Pages

Friday, May 20, 2016

വേനലില്‍ ഒരു മഴ

             മനുഷ്യന്‍ മാത്രമല്ല എല്ലാ ജീവികളും ആഗ്രഹിക്കുന്ന ഒരു പ്രകൃതി പ്രതിഭാസമാണ് മഴ. ചെടികള്‍ സ്വന്തം വംശ വര്‍ധനവ് നടത്താന്‍ ഒരു മഴയെ പ്രതീക്ഷിക്കുന്നു.ജീവജാലങ്ങള്‍ ദാഹം തീര്‍ക്കാനുള്ള വെള്ളം സുലഭമായി ലഭിക്കാന്‍ മഴയെ പ്രതീക്ഷിക്കുന്നു.മഴക്കാറ് മൂടുമ്പോള്‍ മഴ വരുന്ന സന്തോഷത്തില്‍ ആണ്മയില്‍ പീലി നിവര്‍ത്തി നൃത്തം ചെയ്യും എന്ന് കേട്ടിട്ടുണ്ട് (ഇന്നലെ വീട്ടുമുറ്റത്ത് ആദ്യമായി ഒരു മയിലും വിരുന്നെത്തി എന്ന് മക്കള്‍ പറയുന്നു).വേഴാമ്പല്‍ എന്ന് കേള്‍ക്കുമ്പോഴേ മഴയെ പ്രതീക്ഷിച്ച് കാത്ത് നില്‍ക്കുന്ന ഒരു പക്ഷിയെയാണ് എല്ലാവരുടെയും മനസ്സില്‍ ആദ്യം വരുന്ന ചിത്രം.

             ഇത്തവണ വേനല്‍ ചൂടില്‍ കേരളം മുഴുവന്‍ എരിപിരി കൊണ്ടപ്പോള്‍ ഒരു മഴ ലഭിച്ചെങ്കില്‍ എന്ന് എല്ലാവരും ഒരേ പോലെ ആഗ്രഹിച്ചുപോയി.പതിവില്ലാത്ത വിധം ഉഷ്ണതരംഗം എന്നൊരു പ്രതിഭാസം കൂടി കാലാവസ്ഥാ നിരീക്ഷകരും ശാസ്ത്രജ്ഞരും നമുക്ക് മുമ്പില്‍ പരിചയപ്പെടുത്തിത്തന്നു.40 ഡിഗ്രിക്ക് മുകളിലുള്ള ചൂട് ദിവസങ്ങളോളം കേരള ജനത അനുഭവിച്ചു.ഒരു പരിധിവരെ നാം തന്നെ അലങ്കോലമാക്കിയ പ്രകൃതി ആണ് ഇതിന് കാരണമെന്ന് തെളിയിക്കപ്പെട്ടു.  എന്നിട്ടും പരിസ്ഥിതിയെപ്പറ്റി ഒരു ചിന്ത ഉള്ളില്‍ ഉദിച്ചോ എന്ന് നാം ആത്മപരിശോധന നടത്തുക തന്നെ വേണം.

          പല ദിവസവും കാറ്റും കാറും വന്നെങ്കിലും പെയ്യാതെ നിന്ന മഴ, ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഞങ്ങള്‍ക്കും കിട്ടി.

                 തെരഞ്ഞെടുപ്പിന്റെ ചൂടിലും കൂടി അമര്‍ന്ന കേരളത്തിനെ ഒന്ന് തണുപ്പിക്കാന്‍ എന്ന വിധത്തില്‍ തന്നെ കേരളത്തിലുടനീളം ഈ മഴ കിട്ടുന്നുണ്ട്.വേനല്‍മഴ നാശനഷ്ടങ്ങള്‍ കൂടി ഉണ്ടാക്കുന്ന മഴയായതിനാല്‍ മഴക്കെടുതി റിപ്പോര്‍ട്ടുകളും പല സ്ഥലത്ത് നിന്നും വന്നുകൊണ്ടിരിക്കുന്നു.കര്‍ഷകര്‍ ഒരേ സമയം പ്രതീക്ഷിക്കുകയും പേടിക്കുകയും ചെയ്യുന്ന ഒരു പ്രതിഭാസം കൂടിയാണ് വേനല്‍മഴ.

                 കുട്ടിക്കാല ഓര്‍മ്മയില്‍ ഏപ്രില്‍- മെയ് മാസങ്ങള്‍ എന്നും വേനല്‍ തന്നെയാണ്.മഴക്കാലമായാല്‍ മഴ ലഭിക്കാന്‍ തുടങ്ങും.അത് ജൂണ്‍ മാസത്തില്‍ തന്നെ കിട്ടാനും തുടങ്ങും.പക്ഷെ ഇന്ന് എല്ലാം തകിടം മറിഞ്ഞിരിക്കുന്നു.കഴിഞ്ഞ വര്‍ഷം ഏപ്രിലിലും മെയിലും നല്ല മഴ കിട്ടി.ജൂണ്‍ വരണ്ടുപോയി.ഈ വര്‍ഷം ഏപ്രില്‍-മെയ് മാസങ്ങളില്‍ മഴ ഏറെക്കുറെ മാറിനിന്ന് ഇപ്പോള്‍ പെയ്യാന്‍ തുടങ്ങി.ജൂണില്‍ ഇതിന്റെയെല്ലാം പലിശ സഹിതമുള്ള വിഹിതം കിട്ടും എന്ന് പ്രതീക്ഷിക്കാം.

7 comments:

Areekkodan | അരീക്കോടന്‍ said...

കര്‍ഷകര്‍ ഒരേ സമയം പ്രതീക്ഷിക്കുകയും പേടിക്കുകയും ചെയ്യുന്ന ഒരു പ്രതിഭാസം കൂടിയാണ് വേനല്‍മഴ.

വിനുവേട്ടന്‍ said...

പെയ്യട്ടെ മാഷേ, പെയ്യട്ടെ... മനവും മണ്ണും കുളിര്‍ക്കെ പെയ്യട്ടെ... സത്യം പറഞ്ഞാല്‍ നാട്ടിലെത്താന്‍ കൊതിയാവുന്നുണ്ട് കേട്ടോ...

Areekkodan | അരീക്കോടന്‍ said...

അയ്യോ വിനുവേട്ടാ...ഇതുവരെ നാട്ടിലെത്തിയില്ലേ?മാങ്ങ കഴിഞ്ഞുട്ടോ....

ajith said...

പണ്ടൊരു കഥാപ്രസംഗത്തിൽ പറഞ്ഞപോലെ:

ഞാൻ മുന്തിരിപ്പഴവുമായിട്ട് വന്നു
പുറകെ ഒരുത്തൻ തേങ്ങയുമായിട്ട് വരുന്നുണ്ട്

നമുക്കൊക്കെ 40°യേ തന്നുള്ളു, കുറെ വർഷങ്ങൾ കൂടി കഴിയുമ്പോൾ അത് 50 വരെയൊക്കെ ആയേക്കാം എന്നാണു പ്രവചനം

Areekkodan | അരീക്കോടന്‍ said...

അജിത്തേട്ടാ....50 ഡിഗ്രിയോ?

Cv Thankappan said...

ദേ വീണ്ടും ചൂട് മാഷെ
ആശംസകള്‍

Areekkodan | അരീക്കോടന്‍ said...

തങ്കപ്പേട്ടാ...അതെ പൊള്ളുന്നു

Post a Comment

നന്ദി....വീണ്ടും വരിക