Pages

Monday, April 29, 2019

കശുവണ്ടിക്കാലം (അവധിക്കാലം - 5)

                 കടലക്കച്ചോടം  പൂട്ടിയതോടെ പുതിയ വരുമാന മാർഗ്ഗം തേടേണ്ടത് അത്യാവശ്യമായി മാറി. ഇല്ലെങ്കിൽ പഴയ പോലെ നാണക്കേട് ഏൽക്കേണ്ടി വരും. അപ്പോഴാണ് ബാപ്പ എന്നെയും അനിയനെയും ഒരു വൻ ‘കർത്തവ്യം‘ ഏൽപ്പിച്ചത്.

                 ഞങ്ങൾ താമസിക്കുന്ന പറമ്പിന് പുറമെ അരീക്കോട് എം.എസ്.പി ക്യാമ്പിന്റെ ഇരു വശങ്ങളിലുമായി ഒരു ഏക്കറോളം സ്ഥലം കൂടി
 ഉണ്ടായിരുന്നു. തെങ്ങും വാഴയും മാവും കശുമാവും ഒക്കെ ആയിരുന്നു രണ്ട് പറമ്പിലെയും മുഖ്യതാരങ്ങൾ. തെങ്ങിനെയും വാഴയെയും പരിപാലിക്കാൻ ബാപ്പ ആളെ ഏർപ്പാടാക്കും. മാവും കശുമാവും പടച്ചോന്റെ കാരുണ്യത്താൽ വളർന്ന് വലുതായി.

                 കശുമാവ് പൂക്കുമ്പോള്‍ തന്നെ പലരും വീട്ടില്‍ വരാന്‍ തുടങ്ങും. കശുമാവ് പാട്ടത്തിന് എടുക്കാനാണ് അവര്‍ വരുന്നത് എന്ന് അന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. അതായത് മുഴുവന്‍ മരത്തിലും ഉണ്ടാകാന്‍ പോകുന്ന കശുവണ്ടിക്ക് ഒരു മതിപ്പ് വില കണക്കാക്കി അത് ബാപ്പയെ ഏല്‍പ്പിക്കും. പിന്നെ ആ വര്‍ഷത്തെ കശുവണ്ടി മുഴുവന്‍ അവര്‍ക്കുള്ളതാണ്. 500 രൂപയോ അതിലും അല്പം കൂടുതലോ ആണ് എല്ലാ വര്‍ഷവും നല്‍കിയിരുന്നത്. ബാപ്പാക്കും ഞങ്ങള്‍ക്കും ഈ വില കണക്കാക്കാന്‍ അറിയാത്തതിനാല്‍ പാട്ടത്തിനെടുക്കുന്നവര്‍ക്ക് വന്‍‌ലാഭമുള്ള പരിപാടിയായിരുന്നു ഇത്.കിട്ടുന്നത് ലാഭം എന്നതു കൊണ്ട് ബാപ്പ തൃപ്തിയടഞ്ഞു.  പക്ഷേ ആ വര്‍ഷം കശുവണ്ടി പെറുക്കി വില്‍ക്കല്‍ ഞങ്ങളുടെ ജോലിയായി ബാപ്പ നിശ്ചയിച്ചു. വിറ്റു കിട്ടുന്ന പണം മുഴുവന്‍ ഞങ്ങള്‍ക്ക് എടുക്കാം എന്നു കൂടി കേട്ടപ്പോള്‍ ഞങ്ങള്‍ക്ക് കൂടുതല്‍ ഉത്സാഹമായി.

                    അങ്ങനെ ചെറിയൊരു തോട്ടിയും വലിയൊരു സഞ്ചിയും കൊണ്ട് ഒന്നിടവിട്ട ദിവസങ്ങളില്‍ ഞങ്ങള്‍ രണ്ട് പറമ്പിലും പോകും.ആദ്യം കശുമാവിന്റെ താഴെ വീണുകിടക്കുന്ന മാങ്ങയില്‍ നിന്നും കശുവണ്ടി പിഴുത് എടുക്കും.പിന്നെ അനിയന്‍ മരത്തില്‍ കയറി കിട്ടാവുന്നതെല്ലാം പറിക്കും (എനിക്ക് മരത്തില്‍ കയറാന്‍ പേടിയായിരുന്നു). അവന്‍ പറിച്ചിടുന്നതെല്ലാം പെറുക്കിയെടുക്കലായിരുന്നു എന്റെ ജോലി. താഴെ വീണ മുഴുവന്‍ കശുവണ്ടിയും തെരഞ്ഞ് പിടിച്ച് ഞങ്ങള്‍ പെറുക്കും .കരിയിലകള്‍ നീക്കിയും വള്ളിപ്പടര്‍പ്പുകള്‍ കുലുക്കിയും മുഴുവന്‍ ശേഖരിച്ചു എന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് പലപ്പോഴും തിരിച്ചു പോരാറ്‌. അത്യാവശ്യം കാണാന്‍ മൊഞ്ചുള്ള കശുമാങ്ങ കുറെ അവിടെ നിന്ന് തന്നെ തിന്നും, കുറച്ച് വീട്ടില്‍ നിന്ന് തിന്നാന്‍ സഞ്ചിയിലാക്കും.

                  വവ്വാല്‍ കടിച്ചതോ ചീഞ്ഞതോ ആയ കശുമാങ്ങയില്‍ നിന്നും അടര്‍ത്തുന്ന കശുവണ്ടിയുടെ മൂട്ടില്‍ മാങ്ങയുടെ അംശം അല്പം ഉണ്ടാകും. കൂടാതെ പറിക്കലിനിടയില്‍ എട്ടോ പത്തോ പച്ച അണ്ടിയും വീണിട്ടുണ്ടാകും. ഇവയെല്ലാം വെയിലത്തിട്ട് ഉണക്കിയ ശേഷമേ കടയില്‍ വില്‍ക്കാന്‍ പറ്റൂ.അങ്ങനെ രണ്ടോ മൂന്നോ ദിവസം കൂടുമ്പോള്‍, വാഴയില്‍ പള്ളിയുടെ സമീപത്തുണ്ടായിരുന്ന മലഞ്ചരക്ക് ശേഖരണ പീടികയില്‍ കൊണ്ടു പോയി കൊടുക്കും. അത്യാവശ്യം നല്ലൊരു സംഖ്യ കശുവണ്ടി വില്പനയിലൂടെ ഞങ്ങള്‍ സ്വരൂപിച്ചു. ഇത്രയും കാലം പാട്ടത്തിന് നല്‍കിയതിലൂടെയുണ്ടായ നഷ്ടം അതോടെ ഞങ്ങള്‍ക്ക് മനസ്സിലായി.

                ചില ദിവസങ്ങളില്‍ എനിക്ക് മടി പിടിക്കും. പറമ്പില്‍ ഒറ്റക്ക് പോകാന്‍ എനിക്ക് പേടിയായിരുന്നു. പക്ഷേ അനിയന്‍ ഒറ്റക്ക് പോകും. അങ്ങനെയുള്ള ദിവസങ്ങളില്‍ ശേഖരിക്കുന്ന കശുവണ്ടിയുടെ കാല്‍ ഭാഗത്തിന്, പണിക്ക് പോകാത്ത എനിക്ക് അര്‍ഹത ഉണ്ടാക്കുന്ന ഒരു നിയമം ഞാന്‍ തന്ത്രത്തില്‍ പാസാക്കി എടുത്തിരുന്നു!  പത്താം ക്ലാസ് കഴിയുന്നത് വരെ എല്ലാ വര്‍ഷവും ഞാനും അനിയനും തന്നെ കശുവണ്ടി ഏറ്റെടുത്തു. അതിലൂടെ നല്ല വരുമാനവും നേടി.

                 കശുവണ്ടിക്ക് പുറമെ പലതരം മാങ്ങകളും പറമ്പില്‍ ഉണ്ടായിരുന്നു. കോഴിക്കോടന്‍ മാങ്ങ എന്നറിയപ്പെടുന്ന മാങ്ങ ഏതോ ഒരു വര്‍ഷം മൂന്ന് ചാക്കില്‍ നിറച്ച് കൊണ്ടുവന്നത് എന്റെ ഓര്‍മ്മയിലുണ്ട്. ഞാനും അനിയനും കൂടി പോയി ഒരു ചക്ക കൊണ്ടു വന്നത് ഇപ്പോള്‍ ഓര്‍മ്മിക്കുമ്പോള്‍ ചിരി പൊട്ടും (അത് വായിക്കാന്‍ ഇവിടെ ക്ലിക്കുക)  128

                 കുട്ടിക്കാലത്തെ ഒരു വേനലവധിയിൽ കശുവണ്ടി കൊടുത്ത് മോരും വെള്ളം വാങ്ങിയ ഒരു കഥ ഇതാ ഇവിടെയുണ്ട്.

(തുടരും...)

7 comments:

Areekkodan | അരീക്കോടന്‍ said...

അങ്ങനെയുള്ള ദിവസങ്ങളില്‍ ശേഖരിക്കുന്ന കശുവണ്ടിയുടെ കാല്‍ ഭാഗത്തിന്, പണിക്ക് പോകാത്ത എനിക്ക് അര്‍ഹത ഉണ്ടാക്കുന്ന ഒരു നിയമം ഞാന്‍ തന്ത്രത്തില്‍ പാസാക്കി എടുത്തിരുന്നു!

Geetha said...

നല്ല പണിയാണല്ലോ മാഷേ ബാപ്പ നിങ്ങള്ക്ക് തന്നേ... നല്ല ഐഡിയ. കുട്ടികളിലും ഒരു സമ്പാദ്യശീലം . വെറുതെ വല്ലവരും കൊണ്ടുപോകാതെ അവനവന്റെ കയ്യിൽ തന്നെ. കുട്ടികൾക്കും ഇതൊക്ക നല്ല ഉത്സാഹം ഉണ്ടാകും.

Areekkodan | അരീക്കോടന്‍ said...

Geethaaji...തന്നത് മുട്ടന്‍ പണിയാണെങ്കിലും ബാപ്പാക്കും ഞങ്ങള്‍ക്കും പെരുത്ത് സന്തോഷം.

© Mubi said...

മാഷ് കൊള്ളാലോ. പണിക്ക് പോയില്ലെങ്കിലും കൂലി വാങ്ങിയിരുന്നല്ലേ :)

Areekkodan | അരീക്കോടന്‍ said...

മുബീ... ജീവിച്ചു പോണ്ടേ!!

Muralee Mukundan , ബിലാത്തിപട്ടണം said...


കച്ചവടം തുടങ്ങിയെങ്കിൽ ഭായ് ഇന്ന് എവിടെ എത്തിയേനെ..!

Areekkodan | അരീക്കോടന്‍ said...

മുരളിജീ...ലണ്ടനില്‍ ഒരു ഗമണ്ടനും കൂടി വേണ്ടാ!!

Post a Comment

നന്ദി....വീണ്ടും വരിക