നാരായണൻ മാസ്റ്ററുടെ സാമൂഹ്യ പാഠം ക്ലാസ് രസകരമായി തുടർന്ന് കൊണ്ടിരിക്കുമ്പോഴാണ് കയ്യിൽ ഒരു കടലാസുമായി പ്യൂൺ ശൗക്കാക്ക ക്ലാസിൻ്റെ വാതിലിൽ പ്രത്യക്ഷപ്പെട്ടത്. വർഷത്തിൽ മൂന്നോ നാലോ തവണ മാത്രമാണ് ക്ലാസ് തോറും നടക്കാനുള്ള ഭാഗ്യം ശൗക്കാക്കാക്ക് ലഭിക്കാറ്. അങ്ങനെ കൊണ്ടു വരുന്ന കടലാസിൽ സിനിമാ പ്രദർശനം,വിനോദയാത്ര, ജാലവിദ്യ എന്നിങ്ങനെ സന്തോഷകരമായ എന്തെങ്കിലും അറിയിപ്പായിരിക്കും ഉണ്ടാവുക. അതിനാൽ തന്നെ ഞങ്ങൾ ആ വാർത്ത കേൾക്കാനായി കാത് കൂർപ്പിച്ചു. നാരായണൻ മാസ്റ്റർ കടലാസ് വാങ്ങി ഒരാവർത്തി മൗനമായി വായിച്ചു. ശേഷം ഉറക്കെയും വായിച്ചു.
"നാളെ നമ്മുടെ സ്കൂളിൽ സുപ്രസിദ്ധ മാന്ത്രികൻ സുൾഫീക്കറലിയുടെ ജാലവിദ്യാ പ്രകടനം ഉണ്ടായിരിക്കും. എല്ലാ കുട്ടികളും അതിലേക്കായി അമ്പത് പൈസ കൊണ്ടു വന്ന് അബൂബക്കർ മാസ്റ്ററെ ഏൽപ്പിക്കേണ്ടതാണ് "
" ഹൂയ് ....'' എല്ലാവരും ആവേശത്തോടെ വാർത്ത സ്വാഗതം ചെയ്തു. ചിലരുടെ മുഖം മ്ലാനമാകുന്നതും കണ്ടു.
നാരായണൻ മാസ്റ്ററുടെ പിരീഡ് കഴിഞ്ഞ ശേഷം ഉച്ചയൂണിൻ്റെ സമയമായിരുന്നു. അപ്പോഴാണ് എൻ്റെ ചങ്ങാതിമാരായ ഇൻതിസാറും കരീമും എൻ്റെ അടുത്തേക്ക് വന്നത്.
"നാളെ കൺകെട്ട് വിദ്യ നടക്കുന്ന കാര്യം നീ അറിഞ്ഞോ?" ഇൻതിസാർ ചോദിച്ചു.
"ങാ... അറിഞ്ഞു"
"പക്ഷെ ? " ഇൻതിസാർ ഒന്ന് നിർത്തിക്കൊണ്ട് കരീമിനെ നോക്കി.
"എന്താ?" ഞാൻ ചോദിച്ചു.
"അമ്പത് പൈസ കൊടുക്കണം എന്നല്ലേ പറഞ്ഞത്... കരീമിന്റെ അടുത്ത് അത്രയും പൈസ ഇല്ല" ഇൻതിസാർ പറഞ്ഞു.
"നിൻ്റെ അടുത്തോ?"
"ഇരുപത്തിയഞ്ചു പൈസയേ എൻ്റടുത്തും ഉള്ളൂ..''
"ആ... സാരമില്ല ... ഞാൻ ഒരു രൂപ കൊണ്ടു വരാ.... നിൻ്റെ കയ്യിലുള്ളത് നീയും കൊണ്ടു വാ... നമുക്കെല്ലാവർക്കും കൂടി ജാലവിദ്യ കാണാം. . ."
പിറ്റേ ദിവസം ഞങ്ങളുടെ മൂന്ന് പേരുടെയും കാശ് ആയി ഒരു രൂപ ഇരുപത്തിയഞ്ച് പൈസ ഞാൻ അബുബക്കർ മാസ്റ്ററെ ഏൽപിച്ചു.
മൂന്ന് എ, മൂന്ന് ബി,നാല് എ, നാല് ബി എന്നീ ക്ലാസുകൾ പ്രവർത്തിക്കുന്ന കെട്ടിടത്തിലായിരുന്നു ജാലവിദ്യാ പ്രദർശനം. അതിനായി ഈ ക്ലാസുകളെ വേർത്തിരിക്കുന്ന പരമ്പ് മറ വശങ്ങളിലേക്ക് ഒതുക്കി വച്ച് ഒരു ഹാൾ ആക്കി മാറ്റി. ഞങ്ങൾ ഏറ്റവും മുന്നിലെ ബെഞ്ചിൽ തന്നെ സ്ഥാനം പിടിച്ചു.ഉച്ചക്ക് ശേഷം രണ്ടര മണിക്ക് മാന്ത്രിക പ്രകടനം തുടങ്ങി. ബട്ടനിടാത്ത കോട്ടും കയ്യിൽ ഒരു മാന്ത്രിക വടിയും തലയിൽ ഒരു തൊപ്പിയുമായി വന്ന മാന്ത്രികൻ്റെ ഓരോ പ്രകടനങ്ങളും ഞങ്ങൾ അത്ഭുതത്തോടെ കണ്ടു.
"നമ്മളെല്ലാം പൈസക്കാരാവാൻ ആഗ്രഹിക്കുന്നവരാണ്... അടുത്തത് കടലാസ് കഷ്ണങ്ങളെ നോട്ടാക്കി മാറ്റുന്ന വിദ്യയാണ് കാണിക്കാൻ പോകുന്നത്..." മാന്ത്രികൻ പറഞ്ഞു.
"ആ... അത് കൊള്ളാലോ..." പൈസ ഉണ്ടാക്കാനുള്ള എളുപ്പ വഴി കേട്ട ഞങ്ങൾ പറഞ്ഞു.
സ്റ്റേജിൽ സ്റ്റൂളിൻ്റെ പുറത്ത് വച്ച കുറെ കടലാസു കഷ്ണങ്ങൾ മാന്ത്രികൻ കാണിച്ച് തന്നു. ശേഷം അതവിടെ തന്നെ വച്ച് ചെറിയ ഒരു കാർഡ്ബോർഡ് പെട്ടി കൊണ്ട് മൂടി. പിന്നീട് മാന്ത്രിക വടി കൊണ്ട് വായുവിൽ എന്തോ എഴുതി കണ്ണടച്ച് എന്തോ മന്ത്രവും ചൊല്ലി. വടി കൊണ്ട് കാർഡ്ബോർഡ് പെട്ടിയിൽ രണ്ട് തവണ കൊട്ടിയ ശേഷം പെട്ടി പൊക്കി. അത്ഭുതം ! സ്റ്റൂളിലെ കടലാസു കഷ്ണങ്ങൾ എല്ലാം അഞ്ച് രൂപയുടെ നോട്ടായി മാറിയിരിക്കുന്നു !! ഞങ്ങളത് കണ്ട് വാ പൊളിച്ച് നിന്നു. വീണ്ടും കുറെ ജാലവിദ്യകൾ കാണിച്ച ശേഷം മൂന്നര മണിയോടെ പ്രദർശനം അവസാനിച്ചു.
ജാലവിദ്യ കഴിഞ്ഞ് ഞങ്ങൾ മൂന്ന് പേരും കൂടി പൈസ ഉണ്ടാക്കുന്ന വിദ്യ ചർച്ച ചെയ്തു.ഒരു ജാലവിദ്യക്കാരനായാൽ കടലാസ് കഷ്ണങ്ങൾ പൈസയാക്കി മാറ്റാൻ പറ്റുമെന്ന് ഞങ്ങൾ മനസ്സിലാക്കി.
"അപ്പോൾ, നമുക്കും ഒരു കൺകെട്ട് കാരനായാൽ ഇഷ്ടം പോലെ പൈസ ഉണ്ടാക്കാം ....'' ഇൻതിസാർ പറഞ്ഞു.
"അത് ശരിയാ.." കരീമും പറഞ്ഞു.
"അതിനിപ്പം എങ്ങന്യാ ഒരു കൺകെട്ട് കാരനാവുക ?" ഞാൻ ചോദിച്ചു.
"അതിന് ഒരു വഴി ഞാൻ പറഞ്ഞ് കേട്ടിട്ടുണ്ട്.." ഇൻതിസാർ പറഞ്ഞു.
"ങേ! അതെന്താ?" ഞങ്ങൾ രണ്ട് പേരും ഇൻതിസാറിനെ പ്രതീക്ഷയോടെ നോക്കി.
"അത്... ഒരു.... കുട്ടിച്ചാത്തനെ പിടിച്ച് കഴുത്തിൽ തേച്ചാൽ മതി..."
"എന്നിട്ടോ ?"
"പിന്നെ... കുപ്പായം വരട്ടെ ന്ന് പറഞ്ഞാ കുപ്പായം കിട്ടും... പൈസ വരട്ടെ ന്ന് പറഞ്ഞാ പൈസ... അങ്ങനെ ... അങ്ങനെ ..എന്ത് പറഞ്ഞാലും അത് ..."
"അത് കൊള്ളാല്ലോ...പക്ഷെ അതിന് കുട്ടിച്ചാത്തനെ എവിടന്ന് കിട്ടും? " ഞങ്ങൾ ചോദിച്ചു.
"അതിന് പള്ളിക്കാട്ടിൽ പോയാൽ മതി..."
"അയ്യോ...എനിക്ക് പേടിയാ... പള്ളിക്കാട്ടിൽ ഭൂതം ഉണ്ടാകും.." ഞാൻ പറഞ്ഞു.
"എൻ്റെ വീട് പള്ളിക്കാടിൻ്റെ തൊട്ടടുത്താ... എല്ലാ ഭൂതത്തിനെയും എനിക്ക് പരിചയം ഉണ്ട്. എന്റെ കൂടെ വന്നാൽ ഒരു ഭൂതവും നിങ്ങളെ ഉപദ്രവിക്കില്ല" ഇൻതിസാർ ധൈര്യസമേതം പറഞ്ഞു.
"എങ്കിൽ ശരി" ഞാൻ സമ്മതം മൂളി.
"നാളെ ഞായറാഴ്ച അല്ലേ? നാളെ തന്നെ പോകാം.." കരീം പറഞ്ഞു.
പിറ്റേന്ന് രാവിലെ തന്നെ ഞങ്ങൾ മൂന്ന് പേരും പള്ളിക്കാട്ടിലെത്തി. ഏതോ മയ്യിത്ത് അടയ്ക്കാൻ വേണ്ടി കുത്തി ഒഴിവാക്കിയ ഇടിഞ്ഞ ഒരു കുഴി ഇൻതിസാർ കാണിച്ച് തന്നു.
"ഈ കുഴിയിൽ ഇറങ്ങി ചമ്രം പടിഞ്ഞിരുന്ന് കണ്ണ് പൂട്ടി കുട്ടിച്ചാത്താ വാ വാ എന്ന് പറഞ്ഞു കൊണ്ടേ ഇരിക്കണം.." ഇൻതിസാർ പറഞ്ഞു.
അതനുസരിച്ച് ഞങ്ങൾ മൂന്ന് പേരും കുഴിയിൽ ഇറങ്ങി ഇരുന്നു. ശേഷം കണ്ണടച്ച് മന്ത്രം ചൊല്ലാൻ തുടങ്ങി. കുട്ടിച്ചാത്തൻ വരുന്നുണ്ടോ എന്നറിയാൻ ഇടക്ക് മറ്റാരും അറിയാതെ കണ്ണ് തുറന്നു നോക്കി.ഏറെ നേരം മന്ത്രം ചൊല്ലിയിട്ടും കുട്ടിച്ചാത്തൻ വരാത്തതിനാൽ ഞങ്ങൾ ഒന്നിളകി ഇരുന്നു. വീണ്ടും ഉച്ചത്തിൽ മന്ത്രം ചൊല്ലി.
"കുട്ടിച്ചാത്താ വാ വാ .... പൊന്നു കുട്ടിച്ചാത്താ വാ വാ.."
ഏതാനും സമയം കഴിഞ്ഞ് കരിയിലകൾ ഇളകുന്ന ഒരു ശബ്ദം കേട്ടു ! ഞങ്ങൾ മന്ത്രം കൂടുതൽ ഉച്ചത്തിലാക്കി. കരിയില ഞെരിഞ്ഞമരുന്ന ശബ്ദം അടുത്തടുത്ത് വന്നു. കുട്ടിച്ചാത്തനെ പിടിക്കാനായി ഞങ്ങൾ മെല്ലെ കണ്ണ് തുറന്നു.
"അള്ളോ ൻ്റെ പടച്ചോനെ ..! പോക്കർ മോല്യാർ !!" മദ്രസയിൽ തന്നെ പഠിപ്പിക്കുന്ന അദ്ധ്യാപകനെ കണ്ട ഇൻതിസാർ ചാടി എഴുന്നേറ്റു ഓടി. പിന്നാലെ ഞങ്ങളും എണീറ്റ് ഓടി.
അന്ന് പോക്കർ മോല്യാർ മന്ത്രം മുടക്കിയിരുന്നില്ലെങ്കിൽ ഇന്ന് നിരവധി ലുലു മാളുകൾ ഞങ്ങൾക്കും ഉണ്ടാകുമായിരുന്നു എന്ന് ഇപ്പോഴും ഇൻതിസാർ ഇടക്കിടെ ആത്മഗതം ചെയ്യും.