Pages

Friday, July 20, 2012

നനച്ചുകുളി - ഒരോര്‍മ്മ

                     ഇന്ന് റമദാന്‍ വ്രതാനുഷ്ടാനത്തിന്റെ തലേ ദിവസം.ഓര്‍മ്മയില്‍ ഓടിവരുന്നത് ‘നനച്ചുകുളി‘ എന്ന വൃത്തിയാക്കല്‍ മഹോത്സവം തന്നെ.കുട്ടിക്കാലത്ത് നോമ്പ് തുടങ്ങുന്നതിന്റെ തലേ ദിവസം മാത്രമായിരുന്നു ഈ പരിപാടി എന്നാണെന്റെ ഓര്‍മ്മ.അതായത് വീടും പരിസരവും മുഴുവന്‍ വൃത്തിയാക്കുന്ന ഒരു കുടുംബ പരിപാടി.ബാപ്പയും ഉമ്മയും കുട്ടികള്‍ എല്ലാവരും ഈ പരിപാടിയില്‍ പങ്കെടുക്കും.ഉമ്മക്ക് അടുക്കളയും അനുബന്ധഭാഗങ്ങളും ആണ് സാധാരണ ഗതിയില്‍ അനുവദിക്കപ്പെട്ട ഭാഗം.വാതിലും ജനലുകളും വീട്ടിലെ ഫര്‍ണ്ണീച്ചറുകളും ഞങ്ങള്‍ കുട്ടികളുടെ ‘അവകാശമാണ്’‘.വേലക്കാരി ഉണ്ടെങ്കില്‍ ഞങ്ങള്‍ ഫര്‍ണ്ണീച്ചറില്‍ മാത്രമായൊതുങ്ങും.

                വീടിന്റെ തൊട്ടു മുമ്പിലെ പറമ്പ് വലിയ അമ്മാവന്റേതായിരുന്നു.അവിടെ ‘പാറോത്തില’ എന്ന നല്ല പരുപരുത്ത തരം ഒരില ഉണ്ടാകുന്ന ഒരു മരം ഉണ്ടായിരുന്നു.അനിയന്‍ അതില്‍ അനായാസം കയറി ആവശ്യമായ ഇലകള്‍ മാത്രം പറിച്ചിടും.(പിന്നീട് കൊമ്പ് വെട്ടിയാല്‍ മതി എന്ന പുത്തന്‍സൂത്രം കത്തിയതോടെ അവന്റെ മരം കയറ്റം അവസാനിച്ചു).
               വീട്ടിലെ കട്ടിലുകളും സോഫകളും എല്ലാം പുറത്ത് മുറ്റത്തേക്കിട്ട് അതിന്റെ മേലെ നന്നായി വെള്ളമൊഴിക്കും.പിന്നെ മേല്‍ പറഞ്ഞ പാറോത്തില മൂന്നോ നാലോ എണ്ണം പരത്തിവച്ച് അമര്‍ത്തി ഉരക്കാന്‍ തുടങ്ങും.ഒന്നാമത്തെ ഉരസലില്‍ തന്നെ ചെളി ഇളകി ഒഴുകാന്‍ തുടങ്ങുമ്പോള്‍ കുട്ടികളായ ഞങ്ങള്‍ക്ക് അത്ഭുതമായിരുന്നു - ഇത്രയും ചെളി എങ്ങനെ ഇതിന്റെ മേലെ പിടിച്ചു എന്ന്.കട്ടിലിന്റെ മുകള്‍ ഭാഗം എളുപ്പം തീരും.പക്ഷേ കാല്‍ ഉരക്കാന്‍ വളരെ ബുദ്ധിമുട്ടും.അതിന് വീതി വളരെ കുറവായത് കാരണം വിചാരിക്കുന്ന പോലെ ഉരക്കാന്‍ കഴിയില്ല.അങ്ങനെ മുഴുവന്‍ കഴുകി വൃത്തിയാക്കി അല്പമകലെ വെയിലത്തേക്ക് പിടിച്ചിടും , ഉണങ്ങാന്‍ വേണ്ടി.
            ഉണങ്ങിക്കഴിഞ്ഞ കട്ടില്‍ കാണാന്‍ തന്നെ നല്ല രസമാണ്.നല്ല കുട്ടപ്പന്‍ കട്ടില്‍.വെയിലേറ്റ് ചൂടുള്ളത് കാരണവും മുറ്റത്തിട്ടത് കാരണവും അതില്‍ കയറി കിടക്കാന്‍ തോന്നും.പക്ഷേ നമ്മുടെ ദേഹത്തെ ചെളി അതിലേക്ക് പറ്റുമോ എന്ന ശങ്കയാല്‍ അങ്ങനെ ചെയ്യാറില്ല.ബാപ്പയും ഈ കട്ടില്‍ കഴുകലില്‍ ഞങ്ങളുടെ കൂടെ ഉണ്ടാകാറുണ്ടായിരുന്നു.ബാപ്പ ശക്തിയില്‍ ഉരക്കുന്നത് കാരണം ചെളി നന്നായി ഇളകിപ്പോരുകയും ചെയ്യും.
          ഇന്ന് ഈ നനച്ചുകുളി നോമ്പിന്റെ ഒരു മാസം മുമ്പ് തന്നെ നടന്നിരിക്കും.അതിനാല്‍ ഇതിന് പ്രത്യേകിച്ച് ഒരു പ്രാധാന്യം തോന്നാറില്ല.നനച്ചുകുളി എന്ന് കുട്ടികളോട് പറഞ്ഞാല്‍ തന്നെ മനസ്സിലാകുന്നില്ല.മാത്രമല്ല കട്ടിലുകളും സോഫയും ഒക്കെ കഴുകുക എന്നത് അവരുടെ സ്വപ്നത്തില്‍ പോലും ഇല്ല.അതൊക്കെ നനക്കാന്‍ പറ്റാത്ത സാധനങ്ങളായിട്ടാണ് അവരുടെ ധാരണ.കാലം അത്രയും മാറി.പഴയ തലമുറ ഇപ്പോഴും ഈ ആചാരം തുടരുന്നു.

3 comments:

Areekkodan | അരീക്കോടന്‍ said...

പഴയ തലമുറ ഇപ്പോഴും ഈ ആചാരം തുടരുന്നു.

Raees hidaya said...

പലരും ഇപ്പോഴും തുടരുന്നു...പല പേരുകളില്‍ ഈ നനച്ചുളി....

ajith said...

നനച്ചുകുളി തുടരാം..

Post a Comment

നന്ദി....വീണ്ടും വരിക