്കിലും വേണം എന്ന് പറയുന്നത്..." 

ഞാൻ അവളെ നോക്കി ഒന്ന് ചിരിച്ചു.

*****

"ഇന്ന് എന്റെ ഡ്രൈവിംഗ് ടെസ്റ്റാ..." മൂന്ന് മാസങ്ങൾക്ക് ശേഷം ഒരു ദിവസം ഭാര്യ പറഞ്ഞു.

"ഉം.." ഞാനൊന്ന് മൂളി.

"നിങ്ങൾ തോറ്റ പോലെ തോൽക്കാൻ എനിക്ക് മനസ്സില്ല...ഇതിൽ നിങ്ങളെ ഞാൻ തോൽപ്പിക്കും..."

"ലൈസൻസ് കിട്ടിക്കഴിഞ്ഞ എന്നെ ഇനി എങ്ങനെ തോൽപ്പിക്കാനാ?"

"ആദ്യ ശ്രമത്തിൽ തന്നെ ഞാൻ പാസ്സാകും..." 

അത് വല്ലാത്തൊരു വെല്ലുവിളിയായിരുന്നു.ടെസ്റ്റ് പാസ്സായാൽ ജീവിതകാലം മുഴുവൻ ഈ കാര്യത്തിൽ അവൾ എന്റെ മുന്നിലായി.തോറ്റാൽ വീണ്ടും മറ്റൊരു ദിവസം അവളെയും കൊണ്ട് പത്ത് മുപ്പത് കിലോമീറ്റർ ഡ്രൈവ് ചെയ്ത് അതിരാവിലെ ടെസ്റ്റിന് എത്തണം.ദൈവമേ,നീ തന്നെ ഒരു തീരുമാനമാക്കണേ...ഞാൻ പ്രാർത്ഥിച്ചു.

*****

ഡ്രൈവിങ് ടെസ്റ്റ് കഴിഞ്ഞ ഭാര്യ ഒരു പുഞ്ചിരിയോടെ എന്റെ നേരെ നടന്നടുത്തു.

"ഞാൻ പാസ്സായി..."

"ങേ!! കൺഗ്രാജുലേഷൻസ്.." ഞെട്ടിയെങ്കിലും ഞാൻ അഭിനന്ദനം അറിയിച്ചു.

"അതേയ്... പണ്ടൊക്കെ എസ് .എസ് .എൽ .സി പാസ്സാകുക എന്നത് ഭയങ്കര കാര്യമായിരുന്നു..." എന്റെ പ്രതികരണം അറിയാനായി  കാത്ത് നിൽക്കുന്ന അവളോട് ഞാൻ പറഞ്ഞു തുടങ്ങി.

"ങാ..."

"ഇന്നിപ്പോ എസ് .എസ് .എൽ .സി തോൽക്കാനാണ് ബുദ്ധിമുട്ട്..."

"അത് ശരിയാ..."

"അതേപോലെ പണ്ടൊക്കെ ഡ്രൈവിംഗ് ടെസ്റ്റ് പാസ്സാകുക എന്നത് അത്ര എളുപ്പമായിരുന്നില്ല..."

"ഉം...ഉം..."

"ഇന്നിപ്പോ ഡ്രൈവിംഗ് ടെസ്റ്റ് തോൽക്കാനാണ് പ്രയാസം... എല്ലാ അണ്ടനും അടകോടനും ഏതെങ്കിലും ഒരു ലൈസൻസ് ഉണ്ടാകും... അതല്ലേ റോട്ടിൽ ഇത്രയധികം വാഹനങ്ങളുടെ തിരക്ക്... വാ കയറ് ... ബാക്കി വീട്ടിലെത്തിയിട്ട് പറയാം..."

ഞാൻ പറഞ്ഞതനുസരിച്ച് അവൾ കാറിൽ കയറി.മുന്നിൽ കണ്ട വാഹനങ്ങളുടെ നീണ്ട നിരയുടെ കാരണം കിട്ടിയ സന്തോഷത്തിലായിരുന്നു അപ്പോൾ അവൾ.