Part 4: മൈനസ് വൺ ഡിഗ്രിയിൽ ....
കാശ്മീരിലെ ഞങ്ങളുടെ ആദ്യ കാഴ്ചക്കുല ഒരുക്കി വച്ചിരിക്കുന്നത് പഹൽഗാമിലാണെന്നാണ് ടൂർ മാനേജർ നിഖിൽ പറഞ്ഞത്. പഹൽഗാമിലെത്താൻ ശ്രീനഗറിൽ നിന്നും തൊണ്ണൂറ് കിലോമീറ്റർ ദൂരം ഞങ്ങളിന്നലെ വന്ന വഴിയെ തന്നെ തിരിച്ചോടണം പോലും (എൻ്റെ ആദ്യ കാശ്മീർ യാത്രയിൽ അവസാന ദിവസം പഹൽഗാമിൽ പോയി ഒരു രാത്രി അവിടെ തങ്ങി പിറ്റേന്ന് രാവിലെ അവിടെ നിന്നും ജമ്മുവിലേക്ക് മടങ്ങുകയാണുണ്ടായത്). അതിനാൽ രാവിലെ ഏഴരക്ക് തന്നെ ശ്രീനഗറിൽ നിന്നും യാത്ര പുറപ്പെടണം എന്നും നിർദ്ദേശം തന്നിരുന്നു. കാശ്മീർ കാണാനുള്ള ആവേശം കാരണം, കൊടും തണുപ്പായിട്ടും എല്ലാവരും കൃത്യ സമയത്ത് തന്നെ ബസ്സിൽ കയറി സീറ്റുറപ്പിച്ചു.
എട്ട് മണിയോടെ ഞങ്ങൾ പഹൽഗാമിലേക്കുള്ള യാത്ര ആരംഭിച്ചു.പ്രഭാത ഭക്ഷണം പോകുന്ന വഴിയിലുള്ള അനന്ത്നാഗിൽ വച്ചാക്കാം എന്ന് കേട്ടപ്പോൾ എനിക്ക് സന്തോഷമായി. പണ്ട് മുതലേ കേൾക്കുന്ന ഭീകരമായ ഒരു പട്ടണത്തിൽ അൽപ സമയം ചെലവഴിക്കാം എന്ന ധാരണയായിരുന്നു ഇതിന് കാരണം. കഴിഞ്ഞ വർഷത്തെ യാത്രയിൽ കണ്ടത് പോലെ അനന്ത്നാഗ് ഇത്തവണയും പട്ടാള നിബിഡമായിരുന്നു. 2019ൽ പുൽവാമയിലെ ഭീകരാക്രമണം ഉണ്ടാക്കിയ ഞെട്ടൽ ഇപ്പോഴും മാറിയിട്ടില്ല എന്ന് സൈനിക സാന്നിദ്ധ്യത്തിൽ നിന്ന് ഞാൻ തിരിച്ചറിഞ്ഞു. പ്രഭാത മഞ്ഞ് ഉരുകുന്നതിന് മുമ്പ് ഒരു ഹോട്ടലും തുറക്കാത്തതിനാൽ അനന്ത് നാഗിൽ കാല് കുത്താം എന്ന എൻ്റെ സന്തോഷം പൊലിഞ്ഞു പോയി.
വഴിയിലുടനീളമുള്ള ഇലപൊഴിച്ച മരങ്ങളും അതിൽ നിന്ന് ഇറ്റി വീഴാൻ വെമ്പുന്ന തുഷാരബിന്ദുക്കളും ചുറ്റും പരന്ന് കിടക്കുന്ന കോടമഞ്ഞും ഞങ്ങളുടെ കണ്ണിനും മനസ്സിനും കുളിർക്കാഴ്ച ഒരുക്കി. വിൻ്റർ സീസൺ ആയത് കൊണ്ടാവാം റോഡിൽ അധികമാരും ഇറങ്ങിയത് കണ്ടില്ല.
തണുപ്പിൽ വിശപ്പ് കൂടും എന്ന് പത്താം ക്ലാസിലെ ബയോളജിയിൽ പഠിച്ചത് അക്ഷരാർത്ഥത്തിൽ ശരിയാണെന്ന് അൽപ സമയത്തിനകം വ്യക്തമായി. മുപ്പത് ആമാശയങ്ങളും കൂടി പെരുമ്പറ കൊട്ടാൻ തുടങ്ങിയതോടെ ബസ് ഒരു ഹോട്ടലിന് മുന്നിൽ പാർക്ക് ചെയ്തു. ഹോട്ടലിലെ ആലു പരാത്തയും ചോല ബട്ടൂരയും റോട്ടി സബ്ജിയും നിമിഷങ്ങൾക്കകം കാലിയായി. ആമാശയം നിറക്കലും മൂത്രാശയം കാലിയാക്കലും കഴിഞ്ഞതോടെ പലർക്കും സമാധാനവുമായി.
ബസ് വീണ്ടും യാത്ര തുടർന്നു. ഇല പൊഴിച്ച മരങ്ങൾ വഴിമാറി പച്ച വിരിച്ച മരങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി. പ്രതീക്ഷിച്ച പോലെ,
"വെൽകം ടു പഹൽഗാം - ദ വാലി ഓഫ് ഷെഫേർഡ്സ് " എന്ന മതിലെഴുത്ത് കണ്ടപ്പോൾ സമാധാനമായി. ഝലം നദിയുടെ പോഷക നദിയായ ലിഡ്ഡർ നദി റോഡിൻ്റെ ഇടതു ഭാഗത്ത് കളകളാരവം മുഴക്കാൻ തുടങ്ങി. കഴിഞ്ഞ തവണ കണ്ട പച്ച പുതച്ച് നിൽക്കുന്ന കുന്നുകളും ഡെയ്സി പൂക്കൾ നിറഞ്ഞ് നിൽക്കുന്ന പുൽമേടുകളും ഇത്തവണ കണ്ടില്ല.ആപ്പിൾ വിളവെടുപ്പ് കഴിഞ്ഞ തോട്ടങ്ങൾ അസ്ഥികൂടം പോലെ ഇലപൊഴിച്ച് നിൽക്കുന്നുണ്ട്. എങ്കിലും മഞ്ഞ് പുതച്ച മലകളും പൈൻ മരങ്ങളെ തഴുകി എത്തുന്ന ഇളം കാറ്റും ഹിമ കണങ്ങൾ അലിഞ്ഞു ചേർന്ന ലിഡർ നദിയും എൻ്റെ ഹൃദയത്തിൽ പഹൽഗാമിനോട് വീണ്ടും ഒരു പ്രണയം ജനിപ്പിച്ചു.
ബസ്സിറങ്ങിയ ഉടനെ കുതിരക്കാരും ഏജൻ്റുമാരും കൂടി ഞങ്ങളെ പൊതിഞ്ഞു. മുൻ അനുഭവം ഉള്ളതിനാൽ ഞാനും സത്യൻ മാഷും നടന്ന് കയറാം എന്ന തീരുമാനത്തിൽ എത്തി. ഞങ്ങളുടെ സംഘത്തിലെ കോളേജ് കുമാരൻ ഗോകുലും അവൻ്റെ രണ്ട് കൂട്ടുകാരും നടന്ന് കയറാൻ തന്നെ തീരുമാനിച്ചു. ബാക്കി ഇരുപത്തിയഞ്ച് പേരും കുതിരപ്പുറത്ത് കയറാനും തീരുമാനിച്ചു.
മിനി സ്വിറ്റ്സർലൻ്റ് എന്ന ബൈസരൺ വാലി, ഡെബിയൻ വാലി, കാശ്മീർ വാലി തുടങ്ങീ മൂന്ന് സ്പോട്ടുകൾ കണ്ട് തിരിച്ചു വരാൻ ഗവൺമെൻ്റ് റേറ്റ് 3000 രൂപയാണെന്ന് സമീപത്ത് സ്ഥാപിച്ച ബോർഡ് കാണിച്ചു കൊണ്ട് ഏജൻ്റ് പറഞ്ഞു. പക്ഷെ, ഇത്രയും പേരുള്ളതിനാൽ 1700 രൂപക്ക് തരാമെന്നും ഏജൻ്റ് അറിയിച്ചു. അവസാനം 1200 രൂപക്ക് പോണി റൈഡ് സെറ്റാക്കി. അങ്ങനെ 25 കുതിരകൾ വരി വരിയായി നീങ്ങി.
ഞാനും സത്യൻ മാഷും മറ്റൊരു വഴിയിലൂടെ നടന്നു കയറാൻ തുടങ്ങി. ഏജൻ്റുമാരെയും കുതിരക്കാരെയും എല്ലാം ഒഴിവാക്കി ഞങ്ങൾ 200 മീറ്റർ പിന്നിട്ടു. തിരക്കൊഴിഞ്ഞ ആ സ്ഥലത്ത് എവിടെ നിന്നോ ഒരു കുതിരക്കാരൻ പ്രത്യക്ഷപ്പെട്ട് നടന്ന് കയറാൻ ബുദ്ധിമുട്ടാണെന്നും കുതിരക്ക് 1200 രൂപ തന്നാൽ മതി എന്നും ഞങ്ങളെ അറിയിച്ചു. കുതിരപ്പുറത്ത് കയറാൻ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും ഞാനത് അടക്കി വച്ചു. ഞങ്ങൾ മുന്നോട്ട് പോകാൻ ഒരുങ്ങിയപ്പോൾ അയാൾ റേറ്റ് 1000 രൂപയാക്കി. ഞാൻ 800 രൂപ പറഞ്ഞ് അയാളെ ഒഴിവാക്കാൻ ശ്രമിച്ചു. പക്ഷെ, അയാൾ അതിന് സമ്മതിച്ചു. അൽപ സമയത്തിനകം രണ്ട് കുതിരകളുമായി ഒരാളെത്തി. അങ്ങനെ ഞങ്ങളും മിനി സ്വിറ്റ്സർലൻ്റിലേക്ക് കുതിരപ്പുറത്തേറി യാത്ര ആരംഭിച്ചു.
1 comments:
വെൽകം ടു പഹൽഗാം - ദ വാലി ഓഫ് ഷെഫേർഡ്സ് "
Post a Comment
നന്ദി....വീണ്ടും വരിക