Pages

Wednesday, May 11, 2016

ഓര്‍മ്മ മരം

             വേനലിന്റെ കടുത്ത ചൂടിലാണ് ഇത്തവണ കേരളം തെരഞ്ഞെടുപ്പ് ചൂടും കൂടി നേരിട്ട് കൊണ്ടിരിക്കുന്നത്. ആരോപണ പ്രത്യാരോപണങ്ങളും വിമതശല്യവും അടിയൊഴുക്കുകളും കൂടിയായതോടെ പ്രധാന മുന്നണികളുടെ സ്ഥാനാര്‍ത്ഥികളും അണികളും പെടാപാട് തന്നെയാണ് അനുഭവിച്ച് കൊണ്ടിരിക്കുന്നത്. 
          പ്രകൃതി ഇത്ര മാത്രം വികൃതമായിട്ടും അതിന് ഒരു മറുവിധി നല്‍കാന്‍ വാക്കിലൂടെയല്ലാതെ പ്രവൃത്തിയിലൂടെ ഒരു മുന്നണിക്കും സാധ്യമായിട്ടില്ല എന്നാണ് കേരളത്തിലൂടെ സഞ്ചരിക്കുമ്പോള്‍ മനസ്സിലാകുന്നത്. ശ്രീ തോമസ് ഐസക്കും മറ്റു ചിലരും തങ്ങളുടെ മണ്ഡലങ്ങളില്‍ ശുചീകരണം നടത്തിക്കൊണ്ടും മരം നട്ടും പ്രചാരണം ആരംഭിച്ചു എന്ന് കേട്ടു. വളരെ നല്ല കാര്യം.പക്ഷേ പ്രചാരണ രംഗത്ത് നിന്ന് ഫ്ലെക്സ് ബോര്‍ഡുകളെ മാറ്റി നിര്‍ത്താന്‍ ഇതില്‍ എത്ര പേര്‍ക്ക് സാധിച്ചു എന്ന് ചോദിച്ചാല്‍ ഒരാള്‍ക്കും പറ്റിയില്ല എന്ന് തന്നെ പറയേണ്ടി വരും.ഞാന്‍ സ്ഥിരം യാത്ര ചെയ്യുന്ന റൂട്ടിലെ ഒരു മണ്ഡലത്തില്‍ ഒരു പരിസ്ഥിതി പ്രവര്‍ത്തകന്‍ മത്സരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ പ്രചാരണാര്‍ത്ഥം സ്ഥാപിച്ചതും ഫ്ലെക്സ് ബോര്‍ഡുകള്‍ തന്നെയാണ് എന്നത് ഈ വിഷയത്തില്‍ സാക്ഷര കേരളം എത്രത്തോളം ഉത്ബുദ്ധരാണ് എന്നതിന്റെ ചൂണ്ടുപലകയാണ്. 
      വോട്ടുചെയ്യുക എന്ന പൗരധര്‍മ്മത്തോടൊപ്പം മരംനട്ട് പ്രകൃതി സംരക്ഷണത്തിലും പങ്കാളിയാവുക എന്ന ഒരു നൂതന ആശയമാണ് ഇത്തവണ  വയനാട് ജില്ലയില്‍ കലക്ടറുടെ നേതൃത്വത്തില്‍ നടപ്പാക്കുന്നത്.  'ഓര്‍മ്മ മരം' എന്ന ഈ പദ്ധതിയിലൂടെ ഈ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കന്നിവോട്ട് ചെയ്യുന്നവര്‍ക്കും 75 വയസ്സിനുമുകളില്‍ പ്രായമുള്ളവര്‍ക്കും വീട്ടിലോ പോളിങ്ങ് സ്റ്റേഷന്‍ പരിസരത്തോ പൊതുസ്ഥലത്തോ നടുന്നതിന് രണ്ട് വൃക്ഷത്തൈകള്‍ വീതം വിതരണം ചെയ്യാന്‍ ആയിരുന്നു ഉദ്ദേശിച്ചിരുന്നത്.
     എന്നാല്‍ ഹൈറേഞ്ച് പ്രദേശമായിട്ട് പോലും അന്തരീക്ഷ താപനില സംസ്ഥാന ശരാശരിയോളം ഉയര്‍ന്നതും മഴ കുറഞ്ഞതും കുടിവെള്ളക്ഷാമവുമെല്ലാം കണക്കിലെടുത്ത് എല്ലാ വിഭാഗം ജനങ്ങള്‍ക്കും മരം നടാനുള്ള അവസരം ലഭിക്കുന്ന തരത്തില്‍ പദ്ധതി വിപുലമാക്കാന്‍ ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ സംഘം തീരുമാനിച്ചത് വളരെയധികം അഭിനന്ദനമര്‍ഹിക്കുന്നു. അഞ്ചര ലക്ഷത്തോളം വരുന്ന ജില്ലയിലെ വോട്ടര്‍മാര്‍ രണ്ട് തൈ വീതം നടുന്നതിലൂടെ പത്ത് ലക്ഷത്തിലധികം മരങ്ങള്‍ ഈ പദ്ധതിയിലൂടെ നടാന്‍ സാധിക്കും.സാമൂഹ്യ വനവല്‍ക്കരണ വിഭാഗവുമായി സഹകരിച്ച് ആര്യവേപ്പ്, കൂവളം, മഹാഗണി, മണിമരുത്, നീര്‍മരുത്, സീതപ്പഴം, മാതളം, നെല്ലി, പൂവരശ്, മന്ദാരം, ഗുല്‍മോഹര്‍, രാജമല്ലി,   വിവിധ തരം മുളകള്‍, സീതപ്പഴം,  പ്ലാവ്, മാവ്, പേര, ഇലഞ്ഞി, ഞാവല്‍, ആല്‍, അത്തി,  സില്‍വറോക്ക് തുടങ്ങീ തൈകള്‍ വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.
        ലോക പരിസ്ഥിതിദിനമായ ജൂണ്‍ അഞ്ചിന് പോളിങ്ങ് ബൂത്തുകള്‍, പൊതു സ്ഥലങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ ഇത്തരത്തില്‍ 10 ലക്ഷം വൃക്ഷത്തൈകള്‍ നടാനാണ് തീരുമാനം.കൂടാതെ പോലീസുകാര്‍ അടക്കമുള്ള എല്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും തൈകള്‍ നല്‍കും.
         ഇക്കഴിഞ്ഞ അഞ്ചാം തീയതി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കുള്ള രണ്ടാം വട്ട പരിശീലനത്തില്‍ പങ്കെടുത്തപ്പോള്‍ തന്നെ ഞങ്ങള്‍ക്കുള്ള തൈകള്‍ ലഭിച്ചു.നെല്ലിയും പതിമുഖവും ആണ് ഞാന്‍ സ്വീകരിച്ചത്.
          നെല്ലി മരം പിറ്റേ ദിവസം തന്നെ അനിയനും എന്റെ മക്കളും കൂടി ഞങ്ങളുടെ വീട്ടുവളപ്പില്‍ നടുകയും ചെയ്തു.
വരളരുത് ഈ നാട്...വഴിമുട്ടരുത്...എല്ലാം ശരിയാക്കണം.

ഈ കുറിപ്പിന്റെ പ്രസക്ത ഭാഗങ്ങള്‍ 14/5/2016ലെ തേജസ് ദിനപത്രത്തില്‍....

9 comments:

Areekkodan | അരീക്കോടന്‍ said...

വരളരുത് ഈ നാട്...വഴിമുട്ടരുത്...എല്ലാം ശരിയാക്കണം.

ajith said...

സാമൂഹികവനവൽക്കരണം എന്നൊക്കെ പണ്ടെങ്ങാണ്ട് ഒരു പദ്ധതിയുണ്ടായിരുന്നല്ലോ

Areekkodan | അരീക്കോടന്‍ said...

അജിത്തേട്ടാ...ഇപ്പോഴും ഉണ്ട് , ഇംഗ്ലീഷില്‍ ആണെന്ന് മാത്രം.

Yasmin NK said...

ആശംസകള്‍...

Cv Thankappan said...

നട്ടാല്‍ മാത്രം പോരാ.നനയ്ക്കാനും,പരിചരിക്കാനും മെനക്കെടണം.
അതില്ലാത്തതാണ് പലയിടത്തും കുഴപ്പം....
ആശംസകള്‍ മാഷെ

Areekkodan | അരീക്കോടന്‍ said...

Yasmin...മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.

തങ്കപ്പേട്ടാ....അതെ, പരിചരണം കൂടി ഉറപ്പാക്കണം.

വിനുവേട്ടന്‍ said...

മരം ഒരു വരം...

വനസംരക്ഷകർക്ക് മാത്രമേ വോട്ട് ചെയ്യൂ എന്നങ്ങട് തീരുമാനിക്കട്ടെ ജനം...

സുധി അറയ്ക്കൽ said...

കൊള്ളാം കൊള്ളാം.എല്ലാം നല്ലതിനു തന്നെ ആകട്ടെ!!!!

Areekkodan | അരീക്കോടന്‍ said...

വിനുവേട്ടാ...തീരുമാനമാവുമോ ആവോ?

സുധീ...അതെന്നെ

Post a Comment

നന്ദി....വീണ്ടും വരിക