Pages

Friday, July 20, 2012

തലോല്‍മ്പ് - ബാല്യകാല സ്മരണ

              റമദാന്‍ വ്രതാനുഷ്ടാനം ആരംഭിക്കുകയായി.ജീവിതത്തിലെ ആദ്യത്തെ നോമ്പ് എന്നാണ് നോറ്റതെന്ന് കൃത്യമായി ഓര്‍മ്മയില്ല.അല്ലെങ്കിലും ഭാവിയില്‍ ഇതൊക്കെ കുറിച്ചിടാന്‍ ഒരു സ്ഥലം കിട്ടും എന്ന് ഒരിക്കലും കരുതിയതല്ലോ.ഇപ്പോള്‍ മക്കളോട് അതൊക്കെ ഓര്‍ത്തുവയ്ക്കാന്‍ പറയേണ്ടതുമില്ല.കാരണം അവര്‍ക്ക് നേരെ ബ്ലോഗില്‍ പോസ്റ്റാന്‍ സൌകര്യവുമുണ്ട്.
              റമദാന്‍ മാസത്തിലെ ഒന്നാം നോമ്പ് കുട്ടിക്കാലത്ത് ശരിക്കും ഒരാവേശവും വാശിയും കഷ്ടപ്പാടും കൂടിയായിരുന്നു.കാരണം സ്കൂളിന്റെ കൂടെ മദ്രസയില്‍ കൂടി പോകുന്നതിനാല്‍ ഉസ്താദിന്റെ അന്നത്തെ ആദ്യചോദ്യം ആരൊക്കെ നോമ്പ് നോറ്റിട്ടുണ്ട് എന്നത് തന്നെയായിരിക്കും.നോമ്പ് നോറ്റവര്‍ക്ക് മിക്ക ശിക്ഷകളില്‍ നിന്നും ഇളവ്(ഇന്നത്തെ ഡിസ്കൌണ്ട്) ലഭിക്കുന്നതിനാല്‍ എല്ലാവരും നോമ്പ് ‘നോറ്റവരും’ ആയിരിക്കും.
           പലപ്പോഴും തലോല്‍മ്പ്(ഒന്നാം നോമ്പ്) മുറിഞ്ഞ് പോകാനുള്ള സാധ്യത വളരെ കൂടുതലാണ്.ദാഹിച്ച് വശം കെടുന്നതിനാല്‍ ‘അറിയാതെ’ വെള്ളം കുടിച്ചുപോകും.കൂടാതെ കൂട്ടുകാര്‍ എന്തെങ്കിലും തിന്നുമ്പോളോ ഉമ്മ തേങ്ങ ചിരവുമ്പോഴോ അറിയാതെ തിന്നുപോകാനുള്ള സാധ്യത കൂടുതലാണ്.അറിയാതെ എന്ത് കഴിച്ചാലും നോമ്പ് മുറിയില്ല എന്ന ആനുകൂല്യത്തില്‍ കുട്ടികളായ ഞങ്ങളെ ഉമ്മ സമാധാനിപ്പിക്കും.
         നോമ്പ് കാലത്ത് സ്കൂള്‍ ഉണ്ടായിരുന്നോ ഇല്ലേ എന്ന് എനിക്ക് കൃത്യമായി ഓര്‍മ്മയില്ല.പക്ഷേ ഒരു കാര്യം കൃത്യമായി ഓര്‍മ്മയുണ്ട്.നോറ്റ നോമ്പിന്റെ എണ്ണം സ്കൂളില്‍ എപ്പോഴും ചര്‍ച്ചാ വിഷയമാകാറുണ്ട്.മിക്കവാറും പേര്‍ പതിനഞ് നോമ്പ് നോറ്റവരായിരിക്കും.കാരണം ഒന്നിടവിട്ട ദിവസങ്ങളിലായിരുന്നു കുട്ടികളായ ഞങ്ങളുടെ നോമ്പ് ദിനങ്ങള്‍.ഇടക്ക് ഒരു ദിവസം ഉമ്മ വിളിക്കാതെയോ ഞാന്‍ എണീക്കാതെയോ വിട്ടുപോയാല്‍ പഴി മുഴുവന്‍ പാവം ഉമ്മാക്കായിരിക്കും.കാരണം അപ്പുറത്തെ മൂത്തുമ്മായുടെ മക്കളും സ്കൂളിലെ കൂട്ടുകാരും എല്ലാം എന്നെ മറികടന്നു പോയല്ലോ എന്ന വ്യസനം മനസ്സില്‍ ഉണ്ടാകും.എങ്ങനെയെങ്കിലും അവരുടെ ഒരു നോമ്പും മുടങ്ങണേ എന്നാകും പിന്നെ മനസ്സിലെ പ്രാര്‍ത്ഥന.ഇന്ന് അതെല്ലാം ഓര്‍ക്കുമ്പോള്‍ ചിരിയും നഷ്ടബോധവും തോന്നുന്നു.
          ആ വര്‍ഷത്തെ ആദ്യത്തെ നോമ്പ് ആയതിനാല്‍  തലോല്‍മ്പിന്റെ വിഭവങ്ങള്‍ ഓര്‍ക്കുമ്പോള്‍ വായില്‍ വെള്ളമൂറും.കുട്ടികളായ ഞങ്ങളുടെ കടിഞ്ഞൂല്‍ നോമ്പ് കൂടി ആണെങ്കില്‍ ഉമ്മ പല വിഭവങ്ങളും ഒരുക്കിയിട്ടുമുണ്ടാകും.സേമിയ പായസവും , റവ കൊണ്ടുണ്ടാക്കിയ തരിക്കഞ്ഞിയും പത്തിരിയും ഇറച്ചിക്കറിയും എല്ലാം എല്ലാം.....ഇന്ന് അതിലും കൂടുതല്‍ വിഭവങ്ങള്‍ ഉണ്ടെങ്കിലും എല്ലാം കടകളില്‍ നിന്നും ലഭിക്കുന്ന റെഡിമേഡ് ആയതിനാല്‍ ഒരു രസവും തോന്നാറില്ല.കഴിഞ്ഞുപോയ കാലം യവനികയില്‍ നിന്ന് ഇനി പുറത്തേക്ക് വരില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ മനസ്സ് നിറയെ സങ്കടം തോന്നുന്നു. റമദാന്‍ മുഴുവന്‍ ആരോഗ്യത്തോടെ സന്തോഷത്തോടെ നോമ്പെടുക്കാന്‍ എല്ലാവര്‍ക്കും സാധിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.കാരുണ്യവാനായ അല്ലാഹു എല്ലാവരുടേയും എല്ലാ സല്‍കര്‍മ്മങ്ങളും സ്വീകരിക്കട്ടെ , ആമീന്‍.

7 comments:

ajith said...

മധുരസ്മരണകള്‍
ബാല്യകാലസ്മരണകള്‍

വായിക്കാന്‍ രസമുണ്ട്

Manu said...

നല്ല ഓര്‍മ്മകള്‍........രാവിലെ തന്നെ വായിച്ചപ്പോള്‍ ഒരു സന്തോഷം . കാരുണ്യവാനായ അല്ലാഹു എല്ലാവരുടേയും എല്ലാ സല്‍കര്‍മ്മങ്ങളും സ്വീകരിക്കട്ടെ...

സ്നേഹത്തോടെ മനു..

Akbar said...

കാരുണ്യവാനായ അല്ലാഹു എല്ലാവരുടേയും എല്ലാ സല്‍കര്‍മ്മങ്ങളും സ്വീകരിക്കട്ടെ , ആമീന്‍.

ശരത്കാല മഴ said...

ബാല്യകാല ഓര്‍മ്മകള്‍ ,വയികുമ്പോള്‍ ഒരു രസം ഉണ്ട്, ആ നിഷ്കളങ്ക ബാല്യം .റമദാന്‍ കരീം !

Mohamedkutty മുഹമ്മദുകുട്ടി said...

അല്ലാഹു നമ്മുടെ ഇബാദത്തിനു തക്ക പ്രതിഫലം തരുമാറാകട്ടെ.

Kannur Passenger said...

ഓര്‍മകളിലേക്ക് ഒരു തിരിച്ചു പോക്ക് നടത്താനായി ഈ വരികള്‍ വായിച്ചപ്പോള്‍..
അള്ളാഹു അനുഗ്രഹിക്കട്ടെ.. ആമീന്‍..

സ്നേഹത്തോടെ,
ഫിറോസ്‌
http://kannurpassenger.blogspot.com/

Areekkodan | അരീക്കോടന്‍ said...

മനു...വായിച്ചതില്‍ സന്തോഷം

അക്ബര്‍ക്കാ...ആമീന്‍

ജോമൊന്‍....റമദാന്‍ കരീം

മമ്മോട്ടിക്കാ...ആമീന്‍

ഫിറൊസ്...നന്ദി.

Post a Comment

നന്ദി....വീണ്ടും വരിക