Pages

Thursday, January 01, 2026

ന്യൂഇയർ

ഇന്നലെ ബിനാലെയും ഫോർട്ട് കൊച്ചിയിലെ ന്യൂ ഇയർ ആഘോഷങ്ങളും ഫാമിലി സഹിതം കണ്ട് നാട്ടിലേക്ക് തിരിച്ചു പോരാനുള്ള ബസും കാത്ത് അങ്കമാലി KSRTC സ്റ്റാൻ്റിൽ ഇരിക്കുകയായിരുന്നു. ക്ഷീണം കാരണം ഉറക്കം നന്നായി വരുന്നുണ്ടായിരുന്നു. പെട്ടെന്നാണ് ഒരു പോലീസ് ജീപ്പ് എൻ്റെ നേരെ മുമ്പിൽ വന്ന് ബ്രേക്കിട്ടത്.

ആരെയോ തല്ലാനുള്ള രീതിയിൽ കയ്യിൽ ഒരു കുപ്പിയുമായി (ലാത്തിയല്ല എന്ന് എനിക്കുറപ്പാ ) ഒരു പോലീസുകാരൻ ചാടിയിറങ്ങി. 

ന്യൂ ഇയറിൻ്റെ ഭാഗമായി ആകെ ഒരു ചായ മാത്രം കുടിച്ച എൻ്റെ നേരെ അയാൾ വരാൻ ഒരു സാദ്ധ്യതയും ഇല്ലാത്തതിനാൽ ഞാൻ ധൈര്യ സമേതം ഇരുന്നു.

"ഠേ" അയാൾ നേരെ എൻ്റെ തലക്ക് തന്നെ ഒരടി!

പെട്ടെന്ന് ഞാൻ തെന്നിമാറിയതിനാൽ ഇരിക്കുന്ന കസേരയിൽ നിന്നും താഴെ വീണു. ഞെട്ടി എഴുന്നേറ്റ് നോക്കുമ്പോൾ പോലീസും ഇല്ല ജീപ്പും ഇല്ല !!

മുന്നറിയിപ്പ്: ന്യൂ ഇയർ രാത്രി ഇങ്ങനെ പല സ്വപ്നങ്ങളും കാണാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. പേടി വേണ്ട, ജാഗ്രത മതി.

എല്ലാവർക്കും സന്തോഷം നിറഞ്ഞ 2026 ആശംസിക്കുന്നു.

Wednesday, December 31, 2025

ഡിസംബറും ഞാനും

ഡിസംബർ എന്നാൽ കുളിരിൻ്റെ മാസം എന്നായിരുന്നു കുട്ടിക്കാലത്ത് മനസ്സിൽ കയറ്റി വച്ചത്. കലാലയ ജീവിത കാലത്ത് അത് ആശംസാ കാർഡുകൾ അയക്കുന്നതിൻ്റെയും കൈപറ്റുന്നതിൻ്റെയും മാസമായി മാറി. ജോലി ലഭിച്ചു നാഷനൽ സർവ്വീസ് സ്കീം പ്രോഗ്രാം ഓഫീസറായതോടെ അത് NSS ക്യാമ്പുകളുടെ കാലമായി.

ഞാൻ ആദ്യമായി ഒരു NSS ദശദിന ക്യാമ്പിൽ പങ്കെടുക്കുന്നത് 1988 ഡിസംബറിലാണ്. തിരൂരങ്ങാടി പി.എസ്.എം. ഒ കോളേജിൽ പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലത്ത് വളണ്ടിയർ ആയിട്ടായിരുന്നു അന്ന് പങ്കെടുത്തത്. കോട്ടക്കലിനടുത്ത് സ്വാഗതമാട് എന്ന സ്ഥലത്തായിരുന്നു എൻ്റെ ആ പ്രഥമ ക്യാമ്പ്. പിന്നീട് ഡിഗ്രിക്ക് ഫാറൂഖ് കോളേജിൽ പഠിക്കുമ്പോൾ 1991 ൽ ഒരു ദശദിന ക്യാമ്പിൽ കൂടി പങ്കെടുത്തു. കോഴിക്കോട് എം.എം. ഹൈസ്കൂളിൽ ആയിരുന്നു പ്രസ്തുത ക്യാമ്പ്.   ക്രിസ്മസ് അവധിക്കാലം മുഴുവൻ നീളുന്ന പത്ത് ദിവസത്തെ ക്യാമ്പുകൾ ആയിരുന്നു ഇവ രണ്ടും.

കാലം കടന്നു പോയി. എൻ.എസ്.എസുമായി എൻ്റെ ബന്ധം ഏറെക്കുറെ അറ്റു പോയി. കോളേജിൽ ജോലി കിട്ടിയതോടെ എൻ്റെ ഉള്ളിലെ പഴയ വളണ്ടിയർ വീണ്ടും ഉണർന്നെണീറ്റു. അങ്ങനെ 2009 ൽ കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജിൻ്റെ പാവണ്ടൂർ ക്യാമ്പിലെ ഒരു സന്ദർശകനായി വീണ്ടും ഞാൻ ക്യാമ്പിൻ്റെ രസം അറിഞ്ഞു.  അടുത്ത വർഷം പ്രോഗ്രാം ഓഫീസറായി നിയമനം ലഭിക്കാനും അത് കാരണമായി.അപ്പോഴേക്കും ക്യാമ്പ് സപ്തദിനത്തിലേക്ക് ചുരുങ്ങിയിരുന്നു. 

2010 തലയാട് എ.എൽ.പി സ്കൂളിൽ നടന്ന കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജിൻ്റെ സപ്തദിന ക്യാമ്പാണ് പ്രോഗാം ഓഫീസറായുള്ള എൻ്റെ പ്രഥമ ക്യാമ്പ്. ഹൃദയം പറിച്ചെടുത്തായിരുന്നു അന്ന് എല്ലാവരും ആ നാട്ടിൽ നിന്നും തിരിച്ചു പോന്നത്. 2011-ൽ കൂമ്പാറ എൽ.പി സ്കൂളിലും 2012 ൽ തലക്കുളത്തൂർ ഹൈസ്കൂളിലും 2013 ൽ കുതിരവട്ടം എൽ.പി സ്കൂളിലും എൻ്റെ നേതൃത്വത്തിൽ എൻ.എസ്. എസ് സപ്തദിന ക്യാമ്പുകൾ നടന്നു. ശേഷം ഞാൻ പ്രോഗാം ഓഫീസർ സ്ഥാനം ഒഴിഞ്ഞു.

2015 ൽ വയനാട് ഗവ. എഞ്ചിനീയറിംഗ് കോളേജിലേക്ക് സ്ഥലം മാറ്റം കിട്ടി എത്തിയപ്പോഴും എൻ.എസ്.എസ് പ്രോഗ്രാം ഓഫീസറായി എനിക്ക് നിയമനം കിട്ടി. ആ വർഷം ഡിസംബറിൽ കോളേജിൽ വെച്ചും 2016 ലും 2017 ലും മാനന്തവാടി ഗവ. യു.പി സ്കൂളിൽ വെച്ചും സപ്തദിന ക്യാമ്പ് സംഘടിപ്പിച്ചു.

ഏഴ് ക്യാമ്പുകൾക്ക് നേതൃത്വം നൽകിയ ശേഷം ഞാൻ പ്രോഗ്രാം ഓഫീസർ പദവിയിൽ നിന്നും എന്നന്നേക്കുമായി പടിയിറങ്ങി. എങ്കിലും പിന്നീടുള്ള വർഷങ്ങളിൽ എല്ലാം എൻ്റെ ക്രിസ്മസ് അവധികൾ പല ക്യാമ്പുകളിലുമായി വിഭജിക്കപ്പെട്ടു. ഡിസംബർ സമാഗതമാകുന്നത് തന്നെ മനസ്സിന് സന്തോഷം പകരുന്ന ഒരു സംഗതിയായി മാറി. 

ഈ വർഷവും എൻ്റെ കോളേജിൻ്റെ ക്യാമ്പിൽ എത്തിച്ചേരാൻ എനിക്ക് അവസരം കിട്ടി.ഞാൻ അറിയാത്തതും എന്നെ അറിയാത്തതുമായ ഒരു ക്യാമ്പിൽ ഒരു സർപ്രൈസ് വിസിറ്റ് നടത്തണം എന്നാണ് അടുത്ത ആഗ്രഹം.

Saturday, December 27, 2025

ശാസ്ത്ര പഠനം എളുപ്പമാക്കാൻ ...

സ്കൂളിൽ പഠിക്കുന്ന കാലത്ത് ശാസ്ത്രം എനിക്ക് അത്ര പ്രിയപ്പെട്ടതായി തോന്നിയിരുന്നില്ല. ഒരു പക്ഷേ അത് പഠിപ്പിക്കപ്പെട്ട രീതി ആയിരിക്കാം അതിന് കാരണം. എങ്കിലും പത്താം ക്ലാസ് നല്ല മാർക്കോടെ പാസ്സായപ്പോൾ എല്ലാവരെയും പോലെ ഞാനും സെക്കൻ്റ് ഗ്രൂപ്പ് എടുത്തു. ഗണിതശാസ്ത്രം അത്ര തന്നെ വഴങ്ങാത്തതിനാലായിരുന്നു ഫിസിക്സും കെമിസ്ട്രിയും ബയോളജിയും അടങ്ങുന്ന സെക്കൻ്റ് ഗ്രൂപ്പ് എടുത്തത്. പ്രീഡിഗ്രി കഴിഞ്ഞ് ഡിഗ്രിക്ക് എൻ്റെ ഇഷ്ടപ്രകാരം ഫിസിക്സിനാണ് ചേർന്നത്. ശേഷം ഫിസിക്കൽ സയൻസിൽ ബി.എഡും ഫിസിക്സിൽ ബിരുദാനന്തര ബിരുദവും നേടി.

പഠനത്തിനിടയിൽ തന്നെ ഞാൻ ട്യൂഷൻ ക്ലാസ് എടുക്കാൻ തുടങ്ങിയിരുന്നു. കണക്ക് കഴിഞ്ഞാൽ പിന്നെ മിക്ക കുട്ടികളും ഭയപ്പെടുന്ന ഫിസിക്സ് തന്നെയായിരുന്നു ഞാൻ കൈകാര്യം ചെയ്തിരുന്നത്. പഠനകാലത്ത് ഞാൻ നേരിട്ട ബുദ്ധിമുട്ടുകൾ മനസ്സിലാക്കി, ഫിസിക്സിനെ ദൈനംദിന ജീവിതവുമായി ബന്ധിപ്പിച്ചായിരുന്നു ഞാൻ പഠിപ്പിച്ചിരുന്നത്. അതിനാൽ തന്നെ കുട്ടികളിൽ പലർക്കും ഫിസിക്സ് രസകരമായി അനുഭവപ്പെടാൻ തുടങ്ങി. സ്കൂൾ ക്ലാസുകളിൽ നിന്ന് മാറി പ്ലസ്ടു കുട്ടികൾക്ക് ക്ലാസെടുക്കാൻ തുടങ്ങിയപ്പോഴും മിക്ക വിദ്യാർത്ഥികളും പേടിക്കുന്ന ഫിസിക്സിലെ കണക്കുകൾ ലളിതമാക്കാനുള്ള വഴികൾ പറഞ്ഞു കൊടുത്തുകൊണ്ട് ആ പേടി നീക്കിക്കൊടുത്തു (ഇപ്പോൾ ഞാൻ ഫിസിക്സ് ക്ലാസ് എടുക്കാറില്ല).

യഥാർത്ഥത്തിൽ സയൻസ് പഠനം ആസ്വാദ്യകരമാകുന്നത് പഠിക്കുന്ന കാര്യങ്ങൾ ജീവിതത്തിൽ പ്രയോഗിക്കുമ്പോഴാണ്. അതുമല്ലെങ്കിൽ അതിന് ദൈനംദിന ജീവിതത്തിലുള്ള റോൾ മനസ്സിലാക്കുമ്പോഴാണ്. ഒരുദാഹരണം പറയാം.നിങ്ങളിൽ പലരും നടക്കുന്നതിനിടയിൽ വീണിട്ടുണ്ടാകും. മിക്കവാറും മുറിവോ ചതവോ ഒടിവോ പറ്റിയിട്ടുണ്ടാകും. എന്നാൽ പാതയോരത്ത് വീണു കിടക്കുന്ന മിക്ക മദ്യപാനികളുടെയും ദേഹത്ത് നാം ഇതൊന്നും കാണാറില്ല. ഞാൻ മനസ്സിലാക്കിയത് ന്യൂട്ടൻ്റെ മൂന്നാം ചലന നിയമം ആണ് ഇതിന് കാരണം എന്നാണ്.

'എല്ലാ പ്രവർത്തനങ്ങൾക്കും തുല്യവും വിപരീതവുമായ ഒരു പ്രതിപ്രവർത്തനം ഉണ്ടായിരിക്കും' എന്നാണ് മൂന്നാം ചലന നിയമം  പറയുന്നത്. ബോധമുള്ള ഒരാൾ വീഴുമ്പോൾ അതിൽ നിന്നും രക്ഷപ്പെടാൻ ഒന്ന് ശ്രമിക്കും. അതായത് അയാൾ ഒരു ബലം പ്രയോഗിച്ച് നോക്കും. അയാൾ എത്ര ബലം പ്രയോഗിക്കുന്നുവോ അത്രയും പ്രതിപ്രവർത്തന ബലം ഭൂമി അയാളുടെ മേൽ തിരിച്ചു പ്രയോഗിക്കും. അതിനനുസരിച്ചുള്ള ഒരു പരിക്കും പറ്റും. ഇനി ഒരു മദ്യപാനി വീഴുമ്പോൾ സ്വബോധത്തോടെയല്ല വീഴുന്നത് എന്നതിനാൽ മേൽ പറഞ്ഞ രക്ഷപ്പെടാനുള്ള ബലപ്രയോഗവും പ്രതിപ്രവർത്തന ബലവും ഉണ്ടാകില്ല. അതിനാൽ അയാൾക്ക് പരിക്കും ഉണ്ടാകാൻ സാധ്യതയില്ല.

മേൽ പറഞ്ഞ നിയമം നൂറാവർത്തി പറഞ്ഞ് പഠിപ്പിക്കുന്നതിന് പകരം നിത്യജീവിതവുമായി ബന്ധപ്പെടുത്തി പറയുന്നതിലൂടെ വിദ്യാർത്ഥികൾ അവരുടെ നിത്യജീവിതത്തിലെ പലതിനെയും ശാസ്ത്രവുമായി ബന്ധിപ്പിക്കാൻ ശ്രമിക്കും. അതുവഴി സയൻസ് അവരുടെ പേടി സ്വപ്നങ്ങളിൽ നിന്നും അകലും. പകരം അവർ കിനാവുകൾ കാണാൻ തുടങ്ങും. അത് അവരുടെ പഠന പുരോഗതിയിൽ പ്രതിഫലിക്കുകയും ചെയ്യും എന്നാണ് എൻ്റെ വിശ്വാസം.

ഉയരത്തിൽ നിന്ന് വീഴുന്ന പൂച്ചക്ക് മുറിവ് പറ്റാത്തത് എന്തുകൊണ്ട് ? നീന്തൽ താരങ്ങൾ കൈ നീട്ടിപ്പിടിച്ച് കൂപ്പിക്കൊണ്ട് ചാടുന്നത് എന്തിന്? ഇരുമ്പാണി വെള്ളത്തിലിട്ടാൽ മുങ്ങുമ്പോൾ അതേ ഇരുമ്പ് നിർമ്മിത കപ്പലുകൾ മുങ്ങാത്തത് എന്തുകൊണ്ട് തുടങ്ങി നിരവധി ചോദ്യങ്ങൾക്ക് ഇങ്ങനെ നിത്യ ജീവിത ഗന്ധിയായ കാരണങ്ങൾ കണ്ടെത്താൻ സാധിക്കും. നിയമങ്ങൾ ഉരുവിട്ട് പഠിക്കുന്നതിലുപരി ജീവിതവുമായി ബന്ധപ്പെടുത്തി അവ വിശദീകരിച്ചാൽ ഏത് വിദ്യാർത്ഥിയും ശാസ്ത്രകുതുകിയാകും.

കുട്ടികൾക്ക് ശാസ്ത്രം ലളിതമായി മനസ്സിലാക്കാൻ വേണ്ടി നിർമ്മിച്ച സ്ഥാപനങ്ങളാണ് മേഖലാ ശാസ്ത്ര കേന്ദ്രങ്ങൾ. മലബാറിലെ മേഖലാ ശാസ്ത്ര കേന്ദ്രം സ്ഥിതി ചെയ്യുന്നത് കോഴിക്കോടാണ്. അവിടത്തെ വിശേഷങ്ങൾ മറ്റൊരു പോസ്റ്റിൽ പറയാം.

Wednesday, December 24, 2025

When Breath Becomes Air

വർഷത്തിൽ അറുപത് പുസ്തകങ്ങൾ എങ്കിലും വായിക്കുക; അതിൽ പത്ത് ശതമാനം ഇംഗ്ലീഷ് പുസ്തകമായിരിക്കുക എന്ന ഒരു തീരുമാനം എൻ്റെ ഒരു ഗമണ്ടൻ തീരുമാനം തന്നെയായിരുന്നു. അത് നടപ്പിലാക്കാൻ പറ്റും എന്ന് ഞാൻ കഴിഞ്ഞ വർഷം തെളിയിച്ചു. ഈ വർഷവും ലക്ഷ്യത്തിലേക്ക് എത്താൻ ഇനി രണ്ട് പുസ്തകദൂരം മാത്രം.

എൻ്റെ സ്വന്തം ഹോം ലൈബ്രറിയിലുള്ള ഇംഗ്ലീഷ് പുസ്തകങ്ങൾ തൊണ്ണൂറ്റി ഒൻപതു ശതമാനവും മക്കൾ വാങ്ങിയതാണ്. എങ്ങനെയാണ് അതിൻ്റെ തെരഞ്ഞെടുപ്പ് എന്ന് അറിയില്ല എങ്കിലും വായിച്ചാൽ ഒരു ഒന്നൊന്നര ഫീലിംഗ് കിട്ടുന്നവയാണ് ഈ പുസ്തകങ്ങൾ എന്ന് ഞാൻ അനുഭവിച്ചറിയുന്നു. പ്രസ്തുത വായനയിൽ വന്ന ഒരു പുസ്തകമാണ് ഡോ. പോൾ കലാനിധിയുടെ “When Breath Becomes Air” (പ്രാണൻ വായുവിലലിയുമ്പോൾ എന്ന പേരിൽ ഇതിൻ്റെ മലയാള പരിഭാഷ ലഭ്യമാണ്).

ചില മരണങ്ങൾ ഒരു തരം ശൂന്യതാ ബോധം സൃഷ്ടിക്കുമ്പോൾ മറ്റു ചില മരണങ്ങൾ സമാധാനം കൊണ്ടുവന്ന് നിറക്കും. അച്ഛനോ, അമ്മയോ, സഹോദരങ്ങളോ, ഭർത്താവോ, മകനോ, ബന്ധുക്കളോ, സുഹൃത്തോ ആരുമാകട്ടെ മരണ സമയത്ത് ചേർന്ന് നിന്ന് യാത്രയാക്കാന്‍ അരികിലൊരാൾ ഉണ്ടായിരിക്കുക എന്നതാണ് ഈ ജീവിതം കൊണ്ട് നാം നേടിയെടുക്കേണ്ട ഏറ്റവും മികച്ച സമ്പാദ്യം.
"മരണമെത്തുന്ന നേരത്തു നീയെന്റെ
അരികിൽ ഇത്തിരി നേരം ഇരിക്കണേ" എന്ന ഗാനം മലയാളിക്ക് അത്രമേൽ പ്രിയപ്പെട്ടത് ആയതും അതു കൊണ്ടായിരിക്കാം. 

മേൽ സൂചിപ്പിച്ച പോലെയുള്ള ഒരു ജീവിതം കൈമുതലായുണ്ടായിരുന്ന,  സ്വന്തം പ്രൊഫഷനിൽ വിജയങ്ങൾ കൊയ്ത് ഉന്നതിയിലേക്ക് അതിവേഗം മുന്നേറിക്കൊണ്ടിരുന്ന ഒരു ന്യൂറോ സർജനായിരുന്നു പോൾ കലാനിധി. നിനച്ചിരിക്കാതെ അർബുദമെന്ന ഭീകര രോഗത്തിന് ഡോക്ടറും അടിമപ്പെട്ടു.
മരണം മുന്നിൽ കണ്ടു കൊണ്ട് ഡോക്ടറായ പോൾ കലാനിധി എഴുതിയതാണ്  When Breath Becomes Air എന്ന പുസ്തകം. ഒരു കാലത്ത് സാഹിത്യത്തെ പ്രണയിച്ച ഡോക്ടർ ജീവിതത്തെയും, മരണത്തിനുള്ള കാത്തിരിപ്പിനേയും വളരെ മനോഹരമായി കടലാസിലേക്ക് പകർത്തിയപ്പോൾ അത് ലോകമെമ്പാടുമുള്ള വായനക്കാർ ഹൃദയത്തിൽ സ്വീകരിച്ചു.

ഒരേ സമയം ഡോക്ടറും രോഗിയും ആവുന്നത് എത്ര തീവ്രമായ പരീക്ഷണമാണെന്ന് ഈ പുസ്തകത്തിൽ അദ്ദേഹം വിവരിക്കുന്നു. മരണം വിളിപ്പുറത്ത് എത്തി നിൽക്കുമ്പോഴും ഐ.വി.എഫ് ലൂടെ ഒരു കുഞ്ഞിന് ജന്മം നൽകാനും എട്ട് മാസത്തോളം കുഞ്ഞിനൊപ്പം ജീവിക്കാനും അദ്ദേഹത്തിന്റെ മനസ്ഥൈര്യം ഒന്ന് കൊണ്ട് മാത്രം സാധിച്ച നേട്ടമാണ്. മറ്റ് അവയവങ്ങളിലേക്ക് കൂടി പടർന്ന് പിടിച്ച ശ്വാസകോശാർബുദം ( Metastatic Lung Cancer) ആണ് തൻ്റേതെന്ന് പോൾ തിരിച്ചറിയുന്നതും  മരണം വരെയുള്ള സംഭവ വികാസങ്ങൾ പ്രതിപാദിക്കുന്നതും ഒരു കാര്യം വ്യക്തമാക്കുന്നു - രോഗങ്ങൾ ആർക്കും വരാം; നമ്മൾ അതിനെ എങ്ങനെ പോസിറ്റീവായി സ്വീകരിക്കുന്നു എന്നതാണ് പ്രധാനം. ഭാര്യ ലൂസി കലാനിധിയുടെ കുറിപ്പോടെയാണ് പുസ്തകം അവസാനിക്കുന്നത്. 

മെഡിക്കൽ‍ പദങ്ങളും പ്രക്രിയകളും വിശദീകരണമില്ലാതെ പ്രതിപാദിക്കുന്നത് വായനയുടെ ഒഴുക്കിനെ ബാധിക്കും എന്നതൊഴിച്ചാൽ  When Breath Becomes Air മികച്ച ഒരു വായനാനുഭവമാണ്.

പുസ്തകം: When Breath Becomes Air
രചയിതാവ്: Paul Kalanidhi
പബ്ലിഷർ: Penguin Random House
പേജ് : 228
വില: Rs 599

Monday, December 22, 2025

ചക്കപ്പഴം

എൻ്റെ വല്യുമ്മ താമസിച്ചിരുന്ന വീട് വല്ല്യുമ്മയുടെ മരണ ശേഷം പൊളിച്ചു കളഞ്ഞു. പക്ഷേ, ആ വീടിൻ്റെ ഓരം ചേർന്ന് നിന്നിരുന്ന വലിയൊരു പ്ലാവ് മരവും കുറെ ചക്കപ്പഴ മരങ്ങളും എൻ്റെ മനസ്സിൽ ഇപ്പോഴും നിറഞ്ഞു നിൽക്കുന്നു.

ആത്തച്ചക്ക, ആന മുന്തിരി, സൈനാമ്പഴം എന്നിങ്ങനെ പല പേരുകളിലും അറിയപ്പെടുന്ന ഒരു പഴത്തെയാണ് ഞങ്ങൾ ചക്കപ്പഴം എന്ന് വിളിക്കുന്നത്. പ്ലാവിൽ ഉണ്ടാകുന്നത് ചക്കയാണ്, ഇവിടെ പ്രതിപാദിക്കുന്നത് ചക്കപ്പഴമാണ് എന്ന് ഒരിക്കൽ കൂടി ഉണർത്തുന്നു.

വല്യുമ്മയുടെ മുറ്റത്തെ എല്ലാ ചക്കപ്പഴ മരങ്ങളിലും കായ പിടിക്കാറുണ്ട്. മൂപ്പെത്തിയാൽ അത് ചുവന്ന് തുടിക്കും. ഒറ്റ നോട്ടത്തിൽ പഴുത്തു എന്ന് തോന്നുമെങ്കിലും രണ്ടോ മൂന്നോ ദിവസം വെണ്ണീറിൽ പൂഴ്ത്തി വച്ചാലേ ചുവന്ന ചക്കപ്പഴം പഴുത്ത് പാകമാകൂ. ഇപ്പോൾ പല വീടുകളിലും വെണ്ണീർ ഇല്ല. അങ്ങനെയാണ് അരിയിൽ പൂഴ്ത്തി വെച്ചാലും ചക്കപ്പഴം പഴുക്കും എന്ന് ആരോ കണ്ടെത്തിയത്. കടലാസിൽ പൊതിഞ്ഞ് വച്ചാലും ആത്തച്ചക്ക പഴുക്കും.


വീട്ടിലെ അംഗസംഖ്യക്കനുസരിച്ച് പഴുത്ത ചക്കപ്പഴം ഓരോ മക്കൾക്കും വല്യുമ്മ നൽകും. തറവാട്ട് മുറ്റത്ത് കളിക്കാൻ ഒത്ത് കൂടുമ്പോഴാണ് മിക്കവാറും വല്ല്യുമ്മ ഇത് തരിക. എൻ്റെ വീട്ടിലേക്ക് ഒരു ചക്കപ്പഴമായിരുന്നു വല്യുമ്മ തന്നിരുന്നത്. അത് പൊളിച്ച് ഉള്ളിലെ മാംസളമായ ഭാഗം തിന്നുമ്പോഴുള്ള ടേസ്റ്റ് ഇന്നും നാവിലൂറുന്നു. പ്രസ്തുത രുചി കാരണം, കുരുവിനെ പൊതിഞ്ഞ് കൊണ്ടുള്ള നേർത്ത പാട അടയ്ക്കം ഞങ്ങൾ ഭക്ഷിച്ചിരുന്നു.

വല്യുമ്മയുടെ കാലശേഷം പുരയിടം മക്കൾക്കിടയിൽ വീതം വെച്ചു. ഒരു സെൻ്റ് വീതം ആയിരുന്നു പലർക്കും കിട്ടിയത്. അതിനാൽ തന്നെ മിക്കവരും അത് കച്ചവടം നടത്തി. പുതിയ ഉടമകൾ സ്ഥലം വൃത്തിയാക്കുന്നതിനിടയിൽ അവിടെ ഉണ്ടായിരുന്ന മരങ്ങളെല്ലാം വെട്ടിമാറ്റി. അങ്ങനെ ചക്കപ്പഴ മരങ്ങളും ഇല്ലാതായി.

വർഷങ്ങൾ കടന്നു പോയി. ഞാൻ പുതിയ വീട് വെച്ച് താമസം തുടങ്ങി. ജീവിത ചരിത്രത്തിലെ വിശേഷ ദിവസങ്ങളിൽ ഒരു വൃക്ഷത്തൈ വെച്ചുകൊണ്ട് എൻ്റെ പുരയിടം ഞാൻ ഹരിതാഭമാക്കിക്കൊണ്ടിരുന്നു. ഇതിനിടയിലാണ്, വീട്ടുമുറ്റത്ത് വെച്ചിരിക്കുന്ന പാത്രത്തിൽ നിന്ന് വെള്ളം കുടിക്കാൻ വരുന്ന പക്ഷികളിൽ ഏതോ ഒന്ന് ചില വിത്തുകൾ എൻ്റെ പുരയിടത്തിൽ നിക്ഷേപിച്ചത്. അവ മുളച്ച് വന്നപ്പോഴാണ്  അക്ഷരാർത്ഥത്തിൽ പ്രകൃതി എന്നെയും സ്നേഹിക്കുന്നത് ഞാൻ തിരിച്ചറിഞ്ഞത്. അങ്ങനെ മുളച്ച് വന്ന തൈകളിൽ ഒന്ന് ചക്കപ്പഴത്തിൻ്റെത് ആയിരുന്നു. ഏതോ വർഷത്തെ വിവാഹ വാർഷിക മരമായി ഞങ്ങൾ അതിനെ മാറ്റി നട്ടു.

ബട്ട്, മതിൽ പണി കഴിഞ്ഞപ്പോൾ പ്രസ്തുത മരം അവിടെ നല്ലതല്ല എന്ന് അഭിപ്രായം വന്നു. അപ്പോഴാണ് അനിയൻ്റെ പുരയിടത്തിൻ്റെ അതിരിനോട് ചേർന്ന് ഒരു ചക്കപ്പഴത്തൈ മുളച്ച് വന്നത് ഞാൻ കണ്ടത്. ഞാനും ഭാര്യയും കൂടി നട്ട തൈ വെട്ടിമാറ്റിയ ശേഷം ഈ തൈ വിവാഹ വാർഷിക മരമായി ഞങ്ങൾ ദത്തെടുത്തു. ഈ വർഷം ആദ്യമായി അതിൽ കായ പിടിച്ചു. നല്ല വലിപ്പമുള്ള ചക്കപ്പഴങ്ങൾ കണ്ട് ഞങ്ങളുടെ മനം നിറഞ്ഞു. അങ്ങനെ, വല്യുമ്മ പണ്ട് തന്നിരുന്ന ചക്കപ്പഴത്തിൻ്റെ രുചി വീണ്ടും എൻ്റെ നാവിലൂറിത്തുടങ്ങി.