മണാലി ഡയറീസ് - 2 (click & Read)
മണാലിയിൽ ഞങ്ങളെത്തുന്ന സമയവും താമസിക്കുന്ന ഹോട്ടലും എല്ലാം ടാക്സിക്കാരൻ മഹേഷ് എന്നോട് ചോദിച്ചു മനസ്സിലാക്കിയിരുന്നു. ബസ് സ്റ്റാൻഡിൽ നിന്നും നടക്കാവുന്ന ദൂരത്തിലാണ് ഹോട്ടൽ ന്യൂ കെനിൽവർത്ത് ഇൻ്റർനാഷനൽ എന്ന ഞങ്ങളുടെ ഹോട്ടൽ എന്ന് അനിയനും പറഞ്ഞിരുന്നു. ലഗേജും അധികമില്ലാത്തതിനാൽ നടന്നു പോകാം എന്നായിരുന്നു ഞാൻ ഉദ്ദേശിച്ചത്. പക്ഷേ, മഹേഷ് അവിടെയും ഒരു മുഴം മുന്നിൽ ചാടി. സ്റ്റാൻഡിൽ ഇറങ്ങിയ ഉടൻ വിളിച്ചാൽ ഹോട്ടലിലേക്ക് പിക്കപ്പിന് വണ്ടിയുമായി എത്താം എന്ന് അയാൾ ഇങ്ങോട്ട് പറഞ്ഞു! മഴയായതിനാൽ അത് ഞങ്ങൾക്ക് ഉപകാരപ്രദവുമായി.
ഷെഡ്യൂൾ പ്രകാരമുള്ള സമയത്തിനും ഒരു മണിക്കൂർ മുമ്പ് ബസ് മണാലിയിൽ എത്തിയിരുന്നു. അതിനാൽ തന്നെ ബസ് ഇറങ്ങിയ ശേഷം വിളിച്ചപ്പോൾ മഹേഷ് അല്പനേരം കാത്തിരിക്കാൻ പറഞ്ഞു. കാത്തിരുന്ന് മുഷിയുന്നതിന് മുമ്പ് തന്നെ എനിക്ക് തിരിച്ച് വിളി വന്നു.പത്ത് മിനിട്ടിനകം ഞങ്ങൾ ഹോട്ടൽ ന്യൂ കെനിൽവർത്ത് ഇൻ്റർനാഷനലിൽ എത്തി. ഒന്ന് ഫ്രഷായി പ്രാതലും അൽപനേരം വിശ്രമവും കഴിഞ്ഞ ശേഷം പുറപ്പെട്ടാൽ തന്നെ സിറ്റിയിൽ ഇന്ന് കാണാവുന്ന കാഴ്ചകൾ പൂർത്തിയാക്കാം എന്ന് മഹേഷ് പറഞ്ഞു.
പ്രഭാത കർമ്മങ്ങളും കുളിയും കഴിഞ്ഞു ഞങ്ങൾ ഭക്ഷണത്തിനായി പുറത്തിറങ്ങി. മണാലിയിൽ തട്ടുകടയിൽ നിന്ന് നല്ല ഭക്ഷണം കിട്ടുമെന്നും ഹോട്ടലുകൾ കഴുത്തറുക്കും എന്നും അനിയൻ സൂചന നൽകിയിരുന്നു. സമയം വൈകിയതിനാൽ തട്ടുകടയിൽ ഭക്ഷണം കഴിഞ്ഞിരുന്നു. അതിനാൽ ബ്രഞ്ചാക്കി അൽപം കനത്തിൽ തന്നെ വിശപ്പടക്കി. ഉച്ചയോടെ മഹേഷിനൊപ്പം ഞങ്ങളുടെ മണാലി പര്യടനം തുടങ്ങി.
ഹിഡിംബാ ദേവി ക്ഷേത്രത്തിലേക്കായിരുന്നു മഹേഷ് ഞങ്ങളെ ആദ്യം കൊണ്ടുപോയത്. വളരെയധികം ഭക്തജനങ്ങളും അതിലേറെ ടൂറിസ്റ്റുകളും കടന്നു പോകുന്ന റോഡായിട്ട് പോലും അതിൻ്റെ വീതിയും അവസ്ഥയും വളരെ പരിതാപകരമായിരുന്നു. ചെറിയ ചില ബ്ലോക്കുകളിൽ പെട്ടെങ്കിലും അധികം വൈകാതെ ഞങ്ങൾ പാർക്കിംഗ് ഏരിയയിൽ എത്തി. ചില ദിവസങ്ങളിൽ മുകളിലേക്ക് എത്താൻ തന്നെ നാലഞ്ച് മണിക്കൂർ സമയമെടുക്കും എന്നറിഞ്ഞപ്പോൾ ഇന്നത്തെ സ്ഥിതിയിൽ വളരെയധികം ആശ്വാസം തോന്നി.തിരിച്ചിറങ്ങുമ്പോൾ വിളിച്ചാൽ മതി എന്നറിയിച്ച് മഹേഷ് എങ്ങോ പോയി.
പാർക്കിംഗ് ഏരിയയിൽ നിന്ന് ക്ഷേത്രത്തിലേക്ക് നീളുന്ന പാതയിൽ നല്ല തിരക്കായിരുന്നു. ഒരു കുന്നിന് മുകളിലായാണ് ക്ഷേത്രം എന്നത് മുന്നോട്ടുള്ള സ്റ്റെപ്പുകൾ വെയ്ക്കും തോറും എനിക്ക് മനസ്സിലായി.രണ്ട് ദിവസമായി തുടരുന്ന കഫക്കെട്ട് കാരണം ചെറിയ കയറ്റം പോലും എന്നെ ബുദ്ധിമുട്ടിച്ചിരുന്നു.ക്ഷേത്രം കാണാതെ തിരിച്ചു പോകാൻ എനിക്ക് മനസ്സ് വന്നതുമില്ല.
ജീവിതത്തിലാദ്യമായി "യാക്ക് " എന്ന മൃഗത്തെ ഞങ്ങൾ ഇവിടെ വെച്ച് കണ്ടു. ഇംഗ്ലീഷിലെ "വൈ" എന്ന അക്ഷരം മക്കളെ പഠിപ്പിക്കുമ്പോൾ കണ്ട ചിത്രം എൻ്റെ മനസ്സിൽ വീണ്ടും തെളിഞ്ഞു. ഹിമാലയ റീജ്യണിലെ താമസക്കാർ പാലിനും മാംസത്തിനും കമ്പിളിക്കും ഗതാഗതത്തിനും എല്ലാം ഉപയോഗപ്പെടുത്തുന്ന പശു വർഗ്ഗത്തിൽപ്പെട്ടതാണ് ഈ മൃഗം. നല്ല സൈസ് ഉണ്ടെങ്കിലും ആള് പച്ചപ്പാവമാണ് എന്ന് പിന്നീട് മനസ്സിലായി.
ചെറിയ സ്റ്റെപ്പുകൾ കയറി ഞങ്ങൾ കാട് പോലെയുള്ള ഒരു സ്ഥലത്തെത്തി.ദേവദാരു വൃക്ഷങ്ങളായിരുന്നു മരങ്ങളിൽ കൂടുതലും. ധുംഗരി വൻ വിഹാർ എന്ന വനത്താൽ ചുറ്റപ്പെട്ടതാണ് ധുംഗരി ക്ഷേത്രം എന്ന പേരിലും അറിയപ്പെടുന്ന ഹഡിംബ ക്ഷേത്രം. 1553 ലാണ് പൂർണ്ണമായും മരത്തടിയിലുള്ള ഈ ക്ഷേത്രം നിർമ്മിച്ചത് എന്ന് പറയപ്പെടുന്നു. മഹാഭാരത കഥയിലെ ഭീമൻ്റെ ഭാര്യ ഹിഡിംബ ദേവിക്ക് സമർപ്പിച്ചിരിക്കുന്ന ക്ഷേത്രമാണിത്.
ക്ഷേത്രത്തിനകത്ത് പ്രവേശിക്കാൻ നീണ്ട ക്യൂ ആയിരുന്നു. ഞങ്ങൾക്കതിൽ താല്പര്യം ഇല്ലാത്തതിനാൽ മക്കൾ ദേവദാരു കാട്ടിലൂടെ ഒരു പ്രദക്ഷിണം നടത്താൻ പോയി. ഞാനും ഭാര്യയും ക്ഷേത്ര പരിസരത്ത് തന്നെ ഇരുന്നു. മക്കൾ തിരിച്ചെത്തിയതോടെ മഹേഷിനെ വിളിച്ച് ഞങ്ങൾ തിരിച്ച് പോന്നു.
മണാലിയിലെ മാൾ റോഡായിരുന്നു പിന്നീട് കാണാനുള്ളത്. മണാലിയിലെ ഏറ്റവും തിരക്കേറിയ തെരുവാണ് മാൾ റോഡ്. ഏതെങ്കിലും മാളുകൾ സ്ഥിതി ചെയ്യുന്നത് കൊണ്ടല്ല ഈ പേര് ലഭിച്ചത്. പേരിൻ്റെ പിന്നിൽ ബ്രീട്ടീഷുകാരുമായി ബന്ധമുണ്ട്.കുന്നിൻ പ്രദേശത്തുള്ള ഈ റോഡിന്റെ ഒരു വശത്ത് ബ്രിട്ടീഷ് ഉദ്യോഗസ്ഥർ ഭാര്യമാരോടും കുട്ടികളോടും ഒപ്പം താമസിച്ചിരുന്നു. മറുവശത്ത് സൈനികർ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. ഇക്കാരണത്താൽ ഇതിന് മാരീഡ് അക്കൊമഡേഷൻ ആൻഡ് ലിവിംഗ് ലൈൻ (MALL റോഡ്) എന്ന് പേരിട്ടതാണ് പോലും.
ഷിംലയിലാണ് ഏറ്റവും പ്രസിദ്ധമായ മാൾ റോഡുള്ളത്. ഹിമാചൽ പ്രദേശിലെ തനത് സാധനങ്ങൾ എല്ലാം മാൾ റോഡിൽ ലഭ്യമാണ്. സ്ട്രീറ്റ് ഫുഡ് ടേസ്റ്റിംഗ് ഈ യാത്രയുടെ പ്രധാന അജണ്ടയിൽപ്പെട്ട ഒന്നായതിനാലും രാത്രിയാണ് അതിൻ്റെ വൈബ് എന്നതിനാലും മാൾ റോഡിൽ ഞങ്ങൾ അധികം നിന്നില്ല. മഹേഷ് പറഞ്ഞ് തന്ന വഴിയിലൂടെ നടന്ന് ഞങ്ങൾ ബുദ്ധ മൊണാസ്ട്രിയിലെത്തി.
മനോഹരമായ ഒരു കുന്നിൻ ചെരുവിലാണ് 1969ൽ സ്ഥാപിച്ച ഗധൻ തെച്ചോക്കിംഗ് ഗോമ്പ എന്ന ബുദ്ധ ആശ്രമം സ്ഥിതി ചെയ്യുന്നത്. ജാതി മത ലിംഗ ഭേദമന്യേ എല്ലാവർക്കും ബുദ്ധ ആശ്രമത്തിലേക്ക് പ്രവേശിക്കാം. മന്ത്രമുരുവിടുന്ന ബുദ്ധ ഭിക്ഷുക്കളെയും വലിയ ബുദ്ധ പ്രതിമകളെയുമാണ് അകത്ത് കാണാനുള്ളത്. ക്ഷേത്രച്ചുമരിലെ വർഷിപ്പ് വീൽ കറക്കിക്കൊണ്ട് ക്ഷേത്രം ചുറ്റുന്നതും ഒരു ആചാരമാണ്. രണ്ട് വർഷം മുമ്പ് കുടകിലെ തിബത്തൻ ഗോൾഡൻ ടെമ്പിൾ സന്ദർശിച്ചതിനാൽ ഇത് അത്ര ആകർഷണീയമായി ഞങ്ങൾക്ക് അനുഭവപ്പെട്ടില്ല.
തിരിച്ച് മാൾ റോഡിൽ എത്തി വിളിച്ച ഉടനെത്തന്നെ കാർ എത്തി. മഹേഷിന് പകരം മറ്റൊരാളായിരുന്നു ഡ്രൈവർ. ഞങ്ങളെ ഹോട്ടലിൽ തിരിച്ചെത്തിച്ച് പിറ്റേ ദിവസം രാവിലെ എത്താം എന്ന് പറഞ്ഞു അയാൾ സ്ഥലം വിട്ടു.
1 comments:
ഉച്ചയോടെ മഹേഷിനൊപ്പം ഞങ്ങളുടെ മണാലി പര്യടനം തുടങ്ങി.
Post a Comment
നന്ദി....വീണ്ടും വരിക