1998 ലാണ് എൻ്റെ വിവാഹം നടന്നത്. അത്യാവശ്യം നല്ല ശമ്പളം ലഭിക്കുന്ന സർക്കാർ ഉദ്യോഗത്തിൽ കയറിയിരുന്നതിനാൽ അടക്കിപ്പിടിച്ചു വച്ചിരുന്ന ചില മോഹങ്ങൾ ചിറകു വിരിക്കാൻ തുടങ്ങിയതും ഈ സമയത്താണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു വിനോദയാത്രകൾ. ആറാം ക്ലാസിൽ നിന്ന് പോയ മൈസൂർ ടൂർ,പത്താം ക്ലാസിൽ പഠിക്കുമ്പോൾ പോയ മദ്രാസ് ടൂർ, ഡിഗ്രി പഠനകാലത്തെ ഊട്ടി ടൂറും ബാംഗ്ലൂർ ടൂറും എന്നിവയായിരുന്നു ഇരുപത്തൊന്ന് വയസ്സിനിടയിൽ ആകെ നടത്തിയ യാത്രകൾ. സ്കൂളിൽ നിന്നും സ്ഥിരം പോകാറുള്ള മലമ്പുഴ, പീച്ചി തുടങ്ങീ സംസ്ഥാനത്തിനകത്തെ പല സ്ഥലങ്ങളും ഞാൻ കണ്ടിരുന്നില്ല. ഡൽഹിയിൽ ഏഴോ എട്ടോ തവണ പോയ ഞാൻ, ഇപ്പോഴും പീച്ചിയും ഇടുക്കിയും കണ്ടിട്ടില്ല!
1992-ൽ ഡിഗ്രി നല്ല മാർക്കോടെ പാസ്സായി എങ്കിലും ഫിസിക്സ് എന്ന വിഷയത്തിൽ അന്ന് കേരളത്തിൽ ബിരുദാനന്തര പഠനം ഉണ്ടായിരുന്നത് വെറും ഏഴ് കോളേജുകളിലായിരുന്നു.ഒരു കോളേജിൽ ആകെയുള്ള സീറ്റ് എട്ടെണ്ണവും. അതായത് കേരളത്തിലാകെ അവസരം ലഭിക്കുന്നത് അമ്പത്തിയാറ് പേർക്ക് മാത്രം. അതിനാൽ തന്നെ മറ്റ് മാർഗ്ഗങ്ങൾ തേടുന്നതിൻ്റെ ഭാഗമായി ഞാൻ ബോംബെയിലെ (മുംബൈ അന്ന് ബോംബെ ആയിരുന്നു) ഭാഭ അറ്റോമിക് റിസർച്ച് സെൻ്ററിലും അലീഗഡ് യൂണിവേഴ്സിറ്റിയിലും ഡൽഹിയിലും എല്ലാം ഒറ്റക്ക് എത്തിയിരുന്നു. പിതാവിൻ്റെ ആത്മവിശ്വാസത്തിൽ എന്നെ സ്വതന്ത്രനായി വിട്ട ഈ യാത്രകളാണ് എൻ്റെ യാത്രാരംഭത്തിൻ്റെ മൂലധനം എന്ന് ഞാൻ വിശ്വസിക്കുന്നു.
വിവാഹം കഴിഞ്ഞവർ ഹണിമൂൺ എന്ന പേരിൽ യാത്രകൾ നടത്തുന്നത് ഞാൻ കേട്ടിരുന്നു.പക്ഷേ, എൻ്റെ മുമ്പ് കല്യാണം കഴിച്ച എൻ്റെ ജ്യേഷ്ഠത്തിയോ കുടുംബത്തിലെ മറ്റാരെങ്കിലുമോ അത്തരം യാത്രകൾ നടത്തിയതായി ഞാൻ കേട്ടിരുന്നില്ല. ഊട്ടിയായിരുന്നു ഹണിമൂണുകാരുടെ അന്നത്തെ ഇഷ്ട ലൊക്കേഷൻ. പക്ഷേ, ഒരു സാദാ സർക്കാർ ജോലിക്കാരന് താങ്ങാൻ പറ്റുന്ന ബഡ്ജറ്റ് ആയിരുന്നില്ല ഈ ട്രിപ്പുകൾക്ക് .
ഭാഗ്യത്തിന്, പി.ജി.ഡി.സി.എ ക്ക് ഒരുമിച്ച് പഠിച്ച കൃഷ്ണകുമാറിന് ഊട്ടിയിൽ ബന്ധുക്കൾ ഉള്ളതിനാൽ എനിക്ക് ഊട്ടിയിലേക്ക് ഒരു സൗജന്യ ക്ഷണം ലഭിച്ചു. ബട്ട്, ഭാര്യയുടെ ഉദരത്തിൽ ഞങ്ങളുടെ ആദ്യത്തെ കൺമണി നീന്തി കളിക്കാൻ തുടങ്ങിയിരുന്നതിനാൽ എൻ്റെ ഹണിമൂൺ ഒരു സോളോ യാത്രയായി. പഹ്‌ല പ്രസവം സിസേറിയൻ കൂടിയായതോടെ മോൾ എൽ.കെ.ജി യിൽ പഠിക്കുമ്പോഴാണ് പിന്നീട് ഞങ്ങൾക്ക് ഒരു യാത്രാ അവസരം ലഭിച്ചത്. എസ്.ബി.ഐ ബാങ്കിൻ്റെ ലഖ്നോവിൽ വച്ചുള്ള ഒരു ഇൻ്റർവ്യൂവിന് അനിയൻ്റെ കൂടെ പോകാനുള്ള എൻ്റെ പിതാവിൻ്റെ നിർദ്ദേശമാണ് എൻ്റെ കുടുംബയാത്രകളുടെ ഹരിശ്രീ കുറിച്ചത്. അന്ന് ഞാൻ ആദ്യമായി ലഖ്നോയും ഭാര്യയും മോളും ആദ്യമായി താജ്മഹലും ഡൽഹിയും കണ്ടു.
ഊട്ടിക്ക് പിന്നാലെ കൊടൈക്കനാലിനായിരുന്നു നവദമ്പതികളുടെ കേളീരംഗമായി മാറാനുള്ള അവസരം. സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടതോടെ ഉത്തരേന്ത്യയിലേക്ക് തിരിക്കാനും യുവമിഥുനങ്ങൾ ആവേശം പൂണ്ടു. അങ്ങനെയാണ് കുളു മണാലി എന്ന് ഞാൻ ആദ്യമായി കേൾക്കുന്നത്. കേരളത്തിലെ കലാലയങ്ങളിൽ നിന്നുള്ള മിക്ക "സ്റ്റഡി ടൂറുകളും" കുളു മണാലിയിലേക്കായിരുന്നു എന്നത് എന്നെ അത്ഭുതപ്പെടുത്തി. സയൻസ് ആർട്സ് കൊമേഴ്സ് എന്ന് വേണ്ട എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ പോലും "പഠിക്കാൻ" പോകാൻ മാത്രം ഈ നാടിന് എന്ത് പ്രത്യേകത എന്ന ചോദ്യം എൻ്റെ മനസ്സിൽ തറച്ച് നിന്നു.
അങ്ങനെ 2025 ലെ എൻ്റെ ഫാമിലി ടൂർ പ്ലാൻ ചെയ്തപ്പോൾ ഡൽഹിയിൽ നിന്നും ഒറ്റ രാത്രി കൊണ്ട് എത്തിച്ചേരാവുന്ന മണാലിയും ഞാൻ പ്ലാനിൽ ഉൾപ്പെടുത്തി. കുറെ അഡ്വഞ്ചർ ആക്ടിവിറ്റീസ് ചെയ്യാനുള്ള സ്ഥലം എന്നതിലുപരി കുളുവിൽ പ്രത്യേകിച്ച് ഒന്നും ഇല്ല എന്ന് മനസ്സിലാക്കിയതിനാലാണ് കുളു ഒഴിവാക്കി മണാലി മാത്രമാക്കിയത്.
1 comments:
മണാലിയിലെ കാഴ്ചാ വിശേഷങ്ങൾ ആരഭിക്കുന്നു
Post a Comment
നന്ദി....വീണ്ടും വരിക