Pages

Friday, April 02, 2021

കാർ മൊതലാളി - 3

(കാർ മൊതലാളി - 1 & 2 )

TSG 8683 വീട്ടിലെത്തിയതോടെ വീടിന്റെയും പരിസരത്തിന്റെയും ജാതകം തന്നെ മാറി. വഴി നീളെയുള്ള മതിലുകളിൽ പല ചിത്രപ്പണികളും ഉണ്ടാവാൻ തുടങ്ങി.വഴിക്ക് വീതി കൂടിക്കൂടി വന്നു. മുറ്റത്തെ മരങ്ങളും കാറിനായി  സ്ഥലമൊഴിയേണ്ടി വന്നു .

മറ്റൊരു ഡ്രൈവർ കൂടെ ഇല്ലാതെ കാർ എടുക്കുമ്പോഴേ നീയൊരു യാഥാർത്‌ഥ ഡ്രൈവർ ആവൂ എന്ന് ആരോ മനസ്സിൽ നിന്നും പറയാൻ തുടങ്ങിയതോടെ ഞാൻ പരീക്ഷണ ഓട്ടത്തിന് തീരുമാനിച്ചു. ധൈര്യമുണ്ടെങ്കിൽ വണ്ടിയിൽ കയറാൻ ഞാൻ ഭാര്യയോടും മക്കളോടും പറഞ്ഞു.അവർ ഓടിക്കയറുകയും ചെയ്തു.ഞാൻ പറഞ്ഞത്  തെറ്റിപ്പോയോ എന്ന് ഒരു നിമിഷം ഞാൻ ശങ്കിച്ചു പോയി.

കാറിലിരിക്കുന്ന ധൈര്യന്മാരുടെ ബലത്തിൽ ഞാൻ വണ്ടി സ്റ്റാർട്ടാക്കി.കൊണ്ടോട്ടി എടവണ്ണപ്പാറ റൂട്ടിൽ മുണ്ടപ്പലം എന്ന സ്ഥലത്ത് താമസിക്കുന്ന പ്രീഡിഗ്രി & ഡിഗ്രി മേറ്റ് നൗഷാദിന്റെ വീടായിരുന്നു എന്റെ ലക്ഷ്യം.ട്രാഫിക് കുരുക്കുകളിൽ ഒന്നും പെടാതെ ഞങ്ങൾ കൊണ്ടോട്ടി ടൗണിലൂടെ എടവണ്ണപ്പാറ ജംഗ്ഷനിലെത്തി.ഇടത്ത് ചേർന്ന് വരുന്ന കാർ ഇനി വലത്തോട്ട് തിരിക്കണം. വാഹനങ്ങൾ ഇട തടവില്ലാതെ വന്നു കൊണ്ടിരിക്കുന്നുമുണ്ട്.ഞാൻ ഇൻഡിക്കേറ്റർ ഇട്ടു.അത് കത്തുന്നുണ്ടോ ഇല്ലയോ എന്ന് ഉറപ്പില്ലായിരുന്നു.അകത്ത് ആരോ മാർക്ക് തെളിയും എന്ന് പലർക്കും തോന്നിയേക്കാം. ഇത് വണ്ടി 1986 മോഡലാ...അന്ന് ഇമ്മാതിരി സംഭവങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല.

ഏതായാലും ഞാൻ ഒരു കയ്യും പുറത്തിട്ടു.ഒറ്റ കൈ വിട്ട് സൈക്കിൾ ചവിട്ടുന്നത് വലിയ സംഭവമായിരുന്ന ഒരു കാലഘട്ടത്തിന്റെ പ്രതിനിധിയായ ഞാൻ ആണ് ഇപ്പോൾ ഒറ്റ കൈ കൊണ്ട് സൈക്കിളിനെക്കാളും വലിയ കാർ ഡ്രൈവ് ചെയ്യുന്നത് എന്ന സത്യം എന്നെ രോമാഞ്ചകഞ്ചുകനാക്കി.പക്ഷെ മറുഭാഗത്ത് നിന്നും വരുന്ന ഒരുത്തനും എന്നെ മൈൻഡ് ചെയ്തില്ല.

പിന്നിൽ നിന്നും ഹോണടികൾ രൂക്ഷവുമായി.ഭാര്യയും കുട്ടികളും പിന്നോട്ട് നോക്കി "യാ ഖുദാ" എന്ന് പറഞ്ഞപ്പോഴാണ് ദേശീയപാത ബ്ലോക്കായ വിവരം ഞാനും അറിഞ്ഞത്.പിന്നെ ഒന്നും ആലോചിച്ചില്ല.ചെറിയൊരു ഗ്യാപ് കിട്ടി എന്ന് തോന്നിയപ്പോൾ വണ്ടി താനേ അങ്ങോട്ട് കയറി (അതോ ഞാൻ കയറ്റിയതോ) ഇടതു ഭാഗത്തെ വരിക്ക് കുറുകെക്കിടന്ന് സുന്ദരമായി ഓഫായി.അതോടെ ദേശീയപാതയിലെ ബ്ലോക്ക് നേരെ വിപരീത ദിശയിലായി. ഇതൊക്കെ ഇത്ര എളുപ്പത്തിൽ മാറ്റി മറിക്കുന്ന ഞാനാരാ മോൻ എന്ന ഗമയിൽ ഇരിക്കുമ്പോഴേക്കും നാലഞ്ച് പേർ പിന്നിൽ നിന്ന് തള്ളി കാർ സൈഡാക്കി!! 

അന്ന് തുടങ്ങിയതാണ് പൊതു നിരത്തിലൂടെയുള്ള എൻ്റെ വാഹനയോട്ടം.നാട്ടുകാർക്ക് കൈ വക്കാൻ വളരെയധികം അവസരങ്ങൾ നൽകിയ ആ മാരുതി 800 ഇടക്ക് ഞാനും കയ്യൊഴിഞ്ഞതോടെ എൻ്റെ കാർ മൊതലാളി പട്ടം താഴെ വീണു. പിന്നീട് അനിയൻ കാർ മൊതലാളിയായി, പല തവണ വണ്ടി മാറ്റി.സ്വന്തം ആ‌വശ്യങ്ങൾക്ക് വീട്ടിൽ തന്നെ ഒരു കാർ വേണമെന്ന ഭാര്യയുടെ നിരന്തര തലയണമന്ത്രം അവസാനം 2021 മാർച്ച് 26 വെള്ളിയാഴ്ച സഫലമായി.ഞാൻ വീണ്ടും ഒരു കാർ മൊതലാളിയായ വിവരം സസന്തോഷം അറിയിക്കുന്നു.

മോഡൽ : Maruti WagonR 2021 

ഓൺ റോഡ് വില : 5,70,000 രൂപ 

1 comments:

Areekkodan | അരീക്കോടന്‍ said...

വീണ്ടും ഒരു കാർ മൊതലാളി

Post a Comment

നന്ദി....വീണ്ടും വരിക