Pages

Sunday, September 14, 2025

മുറ്റത്തൊരു Mercedes-Benz GLS SUV

എൻ്റെ പഞ്ചായത്തിലെ ബുദ്ധിപരമായ വൈകല്യമുള്ള കുട്ടികൾക്ക് വിവിധതരം തെറാപ്പികളും പരിശീലനവും നൽകുന്ന ഒരു സ്ഥാപനം സന്ദർശിച്ച അനുഭവം നാട്ടുകാരനും ബാല്യകാലം മുതലേ സുഹൃത്തുമായ ഡോ. ഫസലുറഹ്മാൻ എന്നോട് പങ്ക് വച്ചിരുന്നു. പ്രസ്തുത സ്ഥാപനത്തിന് ഒരു കൈതാങ്ങ് എന്ന നിലയിൽ കൂടുതൽ സൗകര്യപ്രദമായ ഒരു സ്ഥലത്ത് ശരിയായ പരിശീലനം ലഭിച്ചവരുടെ ശിക്ഷണത്തിൽ അരീക്കോട് ടൗൺ പരിസരത്ത് ഒരു സ്ഥാപനം തുടങ്ങുന്നതിനെപ്പറ്റി ഒന്നാലോചിക്കാനും അന്ന് ഫസൽ പറഞ്ഞു. തീർത്തും സൗജന്യമായി നൽകാൻ ഉദ്ദേശിക്കുന്ന പദ്ധതി ഇത്തരം കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും ആശ്വാസം ലഭിക്കുന്ന രൂപത്തിൽ വളരെ പ്ലാൻ ചെയ്തു നടപ്പിലാക്കുന്നതിനെപ്പറ്റിയും ഫസൽ സംസാരിച്ചു.

അങ്ങനെയാണ് യു.കെ യിലുള്ള ഫസൽ ഒരു ഓൺലൈൻ മീറ്റിംഗ് വിളിച്ചത്. വളരെ സ്തുത്യർഹമായ രീതിയിൽ ഇത്തരം ഒരു സ്ഥാപനം നടത്തി വരുന്ന തണൽ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ചെയർമാൻ ഡോക്ടർ ഇദ്‌രീസ് വി ആയിരുന്നു മീറ്റിംഗിലെ ഒരു ക്ഷണിതാവ്. കോഴിക്കോട് എഞ്ചിനീയറിംഗ് കോളേജിൽ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസറായിരിക്കെ നിരവധി സാമൂഹ്യ പ്രവർത്തനങ്ങളിൽ ഡോക്ടറുമായി സഹകരിച്ച് പ്രവർത്തിക്കാൻ എനിക്ക് അവസരം ലഭിച്ചിരുന്നതിനാൽ ഞങ്ങൾ തമ്മിൽ മുൻ പരിചയം ഉണ്ടായിരുന്നു.പക്ഷെ, ഫസലിന് അത് അറിയുമായിരുന്നില്ല. 

രണ്ടാമത്തെ ക്ഷണിതാവ് ഞാൻ ധാരാളം കേട്ടറിഞ്ഞ പ്രമുഖനായ ഒരു ബിസിനസ്മാൻ ആയിരുന്നു. ദാരിദ്ര്യം പിടിച്ച കുട്ടിക്കാല അനുഭവങ്ങളിൽ നിന്ന് ജീവിതം പഠിച്ച് വളർന്ന് ഇന്ന് ലോകം മുഴുവൻ പടർന്ന് നിൽക്കുന്ന ദുബൈ ആസ്ഥാനമായ ഐഡി ഫ്രഷ് ഫുഡ്  എന്ന സംരംഭത്തിൻ്റെ സി.ഇ.ഒ ആയ പി.സി.മുസ്തഫ ആയിരുന്നു അത്.ഇഡ്‌ലി - ദോശ മാവ് വിൽപന എന്ന ചെറിയ ഒരു സംരംഭത്തിലൂടെ ഹാർവാർഡ് കെന്നഡി സ്കൂളിൽ (പേര് സ്കൂൾ എന്നാണെങ്കിലും ഒന്നൊന്നര യൂണിവേഴ്സിറ്റിയാണ്) വിസിറ്റിംഗ് ഫാക്കൽറ്റി വരെ ആയി വളർന്ന ഈ വയനാട്ടുകാരൻ ഡോ.ഫസലിൻ്റെ ഹോസ്റ്റൽ മേറ്റുമായിരുന്നു.

മീറ്റിംഗിൽ ഞങ്ങൾ ധാരാളം കാര്യങ്ങൾ ചർച്ച ചെയ്തു. സ്ഥാപനം തുടങ്ങാൻ ഉദ്ദേശിക്കുന്ന സ്ഥലത്തിൻ്റെ ഭൗതിക സാഹചര്യങ്ങളെക്കുറിച്ചും സ്റ്റാഫിനെക്കുറിച്ചും നടത്തിപ്പ് ഫണ്ടിനെക്കുറിച്ചും മേൽനോട്ടത്തെക്കുറിച്ചും സുദീർഘമായി തന്നെ എല്ലാവരും ആശയങ്ങൾ പങ്ക് വെച്ചു. ഇത്തരം ഒരു മീറ്റിംഗിൽ അത്രയും സമയം ചെലവഴിക്കാൻ വളരെ തിരക്കേറിയ ഇവർ കാണിച്ച ആവേശം എന്നെ വളരെയധികം അത്ഭുതപ്പെടുത്തി. ഒരു പ്രവർത്തന മാതൃക നേരിട്ട് കണ്ടറിയാൻ കോഴിക്കോട്ടെ തണൽ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ സ്ഥാപനം സന്ദർശിക്കാൻ നാട്ടിലുള്ള എന്നെ ഫസൽ ചുമതലപ്പെടുത്തുകയും ചെയ്തു.

ഞങ്ങളുടെ മീറ്റിംഗ് കഴിഞ്ഞ് രണ്ടോ മൂന്നോ ആഴ്ചകൾക്ക് ശേഷമാണ് എൻ്റെയും ഫസലിൻ്റെയും അദ്ധ്യാപകൻ കൂടിയായ പ്രൊഫ. കെ. കോയട്ടി സാറും മറ്റ് ചിലരും ചേർന്ന് കോഴിക്കോട് ജില്ലയിലെ മേപ്പയ്യൂരിനടുത്ത് "പാരഡൈസ്" എന്ന പേരിൽ അതി വിപുലമായ ഒരു പ്രൊജക്ട് ആരംഭിക്കുന്ന വിവരം കോയട്ടി സാറെ സന്ദർശിച്ച വേളയിൽ ഞാനറിഞ്ഞത്. ഫസലിനെ ഈ കാര്യം അറിയിച്ചപ്പോൾ ഞങ്ങളുടെ പ്ലാൻ തത്കാലം നിർത്തിവച്ചു.

മീറ്റിംഗ് പിരിയുന്നതിന് മുമ്പ് പി.സി. മുസ്തഫക്ക് എന്നെ ഫസൽ വിശദമായി പരിചയപ്പെടുത്തിക്കൊടുത്തു. അപ്പോഴാണ് എൻ്റെ അനിയൻ ഡോ.അഫീഫ് തറവട്ടത്തിൻ്റെ ക്ലാസ്മേറ്റാണ് പി.സി.മുസ്തഫ എന്നറിഞ്ഞത്. അവരുടെ ക്ലാസ് ഗ്രൂപ്പിൽ നടക്കുന്ന അനിയൻ്റെ 'കലാപ്രകടനങ്ങളും' മുസ്തഫ പരാമർശിച്ചു. 

ഇക്കഴിഞ്ഞ ദിവസം എൻ്റെ തൊട്ടടുത്ത പഞ്ചായത്തിലെ കോളേജിൽ ഒരു മോട്ടിവേഷൻ ക്ലാസിന് വന്നപ്പോൾ മുസ്തഫയെ അനിയൻ ഞങ്ങളുടെ വീട്ടിലേക്ക് ക്ഷണിച്ചു. അങ്ങനെ അന്ന് ഓൺലൈനിൽ കണ്ട ആ പ്രതിഭ എൻ്റെ വീട്ടിലും എത്തി. സ്വീകരണ മുറിയിലെ ഷോകേസിൽ നിന്നും എൻ്റെ 'പിരാന്തുകൾ' ഒപ്പിയെടുത്ത മുസ്തഫയ്ക്ക് ഞാൻ എൻ്റെ മൂന്ന് പുസ്തകങ്ങളും കയ്യൊപ്പിട്ട് സമ്മാനിച്ചു. നല്ലൊരു വായനക്കാരനായ എൻ്റെ മകനെ ചേർത്ത് പിടിച്ച് അഭിനന്ദിക്കാനും ഈ "ഫോർബ്സ് ഇന്ത്യ ബിസിനസ് ടൈക്കൂൺ ഓഫ് ടുമോറോ" മറന്നില്ല.

ലോകത്തെ തന്നെ ഏറ്റവും വില കൂടിയ കാറുകളിൽ ഒന്നായ Mercedes-Benz GLS SUV സ്വന്തം വീട്ടുമുറ്റത്തെത്തിയ സന്തോഷത്തിൽ എൻ്റെ കുഞ്ഞുമോൻ ലിദുവും കാറിനൊപ്പം നിന്ന് നിരവധി ഫോട്ടോകളും എടുത്തു.


ചില സംഗതികൾ അങ്ങനെയാണ്. എവിടെയൊക്കെയോ കണ്ണി ചേർന്ന് ചേർന്ന് അപ്രതീക്ഷിതമായി അത് നമ്മിലേക്കെത്തും. അത് നമ്മുടെ ജീവിതത്തിലെ ഏറെ സന്തോഷമുള്ള നിമിഷങ്ങളായിരിക്കും എന്ന് അനുഭവത്തിലൂടെ ഞാൻ തിരിച്ചറിഞ്ഞു.

1 comments:

Areekkodan | അരീക്കോടന്‍ said...

ചില സംഗതികൾ അങ്ങനെയാണ്. എവിടെയൊക്കെയോ കണ്ണി ചേർന്ന് ചേർന്ന് അപ്രതീക്ഷിതമായി അത് നമ്മിലേക്കെത്തും.

Post a Comment

നന്ദി....വീണ്ടും വരിക