Pages

Thursday, May 18, 2023

വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദാജി

 ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ഒരു പ്രധാന വർഷമാണ് 1921.മാപ്പിള ലഹള എന്നും മലബാർ ലഹള എന്നും ഒക്കെ ചരിത്രത്തിൽ അറിയപ്പെടുന്ന മഹാസംഭവം നടന്നത് ആ വർഷമായിരുന്നു.ഈ സമരത്തിന്റെ നിരവധി ശേഷിപ്പുകളും രേഖകളും ഓർമ്മകളും ഇപ്പോഴും നിലനിൽക്കുന്ന ഒരു പ്രദേശമാണ് എൻറെ നാടായ അരീക്കോട്.

നിർഭാഗ്യകരമെന്ന് പറയട്ടെ,മലബാർ സമരത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുന്ന അതേ വേളയിൽ തന്നെയാണ് ഇത് സ്വാതന്ത്ര്യ സമരത്തിൽ പെട്ടതല്ല എന്നും ബ്രിട്ടീഷുകാരെ സധൈര്യം നേരിട്ട അതിലെ വീര നായകരായിരുന്ന ആലി മുസ്‌ലിയാരും വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദാജിയും ഒന്നും സ്വാതന്ത്ര്യ സമര സേനാനികൾ അല്ല എന്നും ഇന്ത്യയിൽ നിന്ന് തന്നെ വാർത്തകൾ ഉയർന്നത്.

1921 എന്ന മലയാള സിനിമ റിലീസായത് 1988 ലാണ്.പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലത്ത് കോഴിക്കോട് അപ്സര തിയേറ്ററിൽ സുഹൃത്തുക്കളോടൊപ്പം പോയി ഞാനും ആ സിനിമ കണ്ടിരുന്നു (പിന്നീട് അത് ഞങ്ങളുടെ കോളേജിന് ഏറ്റവും അടുത്തുള്ള തിയേറ്ററിൽ വന്നപ്പോഴുണ്ടായ സംഭവമാണ് ഇരുപത്തിയേഴാം രാവിലെ സിനിമ എന്ന പോസ്റ്റിനാധാരം).സി നിമയിൽ ടി.ജി രവി അവതരിപ്പിച്ച വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദാജി എന്ന കഥാപാത്രത്തിന്റെ ഡയലോഗുകൾ അന്ന് മനസ്സിലുണ്ടാക്കിയ പ്രകമ്പനം ഇന്നും രോമങ്ങളെ എഴുന്നേൽപ്പിക്കും.

ആ വീരശൂര പരാക്രമിയും ഈ സംഭവവും ചില വർഗ്ഗീയ താല്പര്യങ്ങളുടെ പേരിൽ ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ നിന്നും നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ ആരംഭിച്ചപ്പോഴേ മനസ്സിൽ മൊട്ടിട്ട ഒരാഗ്രഹമായിരുന്നു അദ്ദേഹത്തെപ്പറ്റി കൂടുതൽ അറിയുക എന്നത്.സമരത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് മഞ്ചേരിയിൽ നടന്ന പുസ്തകമേളയിൽ വച്ച്, ഇവ്വിഷയകമായി രചിച്ച നിരവധി പുസ്തകങ്ങൾ ഞാൻ വാങ്ങി.അതിൽ പെട്ട ഒന്നായിരുന്നു 'മലബാറിന്റെ വിപ്ലവനായകൻ വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദാജി' എന്ന പുസ്തകം.

ഏറനാട് എന്ന വിസ്തൃതമായ സ്ഥലം കേന്ദ്രീകരിച്ച്  വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദാജി ബ്രിട്ടീഷുകാർക്കെതിരെയും സ്വന്തം നാട്ടിലെ ബ്രിട്ടീഷ് അനുകൂലികൾക്കെതിരെയും സ്വന്തം വിഭാഗത്തിലെ അക്രമികൾക്കെതിരെയും നടത്തിയ വിവിധ സമരങ്ങളാണ് പുസ്തകത്തിലെ പ്രധാന വിഷയം.ആറുമാസം നീണ്ട ഒരു സമാന്തര ഭരണം ബ്രിട്ടീഷ് ഇന്ത്യയിൽ കുഞ്ഞഹമ്മദാജിയുടെ നേതൃത്വത്തിൽ ഉണ്ടായിരുന്നു എന്നത് തന്നെ ആ ധൈര്യത്തെ വിളിച്ചോതുന്നു.

ഈ കൃതിയിലൂടെ അറിഞ്ഞ വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദാജിയെപ്പറ്റി കൂടുതൽ അറിയേണ്ടതുണ്ട് എന്നാണ് എനിക്ക് തോന്നിയത്.അതിനാൽ തന്നെ ചരിത്രവായന ഒന്ന് കൂടി വിപുലീകരിക്കാൻ കൂടി ഈ വായന എന്നെ പ്രേരിപ്പിക്കുന്നു.

പുസ്തകം: വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദാജി 
രചയിതാവ്:സി അബ്ദുൽഹമീദ് 
പ്രസാധകർ:തേജസ് ബുക്ക്സ് 
പേജ് : 99 
വില:130 രൂപ 

Sunday, May 14, 2023

സന്തോഷപ്പൂരം

മക്കളുടെ വിജയങ്ങൾ മാതാപിതാക്കളുടെയും വിജയങ്ങളാണ് എന്നാണ് എന്റെ പക്ഷം. അതുകൊണ്ട് തന്നെ മക്കളുടെ വിജയത്തിൽ ഒരു പക്ഷെ അവരെക്കാളും സന്തോഷിക്കുന്നത് മാതാപിതാക്കൾ തന്നെയായിരിക്കും. മക്കളിലൂടെ ഈ സന്തോഷം നിരവധി തവണ അനുഭവിച്ചവരാണ് ഞാനും എന്റെ ഭാര്യയും. 

വേനൽ ചൂടിൽ ഉരുകുന്ന ഈ സമയത്ത് സന്തോഷത്തിന്റെ കുളിർക്കാറ്റ് വീശിത്തുടങ്ങിയത് ഹിമാലയത്തിന്റെ താഴ് വരയിലെ ജമ്മുവിൽ നിന്നാണ്. ജമ്മു സെൻട്രൽ യൂനിവേഴ്സിറ്റിയിൽ ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന എന്റെ മൂത്ത മകൾ ഐഷ നൗറയായിരുന്നു സന്തോഷത്തിന്റെ പൂത്തിരി ആദ്യം കത്തിച്ചത്. ഉഡാൻ 2023 എന്ന ജമ്മു യൂനിവേഴ്സിറ്റി കൾച്ചറൽ ഫെസ്റ്റിൽ ഹിന്ദി ഗാനാലാപനത്തിൽ അവൾ ഒന്നാം സ്ഥാനം നേടി. എന്റെ കുടുംബത്തിലെ കലാലയ കലാ രംഗത്തെ ഏറ്റവും ഉയർന്ന വ്യക്തിഗത വിജയം ഇതോടെ അവൾ സ്വന്തം പേരിൽ കുറിച്ചു.


സന്തോഷത്തിന്റെ അമിട്ട് പൊട്ടിച്ചത് രണ്ടാമത്തെ മകൾ ആതിഫ ജുംലയാണ്.ഡിഗ്രി രണ്ടാം വർഷത്തിന് പഠിക്കുന്ന അവൾക്ക് പ്രതി വർഷം 12000 രൂപ ലഭിക്കുന്ന കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് ടെക്നോളജി ആന്റ് എൻവയോൺമെന്റിന്റെ സ്കോളർഷിപ്പ് ലഭിച്ചു. പിന്നാലെ ഇതേ തുക നൽകുന്ന കേരള സ്റ്റേറ്റ് ഹയർ എഡുക്കേഷൻ വകുപ്പിന്റെ സ്കോളർഷിപ്പും ലഭിച്ചു. അതും കഴിഞ്ഞ് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ഇൻസ്പയർ (Innovation in Science Pursuit for Inspired Research (INSPIRE) ) സ്കോളർഷിപ്പും അവളെ തേടി എത്തി. പ്രതിവർഷം എൺപതിനായിരം രൂപ എന്ന നിരക്കിൽ അഞ്ച് വർഷത്തേക്കാണ് ഇൻസ്പയർ സ്കോളർഷിപ്പ് . പ്ലസ് ടു പരീക്ഷയിലെ ഉന്നത വിജയമാണ് (1196/1200 ) അവളെ ഇതിനെല്ലാം അർഹയാക്കിയത്.ഒരാൾ ഒരു സ്കോളർഷിപ് മാത്രമേ സ്വീകരിക്കാവൂ എന്ന എന്റെ ഉപദേശം സ്വീകരിച്ച് ആദ്യ രണ്ടെണ്ണവും അവൾ റീഫണ്ട് ചെയ്തു. സാമൂഹ്യ സേവനത്തിൽ തൽപരയായ അവൾക്ക് തീരദേശത്തെ കുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന കോഴിക്കോട്ടെ ഒരു സംരംഭമായ iLAB ന്റെ സ്റ്റുഡന്റ് ഫെസിലിറ്റേറ്റർ ആയും ഈയിടെ സെലക്ഷൻ കിട്ടി.

സന്തോഷത്തിന്റെ സമാപന വെടിക്കെട്ട് മൂന്നാമത്തെ മകൾ അബിയ്യ ഫാത്തിമയുടെ വകയായിരുന്നു.ഏഴാം ക്ലാസിൽ പഠിക്കുന്ന അവൾ USS എഴുതി ഫലം കാത്തിരിക്കുന്നു. സ്കൂൾ - മദ്രസാ പരീക്ഷകൾ എല്ലാം കഴിഞ്ഞ് റിലാക്സ് ചെയ്യുമ്പഴാണ് ബാലഭൂമിയിൽ നിന്ന് അപ്രതീക്ഷിതമായി ഒരു ഫോൺവിളി എത്തിയത്. ബാലഭൂമി നടത്തിയ വിജ്ഞാന മത്സരത്തിൽ വിജയിച്ച , തൃശൂർ മുതൽ കാസർഗോഡ് വരെയുള്ള മുപ്പത്തിനാല് പേരിൽ ഒന്ന് അവളാണ് പോലും. വിജയികൾക്കായി ബാലഭൂമി കോഴിക്കോട്ട് ഒരുക്കുന്ന സമ്മർ ക്യാമ്പിലേക്കുള്ള ഔദ്യോഗിക ക്ഷണമായിരുന്നു ആ ഫോൺ കോൾ . ക്യാമ്പിന്റെ ഭാഗമായി പ്ലാനറ്റേറിയം , സൈബർ പാർക്ക് വിർച്വൽ റിയാലിറ്റി മ്യൂസിയം, മാതൃഭൂമി പ്രസ് എന്നിവ സന്ദർശിക്കാനും ചാലിയാറിലൂടെയുള്ള ബോട്ട് യാത്ര ആസ്വദിക്കാനും അവൾക്ക് സാധിച്ചു. സർട്ടിഫിക്കറ്റും സ്കൂൾ ബാഗും സമ്മാനമായി ലഭിക്കുകയും ചെയ്തു.

ഇനി അവസരം വരാനുള്ളത് നാലാമൻ അബ്ദുള്ള കെൻസിനാണ്. ഒന്നാം ക്ലാസുകാരനായ അവനും മത്സരങ്ങളിൽ പങ്കെടുക്കാൻ തുടങ്ങി. ദൈവം അനുഗ്രഹിക്കട്ടെ, ആമീൻ.



Thursday, May 11, 2023

ഉറവ് ഇൻഡിജിനിയസ് സയൻസ് ആൻഡ് ടെക്‌നോളജി സെന്റർ

വയനാട് സന്ദർശിക്കുന്നവരിൽ ഭൂരിഭാഗം പേരും ഒരു പക്ഷേ കേട്ടിട്ടു പോലുമില്ലാത്ത ഒരു സ്ഥാപനമാണ് ഉറവ് ഇൻഡിജിനിയസ് സയൻസ് ആൻഡ് ടെക്‌നോളജി സെന്റർ. 1996 ൽ കല്പറ്റക്കടുത്ത് തൃക്കൈപ്പറ്റ എന്ന ഗ്രാമത്തിൽ രൂപം കൊണ്ട ഒരു ലാഭേതര സംഘടനയാണ് ഉറവ്.മുള അധിഷ്ഠിത ഉത്പന്നങ്ങളുടെ വിപണനത്തിലൂടെ  തദ്ദേശീയരായ ആദിവാസി വിഭാഗത്തിന്റെ ഉന്നമനം എന്നതാണ് ഉറവിന്റെ പ്രഥമ ലക്‌ഷ്യം. 

വയനാട്ടിൽ സുലഭമായി കാണുന്ന ഒരു പുൽ വർഗ്ഗ ചെടിയാണ് മുള.പരമ്പരാഗതമായി,ഇതു കൊണ്ട്  കുട്ടയും മുറവും മറ്റും നിർമ്മിച്ച് ഉപജീവനം നടത്തുന്നവരായിരുന്നു വയനാട്ടിലെ വലിയൊരു വിഭാഗം ആദിവാസികളും.ഈ പരമ്പരാഗത തൊഴിൽ നിലനിർത്തിക്കൊണ്ട്, ആദിവാസികൾക്ക് മെച്ചപ്പെട്ടൊരു ഉപജീവനമാർഗ്ഗം ഉണ്ടാക്കുക എന്നതാണ് ഉറവിലൂടെ ഉദ്ദേശിക്കുന്നത്.ഈ രംഗത്തേക്ക് കടന്നു വരാൻ ഉദ്ദേശിക്കുന്നവർക്ക് പരിശീലനവും മുള കൊണ്ടുള്ള വിവിധ കരകൗശല വസ്തുക്കളുടെയും വീട്ടുപയോഗ സാമഗ്രികളുടെയും നിർമ്മാണവും വിപണനവും അടക്കമുള്ള പ്രവർത്തനങ്ങൾ വഴി ഉറവ് ഇന്ന്  പ്രശസ്തമാണ്.

2004 മുതൽ വയനാട്ടിൽ ജോലി ചെയ്യുമ്പോൾ കേട്ടു കൊണ്ടിരുന്ന ഒരു പേരാണ് 'ഉറവ്'.കയർ ഫാക്ടറി പോലെ ഒരു സ്ഥാപനം എന്നതായിരുന്നു എന്റെ മനസ്സിലെ 'ഉറവ്'.അതിനാൽ തന്നെ അത് സന്ദർശിക്കുന്നതിൽ എനിക്ക് ഒരിക്കലും താല്പര്യം തോന്നിയില്ല.പിന്നീടെപ്പോഴോ ഒരു മീററിംഗിൽ വച്ചാണ് ഉറവിനെ അടുത്തറിഞ്ഞതും ഒന്ന് നേരിട്ട് കണ്ട് കാര്യങ്ങൾ അറിയണമെന്ന് ആഗ്രഹം തോന്നിയതും.പക്ഷെ,അവസരം ഒത്തുവന്നത് ഞങ്ങളുടെ പത്താം ക്ലാസ്സ് കൂട്ടായ്മയുടെ ഈ വർഷത്തെ വയനാട്ടിലേക്കുള്ള വിനോദയാത്രയിലാണ്.അതും, ഈ യാത്രയുടെ പ്ലാൻ പൂർണ്ണമായും ഞാൻ തന്നെ തയ്യാറാക്കിയതുകൊണ്ട് മാത്രവും .

ഉറവിൽ എത്തുന്നത് വരെ അവിടെ കാണാനുള്ള കാഴ്ചകളെപ്പറ്റിയും കിട്ടാനുള്ള അറിവുകളെപ്പറ്റിയും ഞാനും അജ്ഞാതനായിരുന്നു.അതുകൊണ്ട് തന്നെ എൻറെ സഹപാഠികൾക്ക് ഇത് ദഹിക്കുമോ ഇല്ലയോ എന്ന സന്ദേഹം മനസ്സിൽ ഉണ്ടായിരുന്നു.സൂചിപ്പാറ വെള്ളച്ചാട്ടം കണ്ട ശേഷമായതുകൊണ്ട് ഇത് ഇഷ്ടപ്പെട്ടില്ലെങ്കിലും ബത്തേരി ജൈനക്ഷേത്ര ദർശനത്തിലൂടെയോ കാരാപ്പുഴ ഡാം സന്ദർശനത്തിലൂടെയോ അത് പരിഹരിക്കാം എന്നായിരുന്നു എന്റെ പദ്ധതി.പക്ഷേ, മുള കൊണ്ടുള്ള അമ്പതിൽപരം ഉത്പന്നങ്ങളും അവയുടെ നിർമ്മാണവും നേരിട്ട് കണ്ടപ്പോൾ പലരും ആലീസിന്റെ അത്ഭുതലോകത്തിലായിരുന്നു. കീശക്കൊതുങ്ങുന്ന വിലയിൽ വാങ്ങാൻ പറ്റുന്ന പലതരം ഉല്പന്നങ്ങൾ ഉണ്ടായിരുന്നതിനാൽ ഞങ്ങളിൽ പലരും പലതും വാങ്ങുകയും ചെയ്തു.

മുമ്പൊരു വയനാട് യാത്രാ വേളയിൽ അപ്രതീക്ഷിതമായി ഞങ്ങൾ ഒരു ടീ മ്യൂസിയത്തിൽ എത്തിയിരുന്നു.വളരെ വ്യത്യസ്തമായ ഒരു അനുഭവമാണ് അന്ന് ആ സന്ദർശനത്തിലൂടെ എനിക്കും കുടുംബത്തിനും കിട്ടിയത്.ചില സ്ഥലങ്ങൾ അങ്ങനെയാണ്.'ഉറവ്' കണ്ട ശേഷവും എനിക്ക് തോന്നിയത് അതേ അനുഭവമാണ്.

Monday, May 08, 2023

ബല്ലാത്തൊരു കെണി

 "ഹൗ.... ഇത് ബെല്ലാത്തൊരു കെണി തെന്നെ..."  ഉച്ചത്തിലുള്ള എന്റെ ആത്മഗതം കേട്ട് ഭാര്യ ഓടി എത്തി.

"ഏത് കെണിയുടെ കാര്യമാ നിങ്ങളീ പറയുന്നത്..." ഇന്നേ വരെ വീട്ടിൽ ഒരു എലിക്കെണി പോലും വാങ്ങാത്തതിനാൽ അവൾ ആകാംക്ഷയോടെ ചോദിച്ചു.

"ദാ.. ഈ കെണി തെന്നെ .." ഇരുന്നിടത്ത് നിന്ന് അനങ്ങാതെ ഞാൻ പറഞ്ഞു.

"ഇത് കെണിയല്ല, കോണി ആണ് മനുഷ്യാ..." മൂലയിൽ ചാരിവച്ച ഏണി ചൂണ്ടി അവൾ പറഞ്ഞു.

"ഏയ്... ഇത് ബെല്ലാത്തൊരു കെണി തെന്നെ..."  ഞാൻ വീണ്ടും പറഞ്ഞു.

"എവിടെ ? ഏത് കെണി?" അരിശം മൂത്ത് ഭാര്യയുടെ ശബ്ദം ഉയർന്നു.

"ഇതാ... ഞാനീ ഇരിക്കുന്ന ബാൽക്കെണി ....!!" ഭാര്യയുടെ മുഖത്ത് ഒരു ഇഞ്ചി കടിച്ച രസം വിരിയുന്നത് ഞാൻ കണ്ടു.

"അതെന്താ...? വീടുണ്ടാക്കീട്ട് പതിമൂന്ന് വർഷം കഴിഞ്ഞു.ഇപ്പഴാണോ ഈ കെണിയിൽ വീണത്?" കടിച്ച ഇഞ്ചിയുടെ നീരിറങ്ങുന്നത് അവളുടെ ചോദ്യത്തിൽ നിന്ന് ഞാനറിഞ്ഞു.

" അയിന് , ഞാനല്ല കെണിയിൽ വീണത്...."

"പിന്നെ...??" മറ്റാരെയും അവിടെ കാണാത്തതിനാൽ അവൾ ചോദിച്ചു.

"നമ്മളെ മാവ്... മുറ്റത്തെ മൂവാണ്ടൻ മാവ് ... " ഞാൻ പറഞ്ഞു.

"പണ്ടൊക്കെ എമ്പത് കഴിഞ്ഞാലായിരുന്നു അത്തും പുത്തും..... ഡിജിറ്റൽ യുഗത്തിൽ അമ്പത് കഴിയുമ്പഴേ അത്തും പുത്തും ആകും എന്ന് ഇപ്പോൾ മനസ്സിലായി " എനിക്കിട്ടൊന്ന് താങ്ങി അവൾ പറഞ്ഞു.

"ഒരു അത്തും പുത്തും അല്ല... മംഗലശ്ശേരി നീലകണ്ഠനെപ്പോലെ നമ്മുടെ മൂവാണ്ടൻ നെഞ്ചും വിരിച്ച് നിവർന്ന് നിന്നത് നേരെ നമ്മുടെ ബാൽക്കെണിയിലേക്ക് ... " നെഞ്ചും വിരിച്ച് ഞാൻ ഡയലോഗ് വിട്ടു.

"എന്നിട്ട്... ?"

" ഞാൻ ഇവിടെ ഈ ബാൽക്കെണിയിൽ ഒരു മണിക്കൂർ ഇരുന്നു കൊണ്ട് ഒരു തോട്ടിയങ്ങ് നീട്ടി നിലത്ത് വീഴാതെ കൊട്ടയിലാക്കിയത് അറുപത് മൂവാണ്ടൻ മാങ്ങ !ഇനി നീ പറ.... ഇത് ബല്ലാത്തൊരു കെണി തന്നെ ല്ലേന്ന് ... "



"എന്നാലേ.... നാളെയും ആ തോട്ടി ഒരു മണിക്കൂർ നീട്ടിയേക്കണം... എന്റെ അയൽക്കൂട്ടം അംഗങ്ങൾ എല്ലാവരും കൂടി നാളെ ഇവിടെ വരുന്നുണ്ട്... അയ്യഞ്ച് മാങ്ങ എല്ലാവർക്കും കൊടുത്താൽ പെരുത്ത് സന്തോഷാകും..."

" യാ കുദാ ! ഇത് ബല്ലാത്തൊരു കെണി തെന്നെ " നെഞ്ച് വിരിച്ചു നിൽക്കുന്ന മാവിലേക്ക് നോക്കി ഞാൻ ആത്മഗതം ചെയ്തു.

Friday, May 05, 2023

വ്യത്യസ്തമാം ഒരു യാത്രയയപ്പ്

തികച്ചും അപ്രതീക്ഷിതമായാണ് ആ യാത്രയയപ്പ് യോഗത്തിലേക്ക് എനിക്ക് ക്ഷണം കിട്ടിയത്.നാട്ടിൽ ഉണ്ടെങ്കിൽ പങ്കെടുക്കണം എന്ന് ഞാൻ അപ്പോൾ തന്നെ മനസ്സിൽ കരുതുകയും ചെയ്തു.ദീർഘകാലത്തെ സേവനത്തിന് ശേഷം അരീക്കോട് കൃഷി ഭവനിൽ നിന്നും സ്ഥലം മാറിപ്പോകുന്ന കൃഷി അസിസ്റ്റൻ്റുമാരായ ശ്രീ.ബാലകൃഷ്ണൻ ടി , രെസിമോൾ കളരിക്കൽ, ദിവ്യ രാജ് എന്നിവർക്ക് അരീക്കോട് കൃഷിഭവനിൽ വച്ച് നൽകുന്ന യാത്രയയപ്പ് യോഗത്തിലേക്കായിരുന്നു പ്രസ്തുത ക്ഷണം.

കൃഷിഭവനിലെ സ്ഥലപരിമിതി മൂലം തെരഞ്ഞെടുക്കപ്പെട്ട അമ്പതോളം പേരെ മാത്രമേ ക്ഷണിച്ചിട്ടുള്ളൂ എന്ന് അവിടെ എത്തിയപ്പോഴാണ് മനസ്സിലായത്. എന്നാൽ സാധാരണ യോഗത്തിൽ നിന്നും വ്യത്യസ്തമായി, ക്ഷണിക്കപ്പെട്ടവരെല്ലാം എത്തിച്ചേർന്നത് സ്ഥലം മാറിപ്പോകുന്നവരോടുള്ള ആദരവും സ്നേഹവും കാരണം തന്നെയായിരുന്നു. അവർ ഏറ്റുവാങ്ങിയ കൃഷി ഭവന്റെയും വിവിധ സമിതികളുടെയും കർഷക കൂട്ടായ്മയുടെയും വ്യക്തികളുടെയും വകയായുള്ള ഉപഹാരങ്ങളും ഇന്ന് വരെ അവർ ഈ നാട്ടിലെ ജനങ്ങളുടെ മനസ്സിൽ പാകിയ സ്നേഹത്തിന്റെ വിളവെടുപ്പായി.

കൃഷിഭവനുമായി ഞാൻ ബന്ധപ്പെടാൻ തുടങ്ങിയിട്ട് രണ്ട് വർഷത്തോളമേ ആയിട്ടുള്ളൂ. ഉമ്മയും മൂത്തുമ്മയും കൃഷിഭവനിലൂടെയുള്ള വിവിധ പദ്ധതികൾ കാലങ്ങളായി ഉപയോഗപ്പെടുത്തിയിരുന്നു. അതിനാൽ തന്നെ ഇപ്പോൾ സ്ഥലം മാറിപ്പോകുന്നവരോടുള്ള എന്റെ സ്നേഹം പ്രകടിപ്പിക്കാൻ ഞാൻ വ്യത്യസ്തമായ ഒരു മാർഗ്ഗം സ്വീകരിച്ചു. മാവിൻ തൈ അടക്കം പല സമയത്തായി പലതരം ഫലവൃക്ഷത്തൈകൾ ഞങ്ങൾക്ക് തന്നവർക്ക് ഒരു സഞ്ചി മാങ്ങയായിരുന്നു എന്റെ സ്നേഹോപഹാരം. ഞാൻ പോലും പ്രതീക്ഷിക്കാതെ അത് ആ ഉദ്യോഗസ്ഥർക്കും സദസ്സിനും ഒരു നവ്യാനുഭവമായി.

യാത്രയയപ്പ് യോഗങ്ങളിലെ ചായയും ബിസ്കറ്റിനും പകരം ഒരു കർഷകൻ തന്നെ സ്പോൺസർ ചെയ്ത് പാകം ചെയ്ത് തന്ന കപ്പയും ചമ്മന്തിയും കട്ടൻ ചായയും ഞാനിന്നേ വരെ പങ്കെടുത്ത യാത്രയയപ്പ് യോഗങ്ങളിൽ നിന്നും വേറിട്ട ഒന്നായി. ഇൻ ടോട്ടൽ എല്ലാവരുടെയും മനസ്സിൽ പച്ച പിടിച്ച് നിൽക്കുന്ന ഒരു ചടങ്ങായി അത് മാറി.ഇത്തരം ഒരു പരിപാടി സംഘടിപ്പിച്ച കൃഷി ഓഫീസർ  നജ്മുദ്ദീൻ സാറിനും സംഘത്തിനും അഭിനന്ദനങ്ങൾ. ഇനിയും , വേറിട്ട അനുഭവങ്ങൾക്കായി കാത്തിരിക്കുന്നു.