Pages

Friday, August 30, 2019

കാദറിന്റെ മൈ ഹോബി

               സ്കൂൾ കാലഘട്ടത്തിൽ കാക്കൊല്ല പരീക്ഷ എന്ന് കേൾക്കുമ്പോൾ ‘കാക്കൊല്ലം’ എന്താണെന്ന് പോലും മനസ്സിലായിരുന്നില്ല. പിന്നീട് എപ്പോഴോ അതിന്റെ പേര് ഓണപ്പരീക്ഷയായി മാറിയപ്പോഴാണ് അത് എത്രയും പെട്ടെന്ന് ആഗതമാവാൻ പ്രാർത്ഥിക്കാൻ തുടങ്ങിയത്. കാരണം പരീക്ഷ കഴിഞ്ഞാൽ പിന്നെ പത്ത് ദിവസം ഡിങ്ക് ഡിങ്കാ അടിച്ച് നടക്കാം എന്നത് തന്നെ. ഇപ്പോൾ മലയാളം മീഡിയത്തിലും ഇംഗ്ലീഷ് മീഡിയത്തിലും എല്ലാം ഈ പരീക്ഷയുടെ പേര് ടേം പരീക്ഷ എന്നാണ് (പകുതി ഇംഗ്ലീഷും പകുതി മലയാളവും ചേർത്ത് നീതിപൂർവ്വമാക്കിയ പേര്) . അത് എന്ന് നടക്കും എന്നത് കാലാവസ്ഥയെ കൂടി ആശ്രയിച്ചാണ് ഇപ്പോള്‍ നിലകൊള്ളുന്നത്.

                 വർഷങ്ങൾക്ക് മുമ്പ് , അതായത് കഴിഞ്ഞ നൂറ്റാണ്ടിൽ ഞാൻ എഴുതിയ ഒരു പരീക്ഷയാണ് ഈ പരീക്ഷാകാലത്ത് എന്റെ ഓർമ്മയിൽ ഓടിവരുന്നത്. അന്ന് ഞാൻ ഒമ്പതാം ക്ലാസിലാണ് പഠിച്ചിരുന്നത്. ഇംഗ്ലീഷിൽ My Hobby യും ഹിന്ദിയിൽ “എക് ത്യോഹാറും’ പരീക്ഷയിലെ സ്ഥിരം ഉപന്യാസ ചോദ്യമായിരുന്ന കാലമായിരുന്നു അത്. കടലാസ് തുണ്ട് വച്ചുള്ള കോപ്പിയടി ഒരു നാടൻകലയായി വളർത്തിയവന്, അല്പസ്വല്പം അടുത്തിരിക്കുന്ന അയൽക്കാരനിൽ നിന്നും കൂടി ഒപ്പിച്ചാൽ  ഇംഗ്ലീഷിലും ഹിന്ദിയിലും ജയിച്ച് കയറാൻ ഇത് രണ്ടും മാത്രം മതിയായിരുന്നു.

           മാവേലി വാണിടും കാലം മാനുഷരെല്ലാം ഒന്നു പോലെ എന്ന് പറഞ്ഞപോലെ  “എക് ത്യോഹാറി’ന് കേരളത്തിലെ മുഴുവൻ കുട്ടികളും ഉത്തരം എഴുതുന്നതും ഒന്ന് തന്നെയായിരുന്നു - ഓണം കേരൾ കി ദേശീയ് ത്യോഹാർ ഹെ. വഹ് ശ്രാവൺ മഹീനെ മേം ആത ഹെ.... ഇത്രയും ഹിന്ദിയിൽ എഴുതിയാൽ തന്നെ അവനെ ഹിന്ദിയിലെ രാജാവാക്കുന്ന കാലം കൂടിയായിരുന്നു അത്. അന്ന് മുതൽ തിരഞ്ഞിട്ടും ‘ശ്രാവൺ മഹീനെ‘ കലണ്ടറിൽ ആദ്യമായി കണ്ടത് ഇന്നാണ്.

              അന്നത്തെ ഇംഗ്ലീഷ് പരീക്ഷ ദിനത്തിലാണ് ഈ കഠോര സംഭവം നടന്നത്.ചോദ്യങ്ങള്‍ അത്യാവശ്യം നന്നായി വായിക്കാനും മനസ്സിലാക്കാനും അറിയുന്ന ഫൈസൽ ഉത്തരങ്ങൾ എഴുതി മുന്നേറിക്കൊണ്ടേ ഇരിക്കുന്നത്, തൊട്ടടുത്തിരുന്ന ഖാദറിന് അത്ര ദഹിച്ചില്ല. പരീക്ഷ ഒരു മണിക്കൂർ പിന്നിട്ടിട്ടും ഉത്തരക്കടലാസിന്റെ വലതു മൂലയിൽ ‘Abdulkadr , 9F ,  നബര്‍ 1 ' എന്ന് മാത്രം എഴുതിയിരിക്കുന്നവന്റെ സങ്കടം അറിയാതെ ഫൈസൽ മുന്നേറുമ്പോഴാണ് ഖാദർ മനോഹരമായ ആ കാഴ്ച കണ്ടത് - ഇൻ‌വിജിലേറ്ററായി വന്ന സാവിത്രി ടീച്ചർ മേശയിൽ തലയും വച്ച് സുഖമായി ഉറങ്ങുന്നു !

                 വീണുകിട്ടിയ സുവർണ്ണാവസരം മുതലെടുത്ത് കാദർ ഫൈസലിന്റെ പേപ്പർ വലിച്ചു. ആദ്യം കണ്ടത് തന്നെ ഉപന്യാസ ചോദ്യമായ My Hobby യുടെ ഉത്തരം. വള്ളി പുള്ളി വിടാതെ അക്ഷരം പെറുക്കി പെറുക്കി എടുത്ത് എഴുതി, ഖാദർ തന്റെ ഉത്തരക്കടലാസിന്റെ ഒന്നാം പേജ് ഗംഭീരമാക്കി. നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക എന്നത് ഫൈസലിന് അറിയില്ലെങ്കിലും പിന്നിലെ ബെഞ്ചിലിരുന്ന മുനീറിന്റെയും ലതീഫിന്റെയും നടുവിലേക്ക് ഫൈസലിന്റെ പേപ്പർ വച്ചു കൊടുത്തുകൊണ്ട് ഖാദർ അത് പ്രാവർത്തികമാക്കി.നല്ല സമരിയക്കാരനായി ജാഫർ എല്ലാം നോക്കി ഇരുന്നു. അഞ്ചു വർഷത്തിനിടക്ക് ഒരു ഇംഗ്ലീഷ് പരീക്ഷയിലെങ്കിലും ഉത്തരക്കടലാസിന്റെ ഒന്നാം പേജ് മുഴുവനാക്കാൻ സാധിച്ച സന്തോഷത്തിൽ ഖാദറും കിണ്ണം കാച്ചി മാർക്കുള്ള ഒരു ചോദ്യത്തിന് ഉത്തരം എഴുതിയ സംതൃപ്തിയിൽ ലതീഫും മുനീറും പരീക്ഷ കഴിഞ്ഞിറങ്ങി. എഴുതിയ ഉത്തരം തെറ്റായതിനാൽ പിന്നീടെപ്പോഴോ ഫൈസൽ തന്റെ പേപ്പറില്‍ നിന്ന് അത് വെട്ടിക്കളഞ്ഞത് മൂന്ന് പേരും അറിഞ്ഞില്ല.

                വെക്കേഷൻ കഴിഞ്ഞ് സ്കൂൾ തുറക്കുന്ന ദിവസം. ഒന്നാം പിരീഡ് തന്നെ ഇംഗ്ലീഷ് ആണ്. ക്ലാസിലേക്ക് വന്ന ലിസി ടീച്ചറുടെ കയ്യിൽ വാല്യു ചെയ്ത ഉത്തരക്കടലാസുകൾ ഉണ്ട്. ഇത്തവണ ഇംഗ്ലീഷിൽ പാസ്‌ ആകും എന്ന അമിത ആത്മവിശ്വാസത്തിൽ ഖാദറും മുനീറും ലതീഫും ടീച്ചറുടെ മുഖത്തേക്ക് തന്നെ നോക്കി ഇരിക്കുകയാണ്. ഹാജർ വിളി കഴിഞ്ഞ് ടീച്ചർ ഉത്തരക്കടലാസിന്റെ കെട്ടെടുത്തു.

“അബ്ദുൽ ഖാദർ “ ടീച്ചർ ആദ്യത്തെ പേരു വിളിച്ചു. പേപ്പർ വാങ്ങാനായി ഖാദർ ധൃതിയില്‍ ചെന്നു.

“നിന്റെ ഹോബി എന്താ ?” ടീച്ചറുടെ അപ്രതീക്ഷിത ചോദ്യം കേട്ട് ഖാദർ ഞെട്ടി. മുൻ ബെഞ്ചിലിരിക്കുന്ന ഫൈസലിനെ ഖാദർ ദയനീയമായി ഒന്ന് നോക്കി. അതുവരെ നെഞ്ച് വിരിച്ചിരുന്ന മുനീറിന്റെയും ലതീഫിന്റെയും നെഞ്ച് കാറ്റുപോയ ബലൂൺ പോലെയായി.

“ഖാദറിന്റെ അതേ ഹോബിയുള്ള രണ്ട് മഹാന്മാർ കൂടിയുണ്ടിവിടെ...ആ രണ്ട് പേരും കൂടി ഇങ്ങോട്ട് വന്നാട്ടെ ....“ ലിസി ടീച്ചർ പറഞ്ഞു. ആരാണ് ആ മഹാന്മാർ എന്ന് ക്ലാസ് ഒന്നടങ്കം നോക്കി നിന്നു. ആരും സീറ്റിൽ നിന്നുയർന്നില്ല.

“ അബ്ദുൽ മുനീർ .... അബ്ദുൽ ലതീഫ്...ഇങ്ങോട്ട് വാ... നിങ്ങളുടെ രണ്ട് പേരുടെയും ഹോബി എന്താണ്?” മുനീറും ലതീഫും സീറ്റില്‍ നിന്നെണീറ്റു.

“ടീച്ചറെ...കോപ്പിയടി...അവർ എന്റേത് കോപ്പിയടിച്ചതാ...” ഖാദർ തട്ടിവിട്ടു.

“ആഹാ...നീ ആരാ ഹരിശ്ചന്ദ്രനോ ?” ടീച്ചർ ഖാദറിനോട് ചോദിച്ചു.

“ ഞാന്‍ അബ്ദുല്‍ഖാദറാണ്... ഹരി അതാ അവിടെ...ചന്ദ്രന്‍ മറ്റേ ക്ലാസിലാ..“

“ഹോക്കി ആരുടെ ഹോബിയാ ?” മൂന്നുപേരോടുമായി ടീച്ചർ ചോദിച്ചു.

“ഫൈസലിന്റെ..” ഖാദര്‍ പെട്ടെന്ന് പറഞ്ഞു.

“ഹോക്കി എന്താണെന്നറിയോ നിനക്ക് ?”

“മുനീറിനറിയാം...ലതീഫിനും...” ഖാദര്‍ വേഗം തടിയൂരാന്‍ ശ്രമിച്ചു.

“ഇവര്‍ എഴുതിയ ഉത്തരം ജാഫര്‍ വായിക്കും...ജാഫര്‍ വരൂ...” ടീച്ചര്‍ നീട്ടിയ പേപ്പര്‍ വാങ്ങി ജാഫര്‍ വായിക്കാന്‍ തുടങ്ങി.

“മൈ ഹോബി ഇസ് ഹോക്കി. ഹോബി ആന്റ് ഹോക്കി ആര്‍ സിമിലര്‍ ബട്ട് ഡിഫറന്റ്. ദാറ്റ് ഇസ് എ സ്മാള്‍ സ്പെല്ലിംഗ് മിസ്റ്റേക്. ബട്ട് ഐ ലവ് ഹോക്കി. ദാറ്റ് ഇസ് മൈ ഹോബി. ആള്‍ ഇന്ത്യന്‍സ് ആര്‍ മൈ ബ്രദേഴ്സ് ആന്റ് സിസ്റ്റേഴ്സ്.ഐ ലവ് ഹോക്കി സോ ദേ ആള്‍സൊ ലവ് ഹോക്കി. ഇംഗ്ലീഷ് സ്പീക്കിങ് മെന്‍ പ്ലെ ഹോക്കി. സൊ ഐ ലവ് ഇംഗ്ലീഷ്. സൊ ഹോക്കി ഇസ് മൈ ഹോബി. ലാസ്റ്റ് ആന്റ് ഫൈനലി ഹോക്കി ഇസ് പ്ലേയ്ഡ് വിത് എ അംബ്രെല്ല ലെഗ്......“

“മതി മതി....ഫൈസല്‍ ഇത്രയും എഴുതിയത് പിന്നീട് വെട്ടിയത് മഹാന്മാര്‍ അറിഞ്ഞില്ല അല്ലേ ? ഹോക്കി എന്നാല്‍ ഒരു ഹോബിയല്ല....അതൊരു തരം കളിയാണ്...ഹോബി എന്നാല്‍ നേരം പോക്കിനായി ചെയ്യുന്ന കാര്യങ്ങളാണ്. നാളെ മൈ ഹോബി അഞ്ച് തവണ എഴുതിയിട്ട് ക്ലാസില്‍ കയറിയാല്‍ മതി.” മൂന്നു പേരോടുമായി ടീച്ചര്‍ പറഞ്ഞു.

          ഫൈസലിനെ രൂക്ഷമായി നോക്കിക്കൊണ്ട് ഖാദര്‍ സീറ്റില്‍ പോയി ഇരുന്നു. ലതീഫും മുനീറും പിന്നാലെയും. അന്നുമുതല്‍ മുനീറിന്റെ ഒന്നാം പിരീഡ് സ്കൂളിന് തൊട്ടടുത്ത കുഞ്ഞുണ്ണിയുടെ ചായക്കടയിലായി. ഖാദറിന് രാവിലെ അര മണിക്കൂര്‍ കൂടി അധികം ഉറങ്ങാനും സമയം കിട്ടി. ആരോ എഴുത്തിക്കൊടുത്ത മൈ ഹോബി അഞ്ച്ച് തവണ എഴുതി ലതീഫ് ക്ലാസിലും കയറി.

Tuesday, August 27, 2019

ടീം PSMO @ Le Candles

             ആഗസ്ത് മാസം എന്റെ ജന്മ‌മാസം കൂടിയാണ്. ജീവിതത്തിലെ സന്തോഷ നിമിഷങ്ങളില്‍ പലതും സംഭവിക്കുന്നതും ഈ മാസത്തില്‍ തന്നെയാകുന്നത് യാദൃശ്ചികമായിരിക്കാം. കോളനി സംഗമവും 32 വര്‍ഷത്തിന് ശേഷമുള്ള എസ്.എസ്.സി ബാച്ച് സംഗമവും ചരിത്രം കുറിച്ച പ്രളയവും ഈ വർഷത്തെ ആഗസ്തിനെ അവിസ്മരണീയമാക്കി. പ്രീഡിഗ്രി അവൈലബിൾ ഹോസ്റ്റൽമേറ്റ്സിന്റെ വാർഷിക സംഗമവും ആഗസ്തിൽ തന്നെയായി. പ്രളയം തീർത്ത മുറിവുകൾ ഉണക്കാനുള്ള ഏതാനും ചില പ്രവർത്തനങ്ങൾ (അതിജീവനം -1 , അതിജീവനം -2, അതിജീവനം -3 ) നടത്തിയ ശേഷം ഒരു റിലാക്സേഷൻ കൂടിയായിരുന്നു എനിക്ക് ഈ സംഗമം.

               കോഴിക്കോട് NIT യുടെ സമീപ സ്ഥലമായ മലയമ്മയിലെ Le Candles റിസോർട്ടിലായിരുന്നു ഇത്തവണ ഞങ്ങൾ ഒരുമിച്ച് കൂടിയത്. എനിക്ക് പുറമെ അരീക്കോട്ടുകാരും പ്രവാസികളുമായ സുനിൽ, ഹാഫിസ്, ജാബിർ, താനൂർ സ്വദേശി അസ്‌ലം, കോഴിക്കോട്ടുകാരൻ ഡോ.സഫറുള്ള, സൈഫുദ്ദീൻ, നജീബ് എന്നിവരായിരുന്നു ഉണ്ടായിരുന്നത്.
                        ആദ്യ നോട്ടത്തിൽ അനുരാഗം തോന്നിക്കുന്ന രൂപത്തിലാണ് റിസോർട്ടിന്റെ രൂപകല്പന. റോഡിന്റെ തൊട്ടടുത്ത് പെട്ടെന്ന് ഒരു മല തുടങ്ങുന്നതായി അനുഭവപ്പെടാത്ത രൂപത്തിൽ, പ്രകൃതിക്ക് പരിക്കേൽപ്പിക്കാതെ കുന്നും കാടും ഒക്കെ അതേപടി നിലനിർത്തിയാണ് വില്ലകളുടെയും മറ്റും നിർമ്മാണം നടത്തിയിരിക്കുന്നത്. ലാന്റ്സ്കേപ് ചെയ്തതും മനോഹരമാണ്. ചെറിയ ഒരു നീന്തൽ കുളവും  റിസോർട്ടിന് അഴക് കൂട്ടുന്നു. കാലത്തെ കോടയും ഒരനുഭവം തന്നെയാണ്.
              ആരൊക്കെയോ എഴുതിയ റിവ്യൂകളിൽ ഭൂരിഭാഗവും നല്ല സർട്ടിഫിക്കറ്റ് ആണ് ഈ റിസോർട്ടിന് നൽകിയിരിക്കുന്നത്. എന്റെ അനുഭവത്തിൽ ചിലത് പറയട്ടെ. ഓൺലൈൻ വഴി ബുക്ക് ചെയ്ത് മൂന്നാം ചിത്രത്തിലെ ആ റൂം കിട്ടി എന്ന് കരുതുക. പ്രായമായവർ കൂടെയുണ്ടെങ്കിൽ അങ്ങോട്ട് എത്താൻ സാധിക്കും എന്ന് തോന്നുന്നില്ല. മുട്ടുവേദന,ശ്വാസം മുട്ടൽ, കിതപ്പ് എന്നിവരുള്ളവരും അവിടെ എത്തിപ്പെട്ടാൽ അടിയന്തിര ചികിത്സ ആവശ്യമായി വന്നേക്കും. ആ കാണുന്ന സ്റ്റെപ്പുകളിലൂടെയേ അങ്ങോട്ട് എത്തിപ്പെടാൻ പറ്റൂ എന്നത് തന്നെ കാരണം.
             എട്ടോളം വില്ലകൾ ഉണ്ട് എന്നാണ് എനിക്ക് തോന്നുന്നത്. അതുകൊണ്ട് തന്നെ നീന്തൽ കുളം നിങ്ങൾക്കിഷ്ടപ്പെട്ട സമയത്ത് കിട്ടിക്കോളണം എന്നില്ല. പ്രത്യേകിച്ചും പൂളിനടുത്തുള്ള മൂന്ന് വില്ലകളും എൻ‌ഗേജ്ഡ് ആയാൽ നീന്തൽ നടക്കില്ല,മുങ്ങി നിവരാം.
             ഞങ്ങൾ താമസിച്ച ദിവസം വൈദ്യുതി തടസ്സം നേരിട്ടത് എത്ര തവണയാണെന്ന് പറയാൻ പറ്റില്ല. ജനറെറ്റർ സൌകര്യം ഉണ്ടെങ്കിലും പുറത്തിറങ്ങി നിൽക്കുമ്പോൾ വൈദ്യുതി തടസ്സപ്പെട്ടാൽ സൂക്ഷിക്കണം. കാരണം എന്റെ മുന്നിലൂടെ ഒരു ശംഖുവരയൻ ഇഴഞ്ഞു നീങ്ങിയത് ഞാൻ ഞെട്ടലോടെയാണ് നോക്കി നിന്നത്. യഥാർത്ഥ ഇലക്ട്രീഷ്യൻ ഇല്ലാത്തതിനാൽ ഞങ്ങളുടെ റൂമിൽ മാത്രം അനുഭവപ്പെട്ട വൈദ്യുത തടസ്സം പരിഹരിക്കാൻ ഏറെ സമയം എടുത്തു. സംഭവിച്ചത് എന്തായിരുന്നു എന്ന് നന്നാക്കിയവനും മനസ്സിലായില്ല!
              ഭക്ഷണം ഓർഡർ ചെയ്താൽ അര-മുക്കാൽ മണിക്കൂറോളം കാത്തിരിക്കണം എന്നതിനാലാവും ഫുഡ് കോർട്ടിനോട് ചേർന്ന് ഒരു ബില്ല്യാഡ്സ് കളം കൂടി ഒരുക്കിയിരിക്കുന്നത്.
       3000 രൂപ മുതൽ 5500 രൂപ വരെയാണ് ഒരു ദിവസത്തിന് ചാർജ്ജ് ചെയ്യുന്നത്.അഡീഷണൽ ബെഡ് ഇട്ടാൽ എക്സ്ട്ര ചാർജ്ജ് വേറെയും. പാക്കേജിനൊപ്പമുള്ള ബ്രേക്ൿഫാസ്റ്റ് നല്ല വിഭവങ്ങളോട് കൂടിയതായിരുന്നു എന്നതിനാൽ ഇറങ്ങിപ്പോരുന്ന സമയത്ത് മനസ്സിന് സന്തോഷം കിട്ടും. പത്ത് വർഷത്തോളമായി നടന്നു വരുന്ന ഞങ്ങളുടെ ഈ സംഗമത്തിൽ ഏറ്റവും മോശം അനുഭവം നേരിട്ട ഒരു റിസോർട്ട് എന്ന നിലക്ക് Le Candles എന്നും ഓർമ്മയിലുണ്ടാകും.

Sunday, August 25, 2019

മാങ്കോസ്റ്റിന്‍ എന്റെ വീട്ടിലും...

             നാട്ടുഭാഷയുടെ സുല്‍ത്താന്‍ ശ്രീ.വൈക്കം മുഹമ്മദ് ബഷീര്‍ എപ്പോഴും പറയാറുണ്ടായിരുന്ന മാങ്കോസ്റ്റിന്‍ മരം മനസ്സില്‍ കയറിയിട്ട് എത്ര കാലമായി എന്ന് കൃത്യമായി ഓര്‍മ്മയില്ല. വീട്ടുമുറ്റത്ത് പല മരങ്ങളും നട്ടപ്പോഴും ആ സമയത്തൊന്നും മനസ്സില്‍ വരാത്തതിനാലും മനസ്സില്‍ വന്നപ്പോള്‍ പെട്ടെന്ന് കിട്ടാത്തതിനാലും മാങ്കോസ്റ്റിന്‍ മനസ്സില്‍ തന്നെ വളര്‍ന്നു. ദിവസങ്ങള്‍ക്ക് മുമ്പ് എന്റെ വീട്ടിലും ഒരു മാങ്കോസ്റ്റിന്‍ മരം വേരുറപ്പിക്കാന്‍ ശ്രമം തുടങ്ങി.

            മൂത്തമകള്‍ ലുലുവിന്റെ ഇരുപത്തിയൊന്നാം ജന്മദിനമായിരുന്നു ആഗസ്ത് 17. എന്റെ നാല്പത്തിഒമ്പതാമത് ജന്മദിനം ആഗസ്ത് 6 നും. വിശേഷ ദിവസങ്ങളില്‍ തൈ നടുക എന്ന പതിവ്, കാലാവസ്ഥയിലെ വ്യതിയാനങ്ങള്‍ കാരണം മുടങ്ങി നില്‍ക്കുകയായിരുന്നു. കുഞ്ഞു മകന്റെ നാലാം ജന്മദിനം ഏപ്രില്‍ 15ന് സമാഗതമായപ്പോഴും തൈ നടാന്‍ സാധിച്ചിരുന്നില്ല. അതിനാല്‍ ഇത്തവണ മൂന്ന് തൈകള്‍ ഒരുമിച്ച് നടാന്‍ തീരുമാനിച്ചു. നഴ്സറിയില്‍ നിന്ന് ഒരു റമ്പൂട്ടാന്‍ തൈയും മാങ്കോസ്റ്റിന്‍ തൈയും വിയറ്റ്നാം സൂപ്പര്‍ ഏര്‍ളി പ്ലാവിന്‍ തൈയും വാങ്ങി.

                ലുലുവിന് മാങ്കോസ്റ്റിന്‍ വേണം എന്ന് പറഞ്ഞപ്പോള്‍ അവള്‍ക്ക് അത് തന്നെ നല്‍കി.മക്കള്‍ നാല് പേരും കൂടി ചേര്‍ന്ന് തൈ നട്ടു.  ഭാവിയില്‍ വേണമെങ്കില്‍ ചുറ്റും ഒരു തറ കെട്ടാന്‍ പാകത്തില്‍, മുറ്റത്തിന്റെ ഒരറ്റത്ത് മാങ്കോസ്റ്റിന്‍ ഇടം പിടിച്ചതോടെ എന്റെ മനസ്സിലെ മാങ്കോസ്റ്റിന്‍ മണ്ണിലും വേരോട്ടം തുടങ്ങി.

നാലാം വയസ്സിലേക്ക് പ്രവേശിച്ച ലിദു മോനായിരുന്നു അടുത്ത തൈ നട്ടത്. വിയറ്റ്നാം സൂപ്പര്‍ ഏര്‍ളി അവന്റെ കൈകളാല്‍ മണ്ണ് തൊട്ടു.

റമ്പൂട്ടാന്‍ പഴം എനിക്ക് അത്ര രുചികരമായി തോന്നിയിട്ടില്ല. പക്ഷേ പല വീട്ടുമുറ്റത്തും അത് കായ്ച്ചു നില്‍ക്കുന്നത് കാണുമ്പോള്‍ ഒരാകര്‍ഷണം തോന്നാറുണ്ട്. ഭാര്യയും റമ്പൂട്ടന്റെ കട്ട സപ്പോര്‍ട്ട് കാരിയാണ്. അങ്ങനെ എന്റെ ജന്മദിന മരമായി മുറ്റത്ത് റമ്പൂട്ടാനും ഇടം നേടി. അങ്ങനെ വീട്ടുമുറ്റത്തെ മരങ്ങളുടെ എണ്ണം ഇരുപത്തി ഒന്നായി. ഇനിയും നടാന്‍ ദൈവം അനുഗ്രഹിക്കട്ടെ.
           

Tuesday, August 20, 2019

അതിജീവനം - 3

                 ഡോസൺ സായ്പ് അന്ത്യവിശ്രമം കൊള്ളുന്ന നെടുങ്കയം കാട്ടിൽ കഴിഞ്ഞ ഡിസംബറിൽ കുടുംബ സമേതം സന്ദർശിച്ചപ്പോൾ അടുത്ത വരവ് കാടിന്റെ മക്കളെ സാന്ത്വനിപ്പിക്കാനായിരിക്കും എന്ന് നിനച്ചതേയില്ല.

               മൂന്ന് വാഹനങ്ങളിലായി 17 പേരായിരുന്നു ഇന്ന് ഞങ്ങളുടെ സംഘത്തിൽ ഉണ്ടായിരുന്നത്. SSC 87 ബാച്ചിന്റെ സാമൂഹ്യ പ്രവർത്തനത്തിന്റെ ഹരിശ്രീ കുറിച്ചത് നെടുങ്കയം ആദിവാസി കോളനിയിലായത് യാദൃശ്ചികം. അഭിലാഷ് എന്ന ആദിവാസി യുവാവിന്റെ സഹായത്തോടെ സഹപാഠി കൃഷ്ണൻ എരഞ്ഞിക്കൽ കണ്ടെത്തിയ പത്ത് കുടുംബങ്ങളും സഹായത്തിന് തികച്ചും അർഹരായവർ ആയിരുന്നു.
             ഒരു വീട്ടിലെ മിനിമം ആവശ്യങ്ങളായ ബക്കറ്റ് (15 ലിറ്റർ), പാട്ട, മഗ്, പ്ലാസ്റ്റിക് കണ്ടൈനർ ( 2 എണ്ണം), സ്റ്റീൽ പ്ലേറ്റും ഗ്ലാസും ( 4 എണ്ണം വീതം), കഞ്ഞിപ്പാത്രം, സ്റ്റീൽ കൈല് (2 എണ്ണം), 1Kg യും 2 kg യും അരി വേവിക്കാൻ പറ്റുന്ന 2 അലുമിനിയം കലങ്ങളും മൂടിയും അടങ്ങുന്നതായിരുന്നു ഒരു കിറ്റ്. നേരത്തെ കണ്ടെത്തിയ പത്ത് കുടുംബങ്ങൾക്ക് പുറമെ ഇന്ന് കണ്ട് ബോധ്യപ്പെട്ട പത്ത് കുടുംബങ്ങൾക്ക് കൂടി പാത്രങ്ങൾ വിതരണം ചെയ്യാൻ സാധിച്ചു. ഇന്നലെ പെട്ടെന്ന് കൂടുതൽ കിറ്റ് വാങ്ങിയാലോ എന്ന മെഹ്ബുബിന്റെ ചോദ്യത്തിന് യെസ് മൂളുമ്പോൾ അത് ഇത്രയും കുടുംബങ്ങൾക്ക് ആശ്വാസമേകും എന്ന് ഒട്ടും പ്രതീക്ഷിച്ചില്ല.
               ഒന്നാം ക്ലാസ് മുതൽ ഡിഗ്രി വരെ പഠിക്കുന്ന അമ്പതോളം വിദ്യാർത്ഥികൾക്ക് നോട്ടുപുസ്തകം, പേന, പെൻസിൽ, ഇറേസർ എന്നിവയും നല്കി. സാമൂഹ്യ പ്രവർത്തകനായ ജോസ് അരീക്കോടും ഞങ്ങളുടെ കൂടെ ചേർന്നത് കൂടുതൽ പുസ്തകങ്ങൾ നല്കാൻ സഹായിച്ചു. സ്വന്തം വീട്ടിലെ സൽക്കാരം ഉപേക്ഷിച്ച് ഞങ്ങളോടൊപ്പം കൂടിയ GEC വയനാടിലെ എന്റെ Nടട വളണ്ടിയറായിരുന്ന കരുളായിക്കാരൻ ഫവാസിന്റെ സാന്നിദ്ധ്യവും ഏറെ ഉപകാരപ്പെട്ടു.
             ഏകദേശം 3 മണിയോടെ വിതരണം പൂർത്തിയായി. ആമാശയത്തിന്റെ നിലവിളി അപ്പോഴേക്കും അസഹ്യമായിരുന്നു. സമയം തെറ്റിയതിനാൽ ഹോട്ടലുകളിൽ ഉച്ചഭക്ഷണം  തീർന്നിരുന്നു. വഴി മദ്ധ്യേയുള്ള എന്റെ ഭാര്യാ സഹോദരിയുടെ വീട്ടിൽ കയറിയത് താല്കാലിക ആശ്വാസം നൽകി.

            ഇനിയും ധാരാളം പ്രവർത്തനങ്ങൾ ചെയ്യാനുണ്ട്. ബാച്ചിലെ എല്ലാവരും തന്നാലാവുന്നത് എത്രയാണെങ്കിലും നല്കിയാൽ നമ്മുടെ സഹജീവികളുടെ മുഖത്ത് പുഞ്ചിരി വിടർത്താൻ ഇനിയും നമുക്ക് സാധിക്കും. എല്ലാവരും സഹകരിക്കും എന്ന് പ്രതീക്ഷിക്കട്ടെ.

           വൈകിട്ട് അഞ്ചരയോടെ എല്ലാവരും സ്വന്തം വീട്ടിലെത്തി. വഴി നീളെ കണ്ട പ്രളയ ദുരിതങ്ങൾ ഇപ്പോഴും മനസിനെ വേട്ടയാടിക്കൊണ്ടേ ഇരിക്കുന്നു. ഇനിയും ഒരു ദുരന്തത്തിന് ഞങ്ങളെ സാക്ഷിയാക്കരുതേ എന്ന് മനമുരുകി പ്രാർത്ഥിക്കുന്നു.

Monday, August 19, 2019

അതിജീവനം - 2

                സ്വാതന്ത്ര്യത്തിന്റെ 73-ാം വാർഷിക ദിനത്തിൽ, പ്രകൃതി സൃഷ്ടിച്ച പാരതന്ത്ര്യം അനുഭവിക്കുന്ന , 32 വർഷം മുന്നെ കൂടെയുണ്ടായിരുന്ന സഹപാഠികളുടെ വീടുകൾ സന്ദർശിക്കാനും ചെയ്യാനാവുന്ന കാര്യങ്ങൾ ചെയ്ത് കൊടുക്കാനും വേണ്ടി ഞങ്ങൾ (ആബിദ്, ശാഹിദ്, മെഹ്ബുബ്, ഫൈസൽ, ജാഫർ ) ഇറങ്ങിത്തിരിച്ചു.

             മൈത്രയിൽ മെഹ്ബുബിന്റെ വീടായിരുന്നു ആദ്യം സന്ദർശിച്ചത്. ഒറ്റ നോട്ടത്തിൽ പ്രശ്നങ്ങൾ ഒന്നും ഇല്ലെങ്കിലും നിലത്ത് വിരിച്ച മാർബിൾ ചിലത് താഴ്ന്നതും പൊട്ടിയതും അടിമണ്ണ് പോയതും ആയി അനുഭവപ്പെട്ടു. ഗ്യാസ് സിലിണ്ടർ വെള്ളം കൊണ്ടു പോയെങ്കിലും ശാഹിദിന്റെ ആമാശയത്തിന്റെ ഇന്നത്തെ പ്രവർത്തനം ആരംഭം കുറിച്ചത് മെഹ്ബുബിന്റെ പതിനൊന്നരക്കുള്ള  പ്രാതലിലൂടെയാണ്.

              തൃശൂരിൽ ജോലി ചെയ്യുന്ന ഷീജ സ്വന്തം നാടായ വാക്കാലുരിൽ എത്തി എന്നറിഞ്ഞതോടെ അടുത്ത വിസിറ്റ് അങ്ങോട്ടാക്കി. വീട്ടിലെ എല്ലാവരും വീട് വൃത്തിയാക്കുന്ന തിരക്കിലായിരുന്നു. മുൻ വശത്തെ രണ്ട് വാതിലുകളും നനഞ്ഞ് ചീർത്ത് അടയുന്നില്ല എന്നറിഞ്ഞ ഉടനെ പണിയായുധങ്ങൾക്കായി ജാഫറും ശാഹിദും ITI ക്കടുത്തുള്ള ശാഹിദിന്റെ കമ്പനിയിലേക്ക് തിരിച്ചു. ഇതിനിടെ എത്തിയ ശശിയും മെഹ്ബുബും പണിയായുധങ്ങൾ അന്വേഷിച്ച് വാക്കാലുരിലേക്കും തിരിച്ചു. ഏതോ സഹൃദയൻ നല്കിയ ആയുധങ്ങൾ ഉപയോഗിച്ച് ശശിയും മെഹ്ബുബും വാതിൽ അടക്കാവുന്ന രൂപത്തിലാക്കി. സമയം അപ്പോൾ ഉച്ച കഴിഞ്ഞ് 1.45.

            അടുത്ത കേന്ദ്രം തെരട്ടമ്മൽ ഉമ്മറിന്റെ വീട് . ലിൻറ് ൽ ഉയരത്തിൽ നിന്ന വെള്ളത്തിൽ അകത്തെ മൂന്ന് വാതിലുകളും മകളുടെ സ്റ്റഡി ടേബിളും പൂർണ്ണമായും ഉപയോഗ ശൂന്യമായി. ചിത്രകാരിയായ മകൾ ചുമരിൽ വരച്ച ചിത്രങ്ങളും വെള്ളത്തിന്റെ കുതിപ്പിൽ മാഞ്ഞു പോയി.

            നാലാമത്തെ കേന്ദ്രം ഈസ്റ്റിൽ ശുക്കൂറിന്റെ വീട്. വെള്ളം കയറിയിറങ്ങിപ്പോയി - കല്ലിവല്ലി എന്ന് ശുകൂർ. അശ്റഫും കുടി അവിടെ ജോയിൻ ചെയ്തപ്പോൾ വടക്കുംമുറി ശാക്കിറിന്റെ വീട്ടിൽ എത്തിയത് ഒരു മെഗാ ടീം. ശാക്കിറിന്റെ വീട്ടിലും ഒരു കട്ടിൽ പൂർണ്ണമായി നശിച്ചതായി കണ്ടു. ഇന്ന് കുടിവെള്ളം കിട്ടിയില്ല എന്നറിഞ്ഞ ഉടനെ വെള്ളം സപ്ലൈ ചെയ്യുന്ന ആരെയോ അഷ്റഫും മെഹ്ബുവും വിളിച്ചു. ഞങ്ങൾ അവിടെ നിന്ന് തിരിച്ച് പോരുമ്പോഴേക്കും കുടിവെള്ളം എത്തി.

            ആറാമതായി എത്തിയത് പഴയ സ്കൂൾ ലീഡർ അബ്ദുൽ അലിയുടെ വടക്കുംമുറിയിലെ വീട്ടിൽ. വീട് അടച്ചിട്ടിരുന്നതിനാൽ പുറത്ത് നിന്നും വീക്ഷിച്ചു. പ്രത്യേകിച്ച് കേടുപാടുകൾ ഒന്നും ശ്രദ്ധയിൽ പെട്ടില്ല. മടങ്ങുമ്പോൾ ശൈഖ് മുജീബും യാദൃശ്ചികമായി കുടെ ചേർന്നു. മെഹ്ബുബിന്റെ വീട്ടിൽ ഉച്ച ഭക്ഷണം കഴിക്കുമ്പോൾ സമയം നാലര മണി.

         പര്യടനത്തിലെ അവസാന സന്ദർശനം പത്തനാപുരത്ത് മുനീറിന്റെ വീട്ടിൽ. മുനീറിനുള്ള SSC ബാച്ചിന്റെ സ്നേഹോപഹാരം മക്കൾക്ക് സമ്മാനിച്ച്  വൈകിട്ട് മണിക്ക് പര്യടനം സമാപിച്ചു.

             ഈ കൂട്ടായ്മ രൂപം കൊണ്ടത് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ്. എന്നിട്ടും സഹപാഠിയുടെ സുഖദു:ഖങ്ങൾ പങ്കിടാൻ  ഞങ്ങൾ സമയം ചെലവഴിച്ചത് വെറുതെയല്ല. ഏത് പ്രതിസന്ധിയിലും സഹായിക്കാൻ എന്റെ  കൂട്ടുകാർ ഉണ്ട് എന്ന വ്യക്തമായ ഒരു സന്ദേശം എല്ലാവർക്കും നല്കാൻ ഇന്ന് ഞങ്ങൾക്ക് സാധിച്ചു. ഇനിയും ഇത്തരം പ്രവർത്തനങ്ങൾ തുടരാൻ ദൈവം അനുഗ്രഹിക്കട്ടെ.